മൊഴിമാറ്റം

ഫോട്ടോ മെയിൽ
മലയാളം പേജിൽ
സമകാലിക ഫോട്ടോഗ്രാഫി
അതിന്റെ ചരിത്രം, സൗന്ദര്യശാസ്ത്രം
ടെക്നിക്കുകൾ, വിമർശനം, കൂടാതെ
വിവർത്തനം ചെയ്‌തു
ലേഖനങ്ങൾ പ്രസിദ്ധീകരിക്കും

Photography © ഡോൺ മെക്കള്ളിൻ | Image source internet

യാതനയുടെ ഫോട്ടോഗ്രാഫുകൾ

ജോൺ ബെർജർ; മൊഴിമാറ്റം ജയ തമ്പി

വിയറ്റ്നാമിൽ നടക്കുന്നതൊന്നും ഇന്ന് രാവിലെ വലിയ വാർത്തയായി വന്നുകണ്ടില്ല. അമേരിക്കൻ വ്യോമസേന ക്രമാനുഗതമായി വടക്കൻ പ്രദേശങ്ങളെ ബോംബ് ചെയ്യാനുള്ള നയം നടപ്പിലാക്കികൊണ്ട് പോകുന്നു എന്ന് മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളു. ഇന്നലത്തെ മാത്രം കണക്കെടുത്താൽ റെയിഡുകളുടെ എണ്ണം 270 ആയിരിക്കുന്നു.  

ഈ റിപ്പോർട്ടിന് പിന്നിൽ മറ്റുവിവരങ്ങളുടെ കൂമ്പാരം തന്നെ കിടപ്പുണ്ട്. ഈ മാസത്തെ ഏറ്റവും തീവ്രമായ റെയിഡുകൾ അമേരിക്കൻ വ്യോമസേന നടത്തിയത് മിനിഞ്ഞാന്നാണ്. ഇതുവരെയുള്ള കണക്കെടുത്താൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ബോംബാക്രമണങ്ങൾ നടന്നത് ഈ മാസമാണ്. ഏഴ് ടൺ സൂപ്പർ ബോംബുകൾ ഓരോന്നും എട്ടായിരം ചതുരശ്രമീറ്ററോളമാണ്  നിലംപരിശാക്കുന്നത്. ഇപ്പറഞ്ഞ വലിയ ബോംബുകൾക്കുപുറമെ ചെറിയ പലതരം ‘ആന്റി-പർസണൽ’ ബോംബുകളും നിലവിൽ പ്രയോഗിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഒന്ന് പ്ലാസ്റ്റിക് മുൾക്കമ്പികൾ അടങ്ങിയിട്ടുള്ളതാണ് – അത് മാംസം തുളച്ചു ശരീരത്തിലാഴ്ത്തിയാൽ പിന്നെ എക്സ്-റേ വഴിപോലും കണ്ടുപിടിക്കാനാകില്ല. സ്പൈഡർ എന്നറിയപ്പെടുന്ന മറ്റൊന്നുണ്ട് – 30 സെന്റിമീറ്റർ നീളമുള്ള, ഏറെക്കുറെ അദൃശ്യമായ, തൊട്ടാൽ പൊട്ടിത്തെറിക്കുന്ന, ആന്റിനയുള്ള ചെറിയ ഗ്രെനേഡ് പോലെയുള്ള ബോംബ് ആണത്. വലിയ സ്ഫോടനങ്ങൾ നടക്കുന്നിടങ്ങളിൽ ഈ ബോംബുകളും  വിതറിയിടുന്നത് സ്പോടനശേഷം തീ അണക്കാനായെത്തുന്നവരെയും സ്ഫോടനത്തിൽ പരിക്കേറ്റവരെ സഹായിക്കാനായി കടന്നുവരുന്നവരെയും ലക്ഷ്യം വച്ചുകൊണ്ടാണ്.ഇന്നത്തെ പത്രങ്ങളിൽ വിയറ്റ്‌നാമിൽ നിന്നുള്ള ഫോട്ടോഗ്രാഫുകൾ ഒന്നുംതന്നെയില്ല. എന്നാൽ ഡൊണാൾഡ് മെക്കള്ളിൻ 1968-ൽ വിയറ്റ്നാമിലെ ഹ്‌വെ നഗരത്തിൽ വച്ചെടുത്ത ഫോട്ടോ ഇന്നത്തെ റിപ്പോർട്ടുകൾക്കൊപ്പം പ്രസിദ്ധീകരിക്കാവുന്നതാണ്. (ദി ഡിസ്ട്രക്ഷൻ ബിസിനസ്സ്, ഡൊണാൾഡ് മെക്കള്ളിൻ, ലണ്ടൻ 1972 കാണുക.) തന്റെ കൈകളിൽ ഒരു കുട്ടിയെ ചേർത്തുപിടിച്ചുകൊണ്ട് പതുങ്ങിയിരിക്കുന്ന ഒരു വൃദ്ധൻ; ഇരുവരും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയുടെ കറുത്ത ചോരയിൽ കുതിർന്നിരിക്കുന്നു.

ഞെട്ടിപ്പിക്കുമെന്ന് കരുതി മുൻപൊക്കെ ഒരുപക്ഷെ മറച്ചുവയ്ക്കപെടുമായിരുന്ന യുദ്ധഫോട്ടോഗ്രാഫുകൾ ഇപ്പോൾ ചില പത്രങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത് ഒരു വർഷത്തോളമായി നമ്മൾ കണ്ടുവരുന്നുണ്ട്. കൂടുതൽ വായനക്കാർ യുദ്ധത്തിന്റെ ഭീകരതയെ കുറിച്ച് ബോധവാന്മാരാണെന്നും അതിന്റെ യാഥാർഥ്യം അറിയാൻ തല്പരരാണെന്നും പത്രങ്ങൾ ഇപ്പോൾ മനസിലാക്കിവന്നത് കൊണ്ടാണ് ഈ മാറ്റമെന്നു ഇതിലൂടെ സമർത്ഥിക്കാം. അല്ലെങ്കിൽ, ഇന്ന് കൂടുതൽ ജനങ്ങൾ ഹിംസാത്മകമായ ഫോട്ടോഗ്രാഫുകൾ കണ്ടു പരിചിതരായതിനാൽ ഹിംസാത്മക വികാരങ്ങളെ ചൂഷണം ചെയ്യാൻ പത്രങ്ങൾ മത്സരിക്കുകയാണ് എന്ന മറുവാദവും ഉണ്ട്.

ആദ്യത്തെ വാദം ഏറെ ആദർശാത്മകവും (idealistic) രണ്ടാമത്തേത് ലളിതമായ ദോഷോക്തി (cynical) അടങ്ങുന്നതുമാണ്. ഇന്ന് പത്രങ്ങൾ ഹിംസയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിൽ, കാഴ്ചക്കാരിൽ അവ ഉണ്ടാക്കുന്ന സ്വാധീനം മുൻപ് വിചാരിച്ച പോലെയല്ല എന്നത് കൊണ്ടാണ്. സൺ‌ഡേ ടൈംസ് പോലെയുള്ള പത്രങ്ങൾ ഇന്ന് വിയറ്റ്നാമിൽ നിന്നും നോർത്തേൺ അയർലാണ്ടിൽ നിന്നും ഞെട്ടിപ്പിക്കുന്ന ഫോട്ടോഗ്രാഫുകൾ പ്രസിദ്ധീകരിക്കുകയും, അതേസമയം നയപരമായി ഈ യുദ്ധങ്ങളെ അനുകൂലിക്കുകയും ചെയ്യുന്നുണ്ട്. ആയതിനാൽ നമുക്ക് ചോദിക്കേണ്ടി വരുന്നു: ഈ ഫോട്ടോഗ്രാഫുകളുടെ ‘എഫക്റ്റ്’ (ഫലം) എന്താണ്?ഈ ഫോട്ടോഗ്രാഫുകളെല്ലാം രാഷ്ട്രീയ സിദ്ധാന്തങ്ങളുടെയും മരണപ്പെട്ടവരുടെ കണക്കുകളുടെയും വാർത്താവിവരണങ്ങളുടെയും പുറകിലുള്ള നടുക്കുന്ന ജീവിത യാഥാർഥ്യങ്ങളുടെ ഓർമ്മപ്പെടുത്തലുകളാണെന്ന് വാദിക്കുന്നവരുണ്ട്. നമ്മൾ അറിയാനാഗ്രഹിക്കാത്ത ഒരു ലോകത്തെ മറയ്ക്കാനായി വിരിച്ചിരിക്കുന്ന കറുത്ത തിരശ്ശീലയുടെ മുകളിലാണ് ഈ ഫോട്ടോഗ്രാഫുകൾ അച്ചടിക്കപ്പെടുന്നത് എന്നവർ കരുതുന്നു. ഇവരെ സംബന്ധിച്ചിടത്തോളം മെക്കള്ളിൻ നമുക്ക് അടക്കാനാകാത്ത കണ്ണായി മാറുന്നു. എന്നാൽ എന്തായിരിക്കാം ഈ കണ്ണുകൾ, ഈ ഫോട്ടോഗ്രാഫുകൾ നമുക്ക് കാണിച്ചു തരുന്നത്?

അവ നമ്മുടെ കാഴ്ചയെ ചുരുക്കുകയാണ് ചെയ്യുന്നത്. യുദ്ധഫോട്ടോഗ്രാഫുകൾക്ക്  അക്ഷരാർത്ഥത്തിൽ കൊടുക്കാവുന്ന ഒരു വിശേഷണം ‘സ്തംഭിപ്പിക്കുന്നത്’ (arresting) എന്നതാണ്. (പറഞ്ഞുവരുന്നത് ഫോട്ടോഗ്രാഫുകളെ ശ്രദ്ധിക്കാതെ പോകുന്നവരാരും ഇല്ല എന്നല്ല, അങ്ങനെയുള്ളവരെ കുറിച്ച് പറയാൻ ഒന്നുംതന്നെ ഇല്ല) നമ്മൾ ഫോട്ടോഗ്രാഫിലേക്ക് നോക്കുമ്പോൾ മറ്റൊരാൾ കടന്നുപോയ ദുരിതത്തിന്റെ നിമിഷമാണ് നമ്മളെ വലയുന്നത്. ഒന്നുകിൽ അതിയായ ഹതാശ അല്ലെങ്കിൽ ഒരുതരം രോഷം നമ്മൾ അനുഭവിക്കുന്നു. ഹതാശ മറ്റുള്ളവന്റെ ദുഖത്തെ ഉൾകൊള്ളാൻ മാത്രമേ ഉപയോഗപ്പെടുകയുള്ളു. മറിച്ചു, രോഷം നമ്മളിൽ ഒരു നടപടിക്കായുള്ള ചിന്ത ജനിപ്പിക്കുന്നു. എന്നാൽ പിന്നീട് നമ്മൾ ആ ഫോട്ടോഗ്രാഫിലെ നിമിഷത്തിൽ നിന്നും നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ഫോട്ടോഗ്രാഫിലെ നിമിഷവും നമ്മുടെ ജീവിതവും തമ്മിലുള്ള അന്തരം അത്രയും വലുതായതിനാൽ നമ്മുടെ നിത്യജീവിതത്തിന്റെ തുടർച്ചയിൽ നമുക്ക് ഒരു നിസ്സഹായത അനുഭവപ്പെടുന്നു. 

മെക്കള്ളിന്റെ സവിശേഷമായ ഫോട്ടോഗ്രാഫുകൾ രേഖപ്പെടുത്തുന്നത് യാതനയുടെ തൽക്ഷണമായ നിമിഷങ്ങളാണ് – ഒരു ഭീകരത, ഒരു മുറിപ്പെടുത്തൽ, ഒരു മരണം, ഒരു വിലാപം. ഈ നിമിഷങ്ങളാകട്ടേ യഥാർത്ഥത്തിൽ സാധാരണ സമയക്രമത്തിൽ നിന്നും വിച്ഛിന്നമാണ് (discontinuous). ഈ നിമിഷങ്ങളെല്ലാം സംഭവിക്കാൻ സാധ്യതയുള്ളതാണെന്ന അറിവും പ്രതീക്ഷയുമാണ് യുദ്ധത്തിന്റെ മുൻനിരയിൽ നിൽക്കുന്ന ഒരാളുടെ സമയാനുഭവത്തെ മറ്റു സമയങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. യാതനയുടെ ഒരു നിമിഷത്തെ ഒറ്റപ്പെടുത്തി എടുക്കുന്ന ക്യാമറ, ആ യാതനയുടെ അനുഭവം ആ നിമിഷത്തെ ഒറ്റപ്പെടുത്തുന്ന അത്രയും തന്നെ ഹിംസാത്മകമാകുന്നു1.തോക്കിനും ക്യാമറക്കും മാറിമാറി ഉപയോഗിക്കാവുന്ന ‘ട്രിഗർ’ എന്ന വാക്കു പോലും ചൂണ്ടിക്കാണിക്കുന്നത് ഇവതമ്മിലുള്ള – യാന്ത്രികതയിലേക്ക് ചുരുക്കാൻ കഴിയാത്ത – ചില സാമ്യതകളാണ്. ക്യാമറ കവർന്നെടുക്കുന്ന ചിത്രം തന്നെ ഇരട്ടഹിംസാത്മകത ഉള്ളതാണ്. രണ്ടു ഹിംസയും ദൃഢമാക്കുന്നത് ഒരേ വൈരുധ്യത്തെയാണ്: ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ട നിമിഷവും മറ്റു നിമിഷങ്ങളും തമ്മിലുള്ളത്.

എന്നാൽ നമ്മൾ ഫോട്ടോഗ്രാഫിന്റെ നിമിഷത്തിൽ നിന്നും നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോൾ ഈ കൃത്രിമം അറിയുന്നില്ല. മറിച്ച് ഈ വിഛിന്നത (discontinuity) നമ്മുടെ ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇത്തരം യുദ്ധഫോട്ടോഗ്രാഫുകളോടുള്ള ഏതൊരു പ്രതികരണവും ഏതൊരു കാഴ്ചക്കാരനും അപര്യാപ്തമായി അനുഭവപ്പെടാനേ വഴിയുള്ളു. ഫോട്ടോഗ്രാഫ് ചെയ്യപ്പെടുന്ന നിമിഷം നേരിൽ അനുഭവിച്ചവർ – മരിച്ചുകൊണ്ടിരിക്കുന്നവരുടെ കൈപിടിക്കുന്നവർ, രക്തത്തെ തടയാനും മുറിവുണക്കാനും നിൽക്കുന്നവർ – ഇവരാരും നമ്മൾ കാണുന്നപോലെയാകില്ല അതാത് നിമിഷങ്ങളെ അനുഭവിക്കുന്നത്, അതുകൊണ്ടുതന്നെ അവരുടെ പ്രതികരണങ്ങൾ മറ്റൊരു തലത്തിലുള്ളതായിരിക്കും. ഇതുപോലെയുള്ള നിമിഷങ്ങളെ  ഗഹനമായി വീക്ഷിക്കാനോ അതിൽ നിന്ന് ശക്തമായി ഉയരാനോ അവ നേരിൽ അനുഭവിക്കുന്നവർക്കാർക്കും സാധിക്കുന്നൊന്നല്ല. ഈ നിമിഷങ്ങളെ  അപകടകരമായ “ധ്യാനാമകത”യോടെ നോക്കിക്കാണുന്ന മെക്കള്ളിൻ ഒരിക്കൽ തന്റെ ഫോട്ടോഗ്രാഫിന് താഴെ നിർദയനായി എഴുതിയപോലെ, “ഞാൻ ക്യാമറയെ ഒരു ടൂത്ബ്രഷ് പോലെയാണ് കാണുന്നത്. അത് അതിന്റെ പണി ചെയ്യുന്നു.”യുദ്ധത്തിന്റെ ഫോട്ടോഗ്രാഫുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള വൈരുധ്യങ്ങൾ ഇപ്പോൾ കൂടുതൽ വ്യക്തമാകുന്നു. കാഴ്ചക്കാരിൽ ഒരു പ്രശ്നത്തെ കുറിച്ച് ആശങ്കയുണർത്തലാണ് ഫോട്ടോഗ്രാഫിന്റെ ഉദ്ദേശ്യം എന്നാണ് പൊതുവെയുള്ള ധാരണ. മെക്കള്ളിന്റേത് പോലുള്ള നിഷ്ഠൂരമായ ഫോട്ടോഗ്രാഫുകൾ ചെയ്യുന്നതും യാതനയുടെ നിമിഷങ്ങളിലൂടെ കാണികളിൽ വലിയ ആശങ്കയുണ്ടാക്കലാണ്. എന്നാൽ ഈ നിമിഷങ്ങൾ, ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ടാലും ഇല്ലെങ്കിലും, മറ്റെല്ലാ നിമിഷങ്ങളിൽ നിന്നും വിഛിന്നമായി തന്നെ നിലനിൽക്കുന്നവയാണ്. അവ ഒറ്റപ്പെട്ടുതന്നെ നിലനിൽക്കുന്നവയാണ്. എന്നാൽ ഈ ഫോട്ടോഗ്രാഫുകളാൽ സ്തംഭിതരാകുന്ന (arrest) കാണി ഈ വിച്ഛിന്നതയെ അനുഭവിക്കുന്നത് തന്റെ സ്വകാര്യമായ ധാർമിക അപര്യാപ്തതയായാണ്. ഇത് സംഭവിക്കുന്നതിനോടൊപ്പംതന്നെ ഞെട്ടൽ എന്ന അനുഭവവും വ്യാപിക്കുന്നു: തന്റെ ധാർമിക അപര്യാപ്തത പോലും യുദ്ധത്തിന്റെ ക്രൂരത പോലെതന്നെ തന്നിൽ ഞെട്ടലുണ്ടാക്കുന്നു. ഒന്നുകിൽ ഈ അപര്യാപ്തതയെ തനിക്ക് മുൻപ് തന്നെ പരിചിതമായ ഒരു അവസ്ഥയെന്നപോലെ തള്ളിക്കളയുന്നു, അല്ലെങ്കിൽ ഓക്സ്‌ഫാമിലേക്കോ യൂണിസെഫിലേക്കോ സംഭാവന ചെയ്യുന്നതുപോലെ ഒരു പ്രായശ്ചിത്തത്തെ പറ്റി ചിന്തിക്കുന്നു.   

ഏതായാലും ആ നിമിഷത്തിന്റെ പിന്നിൽ നിൽക്കുന്ന യുദ്ധം എന്ന സവിശേഷമായ പ്രശ്നം അരാഷ്ട്രീയവത്കരിക്കപ്പെടുന്നു. ഫോട്ടോഗ്രാഫ് എന്നത് മാനുഷിക അവസ്ഥയുടെ ഒരു പ്രതിഫലനം എന്ന നിലയിലേക്ക് ചുരുങ്ങുന്നു. അത് ഒരേ സമയം എല്ലാവരെയും കുറ്റപ്പെടുത്തുന്നു, എന്നാൽ ആരെയും കുറ്റപ്പെടുത്തുന്നില്ല.

ഫോട്ടോഗ്രാഫ് ചെയ്യപ്പെടുന്ന യാതനയുടെ നിമിഷത്തെ നമ്മൾ നേരിടുമ്പോൾ (confrontation) അടിയന്തരമായുള്ള മറ്റുചില നേരിടലുകൾ മറഞ്ഞുപോവുകയാണ്. മിക്കപ്പോഴും നമ്മൾ ഫോട്ടോഗ്രാഫുകളിലൂടെ കാണുന്ന യുദ്ധങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും “നമ്മുടെ” പേരിൽ നടക്കുന്നതാണ്. അവ നമ്മെ ഭീതിയിലാഴ്ത്തുന്നു. ഇതിനടുത്ത പടി നമ്മുടെ തന്നെ രാഷ്ട്രീയപരമായ സ്വാതന്ത്ര്യമില്ലായ്മയെ നമ്മൾ നേരിടുക എന്നതായിരിക്കണം. നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥയിൽ നിയമപരമായി നമുക്ക് നമ്മുടെ പേരിലുള്ള യുദ്ധങ്ങളുടെ നടത്തിപ്പിനെ സ്വാധീനിക്കാനാകില്ല. ഇത് മനസ്സിലാക്കിക്കൊണ്ട് പ്രവർത്തിക്കുക എന്നതുമാത്രമാണ് ഫോട്ടോഗ്രാഫിനോട് ഫലപ്രദമായി പ്രതീകരിക്കാനായി നമ്മുടെ മുന്നിലുള്ള ഏക വഴി. എന്നിരുന്നാലും ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ട നിമിഷത്തിന്റെ ഇരട്ടഹിംസ (the double violence of the photographed moment) ഈ തിരിച്ചറിവിനെതിരെ പ്രവർത്തിക്കുന്ന ഒന്നാണ്. അതുകൊണ്ടാണല്ലോ ഒരു പ്രത്യാഘാതവും ഉണ്ടാവില്ല എന്ന ഉറപ്പോടെ ഈ ഫോട്ടോഗ്രാഫുകൾ പ്രസിദ്ധീകരിക്കപ്പെടുന്നത്.

– 1972കുറിപ്പ്

[1]  വിവർത്തകയുടെ കുറിപ്പ്: യുദ്ധഭൂമിയിലെ സമയാനുഭവത്തെ ഹിംസ നടക്കുന്ന നിമിഷവും ഹിംസ നടക്കാത്ത നിമിഷവുമായി തരംതിരിച്ചുകൊണ്ട് ബെർജർ എഴുതുന്നു. അതേപോലെ, ക്യാമറ നമ്മളുടെ ജീവിതത്തിലെ നിമിഷങ്ങളും യുദ്ധത്തിലെ യാതനയുടെ നിമിഷങ്ങളും തമ്മിൽ വേർതിരിക്കുന്നു.

കലാവിമർശത്തെ ഇളക്കി മറിച്ച “കാഴ്ചയുടെ രീതികൾ” (Ways of Seeing) എന്ന ടെലിവിഷൻ പരമ്പരയുടെയും അതേ പേരിലുള്ള പുസ്തകത്തിന്റെയും രചയിതാവെന്ന നിലയിൽ അന്തർദേശിയ പ്രശസ്തി നേടിയ എഴുത്തുകാരനാണ് ജോൺ ബെർജർ. 1926-ഇൽ ലണ്ടനിൽ ജനിച്ച ബെർജർ തന്റെ മാർക്സിസ്റ്റ് കാഴ്ചപാടിൽ ആധുനിക കലയെ വിമർശനവിധേയമാക്കി. തൊഴിലാളിവർഗങ്ങളുടെ – പ്രത്യേകിച്ചും കാർഷിക ജനതയുടെ – വിഷയിസ്ഥാനത്തെ അവലംഭിച്ചുകൊണ്ടുള്ള എഴുത്തുകൾ ശ്രദ്ധ നേടുകയും ചർച്ചയാകുകയും ചെയ്തു. കലാവിമർശം കൂടാതെ രാഷ്ട്രീയവും സാമൂഹികവുമായ പല വിഷയങ്ങളിലും എഴുതിയിട്ടുണ്ട്. കഥാകൃത്തും നോവലിസ്റ്റും കൂടിയായിരുന്ന ബെർജറിന് തന്റെ “ജി.” എന്ന നോവലിലൂടെ ബുക്കർ സമ്മാനവും ലഭിച്ചു. 2017-ഇൽ പരേതനായി.

Jaya thambi

തൃശൂരിൽ ജനിച്ച് വളർന്ന യുവ എഴുത്തുകാരിയും വിവർത്തകയുമാണ് ജയ തമ്പി. ഹൈദരാബാഡിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ കൾചറൽ സ്റ്റഡീസ് വിഭാഗത്തിൽ ഗവേഷണം ചെയ്യുന്നു.Published on October 17, 2022

Share

Home » Portfolio » Authors » Jaya Thampi » യാതനയുടെ ഫോട്ടോഗ്രാഫുകൾ

Related Articles

2023-01-05T12:39:02+05:30

പോൾ സ്ട്രാൻഡ് – ജോൺ ബെർജർ – ജയ തമ്പിയുടെ വിവർത്തനം

സ്ട്രാൻഡിന്റെ ഫോട്ടോഗ്രാഫുകൾ സൂചിപ്പിക്കുന്നത് തന്റെ മുന്നിലിരിക്കുന്നവർക്ക് അദ്ദേഹം അവരുടെ ജീവിത കഥ കാണുമെന്ന് വിശ്വാസമുണ്ടായിരുന്നു എന്നതാണ്. ഇക്കാരണവശാൽ തന്നെ ഈ പോർട്രെയ്റ്റുകൾ എല്ലാം ഔപചാരികവും പോസ് ചെയ്തെടുക്കപ്പെട്ടവയാണെങ്കിലും, ഫോട്ടോഗ്രാഫറിനോ ഫോട്ടോഗ്രാഫിനോ ഒരു കടമെടുത്ത വേഷത്തിന്റെ മറയുടെ ആവശ്യമില്ല.

2023-01-05T12:38:15+05:30

യാതനയുടെ ഫോട്ടോഗ്രാഫുകൾ

പ്രശസ്ത മാർക്സിസ്റ്റ് സൈദ്ധാന്തികനായ ജോൺ ബെർജർ യുദ്ധകാല ഫോട്ടോഗ്രാഫുകളെ കുറിച്ച് എഴുതിയ ലേഖനം മലയാള വിവർത്തനത്തിൽ പ്രസിദ്ധീകരിക്കുന്നു.

2022-10-21T01:12:31+05:30

സ്യൂട്ടും ഫോട്ടോഗ്രാഫും

ഓഗസ്റ്റ് സാൻഡറിന്റെ തിരഞ്ഞെടുത്ത ഫോട്ടോഗ്രാഫുകളെയും അവയിലെ സ്യൂട്ട് ധരിച്ച മനുഷ്യരെയും മുൻനിർത്തി ജോൺ ബെർജർ എഴുതിയ ലേഖനത്തിന്റെ വിവർത്തനം.

2021-11-03T16:46:53+05:30

Verantha Chronicle by Ramesh Varma

അതും പിടിച്ച് എന്റെ വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടു്‌ നടന്നുകൊണ്ടിരുന്നു. ‘മോണിങ്ങ് വാക്ക്’ പരമ്പരക്കായി പ്രഭാതത്തിലെ തെരുവുകൾ ക്യാമറയിൽ പകർത്തിയിരുന്ന നാളുകളുടെ സ്വപ്നസ്മരണകൾ…. വരാന്തയിൽ കണ്ടവരുടെ, (അധികവും ഉറ്റവരും ഉടയവരും തന്നെ ) ഫോട്ടോ എടുത്തു. ഇതാ എന്റെ ‘Verantha Chronicle’

2021-09-25T22:30:15+05:30

അഗസ്റ്റിൻ്റെ സ്വപ്നങ്ങൾ

മറ്റൊരിക്കൽ ഞാൻ പറഞ്ഞു: എനിക്ക് പെൺകുഞ്ഞ് പിറന്നാൽ ജുബി എന്ന് പേരിടും. ആൺ കുട്ടിയാണെങ്കിൽ ബൈജുവെന്നും. എനിക്ക് ആൺകുഞ്ഞുങ്ങളുണ്ടായില്ല. മൂത്ത മകൾക്ക് ജൂബി എന്ന് തന്നെ പേരിട്ടു .അഗസ്റ്റിൻ്റ മകന്ന് ബൈജുവെന്നും. രണ്ടു പേരും വാക്കുപാലിച്ചു.

2021-09-25T22:30:53+05:30

ചെമ്പിട്ട പള്ളിയും അന്ത്റുപ്പാപ്പയും

“മലബാരിക്ക് ഈമാനില്ല, കോടാലിക്ക് ഉറയില്ല : എന്ന ആപ്തവാക്യങ്ങൾ ഉറപ്പായും അതിലുണ്ടാകും. അത് അന്ത്റുവിന്റെ മാനിഫെസ്റ്റൊ ആയിരിക്കാം. അക്കാലത്തേ ഞാൻ എഴുതിത്തുടങ്ങിയിരുന്നത് കൊണ്ട് ഒരു ബുദ്ധിജീവിയാണെന്ന് ധരിച്ചിട്ടുണ്ടാവാം മൂപ്പർ.

2021-09-25T22:33:53+05:30

ചാപ്പ സിനിമയും ഫോർട്ട് കൊച്ചിയിലെ ഇൻസ്‌പെക്ഷൻ ബാഗ്ലൂവും

ഒരു ചെറിയ മുറ്റമേയുള്ളെങ്കിലും കടലിന്നഭിമുഖമായി ഇരുന്ന് സംസാരിക്കാം. പച്ചപ്പുല്ലു പിടിപ്പിച്ച ചെറിയ ഒരു പൂന്തോട്ടമായിരുന്നു ഇതെങ്കിൽ എന്നാലോചിച്ചു പോയിട്ടുണ്ട്.ഒരു വെളുപ്പാൻ കാലത്ത് കുളിച്ച് ഈറൻ മാറിയ ഒരു യൂറോപ്യൻ സ്ത്രീയും പുരുഷനും കടലിലേയ്ക്ക് നോക്കി നിൽക്കുന്ന കാഴ്ച ആരോ ക്ലിക്ക് ചെയ്തത് പോലെ മനസ്സിലുണ്ട്.

2021-09-25T22:36:35+05:30

കാലം കാനായിയോട് ചെയ്യുന്നത്

കുഞ്ഞിരാമന്റെ സാഗരകന്യക എന്ന ശില്പത്തിന്റെ ജീവചരിത്രവും, ശംഖുമുഖം എന്ന കടലോരത്തിന്റെ ഭൂമിശാസ്ത്രവും ഇഴപിരിഞ്ഞുകിടക്കുന്നു. ഈയൊരു സങ്കീർണ്ണതയിലേക്കാണ് ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു യന്ത്രത്തുമ്പി പറന്നിറങ്ങിയത്.

2021-09-25T22:35:09+05:30

ഇന്ത്യൻ ഫോട്ടോഗ്രഫി: ചില ചിതറിയ ചിന്തകൾ

അദ്ദേഹം തന്റെ ഈ പുസ്തകത്തിൽ അവതരിപ്പിച്ച ഫോട്ടോഗ്രാഫുകൾ ഇന്ത്യൻ ഭൂതകാലത്തെ ആഘോഷിക്കുന്നതും, കൊളോണിയൽ സാന്നിധ്യത്തെയും അവരുടെ നിർമിതികളെയും കേവലം ഒരു ചരിത്ര നിമിഷമായി പ്രാന്തവൽക്കരിക്കുന്നതുമായിരുന്നു. ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ കൊളോണിയൽ കാഴ്ചകളെ അബ്ബാസ് അലി സമൃദ്ധമായി അട്ടമറിച്ചു. ഈ ബ്രേക്ക്‌ ആണ് കൊളോണിയൽ അനന്തര ഇന്ത്യൻ ഫോട്ടോഗ്രഫി തനത് നിലകളിൽ പിന്തുടർന്നത്. അങ്ങിനെ മറ്റെല്ലാ ഡിസ്‌സിപ്ലിൻ എന്ന പോലെ, ഫോട്ടോഗ്രഫി അതിന്റെ ദേശീയ സമര പാരമ്പര്യത്തിലേക്ക് തിരിഞ്ഞു. ദാദാ ഭായ് നവറോജിയിലൂടെ ഇന്ത്യൻ സമ്പദ്‌ശാസ്ത്രം ഉണ്ടായി വന്ന പോലെ, ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ ഭഗത്സിങ് ആയിരുന്നു അബ്ബാസ് അലി എന്നു പറയാം.

2021-09-25T22:35:34+05:30

വാക്കും നോക്കും

വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.