ഹിമാലയന്‍ മഞ്ഞുപാടങ്ങളില്‍
നിന്നൊഴുകി ചരിത്രമുറങ്ങുന്ന
ജനപഥങ്ങളെ തഴുകി
ബംഗാള്‍ ഉള്‍ക്കടലിന്‍റെ
ആഴങ്ങളില്‍ അലിയുന്നത് വരെയുള്ള
ഗംഗയുടെ യാത്രയെ
നാല് മാസത്തോളം
സൈക്കിളിലും, കാൽനടയായും
ജോയൽ കെ. പയസ്
അനുഗമിച്ചതിന്റെ
എഴുത്തും ചിത്രങ്ങളും

Himalayan journey Joyel K Pious
ടെഹ്‌റി ജലാശയത്തിന്റെ ഒരു രാത്രി ദൃശ്യം. വലതുഭാഗത്ത്‌ മലമുകളിൽ കാണുന്നത് പുതിയ ടെഹ്‌റിയിൽ നിന്നുള്ള വെളിച്ചമാണ്. താഴെ ഇടത്തുഭാഗത്ത് കാണുന്നത് ടെഹ്‌റി അണക്കെട്ടിലെ വൈദ്യുതി വിളക്കുകളുടെ പ്രകാശമാണ് © ജോയൽ കെ. പയസ്

സമരഭൂമിയിലൂടെ ഒരു ബോട്ട് സവാരി

ചിചിതറിക്കിടക്കുന്ന ജനസമൂഹങ്ങളെ കൂട്ടിയിണക്കുന്നതിൽ പാലങ്ങൾ വഹിക്കുന്ന പങ്ക് നാം മിക്കപ്പോഴും സൗകര്യപൂർവം വിസ്മരിക്കുന്ന ഒന്നാണ്. കുത്തനെയുള്ള മലകളും, കുതിച്ചൊഴുകുന്ന നദികളും നിറഞ്ഞ ഹിമാലയൻ മേഖലയിൽ ജീവിക്കുന്ന പലർക്കും റോഡുകളും, പാലങ്ങളും ഇപ്പോഴും ഒരു സ്വപ്നമായി അവശേഷിക്കുന്നു.

നാൽപ്പതോ അൻപതോ കിലോമീറ്റർ കൂടുമ്പോൾ മാത്രമാണ് ഭാഗീരഥിക്ക് കുറുകെ വാഹനഗതാഗതത്തിന് പറ്റിയ പാലങ്ങൾ ഉള്ളത്. നദിയുടെ നേരെ മറുകരയിൽ ഉള്ളവർക്ക് പോലും വളരെ ദൂരം കറങ്ങിത്തിരിഞ്ഞു വേണം ഇപ്പുറത്തേക്ക് എത്താൻ. ചിന്യലീസോഡിൽ പുതുതായി പണികഴിക്കപ്പെട്ടിട്ടുള്ള പാലം ഭാഗീരഥിയുടെ ഇരുകരകളിലുമുള്ളവർക്ക് വലിയ ആശ്വാസമായി തീർന്നിരിക്കുകയാണ്. നിശ്ചലമായി കിടക്കുന്ന ജലാശയത്തിന് കുറുകെയുള്ള ആ പാലത്തിലൂടെ ഞങ്ങൾ മറുകരയിലേക്ക് നടന്നു.

പൊള്ളുന്ന വെയിലായിരുന്നു അന്ന്. അഞ്ച് കിലോമീറ്റർ നടന്നപ്പോഴേക്കും ആകെ തളർന്ന് പോയി. വഴിയരികിൽ അടഞ്ഞു കിടന്നിരുന്ന ഒരു കടത്തിണ്ണയിൽ കുറച്ച് നേരം വിശ്രമിച്ച് ഞങ്ങൾ വീണ്ടും നടത്തം തുടങ്ങി. സാവധാനം ഉയരത്തിലേക്ക് കയറുന്ന ഒരു പാതയായിരുന്നു അത്. ചുറ്റും നിറയെ നെൽപ്പാടങ്ങൾ. പല തട്ടുകളിലായാണ് ഇവിടത്തെ മലഞ്ചെരുവുകളിൽ ആളുകൾ കൃഷി ചെയ്യുന്നത്. തൊട്ടുതാഴെ ടെഹ്‌റി ജലാശയം വിസ്തൃതമായിക്കൊണ്ടിരുന്നു. എന്റെ കയ്യിലെ മാപ്പ് പ്രകാരം അടുത്ത പാലം ഇനിയും 20 കിലോമീറ്ററോളം ദൂരെയാണ്. നമ്മുടെ നാട്ടിലേത് പോലുള്ള കോൺക്രീറ്റ് പാലങ്ങൾ ഇവിടെ നിർമ്മിക്കുക എളുപ്പമല്ല. മലകൾക്ക് കുറുകെയുള്ള തൂക്കുപാലങ്ങളാണ് കൂടുതലും. ഭൂപ്രകൃതി മാത്രമല്ല, തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിലും, ഭൂകമ്പങ്ങളും കൂടി കണക്കിലെടുത്തു വേണം ഈ പ്രദേശത്ത് നിർമ്മിതികൾ നടത്താൻ. വല്ലപ്പോഴും കടന്ന് പോകുന്ന വാഹനങ്ങൾ ഒഴികെ, വീതി കുറഞ്ഞ ആ നിരത്ത് തികച്ചും വിജനമായിരുന്നു. കുറച്ച് മുൻപിൽ വലിയ ഒരു ആൽമരം കണ്ടു. അതിന്റെ ചുറ്റും കല്ലുകൊണ്ട് കെട്ടിയിരിക്കുന്നു. ശാന്തി എന്ന അവസ്ഥയെ ഒരു മരത്തിനോട് ഉപമിക്കാം എന്നുള്ള ഒരു തോന്നൽ അവിടെ വെച്ച്‌ എനിക്കുണ്ടായി. ചെറുകാറ്റിൽ ആ മരത്തിലെ ഇലകൾ ഒന്നാകെ ഇളകിയാടി. ഞങ്ങളിരുവരും ഒന്നും മിണ്ടാതെ ആ മരച്ചുവട്ടിലിരുന്നു. എത്ര സമയം കഴിഞ്ഞുപോയി എന്നറിയില്ല. തന്റെ തണലിൽ വിശ്രമിക്കുന്നവരെ അവിടെത്തന്നെ പിടിച്ചിരുത്താനുള്ള കഴിവ് ആ മരത്തിനുണ്ടാകണം. സൂര്യരശ്മികൾക്ക് തീക്ഷ്ണത കുറഞ്ഞിരിക്കുന്നു. ഇനിയും നടത്തം തുടങ്ങിയില്ലെങ്കിൽ പ്രശ്നമാകും എന്ന ആശങ്ക ഞങ്ങളിൽ ഉടലെടുത്തു. മുൻപിലുള്ള വഴി പിന്നെയും ഉയരത്തിലേക്ക് കയറുകയാണ്. ഒരു വശത്ത് ചെങ്കുത്തായ താഴ്‌വര; കൃഷിഭൂമികൾ വനത്തിന് വഴിമാറിയിരിക്കുന്നു. ഏകദേശം നാലരയായിട്ടും അധികം ദൂരം പിന്നിടാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.

സൂര്യപ്രകാശം പിൻവലിഞ്ഞ മലയിടുക്കുകളിൽ ഇരുട്ടിന്റെ നിഴൽ വീണ് തുടങ്ങിയതോടെ ഞങ്ങൾ നടത്തം നിറുത്തി. മൊബൈൽ ഫോണിൽ സിഗ്നൽ ഒന്നും കാണിക്കുന്നില്ല. ഏതെങ്കിലും വാഹനത്തിന് കൈകാണിക്കാൻ ഞങ്ങൾ തിരുമാനിച്ചു. വീതികുറഞ്ഞ നിരത്തുകളും, കുറഞ്ഞ യാത്രക്കാരുമുള്ള ആ പ്രദേശത്ത് പൊതുഗതാഗതം തീരെ ഇല്ലായിരുന്നു. കുറച്ച് സമയത്തെ കാത്തിരിപ്പിനൊടുവിൽ ഒരു ട്രാക്‌സ് ഞങ്ങളുടെ മുമ്പിൽ ബ്രേക്ക് ചവിട്ടി. പ്രായമുള്ള രണ്ട് ദമ്പതികളാണ് ആകെയുള്ള യാത്രക്കാർ. പാലം കടന്ന് നദിയുടെ വലതുവശത്തേക്കാണ് അവരുടെ യാത്ര. എവിടെയാണ് രാത്രി തങ്ങേണ്ടതെന്ന കാര്യം നിശ്ചയിച്ചിട്ടില്ലായിരുന്നതിനാൽ, ഡ്രൈവറോട് അഭിപ്രായം ചോദിക്കാൻ ഞങ്ങൾ തിരുമാനിച്ചു. പാലത്തിനപ്പുറം ചമ്പ (Chamba)  എന്ന പട്ടണത്തിൽ മാത്രമേ എന്തെങ്കിലും താമസ സൗകര്യം ലഭിക്കൂ എന്ന് ഡ്രൈവർ പറഞ്ഞു. കാർ അത് വഴിയാണ് പോകുന്നത്, ഞങ്ങളെ അവിടെ ഇറക്കാമെന്ന് അയാൾ ഏറ്റു. ഞങ്ങൾ ഇതിനകം ഉത്തരകാശി ജില്ല പിന്നിട്ട് കഴിഞ്ഞിരുന്നു. ടെഹ്‌റി-ഗർവാൾ ജില്ലയിലൂടെയാണ് വാഹനം ഇപ്പോൾ സഞ്ചരിക്കുന്നത്. ഈ ജില്ലയിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് ചമ്പ. കൂടാതെ ജില്ലാ ആസ്ഥാനമായ പുതിയ ടെഹ്‌റിയിലേക്കുള്ള (New Tehri) കവാടം കൂടിയാണ് ഈ പട്ടണം.


വളവുകൾ നിറഞ്ഞ വഴിയിലൂടെ ആ ഡ്രൈവർ ശ്രദ്ധയോടെ വാഹനമോടിച്ചു. ഞങ്ങൾ കാത്തിരുന്ന പാലം അങ്ങു ദൂരെ ദൃശ്യമായി തുടങ്ങി. രണ്ട്‌ വലിയ മലകൾക്കിടയിൽ, ചുവന്ന ചായം പൂശിയ വലിയ സ്റ്റീൽ കമ്പികളിൽ തൂങ്ങി അത് നിൽക്കുന്നു. പിന്നെയും അരമണിക്കൂർ സമയമെടുത്തു പാലത്തിന് അടുത്തെത്താൻ. ടെഹ്‌റി ജലാശയം അതിനകം ഭീമകാരമായി തീർന്നിരുന്നു. പാലത്തെ കുലുക്കിക്കൊണ്ട്‌ ഞങ്ങളുടെ വാഹനം മറുകരയിലേക്ക് പ്രവേശിച്ചു. ചെറിയ ചില ഗ്രാമങ്ങൾ അല്ലാതെ വഴിയിൽ മറ്റൊന്നും കണ്ടില്ല. തടാകത്തിന്റെ തീരത്ത് കൂടിയാണ് ഞങ്ങളുടെ യാത്ര. അകലെയായി വെള്ളത്തിൽ എന്തോ തിളങ്ങുന്നത് പോലെ തോന്നി. പലാസ് എന്ന സ്ഥലമാണ് അതെന്ന് ദിശാസൂചി അറിയിച്ചു. വെള്ളത്തിൽ പാതി മുങ്ങി നിൽക്കുന്ന കുറച്ച് കെട്ടിടങ്ങളുടെ മേൽക്കൂരകളാണ് അസ്തമയ സൂര്യന്റെ സുവർണ്ണരശ്മികളിൽ തിളങ്ങുന്നത്. അണക്കെട്ട് വരുന്നതിന് മുമ്പ് അവിടം വലിയ ഒരു ഗ്രാമമായിരുന്നു എന്ന് ഡ്രൈവർ പറഞ്ഞു. ഇപ്പോൾ ആകെ അവശേഷിക്കുന്നത് ആ കെട്ടിടങ്ങൾ മാത്രം. അടുത്ത ദിവസം നിശ്ചയമായും പലാസ് സന്ദർശിക്കണമെന്ന് ഞങ്ങൾ തിരുമാനിച്ചു.

ചമ്പയിലെത്തിയപ്പോഴേക്കും നേരം നല്ലപോലെ ഇരുട്ടി. തിരക്ക് പിടിച്ച ഒരു പട്ടണം. കുറേ അലഞ്ഞ ശേഷം 300 രൂപ വാടകക്ക് ഒരു ചെറിയ മുറി കിട്ടി. അടുത്ത രണ്ടോമൂന്നോ ദിവസം ഇവിടെ താമസിച്ച് ചുറ്റുമുള്ള പ്രദേശങ്ങൾ സന്ദർശിക്കാനായിരുന്നു പരിപാടി. പുറത്ത് നിന്നും പാർസൽ വാങ്ങിയ ചോറും പരിപ്പും, അടുത്തുള്ള ചന്തയിൽ നിന്ന് വാങ്ങിയ പച്ചക്കറികൾ ചേർത്തുണ്ടാക്കിയ സാലഡും കൂട്ടി ഞങ്ങൾ അത്താഴം കഴിച്ചു. തണുപ്പ് കൂടിക്കൂടി വന്നു. ഒമ്പത് മണി ആയപ്പോഴേക്കും ആ പ്രദേശമാകെ മൂടൽമഞ്ഞിൽ ഒളിച്ചു. പകൽ നടത്തത്തിന്റെ ക്ഷീണം കൊണ്ടാകണം ഉറക്കം എന്നെ പെട്ടന്ന് അനുഗ്രഹിച്ചു.

മലമുകളിലുള്ള ഗ്രാമങ്ങളിലെ അടുപ്പുകളിൽ നിന്നും ഉയരുന്ന പുകയാണ് രാവിലെ പുറത്തിറങ്ങിയ ഞാൻ ആദ്യം കണ്ടത്. പട്ടണത്തിലെ നിരത്തുകളെല്ലാം ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ചന്തയിൽ കൃഷിക്കാരുടെയും, വ്യാപാരികളുടെയും ബഹളം. ഉത്തരഖണ്ഡിലെ പല ഉൾഗ്രാമങ്ങളിലേക്കുമുള്ള ഒരു പ്രവേശന ദ്വാരമാണ് ചമ്പ. വിനോദസഞ്ചാര കേന്ദ്രവും, ഹിൽസ്റ്റേഷനുമായ മസൂറി; ജില്ലാ ആസ്ഥാനമായ പുതിയ ടെഹ്‌റി; ടെഹ്‌റി അണക്കെട്ട്; തീർത്ഥാടന നഗരങ്ങളായ ഋഷികേശ്, ഹരിദ്വാർ; ഉത്തരകാശി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പാതകൾ ചമ്പയിൽ വെച്ച് വഴിപിരിയുന്നു.ചെറിയ ബാഗുകളിൽ അത്യാവശ്യം കുറച്ച് സാധനങ്ങൾ മാത്രം എടുത്ത് ഞങ്ങൾ പുറപ്പെട്ടു. തുടർച്ചയായി ഇറക്കമുള്ള ഒരു നിരത്തിലൂടെയാണ് ഞങ്ങളുടെ അന്നത്തെ യാത്ര. തലേന്ന് വൈകുന്നേരം കണ്ട പാതിമുങ്ങിയ കെട്ടിടങ്ങൾ ആയിരുന്നു ലക്ഷ്യം. പാതയുടെ ഇരുവശവും നിറയെ കൃഷിയിടങ്ങൾ. വിശാലമായ പേരയ്ക്കാതോട്ടങ്ങളും വഴിയിൽ കണ്ടു. വടിയും കുത്തിപ്പിടിച്ച് നടന്ന് നീങ്ങുന്ന ഞങ്ങളെ പലരും അത്ഭുദത്തോടെ നോക്കുന്നുണ്ടായിരുന്നു. വഴിയരികിലുള്ള ഒരു ചെറിയ ഭക്ഷണശാലയിൽ നിന്ന് ചൂട് ചോറും, പച്ചക്കറികളും കൂട്ടിയുള്ള ഭക്ഷണം കിട്ടി. രാവിലെ പതിനൊന്ന് മണിയോടെ അകത്താക്കുന്ന ഭക്ഷണം കഴിഞ്ഞാൽ രാത്രിയിലെ അത്താഴം മാത്രമേ ഞങ്ങൾ കഴിക്കാറുള്ളൂ. ഇടയ്ക്ക് ചായ കുടിക്കും എന്നുമാത്രം.

പുതിയ ടെഹ്‌റി പട്ടണത്തിന്റെ ഒരു ദൃശ്യം. ഉത്തരഖണ്ഡിലെ മറ്റു പട്ടണങ്ങളിൽ വ്യത്യസ്തമായ ഒരു ഘടനയാണ് ഇതിനുള്ളത്. മുൻകൂട്ടി പദ്ധതിയിട്ട് നിർമ്മിച്ചത് കൊണ്ടാകണം, ഈ പട്ടണത്തിനകത്ത് സഞ്ചരിക്കാൻ അധികം ബുദ്ധിമുട്ട് തോന്നിയില്ല. ജില്ലാ ആസ്ഥാനം കൂടിയായതിനാൽ നിരവധി സർക്കാർ ആഫീസുകളും, ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതിയ ടെഹ്‌റിയിൽ ഉണ്ട് © ജോയൽ കെ. പയസ്
ഭാരമുള്ള ബാഗുകളും തൂക്കിയുള്ള നടത്തം എപ്പോഴും സുഖകരമായ ഒരു പരിപാടിയായിരുന്നില്ല. ചില ദിവസങ്ങളിൽ കയറ്റിറക്കങ്ങൾ അധികം ഇല്ലാത്ത റോഡുകളിലൂടെ ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിച്ച് ഞങ്ങൾ നടന്നപ്പോൾ, മറ്റു ചില ദിവസങ്ങളിലെ നടത്തം അതീവ കഠിനമായിരുന്നു. വടിയും കുത്തി നടക്കുന്ന ഞങ്ങളെ കണ്ട്, വണ്ടി നിറുത്തി വിശേഷങ്ങൾ അന്വേഷിക്കുന്ന യാത്രക്കാരും കുറവായിരുന്നില്ല © ജോയൽ കെ. പയസ്

ഏകദേശം പത്ത് കിലോമീറ്ററോളം നടന്നുകഴിഞ്ഞപ്പോൾ ജാഖ് എന്ന സ്ഥലത്തെത്തി. ടെഹ്‌റി അണക്കെട്ട് നാല് കിലോമീറ്റർ എന്ന് വലിയ അക്ഷരത്തിൽ അവിടെ എഴുതി വെച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീറിങ് അത്ഭുദങ്ങളിൽ ഒന്നിന്റെ തൊട്ടടുത്താണ് ഞങ്ങൾ. എന്നാൽ, ഞങ്ങളുടെ അന്നത്തെ യാത്രാലക്ഷ്യം അണക്കെട്ടായിരുന്നില്ല. ജാഖിൽ നിന്നും ഇടത്തോട്ട് തിരിയുന്ന വീതി കുറഞ്ഞ വഴിയിലൂടെ ഞങ്ങൾ നടന്നു. ചെറിയ അരുവികളും, വൻ വൃക്ഷങ്ങളും നിറഞ്ഞ ഒരു പ്രദേശം. സൂര്യൻ ഞങ്ങളുടെ തലമുകളിലാണ്. കഠിനമായ വെയിലിൽ അധികം ദൂരം നടക്കാൻ സാധിച്ചില്ല. ആ വഴിയിലൂടെ ഏതാനും വാഹനങ്ങൾ മാത്രമേ കടന്ന് പോകുന്നുള്ളൂ. കുറച്ച് ദൂരം കൂടി നടന്നപ്പോൾ ഒരു പിക്-അപ് വാൻ ഞങ്ങൾക്ക് ആശ്വാസമായി വന്നു. ചമ്പയിൽ എന്തോ ലോഡിറക്കി വരുന്ന വഴിയായിരുന്നു ആ വാഹനം. അതിന്റെ തുറന്ന പിൻഭാഗത്ത് നിന്ന് ഞങ്ങൾ യാത്ര ആസ്വദിച്ചു. ടെഹ്‌റി തടാകത്തിന്റെ വിശാലത കുറച്ചുകൂടി അടുത്ത് കാണാൻ ആ യാത്ര സഹായിച്ചു. ഏകദേശം അരമണിക്കൂറിനുള്ളിൽ ഞങ്ങൾ പലാസിൽ എത്തി.അണക്കെട്ട് സൃഷ്ടിച്ച വലിയ ജലാശയത്തിൽ ഒറ്റപ്പെട്ട് പോയ കുറേ തുരുത്തുകൾ ഇവിടെ ഉണ്ട്. ഈ ചെറുദ്വീപുകളിൽ താമസിക്കുന്നവർക്ക് ആകെയുള്ള ആശ്വാസം ഒന്നോ രണ്ടോ മണിക്കൂർ കൂടുമ്പോൾ വരുന്ന ബോട്ടുകളാണ്. ഈ ബോട്ടുകൾ പ്രവർത്തിപ്പിക്കുന്നത് ടെഹ്‌റി ഹൈഡ്രോ ഡെവലപ്മെന്റ് കോർപ്പറേഷൻ (ടി. എച്ച്. ഡി. സി.) ആണ്. എല്ലാവർക്കും ബോട്ടുകളിൽ സൗജന്യ യാത്രയാണ്; അണക്കെട്ട് മൂലം മേൽവിലാസം നഷ്ടപ്പെട്ട ആയിരങ്ങൾക്ക് അണക്കെട്ട് കമ്പനി നൽകുന്ന ഒരു ചെറിയ ഔദാര്യം. ബോട്ടിൽ മറുകരയ്ക്ക് പോകാൻ ഞങ്ങൾ തിരുമാനിച്ചു. അരമണിക്കൂർ കാത്തിരിപ്പിനൊടുവിൽ ഒരു ബോട്ട് വന്നു. ഇരുപതോളം ആളുകൾക്ക് ഒരേസമയം സഞ്ചരിക്കാൻ അതിൽ സൗകര്യമുണ്ട്. ചെറിയ തിരയിളക്കമുള്ള ജലാശയത്തിലൂടെ ഞങ്ങളുടെ യാത്ര തുടങ്ങി. പാതിമുങ്ങിയ കെട്ടിടങ്ങൾ ഞങ്ങൾക്കിപ്പോൾ തൊട്ടടുത്ത് കാണാം. അവയോട് ചേർന്ന് ഒരു ചെറിയ ബോട്ട് ജെട്ടി കണ്ടു. അടുത്തിരുന്ന ആളുകളോട് ചോദിച്ചപ്പോളാണ് കാര്യം മനസ്സിലായത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടിയുള്ള ഏർപ്പാടാണത്. ഒരു രാത്രി ആ വീടുകളിൽ ഒന്നിൽ തങ്ങുന്നതിന് കുറഞ്ഞത് 2,500 രൂപയോളം ചിലവ് വരുമത്രേ. ഒരിക്കൽ ജീവിച്ചിരുന്ന പ്രദേശം തങ്ങൾക്ക് ഇന്ന് അപ്രാപ്യവും, സമ്പന്നരായ സഞ്ചാരികൾക്ക് സുഖവാസ കേന്ദ്രവും ആയി മാറിയതിൽ അവരിൽ ചിലർക്കെങ്കിലും അമർഷമുള്ളതായി സംസാരത്തിൽ നിന്ന് തോന്നി.

തുരുത്തുകളിൽ കാത്തുനിൽക്കുന്ന ഗ്രാമവാസികളെ കയറ്റി ആ ബോട്ട് അവസാനം മറുകരയിൽ എത്തി. കോട്ടി കോളനി എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള കുറെ ബോർഡുകൾ അവിടെ കണ്ടു. ബോട്ടിൽ വെച്ച് പരിചയപ്പെട്ട ഒരു ചെറുപ്പക്കാരൻ ഞങ്ങൾക്ക് വഴികാട്ടിയായി. അണക്കെട്ട് അടുത്ത് കാണാവുന്ന ഒരു സ്ഥലത്തേക്ക് അയാൾ ഞങ്ങളെ കൊണ്ടുപോയി. നിറയെ ബോട്ടുകൾ ചേർത്തുകെട്ടിയ ഒരു ജെട്ടിയുടെ അടുത്തേക്കാണ് ആ യുവാവ് ഞങ്ങളെ നയിച്ചത്. ഡൽഹി അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് ഇവിടേക്ക് വരുന്ന സഞ്ചാരികൾ ടെഹ്‌റി റിസർവോയറിൽ ബോട്ട് യാത്ര നടത്തി ഉല്ലസിക്കുന്നു. ജെട്ടിയിൽ നിന്ന് നോക്കിയാൽ കുറച്ച് അകലെയായി ഒരു നീണ്ട ഭിത്തി പോലെ എന്തോ ഒന്ന് ജലത്തെ തടഞ്ഞു നിറുത്തിയിരിക്കുന്നത് കാണാം. അതേ, ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടിന്റെ മുകളറ്റമാണ് അത്. ആ പ്രദേശവും, മുൻപിലുള്ള ജലാശയവും സമുദ്രനിരപ്പിൽ നിന്ന് എത്രയോ ഉയരത്തിലാണ് എന്ന ബോധ്യം പെട്ടന്ന് എനിക്കുണ്ടായി. എന്നാൽ അണക്കെട്ടിന്റെ യഥാർത്ഥ വലിപ്പം അടുത്ത ദിവസങ്ങളിൽ ഞങ്ങൾ കാണാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. തങ്ങൾ ബോട്ട് സഞ്ചാരം നടത്തുന്ന ജലത്തിന്റെ കീഴിലായി ഒരു ചരിത്ര നഗരം ഉറങ്ങുന്നുണ്ട് എന്ന വസ്തുത എത്ര സഞ്ചാരികൾ അറിയുന്നുണ്ടോ എന്തോ. ഒരു കാലത്ത് ടെഹ്‌റി-ഗർവാൾ ജില്ലയുടെ ആസ്ഥാനമായ ടെഹ്‌റി പട്ടണം ഞങ്ങളുടെ മുൻപിലുള്ള ജലാശയത്തിന്റെ അടിത്തട്ടിൽ വിശ്രമിക്കുന്നു എന്ന് വിശ്വസിക്കാൻ എനിക്കും പ്രയാസം തോന്നി.

1960 കളുടെ തുടക്കത്തിലാണ് ഭാഗീരഥയിൽ ഒരു അണക്കെട്ട് നിർമ്മിക്കുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ തുടങ്ങുന്നത്. ഭൂകമ്പ സാധ്യതകളും, മണ്ണിടിച്ചിലും, പുണ്യനദിയായ ഗംഗയെ അണകെട്ടി തടയുന്നതിനോടുള്ള എതിർപ്പും, എല്ലാറ്റിനും ഉപരിയായി പണത്തിന്റെ ദൗർലഭ്യവും മൂലം ആ പദ്ധതി കുറെ വർഷങ്ങൾ ഫയലുകളിൽ ഉറങ്ങി. എങ്കിലും, പദ്ധതിയെപ്പറ്റിയുള്ള ചർച്ചകൾ പൂർണമായും നിലച്ചില്ല. കേന്ദ്ര സർക്കാരും, ഉത്തർപ്രദേശ്‌ സർക്കാരും (ഉത്തരഖണ്ഡ് സംസ്ഥാനം അന്ന് നിലവിൽ വന്നിട്ടില്ല) അണക്കെട്ടിനുള്ള ചിലവ് സംയുക്തമായി നിർവഹിക്കാൻ ധാരണയായി. സോവിയറ്റ് പ്രസിഡന്റ് ആയിരുന്ന ഗോർബച്ചേവ് 1986ൽ ഇന്ത്യ സന്ദർശിച്ചു. ആ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒരു ആണവകരാർ ഒപ്പിടാൻ പദ്ധതിയുണ്ടായിരുന്നു. എന്നാൽ അത് നടന്നില്ല. സന്ദർശനം പരാജയമായില്ല എന്ന് കാണിക്കാനും, മുഖം രക്ഷിക്കാനും സർക്കാറിന് എന്തെങ്കിലും പ്രഖ്യാപനങ്ങൾ നടത്തേണ്ടിയിരുന്നു. ടെഹ്‌റി അണക്കെട്ട് അവിടെ രക്ഷകനായി അവതരിച്ചു. സോവിയറ്റ് പങ്കാളിത്തത്തോടെ അണക്കെട്ട് നിർമ്മിക്കാൻ ധാരണയായി. അങ്ങനെയാണ് നൂറുകോടിയിലധികം അമേരിക്കൻ ഡോളർ (USD 1 billion ) ചിലവ് വരുന്ന ഈ ബൃഹത് പദ്ധതിക്ക് ഊർജ്ജം ലഭിക്കുന്നത്. 1990 കളിൽ അണക്കെട്ടിന്റെ നിർമ്മാണം ആരംഭിച്ചു. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ പദ്ധതിക്ക് ലഭിക്കുമായിരുന്ന സാമ്പത്തിക സഹായം സാവധാനം നിലച്ചു. പക്ഷെ, റഷ്യൻ ശാസ്ത്രജ്ഞർ പദ്ധതിയുടെ വിവിധഘട്ടങ്ങളിൽ പങ്കാളികളായി തുടർന്നു.അണക്കെട്ട് നിർമ്മാണ സാങ്കേതികവിദ്യ (dam engineering) ലോകമെമ്പാടും ഇപ്പോഴും പരിണമിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. ഒഴുകുന്ന വെള്ളത്തെ പിടിച്ചു നിറുത്തുമ്പോളുണ്ടാകുന്ന ഗുണദോഷങ്ങൾ അനാവൃതമാകാൻ ഒരുപാട് വർഷങ്ങൾ എടുക്കും. അങ്ങനെ ലഭിക്കുന്ന പുതിയ അറിവുകൾ ഉപയോഗപ്പെടുത്തിയാണ് ഓരോ പുതിയ അണക്കെട്ടും നിർമ്മിക്കപ്പെടുന്നത്. എന്നാൽ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉള്ള അണക്കെട്ടുകൾ മാത്രം മാതൃകയാക്കി ഹിമാലയൻ മേഖലയിൽ ഒരെണ്ണം കെട്ടിപ്പൊക്കുന്നത് അസാധ്യമായിരുന്നു. മറ്റ് പർവതങ്ങളെ അപേക്ഷിച്ച് താരതമ്യേന ചെറുപ്പമാണ് ഹിമാലയൻ നിരകൾ. റിക്ടർ സ്കെയിലിൽ 8.5 വരെയുള്ള ഭൂകമ്പങ്ങൾ അനുഭവപ്പെടാൻ സാധ്യതയുള്ള മേഖലയാണിത്. 1991ൽ നടന്ന ഒരു ഭൂകമ്പത്തിന്റെ (6.8 റിക്ടർ സ്കെയിൽ) പ്രഭവകേന്ദ്രം ടെഹ്‌റി അണക്കെട്ടിൽ നിന്നും വെറും 50 കിലോമീറ്ററോളം അകലെയായിരുന്നു എന്നത് ഇവിടെ പ്രസ്താവ്യമാണ്. ഇതുകൂടാതെ, തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിൽ മൂലം നദികളുടെ ഓരങ്ങളും, മലഞ്ചെരിവുകളും ഇടിയുന്നത് ഇവിടെ പതിവാണ്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം കൂടി കണക്കിലെടുത്താൽ ഇത്തരം പ്രദേശങ്ങളിൽ അണക്കെട്ട് നിർമ്മിക്കുന്നതിൽ മുൻപരിചയമുള്ള രാജ്യങ്ങൾ അക്കാലത്ത് ഇല്ലായിരുന്നു എന്നുതന്നെ പറയാം. ചുറ്റുമുള്ള മലകൾ ദൃഢമല്ലാത്തതിനാൽ, ഇടുക്കിയിലേത് പോലുള്ള കോൺക്രീറ്റ് അണക്കെട്ടുകൾ ഇവിടെ നിർമ്മിക്കാൻ സാധ്യമല്ല.

ഇരുപത് ആളുകൾക്ക് വരെ കയറാവുന്ന ബോട്ടുകളാണ് ജലാശയത്തിന്റെ ചുറ്റും താമസിക്കുന്നവരുടെ പ്രധാന ആശ്രയം. നീണ്ട കാത്തിരിപ്പിന് ശേഷം ബോട്ടെത്തുമ്പോൾ ആളുകളുടെ മുഖത്ത് പ്രത്യക്ഷപ്പെടുന്ന ആശ്വാസം ചെറുതല്ല. ഇവിടെയുള്ള പലരുടെയും ജീവിതം ബോട്ടിന്റെ സമയക്രമവുമായി ബന്ധപ്പെട്ടിരിക്കുന്നു. അടിയന്തിര ഘട്ടങ്ങളിൽ പോലും, കാത്തു നിൽക്കുക എന്നതിൽ കൂടുതലായി എന്തെങ്കിലും ചെയ്യാൻ അവർക്ക് കഴിയില്ല © ജോയൽ കെ. പയസ്

പാറക്കഷ്ണങ്ങളും മണ്ണും (rock and earth-fill) ഒരു പ്രത്യേക അനുപാതത്തിൽ കൂട്ടിയിട്ട് നദിയെ തടയുന്ന embankment എന്ന രീതിയാണ് ടെഹ്‌റിയിലേത്. ഇങ്ങനെ കൂട്ടിയിടുന്ന മിശ്രിതം അതിന്റെ സ്വന്തം ഭാരംകൊണ്ട് ജലത്തെ പിടിച്ചുനിറുത്തുന്നു. സാവധാനത്തിലുള്ള ചെരിവാണ് (graduated slope) ഇത്തരം അണക്കെട്ടുകളുടെ പ്രതലത്തിന്റെ പ്രത്യേകത. ടെഹ്‌റി അണക്കെട്ടിന്റെ പാദം (base) ഒരു കിലോമീറ്ററിലധികം (1,128 മീറ്റർ) വീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. കീഴെനിന്ന് സാവധാനം ചെരിഞ്ഞ് കയറുന്ന പ്രതലം മുകളിലെത്തുമ്പോൾ (crest) വെറും 20 മീറ്റർ വീതിയിലേക്ക് ചുരുങ്ങുന്നു. ഈ ചെരിവിന്റെ പിന്തുണയിലാണ് ലക്ഷക്കണക്കിന് ലിറ്റർ വെള്ളത്തെ അണക്കെട്ടിൽ തടഞ്ഞു നിറുത്തിയിട്ടുള്ളത്. ഭാഗീരഥിയുടെയും, അതിന്റെ ഒരു പോഷക നദിയായ ഭീൽഗംഗയുടെയും സംഗമസ്ഥാനത്തിന് (confluence) കുറച്ച് കീഴെയാണ് അണക്കെട്ട് ഉയർന്നിരിക്കുന്നത്. നാല് കിലോമീറ്റർ വീതിയും, നാല് കിലോമീറ്റർ നീളവും, നാല് കിലോമീറ്റർ ഉയരവുമുള്ള ഒരു സമചതുര സ്തംഭം (cube measuring 4km^3) സങ്കൽപ്പിക്കുക. ഏകദേശം അത്രയും അളവിൽ വെള്ളമാണ് ഈ അണക്കെട്ടിന് സംഭരിക്കാനാകുക.

വളരെ സ്വാഭാവികമായി, പദ്ധതിക്കെതിരെയുള്ള എതിർപ്പുകൾ പല കോണുകളിൽ നിന്നായി ഉയർന്നു വന്നു. ആളുകൾ അണക്കെട്ടിനെ എതിർക്കാൻ കാരണങ്ങൾ അനവധിയായിരുന്നു. പുണ്യനദിയായ ഗംഗയെ തടഞ്ഞ് നിറുത്തി വൈദ്യുതി ഉത്പാദിപ്പിച്ചാൽ, അണക്കെട്ടിൽ നിന്നും പുറത്ത് വരുന്ന ജലത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുമെന്ന് വിശ്വസിച്ച ഒരുപാട് പേർ ഉണ്ടായിരുന്നു. എന്നാൽ, തങ്ങളുടെ കിടപ്പാടങ്ങൾ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന ആശങ്കയാണ് ഒരു വലിയ വിഭാഗം ആളുകളെ ഈ പദ്ധതിക്കെതിരെ മുന്നോട്ട് വരാൻ പ്രേരിപ്പിച്ചത്. അണക്കെട്ട് ഒരു ജലബോംബായി മാറുമെന്ന് ഭയന്നവരും കുറവല്ലായിരുന്നു. ഇവർക്കിടയിൽ ശാസ്ത്രീയമായി കാര്യങ്ങൾ അപഗ്രഥിച്ച് പദ്ധതിയെ എതിർത്തവർ ഒരുപാട് പേരുണ്ടായിരുന്നു. അണക്കെട്ടുകൾ മൂലം ഉണ്ടാകുന്ന ഭൂകമ്പങ്ങളെക്കുറിച്ച് (dam-induced seismic activities) പുതിയ പഠനങ്ങൾ അക്കാലത്ത് പുറത്ത് വന്നിരുന്നു. വലിയ ജലസംഭരണികൾ ഭൂപ്രതലത്തിൽ ചെലുത്തുന്ന മർദ്ദം മൂലം ചുറ്റുമുള്ള പ്രദേശങ്ങളിൽ ഭൂകമ്പ സാധ്യതയുണ്ട് എന്നത് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു ശാസ്ത്ര സത്യമാണ്. അങ്ങനെയുള്ളപ്പോൾ ഭൂകമ്പമേഖലയിൽ ഒരു അണക്കെട്ട് വന്നാലുള്ള സ്ഥിതിയെക്കുറിച്ച് പറയാനില്ലല്ലോ. എന്നാൽ റിക്റ്റർ സ്കെയിലിൽ 8.5 വരെയുള്ള ഭൂകമ്പങ്ങൾ താങ്ങാൻ ഈ അണക്കെട്ടിന് കഴിയും എന്നാണ് പദ്ധതിയെ അനുകൂലിക്കുന്നവർ പറയുന്നത്. ഈ പ്രദേശത്ത്‌ ഒരു വലിയ ഭൂകമ്പമുണ്ടാകുകയും, അണക്കെട്ടിൽ വിള്ളൽ വീഴുകയും ചെയ്താൽ, താഴെ ഹരിദ്വാർ (150 കിലോമീറ്ററുകളോളം അകലെ) വരെ നദിയുടെ തീരത്തുള്ള മുഴുവൻ പ്രദേശങ്ങളും ഭൂമുഖത്ത് നിന്നും തുടച്ച് നീക്കപ്പെടുമെന്നാണ് അണക്കെട്ടിനെ ഒരു ജലബോംബായി കരുതുന്നവർ പങ്കുവെക്കുന്ന ആശങ്ക. ഈ വിഷയത്തിൽ നടക്കുന്ന തർക്കങ്ങൾ ഓൺലൈൻ, ഓഫ്‌ലൈൻ വേദികളിൽ ഇപ്പോഴും സജീവമാണ്[1].അന്നും, ഇന്നും തർക്ക വിഷയമായ മറ്റൊരു സംഗതി ഈ അണക്കെട്ടിന്റെ ആയുസ്സിനെക്കുറിച്ചുള്ളതാണ്. മണ്ണിടിച്ചിലും, വെള്ളപ്പൊക്കവും മൂലം ഓരോ വർഷവും ആയിരക്കണക്കിന് ടൺ മണ്ണാണ് ഭാഗീരഥിയിലൂടെ ഒലിച്ചു വരുന്നത്[2]. അണ കെട്ടുമ്പോൾ സ്വാഭാവികമായും ഈ മണ്ണെല്ലാം ജലസംഭരണിയിൽ അടിഞ്ഞുകൂടും. ഇങ്ങനെ അടിഞ്ഞു കൂടുന്ന മണ്ണ് കാലക്രമേണ അണക്കെട്ടിന്റെ ജലസംഭരണ ശേഷി കുറയ്ക്കുന്നു. അണക്കെട്ടിന്റെ നിർമ്മാതാക്കൾ 150 വർഷത്തിലധികം ആയുസ്സാണ് അതിന് പ്രവചിച്ചിരിക്കുന്നത്. അടുത്തകാലത്തെ ചില പഠനങ്ങൾ അത് 180 വർഷത്തിലധികമായി ഉയർത്തിയിട്ടുമുണ്ട്. എന്നാൽ അണക്കെട്ടിനെ എതിർക്കുന്നവർ ഈ പഠനങ്ങളുടെ ശാസ്ത്രീയതയെ ചോദ്യം ചെയ്യുന്നു. അണക്കെട്ടിന് 35 മുതൽ 50 വർഷം വരെ ആയുസ്സ് മാത്രമേ അവർ പ്രവചിക്കുന്നുള്ളൂ[3].

ജലസംഭരണിയിൽ മണ്ണ് വന്നടിയുന്നത് (sedimentation) അണക്കെട്ട് നടത്തിപ്പുകാരായ ടി.എച്.പി.ഡി.സിയും വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഭാഗീരഥിയുടെ തീരങ്ങളും, ചുറ്റുമുള്ള മലകളും ഇടിയുന്നത് ഒഴിവാക്കാൻ വൻതോതിൽ വനവൽക്കരണവും, മണ്ണ് സംരക്ഷണ പരിപാടികളും അവർ നടപ്പാക്കുന്നുണ്ട്. അണക്കെട്ടിന് 150 വർഷത്തിലധികം ആയുസ്സ് പ്രഖ്യാപിക്കുമ്പോഴും, അതെത്ര പ്രായോഗികമാണ് എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരുപാട് പ്രക്ഷോഭങ്ങൾക്ക് കുമവോൺ, ഗർവാൾ മേഖലകൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1970 കളിൽ ആരംഭിച്ച ചിപ്‌കോ പ്രസ്ഥാനം ഏറ്റവും വലിയ ഉദാഹരണമാണ്. ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കുന്ന വൻതോതിലുള്ള വനനശീകരണത്തിനെതിരെ ആയിരങ്ങളാണ് മുന്നോട്ട് വന്നത്. ചിപ്‌കോ എന്ന വാക്കിന് കെട്ടിപ്പിടിക്കുക എന്നാണർത്ഥം. മരങ്ങളെ കെട്ടിപ്പിടിച്ച് ഗ്രാമീണ വനിതകൾ നടത്തിയ ആ ഐതിഹാസികമായ ചെറുത്തുനിൽപ്പ് ലോകമെമ്പാടും വാർത്തയായി. ടെഹ്‌റി അണക്കെട്ടിനെതിരെ പിൽക്കാലത്ത് ഉയർന്നുവന്ന പ്രതിഷേധങ്ങൾക്ക് ശക്തി പകരുന്നതിൽ ചിപ്‌കോ പോലുള്ള പ്രസ്ഥാനങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.പ്രതിഷേധങ്ങൾക്ക് ടെഹ്‌റി അണക്കെട്ടിന്റെ നിർമ്മാണത്തെ തടഞ്ഞു നിറുത്താൻ കഴിഞ്ഞില്ലെങ്കിലും, രാജ്യത്തെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജം പകരാൻ അവ സഹായിച്ചു. പ്രതിഷേധങ്ങൾ മൂലം അണക്കെട്ടിനെ കൂടുതൽ സുരക്ഷിതമാക്കാൻ നിർമ്മാണ ഏജൻസികൾ നിർബന്ധിതരായി. സുപ്രീം കോടതിയടക്കം നടത്തിയ ഇടപെടലുകൾ മൂലം അണക്കെട്ട് നിർമ്മാണത്തിന്റെ പലഘട്ടങ്ങളിലും സുരക്ഷിതത്വത്തിന് മുൻതൂക്കം നൽകാനും, കിടപ്പാടങ്ങൾ നഷ്ടപ്പെട്ട ജനലക്ഷങ്ങൾക്ക് കൂടിയ നഷ്ടപരിഹാരം നൽകാനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിർബന്ധിതരായി.

1990കളിൽ തുടങ്ങിയ പ്രധാന അണക്കെട്ടിന്റെ നിർമ്മാണം 2005 ലാണ് പൂർത്തിയായത്. ടെഹ്‌റിയിലെ പ്രധാന അണക്കെട്ട്, അതിന്റെ വലിയ ജലസംഭരണി; അതിന് 20 കിലോമീറ്റർ കീഴെയുള്ള ചെറിയ കോതേശ്വർ അണക്കെട്ട്, അതിന്റെ സംഭരണി ഇവ ചേർത്ത് 2,400 മെഗാവാട്ട് വൈദ്യുതിയുടെ ഉല്പാദനമാണ് ലക്ഷ്യമിടുന്നത്. ഇതുകൂടാതെ ഡൽഹി അടക്കമുള്ള പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാനും, ഉത്തർപ്രദേശിലെ ചില ജില്ലകളിൽ ജലസേചനത്തിനും അണക്കെട്ട് സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. ടെഹ്‌റി അണക്കെട്ടിൽ 1,000 മെഗാവാട്ട് ഉത്പാദിപ്പിച്ച് (2006-07 ൽ കമ്മീഷൻ ചെയ്തു) പുറന്തള്ളുന്ന വെള്ളം ജലസംഭരണിയിലേക്ക് തന്നെ തിരിച്ച് പമ്പ് ചെയ്ത് വീണ്ടും 1,000 മെഗാവാട്ട് ഊർജം ഉത്പാദിപ്പിക്കുന്ന Pumped storage power production (2022ൽ കമ്മീഷൻ ചെയ്യാൻ സാധ്യത) ആണ് ഇവിടത്തെ ഒരു പ്രത്യേകത. മുകളിൽ പറഞ്ഞ രണ്ട് ഘട്ടങ്ങളും കഴിഞ്ഞ് പുറത്തേക്ക് വിടുന്ന ജലം ഉപയോഗിച്ച് കോതേശ്വർ അണക്കെട്ടിൽ 400 മെഗാവാട്ട് വൈദ്യുതി (2011-2012 ൽ കമ്മീഷൻ ചെയ്തു) ഉത്പാദിപ്പിക്കുന്നതോടെ ടെഹ്‌റിയിൽ നിന്ന് ഭാഗീരഥി സ്വാതന്ത്ര്യം നേടുന്നു. അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായതോടെ ടെഹ്‌റി പട്ടണവും, 26 ഗ്രാമങ്ങളും മുഴുവനായും, 86 ഗ്രാമങ്ങൾ ഭാഗികമായും വെള്ളത്തിൽ മുങ്ങി എന്നാണ് കണക്ക്.[4]

കോട്ടി കോളനിയിൽ നിന്ന് പലാസിലേക്കുള്ള ബോട്ടിന് സമയമായി. സമയം സന്ധ്യയായിരുന്നു. ഓരോ ചെറിയ തുരുത്തും സന്ദർശിച്ച് ഞങ്ങളുടെ ബോട്ട് സാവധാനം മുന്നോട്ട് ഒഴുകി. ജലാശയത്തിലെ ചെറിയ ഓളങ്ങളിൽ വിരലുകൾ ഓടിച്ച് ഞാനിരുന്നു. അണക്കെട്ടിൽ വെള്ളം നിറഞ്ഞിരിക്കുന്ന സമയമാണ്. ജലനിരപ്പ് താഴുന്ന വേനൽകാലത്ത് മുങ്ങിപ്പോയ കെട്ടിടങ്ങൾ ദൃശ്യമാകും എന്ന മാധ്യമ റിപ്പോർട്ടുകൾ ഞാൻ കണ്ടിരുന്നു. അത് കാണാനായി ധാരാളം സഞ്ചാരികളും ഇവിടെയെത്തും എന്നാണ് അറിയാൻ കഴിഞ്ഞത്. കുറേ അകലെയായി ഒരു മലയുടെ ഉച്ചിയിൽ നിറയെ വെളിച്ചം തെളിഞ്ഞിരിക്കുന്നു. മുങ്ങിപ്പോയ ടെഹ്‌റിക്ക് പകരം നിർമ്മിക്കപ്പെട്ട പുതിയ ടെഹ്‌റി ആ മല മുകളിലാണ്.

പുതിയ ടെഹ്‌റിയിലെ ഏറ്റവും ഉയർന്ന തട്ടിൽ നിന്നുള്ള കാഴ്ച. ചിത്രത്തിൽ ഇടതുഭാഗത്തായി കാണുന്നതാണ് പുതിയ മണി മാളിക. വലതുഭാഗത്ത് ടെഹ്‌റി ജലാശയവും കാണാം. വേനലിൽ അണക്കെട്ടിലെ ജലനിരപ്പ് താഴുമ്പോൾ, വെള്ളത്തിനടിയിലുള്ള പഴയ ടെഹ്‌റിയുടെ അവശിഷ്ടങ്ങൾ തലയുയർത്തും. പഴയതും, പുതിയതുമായ ടെഹ്‌റികൾ കണ്ടുമുട്ടുന്നത് ഞാൻ അവിടെ നിന്ന് വെറുതെ ഒന്ന് സങ്കൽപ്പിച്ചു © ജോയൽ കെ. പയസ്

ഞങ്ങളുടെ ബോട്ട് പലാസിൽ എത്തിയപ്പോഴേക്കും നല്ല ഇരുട്ടായി. തിരിച്ച് ചമ്പയിലേക്ക് പോകാൻ ഏതെങ്കിലും വാഹനം ലഭിക്കുമോ എന്ന് സംശയമായി. ഞങ്ങൾ നിന്നിരുന്ന സ്ഥലത്ത് വെളിച്ചം പോലും ഉണ്ടായിരുന്നില്ല. അങ്ങനെ ശങ്കിച്ച് നിൽക്കുമ്പോളാണ് ഒരാൾ മോട്ടോർ സൈക്കിളിൽ അങ്ങോട്ട് വന്നത്. അവിടെ നിന്നാൽ വാഹനങ്ങൾ ഒന്നും കിട്ടില്ല, അടുത്ത കവലയിൽ കൊണ്ടുചെന്നാക്കാം എന്ന് അയാൾ പറഞ്ഞു. ഞങ്ങളിരുവരും അയാളുടെ വാഹനത്തിന്റെ പുറകിൽ കയറി. ഞങ്ങൾ മൂന്നാളുകളെയും ചുമന്ന് ആ ഇരുചക്ര വാഹനം ഉരുണ്ടു. സ്വന്തമായി വാഹനമില്ലാത്തവർക്ക് ഇവിടെ ജീവിക്കുക പ്രയാസമാണ് എന്ന് പുള്ളിക്കാരൻ പറഞ്ഞു. ഏതാനും കിലോമീറ്ററുകൾ മാറി കുറച്ച് കടകൾ ഉള്ള ഒരു ചെറിയ അങ്ങാടിയിൽ അയാൾ ഞങ്ങളെ എത്തിച്ചു. പിന്നെയും അരമണിക്കൂർ കാത്തുനിന്ന ശേഷമാണ് ഒരു വാഹനം ഞങ്ങൾക്ക് മുൻപിൽ നിറുത്തിയത്. ഋഷികേശിലേക്ക് പോകുന്ന ഒരു കാറായിരുന്നു അത്. ചമ്പയിൽ ഞങ്ങളെ ഇറക്കാമെന്ന് ഡ്രൈവർ സമ്മതിച്ചു. തിരിച്ച് മുറിയിൽ എത്തിയപ്പോഴേക്കും എട്ട് മണി ആയിരുന്നു. പട്ടണത്തിലെ കടകൾ അടയുകയാണ്. അടുത്തുള്ള ഒരു ചെറിയ ഹോട്ടലിൽ നിന്ന് ഭക്ഷണം പൊതിഞ്ഞ് വാങ്ങി ഞങ്ങൾ അന്നത്തെ യാത്ര അവസാനിപ്പിച്ചു.

പുതിയ ടെഹ്‌റിയിലേക്കുള്ള യാത്രക്കാരെ കുത്തിക്കയറ്റിയ ഒരു ബസിലാണ് ഞാൻ അടുത്ത ദിവസത്തെ സഞ്ചാരം തുടങ്ങിയത്. എന്റെ സഹയാത്രികൻ സുമിത് അല്പം വയ്യായ്ക പ്രകടിപ്പിച്ചതിനാൽ ഞാൻ ഒറ്റക്കാണ് പുറത്തിറങ്ങിയത്. ജില്ലാ ആസ്ഥാനമായതിനാൽ പുതിയ ടെഹ്‌റിയിലേക്ക് ഒരുപാട് പേർ വന്നുപോകുന്നു. ചമ്പയിൽ നിന്ന് ഏകദേശം 12 കിലോമീറ്ററുകൾ ദൂരെയുള്ള അവിടേക്ക് കുത്തനെയുള്ള മലകയറി വേണം എത്താൻ. ഇവിടെ ഓടുന്ന വാഹനങ്ങളുടെ പുറത്ത് പൊതുവായി ഒരു കാര്യം കാണാം- യാത്രക്കാർ ശർദിച്ചതിന്റെ പാടുകൾ. ഞാൻ അന്ന് കയറിയ ബസിന്റെ പുറത്തും അത്തരം പാടുകൾ നിറയെ ഉണ്ടായിരുന്നു. വളവുകൾ നിറഞ്ഞ മലമ്പാതകളിലൂടെ വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ പലർക്കും മനംപുരട്ടൽ ഉണ്ടാകും. അന്നത്തെ 12 കിലോമീറ്റർ ബസ് യാത്ര ഒരു ദുരിതമായി എനിക്ക് തോന്നി. ബസിനകത്ത് വെച്ച് രണ്ട്പേർ ശർദിച്ചു. ഒരാൾ ഓക്കാനിക്കുന്നത് കണ്ടാൽ, അടുത്തിരിക്കുന്ന ആൾക്കും ശർദിക്കാനുള്ള തോന്നൽ ഉണ്ടാകുക സ്വാഭാവികമാണല്ലോ. എങ്ങനെയോ മനസ്സിനെ പിടിച്ചിരുത്തി ആ 45 മിനിറ്റ് ബസ് യാത്ര ഞാൻ മുഴുമിപ്പിച്ചു.മുൻകൂട്ടി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഒരു പട്ടണമാണ് പുതിയ ടെഹ്‌റി. എന്നാൽ പഴയ ടെഹ്‌റിയിൽ ജീവിച്ചിരുന്ന എല്ലാവരും ഇവിടേക്ക് മാറിയില്ല. നദീതടത്തിൽ നിന്ന് മലമുകളിലേക്ക് വരാൻ പലരും മടിച്ചു. കൂടിയ തണുപ്പും, കൃഷിക്ക് അനുയോജ്യമല്ലാത്ത ഭൂപ്രകൃതിയും ചില കാരണങ്ങളായിരുന്നു. അതിലുപരി, മുകളിൽ പുതിയ വീട് വാങ്ങാൻ പണമില്ലാത്തവരും ഉണ്ടായിരുന്നു. അണക്കെട്ടിൽ മുങ്ങിപ്പോകുമെന്ന് തീരുമാനമായ ഗ്രാമങ്ങളിലെ ആളുകളുടെ സ്ഥിതി കൂടുതൽ കഷ്ടമായിരുന്നു. അവരിൽ പലർക്കും പകരം ഭൂമി കിട്ടിയത് വളരെ ദൂരെയായിരുന്നു. ആ ഭൂമിയിൽ പലതും കൃഷിക്ക് യോജ്യവുമല്ലായിരുന്നു. അതുവരെ സുലഭമായി ജലം ലഭിച്ചുകൊണ്ടിരുന്ന ആളുകൾ പുതിയ ദേശത്ത് കുടിവെള്ളത്തിന് പോലും കഷ്ടപ്പെട്ടു. കുറേയാളുകൾക്ക് നഷ്ടപരിഹാരം ഇന്നും കിട്ടാക്കനിയായി തുടരുന്നു. [5]

ടെഹ്‌റി അണക്കെട്ടിനെക്കുറിച്ച് വിശദമായി പഠനം നടത്തിയ ഹന്ന വേർണർ[6] വ്യത്യസ്തമായ ചില  കാഴ്ചപ്പാടുകൾ പങ്ക് വെക്കുന്നുണ്ട്.  അണക്കെട്ടുകൾ പോലുള്ള ഭീമകാരങ്ങളായ നിർമ്മിതികളിലൂടെ തങ്ങൾ ആധുനികതക്ക് വേണ്ടി നിലകൊള്ളുന്നു എന്ന സന്ദേശം നൽകാനാണ് ഭരണകൂടങ്ങൾ ശ്രമിക്കുന്നത്. അണക്കെട്ടുകൾ ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് എന്ന്‌ 1954ൽ നെഹ്റു പറഞ്ഞത് ഇവിടെ ചേർത്ത് വായിക്കാം. വൈദ്യുതി ഉണ്ടാക്കാനും, ജലസേചനത്തിനും, വെള്ളപ്പൊക്കങ്ങൾ നിയന്ത്രിക്കാനും അണക്കെട്ടുകൾ നൽകുന്ന സംഭാവന ചെറുതല്ല. നമ്മുടെ രാജ്യത്തെ പല പ്രദേശങ്ങളിലും ഓരോ വർഷവും മാറിമാറി വരുന്ന വെള്ളപ്പൊക്കങ്ങളും, വരൾച്ചകളും നിയന്ത്രിക്കുന്നതിൽ അണക്കെട്ടുകൾ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുമുണ്ട്. എന്നാൽ, വലിയ അണക്കെട്ടുകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ശാസ്ത്രം ഒരുപാട് അറിവുകൾ കൈവരിച്ചിരിക്കുന്നു. 2013 ലെ ഉത്തരഖണ്ഡ് വെള്ളപ്പൊക്കത്തെ തുടർന്ന്, വലിയ ജലവൈദ്യുത പദ്ധതികളും വെള്ളപ്പൊക്കങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തർക്കങ്ങൾ ചൂടുപിടിച്ചു. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് രൂപീകരിച്ച രവി ചോപ്ര കമ്മിറ്റി ഈ വിഷയം പഠിച്ച് ഒരു നീണ്ട റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. അത് പ്രകാരം, സർക്കാർ അനുമതി നൽകിയ 24 ജലവൈദ്യുത പദ്ധതികളിൽ 23 എണ്ണത്തിനും അനുമതി റദ്ദ് ചെയ്യണമെന്നാണ് ആ കമ്മിറ്റി നിർദേശിച്ചത്.

പുതിയ ടെഹ്‌റിയിലെ തെരുവുകളിലൂടെ ഞാൻ വെറുതേ അലഞ്ഞു നടന്നു. ഒറ്റ നോട്ടത്തിൽ വളരെ വൃത്തിയുള്ള സുന്ദരമായ പട്ടണം. വലിയ ഒരു മണി മാളികയാണ് ആണ് ഇവിടത്തെ പ്രധാന ആകർഷണം. പഴയ ടെഹ്‌റിയിൽ ഉണ്ടായിരുന്ന മുങ്ങിപ്പോയ ഒന്നിന്റെ അതേ മാതൃകയിലാണ് മലമുകളിലെ ഈ ക്ലോക്ക് ടവറും നിർമ്മിച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. പല തട്ടുകളായാണ് ഈ പട്ടണം നിർമ്മിച്ചിട്ടുള്ളത്. ഏറ്റവും മുകളിലത്തെ തട്ടിലേക്ക് ഞാൻ നടന്നു. അവിടെ നിന്ന് നോക്കിയാൽ താഴെ ടെഹ്‌റി ജലാശയം കാണാം. ആ ജലശയത്തിലേക്ക് നോക്കി ഞാൻ കുറച്ച് നേരം ഇരുന്നു. വേനലിൽ വെള്ളത്തിനടിയിൽ നിന്ന് ഉയർന്ന് വരുന്ന ജീർണ്ണിച്ച പഴയ ടെഹ്‌റിയും, മലമുകളിലെ പുതിയ ടെഹ്‌റിയും തമ്മിൽ കണ്ടുമുട്ടുന്നത് ഞാൻ വെറുതെ ഒന്ന് സങ്കൽപ്പിച്ചു.ഇതുവരെ ഞങ്ങൾ കടന്നുവന്ന പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ ആധുനികമായ ഒരു പരിവേഷമാണ് പുതിയ ടെഹ്‌റിക്ക് ഉണ്ടായിരുന്നത്. പല നിറങ്ങളിൽ ചായം പൂശിയ കെട്ടിടങ്ങളും, ഇടയിലുള്ള ചെറിയ ഉദ്യാനങ്ങളും, നവീന ശൈലിയിലുള്ള പല നിർമ്മിതികളും നിറഞ്ഞ ഈ പട്ടണം ഉത്തരഖണ്ഡിലാണ് എന്ന് വിശ്വസിക്കാൻ അല്പം പ്രയാസം തോന്നി. ജില്ലയിലെ ഒരേയൊരു സിനിമാശാലയും ഇവിടെയാണ്. ഞാൻ പട്ടണം മുഴുവൻ ഒരു തവണ ചുറ്റിയടിച്ച് കഴിഞ്ഞപ്പോഴേക്കും എന്റെ സുഹൃത്തും അവിടേക്കെത്തി. സമയം ചിലവാക്കാൻ ഒരു സിനിമ കാണാൻ ഞങ്ങൾ തിരുമാനിച്ചു. വാർ എന്ന് പേരുള്ള ഒരു ഹിന്ദി സിനിമയായിരുന്നു അവിടെ കളിച്ചിരുന്നത്. ആ സിനിമയിലെ ഒരു രംഗം ചിത്രീകരിച്ചിട്ടുള്ളത് ടെഹ്‌റി ജലസംഭരണിയിൽ ആയിരുന്നു എന്നത് കൊണ്ട് മാത്രമാണ് സിനിമയെക്കുറിച്ച് ഇവിടെ സൂചിപ്പിച്ചത്. സിനിമ കഴിഞ്ഞപ്പോഴേക്കും സന്ധ്യയായി. കുറച്ച് ദൂരം നടന്നും, പിന്നെ ഒരു ചരക്ക് ലോറിയിൽ കയറിയും ഞങ്ങൾ ചമ്പയിൽ തിരിച്ചെത്തി.

ടെഹ്‌റി അണക്കെട്ട് കാണാനായി, ഭഗവതിപുരം എന്ന സ്ഥലത്തേക്ക് പോകുന്ന ഒരു ബസിൽ അടുത്ത ദിവസം രാവിലെ ഞങ്ങൾ കയറി. വീണ്ടും വയറിനെ ഉലയ്ക്കുന്ന കൊടും വളവുകൾ. ഒരു മണിക്കൂറോളം നീണ്ട ആ ബസ് യാത്രയിലെ ഏക ആശ്വാസം പ്രായമുള്ള രണ്ടാളുകളുടെ ഉച്ചത്തിലുള്ള സംഭാഷണമായിരുന്നു. ഏകദേശം എഴുപത് വയസ്സിലധികം പ്രായം തോന്നിപ്പിക്കുന്ന, പാശ്ചാത്യ രീതിയിൽ വസ്ത്രം ധരിച്ച ഒരാളാണ് എന്റെ ശ്രദ്ധയെ ആകർഷിച്ചത്. നർമ്മം നിറഞ്ഞ സംസാരശൈലിയായിരുന്നു അയാളുടേത്. ബസ് കണ്ടക്ടറടക്കം ആരെയും അയാൾ വെറുതെ വിട്ടില്ല. തന്നേക്കാൾ അൽപ്പം ‘ചെറുപ്പമായ’ മറ്റൊരു വയസ്സനോട് പുള്ളിക്കാരൻ നീണ്ട സംഭാഷണം തുടങ്ങി. രാഷ്ട്രീയം അവരുടെ സംസാരത്തിലേക്ക് കടന്ന് വരാൻ അധികം സമയമെടുത്തില്ല. ജമ്മുകാശ്മീരിൽ ആർട്ടിക്കിൾ-370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂടുപിടിച്ചു നിൽക്കുന്ന സമയമായിരുന്നു അത്. കാശ്മീരിലേത് പോലെ ഉത്തരഖണ്ഡിലും ഒരു ശ്രീനഗർ ഉണ്ട്. “മുൻപ് ഒരു ശ്രീനഗർ രാമന്റെതും, രണ്ടാമത്തേത് റഹീമിന്റേതുമായിരുന്നു. ഇപ്പോൾ രണ്ടും രാമൻ കൈവശമാക്കിയിരിക്കുന്നു,” ആ വൃദ്ധൻ പറഞ്ഞു.  അവരുടെ സംഭാഷണം പല ദിശകളിൽ സഞ്ചരിച്ചു. ബസിലുള്ള ആളുകളെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടാണ് അവർ സമകാലിക രാഷ്ട്രീയം ചർച്ച ചെയ്തത്. ബിജെപി, കോൺഗ്രസ് അടക്കം ഒരുവിധം എല്ലാ പാർട്ടികളെയും രൂക്ഷമായി വിമർശിക്കുന്നുമുണ്ട്. അവരുടെ സംഭാഷണത്തിലെ നർമ്മം ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുകകയും ചെയ്തു എന്നാണ് എനിക്ക് തോന്നിയത്.

ടെഹ്‌റി അണക്കെട്ടിന്റെ മുകൾ ഭാഗം. മുകൾ ഭാഗത്ത് ഏകദേശം 20 മീറ്റർ മാത്രമേ വീതി ഉള്ളൂ എങ്കിലും, അണക്കെട്ടിന്റെ അടിഭാഗത്തിന് ഒന്നേകാൽ കിലോമീറ്ററോളം വീതിയുണ്ട്. ചിത്രത്തിന്റെ വലതുഭാഗത്ത് കാണുന്ന ചെരിഞ്ഞ പ്രതലമാണ് അണക്കെട്ടിന് സ്ഥിരത നൽകുന്നത്. ആ പ്രതലത്തിലൂടെ നിർമ്മിക്കപ്പെട്ടിട്ടുള്ള റോഡിലൂടെ ചുറ്റുമുള്ള ഗ്രാമങ്ങളിലേക്ക് വാഹന ഗതാഗതം സാധ്യമാണ്. അണക്കെട്ടിന്റെ മറുവശത്തുള്ള മലയ്ക്കുള്ളിലാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജനറേറ്ററുകൾ സ്ഥാപിച്ചിട്ടുള്ളത് © ജോയൽ കെ. പയസ്

ഭഗവതിപുരം എന്ന ചെറുപട്ടണത്തിൽ ഞങ്ങളെ ഇറക്കി വിട്ട് ആ ബസ് യാത്ര തുടർന്നു. അണക്കെട്ട് ഇവിടെ നിന്ന് മൂന്ന് കിലോമീറ്ററോളം ദൂരെയാണ്. ഒരു ചെറിയ ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച്, ഇരു വശത്തും മരങ്ങൾ നിറഞ്ഞ ഒരു വഴിയിലൂടെ ഞങ്ങൾ നടന്നു. അണക്കെട്ട് മുഴുവനായി കാണാവുന്ന ഉയർന്ന ഒരു സ്ഥലം (view point) ആണ് ഞങ്ങൾ അന്വേഷിച്ചത്. ഒടുവിൽ ഒരു മലയുടെ ചെരുവിൽ വെച്ച് ആ ദൃശ്യം കണ്ണിൽ പതിഞ്ഞു. കാൽകിലോമീറ്ററോളം (260.5 മീറ്റർ) ഉയരമുള്ള അണക്കെട്ടിൽ സമുദ്രനിരപ്പിൽ നിന്ന് 800 മീറ്ററിലധികം ഉയരത്തിൽ വെള്ളം കെട്ടി നിറുത്തിയിരിക്കുന്നു. വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത വിധം ഭീമകാരമായ ഒരു നിർമ്മിതിയാണ് ആ അണക്കെട്ട്. അതിന്റെ മുകളിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾ ഞങ്ങൾ നിന്നിരുന്ന സ്ഥലത്ത് നിന്നും നോക്കുമ്പോൾ ഉറുമ്പുകളെ പോലെ തോന്നിപ്പിച്ചു

2005 മുതലാണ് ടെഹ്‌റി അണക്കെട്ടിൽ വെള്ളം നിറയ്ക്കുന്ന സുപ്രധാന ഘട്ടം ആരംഭിച്ചത്. അതോടെ പഴയ ടെഹ്‌റി അടക്കമുള്ള പ്രദേശങ്ങൾ ജലസമാധിയടഞ്ഞു. ഭാഗീരഥിയിലെ ഒഴുക്ക് മുൻപുള്ള ഒരു സെക്കൻഡിൽ ആയിരം ഘന അടി എന്ന നിരക്കിൽ നിന്ന് സെക്കൻഡിൽ 200 ഘന അടി എന്ന അളവിലേക്ക് കുറഞ്ഞു. ഇപ്പോൾ നദിയുടെ കീഴോട്ടുള്ള ഒഴുക്ക് വളരെ നിയന്ത്രിതമാണ്. കൂടിയ അളവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കപ്പെടുന്ന വൈകുന്നേരം 6 മണിമുതൽ രാത്രി 10 മണി വരെയുള്ള ഇടവേളയിലാണ് നദിയിൽ ഏറ്റവും കൂടുതൽ വെള്ളം ഒഴുകുന്നത്. ഇതു മൂലം അങ്ങുദൂരെ ഋഷികേശ് വരെ നദിയിൽ ജലനിരപ്പ് ഉയരുന്നു. ഇതുകൊണ്ടുണ്ടാകുന്ന ചില പ്രശ്നങ്ങൾ വഴിയിൽ പറയാം.ഇന്ത്യയിൽ തന്നെ ഏറ്റവും സുരക്ഷാ സംവിധാനങ്ങളുള്ള അണക്കെട്ടുകളിൽ ഒന്നാണ് ടെഹ്‌റിയിലേത്. അണക്കെട്ടിന് മുകളിലൂടെ നേരെ എതിർവശത്തേക്കും, അണക്കെട്ടിന്റെ ചെരിഞ്ഞ പ്രതലത്തിലൂടെയുള്ള വളഞ്ഞുപുളഞ്ഞ പാതയിലൂടെ താഴെയുള്ള ഗ്രാമങ്ങളിലേക്കും യാത്രാസൗകര്യമുണ്ട്. സുരക്ഷാസൈനികരുടെ ജാഗ്രതയാർന്ന കണ്ണുകൾ കടന്നുപോകുന്ന ഓരോ വാഹനങ്ങളുടെയും മേൽ ഉണ്ടാകും.

കാഴ്ചകൾ കണ്ട്‌ നിൽക്കുന്നതിനിടയിലാണ്  ഒരു ആഗ്രഹം എന്റെ മനസ്സിൽ പൊട്ടി മുളച്ചു വന്നത്; അണക്കെട്ടിന്റെ മുകളിലൂടെ സഞ്ചരിക്കണം. എന്റെ സുഹൃത്തിനും അതേ താല്പര്യം തന്നെയായിരുന്നു. പക്ഷെ ഒരു പ്രശ്നമുണ്ടായിരുന്നു. അണക്കെട്ടിന്റെ മുകളിലൂടെ നടക്കാൻ ആർക്കും അനുവാദമില്ല. വാഹനത്തിൽ സഞ്ചരിക്കാൻ മാത്രമേ അനുവദിക്കൂ. അതിനുള്ള ഒരു പദ്ധതി തയ്യാറാക്കാൻ ഞങ്ങൾ തിരുമാനിച്ചു.

കുറേനേരം അണക്കെട്ട് നോക്കിനിന്ന ശേഷം ഞങ്ങൾ നടക്കാൻ തുടങ്ങി. അഞ്ച് കിലോമീറ്ററോളം നടന്ന ശേഷമാണ് പ്രധാന പാതയിൽ എത്തിയത്. അവിടെ നിന്ന് ചമ്പയിലേക്ക് പോകുന്ന ഒരു ചരക്ക് ലോറിയിൽ ഞങ്ങൾ കയറിപ്പറ്റി. ഡ്രൈവറും, അയാളുടെ സഹായിയും നന്നായി കുടിച്ചിട്ടുണ്ട് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി. കൊടിയ വളവുകളിൽ പോലും ആ ഡ്രൈവർ അതിവേഗത്തിലാണ് വണ്ടി ഓടിച്ചത്. എങ്ങനെയെങ്കിലും ചമ്പയിൽ ജീവനോടെ തിരിച്ചെത്തിയാൽ മാത്രം മതി എന്ന് ഞാൻ അതുവരെ വിളിക്കാത്ത ദൈവങ്ങളെ വരെ വിളിച്ചു പ്രാർത്ഥിച്ചു. അയാൾ കഴിവുള്ള ഒരു ഡ്രൈവർ ആയതുകൊണ്ട് കൂടിയാകണം, ഞങ്ങൾ കുഴപ്പമൊന്നുമില്ലാതെ ചമ്പയിൽ വണ്ടിയിറങ്ങി.അണക്കെട്ടിന്റെ മുകളിലൂടെ സഞ്ചരിക്കാനുള്ള ഒരു വഴിയാണ് അടുത്ത ദിവസം ഉറക്കമുണർന്ന ഞങ്ങൾ ആദ്യം ആലോചിച്ചത്. ചമ്പയിലെ ഞങ്ങളുടെ വാസം തീരുകയാണ്. അടുത്ത ലക്ഷ്യം ഭാഗീരഥിയും, അളകനന്ദയും സംഗമിക്കുന്ന ദേവപ്രയാഗ് (Devaprayag) എന്ന പട്ടണമാണ്. ഏറ്റവും കുറഞ്ഞത് 60 കിലോമീറ്റർ ദൂരം അവിടേക്കുണ്ട്. എന്നാൽ ആ വഴിയിൽ താമസ സൗകര്യങ്ങളോ, പൊതുഗതാഗതമോ തീരെയില്ല. ഞങ്ങളുടെ ആദ്യത്തെ ലക്ഷ്യം അണക്കെട്ടിന്റെ മുകളിലൂടെയുള്ള യാത്രയായിരുന്നതിനാൽ, മറ്റ് പ്രശ്നങ്ങൾ പിന്നീട് ആലോചിക്കാം എന്ന് തീരുമാനിച്ചു. ജലാശയത്തിന്റെ മറുകരയിൽ ഉള്ള ധൻസാലി എന്ന സ്ഥലത്തേക്ക് പോകുന്ന ഒരു ബസിൽ ഞങ്ങൾ കയറി. ബാഗുകൾ എല്ലാം കെട്ടിമുറുക്കി ബസിന്റെ ഒരു വശത്ത് വെച്ച്, ഞങ്ങൾ ചമ്പയോട് വിട പറഞ്ഞു.

അണക്കെട്ടിന് കുറച്ച് ദൂരം മുൻപേ സുരക്ഷാ ജീവനക്കാർ ബസിനകത്ത് കയറി പരിശോധന നടത്തി. വലിയ ഗേറ്റുകൾ ഞങ്ങളുടെ മുൻപിൽ ഉയർന്നു. ഒരു വശത്ത് ലക്ഷക്കണക്കിന് ലിറ്റർ വെള്ളവും, മറുവശത്ത് അഗാധമായ മനുഷ്യനിർമ്മിത താഴ്‌വരയും (അണക്കെട്ടിന്റെ ചെരിഞ്ഞ പ്രതലം) ഉള്ള അണക്കെട്ടിന്റെ വീതികുറഞ്ഞ മുകളറ്റത്തിലൂടെ ഞങ്ങളുടെ യാത്ര തുടങ്ങി. ഒറ്റവരി ഗതാഗതം മാത്രമേ ഇവിടെ അനുവദിച്ചിട്ടുള്ളൂ. വാഹനങ്ങളുടെ വേഗത പരമാവധി നിയന്ത്രിക്കാൻ അണക്കെട്ടിന് മുകളിൽ നിറയെ സ്പീഡ് ബ്രേക്കറുകൾ ഉണ്ടായിരുന്നു. കുലുങ്ങി കുലുങ്ങിയുള്ള ആ സഞ്ചാരം പത്ത് മിനിറ്റോളം നീണ്ടു. നിറയെ സുരക്ഷാസൈനികരുടെ ഇടയിലൂടെ ഞങ്ങളുടെ ബസ്‌ മറുകരയിൽ എത്തി. അണക്കെട്ടിന് ഒരു ഭൂഗർഭ വൈദ്യുതി നിലയമാണ് ഉള്ളത്. അതിലേക്കുള്ള വഴി മാത്രം പുറത്ത് നിന്നും കാണാൻ കഴിഞ്ഞു.ഏതാണ്ട് പതിനഞ്ച് മിനിറ്റ് കൂടി സഞ്ചരിച്ചപ്പോൾ ഒരു ചെറിയ കവലയിൽ ഞങ്ങൾ എത്തിച്ചേർന്നു. ദേവപ്രയാഗിലേക്കുള്ള ഒരു ചെറിയ പാത അവിടെ നിന്ന് തുടങ്ങുന്നു. സാധാരണ ദിവസങ്ങളിൽ രണ്ട് ബസുകൾ ആ വഴിയിൽ ഓടുന്നതാണ്. എന്നാൽ, അന്ന് ഒറ്റ ബസ് പോലും ഉണ്ടായിരുന്നില്ല. ആ അങ്ങാടിയിലെ ഒരു ചെറിയ ഹോട്ടലിൽ നിറയെ ആളുകൾ ഭക്ഷണം കഴിക്കുന്നത് കണ്ടു. അന്നത്തെ ആദ്യത്തെ ഭക്ഷണം അവിടെയാകട്ടെ എന്ന് ഞങ്ങൾ തീരുമാനിച്ചു. തിരക്കിന്റെ കാരണം പെട്ടന്ന് തന്നെ പിടികിട്ടി. മീൻകറിയും, ചോറുമാണ് അവിടെ ആകെയുള്ള ഭക്ഷണം. ഉത്തരഖണ്ഡിൽ സസ്യേതര ഭക്ഷണം കിട്ടുന്ന കടകൾ കുറവാണ്. മൽസ്യം ലഭിക്കുക അപൂർവം. തൊട്ടുതാഴെ ടെഹ്‌റി ജലാശയത്തിൽ നിന്ന് പിടിച്ച മീനാണ് കറി വെച്ചിരിക്കുന്നത്. ഞങ്ങളുടെ യാത്രയിലെ ആദ്യത്തെ മൽസ്യക്കറിയായിരുന്നു അന്നത്തേത്. അറുപത് രൂപയ്ക്ക് വയർ നിറച്ച് ഭക്ഷണം കഴിച്ച് അല്പനേരം വിശ്രമിച്ചു. ദേവപ്രയാഗ് 59 കിലോമീറ്റർ എന്ന ബോർഡ് ആ കവലയിൽ ഉണ്ടായിരുന്നു. എന്നാൽ അവിടെ വരെ പോകുന്ന വാഹനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മലമുകളിലേക്ക് കയറിപ്പോകുന്ന വീതികുറഞ്ഞ ആ നിരത്തിലേക്ക് നോക്കി ഞങ്ങൾ ഇരുന്നു.

_______

Notes

[1] ‘Is the Tehri dam safe?’ Down to Earth, June 11, 2015 [2] International Hydropower Association [3] ‘The Teri dam- Stumbling towards catastrophe’, Cultural Survival magazine, June 1988 [4] Official website of the THDC  [5] ‘People displaced due to Tehri dam still running around government offices for basic amenities’ by Seema Sharma, Times of India, October 15, 2017 [6] ‘The dam debate’, Frontline magazine, February 5, 2016

Joyel K Pious

ജോയൽ കെ പയസ് ഒരു ഫോട്ടോഗ്രാഫറും, ദ്വിഭാഷ എഡിറ്ററും ആണ്. ഡൽഹിയിൽ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ് ദിനപത്രത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നു. കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള അദ്ദേഹം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിൽ തല്പരനാണ്. ഫോട്ടോമെയിലിന്റെ ന്യൂസ് എഡിറ്റർ എന്ന നിലയിലും അദ്ദേഹം തന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നു.

Published on December 20, 2020

Share

Home » Portfolio » ജലബിന്ദുക്കളുടെ മോക്ഷയാ » സമരഭൂമിയിലൂടെ ഒരു ബോട്ട് സവാരി

Related Articles

2022-02-03T18:22:26+05:30

പ്രയാഗിലെ ദേശാടനക്കിളികൾ

നല്ല വെയിലുള്ള ഒരു ഉച്ചയ്ക്കാണ് ഞങ്ങൾ കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗ്രാൻഡ് ട്രങ്ക് റോഡിന്റെ അരികിലൂടെ വളരെ ശ്രദ്ധയോടെ ഞാൻ സൈക്കിൾ ചവിട്ടി. വേഗമേറിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന കാറ്റിന് സൈക്കിളിന്റെ താളം തെറ്റിക്കാൻ കഴിയും എന്നതിനാൽ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. മുമ്പിലുള്ള പ്രധാന നഗരം 130 കിലോമീറ്റർ കിഴക്കുള്ള അലഹബാദ് ആയിരുന്നു. ഒറ്റദിവസം കൊണ്ട് അവിടെ എത്താനാകില്ല എന്നതുകൊണ്ട് ഇടയ്ക്കുള്ള ഫത്തേപ്പൂർ എന്ന പട്ടണത്തിൽ രാത്രി തങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഗംഗയുടെയും, യമുനയുടെയും ഇടയിലായാണ് ജില്ലാ ആസ്ഥാനം കൂടിയായ ഫത്തേപ്പൂരിന്റെ കിടപ്പ്. കയറ്റിറക്കങ്ങൾ ഇല്ലാത്ത വഴിയിലൂടെയുള്ള യാത്ര സുഖകരമായിരുന്നു.

2021-11-12T15:22:58+05:30

ചുവപ്പും കറുപ്പും: ചില കാൺപൂർ ഓർമ്മകൾ

നഗരത്തെ നടുവിലൂടെ കീറിമുറിച്ച് കടന്നുപോകുന്ന പ്രധാന പാതയിലൂടെ പതിനഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മാത്രമേ സുമിതിന്റെ സുഹൃത്തുക്കൾ ഏർപ്പാടാക്കിയ മുറിയിൽ എത്താനാകൂ. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും വലുതും, തിരക്കുപിടിച്ചതുമായ നഗരമായിരുന്നു കാൺപൂർ. നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന മോട്ടോർ വാഹനങ്ങളുടെ ഇടയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നത് ഒരു സർക്കസ് വിദ്യ പോലെ തോന്നി. വഴിയിൽ ഇടക്കിടെ വരുന്ന മേൽപ്പാലങ്ങളിലേക്ക് സൈക്കിൾ ചവിട്ടിക്കയറ്റാൻ ഞങ്ങൾ ഇരുവരും പ്രയാസപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളുടെ ഹോണുകൾ സൃഷ്ടിക്കുന്ന ഒച്ചപ്പാടിൽ സൈക്കിൾ മണികളുടെ ശബ്ദം അലിഞ്ഞില്ലാതായി. കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ട്രാഫിക് സിഗ്നലുകൾ പിന്നിടുന്നത് അതീവ ശ്രമകരമായിരുന്നു. ഓട്ടപ്പന്തയത്തിന് തയ്യാറെടുക്കുന്നതുപോലെ അക്ഷമരായി പച്ചവെളിച്ചവും കാത്ത് നിൽക്കുന്ന ഡ്രൈവർമാർക്കിടയിലൂടെ സൈക്കിൾ ചവിട്ടുന്നത് അപകടം നിറഞ്ഞ പരിപാടിയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പ്രയാണത്തിനൊടുവിലാണ് കാൺപൂർ നഗരത്തിന്റെ തെക്കേയറ്റത്ത് ഞങ്ങൾ എത്തിച്ചേർന്നത്.

2021-09-28T14:35:13+05:30

പുതുമഴയുടെ മണമുള്ള മണ്ണിൽ

മുറിയിൽ എത്തിയപ്പോൾ ധർമ്മശാലയുടെ ഉടമ അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിശേഷങ്ങൾ കേട്ടപ്പോൾ അയാൾ ഭേദപ്പെട്ട ഒരു മുറി തന്നു. ചിലന്തിവലകൾ നിറഞ്ഞ, ഈർപ്പം തങ്ങി നിന്നിരുന്ന ആ മുറി ആദ്യത്തെ സ്റ്റോർ റൂമിനേക്കാൻ നല്ലതായിരുന്നു. ഞങ്ങളുടെ പര്യടനഭൂപടത്തിൽ ഉൾപ്പെടാത്ത സ്ഥലമായിരുന്നെങ്കിലും, ബദായൂനിന്റെ ചരിത്രത്തെക്കുറിച്ച് ഞാൻ അല്പം അന്വേഷണം നടത്തി. അഹർ രാജകുമാരനായ ബുദ്ധ് പൊതുയുഗം (CE) 905ൽ സ്ഥാപിച്ചതാണ് ഈ നഗരം എന്ന് വിശ്വസിക്കപ്പെടുന്നു. മുഹമ്മദ് ഗസ്നിയുടെ ബന്ധുവായ സയ്യിദ് മസൂദ് ഗാസി CE 1028 ൽ ഈ പ്രദേശം പിടിച്ചടക്കി

2021-09-28T14:39:41+05:30

ബ്രിജ്ഘാട്ടിലെ ചൂടുകാറ്റ്

‘തീർത്ഥാടക നഗരിയായ അനുപ്ശഹറിലേക്ക് സ്വാഗതം’ എന്നെഴുതി വെച്ചിട്ടുള്ള ഒരു വലിയ കമാനം ഞങ്ങളുടെ മുൻപിൽ തലയുയർത്തി നിന്നു. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത് അനുപ് റായ് എന്ന രാജാവാണ് ഈ പട്ടണം സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്.

2021-09-28T14:40:57+05:30

രണ്ട് പുതിയ ചങ്ങാതിമാർ

ഇരുട്ട് വീഴും മുൻപേ ഹൈവേയിൽ എത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അഞ്ചുമണി ആയപ്പോഴേക്കും വെളിച്ചം കുറയാൻ തുടങ്ങി. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളും, ഒറ്റപ്പെട്ട ചില ഗ്രാമങ്ങളും മാത്രമേ വഴിയിൽ കണ്ടുള്ളൂ. കാലിൽ വേദന കൂടിക്കൂടി വന്നതുകൊണ്ട് സൈക്കിൾ വേഗത്തിൽ ചവിട്ടാനും കഴിയുന്നില്ല. ഓരോ കിലോമീറ്ററും പിന്നിടാൻ വേണ്ട സമയം കൂടിവന്നു.

2021-09-28T14:43:59+05:30

ഹരിദ്വാറിലെ ശാന്തിതീരം

ഹരിദ്വാറിലെ ഘാട്ടുകൾക്കും ആചാരങ്ങൾക്കും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഗുരുവിന്റെ സ്മരണയിൽ ഗുരുദ്വാര നാനക്-വാര (Gurudwara Nanakwara) എന്ന വലിയൊരു സിഖ് ആരാധനാലയം ഇവിടെ ഉയർന്നു വന്നിരിക്കുകയാണ്.

2021-09-28T14:45:56+05:30

യോഗാനഗരിയിലെ ബീറ്റിൽസ് താളങ്ങൾ

സംസ്കാരത്തിന്റെ സംരക്ഷകർ എന്നു സ്വയം വിശേഷിപ്പിക്കുന്ന ചിലർക്ക് വേറെ ചില ‘പ്രശ്നങ്ങളാണ്’ ഉയർത്തിക്കാട്ടാനുള്ളത് വിദേശ വിനോദ സഞ്ചാരികൾ അസന്മാർഗിക പ്രവർത്തികളിൽ ഏർപ്പെടുന്നു എന്നും, ഋഷികേശിന്റെ ‘പവിത്രത’ നഷ്ടപ്പെടുത്തുന്നു എന്നും ആരോപിച്ച് വിശ്വഹിന്ദു പരിഷദ് രംഗത്തുവന്നത് ഒരു ഉദാഹരണമാണ്.

2021-09-28T14:47:25+05:30

ദേവപ്രയാഗിലെ സന്ധ്യകൾ

ആളുകളെ കുത്തിനിറച്ച ഒരു ജീപ്പിലാണ് ടെഹ്‌റി അണക്കെട്ടിന് അപ്പുറത്തുള്ള ധൻസാലിയിൽ നിന്ന് ദേവപ്രയാഗിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങിയത്.

2021-09-28T14:48:50+05:30

സമരഭൂമിയിലൂടെ ഒരു ബോട്ട് സവാരി

ചമ്പയിലെത്തിയപ്പോഴേക്കും നേരം നല്ലപോലെ ഇരുട്ടി. തിരക്ക് പിടിച്ച ഒരു പട്ടണം. കുറേ അലഞ്ഞ ശേഷം 300 രൂപ വാടകക്ക് ഒരു ചെറിയ മുറി കിട്ടി. അടുത്ത രണ്ടോമൂന്നോ ദിവസം ഇവിടെ താമസിച്ച് ചുറ്റുമുള്ള പ്രദേശങ്ങൾ സന്ദർശിക്കാനായിരുന്നു പരിപാടി. പുറത്ത് നിന്നും പാർസൽ വാങ്ങിയ ചോറും പരിപ്പും, അടുത്തുള്ള ചന്തയിൽ നിന്ന് വാങ്ങിയ പച്ചക്കറികൾ ചേർത്തുണ്ടാക്കിയ സാലഡും കൂട്ടി ഞങ്ങൾ അത്താഴം കഴിച്ചു. തണുപ്പ് കൂടിക്കൂടി വന്നു.

2021-09-28T14:50:04+05:30

പെരുംമഴയിൽ കുതിർന്ന കാലടികൾ

ഉച്ച കഴിഞ്ഞതോടെ കാലാവസ്ഥയാകെ മാറി. കാർമേഘങ്ങൾ സൂര്യനെ മറച്ചു. എപ്പോൾ വേണമെങ്കിലും മഴ പെയ്യാമെന്നായി. ഹർസിൽ എത്താൻ ഇനിയും പത്ത് കിലോമീറ്ററോളം ഉണ്ട്. കയ്യിൽ കരുതിയിട്ടുള്ള മഴക്കോട്ടുകൾ ഞങ്ങൾ അണിഞ്ഞു. ബാഗുകൾ നനയാതിരിക്കാൻ പ്രത്യേകം കവറുകൾ ഉണ്ടായിരുന്നു. പെരുംമഴ തുടങ്ങി. നടത്തം വളരെ സാവധാനത്തിലായിരുന്നു. ഒരു മണിക്കൂറിൽ മൂന്ന് കിലോമീറ്റർ പോലും പിന്നിടാൻ ഞങ്ങൾക്ക് സാധിച്ചില്ല.

2021-09-28T14:51:30+05:30

യാത്രകളുടെ തുടക്കം

ഹിമാലയന്‍ മഞ്ഞുപാടങ്ങളില്‍ നിന്നൊഴുകി, ചരിത്രമുറങ്ങുന്ന ജനപഥങ്ങളെ തഴുകി, ബംഗാള്‍ ഉള്‍ക്കടലിന്‍റെ ആഴങ്ങളില്‍ അലിയുന്നത് വരെയുള്ള ഗംഗയുടെ യാത്രയെ, നാല് മാസത്തോളം സൈക്കിളിലും, കാൽനടയായും ജോയൽ കെ. പയസ് അനുഗമിച്ചതിന്റെ എഴുത്തും ചിത്രങ്ങളും.