ലേഖനങ്ങൾ

ഫോട്ടോ മെയിൽ
മലയാളം പേജിൽ
സമകാലിക ഫോട്ടോഗ്രാഫി
അതിന്റെ ചരിത്രം, സൗന്ദര്യശാസ്ത്രം
ടെക്നിക്കുകൾ, വിമർശനം, കൂടാതെ
വിവർത്തനം ചെയ്‌തു
ലേഖനങ്ങൾ പ്രസിദ്ധീകരിക്കും

Taboos and Totemic Animals
മൃഗങ്ങൾ എന്നാ പാരമ്പരയിയിൽ നിന്നും (Animal Series) © അബുൽ കലാം ആസാദ് 2005

ഇന്ത്യൻ ഫോട്ടോഗ്രാഫി: ചില ചിതറിയ ചിന്തകൾ  

By ഷാ നവാസ്

എകലോകം ട്രസ്റ്റ് ഫോർ ഫോട്ടോഗ്രാഫി സംഘടിപ്പിച്ച ‘ഇമേജസ് ഓഫ് എൻകൗണ്ടർ’ (Images of Encounter) ഫോട്ടോഗ്രാഫി എക്സിബിഷന്റെ മാധ്യമ പങ്കാളിയാണ് ഫോട്ടോമെയിൽ. ‘ഇമേജസ് ഓഫ് എൻകൗണ്ടർ’ ടോക്ക് ഷോ സീരീസിന്റെ ഭാഗമായി അവതരിപ്പിച്ച ഒരു കൂട്ടം പ്രബന്ധങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിക്കുകയാണ് . ലോകമെമ്പാടും, ഫോട്ടോഗ്രാഫി മാധ്യമം ഒന്നിലധികം അളവുകളിലേക്കും വൈവിധ്യമാർന്ന ആവിഷ്‌കാരങ്ങളിലേക്കും രൂപാന്തരപെടുമ്പോൾ, പല സൈദ്ധാന്തികരും ഫോട്ടോഗ്രാഫിയുടെ മുഖ്യധാരാ ആശയങ്ങളെ വെല്ലുവിളിക്കുന്നു. പ്രത്യേകിച്ചും, ഫോട്ടോഗ്രാഫിയുടെ ലോകത്തെ ഒരു പ്രധാന വിഷയമാണ് പ്രാതിനിധ്യത്തിന്റെ നൈതികത. പല ചരിത്രകാരന്മാർക്കും അക്കാദമിഷ്യന്മാർക്കും ഈ വൈവിധ്യമാർന്ന മാധ്യമത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളും ധാരണകളുമുണ്ട്. ഓരോരുത്തർക്കും അവരുടെ വാദത്തിന് അനുകൂലമായി പിന്തുണയ്ക്കുന്ന സിദ്ധാന്തങ്ങളുടെ ഒരു പട്ടികയുണ്ട്. വായനക്കാർക്ക് അവരുടെ സ്വതന്ത്രമായ ധാരണകൾ വികസിപ്പിക്കുന്നതിനായി ഞങ്ങൾ ഇ പ്രബന്ധങ്ങൾ നിങ്ങൾക്കു വേണ്ടി അവതരിപ്പിക്കുന്നു.

The Editor

കുട്ടിക്കാലത്തെ ഒരു കളർ പെൻസിലിന്റെ നഷ്ടമായിരിക്കും,  ചിത്രകലയിലേക്കും ഫോട്ടോഗ്രഫിയിലേക്കും ഈ ലേഖകന്റെ ശ്രദ്ധ ക്ഷണിച്ചത്. കലാ ചരിത്രകാരനും നിരൂപകനുമായ പ്രൊഫ. ആർ നന്ദകുമാറുമായുള്ള കുറെ നാളത്തെ സഹവാസം ഈ മേഖലയിലേക്ക് വാതിലുകൾ തുറന്നിട്ടു. അദ്ദേഹത്തിന്റെ ‘കലാവിമർശം പ്രബന്ധങ്ങൾ’, ചിത്ര-ശില്പ കല വളരെ ഗഹനമായ ഒരു ധൈഷണിക പാതയാണ് എന്ന തിരിച്ചറിവ് തന്നു. ഗുലാം ഷെയ്ഖും  കെ ജി സുബ്രഹ്മണ്യനും,  സെസാനും ഗോയയും വാൻഗോഗും തുറന്നിട്ട ലോകങ്ങൾ അദ്ദേഹം പരിചയപ്പെടുത്തി. മേയർ ഷപിറോയുടെ വാൻഗോഗ് നിരൂപണം വായിക്കാൻ ഇടയായി. കലാനിരൂപണത്തിന്റെ ഏറ്റവും ക്ലാസ്സിക്കലായ അനുഭവമായിരുന്നു അത്.

ഇന്ത്യൻ ചിത്രകലാ ചരിത്രത്തിലാണ് അക്കാലത്ത്  നന്ദകുമാർ പ്രവർത്തിച്ചത്. ശാന്തി നികേതനും പ്രോഗ്രസ്സിവ് ആർടിസ്റ്റ്സ് ഗ്രൂപ്പുകളും ചോളമണ്ഡലം ഇഡിയവും ബറോഡയുടെ ഉത്തരാധുനികതയിലേക്കുള്ള വഴിനടത്തവും പരിചയപ്പെട്ടു. കെ പ്രഭാകരൻ ഉൾപ്പെട്ട റാഡിക്കൽ ഗ്രൂപ്പിന്റെ ചുറ്റുവട്ടങ്ങൾ കോഴിക്കോടൻ കലാ കൂട്ടായ്മയിൽ തന്നെ ധാരാളം ഉണ്ടായിരുന്നു. പുഷ്കിന്റെ ചിത്രമെഴുത്തും കോവളം സുനിലിന്റെ വിഴിഞ്ഞം രേഖകളും അവരുടെ പണിശാലകളിൽ നിന്നു തന്നെ പരിചയപ്പെട്ടു.



ഇന്ത്യയിലെ ചിത്രകലാ പ്രസ്ഥാനങ്ങളുടെ ഇതിഹാസങ്ങളായ കെജി സുബ്രഹ്മണ്യൻ, ഗുലാംഷെയ്ഖ്, വിവാൻ സുന്ദരം തുടങ്ങി അഞ്ച് പ്രമുഖ ഇന്ത്യൻ കലാകാരന്മാരെക്കുറിച്ച് നന്ദകുമാർ ചെയ്ത ഡോക്യുമെന്ററികൾ,  90കളിലെ സമകാലീന ഇന്ത്യൻ ചിത്രകലയെ അടുത്തറിയാൻ സഹായിച്ചു. ചിത്ര ശില്പ-കലാ നിരൂപകരുടെ സംഭാവനകളിലേക്കും അങ്ങിനെ ജാലകം  തുറന്നു. അബുൾ കലാം ആസാദിന്റെ മട്ടാഞ്ചേരിയിലെ മായാ ലോകം സ്റ്റുഡിയോയിൽ ഒരു രാത്രി ഗുലാം ഷെയ്ഖുമായി ചെലവിട്ടതും ബറോഡയിൽ വെച്ച് കെ ജി സുബ്രഹ്മണ്യനുമായി സന്ധിച്ചു സംഭാഷണം നടത്താനായതും,  ബറോഡ ആർട് കാമ്പസ് സന്ദർശിച്ച്‌ അവരുടെ വർക്കുകൾ നേരിൽ കാണാനായതും ജീവിത മുഹൂത്തങ്ങളായി. കെജി സുബ്രഹ്മണ്യന്റെ,  കലാ ചരിത്രവും തത്വചിന്തയും ചർച്ച ചെയ്യുന്ന  അര ഡസൻ പുസ്‌തകങ്ങൾ, ശിവകുമാറിന്റെ  സുബ്രഹ്മണ്യൻ പഠനങ്ങൾ, അദ്ദേഹവുമായും ശില്പികളായ റിംസൻ, രാധാകൃഷ്ണൻ, കാനായി, റിയാസ് കോമു, ചിത്രകാന്മാരായ പുഷ്കിൻ, കെ പ്രഭാകരൻ, കബിത മുഖോപാദ്ധ്യായ  തുടങ്ങിയവരുമായുള്ള സംഭാഷണങ്ങൾ,  അവരുടെയെല്ലാം  വർക്കുകൾ മനസ്സിലാക്കാനുള്ള നിരന്തര ശ്രമങ്ങൾ എല്ലാം  ഇതിനോട് അനുബന്ധമായി.

മൃഗങ്ങൾ എന്നാ പാരമ്പരയിയിൽ നിന്നും (Animal Series) © അബുൽ കലാം ആസാദ് 2005

ചിത്രകലയെക്കുറിച്ച് ഇത്തരം അന്വേഷണങ്ങളിൽ സ്വാഭാവികമായും ഫോട്ടോഗ്രഫി കടന്നു വരുന്നു. ഫോട്ടോഗ്രഫിയുടെ കണ്ടുപിടുത്തം ചിത്രകലാ രംഗത്തും ഒരു വഴിത്തിരിവായിരുന്നു എന്ന കാര്യം പരിഗണിച്ചു കൊണ്ടേ, ചിത്രകലയുടെ ആധുനിക – ആധുനികോത്തര കാലം മനസ്സിലാക്കാനാവൂ. ഫോട്ടോഗ്രഫി നടത്തിയ ഈ ബ്രേക്ക്‌ ആണ്,  ചിത്രകലയിലെ പോസ്റ്റ്‌ ഇമ്പ്രഷണലിസ്റ് പ്രസ്ഥാനവും അതിന്റെ തുടർച്ചയും  സംഭവിപ്പിക്കാൻ ഇടയാക്കിയത്. അതേസമയം ഫോട്ടോഗ്രഫി ഒരു സ്വതന്ത്ര വ്യവഹാരം എന്ന നിലയിൽ, അതിന്റെ സ്വന്തം ചരിത്രം നിർമിക്കുകയും ചെയ്തു.

നന്ദകുമാർ ക്യൂറേറ്റ് ചെയ്ത,  കൊച്ചി ഇഷ്‌ക ഗാലറിയിൽ നടത്തിയ,  അബുൾ കലാം ആസാദിന്റെ ‘അനിമൽ’ ഫോട്ടോ പ്രിന്റ് പ്രദർശനവുമായി ബന്ധപ്പെട്ട പ്രവർത്തനം,  ഫോട്ടോഗ്രഫിയുടെ കലാപരമായ ഉപയോഗങ്ങളുടെ വലിയ സാധ്യതകളിലേക്ക് ശ്രദ്ധ തിരിച്ചു.

അബുളിന്റെ മട്ടാഞ്ചേരി മായാലോകം കേന്ദ്രീക ച്ചു ജീവിച്ച നാളുകൾ, ഫോട്ടോഗ്രഫിയെയും,  ദൃശ്യ മാധ്യമത്തെ പൊതുവെയും,  കൂടുതൽ അറിയാൻ സഹായിച്ചു. ആസാദുമായുള്ള  ദീർഘ ഭാഷണങ്ങൾ, യാത്രകൾ, പിണക്കങ്ങൾ എല്ലാം,  അടുത്തും അകലെയും, ആ മാധ്യമത്തെ അറിയാൻ ഇടയാക്കി. അബുളിന്റെ ഫോട്ടോഗ്രഫിയെക്കുറിച്ച് ചില ഇമ്പ്രഷണലിസ്റ് എഴുത്തുകൾ ഇതിനിടെ സംഭവിച്ചു. ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള ഏതാനും മുഖ്യ പുസ്തകങ്ങൾ വായിക്കാൻ ഇടയായി. വിഖ്യാത ഫോട്ടോഗ്രാഫർ  സുനിൽ ജനയുടെ, റാം റഹ്മാൻ ക്യൂറേറ്റ് ചെയ്ത സ്ലൈഡ് ഷോ, റാം റഹ്മാന്റെ ഫോട്ടോഗ്രഫി എന്നിവയും അടുത്ത് കണ്ടു. ഇന്ത്യൻ ആർട് ഫോട്ടോഗ്രഫിയുടെ സാധ്യതകൾ അബുൾ പരീക്ഷിക്കുന്നത് നേരിൽ കണ്ടു. പ്രിന്റ് മേക്കിങിൽ അബുളിന്റെ പാടവം വളരെ വിസ്മയകരമായിരുന്നു. ഫോട്ടോഗ്രഫിയുടെ വിവിധ യോനറുകളുടെ ഒരു പരീക്ഷണശാലയാ യിരുന്നു അബുളിന്റെ മായാലോകം സ്റ്റുഡിയോ. കലയുടെ അന്വശ്വരതക്കു വേണ്ടിയുള്ള മൗലികമായ വെമ്പലും, അതേസമയം സമകാലീനമാവാനുള്ള വ്യഗ്രതകളും അബുളിന്റെ ഫോട്ടോഗ്രഫി പ്രകടിപ്പിച്ചു. ക്ലാസ്സിസത്തിന്റെയും പോപുലറിസത്തിന്റെയും സാധ്യതകൾ പരീക്ഷിക്കപ്പെട്ടു. ഫോട്ടോഗ്രഫിയെ ഇതര സൗന്ദര്യശാസ്ത്ര മേഖലകളുമായി ബന്ധിപ്പിച്ചു കൊണ്ട്, മാധ്യമത്തിന്റെ അതിർത്തികൾ അബുൾ എപ്പോഴും  ലംഘിച്ചുകൊണ്ടിരുന്നു.



ഫോട്ടോഗ്രഫിയെക്കുറിച്ച് സൂസൻ സൊൻടാഗിന്റെ പുസ്തകമാണ് അതിന്റെ തത്വചിന്താപരമായ അർത്ഥങ്ങളിലേക്കും പ്രത്യാഘാതങ്ങളിലേക്കും ശ്രദ്ധ ക്ഷണിച്ചത്.

കലയെയും തത്വചിന്തയെയും ചരിത്രത്തെയും സർവോപരി രാഷ്ട്രീയത്തെയും കൈകാര്യം ചെയ്യാനുള്ള ഫോട്ടോഗ്രഫിയ്ക്കുള്ള കഴിവ് അന്യാദൃശ്യമാണ്. ആത്മവത്തയെ അറിയാനുള്ള ആകാശവും അതു നൽകുന്നുണ്ട്. ഫോട്ടോഗ്രഫി ഒരു വെളിപാടായി മാറുന്നതിനെക്കുറിച്ച് സൂസൻ സൊൻടാഗ്‌ പറയുന്നുണ്ട്. എങ്കിലും റംറാനും സെസാനും ഗോയയും നടത്തിയ വെളിച്ചത്തിന്റെ വ്യന്യാസ്യങ്ങളോടും, കർതൃത്വ അന്വേഷണങ്ങളോടും, മത്സരിക്കാൻ ഫോട്ടോഗ്രഫിക്ക് ഇന്നും കഴിഞ്ഞിട്ടില്ല. ഒരു പക്ഷെ സമകാലിക ആർട് ഫോട്ടോഗ്രഫി അന്വേഷിക്കുന്നത്, സമ്മോഹനമായ ശാന്തിയുടെ ആ ചിന്താ പരപ്പാണ്. ചിത്രകല മുന്നോട്ട് വെച്ച പരിപ്രേക്ഷ്യത്തിന്റെയും നിറ സമ്മേളനത്തിന്റെയും  സാധ്യതകൾ  തന്നെയാണ്,  ആർട് ഫോട്ടോഗ്രഫിയുടെ റഫറൽ തലങ്ങൾ. അതേസമയം, അബുളിന്റെ ‘ഡിവൈൻ ഫാകേഡ് ‘, ‘മാൻ വിത്ത്‌ ടൂൾസ്’,  ‘ബ്ലാക്ക് മദർ’, ‘അനിമൽ’ പരമ്പരകൾ ബ്ലാക്ക് ആന്റ് വൈറ്റിലും  മോണോക്രോം നിറങ്ങളിലും ചെയ്‌തത്‌, ഒരു പക്ഷെ,  ചിത്രകലയുമായി ഫോട്ടോഗ്രഫിക്ക് ബന്ധമില്ല എന്ന് സ്ഥാപിക്കുന്ന പ്രസ്താവങ്ങളാണ്. അപ്പോഴും ഫോട്ടോഗ്രഫിയുടെ മൂർത്ത സൗന്ദര്യം നിർമ്മിക്കാൻ, അതിനു നിറങ്ങളെ കയ്യൊഴിയേണ്ടി വരുന്നു. രാഷ്ട്രീയമായി പ്രതികരണക്ഷമമാകേണ്ടി വരുന്നു.

‘സത്യത്തിന്റെ ഭാഷ്യം’, അല്ലെങ്കിൽ ‘യാഥാർഥ്യത്തിന്റെ പകർപ്പ് ‘എന്ന നിലയിലുള്ള ഫോട്ടോഗ്രഫിയുടെ തലയെഴുത്തിന്,  വെളിച്ചം തീർക്കുന്ന മിസ്റ്റിക് അഭൗമകതയെത്തന്നെ ആധാരമാക്കേണ്ടി വരുന്നു.

വിശുദ്ധ പൂമുഖങ്ങൾ (Divine Façade) © അബുൽ കലാം ആസാദ് 1995

അങ്ങിനെ,  എപ്പോഴും മറ്റൊന്നിനോട്  പ്രതികരിച്ചു കൊണ്ടാണ് ഫോട്ടോഗ്രഫി സ്വന്തം സ്വത്വം കണ്ടെത്തുന്നത്. ഇത് ഫോട്ടോഗ്രഫിക്ക് എപ്പോഴും സാമൂഹ്യോന്മുഖതയുടെ തലം നൽകുകയും,  ഒരു ആക്ടിവിസ്റ് മോഡിനോട് അടുപ്പിക്കുകയും ചെയ്യുന്നു.

കലാ സൗന്ദര്യത്തിലേക്ക് വെമ്പി നീങ്ങുമ്പോഴും,  യാഥാർത്ഥ്യത്തിന്റെ ഉൾക്കാഴ്ച സൂക്ഷിക്കുന്നു എന്നുള്ള ഇരട്ട ജീവിതം ഫോട്ടോഗ്രഫിയ്ക്കുണ്ട്. യാഥാർത്ഥ്യത്തിന്റെയും മായയുടെയും, സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഇടയിലുള്ള ഈ നിലനിൽപ്, ഫോട്ടോഗ്രഫിയെ സവിശേഷമായ വ്യവഹാരമാക്കുന്നു. ഫോട്ടോഗ്രഫി എത്രത്തോളം സത്യത്തോട് അടുത്ത് നിൽക്കുമ്പോഴും, അത് യാഥാർഥ്യത്തെ സംബന്ധിച്ച്‌ ഒരു മെറ്റാ നരേനറ്റീവ് ആണ് നൽകുന്നത്. ‘അതി യാഥാർഥ്യ’ത്തിന്റെ ഈ സ്വഭാവം വഴി,  ഫോട്ടോഗ്രഫി നമുക്ക് ആവശ്യമായ ഒരു സത്യത്തെയാണ് നിർമിക്കുന്നത് എന്നുവരുന്നു. ഒരു നിശ്ചിത പരിപ്രേക്ഷ്യം സാധ്യമാക്കുന്ന സത്യമേ ഫോട്ടോഗ്രഫി,  യഥാർത്ഥത്തിൽ പറയുന്നുള്ളൂ. പക്ഷെ അതീത യാഥാർഥ്യ അനുഭവത്തിലൂടെ അത് ഒരു സവിശേഷ സത്യത്തെ സ്ഥാപിക്കുന്നു.

സത്യത്തെയും മിഥ്യയെയും സംബന്ധിച്ച ഈ അബോധം,  ഫോട്ടോഗ്രഫിയെ എപ്പോഴും ഒരു രാഷ്ട്രീയ ഉപകരണമാക്കുന്നു. ഒരു യാഥാർഥ്യത്തെ എപ്പോഴും ലക്ഷ്യം വെയ്ക്കേണ്ടി വരുന്നു. എന്നാൽ ഏത് യാഥാർഥ്യവും ഒരു ഫന്റാസ്മിക് അനുഭവമായിതത്തീരുന്നുണ്ട് ഫോട്ടോഗ്രഫിയിൽ. ഒരേ സമയം ഓർമയും വർത്തമാനവും എന്ന നില. ഭൂതത്തിനും വാർത്തമാനത്തിനും ഇടയിലുള്ള ഒരു സൂക്ഷ്മ ശരീരി, ഒരു ഫോട്ടോഗ്രഫി പ്രതലം. ഫോട്ടോഗ്രഫിയുടെ സത്യം കൊണ്ട് നിങ്ങൾക്ക് വലിയ നുണകൾ സ്ഥാപിച്ചെടുക്കാം എന്ന സാധ്യതയും ഇതു മുന്നോട്ടു വെയ്ക്കുന്നു.. ഒരു ദർശനം എന്നവണ്ണം, ഒരു ഫോട്ടോഗ്രാഫ് ജീവിതത്തെ രണ്ടായി മുറിച്ച അനുഭവത്തെ,  സൂസൻ സൊൻടാഗ്‌ വിവരിക്കുന്നുണ്ട്. ‘ഫോട്ടോഗ്രഫിക് മെമ്മറി’ എന്ന് ഇന്ന് ഒരു പ്രയോഗം നിലവിൽ വരുംവിധം,  ഒരു ഫോട്ടോ കാണുന്ന ഓർമ, വളരെ ആഘാതമുളവാക്കുന്നതാണ്. ഫോട്ടോഗ്രഫി നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചു. ഒരു കൊളോണിയൽ പെർവെർഷൻ ആയി ജീവിതത്തെ അട്ടിമറിച്ചു. സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടം, സർവെയ്ലൻസിന്റെ സാധ്യതകളായി വികസിച്ചു. നമ്മുടെ ജീവിതക്രമത്തെ പതുക്കെ സൂക്ഷ്മ ഫാസിസത്തിന്റെ സമ്മത പത്രമാക്കിയ ഇമേജ് പ്രൊഡക്ഷന്റെ അന്യുസൂതി ഫോട്ടോഗ്രഫി  പ്രോദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്റെ സാധ്യതകൾ തന്നെ സമഗ്രാധിപത്യത്തിനുള്ള ഇടങ്ങളായി മാറുന്ന സാങ്കേതികതയുടെ സ്വാതന്ത്രമായ വ്യവഹാരാത്മകത.

ഇത്തരുണത്തിൽ

ഡോക്യൂമെന്റഷന്റെ, യഥാതഥ നിർമാണത്തിൽ നിന്ന് ആർട് ഫോട്ടോഗ്രഫിയിലേക്കുള്ള ഷിഫ്റ്റ് വളരെ പ്രസക്തമാണ്.

ഫോട്ടോഗ്രഫിയുടെ നഷ്ടമായ സാന്ത്വനത്തിന്റെ സ്വഭാവം,  ഇവിടെ തിരിച്ചു പിടിക്കുന്നു. അതിലുപരി ഫോട്ടോ ഇമേജിനെ ഒരു അടിസ്ഥാന ഇമേജ് മാത്രമാക്കി ഉപയോഗിച്ചുകൊണ്ട് , സൗന്ദര്യാത്മക മൂല്യത്തിന്റെ ഉയർന്ന ഇടത്തിലെ ഒരു സ്വതന്ത്ര കാലാവസ്തുവാക്കി പരിവർത്തിപ്പിച്ച്‌,  അതിനെ പുനർ വിതരണം ചെയ്യുന്നു. ജക്സ്റ്റാ പൊസിഷൻ, പ്രിന്റ് മേക്കിങ്, മായ്ച്ചും തേച്ചും കളയൽ, മിനിമൽ ആകൽ, സൂടബിൾ കട്ടിങ് എന്നിവയുടെയെല്ലാം  സാധ്യതകളിലൂടെ, ഇമേജ് ഉൽപ്പാദനത്തിന്റെ സൗന്ദര്യ ശാസ്ത്രത്തിൽ നടത്തുന്ന ഇടപെടലായി ഫോട്ടോഗ്രഫിയെ നോക്കിക്കാണുന്ന സമ്പ്രദായം,  ഫോട്ടോഗ്രഫിയെത്തന്നെ അതിന്റെ ഭൂതകാല പ്രിസിഷനിലേക്കും റയറിട്ടിയിലേക്കും നയിക്കുന്നതാണ്.



ഫോട്ടോഗ്രാഫിന്റെ പ്രതലം ഫന്റാസ്മിക് ആയ ഒരു പശ്ചാത്തലം മുൻകൂട്ടി നൽകുന്നുണ്ട്. യാഥാർഥ്യം ഇവിടെ ഫിലിമി പ്രതലത്തിൽ ഒരു അഭൗമ ഭാവം കൈവരിക്കുന്നു. യാഥാർഥ്യത്തിന്റെ പകർപ്പ് അതിന്റെ ഒരു പ്രാതിനിധ്യമായി ഇവിടെ പരിവർത്തനം ചെയ്യുന്നു. അഗ്ലി ഇമേജ് സുന്ദരമായിത്തീരുന്നു. വ്യക്തിക്ക് അതിന് ഇല്ലാത്ത ഒരു വ്യക്തിത്വം നൽകുന്നു. ഇവിടെ യാഥാർഥ്യം സ്വപ്നവുമായി കൂടിക്കലരുന്നു എന്നു പറയാം. ഈ സ്വപ്നാഭയാണ് ഫോട്ടോഗ്രഫിക്ക് അതിന്റെ ഉണ്മ സമ്മാനിക്കുന്നത്. സ്വപ്നത്തിന്റെയും യാഥാർഥ്യത്തിന്റെയും ഈ ഇടകലർന്ന അസ്തിത്വത്തിലൂടെ, ഫോട്ടോഗ്രഫി യാഥാർഥ്യത്തെ സംബന്ധിച്ച ഒരു ഫാന്റസിയാണ് വാസ്തവത്തിൽ നൽകുന്നത്.  മുന്നിലുള്ള അനുഭവത്തെ ഭൂതകാലത്തേ ക്കു നീട്ടിവെയ്ക്കുന്നു. പരുക്കൻ യാഥാർഥ്യത്തെ അത് ഒരു ഇമേജ് ആക്കി സാന്ത്വനപ്പെടുത്തുന്നു. വർത്തമാനത്തെ ഭൂതകാലമായി ഫ്രീസ് ചെയ്യുന്നു. സമയത്തെ നിശ്ചലമാക്കി അന്വശ്വരതയുടേതായ  അനുസ്യൂതിയുടെ ഒരു മായാ പ്രപഞ്ചം തീർക്കുന്നു. യാഥാർത്ഥ്യത്തിന്റെ മായക്കാഴ്ചകൾ എന്നു വിളിക്കാം. ഗൃഹാതുരത ഫോട്ടോഗ്രഫിയുടെ സ്വഭാവം തീർക്കുന്നത് ഇവിടെയാണ്‌. ഒരു ഫോട്ടോഗ്രാഫിന് അതിന്റെ അസ്തിത്വം നൽകുന്നത് ഈ ആർകൈവൽ ക്വാളിറ്റിയാണ്.

വെളിച്ചത്തിന്റെയും നിഴലിന്റെയും ഈ ദ്വന്ദ എതിരികൾ, സത്യത്തിന്റെയും നുണയുടെയും എതിരികളായി, ഫോട്ടോഗ്രഫിയെ സദാ വംശീയവും രാഷ്ട്രീയവുമായ മുദ്രണങ്ങളായി ചരിത്രത്തെ കണ്ടെത്താൻ പ്രേരിപ്പിക്കുന്നു. നരവംശ ശാസ്ത്രത്തിൽ നിന്ന് അത് ഭാഷ സ്വീകരിക്കുന്നത്  അതുകൊണ്ടു കൂടിയാണ്. നരവംശങ്ങളുടെ ഈ അബോധമാണ് അബുൾ  തന്റെ ‘അനിമൽ’ പരമ്പരയിൽ കണ്ടെത്തുന്നത്. വംശീയ അബോധത്തിലെ ടോടം മൃഗങ്ങളുടെ ഇമേജുകൾ,  ഡിജിറ്റൽ പരിവർത്തനം നടത്തി,  മോണോക്രോമിക് നിറങ്ങളിലുള്ള  സൈബർ പ്രതലങ്ങളുടെ  പ്രിന്റ് മേക്കിങ് വഴി, അതിനെ സമകാലീന ജീവിതത്തിന്റെ  ‘രാഷ്ട്രീയ അബോധമായി’ വായിച്ചെടുക്കുന്ന,  ഫോട്ടോഗ്രഫിയുടെ സമകാലീന സാധ്യതകളാണ്‌ ഇവിടെ വെളിപ്പെടുന്നത്. നമ്മുടെ ടോടം അബോധവും സൈബർ ആധുനികാനാന്തരതയും തമ്മിൽ ഇവിടെ  ഒരു വൃത്തം പൂർത്തിയാക്കുന്നു. ദൃശ്യത്തിന്റെ പിക്സലീകരണത്തിന്റെ,  ബിന്ദുവൽക്കരണത്തിലൂടെ,  സൈബർലോകം വിവൃതമാക്കുന്നത്,  മനുഷ്യ വംശത്തിന്റെ  ഈ ടോടം അബോധം തന്നെയാണ് എന്ന,  സാങ്കേതിക വിദ്യയുടെ തത്വചിന്ത ഇവിടെ  ആഖ്യാനം ചെയ്യുന്നു. കാരണം ഇമേജ് തന്നെ ഓർമകളുടെ അബോധമായ അടിസ്ഥാനങ്ങളിൽ നിന്നാണല്ലോ വരുന്നത്. ഒരു ഇമേജ് മനുഷ്യരാശിയുടെ ഒരോർമയാണല്ലോ. മനുഷ്യന്റെ വംശീയ ഓർമകളുടെ പ്രളയം തന്നെയാണ് ഡിജിറ്റൽ ഇമേജിങ് സാധ്യമാക്കിയത്. ദൃശ്യത്തിന്റെ ഈ ചരിത്ര പഥത്തിൽ ഫോട്ടോഗ്രഫിയുടെ സ്ഥാനം അവധൂതയുടേതാണ്. അവധൂത പഥത്തിന്റെ ഏകാന്തതയും മുന്നേ ഉള്ള നടത്തവും ഫോട്ടോഗ്രഫിയെ സവിശേഷമാക്കുന്നു. ഫോട്ടോഗ്രഫി  ഗൃഹാതുരതയുടെ പ്രമേയം സ്വീകരിക്കും പോലെ, പ്രൊഫസിയുടെ ഭാവം കൈകൊള്ളുന്നതിനെപ്പറ്റിയും സൂസൻ സൊൻടാഗ്‌ പറയുന്നുണ്ട്.



ഫോട്ടോ ഇമേജിന്റെ പിക്സലീകരണം തന്നെയാണല്ലോ,  ഉത്പാദനത്തിലും വിനിയോഗത്തിലും,  സൈബർലോകം ഏറ്റവും മുഖ്യമായി ആശ്രയിക്കുന്ന സാങ്കേതികത്വം. ഫോട്ടോഗ്രഫിയുടെ ഈ സർവ്വവ്യാപിത്വം പുതിയ ജനാധിപത്യവും റഫറൽ പോയിന്റുകളും കൊണ്ടു വന്നിരിക്കുന്നു. ഇങ്ങിനെ നമ്മുടെ  ജനാധിപത്യവും ആധുനികതയും,  പോപുലർ മായയായി മാറുമ്പോഴാണ്,  ദില്ലി മിനാരങ്ങളുടെയും കോട്ടകൊത്തളങ്ങളുടെയും പശ്ചാത്തല ചരിത്രത്തെ ജെക്സപോസ് ചെയ്ത്, വർത്തമാന ഇന്ത്യയുടെ മനുഷ്യ ചരിത്രം അബുൾ,  ‘ഡിവൈൻ ഫാക്കേഡ്’ പരമ്പരയിൽ പറഞ്ഞത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഫിൽമി പ്രതലത്തെ ക്യാൻവാസ് പ്രിന്റിൽ കൊണ്ടു വന്ന്, മാധ്യമ ചരിത്രത്തെയും മനുഷ്യ ചരിത്രത്തെയും ജെക്സ്റ്റപോസ് ചെയ്യുന്ന, ഫോട്ടോഗ്രഫിയുടെ ടിപികൽ നരവംശ ശാസ്ത്ര ഭാഷ തന്നെയാണ് ഇവിടെ പ്രയോഗിച്ചത്.  എന്നാൽ, ‘അനിമലിൽ’, ആശയം അവ്യക്തമാകുകയും അബോധം പ്രസക്തമാകുകയും, പ്രിമിറ്റീവ് ചോദനകളോട് സൈബർലോകത്തിന്റെ പ്രതികരണം ആരായുകയും ചെയ്യുന്നു. മനുഷ്യൻ ഇവിടെ അബോധ സ്മൃതിയുടെ മോട്ടിഫ് ആയി ചിഹ്നവിജ്ഞാനീയം ചമയ്ക്കുന്നു. ഫോട്ടോഗ്രഫിയുടെ നരവംശ ശാസ്ത്രഭാഷ ചിഹ്നവിജ്ഞാനീയത്തിലേക്ക് കടക്കുന്നു എന്നു പറയാം. നമ്മുടെ ചിന്തയുടെയും ആഖ്യാന വാസനയുടെയും അബോധത്തിന് ഒരു ശിഥിലീകരണം സംഭവിക്കുകയും,  വംശ ബോധം ചില മോട്ടിഫുകളിൽ ചിഹ്നശാസ്ത്രം പങ്കുവെയ്ക്കുകയും ചെയ്യുന്നു. നമ്മുടെ രുചി ബോധത്തിന്റെയും കാമനകളുടെയും അബോധം, ഇങ്ങിനെ സംസ്കാരിക വിമർശത്തിന്റെ  ഭാഷ കൈക്കൊള്ളുന്നു. നമ്മുടെ ആധുനികതയും ജനാധിപത്യ ബോധവും സോഷ്യലിസ്റ്റ് ഓർഗികളും എവിടെ എത്തി എന്ന് ദുരൂഹമായി കളിയാക്കുന്നു..ഒരു അമർത്തിയ ചിരിയുടെ ബ്ലാക്ക് ഹ്യൂമർ പകരുന്നു.

© രാം റഹ്മാൻ

1839ൽ ഫോട്ടോഗ്രഫി രംഗത്തു വന്ന കാലം മുതൽ ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ മുൻകൈയിൽ ഫോട്ടോഗ്രഫി പ്രയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.  അതുവരെ ഉള്ള മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തമായി പോരായ്മകളും വ്യാജ നിർമിതികളും കുറഞ്ഞ  ഒന്നായാണ് ഫോട്ടോഗ്രഫിയെ കണ്ടത്. ഉള്ളത് ഉള്ളത് പോലെ എന്ന ഉണ്മയുടെയും യഥാതഥ ചിത്രീകരണത്തിന്റെയും പരിവേഷം അതിനു ലഭിച്ചു. സാമൂഹ്യ രോഗ ചികിത്സയ്ക്ക് ഉതകുന്ന ഒരു ഔഷധി ആയി അതിനെ കാണാൻ തുടങ്ങി. എന്നാൽ ഇതുപതാം നൂറ്റാണ്ട് പുരോഗമിക്കവേ ഔഷധം ഒരു ഉഗ്ര വിഷമായി മാറി. കൊളോണിയൽ ഭരണത്തിന് തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാൻ ഒരു നിയമത്തെളിവ് ആയി ഫോട്ടോഗ്രഫിയുടെ ഉപയോഗം മാറി.

1857ലെ ശിപായി മൂടിനിയുടെ ഫലമായി ബ്രിട്ടീഷ് മിലിറ്ററിക്കുണ്ടായ നാശനഷ്ടത്തിന് കോടതിത്തെളിവ് ഉണ്ടാക്കാൻ ഫോട്ടോഗ്രഫിയെ അവർ ഉപയോഗിച്ചു. ജോൺ മുറെ എന്ന ഒരു ഫോട്ടോഗ്രാഫറെ ഇതിനായി കമ്മീഷൻ ചെയ്തു. ലോർഡ് കാനിങിന്റെ നിർദേശപ്രകാരം ബനാറസ്, അലഹബാദ്, കാൺപൂർ, ആഗ്ര, ഡൽഹി എന്നിവിടങ്ങളിൽ സഞ്ചരിച്ചുകൊണ്ട്, ഒരു ‘ഫോട്ടോഗ്രാഫിക് വ്യൂ’ നൽകാനായിരുന്നു നിർദേശം. കലാപ പ്രദേശങ്ങളുടെ നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ ഗ്രാന്റും യാത്രാകൂലിയും നൽകിയായിരുന്നു അസൈൻമെന്റ്.

1862ൽ സമാനമായ ഒരു ദൗത്യം ലൂറ്റിനെന്റ് ജെയിംസ് വാട്ടർഹൌസിനും ലഭിച്ചു. മധ്യ ഇന്ത്യയിലെ ധർ, ജഓറ, രത്‌ലം, ഭോപാൽ എന്നിവിടങ്ങളിൽ ഫോട്ടോഗ്രഫി നടത്തുക. മധ്യ ഇന്ത്യയിലെ ഗോത്ര വർഗങ്ങളുടെ ഫോട്ടോ എടുക്കാനും അദ്ദേഹത്തിന് ലോർഡ് കാനിങിന്റെ നിർദേശം ലഭിച്ചു.

കൊളോണിയൽ ഇന്ത്യയിലെ ഈസ്തെറ്റിക് ഫോട്ടോഗ്രഫിയിൽ  സാമുവേൽ ബോൺ (1834-1912) ആണ് പ്രാത:സ്മരണീയൻ. ഹൈ അൾടിട്യൂഡിൽ നിന്ന് ഇന്ത്യൻ ജനജീവിതത്തെ നോക്കിക്കാണാനുള്ള, കൊളോണിയൽ പരിപ്രേക്ഷ്യം തന്നെയാണ് അദ്ദേഹവും നിർമ്മിച്ച് നൽകിയത്. ബോണിന്റെ കാശ്മീരി നറേറ്റീവ് നല്ല ഉദാഹരണം.



1877ൽ ജോൺ ബ്ലീസ് പകർത്തിയ കൊങ്കൺ, ബെറർ, മധ്യ പ്രവിശ്യകൾ എന്നിവ റെയിൽവേയുടെ നെറ്റ്‌വർക് പിന്തുടരുന്നതായിരുന്നു. കൊമേർഷ്യൽ ഫോട്ടോഗ്രഫിയിൽ ശ്രദ്ധ വെച്ചവർക്ക് ഇദ്ദേഹം നല്ല മാതൃകയായിരുന്നു.

മുറേ, ബോൺ, ബ്ലീസ് എന്നിവർ കൊളോണിയൽ ബ്യുറോക്രസി, ആർമി, ടെലിഗ്രാഫി, റെയിൽവേ എന്നിവയുടെ  നെറ്റ്‌വർക്കിന്റെ പരിപ്രേക്ഷ്യം പിൻപറ്റി. അതിലൂടെ കൊളോണിയൽ കാഴ്ചകൾ തന്നെ പിന്തുടർന്നു.

ഇന്ത്യക്കാരുടെ മുൻകൈയിൽ നടന്ന ശ്രമങ്ങളിൽ പ്രധാനപ്പെട്ടതാണ് ലഖ്നൗവിലെ  വാജിദ് അലി കോർടിലെ ഫോട്ടോഗ്രാഫർ അഹമ്മദ് അലി ഖാന്റെ ഫോട്ടോഗ്രഫി.

ലഖ്നൗവിലെ കലാപത്തിനു മുമ്പുള്ള ഇന്ത്യൻ- ബ്രിട്ടീഷ് എലൈറ്റിന്റെ ജീവിതമാണ് അലി പകർത്തിയത്. പിന്നീട് അദ്ദേഹം കലാപകാരികളോട് ചേർന്നുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയുണ്ടായി.

ഇരുപതു വർഷങ്ങൾക്കു ശേഷം ലഖ്നൗവിൽ അബ്ബാസ് അലി എന്ന ഒരു ഫോട്ടോഗ്രാഫർ സജീവമായിരുന്നു. 1874ൽ അദ്ദേഹം ചെയ്ത ‘ലഖ്നൗ ആൽബം’, 1880ൽ ചെയ്ത ‘ബ്യൂടീസ് ഓഫ് ലഖ്നൗ’ എന്നിവ,  കലാപാനന്തര ഇന്ത്യൻ സാമൂഹ്യക്രമത്തെ ലക്ഷ്യം വെയ് ക്കുന്നതായിരുന്നു. 1874ൽ പുറത്തിറക്കിയ പുസ്തകത്തിൽ അദ്ദേഹം തന്റെ മാനിഫെസ്റ്റോ ആയി ഒരു കവിത ഉദ്ധരിച്ചു :

Sound , which address the ear are
lost, and die in one short hour,
but those which  strike the eye
live long upon the mind,
the faithful sight
engrave the knowledge with a beam of light.

അദ്ദേഹം തന്റെ ഈ പുസ്തകത്തിൽ അവതരിപ്പിച്ച ഫോട്ടോഗ്രാഫുകൾ ഇന്ത്യൻ ഭൂതകാലത്തെ ആഘോഷിക്കുന്നതും,  കൊളോണിയൽ സാന്നിധ്യത്തെയും  അവരുടെ നിർമിതികളെയും കേവലം ഒരു ചരിത്ര നിമിഷമായി പ്രാന്തവൽക്കരിക്കുന്നതുമായിരുന്നു. ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ കൊളോണിയൽ കാഴ്ചകളെ അബ്ബാസ് അലി സമൃദ്ധമായി അട്ടമറിച്ചു. ഈ ബ്രേക്ക്‌ ആണ്  കൊളോണിയൽ അനന്തര ഇന്ത്യൻ ഫോട്ടോഗ്രഫി തനത് നിലകളിൽ പിന്തുടർന്നത്. അങ്ങിനെ മറ്റെല്ലാ ഡിസ്‌സിപ്ലിൻ എന്ന പോലെ,  ഫോട്ടോഗ്രഫി അതിന്റെ ദേശീയ സമര പാരമ്പര്യത്തിലേക്ക് തിരിഞ്ഞു. ദാദാ ഭായ് നവറോജിയിലൂടെ ഇന്ത്യൻ സമ്പദ്‌ശാസ്ത്രം ഉണ്ടായി വന്ന പോലെ, ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ ഭഗത്സിങ് ആയിരുന്നു അബ്ബാസ് അലി എന്നു പറയാം.

സമാനമായിരുന്നു 1869ൽ ബി ജി ബ്രോമോചാരിയുടെ ‘വ്യൂസ് ഓഫ് ബനാറസ് ഫ്രം ദ റിവർസൈഡ്’എന്ന പരമ്പര. പിന്നീട് ലാലാ ദീൻ ദയാൽ 1884ൽ ചെയ്ത വർക്കുകളും,  കൊളോണിയൽ ഭരണ രക്ഷാകർത്താക്കളുടെയും  ഇന്ത്യൻ ഭരണാധികാരികളുടെയും ഇടയിൽ സമർത്ഥമായ  സ്ഥാനം നേടുന്നതായിരുന്നു.



പ്രേക്ഷകരും, പരിപ്രേക്ഷ്യവും,  രക്ഷാകർതൃത്വവും, സാങ്കേതിക വളർച്ചയും എല്ലായ്പ്പോഴും ഫോട്ടോഗ്രഫിയുടെ പല നിലയിലുള്ള  ദ്വന്ദാത്മകമായ അസ്തിത്വത്തിന്റെയും  പ്രയോഗത്തിന്റെയും ഗതി നിശ്ചയിച്ചു പോന്നു. വാജിദ് അലി കോർടിന്റെ ‘ഗൃഹാതുരമായ സ്തുതിഗീതം’ തന്റെ 24 പോർട്രൈറ് ഫ്രെയിമുകളിൽ കൊണ്ടു വരിക വഴി,  ‘മരിച്ച കുലീനതയുടെ ഗൃഹാതുരമായ ഓർമ്മകളിൽ’ കഴിഞ്ഞ വിവിധ തരം പ്രേക്ഷകരെ സംബോധന ചെയ്യാൻ അബ്ബാസ് അലിയ്ക്കായി. അതിൽ യൂറോപ്യൻ പ്രേക്ഷകരും ഉണ്ടായിരുന്നു.

ഭൂതകാലത്തോടുള്ള ഈ നൊസ്റ്റാൾജിക് ആയ ബന്ധം ആണ് ഫോട്ടോഗ്രഫിയുടെ എക്കാലത്തെയും മൗലിക പ്രമേയം. കൊളോണിയൽ എന്ന പോലെ,  പുരുഷ പ്രജയുടെ കാഴ്ചപ്പാടും ഫോട്ടോഗ്രഫിയുടെ അബോധ മാനദണ്ഡമായി ഇന്നും നില നിൽക്കുന്നു. കാഴ്ചയുടെ ഈ പെർവെർഷനും വോയറിസവും ഇങ്ങനെ ഫോട്ടോഗ്രഫിയുടെ ബലതന്ത്രം തീർക്കുന്നു. ഈ കൊളോണിയൽ പെർവെർഷനിൽ നിന്ന് എങ്ങിനെ സുഖപ്പെടാം എന്നതാണ് ഇന്ത്യൻ ഫോട്ടോഗ്രഫി അന്വേഷിക്കുന്ന സത്യം എന്ന് സാമാന്യമായി പറയാം.

കൊളോണിയൽ ഫോട്ടോഗ്രഫിക് പാരമ്പര്യത്തിന്റെ ഈ വക്രദൃഷ്ടിയെ നേരെ നിർത്തുന്ന, നേരെ ചൊവ്വേയുള്ള കാഴ്ചകൾ സമകാലീനമായി പരീക്ഷിക്കുന്നു എന്ന അർത്ഥത്തിൽ, സമകാല ഇന്ത്യൻ ഫോട്ടോഗ്രഫിയിൽ ആസാദും റാം റഹ്മാനും വേറിട്ടു നിൽക്കുന്നു.  രഘുറായിയുടെ ചരിത്രാഖ്യാന ശൈലി ഇന്ത്യൻ ആർട് ഫോട്ടോഗ്രഫിയെ സ്വാധീനിച്ചുവെങ്കിലും, സെകുലർ നൊസ്റ്റാൾജിയയുടെ ആ പഥങ്ങൾ അബുളും റഹ്‌മാനും മാറ്റിപ്പണിതിട്ടുണ്ട്. പുതിയ തലമുറ ഫോട്ടോഗ്രഫിയുടെ കെമിക്കൽ റിയാലിറ്റിയിൽ നിന്ന്, ഡിജിറ്റൽ സെൽഫ്ഡത്തിലേക്ക് മാറിയ ചരിത്രം മറ്റൊന്നാണ്. അതു പിന്നീട്.

Malayalam Independent writer and Theoretician PP Sha Nawas

ഷാ നവാസ് സ്വതന്ത്ര എഴുത്തുകാരനും സൈദ്ധാന്തികനുമാണ്. ഫോട്ടോഗ്രാഫിയെയും അനുബന്ധ കലയെയും കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങൾ വിവിധ പ്രശസ്ത മാസികകളിലും ജേണലുകളിലും അദ്ദേഹം പ്രസിദ്ധീകരിച്ചു. കേരളത്തിലെ മലപ്പുറത്തിലാണ് അദ്ദേഹം താമസിക്കുന്നത്.



Published on November 21, 2020

Share

Home » Portfolio » ലേഖനങ്ങൾ » ഇന്ത്യൻ ഫോട്ടോഗ്രഫി: ചില ചിതറിയ ചിന്തകൾ

Related Articles

2023-01-05T12:38:15+05:30

യാതനയുടെ ഫോട്ടോഗ്രാഫുകൾ

പ്രശസ്ത മാർക്സിസ്റ്റ് സൈദ്ധാന്തികനായ ജോൺ ബെർജർ യുദ്ധകാല ഫോട്ടോഗ്രാഫുകളെ കുറിച്ച് എഴുതിയ ലേഖനം മലയാള വിവർത്തനത്തിൽ പ്രസിദ്ധീകരിക്കുന്നു.

2022-02-03T18:22:26+05:30

പ്രയാഗിലെ ദേശാടനക്കിളികൾ

നല്ല വെയിലുള്ള ഒരു ഉച്ചയ്ക്കാണ് ഞങ്ങൾ കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗ്രാൻഡ് ട്രങ്ക് റോഡിന്റെ അരികിലൂടെ വളരെ ശ്രദ്ധയോടെ ഞാൻ സൈക്കിൾ ചവിട്ടി. വേഗമേറിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന കാറ്റിന് സൈക്കിളിന്റെ താളം തെറ്റിക്കാൻ കഴിയും എന്നതിനാൽ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. മുമ്പിലുള്ള പ്രധാന നഗരം 130 കിലോമീറ്റർ കിഴക്കുള്ള അലഹബാദ് ആയിരുന്നു. ഒറ്റദിവസം കൊണ്ട് അവിടെ എത്താനാകില്ല എന്നതുകൊണ്ട് ഇടയ്ക്കുള്ള ഫത്തേപ്പൂർ എന്ന പട്ടണത്തിൽ രാത്രി തങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഗംഗയുടെയും, യമുനയുടെയും ഇടയിലായാണ് ജില്ലാ ആസ്ഥാനം കൂടിയായ ഫത്തേപ്പൂരിന്റെ കിടപ്പ്. കയറ്റിറക്കങ്ങൾ ഇല്ലാത്ത വഴിയിലൂടെയുള്ള യാത്ര സുഖകരമായിരുന്നു.

2021-11-12T15:22:58+05:30

ചുവപ്പും കറുപ്പും: ചില കാൺപൂർ ഓർമ്മകൾ

നഗരത്തെ നടുവിലൂടെ കീറിമുറിച്ച് കടന്നുപോകുന്ന പ്രധാന പാതയിലൂടെ പതിനഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മാത്രമേ സുമിതിന്റെ സുഹൃത്തുക്കൾ ഏർപ്പാടാക്കിയ മുറിയിൽ എത്താനാകൂ. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും വലുതും, തിരക്കുപിടിച്ചതുമായ നഗരമായിരുന്നു കാൺപൂർ. നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന മോട്ടോർ വാഹനങ്ങളുടെ ഇടയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നത് ഒരു സർക്കസ് വിദ്യ പോലെ തോന്നി. വഴിയിൽ ഇടക്കിടെ വരുന്ന മേൽപ്പാലങ്ങളിലേക്ക് സൈക്കിൾ ചവിട്ടിക്കയറ്റാൻ ഞങ്ങൾ ഇരുവരും പ്രയാസപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളുടെ ഹോണുകൾ സൃഷ്ടിക്കുന്ന ഒച്ചപ്പാടിൽ സൈക്കിൾ മണികളുടെ ശബ്ദം അലിഞ്ഞില്ലാതായി. കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ട്രാഫിക് സിഗ്നലുകൾ പിന്നിടുന്നത് അതീവ ശ്രമകരമായിരുന്നു. ഓട്ടപ്പന്തയത്തിന് തയ്യാറെടുക്കുന്നതുപോലെ അക്ഷമരായി പച്ചവെളിച്ചവും കാത്ത് നിൽക്കുന്ന ഡ്രൈവർമാർക്കിടയിലൂടെ സൈക്കിൾ ചവിട്ടുന്നത് അപകടം നിറഞ്ഞ പരിപാടിയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പ്രയാണത്തിനൊടുവിലാണ് കാൺപൂർ നഗരത്തിന്റെ തെക്കേയറ്റത്ത് ഞങ്ങൾ എത്തിച്ചേർന്നത്.

2021-11-03T16:46:53+05:30

Verantha Chronicle by Ramesh Varma

അതും പിടിച്ച് എന്റെ വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടു്‌ നടന്നുകൊണ്ടിരുന്നു. ‘മോണിങ്ങ് വാക്ക്’ പരമ്പരക്കായി പ്രഭാതത്തിലെ തെരുവുകൾ ക്യാമറയിൽ പകർത്തിയിരുന്ന നാളുകളുടെ സ്വപ്നസ്മരണകൾ…. വരാന്തയിൽ കണ്ടവരുടെ, (അധികവും ഉറ്റവരും ഉടയവരും തന്നെ ) ഫോട്ടോ എടുത്തു. ഇതാ എന്റെ ‘Verantha Chronicle’

2021-09-28T14:35:13+05:30

പുതുമഴയുടെ മണമുള്ള മണ്ണിൽ

മുറിയിൽ എത്തിയപ്പോൾ ധർമ്മശാലയുടെ ഉടമ അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിശേഷങ്ങൾ കേട്ടപ്പോൾ അയാൾ ഭേദപ്പെട്ട ഒരു മുറി തന്നു. ചിലന്തിവലകൾ നിറഞ്ഞ, ഈർപ്പം തങ്ങി നിന്നിരുന്ന ആ മുറി ആദ്യത്തെ സ്റ്റോർ റൂമിനേക്കാൻ നല്ലതായിരുന്നു. ഞങ്ങളുടെ പര്യടനഭൂപടത്തിൽ ഉൾപ്പെടാത്ത സ്ഥലമായിരുന്നെങ്കിലും, ബദായൂനിന്റെ ചരിത്രത്തെക്കുറിച്ച് ഞാൻ അല്പം അന്വേഷണം നടത്തി. അഹർ രാജകുമാരനായ ബുദ്ധ് പൊതുയുഗം (CE) 905ൽ സ്ഥാപിച്ചതാണ് ഈ നഗരം എന്ന് വിശ്വസിക്കപ്പെടുന്നു. മുഹമ്മദ് ഗസ്നിയുടെ ബന്ധുവായ സയ്യിദ് മസൂദ് ഗാസി CE 1028 ൽ ഈ പ്രദേശം പിടിച്ചടക്കി

2021-09-28T14:39:41+05:30

ബ്രിജ്ഘാട്ടിലെ ചൂടുകാറ്റ്

‘തീർത്ഥാടക നഗരിയായ അനുപ്ശഹറിലേക്ക് സ്വാഗതം’ എന്നെഴുതി വെച്ചിട്ടുള്ള ഒരു വലിയ കമാനം ഞങ്ങളുടെ മുൻപിൽ തലയുയർത്തി നിന്നു. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത് അനുപ് റായ് എന്ന രാജാവാണ് ഈ പട്ടണം സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്.

2021-09-28T14:40:57+05:30

രണ്ട് പുതിയ ചങ്ങാതിമാർ

ഇരുട്ട് വീഴും മുൻപേ ഹൈവേയിൽ എത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അഞ്ചുമണി ആയപ്പോഴേക്കും വെളിച്ചം കുറയാൻ തുടങ്ങി. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളും, ഒറ്റപ്പെട്ട ചില ഗ്രാമങ്ങളും മാത്രമേ വഴിയിൽ കണ്ടുള്ളൂ. കാലിൽ വേദന കൂടിക്കൂടി വന്നതുകൊണ്ട് സൈക്കിൾ വേഗത്തിൽ ചവിട്ടാനും കഴിയുന്നില്ല. ഓരോ കിലോമീറ്ററും പിന്നിടാൻ വേണ്ട സമയം കൂടിവന്നു.

2021-09-25T22:30:15+05:30

അഗസ്റ്റിൻ്റെ സ്വപ്നങ്ങൾ

മറ്റൊരിക്കൽ ഞാൻ പറഞ്ഞു: എനിക്ക് പെൺകുഞ്ഞ് പിറന്നാൽ ജുബി എന്ന് പേരിടും. ആൺ കുട്ടിയാണെങ്കിൽ ബൈജുവെന്നും. എനിക്ക് ആൺകുഞ്ഞുങ്ങളുണ്ടായില്ല. മൂത്ത മകൾക്ക് ജൂബി എന്ന് തന്നെ പേരിട്ടു .അഗസ്റ്റിൻ്റ മകന്ന് ബൈജുവെന്നും. രണ്ടു പേരും വാക്കുപാലിച്ചു.

2021-09-28T14:43:59+05:30

ഹരിദ്വാറിലെ ശാന്തിതീരം

ഹരിദ്വാറിലെ ഘാട്ടുകൾക്കും ആചാരങ്ങൾക്കും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഗുരുവിന്റെ സ്മരണയിൽ ഗുരുദ്വാര നാനക്-വാര (Gurudwara Nanakwara) എന്ന വലിയൊരു സിഖ് ആരാധനാലയം ഇവിടെ ഉയർന്നു വന്നിരിക്കുകയാണ്.

2021-09-25T22:30:53+05:30

ചെമ്പിട്ട പള്ളിയും അന്ത്റുപ്പാപ്പയും

“മലബാരിക്ക് ഈമാനില്ല, കോടാലിക്ക് ഉറയില്ല : എന്ന ആപ്തവാക്യങ്ങൾ ഉറപ്പായും അതിലുണ്ടാകും. അത് അന്ത്റുവിന്റെ മാനിഫെസ്റ്റൊ ആയിരിക്കാം. അക്കാലത്തേ ഞാൻ എഴുതിത്തുടങ്ങിയിരുന്നത് കൊണ്ട് ഒരു ബുദ്ധിജീവിയാണെന്ന് ധരിച്ചിട്ടുണ്ടാവാം മൂപ്പർ.

2021-09-25T22:33:53+05:30

ചാപ്പ സിനിമയും ഫോർട്ട് കൊച്ചിയിലെ ഇൻസ്‌പെക്ഷൻ ബാഗ്ലൂവും

ഒരു ചെറിയ മുറ്റമേയുള്ളെങ്കിലും കടലിന്നഭിമുഖമായി ഇരുന്ന് സംസാരിക്കാം. പച്ചപ്പുല്ലു പിടിപ്പിച്ച ചെറിയ ഒരു പൂന്തോട്ടമായിരുന്നു ഇതെങ്കിൽ എന്നാലോചിച്ചു പോയിട്ടുണ്ട്.ഒരു വെളുപ്പാൻ കാലത്ത് കുളിച്ച് ഈറൻ മാറിയ ഒരു യൂറോപ്യൻ സ്ത്രീയും പുരുഷനും കടലിലേയ്ക്ക് നോക്കി നിൽക്കുന്ന കാഴ്ച ആരോ ക്ലിക്ക് ചെയ്തത് പോലെ മനസ്സിലുണ്ട്.

2021-09-28T14:45:56+05:30

യോഗാനഗരിയിലെ ബീറ്റിൽസ് താളങ്ങൾ

സംസ്കാരത്തിന്റെ സംരക്ഷകർ എന്നു സ്വയം വിശേഷിപ്പിക്കുന്ന ചിലർക്ക് വേറെ ചില ‘പ്രശ്നങ്ങളാണ്’ ഉയർത്തിക്കാട്ടാനുള്ളത് വിദേശ വിനോദ സഞ്ചാരികൾ അസന്മാർഗിക പ്രവർത്തികളിൽ ഏർപ്പെടുന്നു എന്നും, ഋഷികേശിന്റെ ‘പവിത്രത’ നഷ്ടപ്പെടുത്തുന്നു എന്നും ആരോപിച്ച് വിശ്വഹിന്ദു പരിഷദ് രംഗത്തുവന്നത് ഒരു ഉദാഹരണമാണ്.

2021-09-28T14:47:25+05:30

ദേവപ്രയാഗിലെ സന്ധ്യകൾ

ആളുകളെ കുത്തിനിറച്ച ഒരു ജീപ്പിലാണ് ടെഹ്‌റി അണക്കെട്ടിന് അപ്പുറത്തുള്ള ധൻസാലിയിൽ നിന്ന് ദേവപ്രയാഗിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങിയത്.

2021-09-28T14:48:50+05:30

സമരഭൂമിയിലൂടെ ഒരു ബോട്ട് സവാരി

ചമ്പയിലെത്തിയപ്പോഴേക്കും നേരം നല്ലപോലെ ഇരുട്ടി. തിരക്ക് പിടിച്ച ഒരു പട്ടണം. കുറേ അലഞ്ഞ ശേഷം 300 രൂപ വാടകക്ക് ഒരു ചെറിയ മുറി കിട്ടി. അടുത്ത രണ്ടോമൂന്നോ ദിവസം ഇവിടെ താമസിച്ച് ചുറ്റുമുള്ള പ്രദേശങ്ങൾ സന്ദർശിക്കാനായിരുന്നു പരിപാടി. പുറത്ത് നിന്നും പാർസൽ വാങ്ങിയ ചോറും പരിപ്പും, അടുത്തുള്ള ചന്തയിൽ നിന്ന് വാങ്ങിയ പച്ചക്കറികൾ ചേർത്തുണ്ടാക്കിയ സാലഡും കൂട്ടി ഞങ്ങൾ അത്താഴം കഴിച്ചു. തണുപ്പ് കൂടിക്കൂടി വന്നു.

2021-09-28T14:50:04+05:30

പെരുംമഴയിൽ കുതിർന്ന കാലടികൾ

ഉച്ച കഴിഞ്ഞതോടെ കാലാവസ്ഥയാകെ മാറി. കാർമേഘങ്ങൾ സൂര്യനെ മറച്ചു. എപ്പോൾ വേണമെങ്കിലും മഴ പെയ്യാമെന്നായി. ഹർസിൽ എത്താൻ ഇനിയും പത്ത് കിലോമീറ്ററോളം ഉണ്ട്. കയ്യിൽ കരുതിയിട്ടുള്ള മഴക്കോട്ടുകൾ ഞങ്ങൾ അണിഞ്ഞു. ബാഗുകൾ നനയാതിരിക്കാൻ പ്രത്യേകം കവറുകൾ ഉണ്ടായിരുന്നു. പെരുംമഴ തുടങ്ങി. നടത്തം വളരെ സാവധാനത്തിലായിരുന്നു. ഒരു മണിക്കൂറിൽ മൂന്ന് കിലോമീറ്റർ പോലും പിന്നിടാൻ ഞങ്ങൾക്ക് സാധിച്ചില്ല.