ഹിമാലയന്‍ മഞ്ഞുപാടങ്ങളില്‍
നിന്നൊഴുകി ചരിത്രമുറങ്ങുന്ന
ജനപഥങ്ങളെ തഴുകി
ബംഗാള്‍ ഉള്‍ക്കടലിന്‍റെ
ആഴങ്ങളില്‍ അലിയുന്നത് വരെയുള്ള
ഗംഗയുടെ യാത്രയെ
നാല് മാസത്തോളം
സൈക്കിളിലും, കാൽനടയായും
ജോയൽ കെ. പയസ്
അനുഗമിച്ചതിന്റെ
എഴുത്തും ചിത്രങ്ങളും

അറവുശാലകളിൽ നിന്ന് ശേഖരിക്കുന്ന തുകലിനെ അപകടകാരികളായ രാസവസ്തുക്കൾ ഉപയോഗിച്ചാണ് സംസ്കരിച്ചെടുക്കുന്നത്. ഗംഗയിലേക്ക് ഒഴുകുന്ന കറുത്തിരുണ്ട ഈ ദ്രാവകം ഈ രാസപ്രവർത്തനത്തിന്റെ അവശേഷിപ്പാണ്.
അറവുശാലകളിൽ നിന്ന് ശേഖരിക്കുന്ന തുകലിനെ അപകടകാരികളായ രാസവസ്തുക്കൾ ഉപയോഗിച്ചാണ് സംസ്കരിച്ചെടുക്കുന്നത്. ഗംഗയിലേക്ക് ഒഴുകുന്ന കറുത്തിരുണ്ട ഈ ദ്രാവകം ഈ രാസപ്രവർത്തനത്തിന്റെ അവശേഷിപ്പാണ് © ജോയൽ കെ. പയസ്

ചുവപ്പും കറുപ്പും: ചില കാൺപൂർ ഓർമ്മകൾ

കണ്ണുകൾക്ക് എത്താവുന്നതിനും അപ്പുറത്തേക്ക് പരന്നുകിടക്കുന്ന ഗോതമ്പുപാടങ്ങൾക്ക് ഇടയിലൂടെ ഞങ്ങളുടെ സഞ്ചാരപാത തെക്കോട്ട് നീളുകയാണ്. ഇരുവശത്തേക്കും തള്ളിനിൽക്കുന്ന അളവിൽ വൈക്കോൽ നിറച്ച ട്രാക്ടറുകൾ മുൻപിലെ കാഴ്ചകളെ മറച്ചുകൊണ്ട് വഴിയിൽ ഇടക്കിടെ പ്രത്യക്ഷപ്പെട്ടു. കറുത്തപുകയും തുപ്പി, കാൽനടക്കാരെപ്പോലും നാണിപ്പിക്കുന്ന വേഗത്തിൽ നീങ്ങുന്ന ട്രാക്ടറുകളെ മറികടക്കാൻ ഞങ്ങൾക്ക് എളുപ്പം സാധിച്ചു.യാത്ര പുരോഗമിക്കും തോറും കൃഷിയിടങ്ങൾക്കിടയിൽ ചെറിയ വ്യവസായ ശാലകളും കണ്ടുതുടങ്ങി. രാജ്യത്തെ തന്നെ ഏറ്റവും വലിയ വ്യാവസായിക നഗരങ്ങളിൽ ഒന്നായ കാൺപൂരിന്റെ (Kanpur) നേർക്കാണ് സൈക്കിളുകൾ ഉരുളുന്നത്. ഗംഗാനദിയുടെ വലതുകരയിൽ (ഒഴുക്കിന്റെ ദിശയിൽ നിന്ന് നോക്കുമ്പോൾ), തെക്കുവടക്കായി വ്യാപിച്ചുകിടക്കുന്ന കാൺപൂരിന്റെ ഏറ്റവും തെക്കേയറ്റത്താണ് ഞങ്ങൾക്ക് എത്തേണ്ടിയിരുന്നത്. സുമിതിന് കാൺപൂരുമായി ഒരു പ്രത്യേക ബന്ധമുണ്ട്. അവൻ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയത് അവിടെ നിന്നാണ്. അതുകൊണ്ട് തന്നെ തനിക്ക് പരിചയമുള്ള രണ്ട് സുഹൃത്തുക്കൾ വഴി അവൻ അവിടെ താമസസൗകര്യം ഏർപ്പാടാക്കിയിരുന്നു.

കനോജിൽ നിന്ന് ഏകദേശം 70 കിലോമീറ്ററോളം ദൂരെയായിരുന്നു അത്.

വിദേശവിപണികളിലേക്ക് യാത്രയാവാൻ തയ്യാറെടുക്കുന്ന കാൺപൂരിലെ തുകൽ ബെൽറ്റുകൾ. മനുഷ്യനും യന്ത്രങ്ങളും മണിക്കൂറുകളോളം പ്രയത്നിച്ചാണ് ആളുകൾ തൊടാൻ അറയ്ക്കുന്ന തുകലുകൾക്ക് പുതിയൊരു ജീവിതം സമ്മാനിക്കുന്നത്
വിദേശവിപണികളിലേക്ക് യാത്രയാവാൻ തയ്യാറെടുക്കുന്ന കാൺപൂരിലെ തുകൽ ബെൽറ്റുകൾ. മനുഷ്യനും യന്ത്രങ്ങളും മണിക്കൂറുകളോളം പ്രയത്നിച്ചാണ് ആളുകൾ തൊടാൻ അറയ്ക്കുന്ന തുകലുകൾക്ക് പുതിയൊരു ജീവിതം സമ്മാനിക്കുന്നത് © ജോയൽ കെ. പയസ്ഒട്ടും ധൃതിപിടിക്കാതെ വഴിയോരക്കാഴ്ചകൾ ആസ്വദിച്ചാണ് ഞങ്ങൾ നീങ്ങിയത്. ഗ്രാമീണർ ഞങ്ങളെ നോക്കിക്കാണുന്ന രീതിയിൽ ഇതിനകം ഒരുപാട് മാറ്റങ്ങൾ വന്നുകഴിഞ്ഞിരുന്നു. ഉത്തർഖണ്ടിലൂടെ നടക്കുമ്പോൾ ഞങ്ങളെ തീർത്ഥാടകരോ, വിനോദസഞ്ചരികളോ ആയാണ് ആളുകൾ കരുതിയിരുന്നത്. കിഴക്കൻ ഉത്തർപ്രദേശിൽ എത്തിയതോടെ ആളുകൾ ഞങ്ങളെ കച്ചവടക്കാരായി കണക്കാക്കാൻ തുടങ്ങി. സൈക്കിളിന്റെ പുറകിൽ കെട്ടിവെച്ചിട്ടുള്ള വലിയ ബാഗിലേക്ക് കൈചൂണ്ടി എന്താണ് വിൽക്കുന്നതെന്ന് ചോദിക്കുന്ന ആളുകളുടെ എണ്ണം കൂടിക്കൂടി വന്നു. കനോജിൽ നിന്ന് വൈകി പുറപ്പെട്ടതിനാൽ മൂന്നുമണിയായിട്ടും 30 കിലോമീറ്ററിൽ കൂടുതൽ താണ്ടാൻ കഴിഞ്ഞില്ല. നേരം ഇരുട്ടുന്നതിന് മുൻപ് ലക്ഷ്യത്തിൽ എത്തുന്നതായിരിക്കും നല്ലതെന്ന് തോന്നിയതുകൊണ്ട് കാൺപൂരിന്റെ അതിർത്തിവരെ പോകുന്ന ഒരു ബസിൽ ഞങ്ങൾ കയറിപ്പറ്റി. സൈക്കിളുകൾ ബസിന്റെ ഉള്ളിൽ തന്നെ കയറ്റിവെച്ചു. നഗരത്തോട് അടുക്കുംതോറും ബസിനകത്തും, പുറത്തും തിരക്ക് കൂടിവന്നു. വലിയ വ്യവസായ ശാലകളും, കോളേജുകളും, മത്സരപരീക്ഷ പരിശീലനകേന്ദ്രങ്ങളും ഇരുവശത്തും നിറഞ്ഞുതുടങ്ങി. രാജ്യത്തെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ കാൺപൂർ ഐഐടിയും വഴിയിൽ കണ്ടു. ഞങ്ങൾ കയറിയ ബസ് നഗരപ്രാന്തത്തിൽ യാത്ര അവസാനിപ്പിച്ചു.നഗരത്തെ നടുവിലൂടെ കീറിമുറിച്ച് കടന്നുപോകുന്ന പ്രധാന പാതയിലൂടെ പതിനഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മാത്രമേ സുമിതിന്റെ സുഹൃത്തുക്കൾ ഏർപ്പാടാക്കിയ മുറിയിൽ എത്താനാകൂ. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും വലുതും, തിരക്കുപിടിച്ചതുമായ നഗരമായിരുന്നു കാൺപൂർ. നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന മോട്ടോർ വാഹനങ്ങളുടെ ഇടയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നത് ഒരു സർക്കസ് വിദ്യ പോലെ തോന്നി. വഴിയിൽ ഇടക്കിടെ വരുന്ന മേൽപ്പാലങ്ങളിലേക്ക് സൈക്കിൾ ചവിട്ടിക്കയറ്റാൻ ഞങ്ങൾ ഇരുവരും പ്രയാസപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളുടെ ഹോണുകൾ സൃഷ്ടിക്കുന്ന ഒച്ചപ്പാടിൽ സൈക്കിൾ മണികളുടെ ശബ്ദം അലിഞ്ഞില്ലാതായി. കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ട്രാഫിക് സിഗ്നലുകൾ പിന്നിടുന്നത് അതീവ ശ്രമകരമായിരുന്നു. ഓട്ടപ്പന്തയത്തിന് തയ്യാറെടുക്കുന്നതുപോലെ അക്ഷമരായി പച്ചവെളിച്ചവും കാത്ത് നിൽക്കുന്ന ഡ്രൈവർമാർക്കിടയിലൂടെ സൈക്കിൾ ചവിട്ടുന്നത് അപകടം നിറഞ്ഞ പരിപാടിയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പ്രയാണത്തിനൊടുവിലാണ് കാൺപൂർ നഗരത്തിന്റെ തെക്കേയറ്റത്ത് ഞങ്ങൾ എത്തിച്ചേർന്നത്. ചരിത്രപ്രാധാന്യമുള്ളതും, രാജ്യത്തിന്റെ ഗതാഗത സംവിധാനത്തിലെ നാഡികളിൽ ഒന്നുമായ ഗ്രാൻഡ് ട്രങ്ക് റോഡ് കടന്നുപോകുന്ന ഒരു കവലയിലാണ് ഞങ്ങൾ എത്തിനിന്നത്. കൊൽക്കത്തയിൽ നിന്ന് തുടങ്ങി, ഡൽഹി വഴി പാക്കിസ്ഥാനിലെ ലാഹോറിലേക്കും, തുടർന്ന് അഫ്ഗാൻ അതിർത്തിയിലെ പെഷവാറിലേക്കും നീണ്ടുകിടക്കുന്ന ഈ റോഡ് രാജ്യത്തിന്റെ ചരിത്രത്തിലെ ഒരുപാട് നിർണ്ണായക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കാൺപൂരിൽ നിന്നുള്ള ഞങ്ങളുടെ തുടർയാത്രയിലെ കുറച്ചുഭാഗം ജി.ടി. റോഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പടുന്ന ഈ പാതയിലൂടെ ആയിരിക്കും.

കാൺപൂരിനെയും ലക്‌നോവിനെയും ബന്ധിപ്പിക്കുന്ന, എപ്പോഴും വാഹനത്തിരക്കുള്ള ഈ പാലത്തിന്റെ കീഴിൽ വെച്ചാണ് ഗംഗ എത്രമാത്രം മലിനീകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത ഞാൻ മനസ്സിലാക്കിയത്. കറുത്തുകട്ടിയുള്ള ദ്രാവകമാലിന്യങ്ങൾ വലിയ ചാലുകളായി നദിയിലേക്ക് ഒഴുകുന്നത് ഇവിടെവെച്ച് ഞാൻ കണ്ടു
കാൺപൂരിനെയും ലക്‌നോവിനെയും ബന്ധിപ്പിക്കുന്ന, എപ്പോഴും വാഹനത്തിരക്കുള്ള ഈ പാലത്തിന്റെ കീഴിൽ വെച്ചാണ് ഗംഗ എത്രമാത്രം മലിനീകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത ഞാൻ മനസ്സിലാക്കിയത്. കറുത്തുകട്ടിയുള്ള ദ്രാവകമാലിന്യങ്ങൾ വലിയ ചാലുകളായി നദിയിലേക്ക് ഒഴുകുന്നത് ഇവിടെവെച്ച് ഞാൻ കണ്ടു © ജോയൽ കെ. പയസ്

സുമിതിന്റെ സുഹൃത്തുക്കളായ സോനുവും, മോനുവും ഹൈവേയുടെ അരികിൽ നടത്തുന്ന ചെറിയ ഫാസ്റ്റ്ഫുഡ് കട കണ്ടുപിടിക്കാൻ അധികം കഷ്ടപ്പെടേണ്ടി വന്നില്ല. കടയോടുചേർന്നുള്ള ചെറിയ മുറി അവർ ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കിയിരുന്നു. പരിചയപ്പെടലും ചായകുടിയും കഴിഞ്ഞ് ഞങ്ങൾ മുറിയിലേക്ക് നീങ്ങി. കൊതുകുതിരിയുടെ സഹായമില്ലാതെ അതിനകത്ത് തങ്ങാൻ കഴിയില്ലെന്ന പെട്ടന്ന് തന്നെ ബോധ്യപ്പെട്ടു. കാറ്റുകൊള്ളാനായി ഞങ്ങൾ മുറിക്ക് പുറത്തിറങ്ങി. തെരുവുവിളക്കുകളുടെ ഓറഞ്ച് നിറത്തിൽ ആ പ്രദേശമാകെ മുങ്ങിക്കുളിച്ചിരുന്നു. അന്തരീക്ഷവായുവിന് ഭാരം കൂടിയതുപോലെ തോന്നി. ലോകത്തിൽ തന്നെ ഏറ്റവും മലിനമായ വായുവുള്ള നഗരങ്ങളിലൊന്നാണ് കാൺപൂർ എന്നതിനാൽ, എനിക്കത് അസാധാരണമായി തോന്നിയില്ല. സമയം പതിനൊന്ന് കഴിഞ്ഞിട്ടും ആ പ്രദേശത്തെ തിരക്കിന് കുറവൊന്നും വന്നിരുന്നില്ല. സംസ്ഥാന തലസ്ഥാനമായ ലക്നോവിലേക്ക് പോകുന്ന ദേശീയപാതയും, ജിടി റോഡും സന്ധിക്കുന്ന സ്ഥലം എന്ന നിലയിൽ ആ കവലയിലെ തിരക്ക് സ്വാഭാവികമായിരുന്നു.ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വരവിന് മുൻപ് ചെറിയൊരു കാർഷികഗ്രാമം മാത്രമായിരുന്ന ഈ പ്രദേശം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ഒരു പ്രധാനപ്പെട്ട സൈനികതാവളമായി രൂപാന്തരപ്പെട്ടത്. ഗംഗാനദിയുടെ തീരത്തെ അതിന്റെ തന്ത്രപ്രധാനമായ സ്ഥാനം മനസ്സിലാക്കിയ കമ്പനി കാൺപൂരിനെ കണ്ണിലെ കൃഷ്ണമണിപോലെയാണ് കാത്തുപോന്നത് എന്നുപറഞ്ഞാൽ അധികപ്പറ്റാവില്ല. കന്യാപൂർ എന്ന പേരിൽ നിന്നാണ് കാൺപൂരെന്ന സ്ഥലനാമം ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. കോളനി ഭരണകാലത്ത് കുറഞ്ഞത് പതിനൊന്ന് തവണയെങ്കിലും ഈ സ്ഥലത്തിന്റെ ആംഗലേയ ലിപിവിന്യാസം മാറ്റപ്പെട്ടിട്ടുണ്ട് [1]. Kanhpur, Canpoor, Kanhpoor, Cawnpoor, Cawnpore തുടങ്ങിയവ ഇക്കൂട്ടത്തിൽ പെടും. ഇതിൽ Cawnpore എന്ന പേരാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്നതിന് മുൻപ് വരെ ഉപയോഗത്തിൽ ഇരുന്നത്. തുകൽ വ്യവസായത്തിന് പേരുകേട്ട ഈ നഗരം, പരിസ്ഥിതി മലിനീകരണത്തിന്റെ കാര്യത്തിലും കുപ്രസിദ്ധമാണ്. ഗംഗാനദിയെ മലിനീകരിക്കുന്നതിൽ കാൺപൂരിനുള്ള പങ്ക് നദീതീരത്തെ മറ്റുനഗരങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കുറച്ചുദിവസം അവിടെ താമസിച്ച് സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു.

സന്ദർശകർ കാര്യമായില്ലാത്ത ഒരു സന്ധ്യക്കാണ് ഞങ്ങൾ സിദ്ധനാഥ് ഘാട്ടിൽ എത്തിയത്. കാൺപൂരിന്റെ ശബ്ദകോലാഹലങ്ങൾക്കിടയിൽ നിശബ്ദതയുടെ ചെറിയൊരു തുരുത്തായിരുന്നു ആ സ്ഥലം
സന്ദർശകർ കാര്യമായില്ലാത്ത ഒരു സന്ധ്യക്കാണ് ഞങ്ങൾ സിദ്ധനാഥ് ഘാട്ടിൽ എത്തിയത്. കാൺപൂരിന്റെ ശബ്ദകോലാഹലങ്ങൾക്കിടയിൽ നിശബ്ദതയുടെ ചെറിയൊരു തുരുത്തായിരുന്നു ആ സ്ഥലം © ജോയൽ കെ. പയസ്

നഗരത്തിന്റെ പുറത്തുള്ള ദോരി ഘാട്ടിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. വിളഞ്ഞ പച്ചക്കറികളും, വിരിഞ്ഞ പൂക്കളും ഇടതിങ്ങിയ വലിയ തോട്ടങ്ങളുടെ ഇടയിലൂടെ സഞ്ചരിച്ചാണ് ഗംഗയുടെ തീരത്തുള്ള ആ ഗ്രാമീണ പ്രദേശത്തേക്ക് എത്തിയത്. നദിയിലേക്ക് നീളുന്ന പടവുകളിൽ ഒന്നിൽ ഞങ്ങൾ ഇരുന്നു. കുറച്ചുമാറിയുള്ള ശ്മശാനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടു. ഗംഗയെ മലിനീകരിക്കുന്നതിൽ വ്യവസായങ്ങൾക്ക് മാത്രമല്ല പങ്കുള്ളത് എന്ന തിരിച്ചറിവ് ഭരണകർത്താക്കൾക്ക് വന്നുകഴിഞ്ഞു. പാതിവെന്ത ശവശരീരങ്ങളും, പൂജാവസ്തുക്കളും നൂറ്റാണ്ടുകളായി ഈ മഹാനദിയിലൂടെ ഒഴുകുന്നുണ്ട്.നദീതടത്തോട് ചേർന്ന് ജീവിക്കുന്ന കോടിക്കണക്കിന് ആളുകളുടെ സഹകരണമില്ലാതെയും, അവരെ കണക്കിലെടുക്കാതെയും ഗംഗയെ ശുദ്ധീകരിച്ചെടുക്കാൻ കഴിയില്ല എന്നുള്ള സത്യം എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. എല്ലാത്തരത്തിലുള്ള മലിനീകരണവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ നമാമി ഗംഗ എന്ന പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി, ഗംഗയിലെ ഘാട്ടുകളിൽ കുളിക്കാനുള്ള പടവുകൾ, വസ്ത്രം മാറാനുള്ള സൗകര്യങ്ങൾ, മാലിന്യ സംസ്കരണ പ്ലാന്റുകൾ തുടങ്ങി നിരവധി അടിസ്ഥാന സൗകര്യങ്ങളാണ് നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഗംഗയെ ഏറ്റവുമധികം മലിനീകരിക്കുന്ന കാൺപൂർ ഉൾപ്പെട്ട മധ്യഗംഗാനദീതടത്തിലാണ് ഇത്തരത്തിലുള്ള പദ്ധതികൾ ഏറ്റവും കൂടുതൽ ഉള്ളത്. ദോരി ഘാട്ടിനോട് ചേർന്നുള്ള ആധുനിക ശ്മശാനവും നമാമി ഗംഗയുടെ ഭാഗമായി പണി കഴിപ്പിച്ചിട്ടുള്ളതാണ്. ഒരേസമയം നിരവധി ശവശരീരങ്ങൾ ദഹിപ്പിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. പൂജാരിമാരെ ബുക്ക് ചെയ്യാനും, സംസ്കാരകർമ്മങ്ങൾക്ക് വരുന്നവർക്ക് കുളിക്കാനുമുള്ള ഏർപ്പാടുകളും തൊട്ടടുത്ത് തന്നെയുണ്ട്. വിറകിൻകൊള്ളികളിൽ നിന്ന് ചുറ്റിലും പടരുന്ന വെളുത്തപുക കണ്ണിലേക്ക് വീശിത്തുടങ്ങിയപ്പോൾ ഞങ്ങൾ പുറത്തേക്ക് നടന്നു. ഘാട്ടിനടുത്തുള്ള ഹനുമാൻ ക്ഷേത്രം അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. ഒറ്റനോട്ടത്തിൽ ഒരു ദർഗ്ഗയെപ്പോലെ (Dargah) തോന്നിപ്പിക്കുന്ന നിർമ്മാണശൈലിയാണ് ആ അമ്പലത്തിന് ഉണ്ടായിരുന്നത്. പരിസരത്ത് ഫോട്ടോയെടുക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട് എന്നുമാത്രമല്ല, അവിടെയുള്ള ആളുകൾ പുറമേനിന്ന് വരുന്നവരെ നിരീക്ഷിക്കുന്നുമുണ്ട് എന്ന് ഞങ്ങൾക്ക് മനസ്സിലായി. ക്ഷേത്രത്തിന്റെ പരിസരത്തുവെച്ച് പുറമേനിന്ന് വരുന്നവർ ആരെങ്കിലും മൊബൈൽ ഫോൺ കയ്യിലെടുക്കുമ്പോൾ തന്നെ അവിടെയുള്ള കടക്കാർ അവർക്ക് താക്കീത് നൽകുന്നത് ഞങ്ങൾ കേട്ടു. ഹനുമാൻ കുരങ്ങുകളുടെ ഒരു സങ്കേതം കൂടിയായിരുന്നു ആ പരിസരം. ചെറുതും വലുതുമായ സംഘങ്ങളായി റോന്തുചുറ്റുന്ന വാനരന്മാർ ഉണ്ടാക്കുന്ന കോലാഹലങ്ങൾ അവിടെയാകെ മുഴങ്ങി. അവരുടെ ലീലാവിലാസങ്ങൾ കുറച്ചുനേരം ആസ്വദിച്ച ശേഷം ഞങ്ങൾ നഗരത്തിലേക്ക് തിരിച്ചുപോന്നു.

മലിനജല സംസ്കരണ ശാലയിലെ വിരമിക്കാൻ തയ്യാറെടുക്കുന്ന ഒരു തൊഴിലാളി. ദുർഗന്ധങ്ങളുടെയും, വിഷവസ്തുക്കളുടെയും ഇടയിൽ അയാൾ ജോലി തുടങ്ങിയിട്ട് ഇരുപത് വർഷങ്ങൾ ആയിരിക്കുന്നു
മലിനജല സംസ്കരണ ശാലയിലെ വിരമിക്കാൻ തയ്യാറെടുക്കുന്ന ഒരു തൊഴിലാളി. ദുർഗന്ധങ്ങളുടെയും, വിഷവസ്തുക്കളുടെയും ഇടയിൽ അയാൾ ജോലി തുടങ്ങിയിട്ട് ഇരുപത് വർഷങ്ങൾ ആയിരിക്കുന്നു © ജോയൽ കെ. പയസ്ഗംഗാനദിക്ക് കുറുകെയുള്ള ഒരു നീണ്ട പാലമാണ് കാൺപൂരിനെ ലക്നോവുമായി ബന്ധിപ്പിക്കുന്നത്. നഗരപ്രാന്തത്തിലുള്ള ജാജ്മാവു എന്ന സ്ഥലത്താണ് ഈ പാലം. വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന ആ പാലത്തിനടുത്തേക്കായിരുന്നു അടുത്ത ദിവസത്തെ ഞങ്ങളുടെ യാത്ര. പൊടിയും, ഇഴഞ്ഞുപോകുന്ന മോട്ടോർവാഹനങ്ങളിൽ നിന്നുള്ള പുകയും അസഹനീയമാംവിധം കൂടിക്കലർന്ന ഒരിടം. എഞ്ചിനുകളുടെ മുരൾച്ചയെ പുറകിലാക്കി ഞങ്ങൾ പാലത്തിന് താഴേക്ക് നടന്നു. തീരത്തെ കുടിലുകളിൽ നിന്ന് ചെറിയ അഴുക്കുചാലുകൾ നദിയിലേക്ക് ഒലിച്ചിറങ്ങുന്നു. കറുത്തിരുണ്ട ചെളിയിൽ കാലുകൾ പുതഞ്ഞുപോകാതിരിക്കാൻ ജാഗ്രതയോടെയാണ് ഓരോ കാലടിയും വെച്ചത്. തുറസ്സായ കക്കൂസ് പോലെയായിരുന്നു ആ സ്ഥലം. മനുഷ്യവിസർജ്ജ്യത്തിൽ കാലുകൾ ചവിട്ടാതെ നടക്കാൻ ഞാൻ കഷ്ടപ്പെട്ടു. തൊട്ടുതൊട്ടു കിടക്കുന്ന കുടിലുകളും, ചെറിയ ഇഷ്ടിക വീടുകളുമാണ് നദീതീരത്ത് ഉണ്ടായിരുന്നത്. പണ്ടെപ്പോഴോ തകർന്നുപോയ ഒരു കോട്ടയുടെ അവശിഷ്ടങ്ങളും അവിടെ കണ്ടു. മൂന്നുനേരത്തെ അന്നത്തിനായി പടവെട്ടുന്ന, സ്വന്തമായി മേൽവിലാസം പോലുമില്ലാത്ത പുറമ്പോക്ക് നിവാസികളുടെ മുൻഗണനാപട്ടികയിൽ കക്കൂസിന് സ്ഥാനം ഉണ്ടാകുമോ എന്ന് സംശയമാണ്. ഇത്തരം ചേരികളിൽ താമസിക്കുന്ന ആളുകളിൽ ഒരു വലിയ പങ്കും മുസ്ലീം സമുദായത്തിൽ നിന്ന് ഉള്ളവരാണ് എന്നാണ് ഞങ്ങൾക്ക് മനസിലാക്കാൻ സാധിച്ചത്. ദുർഗന്ധം വമിക്കുന്ന കറുത്തിരുണ്ട കട്ടിയുള്ള ദ്രാവകം ചെറിയ ചാലുകളിലൂടെ നദിയിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. തുകൽ സംസ്ക്കരണശാലകളിൽ നിന്നാണ് അത് വരുന്നത് എന്ന് വഴിയിൽ കണ്ട ഒരാൾ ഞങ്ങളോട് പറഞ്ഞു. ഒരു മലിനജല സംസ്കരണ പ്ലാന്റിന്റെ നിർമ്മാണം നടക്കുന്നത് കണ്ട് ഞങ്ങൾ അവിടേക്ക് നടന്നു. ഗംഗയുടെ തീരത്തുള്ള പ്രധാന നഗരങ്ങളിലെല്ലാം ഇത്തരത്തിലുള്ള പ്ലാന്റുകൾ നിർമ്മിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് അവിടെയുള്ള എഞ്ചിനിയറോട് സംസാരിച്ചപ്പോൾ മനസ്സിലായി. പട്ടം പറത്തുന്ന കുട്ടികളും, ഓടി നടക്കുന്ന ആടുകളും ആ ഇരുണ്ട തീരത്തിന്റെ നിശ്ചലതയിലേക്ക് അല്പം ഉന്മേഷം കൊണ്ടുവന്നു. ഒരിടത്തും കൂടുതൽ തങ്ങാതെ നടത്തം തുടർന്ന ഞങ്ങൾ സിദ്ധനാഥ് ഘാട്ട് എന്ന ഒരിടത്തെത്തി. പടവുകൾക്ക് മുകളിൽ ഒരു വലിയ ക്ഷേത്രം കണ്ടു. ആരുടെയൊക്കെയോ കാലടികളിൽ ഞെരിഞ്ഞമർന്ന പൂക്കൾ അവിടെയെല്ലാം ചിതറിക്കിടന്നു. ചെളിപിടിച്ച പടികൾ കയറി ഞങ്ങൾ ക്ഷേത്രത്തിന് പുറകിലേക്ക് നടന്നു. ഇടുങ്ങിയ തെരുവുകളും, പഴഞ്ചൻ കടകളും പല ദിശകളിലേക്കായി പടർന്നുകിടക്കുന്നു. എന്നാൽ കാൺപൂരിന്റെ തിരക്കും ബഹളവുമെല്ലാം അപ്രത്യക്ഷമായതുപോലെ തോന്നി. നഗരത്തിന്റെ ഉള്ളറകളിലുള്ള നിശബ്ദതയുടെ ഒരു ചെറിയ കുമിളയായിരുന്നു ആ സ്ഥലം. അവിടെ ചുറ്റിനടന്ന് മുറിയിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും നല്ലപോലെ ഇരുട്ടിയിരുന്നു. അന്ന് രാത്രി ഇനിയുള്ള യാത്രയിലെ മൂന്നാമത്തെ പങ്കാളികൂടി എത്തിച്ചേർന്നു. ഹൈദരാബാദ് സർവകലാശാലയിലെ എന്റെ സഹപാഠിയും, സുഹൃത്തുമായ ആദിത്യയും ഇനിയുള്ള യാത്രയിൽ ഞങ്ങൾക്ക് കൂട്ടിനുണ്ട്.

എങ്ങോട്ടൊക്കെയോ ഒഴുകുന്ന ലക്ഷോപലക്ഷം മനുഷ്യജീവിതങ്ങൾക്കിടയിൽ സ്വതന്ത്രമായി വിഹരിക്കുന്ന ഒരു കുരങ്ങിൻ കുടുംബം. സിദ്ധനാഥ് ഘാട്ടിൽ നിന്നുള്ള ദൃശ്യം.
എങ്ങോട്ടൊക്കെയോ ഒഴുകുന്ന ലക്ഷോപലക്ഷം മനുഷ്യജീവിതങ്ങൾക്കിടയിൽ സ്വതന്ത്രമായി വിഹരിക്കുന്ന ഒരു കുരങ്ങിൻ കുടുംബം. സിദ്ധനാഥ് ഘാട്ടിൽ നിന്നുള്ള ദൃശ്യം © ജോയൽ കെ. പയസ്

നഗരത്തിലെ ഏറ്റവും തിരക്കുപിടിച്ച വാണിജ്യകേന്ദ്രങ്ങളിൽ ഒന്നായ മാൾ റോഡിലേക്കാണ് അടുത്ത ദിവസം ഞങ്ങൾ മൂന്നുപേരും പോയത്. ആധുനിക ശൈലിയിൽ പണികഴിപ്പിച്ചിട്ടുള്ള കെട്ടിടങ്ങളും, ഹോട്ടലുകളും, ഭക്ഷണശാലകളും വഴിയുടെ ഇരുവശത്തും കണ്ടു. തുണിക്കടകളിലും, ഷോപ്പിംഗ് മാളുകളിലും ആളുകളുടെ തിരക്കാണ്. ബ്രിട്ടീഷ് ഭരണ സമയത്ത് വെള്ളക്കാർക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന ഭാഗമാണ് മാൾ റോഡ്. വെള്ളക്കാരായ ഉദ്യോഗസ്ഥർക്ക് സുഖിക്കാനുള്ള ക്ലബ്ബുകളും, ബാറുകളും നിറഞ്ഞ ഒരിടമായിരുന്നു അത്. നഗരത്തിലെ ഒരു പ്രധാന ഷോപ്പിംഗ് മേഖലയാണ് മാൾ റോഡ്. ഇവിടത്തെ പ്രസിദ്ധമായ ചില ഭക്ഷണശാലകളിൽ ഞങ്ങൾ കയറി. ‘തഗ്ഗൂ കാ ലഡ്ഡു’ എന്ന പേരുള്ള മധുര പലഹാരക്കട അത്തരത്തിൽ ഒന്നായിരുന്നു. തഗ്ഗൂ എന്ന ഹിന്ദി വാക്കിന്റെ അർത്ഥം ചതിയൻ എന്നാണ്. ചതിയന്റെ ലഡ്ഡു എന്ന പേരിട്ട് ആരെങ്കിലും കച്ചവടം നടത്തുമോ? അതുമാത്രമോ? ഈ കടയുടെ പ്രചാരണ വാചകം അതിലും ഗംഭീരമാണ്: “ഞങ്ങൾ ചതിക്കാത്ത ഒരു ബന്ധുവോ, മനുഷ്യനോ ഇല്ല”. ഈ മധുര പലഹാരക്കടയിലെ രണ്ടാമത്തെ സുപ്രധാന വിഭവമാണ് ബദ്നാം കുൽഫി. ബദ്നാം എന്ന ഹിന്ദി വാക്കിന്റെ അർത്ഥം മോശപ്പേര് എന്നാണ്. ഇവിടെ പരമ്പരാഗത രീതിയിൽ കുൽഫിയുണ്ടാക്കുന്നത് കാണാൻ വേണ്ടി മാത്രം വരുന്ന ആളുകളുണ്ട്. വൈദ്യുതി ഫ്രിഡ്ജ് ഇല്ലാത്ത കാലത്ത് തണുപ്പിച്ച വിഭവങ്ങൾ ഉണ്ടാക്കിയിരുന്ന അതേ ശൈലിയിൽ ആണ് ഇവിടെ കുൽഫി ഉണ്ടാക്കുന്നത്. ചതിയന്റെ ലഡ്ഡുവും, മോശപ്പെരുള്ള കുൽഫിയും വിൽക്കുന്ന ഈ കടയിൽ എപ്പോഴും തിരക്കാണ്. വ്യത്യസ്തമായ പേരുമാത്രമല്ല ഈ കടയുടെ വിജയത്തിന് കാരണമെന്ന് മുകളിൽ പറഞ്ഞ രണ്ടു വിഭവങ്ങളും നാവിൽ വെച്ചപ്പോൾ എനിക്ക് മനസ്സിലായി. ഈ കടയുടെ വിചിത്രനാമത്തിന് പുറകിൽ ഗാന്ധിയുടെ സ്വാധീനം ഉണ്ടെന്നാണ് കടയുടെ ഇപ്പോഴത്തെ നടത്തിപ്പുകാർ പറയുന്നത് [2]. കടയുടെ സ്ഥാപകൻ ഗാന്ധിയുടെ ഒരു അനുയായി ആയിരുന്നു. കരിമ്പിന്റെ നീരിൽ നിന്ന് രാസപ്രക്രിയ വഴി നിർമ്മിക്കുന്ന പഞ്ചസാര കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും എന്ന അഭിപ്രായമായിരുന്നു ഗാന്ധിക്കുണ്ടായിരുന്നത്. ഡൽഹിയിൽ വെച്ചുള്ള ഒരു സമ്മേളനത്തിൽ ഗാന്ധിജി പഞ്ചസാരയെ ‘വെള്ളനിറമുള്ള വിഷം’ (white poison) എന്നുവിളിച്ചത് നമ്മുടെ കടയുടെ സ്ഥാപകൻ കേട്ടിരുന്നു. ഇന്ത്യക്കാരെ ചതിക്കാനും, അവരുടെ ആരോഗ്യം തകർക്കാനുമാണ് ബ്രിട്ടീഷുകാർ പഞ്ചസാര വിൽക്കുന്നതെന്നാണ് ഗാന്ധി പറഞ്ഞത്. ഗാന്ധിയുടെ നിലപാട് ലഡ്ഡു കച്ചവടക്കാരനെ ആശയക്കുഴപ്പത്തിലാക്കി. അയാളുടെ ലഡ്ഡുവിന്റെ ഒരു പ്രധാന ഘടകം വില കുറഞ്ഞതും, സുലഭവുമായ വെള്ള പഞ്ചസാരയായിരുന്നു. തന്റെ കടയിൽ വരുന്നവരോട് ഗാന്ധിയുടെ ആശയം പരോക്ഷമായി സൂചിപ്പിക്കാനാണ് ചതിയന്റെ ലഡ്ഡു എന്ന പേരിട്ടത് എന്നാണ് കേട്ടുകേൾവി. ഇതിൽ എത്ര സത്യം ഉണ്ട് എന്നറിയില്ല. ബദ്നാം കുൽഫിയുടെ പുറകിലുള്ള കഥ എന്താണെന്ന് എനിക്കറിയില്ല. ഏതായാലും, ഈ കടയുടെ പ്രശസ്തി ഉന്നതിയിലെത്തിയത് 2005ലെ ബണ്ടി ഓർ ബബ്ലി എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ്. അതിലെ ഒരു രംഗം ഈ കടയിലാണ് ചിത്രീകരിച്ചത്. നൂറുകിലോമീറ്ററിൽ കുറവ് ദൂരമേ ഇവിടെ നിന്ന് ലക്നോവിലേക്കുള്ളൂ എന്നതിനാൽതന്നെ തലസ്ഥാന നഗരത്തിന്റെ രുചി പാരമ്പര്യവും കാൺപൂരിന് പകർന്നുകിട്ടിയിട്ടുണ്ട്. അവദ് നവാബുമാരുടെ ആസ്ഥാനമായിരുന്ന ലക്നോവിന്റെ രുചിക്കൂട്ടുകൾ വിശ്വപ്രസിദ്ധമാണ്. സുഗന്ധവ്യഞ്ജനങ്ങൾ നേർത്ത അളവിൽ ചേർത്ത് തയ്യാർ ചെയ്തെടുക്കുന്ന അവദ് ബിരിയാണി അക്കൂട്ടത്തിൽ ഒന്നാണ്. ബിരിയാണി അടക്കമുള്ള വിഭവങ്ങൾ ഞങ്ങൾ രുചിച്ചു. ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൂടാതെ വിലകുറഞ്ഞ ചാരായം വിൽക്കുന്ന കടകളും നഗരത്തിൽ ഒരുപാട് കണ്ടു. വളരെ വൃത്തിഹീനമായ സാഹചര്യത്തിൽ നടത്തപ്പെടുന്ന അത്തരമൊരു കടയിൽ നിന്ന് വാങ്ങിയ ദേശീ ദാരു (നാടൻ മദ്യം) അകത്താക്കി ഞങ്ങൾ മൂവരും കുറച്ചുനേരം നഗരപ്രദക്ഷിണം നടത്തി.

ജാജ്‌മാവുവിലെ ഒരു ഗ്രാമം. ഇവിടെ നദിയുടെ തീരത്തുണ്ടായിരുന്ന കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നും കാണാവുന്നതാണ്. മറുകരയിലുള്ള അവദ് നാട്ടിരാജ്യത്തിൽ നിന്നുള്ള സൈനികനീക്കങ്ങൾ നിരീക്ഷിക്കാൻ കഴിയുന്നവിധം ഒരു കുന്നിന്റെ മുകളിലാണ് ഈ കോട്ട പണിതുയർത്തപ്പെട്ടത്. ആടുമേയ്ക്കുന്ന ഏതാനും കുട്ടികൾ മാത്രമാണ് ഞങ്ങൾ ചെല്ലുമ്പോൾ അവിടെ ഉണ്ടായിരുന്നത്
ജാജ്‌മാവുവിലെ ഒരു ഗ്രാമം. ഇവിടെ നദിയുടെ തീരത്തുണ്ടായിരുന്ന കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നും കാണാവുന്നതാണ്. മറുകരയിലുള്ള അവദ് നാട്ടിരാജ്യത്തിൽ നിന്നുള്ള സൈനികനീക്കങ്ങൾ നിരീക്ഷിക്കാൻ കഴിയുന്നവിധം ഒരു കുന്നിന്റെ മുകളിലാണ് ഈ കോട്ട പണിതുയർത്തപ്പെട്ടത്. ആടുമേയ്ക്കുന്ന ഏതാനും കുട്ടികൾ മാത്രമാണ് ഞങ്ങൾ ചെല്ലുമ്പോൾ അവിടെ ഉണ്ടായിരുന്നത് © ജോയൽ കെ. പയസ്അടുത്ത രണ്ടു ദിവസങ്ങളിലെ ഞങ്ങളുടെ യാത്രകൾ കാൺപൂരിന്റെ രക്തപങ്കിലമായ ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടത്തിന് അവസരം തന്നു. ഒരു സുപ്രധാന സൈനിക താവളമായ ഈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ, 1857ലെ — നാം ഇന്ത്യക്കാർ ഒന്നാം സ്വാതന്ത്ര്യ സമരം എന്നു വിളിക്കുന്നതും, വെള്ളക്കാർ ശിപ്പായി ലഹള എന്നു വിളിക്കുന്നതുമായ — സായുധ കലാപത്തിന്റെ ശേഷിപ്പുകൾ പൊടിപിടിച്ചുകിടക്കുന്നുണ്ട്. 1857 മേയ് മാസം 10 ന് മീററ്റിൽ ആരംഭിച്ച കലാപം കാൺപൂരിലേക്ക് പടർന്നുപിടിക്കാൻ അധികം സമയം വേണ്ടി വന്നില്ല. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആസ്ഥാനമായ കൽക്കത്തക്കും മുഗൾ ഭരണകേന്ദ്രമായ ഡൽഹിക്കും ഇടയിലുള്ള പ്രധാനപ്പെട്ട ഇംഗ്ളീഷ് താവളങ്ങളിൽ ഒന്നായിരുന്നു കാൺപൂർ. ഡൽഹിയിലെ ചെങ്കോട്ടക്കകത്തുപോലും അധികാരം കാര്യമായില്ലാതിരുന്ന അവസാന മുഗൾ ചക്രവർത്തിയായിരുന്നു ബഹദൂർ ഷാ സഫർ. മീററ്റിലെ കലാപകാരികൾ നേരെ പോയത് ഡൽഹിയിലേക്കാണ്. കലാപത്തിന്റെ നേതൃത്വം ഏറ്റെടുത്ത് വിദേശികളെ നാട്ടിൽ നിന്ന് തുരത്താൻ വിപ്ലവകാരികൾ സഫറിനോട് ആവശ്യപ്പെട്ടു. എൺപത് വയസ്സിലധികം പ്രായമുണ്ടായിരുന്ന, ഒരു യുദ്ധത്തിൽ പോലും പങ്കെടുത്തിട്ടില്ലാത്ത സഫർ മനസ്സില്ലാമനസ്സോടെയാണ് അവരുടെ ആവശ്യം അംഗീകരിച്ചത് [3]. 1857ലെ സ്ഥിതിവിശേഷങ്ങളെക്കുറിച്ച് അനവധി പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. കൊളോണിയൽ, ദേശീയ (nationalist), കീഴാള (subaltern), മാർക്സിസ്റ് വീക്ഷണകോണുകളിൽ നിന്ന് എഴുതപ്പെട്ടിട്ടുള്ള ഈ പുസ്തകങ്ങൾ വളരെയധികം സങ്കീർണ്ണമായ സംഭവ പരമ്പരകളാണ് വെളിപ്പെടുത്തുന്നത്. അതിൽ കാൺപൂരുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിവരിക്കാൻ തന്നെ അനവധി അധ്യായങ്ങൾ വേണ്ടി വരും. സ്കൂൾ പാഠപുസ്തകത്തിൽ ഒന്നാം സ്വതന്ത്ര്യ സമരത്തെക്കുറിച്ച് വായിച്ചത് എനിക്കോർമ്മയുണ്ട്. ശിപായിമാർക്ക് കൊടുത്ത പുതിയ വെടിയുണ്ടകളിൽ പശുവിന്റെയും, പന്നിയുടെയും കൊഴുപ്പ് പുരട്ടിയിട്ടുണ്ട് എന്ന കിംവദന്തിയാണ് കലാപം പൊട്ടിപ്പുറപ്പെടാനുള്ള തീപ്പൊരിയിട്ടത് എന്ന് പഠിച്ചത് ഞാൻ ഓർക്കുന്നു. എന്നാൽ കലാപത്തിനുള്ള വെടിമരുന്നിൽ വീണ അവസാന തീപ്പൊരി മാത്രമായിരുന്നു അതെന്നാണ് ഇന്ന് ഞാൻ മനസ്സിലാക്കുന്നത്. അക്കാലത്തെ കമ്പനി പട്ടാളത്തിൽ ഇംഗ്ളീഷുകാരും, തദ്ദേശീയരും 1:5 എന്ന അനുപാതത്തിൽ ആയിരുന്നു എന്നാണ് ചില ചരിത്ര പുസ്തകങ്ങൾ പറയുന്നത്. കമ്പനി പട്ടാളത്തിൽ ജോലി ചെയ്യുന്നത് വലിയ അഭിമാനമായാണ് ആദ്യമൊക്കെ ആളുകൾ കണ്ടിരുന്നത്. പല നാട്ടുരാജ്യങ്ങളുടെയും പട്ടാളക്കാർക്ക് കിട്ടിയിരുന്ന കൂലിയേക്കാൾ കൂടുതൽ കമ്പനി പട്ടാളത്തിൽ കിട്ടുമായിരുന്നു. 1850കളുടെ തുടക്കത്തിൽ ഈ സ്ഥിതിക്ക് കാര്യമായി മാറ്റം വരാൻ തുടങ്ങി. ഇതോടെ പട്ടാളക്കാരുടെ ഇടയിൽ ആസ്വാരസ്യതകൾ ഉയരാൻ തുടങ്ങി.

കാൺപൂരിലെ തുകൽ വ്യവസായശാലകൾ ആയിരക്കണക്കിന് ആളുകളുടെ ജീവനോപാധിയാണ്. പ്രകൃതിക്ക് കാര്യമായി ദോഷം വരുത്താതെ തുകൽ സംസ്കരിക്കാൻ ശേഷിയുള്ള ഫാക്ടറികൾ ഇല്ലാത്തതിനാൽ ഇവരും നിലനില്പിനായുള്ള സമരത്തിലാണ്
കാൺപൂരിലെ തുകൽ വ്യവസായശാലകൾ ആയിരക്കണക്കിന് ആളുകളുടെ ജീവനോപാധിയാണ്. പ്രകൃതിക്ക് കാര്യമായി ദോഷം വരുത്താതെ തുകൽ സംസ്കരിക്കാൻ ശേഷിയുള്ള ഫാക്ടറികൾ ഇല്ലാത്തതിനാൽ ഇവരും നിലനില്പിനായുള്ള സമരത്തിലാണ് © ജോയൽ കെ. പയസ്

അക്കാലത്ത് ഉത്തരേന്ത്യയിൽ വിന്യസിക്കപ്പെട്ടിരുന്ന ബംഗാൾ ആർമിയിലെ പട്ടാളക്കാരിൽ ഒരു വലിയ പങ്കും അവദ് നാട്ടുരാജ്യത്തിൽ നിന്നുള്ളവരായിരുന്നു. ഏതെങ്കിലും നാട്ടുരാജാവ് സന്തതിയില്ലാതെ മരിച്ചാൽ ആ രാജ്യം കമ്പനിയുടെ ആധിപത്യത്തിലാകും എന്ന ചട്ടം ഉപയോഗിച്ച് നിരവധി പ്രദേശങ്ങൾ ഇംഗ്ളീഷുകാർ കൈവശപ്പെടുത്തിയിരുന്നു. ബാലിശമായ കാരണങ്ങൾ പറഞ്ഞ് കമ്പനി 1856ൽ അവദ് നവാബിന്റെ അവകാശങ്ങൾ എടുത്തുകളയുകയും, ആ പ്രദേശം തങ്ങളുടെ ഭരണത്തിൽ ആക്കുകയും ചെയ്തു. ശിപ്പായിമാരിൽ ഒരു വലിയ വിഭാഗം ഈ വിഷയത്തിൽ അസ്വസ്ഥരായിരുന്നു. ഇതുകൂടാതെ, ഇംഗ്ളീഷുകാർ നിർബന്ധിതമായി നടപ്പാക്കിയ ഭൂപരിഷ്‌കരണ നയങ്ങൾ മൂലം വലിയ വിഭാഗം ഭൂവുടമകളും, കൃഷിക്കാരും അസന്തുഷ്ടരായിരുന്നു. ക്രിസ്തുമത പ്രചാരണത്തിന് കമ്പനി ഭരണകൂടം നൽകിയിരുന്ന പിന്തുണയും ആളുകളിൽ സംശയം ജനിപ്പിച്ചിരുന്നു. തങ്ങളുടെ വിശ്വാസങ്ങൾ ഇല്ലാതാക്കാൻ ഇംഗ്ളീഷുകാർ ഗൂഢാലോചന നടത്തുന്നുണ്ട് എന്ന ഭയം പട്ടാളക്കാരിൽ വളരാൻ തുടങ്ങി [4]. ബ്രിട്ടഷുകാർ മൂലം ഭരണം നഷ്ടപ്പെട്ട മറാത്ത നേതാവ് നാനാ സാഹിബ് അക്കാലത്ത് കാൺപൂരിന്റെ പ്രാന്തത്തിലുള്ള ബിത്തൂരിലാണ് തന്റെ പ്രവർത്തനം കേന്ദ്രീകരിച്ചിരുന്നത്. കാൺപൂരും, ബിത്തൂരും ഗംഗാനദിയുടെ വലതുകരയിൽ ആയിരുന്നെങ്കിൽ, മറുകര അവദിന്റെ അതിർത്തിയായിരുന്നു. അങ്ങനെ, കാൺപൂരിന്റെ ചുറ്റിലും കലാപത്തിനുള്ള എല്ലാ സാഹചര്യവും ഒത്തുവന്നു. ആധുനിക വാർത്താവിനിമയ സംവിധാനങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് പരസ്പരം സന്ദേശങ്ങൾ കൈമാറാൻ ചില പ്രാചീന രീതികളാണ് കലാപകാരികൾ ഉപയോഗിച്ചിരുന്നത്. എന്നാൽ ടെലിഗ്രാഫ് സംവിധാനം കയ്യിലുണ്ട് എന്ന ഗുണം വെള്ളക്കാർക്കുണ്ടായിരുന്നു. ടെലിഗ്രാഫ് ഇല്ലായിരുന്നെങ്കിൽ കലാപത്തിന്റെ – ഇന്ത്യയുടേയും – ചരിത്രം മറ്റൊന്നാവുമായിരുന്നു എന്നാണ് 1857ലെ സംഭവങ്ങളെക്കുറിച്ച് എഴുതപ്പെട്ട ഒരു പുസ്തകത്തിന്റെ ആദ്യ അധ്യായം പറയുന്നത് [5]. വലിയ എന്തോ കാര്യം സംഭവിക്കാൻ പോകുകയാണ് എന്ന സന്ദേശം 1857 ന്റെ തുടക്കം മുതലേ കൽക്കത്ത മുതൽ പെഷവാർ വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങളിൽ പടർന്നിരുന്നു. ഓരോ ഗ്രാമങ്ങളിൽ നിന്നും മറ്റൊന്നിലേക്ക് ചപ്പാത്തികൾ (സംശയിക്കേണ്ട, നമ്മൾ കഴിക്കുന്ന സാധനം തന്നെ) കൈമാറിയാണ് ഈ സന്ദേശം പ്രചരിക്കപ്പെട്ടത് [6]. ചപ്പാത്തി കടന്നുപോകുന്ന ഗ്രാമങ്ങളിലെ ആളുകൾ പരിഭ്രാന്തരാകുന്നതും, വിവിധ പട്ടാളത്താവളങ്ങളിലെ ശിപ്പായിമാർ അക്ഷമരാകുന്നതും കമ്പനിയുടെ ചാരന്മാർ അറിഞ്ഞിരുന്നു. എന്നാൽ അതൊരു സംഘടിതമായ കലാപമായി തീരുമെന്ന് കമ്പനിയുടെ അധികാര കേന്ദ്രമായ കൽക്കത്തയിലെ ഗവർണ്ണർ ജനറലോ, മുതിർന്ന പട്ടാളമേധാവികളോ പ്രതീക്ഷിച്ചില്ല. കലാപക്കൊടി ഉയർത്തിയ കാൺപൂരിലെ പട്ടാളക്കാർ ഇംഗ്ളീഷുകാരായ തങ്ങളുടെ മേലുദ്യോഗസ്ഥരെ ആദ്യമൊന്നും ചെയ്തില്ല. പകരം, നേരെ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാനാണ് അവർ തീരുമാനിച്ചത്. മുഗൾ സാമ്രാജ്യം അതിന്റെ അസ്തമയ ഘട്ടത്തിൽ ആയിരുന്നെങ്കിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗം മേഖലകളിലും അതിന് സ്വീകാര്യത ഉണ്ടായിരുന്നു. ഇംഗ്ളീഷുകാരുടെ ഭരണത്തിൽ പൊറുതി മുട്ടിയ ആളുകൾ ഒരു മാറ്റത്തിനായി കണ്ണുനട്ടത് ഡൽഹിയിലേക്ക് ആയിരുന്നു എന്നതിൽ അത്ഭുതപ്പെടാനില്ല. കാൺപൂരിൽ നിന്ന് ഡൽഹിയിലേക്ക് നീങ്ങിയ കലാപകാരികളെ നാനാസാഹിബ് പിടിച്ചുനിർത്തി. മറാത്ത ഭരണാധികാരിയായ നാനാസാഹിബിന് അശക്തനായ ഒരു മുഗൾ ചക്രവർത്തിയുടെ മുൻപിൽ തലകുനിക്കാൻ താല്പര്യം ഇല്ലായിരുന്നു. കലാപകാരികളെ ഉപയോഗിച്ച് കാൺപൂരിലെ ഇംഗ്ളീഷുകാരെ തുരത്താൻ നാനാസാഹിബ് തീരുമാനിച്ചു. അങ്ങനെയാണ് കുപ്രസിദ്ധമായ കാൺപൂർ ഉപരോധം (siege of Cawnpore) ആരംഭിക്കുന്നത്. മൂന്നാഴ്ചയോളം നീണ്ട സായുധ ആക്രമണത്തിൽ ഇംഗ്ളീഷുകാർക്ക് കനത്ത ആൾനാശം നേരിട്ടു. അലഹബാദിൽ  നിന്ന് തങ്ങളെ സഹായിക്കാൻ പട്ടാളം എത്തുന്നതും കാത്തിരുന്ന വെള്ളക്കാരുടെ എണ്ണം ഓരോ ദിവസവും കുറഞ്ഞുകൊണ്ടിരുന്നു. ദൂരെനിന്ന് പരസ്പരമുള്ള പീരങ്കി ആക്രമണമായിരുന്നു ഇരുകൂട്ടരും കൂടുതലായി നടത്തിയത്. നാനാസാഹിബിനും ഇതിനകം ക്ഷമ നശിച്ചിരുന്നു. തങ്ങൾ വളഞ്ഞിട്ടുള്ള ഇംഗ്ളീഷുകാരെ മുഴുവൻ അലഹബാദിലേക്ക് പോകാൻ അനുവദിക്കാം എന്ന് നാനാസാഹിബ് വാഗ്ദാനം ചെയ്തു. ആദ്യം സംശയിച്ചെങ്കിലും, ആ വാഗ്ദാനം സ്വീകരിക്കാൻ ഇംഗ്ളീഷുകാർ തീരുമാനിച്ചു. അവർക്ക് മുൻപിൽ വേറെ മാർഗ്ഗമൊന്നും ഇല്ലായിരുന്നു എന്നുപറയാം. ഗംഗയുടെ തീരത്തുള്ള സതിചൗര ഘാട്ടിൽ നിന്ന് വലിയ തോണികളിൽ അലഹബാദിലേക്ക് പോകാൻ നാനാസാഹിബ് ഇംഗ്ളീഷുകാർക്ക് അനുമതി നൽകി. അങ്ങനെ വെള്ളക്കാരുടെ വലിയൊരു സംഘം ഗംഗാതീരത്തേക്ക് നടന്നു. നാൽപ്പതോളം നൗകകൾ അവിടെ തയ്യാറായി നിന്നിരുന്നു. ജീവനോടെ കാൺപൂരിൽ നിന്ന് പുറത്തുപോകാൻ കഴിയില്ല എന്ന് കരുതിയിരുന്ന ഇംഗ്ളീഷുകാരുടെ പ്രതീക്ഷകൾക്ക് ജീവൻ വെച്ചു. നദിയിൽ വെള്ളം കുറവായിരുന്നതിനാൽ അവരുടെ തോണികൾ നീങ്ങാൻ പ്രയാസപ്പെട്ടു. ഇതിനിടയിൽ കരയിൽ നിന്ന് കാഹളങ്ങൾ മുഴങ്ങി. അതുകേട്ട് തോണിക്കാർ വെള്ളത്തിലേക്ക് ചാടി കരപറ്റി. തുടർന്ന് നടന്ന സംഭവങ്ങളെപ്പറ്റിയുള്ള ദുരൂഹതകൾ ബാക്കിയാണ്. എവിടെ നിന്നോ വെടിയുണ്ടകൾ തോണികളിലേക്ക് പാഞ്ഞു. പിന്നീട് നടന്ന രക്തച്ചൊരിച്ചിലിൽ മിക്കവാറും എല്ലാ ഇംഗ്ളീഷ് പട്ടാളക്കാരും, പുരുഷന്മാരായ സിവിലിയൻ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. സതിചൗര കൂട്ടക്കൊല എന്നാണ് ഈ സംഭവം അറിയപ്പെടുന്നത് [7]. വെടിയുണ്ടകളിൽ നിന്ന് രക്ഷപ്പെട്ട പലരും നദിയിൽ മുങ്ങിമരിച്ചു. സ്ത്രീകളെയും, കുട്ടികളെയും വധിക്കാൻ നാനാസാഹിബ് അനുവദിച്ചില്ല. അവരെ കാൺപൂരിലെ ബീബിഗർ എന്ന കെട്ടിടത്തിൽ തടവിലാക്കി. ഇതിനകം കർമ്മനിരതരായ കമ്പനി അധികാരികൾ കൽക്കത്തയിൽ നിന്നും, പഞ്ചാബിൽ നിന്നും ഡൽഹിയുടെ ദിശയിൽ പട്ടാളത്തെ അയക്കാൻ തുടങ്ങിയിരുന്നു. കൽക്കത്തയിൽ നിന്നുള്ള പട്ടാളം അലഹബാദിൽ എത്തി അവിടത്തെ മുഗൾ കോട്ടയുടെ നിയന്ത്രണം പൂർണ്ണമായി ഏറ്റെടുത്തു. കാൺപൂരായിരുന്നു അവരുടെ അടുത്ത ലക്ഷ്യം. സതിചൗരഘാട്ടിലെ കൂട്ടക്കൊലയെക്കുറിച്ചറിഞ്ഞ അവർ പ്രതികാര ദാഹികളായി മാറിയിരുന്നു. വഴിയിൽ കാണുന്ന ഗ്രാമങ്ങൾ മുഴുവൻ കൊള്ളിവെച്ചും, നിഷ്ക്കളങ്കരായ ഗ്രാമീണരെ കെട്ടിത്തൂക്കിയും ഇംഗ്ളീഷ് പട്ടാളം മുന്നോട്ടു നീങ്ങി. വെള്ളക്കാർ കീഴടക്കുന്ന പ്രദേശങ്ങളിലെ സ്ത്രീകൾ കൂട്ട ബലാത്സംഗത്തിന് ഇരയായാണ് കൊല്ലപ്പെടുന്നത് എന്നുള്ള കിംവദന്തികൾ പടരാൻ തുടങ്ങി. അതേ സമയം തന്നെ, കലാപകാരികൾ ഇംഗ്ളീഷ് സ്ത്രീകളെ ബലാൽസംഗം ചെയ്തുകൊല്ലുന്നു എന്ന കെട്ടുകഥകളും കാട്ടുതീ പോലെ പടർന്നു. ഇത് ഇരുകൂട്ടരുടെയും പ്രതികാരവാഞ്ചയെ ഊതിക്കത്തിച്ചു. ഒടുവിൽ ഇംഗ്ളീഷുകാർ കാൺപൂർ വളയും എന്ന ഘട്ടം എത്തിച്ചേർന്നു. നാനാസാഹിബിന്റെ പട്ടാളം 200ൽ കൂടുതൽ വെള്ളക്കാരായ സ്ത്രീകളെയും, കുട്ടികളെയും ബിബിഗറിൽ തടവിലാക്കിയിരുന്നു. അവരെ മുഴുവൻ വധിക്കാൻ ഒരു വിഭാഗം കലാപകാരികൾ തയ്യാറെടുത്തു. നാനാസാഹിബ്  ആദ്യമൊക്കെ അതിനെ എതിർത്തെങ്കിലും, ശിപ്പായികളിൽ ഒരു വിഭാഗം കൊലക്കത്തികൾക്ക് മൂർച്ചക്കൂട്ടിക്കൊണ്ടിരുന്നു. എന്താണ് പിന്നീട് നടന്നത് എന്നതിനെക്കുറിച്ച് ആർക്കും അറിയില്ല. പട്ടാളക്കാരിൽ ഒരു വിഭാഗം സ്ത്രീകളെയും, കുട്ടികളേയും വധിക്കുന്നതിനെ എതിർത്തെന്നും, നാനാസാഹിബ് ആ സ്ഥലം വിട്ട് തന്റെ തവളമായ ബിത്തൂരിലേക്ക് പോയെന്നും പറയപ്പെടുന്നു. പട്ടണത്തിൽ നിന്ന് അറവുകാരെ വരുത്തിയാണ് കലാപകാരികൾ തടങ്കലിൽ ഉള്ളവരെ വകവരുത്തിയത് എന്നാണ് ചരിത്രം. ബീബിഗറിലെ ഒരു കിണറിലാണ് ശവശരീരങ്ങൾ കൂട്ടിയിട്ടത്.മസാക്കർ ഘാട്ടിൽ നിന്നുള്ള ഒരു രാത്രി ദൃശ്യം. നൂറ്റമ്പത് വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷ് ജനതയുടെ ഉറക്കം കെടുത്തിയ കൂട്ടക്കൊല നടന്നതിവിടെ വെച്ചായിരുന്നു
മസാക്കർ ഘാട്ടിൽ നിന്നുള്ള ഒരു രാത്രി ദൃശ്യം. നൂറ്റമ്പത് വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷ് ജനതയുടെ ഉറക്കം കെടുത്തിയ കൂട്ടക്കൊല നടന്നതിവിടെ വെച്ചായിരുന്നു © ജോയൽ കെ. പയസ്

പിന്നാലെ എത്തിയ ഇംഗ്ളീഷുകാർ ആ കിണറിലേക്ക് ഞെട്ടലോടെ നോക്കി. “കാൺപൂരിനെ ഓർക്കൂ” എന്ന യുദ്ധകാഹളം ഇന്ത്യ മുതൽ ഇംഗ്ലണ്ട് വരെ മുഴങ്ങി. കാൺപൂരിന് പിന്നാലെ ബിത്തൂരും വെള്ളക്കാരുടെ സൈന്യത്തിന് കീഴടങ്ങിയതോടെ നാനാസാഹിബിന് നേപ്പാളിലേക്ക് പലായനം ചെയ്യേണ്ടി വന്നു.മുകളിൽ വിവരിച്ച സംഭവങ്ങൾ നടന്നിട്ട് ഒന്നര നൂറ്റാണ്ട് കടന്നുപോയിരിക്കുന്നു. വഴിയുടെ ഇരുവശത്തുമായി വ്യാപിച്ചുകിടക്കുന്ന ഇന്ത്യൻ ആർമി കന്റോൺമെന്റ് പിന്നിട്ട് ഒരു വൈകുന്നേരമാണ് ഞങ്ങൾ സതിചൗര ഘാട്ടിലെത്തിയത്. മസാക്കാർ ഘാട്ട് (Massacre Ghat/കൂട്ടക്കൊല നടന്ന പടവ്) എന്നും വിളിക്കപ്പെടുന്ന ആ സ്ഥലത്ത് സന്ദർശകർ ആരും ഉണ്ടായിരുന്നില്ല. സോഡിയം വിളക്കുകളുടെ മഞ്ഞവെളിച്ചത്തിൽ കുളിച്ചു കിടക്കുന്ന ഒരു ചെറിയ ക്ഷേത്രമാണ് നദീതീരത്ത് ആകെയുള്ളത്. ഗംഗയിലേക്ക് ഇറങ്ങാനുള്ള സിമന്റ് പടികളിൽ ഞങ്ങൾ മൂവരും ഇരുന്നു. അങ്ങുദൂരെയുള്ള പാലത്തിലൂടെ നീങ്ങുന്ന വാഹനങ്ങൾ ചെറിയ പൊട്ടുകൾപോലെ തോന്നിച്ചു. നദിയിലേക്ക് ചാഞ്ഞുകിടക്കുന്ന ഒരു വലിയ ആൽമരത്തിൽ കുരങ്ങന്മാർ വല്ലപ്പോഴും ഒച്ചയിടുന്നതൊഴിച്ചാൽ ആ പ്രദേശമാകെ നിശബ്ദത തളംകെട്ടി നിന്നു. 1857ലെ സംഭവങ്ങളുടെ വിവരണം കൊത്തിവെച്ചിട്ടുള്ള ഒരു മാർബിൾ ഫലകം ക്ഷേത്രത്തിനടുത്തായി ഉണ്ടായിരുന്നു. ഓരോ സ്ഥലത്തിന്റെയും ചരിത്രം വായിച്ചതിനുശേഷം അവിടം സന്ദർശിക്കുമ്പോൾ അനുഭവങ്ങൾക്ക് വ്യത്യസ്തമായ ഒരു മാനം കൈവരും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സതിചൗര ഘാട്ടിന്റെ ചരിത്രമറിയാതെ അവിടം സന്ദർശിച്ചിരുന്നെങ്കിൽ അതെത്ര വിരസമായിരിക്കുമെന്ന് ഞാൻ ഓർത്തു. കാലത്തിന്റെ കുത്തൊഴുക്കിൽ അലിഞ്ഞില്ലാതായ യുദ്ധകാഹളങ്ങൾ വീണ്ടും മുഴങ്ങാതിരിക്കട്ടെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചാണ് ആ സ്ഥലത്തോട് ഞാൻ വിടപറഞ്ഞത്.

ഒരാഴ്ചയോളം ഞങ്ങൾ കാൺപൂരിൽ താമസിച്ചു. സൗജന്യ താമസവും, വിലകുറഞ്ഞ ഭക്ഷണവും ഞങ്ങളെ അവിടെ കെട്ടിയിട്ടോ എന്ന് സംശയമായി. നാൽപ്പത് രൂപക്ക് ബഡേ കാ ബിരിയാണിയും (ബീഫ്), മുപ്പത് രൂപയ്ക്ക് കോഴി ബിരിയാണിയും വയറുനിറച്ച് കഴിക്കാവുന്ന ഭക്ഷണശാലകൾ അവിടെ നിരവധി ഉണ്ടായിരുന്നു. ചുരുങ്ങിയ നിരക്കിൽ സസ്യാഹാരം വിളമ്പുന്ന കടകളും നഗരത്തിൽ സുലഭമായിരുന്നു. ഇതിനെല്ലാം പുറമെ പത്ത് രൂപക്ക് കിട്ടുന്ന അതീവ രുചികരമായ അരി പായസവും. എല്ലാംകൊണ്ടും ചിലവുചുരുക്കിയാണ് ഞങ്ങൾ കഴിഞ്ഞുകൂടിയത്. കണ്ടുതീർക്കാനുള്ള സ്ഥലങ്ങൾ ഇനിയും ധാരാളമുണ്ട്. അക്കൂട്ടത്തിൽ ഒന്നായ ബിത്തൂരിലേക്ക് ഒരു വൈകുന്നേരമാണ് ഞങ്ങൾ പോയത്.

ഉത്തരഖണ്ഡിൽ നിന്ന് ഞങ്ങൾ ആരംഭിച്ച യാത്രക്കിടയിൽ ഏറ്റവും വൃത്തിഹീനമായ രീതിയിൽ ഗംഗയെക്കണ്ടത് ജാജ്‌മാവുവിൽ വെച്ചാണ്. ഇരുണ്ട ചെളി നിറഞ്ഞ നദീതീരത്തുകൂടെ നടക്കുന്നത് ഒരു സാഹസമായി തോന്നി. ഓരോ അടിയും ശ്രദ്ധിച്ചു വെച്ചില്ലെങ്കിൽ മനുഷ്യവിസർജ്ജ്യത്തിൽ കാൽചവിട്ടേണ്ട അവസ്ഥയായിരുന്നു
ഉത്തരഖണ്ഡിൽ നിന്ന് ഞങ്ങൾ ആരംഭിച്ച യാത്രക്കിടയിൽ ഏറ്റവും വൃത്തിഹീനമായ രീതിയിൽ ഗംഗയെക്കണ്ടത് ജാജ്‌മാവുവിൽ വെച്ചാണ്. ഇരുണ്ട ചെളി നിറഞ്ഞ നദീതീരത്തുകൂടെ നടക്കുന്നത് ഒരു സാഹസമായി തോന്നി. ഓരോ അടിയും ശ്രദ്ധിച്ചു വെച്ചില്ലെങ്കിൽ മനുഷ്യവിസർജ്ജ്യത്തിൽ കാൽചവിട്ടേണ്ട അവസ്ഥയായിരുന്നു © ജോയൽ കെ. പയസ്
ദോരി ഘാട്ടിൽ നിന്നുള്ള ഗംഗയുടെ ദൃശ്യം. കാൺപൂരിലെ വ്യവസായിക മേഖല കടന്നാണ് നദി ഇവിടെയെത്തുന്നത്. വൻതോതിൽ രാസവസ്തുക്കൾ കലർന്നിട്ടുള്ള വെള്ളത്തിലാണ് തങ്ങൾ മുങ്ങിനിവരുന്നത് എന്നൊന്നും ചിന്തിക്കാതെയാണ് മരണാനന്തര കർമ്മങ്ങൾ അനുഷ്ഠിക്കാനെത്തുന്നവർ പടവുകൾ ഇറങ്ങുന്നത്
ദോരി ഘാട്ടിൽ നിന്നുള്ള ഗംഗയുടെ ദൃശ്യം. കാൺപൂരിലെ വ്യവസായിക മേഖല കടന്നാണ് നദി ഇവിടെയെത്തുന്നത്. വൻതോതിൽ രാസവസ്തുക്കൾ കലർന്നിട്ടുള്ള വെള്ളത്തിലാണ് തങ്ങൾ മുങ്ങിനിവരുന്നത് എന്നൊന്നും ചിന്തിക്കാതെയാണ് മരണാനന്തര കർമ്മങ്ങൾ അനുഷ്ഠിക്കാനെത്തുന്നവർ പടവുകൾ ഇറങ്ങുന്നത് © ജോയൽ കെ. പയസ്
ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ഓരോ ദിവസവും ഒഴുക്കിവിടുന്ന പൂജാസാമഗ്രികൾ ഉത്തരഖണ്ഡ് മുതൽ ബംഗാൾ വരെയുള്ള ഗംഗയുടെ തീരത്ത് അടിഞ്ഞുകൂടിയിട്ടുണ്ട്. തങ്ങൾ നദിയെ മലിനീകരിക്കുകയാണ് എന്ന തിരിച്ചറിവില്ലാതെയാണ് മിക്കവാറും ആളുകൾ പൂജാവസ്തുക്കളും, പ്രതിമകളും വെള്ളത്തിൽ ഒഴുക്കുന്നത്. ദുർഗാപൂജ, ഗണേശചതുർഥി തുടങ്ങിയ അവസരങ്ങളിൽ ഗംഗയിലേക്ക് ഒഴുകുന്ന മാലിന്യത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുന്നു
ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ഓരോ ദിവസവും ഒഴുക്കിവിടുന്ന പൂജാസാമഗ്രികൾ ഉത്തരഖണ്ഡ് മുതൽ ബംഗാൾ വരെയുള്ള ഗംഗയുടെ തീരത്ത് അടിഞ്ഞുകൂടിയിട്ടുണ്ട്. തങ്ങൾ നദിയെ മലിനീകരിക്കുകയാണ് എന്ന തിരിച്ചറിവില്ലാതെയാണ് മിക്കവാറും ആളുകൾ പൂജാവസ്തുക്കളും, പ്രതിമകളും വെള്ളത്തിൽ ഒഴുക്കുന്നത്. ദുർഗാപൂജ, ഗണേശചതുർഥി തുടങ്ങിയ അവസരങ്ങളിൽ ഗംഗയിലേക്ക് ഒഴുകുന്ന മാലിന്യത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുന്നു © ജോയൽ കെ. പയസ്
സിദ്ധനാഥ് ഘാട്ടിലെ ഈ ക്ഷേത്രത്തിന്റെ ചുമരുകളിൽ ഗംഗ അതിന്റെ ഉയർച്ചതാഴ്ചകളുടെ കണക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഗംഗയിൽ ഒഴുക്കുകൂടുന്ന മൺസൂൺ മാസങ്ങളിൽ ക്ഷേത്രത്തിന്റെ പലഭാഗങ്ങളും ജലനിരപ്പിന് കീഴെയായിരുക്കും
സിദ്ധനാഥ് ഘാട്ടിലെ ഈ ക്ഷേത്രത്തിന്റെ ചുമരുകളിൽ ഗംഗ അതിന്റെ ഉയർച്ചതാഴ്ചകളുടെ കണക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഗംഗയിൽ ഒഴുക്കുകൂടുന്ന മൺസൂൺ മാസങ്ങളിൽ ക്ഷേത്രത്തിന്റെ പലഭാഗങ്ങളും ജലനിരപ്പിന് കീഴെയായിരുക്കും © ജോയൽ കെ. പയസ്

നഗരത്തിന് വടക്കുഭാഗത്തായി ഗംഗാതീരത്തുള്ള ഒരു ചെറിയ തീർത്ഥാടന കേന്ദ്രമാണിത്. ബിത്തൂരിൽ മുഴുവൻ ക്ഷേത്രങ്ങൾ ആണെന്നാണ് ഒറ്റനോട്ടത്തിൽ തോന്നിയത്. എവിടേക്ക് തിരിഞ്ഞാലും അമ്പലങ്ങളുടെ ഗോപുരങ്ങൾ തലപൊക്കി നിൽക്കുന്നു. അവിടെവെച്ച് ഒരു കടക്കാരനെ പരിചയപ്പെട്ടു. ഞാൻ കേരളത്തിൽ നിന്നാണ് എന്നറിഞ്ഞപ്പോൾ അയാൾ സംസാരിക്കാൻ ഉത്സാഹം കാണിച്ചു. കേരളത്തിലെ ഉയർന്ന വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചാണ് പുള്ളിക്കാരന് അറിയേണ്ടത്. ഉത്തർപ്രദേശിൽ പെൺകുട്ടികളെ പെട്ടന്ന് കല്യാണം കഴിപ്പിക്കാൻ മാതാപിതാക്കൾ പരിശ്രമിക്കുമ്പോൾ, കേരളത്തിലുള്ളവർ പെണ്മക്കളെ പഠിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്ന അഭിപ്രായമാണ് അയാൾക്കുണ്ടായിരുന്നത്. ഞാനും അക്കാര്യം ശരിവെച്ചു. കാര്യമായ ഒഴുക്കില്ലെങ്കിലും, കാൺപൂരിലെ അത്രയും മലിനമല്ലായിരുന്നു ബിത്തൂരിലെ ഗംഗ. നദീതീരത്ത് കെട്ടിയിട്ടിരുന്ന തോണികളിൽ ഒന്നിലിരുന്ന് ഞങ്ങൾ ചുറ്റുപാടുകൾ നിരീക്ഷിച്ചു. ബിത്തൂരിൽ നിന്ന് ഏതാനും കിലോമീറ്റർകൂടി മുന്നോട്ട് ഒഴുകുന്നതോടെ ഗംഗ അതിന്റെ ഏറ്റവും വലിയ ശത്രുവിനെ നേരിടുകയാണ്. കാൺപൂരിലെ വിഷമാലിന്യങ്ങൾ നദിയുടെ ജീവൻ അപഹരിക്കുന്നതിന് തൊട്ടുമുമ്പായി, പ്ലാസ്റ്റിക് ജാറുകളിൽ ഗംഗാജലം നിറച്ചുകൊണ്ടുപോകുന്ന തീർത്ഥാടകരെ നോക്കി ഞാൻ ചിന്തകളിൽ ലയിച്ചിരുന്നു.

രണ്ടുമണിക്കൂറോളം ബിത്തൂരിൽ ചിലവഴിച്ചാണ് ഞങ്ങൾ മുറിയിലേക്ക് മടങ്ങിയത്.കാൺപൂരിനോട് യാത്ര പറയുന്നതിന് മുൻപ് ഒരു ചടങ്ങുകൂടി പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. ഈ നഗരത്തിന് സൽപ്പേരും, ദുഷ്പ്പേരും ഒരുപോലെ കേൾപ്പിക്കുന്ന തുകൽ വ്യവസായ മേഖലയിൽ സന്ദർശനം നടത്താനാണ് അവസാന ദിവസം ഞങ്ങൾ ഉപയോഗിച്ചത്. ഗംഗയുടെ തീരത്തുള്ള ജാജ്‌മാവുവിലാണ് ഈ വ്യവസായം കേന്ദ്രീകരിച്ചിട്ടുള്ളത്. നദിയെ മലിനീകരിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്ന കാരണം കൊണ്ടുതന്നെ കാൺപൂരിലെ തുകൽ ഫാക്ടറികൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. സുൾഫ്യൂരിക് ആസിഡും, ക്രോമിയം സൾഫേറ്റും ആണ് ഇവിടത്തെ ഫാക്ടറികളിൽ ഉപയോഗിക്കപ്പെടുന്ന പ്രധാന രാസവസ്തുക്കൾ. ജലജന്തുക്കൾക്കും, മനുഷ്യനും മാത്രമല്ല മുഴുവൻ ആവാസ വ്യവസ്ഥക്കുതന്നെ അത്യധികം ദോഷകരമായ രാസപദാർത്ഥമാണ് ക്രോമിയം. ടൺ കണക്കിന് ക്രോമിയം ഗംഗയിലേക്ക് ഇതിനകം ഒഴുകി കഴിഞ്ഞിരിക്കുന്നു. ഈ രാസവസ്തുവിനെ ഒഴിവാക്കിയുള്ള തുകൽ സംസ്‌ക്കരണവിദ്യ പലയിടത്തും നിലവിൽ വന്നിട്ടുണ്ട്. എങ്കിലും കാൺപൂരിലെ സ്ഥിതിയിൽ കാര്യമായ മാറ്റം വന്നിട്ടില്ല. ഇവിടം മുതൽ പട്ന വരെയുള്ള മധ്യഗംഗാതടത്തിൽ പ്രവർത്തിക്കുന്ന രാസവസ്തുനിർമ്മാണ ശാലകൾ, തുകൽ വ്യവസായകേന്ദ്രങ്ങൾ, മദ്യോൽപ്പാദന ഡിസ്റ്റില്ലറികൾ, അറവുശാലകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ലിറ്റർ മലിനജലമാണ് ഗംഗയിലേക്ക് ദിനം പ്രതി ഒഴുകുന്നത്.  ഒരു റിപ്പോർട്ട് പ്രകാരം 2.7 ബില്യൻ ലിറ്റർ മലിനജലം ഓരോ ദിവസവും ഗംഗയിലേക്ക് ഒഴുകുന്നുണ്ട് [8]. നമാമി ഗംഗ പോലുള്ള പദ്ധതികൾക്കായി കേന്ദ്രസർക്കാർ കോടികൾ മുടക്കുന്നുണ്ടെങ്കിലും അതിൽ ഒരു വലിയ പങ്കും ഗംഗയിലെ ഒഴുക്കിനോടൊപ്പം ഒലിച്ചുപോകുമോ എന്ന് ആശങ്കപ്പെടുന്നവരും കുറവല്ല. സുമിതിന്റെ ഒരു സുഹൃത്തിന് പരിചയമുള്ള തുകൽ ഫാക്ടറിയിലേക്കാണ് ഞങ്ങൾ പോയത്. സൗഹാർദ്ദപരമായ സ്വീകരണമാണ് ഞങ്ങൾക്ക് അവിടെ ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെ നിർദേശാനുസരണം അസംസ്‌കൃത തുകലിന്റെ (raw skin) സംസ്കരണം പൂർണമായും നിറുത്തി വെച്ചിരിക്കുകയാണ് എന്നാണ് ഫാക്ടറിയുടെ ഉടമ പറഞ്ഞത്. കൊൽക്കത്തയിൽ നിന്ന് കൊണ്ടുവരുന്ന സംസ്കരിച്ച തുകൽ (processed leather) ഉപയോഗിച്ച്  മൂല്യവർദ്ധിത വസ്തുക്കൾ നിർമ്മിക്കുന്ന പ്രവർത്തികൾ മാത്രമേ ഇപ്പോൾ നടക്കുന്നുള്ളൂ. പുറമേനിന്ന് തുകൽ കൊണ്ടുവരുന്നത് മൂലം തങ്ങളുടെ വ്യാപാരം നഷ്ടം നേരിടുകയാണെന്ന് ആ വ്യവസായി പറഞ്ഞു. തുകൽ വ്യവസായത്തിന് വേണ്ടി മാത്രമായി ഒരു മലിനജലസംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ തയ്യാറാകണം എന്നാണ് അയാളുടെ അഭിപ്രായം. ഇപ്പോൾ നിലവിലുള്ള പ്ലാന്റിന്റെ ശേഷി കുറവാണ് എന്നുമാത്രമല്ല, നഗരത്തിലെ മറ്റ് വ്യവസായ ശാലകളിൽ നിന്നുള്ള മലിന ജലവും, ഗാർഹിക മാലിന്യവും ഒരേ പ്ലാന്റിൽ തന്നെയാണ് ഒഴുകിയെത്തുന്നത്. പ്ലാന്റിന്റെ ശേഷി കൂട്ടാതെ, തുകൽ സംസ്‌കരണം നിറുത്തിവെപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം ദോഷകരമാണ് എന്നാണ് അയാളുടെ അഭിപ്രായം. സന്ദർശനം അവസാനിപ്പിക്കുന്നതിന് മുൻപ് ആ വ്യവസായശാല മുഴുവൻ ഞങ്ങൾ ചുറ്റിയടിച്ചു കണ്ടു. കൂടിയിട്ടിരിക്കുന്ന തുകലുകളിൽ നിന്നുള്ള ഉണങ്ങിയ രക്തത്തിന്റെ ഗന്ധം അവിടം മുഴുവൻ നിറഞ്ഞിരുന്നു. ഇറക്കുമതി ചെയ്ത അത്യാധുനിക യന്ത്രങ്ങളിലൂടെ കടന്നുപോകുന്ന തുകലുകൾ അവസാന ഘട്ടത്തിൽ വിലപിടിപ്പുള്ള പഴ്‌സുകളും, ബെൽറ്റുകളും ആയി രൂപം മാറി വിദേശരാജ്യങ്ങളിലെ വിപണികളിലേക്ക് പറക്കുന്നു. കാൺപൂരിലെ തുകൽ സംസ്കരണം സർക്കാർ നിരോധിച്ചിട്ടുണ്ടെങ്കിലും, രഹസ്യമായി വ്യവസായ ശാലകൾ പ്രവർത്തിക്കുന്നുണ്ട് എന്ന ആരോപണവും ഇല്ലാതില്ല. രാത്രി സമയങ്ങളിലാണ് ഇത്തരം നിയമവിരുദ്ധ പ്രവർത്തികൾ നടക്കുന്നത് എന്നാണ് കേട്ടത്. ഏതാനും ദിവസം മുമ്പ് ജാജ്‌മാവുവിൽ ഗംഗയുടെ തീരത്തുകൂടി നടക്കുമ്പോൾ കറുത്ത ചാലുകൾ ഞങ്ങൾ കണ്ടിരുന്നു. തുകൽ ഫാക്റ്ററികൾ പുറത്തുവിടുന്ന മലിന ജലമാണ് അതെന്ന് വഴിയിൽ കണ്ട ഒരാൾ പറഞ്ഞത് ഞാനോർത്തു. ഒരു മലിനജല സംസ്‌ക്കരണ പ്ലാന്റും ഞങ്ങളന്ന് സന്ദർശിച്ചു. നഗരത്തിലെ പ്രധാനപ്പെട്ട ദ്രാവക മാലിന്യ സംസ്‌ക്കരണ കേന്ദ്രമായിരുന്നു അത്.

കാൺപൂരിൽ എത്തിയതോടെ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്ന് ഞങ്ങൾ പൂർണ്ണമായും പുറത്തുകടന്നു. ഗംഗ-യമുന ദൊവാബിന്റെ ഫലപൂയിഷ്ടമായ കിഴക്കേ അതിരിലേക്കാണ് ഇനിയുള്ള യാത്ര

തങ്ങൾക്ക് കൃത്യമായ വേതനമോ, ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല എന്നുപറഞ്ഞ് സമരം ചെയ്യുന്ന കുറച്ച് കരാർ ജീവനക്കാരെ അവിടെ കണ്ടു. മലിനജല സംസ്കരണം സ്വകാര്യ കമ്പനികൾക്ക് എൽപ്പിച്ചുകൊടുക്കുന്നതിനെ എതിർത്തുകൊണ്ടാണ് അവർ സംസാരിച്ചത്. ദുർഗന്ധം വമിക്കുന്ന വലിയ ടാങ്കുകളുടെ അരികിലൂടെ നടക്കുന്നതിനിടയിലാണ് പ്ലാന്റിലെ ഒരു ജോലിക്കാരനെ കണ്ടുമുട്ടിയത്. നരച്ച മുടിയും, മെലിഞ്ഞ കൈകളുമുള്ള അയാൾ വലിയൊരു ഇരുമ്പുകമ്പി ഉപയോഗിച്ച് മലിനജലം ഒഴുകുന്ന കുഴൽ വൃത്തിയാക്കുകയായിരുന്നു. കഴിഞ്ഞ 20 വർഷമായി ദുർഗന്ധത്തിന്റെയും വിഷവസ്തുക്കളുടെയും ഇടയിൽ പണിയെടുക്കുകയാണ് ആ മനുഷ്യൻ അയാളുടെ 16,000 രൂപ മാസ ശമ്പളം മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനം. ജോലിയിൽ നിന്ന് വിരമിക്കാൻ അധികം വർഷങ്ങൾ ഇല്ല എന്നുള്ള സത്യം അയാളെ ആശങ്കപ്പെടുത്തുന്നു എന്നെനിക്ക് തോന്നി. ആരും അറയ്ക്കുന്ന ഒരു ചുറ്റുപാടിൽ രണ്ടുപതിറ്റാണ്ടുകൾ ജോലി ചെയ്തിട്ടും എവിടെയും കരപറ്റാത്തതിന്റെ സങ്കടം അയാളുടെ വാക്കുകളിൽ നിഴലിച്ചു. അയാളോട് യാത്ര പറഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു.കൈവശമുള്ള ടിഡിഎസ് മീറ്റർ ഉപയോഗിച്ച് നഗരത്തിലെ വിവിധ ഘാട്ടുകളിലെ ജലം ഞങ്ങൾ പരിശോധിച്ചിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും മലിനമായി കണ്ടത് ജാജ്മാവുവിലെ വെള്ളമായിരുന്നു. കാൺപൂരിനോട് വിടപറയുന്നതിന് തൊട്ടുമുൻപ് ഞങ്ങൾ അതുവരെ കുടിച്ചിരുന്ന കുഴൽക്കിണർ വെള്ളവും പരിശോധിച്ചു. സോനുവും, മോനുവും തങ്ങളുടെ ഹോട്ടലിൽ വരുന്നവർക്ക് കുടിക്കാൻ കൊടുക്കുന്നതും അതുതന്നെയാണ്. മനുഷ്യന് കുടിക്കാൻ അനുവദനീയമായ ജലത്തിൽ അലിഞ്ഞു ചേർന്നിരിക്കാവുന്ന പരമാവധി ലായകത്തിന്റെ (total dissolved solvents) അളവ് 500 പാർട്സ് പെർ മില്ല്യൺ (ppm) ആണ്. ഞങ്ങൾ ഒരാഴ്ചയോളം കുടിച്ചുകൊണ്ടിരുന്ന വെള്ളത്തിന്റെ ടിഡിഎസ് 900 ppm ൽ അധികമായിരുന്നു. ഒരു ജലശുചീകരണി വാങ്ങാൻ സോനുവിനെയും, മോനുവിനെയും ഉപദേശിച്ചിട്ടാണ് ഞങ്ങൾ ഗ്രാന്റ് ട്രങ്ക് റോഡിലേക്ക് സൈക്കിളുകൾ ഇറക്കിയത്. കാൺപൂരിലെ നീണ്ട താമസത്തിന് അവസാനമായിരിക്കുന്നു. അലഹബാദിലേക്ക് നീണ്ടുകിടക്കുന്ന ഹൈവേയിലൂടെ ഞങ്ങളുടെ സൈക്കിളുകൾ സാവധാനം കിഴക്കോട്ട് ഉരുണ്ടു.

_______

Notes

[1] From Kaniyapur to Kanpur 210 years, Times of India March 24, 2013  [2] This sweet shop in Kanpur has been ‘cheating’ its customers, but why? NDTV Food, July 24, 2019 [3] The Last Mughal, The fall of a dynasty, Delhi, 1857 by William Dalrymple [4] The Indian Mutiny by Saul David, The Indian Mutiny of 1857 by Colonel G B  Malleson   [5] The Indian Mutiny by Saul David, The Indian Mutiny of 1857 by Colonel G B  Malleson  [6] The Indian Mutiny by Saul David, The Indian Mutiny of 1857 by Colonel G B  Malleson  [7] The Indian Mutiny by Saul David, The Indian Mutiny of 1857 by Colonel G B  Malleson  [8] Dirty Flows the Ganga by Raghu Dayal, Economic and Political Weekly, June 18, 2016

Joyel K Pious

ജോയൽ കെ പയസ് ഒരു ഫോട്ടോഗ്രാഫറും, ദ്വിഭാഷ എഡിറ്ററും ആണ്. ഡൽഹിയിൽ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ് ദിനപത്രത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നു. കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള അദ്ദേഹം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിൽ തല്പരനാണ്. ഫോട്ടോമെയിലിന്റെ ന്യൂസ് എഡിറ്റർ എന്ന നിലയിലും അദ്ദേഹം തന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നു.

Published on November 11, 2021

Share

Home » Portfolio » Authors » Joyel K Pious » ചുവപ്പും കറുപ്പും: ചില കാൺപൂർ ഓർമ്മകൾ

Related Articles

2022-02-03T18:22:26+05:30

പ്രയാഗിലെ ദേശാടനക്കിളികൾ

നല്ല വെയിലുള്ള ഒരു ഉച്ചയ്ക്കാണ് ഞങ്ങൾ കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗ്രാൻഡ് ട്രങ്ക് റോഡിന്റെ അരികിലൂടെ വളരെ ശ്രദ്ധയോടെ ഞാൻ സൈക്കിൾ ചവിട്ടി. വേഗമേറിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന കാറ്റിന് സൈക്കിളിന്റെ താളം തെറ്റിക്കാൻ കഴിയും എന്നതിനാൽ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. മുമ്പിലുള്ള പ്രധാന നഗരം 130 കിലോമീറ്റർ കിഴക്കുള്ള അലഹബാദ് ആയിരുന്നു. ഒറ്റദിവസം കൊണ്ട് അവിടെ എത്താനാകില്ല എന്നതുകൊണ്ട് ഇടയ്ക്കുള്ള ഫത്തേപ്പൂർ എന്ന പട്ടണത്തിൽ രാത്രി തങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഗംഗയുടെയും, യമുനയുടെയും ഇടയിലായാണ് ജില്ലാ ആസ്ഥാനം കൂടിയായ ഫത്തേപ്പൂരിന്റെ കിടപ്പ്. കയറ്റിറക്കങ്ങൾ ഇല്ലാത്ത വഴിയിലൂടെയുള്ള യാത്ര സുഖകരമായിരുന്നു.

2021-11-12T15:22:58+05:30

ചുവപ്പും കറുപ്പും: ചില കാൺപൂർ ഓർമ്മകൾ

നഗരത്തെ നടുവിലൂടെ കീറിമുറിച്ച് കടന്നുപോകുന്ന പ്രധാന പാതയിലൂടെ പതിനഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മാത്രമേ സുമിതിന്റെ സുഹൃത്തുക്കൾ ഏർപ്പാടാക്കിയ മുറിയിൽ എത്താനാകൂ. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും വലുതും, തിരക്കുപിടിച്ചതുമായ നഗരമായിരുന്നു കാൺപൂർ. നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന മോട്ടോർ വാഹനങ്ങളുടെ ഇടയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നത് ഒരു സർക്കസ് വിദ്യ പോലെ തോന്നി. വഴിയിൽ ഇടക്കിടെ വരുന്ന മേൽപ്പാലങ്ങളിലേക്ക് സൈക്കിൾ ചവിട്ടിക്കയറ്റാൻ ഞങ്ങൾ ഇരുവരും പ്രയാസപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളുടെ ഹോണുകൾ സൃഷ്ടിക്കുന്ന ഒച്ചപ്പാടിൽ സൈക്കിൾ മണികളുടെ ശബ്ദം അലിഞ്ഞില്ലാതായി. കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ട്രാഫിക് സിഗ്നലുകൾ പിന്നിടുന്നത് അതീവ ശ്രമകരമായിരുന്നു. ഓട്ടപ്പന്തയത്തിന് തയ്യാറെടുക്കുന്നതുപോലെ അക്ഷമരായി പച്ചവെളിച്ചവും കാത്ത് നിൽക്കുന്ന ഡ്രൈവർമാർക്കിടയിലൂടെ സൈക്കിൾ ചവിട്ടുന്നത് അപകടം നിറഞ്ഞ പരിപാടിയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പ്രയാണത്തിനൊടുവിലാണ് കാൺപൂർ നഗരത്തിന്റെ തെക്കേയറ്റത്ത് ഞങ്ങൾ എത്തിച്ചേർന്നത്.

2021-09-28T14:35:13+05:30

പുതുമഴയുടെ മണമുള്ള മണ്ണിൽ

മുറിയിൽ എത്തിയപ്പോൾ ധർമ്മശാലയുടെ ഉടമ അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിശേഷങ്ങൾ കേട്ടപ്പോൾ അയാൾ ഭേദപ്പെട്ട ഒരു മുറി തന്നു. ചിലന്തിവലകൾ നിറഞ്ഞ, ഈർപ്പം തങ്ങി നിന്നിരുന്ന ആ മുറി ആദ്യത്തെ സ്റ്റോർ റൂമിനേക്കാൻ നല്ലതായിരുന്നു. ഞങ്ങളുടെ പര്യടനഭൂപടത്തിൽ ഉൾപ്പെടാത്ത സ്ഥലമായിരുന്നെങ്കിലും, ബദായൂനിന്റെ ചരിത്രത്തെക്കുറിച്ച് ഞാൻ അല്പം അന്വേഷണം നടത്തി. അഹർ രാജകുമാരനായ ബുദ്ധ് പൊതുയുഗം (CE) 905ൽ സ്ഥാപിച്ചതാണ് ഈ നഗരം എന്ന് വിശ്വസിക്കപ്പെടുന്നു. മുഹമ്മദ് ഗസ്നിയുടെ ബന്ധുവായ സയ്യിദ് മസൂദ് ഗാസി CE 1028 ൽ ഈ പ്രദേശം പിടിച്ചടക്കി

2021-09-28T14:39:41+05:30

ബ്രിജ്ഘാട്ടിലെ ചൂടുകാറ്റ്

‘തീർത്ഥാടക നഗരിയായ അനുപ്ശഹറിലേക്ക് സ്വാഗതം’ എന്നെഴുതി വെച്ചിട്ടുള്ള ഒരു വലിയ കമാനം ഞങ്ങളുടെ മുൻപിൽ തലയുയർത്തി നിന്നു. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത് അനുപ് റായ് എന്ന രാജാവാണ് ഈ പട്ടണം സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്.

2021-09-28T14:40:57+05:30

രണ്ട് പുതിയ ചങ്ങാതിമാർ

ഇരുട്ട് വീഴും മുൻപേ ഹൈവേയിൽ എത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അഞ്ചുമണി ആയപ്പോഴേക്കും വെളിച്ചം കുറയാൻ തുടങ്ങി. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളും, ഒറ്റപ്പെട്ട ചില ഗ്രാമങ്ങളും മാത്രമേ വഴിയിൽ കണ്ടുള്ളൂ. കാലിൽ വേദന കൂടിക്കൂടി വന്നതുകൊണ്ട് സൈക്കിൾ വേഗത്തിൽ ചവിട്ടാനും കഴിയുന്നില്ല. ഓരോ കിലോമീറ്ററും പിന്നിടാൻ വേണ്ട സമയം കൂടിവന്നു.

2021-09-28T14:43:59+05:30

ഹരിദ്വാറിലെ ശാന്തിതീരം

ഹരിദ്വാറിലെ ഘാട്ടുകൾക്കും ആചാരങ്ങൾക്കും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഗുരുവിന്റെ സ്മരണയിൽ ഗുരുദ്വാര നാനക്-വാര (Gurudwara Nanakwara) എന്ന വലിയൊരു സിഖ് ആരാധനാലയം ഇവിടെ ഉയർന്നു വന്നിരിക്കുകയാണ്.

2021-09-28T14:45:56+05:30

യോഗാനഗരിയിലെ ബീറ്റിൽസ് താളങ്ങൾ

സംസ്കാരത്തിന്റെ സംരക്ഷകർ എന്നു സ്വയം വിശേഷിപ്പിക്കുന്ന ചിലർക്ക് വേറെ ചില ‘പ്രശ്നങ്ങളാണ്’ ഉയർത്തിക്കാട്ടാനുള്ളത് വിദേശ വിനോദ സഞ്ചാരികൾ അസന്മാർഗിക പ്രവർത്തികളിൽ ഏർപ്പെടുന്നു എന്നും, ഋഷികേശിന്റെ ‘പവിത്രത’ നഷ്ടപ്പെടുത്തുന്നു എന്നും ആരോപിച്ച് വിശ്വഹിന്ദു പരിഷദ് രംഗത്തുവന്നത് ഒരു ഉദാഹരണമാണ്.

2021-09-28T14:47:25+05:30

ദേവപ്രയാഗിലെ സന്ധ്യകൾ

ആളുകളെ കുത്തിനിറച്ച ഒരു ജീപ്പിലാണ് ടെഹ്‌റി അണക്കെട്ടിന് അപ്പുറത്തുള്ള ധൻസാലിയിൽ നിന്ന് ദേവപ്രയാഗിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങിയത്.

2021-09-28T14:48:50+05:30

സമരഭൂമിയിലൂടെ ഒരു ബോട്ട് സവാരി

ചമ്പയിലെത്തിയപ്പോഴേക്കും നേരം നല്ലപോലെ ഇരുട്ടി. തിരക്ക് പിടിച്ച ഒരു പട്ടണം. കുറേ അലഞ്ഞ ശേഷം 300 രൂപ വാടകക്ക് ഒരു ചെറിയ മുറി കിട്ടി. അടുത്ത രണ്ടോമൂന്നോ ദിവസം ഇവിടെ താമസിച്ച് ചുറ്റുമുള്ള പ്രദേശങ്ങൾ സന്ദർശിക്കാനായിരുന്നു പരിപാടി. പുറത്ത് നിന്നും പാർസൽ വാങ്ങിയ ചോറും പരിപ്പും, അടുത്തുള്ള ചന്തയിൽ നിന്ന് വാങ്ങിയ പച്ചക്കറികൾ ചേർത്തുണ്ടാക്കിയ സാലഡും കൂട്ടി ഞങ്ങൾ അത്താഴം കഴിച്ചു. തണുപ്പ് കൂടിക്കൂടി വന്നു.

2021-09-28T14:50:04+05:30

പെരുംമഴയിൽ കുതിർന്ന കാലടികൾ

ഉച്ച കഴിഞ്ഞതോടെ കാലാവസ്ഥയാകെ മാറി. കാർമേഘങ്ങൾ സൂര്യനെ മറച്ചു. എപ്പോൾ വേണമെങ്കിലും മഴ പെയ്യാമെന്നായി. ഹർസിൽ എത്താൻ ഇനിയും പത്ത് കിലോമീറ്ററോളം ഉണ്ട്. കയ്യിൽ കരുതിയിട്ടുള്ള മഴക്കോട്ടുകൾ ഞങ്ങൾ അണിഞ്ഞു. ബാഗുകൾ നനയാതിരിക്കാൻ പ്രത്യേകം കവറുകൾ ഉണ്ടായിരുന്നു. പെരുംമഴ തുടങ്ങി. നടത്തം വളരെ സാവധാനത്തിലായിരുന്നു. ഒരു മണിക്കൂറിൽ മൂന്ന് കിലോമീറ്റർ പോലും പിന്നിടാൻ ഞങ്ങൾക്ക് സാധിച്ചില്ല.

2021-09-28T14:51:30+05:30

യാത്രകളുടെ തുടക്കം

ഹിമാലയന്‍ മഞ്ഞുപാടങ്ങളില്‍ നിന്നൊഴുകി, ചരിത്രമുറങ്ങുന്ന ജനപഥങ്ങളെ തഴുകി, ബംഗാള്‍ ഉള്‍ക്കടലിന്‍റെ ആഴങ്ങളില്‍ അലിയുന്നത് വരെയുള്ള ഗംഗയുടെ യാത്രയെ, നാല് മാസത്തോളം സൈക്കിളിലും, കാൽനടയായും ജോയൽ കെ. പയസ് അനുഗമിച്ചതിന്റെ എഴുത്തും ചിത്രങ്ങളും.