ഹിമാലയന്‍ മഞ്ഞുപാടങ്ങളില്‍
നിന്നൊഴുകി ചരിത്രമുറങ്ങുന്ന
ജനപഥങ്ങളെ തഴുകി
ബംഗാള്‍ ഉള്‍ക്കടലിന്‍റെ
ആഴങ്ങളില്‍ അലിയുന്നത് വരെയുള്ള
ഗംഗയുടെ യാത്രയെ
നാല് മാസത്തോളം
സൈക്കിളിലും, കാൽനടയായും
ജോയൽ കെ. പയസ്
അനുഗമിച്ചതിന്റെ
എഴുത്തും ചിത്രങ്ങളും

കനോജിനടുത്തുള്ള ഗംഗാഘാട്ടിൽ ഞങ്ങൾ ആദ്യം കണ്ടുമുട്ടിയ മനുഷ്യൻ. ഒരു ബന്ധുവിന്റെ ശവദാഹത്തിന് വന്നതാണ് അയാൾ. പ്രായവും സംസാരരീതിയും കൂട്ടിവെച്ച് നോക്കുമ്പോൾ ഒരുപാട് ജനനങ്ങൾക്കും മരണങ്ങൾക്കും ദൃസാക്ഷിയാണ് അയാളെന്ന് എനിക്ക് തോന്നി. 
കനോജിനടുത്തുള്ള ഗംഗാഘാട്ടിൽ ഞങ്ങൾ ആദ്യം കണ്ടുമുട്ടിയ മനുഷ്യൻ. ഒരു ബന്ധുവിന്റെ ശവദാഹത്തിന് വന്നതാണ് അയാൾ. പ്രായവും സംസാരരീതിയും കൂട്ടിവെച്ച് നോക്കുമ്പോൾ ഒരുപാട് ജനനങ്ങൾക്കും മരണങ്ങൾക്കും ദൃസാക്ഷിയാണ് അയാളെന്ന് എനിക്ക് തോന്നി © ജോയൽ കെ. പയസ്

പുതുമഴയുടെ മണമുള്ള മണ്ണിൽ

ത്തരേന്ത്യൻ ശൈത്യകാലത്തിന്റെ കയ്യൊപ്പായ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു അന്ന് രാവിലെ മുതൽ ഞങ്ങൾക്ക് കൂട്ടുണ്ടായിരുന്നത്. വിശാലമായ കൃഷിത്തോട്ടങ്ങളുടെ നടുവിൽ ഇഷ്ടിക കെട്ടിടങ്ങളും മൺതൊഴുത്തുകളും ചെറിയ തുരുത്തുകൾ പോലെ കാണപ്പെട്ടു. ചായക്കടകൾക്ക് മുൻപിലെ അടുപ്പുകളിൽ ചാണക വരളികൾ പുകഞ്ഞു. ഉണങ്ങിയ മണ്ണും ചാണകവും പറ്റിപ്പിടിച്ചിരിക്കുന്ന വീതി കുറഞ്ഞ നിരത്തിലൂടെ ഏതാനും വാഹനങ്ങൾ മാത്രം ഞങ്ങളെ കടന്ന് പോയി. ഓരോ ഗ്രാമങ്ങളുടെയും അതിർത്തികളിൽ യാത്രക്കാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള വലിയ കമാനങ്ങൾ ഉണ്ടായിരുന്നു. മുൻപത്തെ സമാജ്‌വാദി പാർട്ടി ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടവയായിരുന്നു അവയെല്ലാം. ആ കവാടങ്ങളിലെ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചിത്രങ്ങൾ കരിപൂശിയ നിലയിലായിരുന്നു. നദിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കരിമ്പുകൾ തലയുയർത്തി നിന്നു. ജില്ലാ ആസ്ഥാനമായ സാംബലിലേക്കുള്ള ദേശീയപാത കടന്നുപോകുന്ന ബബ്‌റാല എന്ന ചെറിയൊരു പട്ടണത്തിന്റെ നേരെയാണ് ഞങ്ങൾ നീങ്ങിയത്. അങ്ങോട്ടേക്ക് എത്തും തോറും വാഹനങ്ങളുടെ തിരക്ക് കൂടി വന്നു. മയങ്ങിക്കിടക്കുന്ന ഗ്രാമങ്ങളിലൂടെയായിരുന്നു അന്ന് രാവിലെ മുതലുള്ള ഞങ്ങളുടെ സഞ്ചാരം. ബബ്‌റാലയിലെ ബഹളം ഞങ്ങളെ ഗ്രാമീണതയുടെ ആലസ്യത്തിൽ നിന്ന് ഉണർത്തി. വിവിധ ജില്ലകളിലേക്കുള്ള പാതകൾ കൂട്ടിമുട്ടുന്ന സ്ഥലം എന്ന നിലയിൽ അവിടത്തെ തിരക്ക് സ്വാഭാവികമായിരുന്നു. ഭക്ഷണം കഴിക്കാൻ ഞങ്ങൾ ഒരു കടയിലേക്ക് കയറി. എന്റെ വയർ പൂർണ്ണമായും സാധാരണ നിലയിൽ ആയിരുന്നില്ല. എണ്ണ അധികം കലരാത്ത ഭക്ഷണം കുറച്ച് കഴിച്ചെന്നു വരുത്തി.



യാത്ര തുടങ്ങിയിട്ട് നാൽപ്പത് ദിവസത്തോളം പിന്നിട്ടിരിക്കുന്നു. അതുവരെ ഗംഗാനദിയോട് ചേർന്നാണ് ഞങ്ങൾ സഞ്ചരിച്ചിരുന്നത്. പക്ഷെ, ഇനി കുറേ ദൂരത്തേക്ക് നദിയോട് ചേർന്ന് വലിയ ജനവാസകേന്ദ്രങ്ങൾ ഒന്നുമില്ല. ജില്ലാ ആസ്ഥാനങ്ങളും, പ്രധാന പട്ടണങ്ങളും ഗംഗയുടെ പാതയിൽ നിന്ന് മാറിയാണ് സ്ഥിതി ചെയ്യുന്നത്. ഇരുന്നൂറ് കിലോമീറ്റർ ദൂരെയുള്ള ഫറൂഖാബാദ് (Farukhabad) ആണ് നദിയുടെ തീരത്തുള്ള അടുത്ത പ്രധാന പട്ടണം. അത്രയും ദൂരം ഒറ്റയടിക്ക് താണ്ടുക എളുപ്പമല്ല. അതുകൊണ്ട് ഞങ്ങൾ മറ്റൊരു പദ്ധതി തയ്യാറാക്കി. ബബ്‌റാലയിൽ നിന്ന് തൊണ്ണൂറ് കിലോമീറ്റർ ദൂരെയുള്ള ബദായൂൻ (Budaun) എന്ന നഗരത്തിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു. ഈ സ്ഥലം യാത്രാഭൂപടത്തിൽ ഉൾപ്പെട്ടത് വളരെ യാദൃശ്ചികമായിട്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയായിട്ടേ ഉള്ളുവെങ്കിലും ആകാശം ഇരുണ്ട മേഖങ്ങളാൽ നിറഞ്ഞിരുന്നു. രാത്രിയാകാൻ പോകുന്ന ഒരു പ്രതീതി. സൈക്കിളുകളുടെ ആരോഗ്യം ഒരിക്കൽ കൂടി പരിശോധിച്ച് ഞങ്ങൾ ബബ്‌റാലയുടെ ഒച്ചപ്പാടുകളിൽ നിന്ന് പുറത്തുകടന്നു. ഗുന്നോർ (Gunnaur) എന്ന സ്ഥലമായിരുന്നു അടുത്ത ലക്ഷ്യം. അവിടെ നിന്ന് ബദായൂനിലേക്ക് വല്ല ലോറിയോ മറ്റേതെങ്കിലും വാഹനമോ കിട്ടുമോ എന്ന് നോക്കണം. വെയിലില്ലാത്ത അവസരത്തിൽ നിരപ്പുള്ള വഴിയിലൂടെ സൈക്കിൾ ചവിട്ടുന്നത് അനായാസമായ ഒരു പരിപാടിയാണ്. ഇരുവശത്തെയും പച്ചപ്പ് ആസ്വദിച്ച് ഞങ്ങൾ ഗുന്നോറിൽ എത്തി. അവിടെ രണ്ടുമൂന്ന് പൊലീസുകാർ ഉറക്കം തൂങ്ങി ഇരിക്കുന്നുണ്ടായിരുന്നു. പ്രധാന കവലകളിലെല്ലാം കാക്കികുപ്പായക്കാർ കാവലിരിക്കുന്നത് അന്ന് രാവിലെ മുതൽ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്കത്തിൽ സുപ്രീം കോടതി അന്തിമ വിധി പ്രഖ്യാപിക്കാൻ ഇനി മൂന്ന് ദിവസം കൂടിയേ ബാക്കിയുള്ളൂ. വിധി വരുന്നതിന് മുന്നോടിയായുള്ള സന്നാഹങ്ങളാണ് കാണുന്നത്.

അലഞ്ഞു തിരിയുന്ന ആടുകളും, ഓടികളിക്കുന്ന കുട്ടികളും മാത്രമേ പഞ്ചൽഘാട്ടിൽ ഉണ്ടായിരുന്നുള്ളൂ. തുടർച്ചയായി വീശുന്ന തണുത്ത കാറ്റും നിശബ്ദമായ അന്തരീക്ഷവും കാരണമാകണം അവിടെ ചിലവഴിച്ച നിമിഷങ്ങൾ വളരെ വ്യക്തമായി ഓർത്തെടുക്കാൻ എനിക്ക് ഇപ്പോഴും സാധിക്കുന്നത്. സമയം വളരെ സവധനത്തിലാണ് പഞ്ചൽഘാട്ടിലൂടെ ഒഴുകുന്നത് എന്നാണ് എനിക്ക് തോന്നിയത്
അലഞ്ഞു തിരിയുന്ന ആടുകളും, ഓടികളിക്കുന്ന കുട്ടികളും മാത്രമേ പഞ്ചൽഘാട്ടിൽ ഉണ്ടായിരുന്നുള്ളൂ. തുടർച്ചയായി വീശുന്ന തണുത്ത കാറ്റും നിശബ്ദമായ അന്തരീക്ഷവും കാരണമാകണം അവിടെ ചിലവഴിച്ച നിമിഷങ്ങൾ വളരെ വ്യക്തമായി ഓർത്തെടുക്കാൻ എനിക്ക് ഇപ്പോഴും സാധിക്കുന്നത്. സമയം വളരെ സവധനത്തിലാണ് പഞ്ചൽഘാട്ടിലൂടെ ഒഴുകുന്നത് എന്നാണ് എനിക്ക് തോന്നിയത് © ജോയൽ കെ. പയസ്

പല വാഹനങ്ങൾക്കും ഞങ്ങൾ കൈകാണിച്ചെങ്കിലും ആരും നിറുത്തിയില്ല. അപ്പോഴാണ് ബദായൂനിലേക്ക് പോകുന്ന ഉത്തർപ്രദേശ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഒരു ബസ് വന്നത്. വിരലിൽ എണ്ണാവുന്ന യാത്രക്കാർ മാത്രമുണ്ടായിരുന്ന ആ ബസിന്റെ വേഗത ഞങ്ങളുടെ അടുത്തെത്തിയപ്പോൾ കുറഞ്ഞു. സൈക്കിളുകൾ കൊണ്ടുപോകുന്ന കാര്യത്തിൽ മാത്രം കണ്ടക്‌ടറുമായി അല്പം വിലപേശേണ്ടി വന്നു. സർക്കാർ ബസുകൾക്ക് മുകളിൽ സൈക്കിളുകൾ കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുകയാണ് എന്നാണ് അയാൾ പറയുന്നത്. വഴിയിൽ വെച്ച് ഏതെങ്കിലും ഉദ്യോഗസ്ഥൻ കണ്ടുപിടിച്ചാൽ പ്രശ്നമാകും. പക്ഷെ, എല്ലാ നിരോധനങ്ങളെയും മറികടക്കാൻ നമ്മുടെ രാജ്യത്തുള്ള ഒറ്റമൂലി പണമാണല്ലോ. ഒരാളുടെ ടിക്കറ്റ് നിരക്കിന്റെ അത്രയും തുക ഓരോ സൈക്കിളിനും അയാൾ വസൂലാക്കി. ഉയരമുള്ള ബസിന്റെ മുകളിലേക്ക് സൈക്കിളുകൾ കയറ്റാൻ ഞങ്ങൾക്ക് വിയർപ്പൊഴുക്കേണ്ടി വന്നു. റബ്ബർ നാടകൾ ഉപയോഗിച്ച് അവയെ ബസിന്റെ മുകളിൽ നല്ലപോലെ കെട്ടിവെച്ചു. തകർന്ന് തരിപ്പണമായി കിടക്കുന്ന ഒരു സംസ്ഥാന പാതയിലൂടെ ഞങ്ങളുടെ ബസ് ബദായൂനിലേക്ക് പാഞ്ഞു. ബസ് കുഴികളിൽ ചാടുമ്പോളുള്ള കുലുക്കത്തിൽ മുകളിൽ കെട്ടിവെച്ചിട്ടുള്ള സൈക്കിളുകൾ താഴേക്ക് വീഴുമോ എന്ന് ഞാൻ ഭയന്നു. നഗര സ്വഭാവം തീരെയില്ലാത്ത മേഖലകളിലൂടെയായിരുന്നു ഞങ്ങളുടെ പോക്ക്. ആ സ്ഥലങ്ങൾ സമകാലീന ലോകത്തേക്കാൾ വളരെ പിറകിലാണ് എന്ന് എനിക്ക് തോന്നി. മൂന്നുമണിക്കൂറോളം നീണ്ട കുലുങ്ങിക്കുലുങ്ങിയുള്ള യാത്രക്കൊടുവിലാണ് ഞങ്ങൾ ബദായൂനിൽ എത്തിയത്.



പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ മധ്യത്തിലായി കിടക്കുന്ന ജില്ലയാണ് ബദായൂൻ. ഗംഗാനദി ഈ ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിലൂടെ ഒഴുകുന്നു. ജില്ലാ ആസ്ഥാനമായ ബദായൂൻ പട്ടണം ചരിത്രപരമായി വളരെ പ്രാധാന്യമുള്ളതാണ്. ആൾക്കൂട്ടവും ഇടുങ്ങിയ തെരുവുകളും തുറന്ന് കിടക്കുന്ന ഓടകളും നിറഞ്ഞ ബദായൂൻ ഒറ്റനോട്ടത്തിൽ തന്നെ അനാകർഷകമായി തോന്നി. ആ പട്ടണത്തിന്റെ ചരിത്രമൂല്യം കാലത്തിന്റെ അഴുക്കുകൂനയിൽ മൂടപ്പെട്ടുപോയിരുന്നു. വാടക കുറഞ്ഞ ഒരു ധർമ്മശാല അന്വേഷിച്ച് രണ്ടുമൂന്ന് കിലോമീറ്റർ അലഞ്ഞു. ഒടുവിൽ ഒരു ജൈന ധർമ്മശാല കണ്ടുപിടിച്ചു. മുറിയൊന്നും ഇല്ല എന്നാണ് ആദ്യം പറഞ്ഞതെങ്കിലും, ഞങ്ങളുടെ യാത്രാവിവരങ്ങൾ കേട്ടപ്പോൾ കാര്യസ്ഥന് അലിവ് തോന്നി. ആ കെട്ടിടത്തിന്റെ ഒരു മൂലയ്ക്ക് സാധനസാമഗ്രികൾ സൂക്ഷിക്കുന്ന ഒരു സ്റ്റോർ റൂം ഉണ്ടായിരുന്നു. തൊഴിലാളികൾക്ക് കിടക്കാനുള്ള ഏതാനും കട്ടിലുകളും അവിടെ ഉണ്ടായിരുന്നു. നൂറ്റിഅൻപത് രൂപയ്ക്ക് ആ മുറി കിട്ടി. ധർമ്മശാല എന്ന പേര് മാത്രമേ ആ സ്ഥാപനത്തിന് ഉണ്ടായിരുന്നുള്ളൂ. ദിവസ വേതനക്കാരും, സാധാരണക്കാരായ യാത്രക്കാരുമായിരുന്നു ആ കെട്ടിടത്തിലെ താമസക്കാർ. അവിടത്തെ വൃത്തിഹീനമായ കക്കൂസുകളും, കുളിമുറികളും കണ്ടപ്പോൾ എനിക്ക് ഓക്കാനം വന്നു. വെളിച്ചംകുറഞ്ഞ ചുവന്ന ബൾബുകൾ ആ കക്കൂസുകൾക്ക് ഒരു ഭീകരഭാവം നൽകി. അക്കൂട്ടത്തിൽ ഏറ്റവും വൃത്തിയില്ലാത്തത് ഏതാണെന്ന വിഷയത്തിൽ അവയ്ക്കിടയിൽ ഒരു മത്സരം തന്നെ നടക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നിപ്പോയി.

വൃദ്ധന്മാർ മുതൽ ചെറിയ കുട്ടികൾ വരെ നദീതടത്തിലെ മണ്ണിൽ കഠിനാധ്വാനം ചെയ്യുന്നു. വെള്ളം പൂർണ്ണമായും ഇറങ്ങാത്ത ചിലയിടങ്ങളിൽ വലിയ വൈദ്യുതി മോട്ടോറുകൾ ഉപയോഗിച്ചാണ് വെള്ളം വറ്റിക്കുന്നത്. വിത്തിട്ട് വിളവെടുക്കാനുള്ള സമയത്തിന്റെ കുറവ് മൂലം എല്ലാ പ്രവർത്തികളും വളരെ ചിട്ടയോടെ ചെയ്യേണ്ടി വരും
വൃദ്ധന്മാർ മുതൽ ചെറിയ കുട്ടികൾ വരെ നദീതടത്തിലെ മണ്ണിൽ കഠിനാധ്വാനം ചെയ്യുന്നു. വെള്ളം പൂർണ്ണമായും ഇറങ്ങാത്ത ചിലയിടങ്ങളിൽ വലിയ വൈദ്യുതി മോട്ടോറുകൾ ഉപയോഗിച്ചാണ് വെള്ളം വറ്റിക്കുന്നത്. വിത്തിട്ട് വിളവെടുക്കാനുള്ള സമയത്തിന്റെ കുറവ് മൂലം എല്ലാ പ്രവർത്തികളും വളരെ ചിട്ടയോടെ ചെയ്യേണ്ടി വരും © ജോയൽ കെ. പയസ്

വാടക തീരെ കുറവാണ് എന്നത് മാത്രമാണ് ഞങ്ങളെ അവിടെ പിടിച്ചു നിറുത്തിയത്. ഔദാര്യമായി കിട്ടിയ സ്റ്റോർ മുറിയിൽ അധിക സമയം ഇരിക്കാതെ ഞങ്ങൾ പട്ടണത്തിലേക്കിറങ്ങി. തെരുവ് വിളക്കുകളുടെ മങ്ങിയ വെളിച്ചത്തിൽ ഞങ്ങളുടെയും ആ പട്ടണത്തിലെ നൂറുകണക്കിന് അപരിചിതരുടെയും നിഴലുകൾ പരസ്പരം കൂട്ടിമുട്ടി. പഴഞ്ചൻ കെട്ടിടങ്ങളുടെ മേൽക്കൂരകളിലൂടെ കുരങ്ങുകൾ ഞങ്ങളെപ്പോലെ സന്ധ്യാസവാരി നടത്തുന്നുണ്ടായിരുന്നു. സൈക്കിൾ റിക്ഷകൾ സൃഷ്ടിക്കുന്ന ഗതാഗത കുരുക്കഴിക്കാൻ ട്രാഫിക് പൊലീസുകാർ പാടുപെട്ടു. മദ്യശാലകളിലും, ഹോട്ടലുകളിലും തിരക്കോടുത്തിരക്ക്. ആളുകൾ ഇടിച്ചുകയറുന്ന ഒരു ഹോട്ടലിലേക്ക് ഞങ്ങളും ആകൃഷ്ടരായി. തൊട്ടപ്പുറത്തുള്ള വിദേശമദ്യഷോപ്പിൽ നിന്ന് കുപ്പിയും വാങ്ങി ആളുകൾ ചേക്കേറിയിരുന്നത് ആ ഹോട്ടലിൽ ആയിരുന്നു. വറുത്ത കോഴിയുടെയും, വിലകുറഞ്ഞ മദ്യത്തിന്റെയും ഗന്ധം അവിടെ നിറഞ്ഞു. മിക്കവാറും ആളുകൾ കറിവെച്ച കോഴിയാണ് അകത്താക്കുന്നത് എന്നുകണ്ടപ്പോൾ ഞങ്ങളും അതു തന്നെ പരീക്ഷിച്ചു. ആ തിരഞ്ഞെടുപ്പ് മോശമായില്ല. തിരിച്ച് മുറിയിലേക്ക് നടക്കുമ്പോളാണ് കുരങ്ങുകളുടെ ബഹളം കേട്ടത്. ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊന്നിലേക്ക് ചാടുന്നതിനിടയിൽ ഒരു കുട്ടിക്കുരങ്ങൻ താഴേക്ക് വീണിരിക്കുന്നു. ഭക്ഷണം അന്വേഷിച്ച് അലയുന്ന തെരുവുനായ്ക്കൾ അവിടേക്ക് ഓടിയെത്തി. അടുത്തുള്ള പോസ്റ്റ് വഴി താഴോട്ടിറങ്ങാൻ ശ്രമിക്കുന്ന ഒരു കുരങ്ങ് (കുട്ടിക്കുരങ്ങിന്റെ അമ്മയായിരിക്കുമോ) ഓടിയടുക്കുന്ന നായ്ക്കളെ കണ്ട് പാതിവഴിയിൽ സ്തംഭിച്ച് ഇരിപ്പായി. പരിഭ്രാന്തിയിൽ നിലവിളിക്കുന്ന കുരങ്ങിൻ കുട്ടിയെ കഴുത്തിന് കടിച്ചെടുത്ത് ഒരു നായ ഞങ്ങളുടെ കൺമുൻപിലൂടെ ഇരുട്ടിലേക്കോടി മറഞ്ഞു. നിസ്സഹായരായ കുരങ്ങിൻ കൂട്ടത്തിന്റെ അലമുറകൾ കുറച്ച് നേരത്തേക്ക് ആ തെരുവ് മുഴുവൻ മുഴങ്ങി. തിരികെ നടക്കുമ്പോളും ആ രോദനങ്ങൾ എന്റെ ചെവിയിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു.



മുറിയിൽ എത്തിയപ്പോൾ ധർമ്മശാലയുടെ ഉടമ അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിശേഷങ്ങൾ കേട്ടപ്പോൾ അയാൾ ഭേദപ്പെട്ട ഒരു മുറി തന്നു. ചിലന്തിവലകൾ നിറഞ്ഞ, ഈർപ്പം തങ്ങി നിന്നിരുന്ന ആ മുറി ആദ്യത്തെ സ്റ്റോർ റൂമിനേക്കാൻ നല്ലതായിരുന്നു. ഞങ്ങളുടെ പര്യടനഭൂപടത്തിൽ ഉൾപ്പെടാത്ത സ്ഥലമായിരുന്നെങ്കിലും, ബദായൂനിന്റെ ചരിത്രത്തെക്കുറിച്ച് ഞാൻ അല്പം അന്വേഷണം നടത്തി. അഹർ രാജകുമാരനായ ബുദ്ധ് പൊതുയുഗം (CE) 905ൽ സ്ഥാപിച്ചതാണ് ഈ നഗരം എന്ന് വിശ്വസിക്കപ്പെടുന്നു. മുഹമ്മദ് ഗസ്നിയുടെ ബന്ധുവായ സയ്യിദ് മസൂദ് ഗാസി CE 1028 ൽ ഈ പ്രദേശം പിടിച്ചടക്കി [[1]]. മധ്യകാല നൂറ്റാണ്ടുകളിൽ ഒരുപാട് പടയോട്ടങ്ങൾക്കും, രക്തച്ചൊരിച്ചിലുകൾക്കും സാക്ഷിയായ മേഖലയാണിത്. 1857ൽ ഇംഗ്ളീഷ് ഭരണത്തിനെതിരെ നടന്ന സായുധകലാപം ബദായൂനിലേക്കും പടർന്നിരുന്നു. ഇവിടത്തെ ഇംഗ്ളീഷ് ട്രഷറി അടക്കമുള്ള പല സ്ഥാപനങ്ങളും കലാപകാരികൾ അഗ്നിക്കിരയാക്കി. കലാപത്തിന്റെ ഒരു ഘട്ടത്തിൽ വർഗ്ഗീയ സംഘർഷങ്ങളും പൊട്ടിപ്പുറപ്പെട്ടതായി പറയപ്പെടുന്നു [2]. എങ്കിലും, ഹിന്ദുക്കളും മുസ്ലീമുകളും ഏകദേശം തുല്യഅനുപാതത്തിൽ തിങ്ങിപ്പാർക്കുന്ന ഈ നഗരം ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടുവരെ സാമുദായിക സൗഹാർദത്തിന് പേരുകേട്ടതായിരുന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ഞങ്ങൾ കടന്നുവന്ന പല പ്രദേശങ്ങളെയും പോലെ, ഇവിടെയും വെറുപ്പിന്റെ വിത്തുകൾ മുളച്ചുപൊന്തിയത് 1990കളുടെ തുടക്കത്തിലാണ്. ഇരുവിഭാഗങ്ങളിലെയും പ്രാദേശിക നേതാക്കളുടെ തലതിരിഞ്ഞ നിലപാടുകളും, സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങളും കൂടിച്ചേർന്നപ്പോൾ ബദായൂൻ വർഗ്ഗീയതയുടെ മറ്റൊരു പരീക്ഷണശാലയായി മാറി. 1990ൽ ഉത്തർപ്രദേശ് സർക്കാർ ഉറുദു ഭാഷയ്ക്ക് ഔദ്യോഗിക പദവി നൽകാൻ തിരുമാനിച്ചതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും അനവധി പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. ഇത് അധികം വൈകാതെ വർഗ്ഗീയ ദ്രുവീകരണത്തിലേക്കും, കലാപത്തിലേക്കും വഴി തെളിച്ചു [3]. ഈ സംഭവങ്ങളെക്കുറിച്ച് അനവധി മാധ്യമ വാർത്തകളും, ഗവേഷണ പഠനങ്ങളും ലഭ്യമാണ്. ഈ വിഷയത്തിലേക്ക് കടക്കുന്നതിന് പകരം മറ്റൊരു പ്രധാന ദിശയിലേക്ക് നമുക്കൊന്ന് സഞ്ചരിച്ച് നോക്കാം.

മണലിൽ ചുട്ടെടുക്കുന്ന ഉരുളക്കിഴങ്ങ് കനോജിൽ സന്ധ്യാസവാരിക്കിറങ്ങുന്നവരുടെ ഒരിഷ്ട വിഭവമാണ്
മണലിൽ ചുട്ടെടുക്കുന്ന ഉരുളക്കിഴങ്ങ് കനോജിൽ സന്ധ്യാസവാരിക്കിറങ്ങുന്നവരുടെ ഒരിഷ്ട വിഭവമാണ് © ജോയൽ കെ. പയസ്

വളരെയധികം പരിവർത്തനാത്മകമായ (Dynamic) ഭൂമിശാസ്ത്രമാണ് ഗംഗാനദിക്കുള്ളത്. പ്രാദേശിക പ്രകൃതിയിൽ തുടർച്ചയായി ഉണ്ടാകുന്ന മാറ്റങ്ങൾ അവിടെ ജീവിക്കുന്ന ആളുകളുടെ ജീവിതത്തെയും ബാധിക്കും എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. മൺസൂൺ കാലത്ത് പ്രളയ താണ്ഡവമാടുന്ന ഗംഗ പലപ്പോഴും കിലോമീറ്ററുകളോളം വീതിയിൽ പരന്നാണ് ഒഴുകുക. ഹിമാലയത്തിൽ നിന്ന് ഒലിച്ചുവരുന്ന ടൺ കണക്കിന് എക്കൽ മണ്ണ് ഈ അവസരത്തിൽ നദീതടത്തിൽ നിക്ഷേപിക്കപ്പെടും. മഴക്കാലം കഴിയുന്നതോടെ നദി മെലിയാൻ തുടങ്ങും. വീതികുറഞ്ഞ ഒഴുക്കിന്റെ ഇരുവശത്തും ഏക്കറുകളോളം വിസ്‌തൃതിയിൽ ഫലപൂയിഷ്ടമായ നദീതടം അലസമായി കിടക്കും. അടുത്ത മഴക്കാലം വരെ ആ മണ്ണ് മനുഷ്യൻ കൈവശപ്പെടുത്തും. ആയിരക്കണക്കിന് ഏക്കർ പരന്ന് കിടക്കുന്ന, ആരുടെയും സ്വന്തമല്ലാത്തതും ഭൂരേഖകൾ ഇല്ലാത്തതും ആയ നദീതടത്തിൽ വിത്തിറക്കാൻ ഒരുപാടാളുകൾ എത്തിച്ചേരുന്നു. നൂറ്റാണ്ടുകളായി തുടരുന്ന ഒരു ചാക്രിക പ്രവർത്തനമാണ് ഇത്[4]. നവംബർ മുതൽ മേയ് വരെയുള്ള ഏഴ് മാസങ്ങളാണ് നാടോടി കൃഷിക്കാർക്ക് കിട്ടുക. പടിഞ്ഞാറൻ ഉത്തർപ്രദേശിലൂടെയുള്ള യാത്രയിൽ ഇത്തരത്തിലുള്ള ഒരുപാട് കർഷകരെ ഞങ്ങൾ കണ്ടുമുട്ടി. നാടോടികളുടെ വരവ് ഗ്രാമീണമേഖലകളിലെ ജാതിസമവാക്യങ്ങളിൽ പലപ്പോഴും അസ്ഥിരതകൾ സൃഷ്ടിക്കും. ഗംഗയുടെ പ്രവചനാതീതമായ സ്വഭാവം മൂലം നദീതീരത്ത് ജീവിക്കുന്ന കർഷകർ ഉൾഗ്രാമങ്ങളിലേക്ക് താമസം മാറ്റുന്നതും പതിവാണ്. ജാതിയാൽ വിഷലിപ്തമായ ഗ്രാമങ്ങളിൽ ഇത്തരത്തിലുള്ള കുടിയേറ്റങ്ങൾ ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കാം. അത്തരമൊരു സംഭവത്തിന്റെ ഫലമായാണ് 2014ൽ ബദായൂൻ ജില്ല വാർത്തകളിൽ നിറഞ്ഞത്.



ഗംഗാതീരത്തുള്ള കത്ര സാദത്ത് എന്ന ഗ്രാമത്തിലെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ  ഒരേ മരത്തിന്റെ ചില്ലകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് കുപ്രസിദ്ധമായ ബദായൂൻ കൂട്ടബലാത്സംഗ കേസ് ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ ഇടംപിടിച്ചത്. മരിച്ച പെൺകുട്ടികൾ ദളിതരാണ് എന്നാണ് ചില പ്രാഥമിക റിപ്പോർട്ടുകൾ പറഞ്ഞത്. എന്നാൽ അവർ പിന്നാക്കജാതിയായ (OBC) മൗര്യ ശാക്യക്കാരാണെന്ന് പിന്നീടുള്ള അന്വേഷണങ്ങളിൽ നിന്ന് വ്യക്തമായി. കുറ്റവാളികൾ എന്ന് സംശയിക്കപ്പെട്ടവർ മറ്റൊരു പിന്നാക്ക ജാതിക്കാരായ യാദവരായിരുന്നു. സമാജ്‌വാദി പാർട്ടിയുടെ ഭരണകാലമായിരുന്നു അത്. ആ സർക്കാരിന് കീഴിൽ യാദവർ ഒരുപാട് ആനുകൂല്യങ്ങളും, സ്വാധീനവും നേടിയിരുന്നു. ഗംഗയിലെ വെള്ളപ്പൊക്കം മൂലം കൂടുതൽ യാദവർ നദീതീരത്ത് നിന്ന് എത്തിയതോടെ കത്ര സാദത്തിലെ ജാതി സമവാക്യങ്ങളിൽ വന്ന മാറ്റങ്ങൾ ആണ് ഈ കുപ്രസിദ്ധ സംഭവത്തിന് വഴിമരുന്നിട്ടത്[5]. ഉത്തർപ്രദേശിലെ ജാതി വിവേചനങ്ങളെക്കുറിച്ചും, ഗ്രാമീണ മേഖലകളിലെ ക്രമസമാധാന പാലനത്തെക്കുറിച്ചും പഠിക്കുന്ന പലരുടെയും ശ്രദ്ധ ആകർഷിച്ച ഒരു സംഭവമാണ് ബദായൂൻ ബലാത്സംഗ കേസ്. ലോക്കൽ പൊലീസ് മുതൽ സിബിഐ വരെ അന്വേഷിച്ച ഈ സംഭവത്തിന്റെ പുറകിലെ ദുരൂഹത ഇതുവരെ മറനീക്കി പുറത്ത് വന്നിട്ടില്ല. മരിച്ച ഒരു പെൺകുട്ടിയും, കുറ്റം ആരോപിക്കപ്പെട്ട ഒരാളും തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും, അവരിരുവരും കൂടെക്കൂടെ ഫോണിൽ സംസാരിക്കാറുണ്ട് എന്നുമുള്ള തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ബന്ധത്തിന്റെ പേരിൽ പെൺകുട്ടികളുടെ കുടുംബക്കാർ തന്നെ നടത്തിയ ‘ദുരഭിമാന’ കൊലപാതകമാണ് എന്നും ആരോപണങ്ങൾ ഉണ്ടായി. ഏതായാലും, ഈ കേസിൽ ബലാത്സംഗമോ കൊലപാതകമോ നടന്നിട്ടില്ലെന്നും രണ്ട് പെൺകുട്ടികളും ആത്മഹത്യ ചെയ്തതാണെന്നും പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാനാണ് സിബിഐ തീരുമാനിച്ചത്. ഈ വാദം വിചാരണ കോടതി അംഗീകരിച്ചില്ലെങ്കിലും പൊടിപിടിച്ചു കിടക്കുന്ന ഫയലുകളുടെ കൂട്ടത്തിൽ നിന്ന് ഈ കേസിന് ഇനിയും ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാകുമോ എന്നത് സംശയമാണ്. 2019ൽ പുറത്തിറങ്ങിയ ആർട്ടിക്കിൾ 15 എന്ന ഹിന്ദി സിനിമ ബദായൂൻ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്.

ഗംഗയുടെ തീരത്തെ വഞ്ചി നിർമ്മാതാക്കൾ. സ്റ്റീൽ തകിടുകളും മരക്കഷ്ണങ്ങളും ഉപയോഗിച്ചുള്ള ചെറിയ തോണികൾ നിർമ്മിക്കാൻ മൂന്ന് ദിവസം വരെ എടുക്കാം
ഗംഗയുടെ തീരത്തെ വഞ്ചി നിർമ്മാതാക്കൾ. സ്റ്റീൽ തകിടുകളും മരക്കഷ്ണങ്ങളും ഉപയോഗിച്ചുള്ള ചെറിയ തോണികൾ നിർമ്മിക്കാൻ മൂന്ന് ദിവസം വരെ എടുക്കാം © ജോയൽ കെ. പയസ്

ചുറ്റിക്കറങ്ങാനൊന്നും നിൽക്കാതെ അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ ബദായൂനിൽ നിന്ന് പുറപ്പെടാൻ തയ്യാറെടുത്തു. വാടകയായി നൽകിയ 150 രൂപയിൽ നൂറുരൂപയും ധർമ്മശാലയുടെ ഉടമസ്ഥൻ ഞങ്ങൾക്ക് തിരിച്ചുതന്നു. പ്രഭാതം ഒരു ചൂടുചായയിൽ തുടങ്ങാം എന്ന് തീരുമാനിച്ച് തൊട്ടടുത്തുള്ള ഒരു കടയിലേക്ക് കയറി. ‘ഫൈസലാ’ (വിധി ന്യായം) എന്ന ഹിന്ദി വാക്കിനെ ചുറ്റിപ്പറ്റി അവിടെ ചൂടേറിയ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. അയോധ്യ വിഷയത്തിൽ വരാൻപോകുന്ന വിധിയിലേക്കാണ് ആളുകളുടെ ശ്രദ്ധ മുഴുവനും. വിധിയുടെ വരുംവരായ്കകളെ കുറിച്ച് ഓരോരുത്തരും അഭിപ്രായം പറയുന്നുണ്ട്. ഇതിനിടയിൽ ഞങ്ങളുടെ യാത്രാവിവരങ്ങൾ തിരക്കിയറിഞ്ഞ ചായക്കടക്കാരൻ പൈസ വാങ്ങാൻ കൂട്ടാക്കിയില്ല. സൈക്കിളുകൾ ഉന്തി ഞങ്ങൾ നഗരഹൃദയത്തിലേക്ക് എത്തി. വഴിയിലുടനീളം കൂടുതൽ പോലീസ് വാഹനങ്ങൾ കണ്ണിൽപ്പെട്ടു. വിധി ഏത് വിഭാഗത്തിന് അനുകൂലമായാലും കലാപത്തിന് സാധ്യതയുണ്ട് എന്നാണ് ആളുകളുടെ സംഭാഷണങ്ങളിൽ നിന്ന് ഞങ്ങൾക്ക് തോന്നിയത്. അത്തരമൊരു സാഹചര്യത്തിൽ വഴിയിൽ കുടുങ്ങുന്നത് ആത്മഹത്യാപരമായിരിക്കും എന്നതിൽ ഞങ്ങൾക്ക് സംശയമുണ്ടായിരുന്നില്ല. എന്തെങ്കിലും പ്രശ്നം നേരിട്ടാൽ സഹായത്തിനായി വിളിക്കാൻ കൂടി ആരും അടുത്തില്ല. സാഹചര്യം വഷളായാൽ ഞങ്ങൾക്ക് സുരക്ഷിതമായി താമസിക്കാവുന്ന അടുത്ത നഗരം 250 കിലോമീറ്ററിൽ കൂടുതൽ ദൂരെയുള്ള കാൺപൂർ മാത്രമായിരുന്നു. എന്നാൽ ഒറ്റയടിക്ക് അവിടേക്ക് പോകാൻ ഞങ്ങൾക്ക് താത്പര്യമുണ്ടായിരുന്നില്ല. ബദായൂനിനും കാൺപൂരിനുമിടയിലുള്ള കാഴ്ചകൾ നഷ്ടപ്പെടാൻ പാടില്ലല്ലോ. ഒടുവിൽ, കുറേക്കൂടി സുരക്ഷിതമായ മറ്റൊരു പദ്ധതി ഞങ്ങൾ തയ്യാറാക്കി. ഫറൂഖാബാദിൽ താമസിക്കുന്നത് ഒഴിവാക്കി കാൺപൂരിന് കുറേക്കൂടി അടുത്തുള്ള കനോജിലേക്ക് പോകാൻ ഞങ്ങൾ തിരുമാനിച്ചു. അവിടെ ചെന്നിട്ട് സാഹചര്യം ഒത്തുവന്നാൽ ചുറ്റുമുള്ള സ്ഥലങ്ങൾ സന്ദർശിക്കാം. കനോജിലേക്ക് നേരിട്ടുള്ള ബസ് ഒന്നും കണ്ടില്ല. ഫറൂഖാബാദിലേക്ക് പോകുന്ന ഒരു ബസ് കണ്ടു. മനുഷ്യ വിസർജ്ജ്യം നിറഞ്ഞ ഒരു സ്ഥലത്തോട് ചേർന്നാണ് ആ ബസ് നിറുത്തിയിരുന്നത്. ഒരുപാട് ശ്രദ്ധയോടെ വേണമായിരുന്നു സൈക്കിളുകൾ ബസിന്റെ മുകളിലേക്ക് കയറ്റാൻ. ഒരു നിമിഷത്തെ അശ്രദ്ധ കാര്യങ്ങൾ വൃത്തികേടാക്കുമായിരുന്നു.



ഫറൂഖാബാദിലെ പഞ്ചൽഘാട്ടിൽ കാറ്റിനോടും പുഴയോടും സംസാരിക്കുന്ന ഒരാൾ
ഫറൂഖാബാദിലെ പഞ്ചൽഘാട്ടിൽ കാറ്റിനോടും പുഴയോടും സംസാരിക്കുന്ന ഒരാൾ © ജോയൽ കെ. പയസ്

ദാരിദ്ര്യം കൊടികുത്തി വാഴുന്നു എന്ന് തോന്നിപ്പിച്ച പ്രദേശങ്ങളിലൂടെയാണ് ആ ബസ് സഞ്ചരിച്ചത്. ചെറിയ ഇഷ്ടിക വീടുകളും, വരണ്ട കൃഷിത്തോട്ടങ്ങളും, പൊടി നിറഞ്ഞ നടവഴികളും മാത്രമായിരുന്നു ചുറ്റുമുള്ള കാഴ്ചകൾ. ചിലയിടങ്ങളിൽ കോളിഫ്ളവർ തോട്ടങ്ങൾ വിളവെടുപ്പിന് തയ്യാറായി നിന്നു. തിരക്കില്ലാത്ത അങ്ങാടികളിലെ ചെറിയ പെട്ടിക്കടകളിൽ കച്ചവടക്കാർ വഴിയിലേക്ക് നോക്കി ചിന്തകളിൽ മുഴുകി ഇരുന്നു. ബസ് ഓരോ തവണ കുഴിയിൽ ചാടുമ്പോഴും പാതിമയക്കത്തിൽ ഇരിക്കുന്ന യാത്രക്കാർ ഞെട്ടി ഉണർന്നു. സമയത്തിന് ലക്ഷ്യത്തിൽ എത്തുക എന്നല്ലാതെ ബസിന്റെ ആരോഗ്യത്തെക്കുറിച്ചൊന്നും ഡ്രൈവർക്ക് ശ്രദ്ധയില്ല എന്ന് തോന്നി. നാലുമണിക്കൂറോളം നീണ്ട ആ യാത്രയുടെ അവസാനം ഞങ്ങൾ വീണ്ടും ഗംഗാനദിയുടെ തീരത്തേക്ക് എത്തി. മിക്ക ഉത്തരേന്ത്യൻ നഗരങ്ങളെയും പോലെ ബഹളത്തിന് ഒട്ടും കുറവില്ലാത്ത ഒരു ജില്ലാ ആസ്ഥാനമായിരുന്നു ഫറൂഖാബാദ്. കനോജിലേക്ക് പോകേണ്ടിയിരുന്നത് കൊണ്ട് ഞങ്ങൾ അധിക സമയം അവിടെ തങ്ങിയില്ല. വേഗത്തിൽ ഉച്ചഭക്ഷണം കഴിച്ച്‌ മറ്റൊരു ബസിൽ കയറി ഏകദേശം അഞ്ച് മണിയോടെ ഞങ്ങൾ കനോജിലെത്തി. നീണ്ട ബസ് യാത്രയുടെ ഫലമായി സൈക്കിളുകൾക്ക് കാര്യമായ പരിക്ക് പറ്റിയിരുന്നു. അതുകൊണ്ട്



ബസ് സ്റ്റാന്റിനടുത്തുള്ള ഒരു ലോഡ്ജിൽ ഞങ്ങൾ മുറി സംഘടിപ്പിച്ചു. രാത്രിയായപ്പോൾ വഴിയോരത്തെ ഒരു കടയിൽ നിന്ന് സാലഡിനുള്ള പച്ചക്കറികളും, ഒരു നാടൻ ഹോട്ടലിൽ നിന്ന് ചോറ്, പരിപ്പ് എന്നീ വിലകുറഞ്ഞ ‘വിഭവങ്ങളും’ പാർസലും വാങ്ങി. മുറിയിലെത്തി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോളാണ് കതകിൽ ആരോ നിറുത്താതെ മുട്ടാൻ തുടങ്ങിയത്. വാതിൽ തുറന്നതും നാലഞ്ച് പൊലീസുകാർ അകത്തേക്ക് കയറി വന്നു. ഞങ്ങൾ ആരാണ്? എന്തിനാണ് മുറിയെടുത്തിരിക്കുന്നത്? എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു? തുടങ്ങി നിരവധി ചോദ്യങ്ങൾ. ഗംഗായാത്രയെക്കുറിച്ച് പറഞ്ഞിട്ട് അവർക്ക് വിശ്വാസമാകുന്നില്ല. ബാഗിൽ നിന്ന് ദൈനിക് ജാഗരൻ പത്രം എടുത്ത് ഞങ്ങളുടെ യാത്രയെക്കുറിച്ച്‌  വന്ന വാർത്ത ഞാൻ പൊലീസുകാരെ കാണിച്ചു. അപ്പോഴേക്കും ലോഡ്ജിന് പുറത്ത് കാത്തുനിന്നിരുന്ന ഇൻസ്പെക്ടറും മുറിയിലേക്ക് വന്നു. അയാളുടെ ചോദ്യശരങ്ങൾക്കും മറുപടി കൊടുത്തു. ഞങ്ങൾ ഏത് മതത്തിൽ പെട്ട ആളുകളാണ് എന്ന് അവർക്ക് അറിയേണ്ടിയിരുന്നു. ഞങ്ങളുടെ ആധാർ കാർഡുകൾ അവർ ആവശ്യപ്പെട്ടു. എന്റെ പേര് കണ്ടിട്ട് ഇൻസ്‌പെക്ടർ സംശയത്തോടെ നോക്കി. ക്രിസ്ത്യൻ ആണോ എന്ന് ചോദിച്ചു. മതങ്ങളിൽ വിശ്വസിക്കാത്ത ആളാണ് എന്ന് പറഞ്ഞ് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കണ്ട എന്ന് കരുതി ഞാൻ തലയാട്ടി. എന്റെ സുഹൃത്തിന്റെ ആധാർ കാർഡിൽ ആണെങ്കിൽ സുമിത് എന്ന പേര് മാത്രമേ ഉള്ളൂ. “ബാപ് കാ നാം ബോലോ?”  തന്തയുടെ പേരും, അതിന്റെ പുറകിലുള്ള ജാതിപ്പേരും അറിഞ്ഞതോടെ പൊലീസുകാർ അല്പം ശാന്തരായി. ഞങ്ങൾ ഇരുവരും ആധാർ കാർഡുകൾ പിടിച്ചു നിൽക്കുന്ന തരത്തിൽ പൊലീസുകാർ ഫോട്ടോയെടുത്തു. അവരുടെ മൊബൈൽ ഫോണുകളിലെ ഫ്‌ളാഷുകൾ ഞങ്ങളുടെ മുഖങ്ങൾക്ക് നേരെ തുടർച്ചയായി മിന്നി. പൂർണ്ണമായും തൃപ്തരാകാത്ത പൊലീസുകാർ ഞങ്ങളുടെ ആധാർ കാർഡുകൾ തിരികെ തരാൻ വിസമ്മതിച്ചു. അവയുടെ ഫോട്ടോകോപ്പി എടുത്ത ശേഷം അടുത്ത ദിവസം ലോഡ്ജിൽ തിരിച്ചേല്പിക്കാം എന്ന് പറഞ്ഞ ശേഷം അവർ സ്ഥലം വിട്ടു. തുടർന്നുള്ള യാത്രയിൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കും എന്ന് ഞങ്ങൾക്ക് ബോധ്യമായി. കുറച്ച് നേരം കഴിഞ്ഞ് ലോഡ്ജിന്റെ ഉടമ ഞങ്ങളെ കാണാൻ വന്നു. ദേഷ്യം കൊണ്ട് മുഖം ചുമന്ന്, ആരെയോ തെറി വിളിച്ചാണ് അയാൾ വന്നത്. ഞങ്ങൾക്ക് കാര്യം പിടികിട്ടിയത് അപ്പോഴാണ്. അയാൾക്ക് രണ്ട് വാടകക്കാരെ കിട്ടിയതിൽ അസൂയമൂത്ത് തൊട്ടപ്പുറത്തുള്ള മറ്റൊരു ലോഡ്ജിന്റെ ഉടമ പോലീസിനെ വിളിപ്പിച്ചതാണ്. “സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് വിദേശികൾ ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ട്” എന്ന് അയാൾ വിളിച്ച് പറഞ്ഞിട്ടാണ് പൊലീസുകാർ വന്നത്. അയോധ്യ വിധി വരുന്നതിന് മുമ്പ് സുരക്ഷാസന്നാഹങ്ങൾ ശക്തമാക്കാൻ പൊലീസിന് നിർദ്ദേശം കിട്ടിയിട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു. ഏതായാലും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലാതെ കനോജിലെ ആദ്യത്തെ രാത്രി കഴിഞ്ഞുപോയി.

വളരെ ശ്രദ്ധാപൂർവം ചെയ്യേണ്ട ഒരു പ്രവർത്തിയാണ് അത്തർ നിർമ്മാണം. രാസവസ്തുക്കൾ കൂട്ടിചേർക്കാതെ നിർമ്മിക്കുന്ന ഈ സുഗന്ധ തൈലങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ രഹസ്യം അത് നിർമ്മിക്കുന്നവരുടെ സൂക്ഷ്മമായ അറിവും കഠിനാധ്വാനവുമാണ്
വളരെ ശ്രദ്ധാപൂർവം ചെയ്യേണ്ട ഒരു പ്രവർത്തിയാണ് അത്തർ നിർമ്മാണം. രാസവസ്തുക്കൾ കൂട്ടിചേർക്കാതെ നിർമ്മിക്കുന്ന ഈ സുഗന്ധ തൈലങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ രഹസ്യം അത് നിർമ്മിക്കുന്നവരുടെ സൂക്ഷ്മമായ അറിവും കഠിനാധ്വാനവുമാണ് © ജോയൽ കെ. പയസ്

ഗംഗാതീരത്ത് നിന്ന് ഏതാനും കിലോമീറ്റർ പടിഞ്ഞാറായാണ് ഈ നഗരത്തിന്റെ സ്ഥാനം. വളരെ പ്രാചീനമായ ഒരു ജനവാസ കേന്ദ്രമാണിത്. കന്യാകബ്‌ജാ (Kanyakubja) എന്ന പേരിലാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. ഒരുകാലത്ത് ബുദ്ധമത തീർത്ഥാടകരുടെ പ്രധാന സംഗമകേന്ദ്രമായിരുന്നു ഇവിടം. ചൈനീസ് സഞ്ചാരികളായ ഫാഹിയാനും, ഹുയാൻ സാങ്ങും കനോജ് സന്ദർശിച്ചിട്ടുള്ളതായി പറയപ്പെടുന്നു. പൊതുയുഗം എട്ടും, പത്തും നൂറ്റാണ്ടുകൾക്കിടയിൽ ശക്തരായ മൂന്ന് രാജവംശങ്ങളുടെ അധികാര വടംവലികളുടെ കേന്ദ്ര ബിന്ദുവായിരുന്നു കനോജ്. ഗുർജര പ്രതിഹാരർ, പാല, രാഷ്ട്രകൂടർ എന്നിവയായിരുന്നു ആ സാമ്രാജ്യങ്ങൾ. ചരിത്രകാരന്മാരുടെ ഇടയിൽ കനോജ് ത്രികോണം (Kannauj Triangle) എന്ന പേരിലാണ് ഈ രാഷ്ട്രീയ അധ്യായം  അറിയപ്പെടുന്നത് [6]. പിൽകാലത്ത്, ഉത്തരേന്ത്യയിൽ ശക്തിയാർജ്ജിച്ച മിക്ക രാജവംശങ്ങൾക്കും കനോജിൻമേൽ വലിയ സ്വാധീനമുണ്ടായിരുന്നു. നൂറ്റാണ്ടുകൾ കടന്നുപോയിരിക്കുന്നു. പണ്ടത്തെ പ്രതാപമൊന്നും ഇന്ന് ഈ നഗരത്തിനില്ല. തൊട്ടടുത്തുള്ള വ്യാവസായിക നഗരമായ കാൺപൂരിന്റെ നിഴലിലാണ് ഇന്നത്തെ കനോജ്.



ഗംഗ ഒഴുകുന്ന ഓരോ നഗരത്തിലുമുള്ള സ്നാനഘാട്ടുകൾക്ക് പ്രത്യേകം പേരുകൾ ഉണ്ടാകും. മെഹന്ദി ഘാട്ട് എന്നാണ് കനോജിലെ ഘാട്ടിന്റെ പേര്. ആളുകളെ കുത്തികയറ്റിയ ഒരു ഓട്ടോറിക്ഷയിൽ അടുത്ത ദിവസം ഞങ്ങൾ ഘാട്ടിലേക്ക് പുറപ്പെട്ടു. ഗംഗയ്ക്ക് കുറുകെയുള്ള പാലത്തിന് മുൻപ്‌ റിക്ഷാസവാരി അവസാനിച്ചു. മറുകരയിൽ ഹാർദോയി ജില്ലയാണ്. പാലത്തിലൂടെ ഞങ്ങൾ അപ്പുറത്തേക്ക് നടന്നു. നദിയുടെ ഇരുകരകളിലും ചിതകളിൽ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. കുറച്ചാളുകൾ ഒരു മൃതശരീരം നദിയിൽ കുളിപ്പിച്ച് വിറകിൻ കൂനയിലേക്ക് എടുത്തുവെക്കുന്നത് കണ്ടു. കുത്തനെയുള്ള ഒരു ഇടവഴിയിലൂടെ ഞങ്ങൾ പാലത്തിൽ നിന്ന് താഴെയിറങ്ങി. അവിടെയും ഇവിടെയും കൂടിയിരിക്കുന്ന ചെറിയ ആൾക്കൂട്ടങ്ങൾ. ശവസംസ്കാരത്തിനോ ബലിയിടാനോ ആയി വന്ന ആളുകളാണ്‌ അവരെല്ലാം. കൂനിക്കൂടിയിരുന്ന് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്ന ആളുകളുടെ ഇടയിലൂടെ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ ഞങ്ങൾ നടന്നു. വരണ്ട നദീതടം ഏക്കറുകളോളം വിസ്‌തൃതിയിൽ കൺമുൻപിൽ പരന്നുകിടന്നു. നദിയുടെ മധ്യത്തിലെ വലിയ തുരുത്തുകളിൽ ട്രാക്ടറുകൾ നിലമുഴുന്നത് കണ്ടു. ആകാംക്ഷ തോന്നി, അത്തരം കൃഷി രീതിയെക്കുറിച്ച് അവിടെ കൂടി നിന്നിരുന്ന ചിലരോട് ഞങ്ങൾ സംസാരിച്ചു. ആ സംഭാഷണത്തിൽ വളരെ പെട്ടന്ന് തന്നെ രാഷ്ട്രീയം കയറി വന്നു. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന് പറയുന്നത് പോലെയാണ് ഇത്തരം ഭൂമിയിലെ അവകാശം എന്നാണ് ഒരാൾ പറഞ്ഞത്. രാഷ്ട്രീയസ്വാധീനമുള്ള ആളുകൾ വന്ന് വലിയ തോതിൽ നദീതടം കൈവശപ്പെടുത്തും. പണിക്കാരും യന്ത്രങ്ങളും പിന്നാലെ എത്തും. സംഭാഷണം തുടങ്ങിയത് ഞങ്ങളാണെങ്കിലും പെട്ടന്ന് തന്നെ അവിടെ കൂടിനിന്നിരുന്ന ആളുകൾ അത് ഏറ്റുപിടിച്ചു. കേന്ദ്രവും, സംസ്ഥാനവും ഭരിക്കുന്ന ബിജെപി സർക്കാരുകൾ കർഷകരുടെ ജീവിതം താറുമാറാക്കി എന്ന് ഒരു വിഭാഗം വിമർശിച്ചപ്പോൾ, അതിനെ എതിർത്ത് മറ്റൊരു വിഭാഗം രംഗത്ത് വന്നു. കഴിഞ്ഞ കാലത്തെ സർക്കാരുകളുടെ അവഗണന മൂലമാണ് കാർഷിക രംഗം തകർന്നതെന്ന് അവർ വാദിച്ചു. താൻ ഇടതുപക്ഷ സഹയാത്രികനാണ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു ലോറി ഡ്രൈവറും ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നു. നോട്ട് നിരോധനം മുതലുള്ള കേന്ദ്ര സർക്കാരിന്റെ ഓരോ നയങ്ങളെയും അയാൾ എണ്ണിയെണ്ണി കുറ്റപ്പെടുത്തി. ആ ചർച്ച വികാരതീവ്രമായ തർക്കത്തിലേക്ക് വഴിമാറും എന്ന ഘട്ടത്തിൽ എത്തിയപ്പോൾ ഞങ്ങൾ ഉൾപ്പെടെ കുറേ ആളുകൾ ഇടപെട്ട് സംഭാഷണം അവസാനിപ്പിച്ചു.

തീയുടെയും പുകയുടെയും നടുവിൽ മണിക്കൂറുകൾ ചിലവഴിച്ചാണ് കനോജിലെ പരമ്പരാഗത അത്തർ നിർമ്മാതാക്കൾ തങ്ങളുടെ ഉൽപ്പന്നം തയ്യാറാക്കുന്നത്. വളരെ കണിശമായി അടുപ്പിലെ ചൂട് നിയന്ത്രിച്ചാൽ മാത്രമേ ഉദ്ദേശിച്ച ഗുണത്തിലുള്ള അത്തർ ഉണ്ടാക്കാൻ കഴിയൂ
തീയുടെയും പുകയുടെയും നടുവിൽ മണിക്കൂറുകൾ ചിലവഴിച്ചാണ് കനോജിലെ പരമ്പരാഗത അത്തർ നിർമ്മാതാക്കൾ തങ്ങളുടെ ഉൽപ്പന്നം തയ്യാറാക്കുന്നത്. വളരെ കണിശമായി അടുപ്പിലെ ചൂട് നിയന്ത്രിച്ചാൽ മാത്രമേ ഉദ്ദേശിച്ച ഗുണത്തിലുള്ള അത്തർ ഉണ്ടാക്കാൻ കഴിയൂ © ജോയൽ കെ. പയസ്

തുരുത്തുകളിലേക്ക് പണിക്കാരെ കൊണ്ടുപോകുന്ന ഒരു ചെറിയ വഞ്ചിയിൽ ഞങ്ങൾ കയറി. ഒഴുക്കിന് ശക്തി കുറവായിരുന്നു. ഒറ്റ നോട്ടത്തിൽ വിശാലമായ പുൽമേട് പോലെ തോന്നിപ്പിക്കുന്ന ഒരു തുരുത്തിലാണ് ഞങ്ങൾ വഞ്ചിയിറങ്ങിത്. ചെളിയിൽ കാലുകൾ പുതഞ്ഞുപോകാതെ വളരെ ശ്രദ്ധിച്ചു വേണമായിരുന്നു ഓരോ കാലടിയും വെക്കാൻ. കുറച്ച് നടന്നപ്പോൾ ഉറച്ച നിലം കണ്ടു. ഉഴുതിട്ട നിലത്തിൽ പണിക്കാർ വിത്ത് വിതക്കുകയാണ്. ഗോതമ്പാണ് പ്രധാന വിള. ചിലയിടത്ത് പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. രാസവളത്തിന്റെയും, കീടനാശിനികളുടെയും വലിയ പാക്കറ്റുകൾ പലയിടത്തും ചിതറിക്കിടക്കുന്നു. പണിക്കിടയിൽ വിശ്രമിക്കുന്ന ഒന്നുരണ്ട് കൃഷിക്കാരെ ഞങ്ങൾ സമീപിച്ചു. ആർക്കും സ്വന്തമല്ലാത്ത ആ മണ്ണിനെ മെരുക്കാൻ ദൂരെ നിന്ന് വന്നവരാണ് അവർ. കൃഷിക്കുള്ള എല്ലാ അനുകൂലഘടകങ്ങളും അവിടെ ഉണ്ട് എന്നാണ് അവർ പറയുന്നത്. സമയം പരിമിതമാണ് എന്നതാണ് അവരുടെ ഒരേയൊരു പ്രശ്നം. തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുന്നതിന് മുൻപ് എല്ലാം കെട്ടുകെട്ടി സ്ഥലം വിടണം. അവർ കാലുറപ്പിച്ച്‌ നിൽക്കുന്ന ആ മണ്ണ് മഴക്കാലത്ത് ഗംഗയുടെ മാറിൽ ഒളിക്കും. നൂറ്റാണ്ടുകളായി തിരിഞ്ഞുകൊണ്ടിരിക്കുന്ന ജലചക്രത്തിന്റെ ഉപയോക്താക്കളാണ് ആ നാടോടി കൃഷിക്കാർ. സ്വന്തം പേരിൽ ഒരിഞ്ച് ഭൂമിപോലും ഇല്ലാത്ത ചിലരെയും ഞങ്ങൾ ആ തുരുത്തിന്റെ ഒരു മൂലയ്ക്ക് കണ്ടുമുട്ടി. ചേറിൽ കുതിർന്ന കുപ്പായവും വിയർത്തൊഴുകുന്ന മുഖവുമായി ഒരു സ്ത്രീയും, പുരുഷനും തങ്ങളുടെ കൊച്ചുകൃഷിയിടത്തിലെ പുല്ല് പറിക്കുന്നു. രണ്ട് വയസ്സിലധികം പ്രായമില്ലാത്ത അവരുടെ പെൺകുഞ്ഞ് തൊട്ടടുത്ത് മണ്ണിൽ വിരിച്ച തുണിയിൽ കിടന്നുറങ്ങുന്നു. നട്ടുച്ചവെയിലിനെ ഗൗനിക്കാതെ ആ ഭാര്യാഭർത്താക്കന്മാർ മണ്ണിനോട് പടവെട്ടുകയാണ്. ഞങ്ങൾ കുറച്ച് നേരം അവരോട് സംസാരിച്ചിരുന്നു. ഗംഗയിലെ മണ്ണും വെള്ളവും ഉപയോഗിച്ച് വിളയിക്കുന്ന ഗോതമ്പാണ് ആ കുടുംബത്തിന്റെ ഏക ഉപജീവനമാർഗ്ഗം. ആരുടെയോ കയ്യിൽ നിന്ന് പണം കടം വാങ്ങിയാണ് അവർ വിത്തിറക്കിയിരിക്കുന്നത്. സമയത്തിനെതിരെയുള്ള ഒരു ഓട്ടമത്സരത്തിലാണ് അവരും.



അന്നത്തെ ചുറ്റിക്കറക്കം അവസാനിപ്പിച്ച് സന്ധ്യയോടെ ഞങ്ങൾ കനോജിലേക്ക് തിരിച്ചെത്തി. നഗരത്തിൽ റോന്തുചുറ്റുന്ന പോലീസുകാരുടെ എണ്ണം കൂടിയിട്ടുണ്ട്. വഴിയരികിലെ തട്ടുകടകളിൽ അടുപ്പുകൾക്ക് ജീവൻ വെച്ചിരുന്നു. ആകർഷകമായ എന്തെങ്കിലും വിഭവങ്ങൾ ഉണ്ടോ എന്ന് അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് ഒരു ചെറിയ ആൾക്കൂട്ടം കണ്ണിൽ പെട്ടത്. ചാണക വരളികൾ ചൂടുപകരുന്ന വലിയൊരു ചട്ടിക്ക് ചുറ്റുമാണ് ആളുകൾ കൂടി നിൽക്കുന്നത്. ചട്ടിയിലെ ചുട്ടുപഴുത്ത മണലിൽ കിടന്ന് വേവുന്ന ഉരുളക്കിഴങ്ങുകളാണ് അവിടത്തെ ആകർഷണം. വെന്ത ഉരുളക്കിഴങ്ങിന്റെ തൊലിഉരിക്കുമ്പോൾ അകത്ത് തടവിലാക്കപ്പെട്ടിരുന്ന ആവി പുറത്തേക്ക് കുതിക്കും. മല്ലിയിലയും, വെളുത്തുള്ളിയും, പച്ചമുളകും ചേർത്ത് അരച്ചെടുത്ത ചമ്മന്തി കൂട്ടിയാണ് അത് കഴിക്കുക. അത്രയും ആളുകൾ അവിടെ കൂടി നിന്നത് വെറുതെയല്ല എന്ന് ആ വിഭവം നാവിൽ വെച്ചപ്പോൾ എനിക്ക് ബോധ്യമായി. നല്ലപോലെ ഇരുട്ടിയപ്പോൾ ഞങ്ങൾ മുറിയിലേക്ക് തിരിച്ചു വന്നു. ഞങ്ങളുടെ ആധാർ കാർഡുകൾ പൊലീസുകാർ അതിനകം തിരിച്ചേല്പിച്ചിരുന്നു.

രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷിരീതിയാണ് ഗംഗാ തടത്തിലെ നാടോടി കർഷകർ പിന്തുടരുന്നത്. സമയത്തിനെതിരെയുള്ള ഒരു മത്സരയോട്ടത്തിലാണ് അവർ. അടുത്ത മഴക്കാലത്തിന് മുൻപ് ഈ മണ്ണിൽ നിന്ന് എടുക്കാനുള്ളതെല്ലാം കൈക്കലാക്കി സ്ഥലം വിടുക എന്നുള്ളതാണ് അവരുടെ മുൻപിലുള്ള ഒരേയൊരു ലക്ഷ്യം
രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷിരീതിയാണ് ഗംഗാ തടത്തിലെ നാടോടി കർഷകർ പിന്തുടരുന്നത്. സമയത്തിനെതിരെയുള്ള ഒരു മത്സരയോട്ടത്തിലാണ് അവർ. അടുത്ത മഴക്കാലത്തിന് മുൻപ് ഈ മണ്ണിൽ നിന്ന് എടുക്കാനുള്ളതെല്ലാം കൈക്കലാക്കി സ്ഥലം വിടുക എന്നുള്ളതാണ് അവരുടെ മുൻപിലുള്ള ഒരേയൊരു ലക്ഷ്യം © ജോയൽ കെ. പയസ്

ആകാംക്ഷ നിറഞ്ഞ ഒരു പകലിലേക്കാണ് അടുത്ത ദിവസം ഞങ്ങൾ ഉണർന്നത്. മിക്ക കടകളും അടഞ്ഞു കിടന്നു. തലേന്നുവരെ അനുഭവപ്പെട്ടിരുന്ന തിരക്ക്, പിരിമുറുക്കം നിറഞ്ഞ നിശ്ശബ്ദതക്ക് വഴി മാറിയിരിക്കുന്നു. കുറേ അന്വേഷണങ്ങൾക്ക് ഒടുവിൽ തുറന്ന് കിടക്കുന്ന ഒരു ഹോട്ടൽ ഞങ്ങൾ കണ്ടെത്തി. അകത്ത് എല്ലാവരും ടെലിവിഷനിലേക്ക് കണ്ണുംനട്ട് ഇരിക്കുകയാണ്. തർക്കഭൂമി മുഴുവനായും ഹിന്ദുക്കൾക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള കോടതി വിധി വന്നതോടെ ചിലരെല്ലാം കയ്യടിക്കാൻ തുടങ്ങി. ഹോട്ടൽ ഉടമ വലിയ സന്തോഷത്തോടെയാണ് സംസാരിച്ചത്. ഭക്ഷണശേഷം ഞങ്ങൾ മുറിയിലേക്ക് മടങ്ങി. ഉച്ചവരെ സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം പുറത്തിറങ്ങാനായിരുന്നു ഞങ്ങളുടെ പരിപാടി. ഉച്ചക്ക് ശേഷം മൂന്നുമണി ആയിട്ടും പുറത്ത് പ്രകടനങ്ങളോ ആൾക്കൂട്ടമോ ഒന്നും കാണാഞ്ഞപ്പോൾ ഞങ്ങൾ റോഡിലേക്കിറങ്ങി. നാല് കിലോമീറ്റർ ദൂരെയുള്ള ബസാർ പ്രദേശത്തേക്ക് ഞങ്ങൾ ഒരു ഓട്ടോ പിടിച്ചു. അവിടെ എല്ലാം അടഞ്ഞു കിടക്കുകയാണെന്ന് ഓട്ടോക്കാരൻ പറഞ്ഞെങ്കിലും ഞങ്ങൾ യാത്ര തുടർന്നു. മുസ്‌ലിംകൾ കൂടുതലായി താമസിക്കുന്ന തെരുവുകളിലൂടെയാണ് ഞങ്ങൾ കടന്നുപോയത്. അവിടെയൊന്നും ഒരു കട പോലും തുറന്നിട്ടില്ല. ചെറുതും വലുതുമായ എല്ലാ കവലകളിലും പോലീസുകാർ കാവലിരിക്കുന്നു. സാധാരണ ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്ന ഒരു സ്ഥലമാണ് ബസാർ എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും. അത്രമാത്രം കടകളാണ് അവിടെ കണ്ടത്. വിജനമായ തെരുവുകളിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നു. വെള്ളയും പച്ചയും ചുവപ്പും നിറങ്ങൾ കലർന്ന കൊടികൾ മസ്ജിദുകളുടെ ചുറ്റും പാറിപ്പറക്കുന്നു. സംഘർഷഭരിതമായ നിശബ്ദത അവിടെ മുഴുവൻ നിറഞ്ഞിരുന്നു. മുന്നോട്ട് പോകുന്തോറും പോലീസുകാരുടെ എണ്ണം കൂടിവന്നു. ചില വഴികളെല്ലാം ബാരിക്കേഡുകളാൽ അടച്ചിരുന്നു. എങ്ങോട്ടാണ് എന്ന് ഏതെങ്കിലും പൊലീസുകാരൻ ചോദിച്ചാൽ ഞങ്ങൾ ഒരു മറുപടി തയ്യാറാക്കിയിരുന്നു. ഹിന്ദു-മുസ്‌ലീം വ്യത്യാസമില്ലാതെ എല്ലാവരും അഭിമാനത്തോടെ കരുതുന്ന ഒരു പാരമ്പര്യം കനോജിനുണ്ട്. സുഗന്ധ തൈലങ്ങളുടെ നാടാണിത്. കനോജ് ഇത്തർ എന്ന പേരിൽ അറിയപ്പെടുന്ന പെർഫ്യൂമുകൾക്ക് ലോകമെമ്പാടും വിപണിയുണ്ട്‌. ആരെങ്കിലും ഞങ്ങളുടെ സാന്നിധ്യത്തെ ചോദ്യം ചെയ്താൽ ഇത്തറിനെ കുറിച്ച് എഴുതാൻ വന്ന മാധ്യമപ്രവർത്തകർ ആണ് എന്ന് പറയാൻ ഞങ്ങൾ തീരുമാനിച്ചു.



വാതിലുകളെല്ലാം കൊട്ടിയടച്ചിരിക്കുന്ന ഒരു ഇടുങ്ങിയ തെരുവിലൂടെ ഞങ്ങൾ നടന്നു. വഴിയിൽ കണ്ട ചിലർ സംശയത്തോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. പരമ്പരാഗതമായി ഇത്തർ ഉണ്ടാക്കുന്ന ഒരു കുടുംബത്തെ അന്വേഷിച്ചാണ് ഞങ്ങൾ നടന്നത്. ഞങ്ങളുടെ അന്വേഷണം ഒരു ഇരുനില കെട്ടിടത്തിന് മുൻപിൽ ചെന്നു നിന്നു. പനിനീർപ്പൂവിന്റെ സുഗന്ധം അവിടെയെല്ലാം നിറഞ്ഞിരുന്നു. കെട്ടിടത്തിനകത്തേക്ക് കയറി സ്വയം പരിചയപ്പെടുത്തിയപ്പോൾ ഇത്തർ നിർമ്മിക്കുന്നത് കാണാൻ ഞങ്ങൾക്ക് അനുമതി കിട്ടി. അവിടെയുള്ള ഒരു മുതിർന്ന ജോലിക്കാരൻ കെട്ടിടത്തിന്റെ പുറകിലേക്ക് ഞങ്ങളെ നയിച്ചു. അവിടെ വലിയ ചെമ്പ് കലങ്ങൾ അടുപ്പുകൾക്ക് മുകളിൽ നീണ്ടനിരയായി ഇരിക്കുന്നത് കണ്ടു. കനോജിലെ ഇത്തറിന്റെ ചരിത്രം എത്ര പുരാതനമാണ് എന്നതിനെക്കുറിച്ച് തർക്കങ്ങൾ ഉണ്ടെങ്കിലും, മുഗൾ കാലഘട്ടത്തിലാണ് അതിന് ലോകപ്രശസ്തി ലഭിച്ചത് എന്ന കാര്യത്തിൽ സംശയമില്ല. വളരെ ശ്രദ്ധയോടും സൂക്ഷ്മമായും കൈകാര്യം ചെയ്യേണ്ട ഒരു പ്രക്രിയ ആണ് ഇത്തർ നിർമ്മാണം. ആധുനിക സങ്കേതങ്ങൾ ഒന്നുമില്ലാതെ നിർമ്മിക്കപ്പെടുന്ന ഇത്തറിന്റെ ഗുണം നിർമ്മാതാക്കളുടെ നൈപുണ്യത്തെ ആശ്രയിച്ചിരിക്കുന്നു. പനിനീർ പൂവിന്റെ ഗന്ധമുള്ള ഇത്തർ ആണ് അവിടെ നിർമ്മിച്ചുകൊണ്ടിരുന്നത്. അതിരാവിലെ തന്നെ പറിച്ചെടുക്കുന്ന പൂക്കളാണ് ഇത്തർ നിർമ്മിക്കാൻ ഏറ്റവും അനുയോജ്യം എന്നാണ് ഞങ്ങളുടെ വഴികാട്ടി പറഞ്ഞത്. പൂവിന്റെ ഇതളുകൾ കലർത്തിയ വെള്ളം ചെമ്പുകലത്തിൽ തിളപ്പിക്കുന്നു. ജലത്തിന്റെ ഊഷ്മാവ് ഒരു പ്രത്യേക അളവിൽ നിലനിർത്തിയാൽ മാത്രമേ ഉദ്ദേശിച്ച ഗുണം ലഭിക്കൂ. കൃത്യമായ ഇടവേളകളിൽ കലത്തിലേക്ക് സാധാരണ വെള്ളം ചേർക്കുന്നു. ചാണക വരളികളാണ് അടുപ്പിന് ചൂട് നൽകുന്നത്. വെള്ളം തിളച്ചുള്ള നീരാവി ഒരു കുഴലിലൂടെ കടത്തിവിടുന്നു. മറ്റൊരു കുടത്തിൽ നിറച്ചിട്ടുള്ള പ്രത്യേക തരം എണ്ണയിലൂടെയാണ് (base oil) ഈ നീരാവിയുടെ സഞ്ചാരം. ഹൈഡ്രോ ഡിസ്റ്റില്ലേഷൻ (hydro distillation) എന്ന ഈ പ്രക്രിയക്കിടയിൽ നീരാവിയിൽ അടങ്ങിയിട്ടുള്ള പൂവിന്റെ സത്ത് എണ്ണയിൽ കലരുന്നു. പറയാൻ എളുപ്പമാണെങ്കിലും തീയുടെയും പുകയുടെയും നടുവിൽ മണിക്കൂറുകളോളം വിയർപ്പൊഴുക്കേണ്ട പണിയാണിത്. കനോജിലെ ഇത്തറുകളുടെ കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് മിട്ടി കാ ഇത്തർ (Mitti ka Ithar). പുതുമഴ മണ്ണിൽ വീഴുമ്പോളുള്ള ഗന്ധമാണ് ഈ ഇത്തറിനുള്ളത്. ഇംഗ്ലീഷിൽ പെട്രിചോർ (petrichor) എന്നാണ് മണ്ണിന്റെ ഈ ഗന്ധത്തിന് പറയുന്ന പേര്. 1964ൽ രണ്ട് ശാസ്ത്രജ്ഞരാണ് ഈ അതുല്യമായ ഈ ഗന്ധത്തിന് പെട്രിചോർ എന്ന പേരിട്ടത്. അതിനും നൂറ്റാണ്ടുകൾ മുൻപേ കനോജിലെ ചെമ്പുകലങ്ങളിൽ പുതുമഴയിൽ കുതിർന്ന മണ്ണിന്റെ ഗന്ധം സൃഷ്ടിക്കപ്പെട്ടിരുന്നു. പ്രത്യേക ആകൃതിയിൽ ചുട്ടെടുത്ത കളിമണ്ണിന്റെ കട്ടകളിലൂടെ നീരാവി പ്രവഹിപ്പിച്ചാണ് ഈ ഗന്ധം സൃഷ്ടിക്കുന്നത് [7]. ആ നീരാവിയെ പിന്നീട് ഏതെങ്കിലും ഒരു എണ്ണയിലൂടെ കടത്തിവിടുന്നതോടെ ഇത്തർ രൂപപ്പെടുന്നു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ആളുകളെ ആകർഷിക്കുന്ന ഒരു പ്രക്രിയ ആണിത്. വിരലിൽ എണ്ണാവുന്ന ആളുകൾക്ക് മാത്രമേ ഈ വിഷയത്തിൽ വൈദഗ്ധ്യം ഉള്ളൂ. മധ്യപൂർവ ദേശങ്ങളിലും, തുർക്കിയിലും കനോജ് ഇത്തറിന് ഒരുപാട് ആവശ്യക്കാരുണ്ട്. വിപണിയിൽ സാധാരണയായി കണ്ടുവരുന്ന പെർഫ്യൂമുകൾ ആൽക്കഹോൾ അടിസ്ഥാനമാക്കി യന്ത്രസഹായത്തോടെ നിർമ്മിക്കുന്നതാണ്. രാസവസ്തുക്കളുടെ പ്രത്യേക മിശ്രണമാണ് അവയ്ക്ക് സുഗന്ധം നൽകുന്നത്. പരമ്പരാഗത ശൈലിയിൽ നിർമ്മിക്കുന്ന ഇത്തറിൽ ഇത്തരത്തിലുള്ള രാസവസ്തുക്കൾ ഇല്ല എന്നുതന്നെ പറയാം. സുഗന്ധതൈല പണിപ്പുരയിൽ കുറച്ചുനേരം ചിലവഴിച്ചാണ് ഞങ്ങൾ മുറിയിലേക്ക് മടങ്ങിയത്. സന്ധ്യയായതോടെ അടഞ്ഞുകിടന്നിരുന്ന പല കടകളും തുറക്കാൻ തുടങ്ങി. കോടതി വിധിയോടുള്ള എതിർപ്പ് പ്രകടിപ്പിക്കാൻ ആരെങ്കിലും അനിഷ്ട സംഭവങ്ങൾ അഴിച്ചുവിടും എന്ന ഭയം പതുക്കെ ഇല്ലാതായി.

അവസാനത്തെ കുളിക്കൽ/കുളിപ്പിക്കൽ. ഗംഗയിലെ സ്നാനം മോക്ഷവാതിലുകൾ താനെ തുറപ്പിക്കും എന്ന അചഞ്ചലമായ വിശ്വാസമാണ് അന്ത്യകർമ്മങ്ങൾ നദീതീരത്ത് നടത്താൻ ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം
അവസാനത്തെ കുളിക്കൽ/കുളിപ്പിക്കൽ. ഗംഗയിലെ സ്നാനം മോക്ഷവാതിലുകൾ താനെ തുറപ്പിക്കും എന്ന അചഞ്ചലമായ വിശ്വാസമാണ് അന്ത്യകർമ്മങ്ങൾ നദീതീരത്ത് നടത്താൻ ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം © ജോയൽ കെ. പയസ്

അടുത്ത ദിവസം രാവിലെ ഞങ്ങൾ ട്രെയിൻ മാർഗം ഫറൂഖാബാദിലേക്ക് പോയി. അവിടെ ആകർഷകമായി എന്തെങ്കിലും ഉള്ളതായി തോന്നിയില്ല. മുഗൾ ഭരണകാലത്തും കോളനി വാഴ്ചയുടെ സമയത്തും ഒരുപാട് ഉപജാപങ്ങളും അക്രമങ്ങളും അരങ്ങേറിയ സ്ഥലമാണ് ഒരു ജില്ലാ ആസ്ഥാനം കൂടിയായ ഫറൂഖാബാദ്. പഞ്ചൽഘാട്ട് എന്നാണ് ഇവിടെയുള്ള സ്നാനഘാട്ടിന്റെ പേര്. കച്ചവടക്കാരുടെ കോലാഹലങ്ങളും വാഹനങ്ങളുടെ ഹോൺ ശബ്ദങ്ങളും നിറഞ്ഞ പട്ടണത്തിൽ നിന്ന് കുറച്ച് അകലെയുള്ള പഞ്ചൽഘാട്ടിലേക്ക് ഞങ്ങൾ നടന്നു. നദിയോട് അടുക്കുംതോറും ചുറ്റുപാടുകൾ നിശബ്ദമാകാൻ തുടങ്ങി. നമാമി ഗംഗേ പദ്ധതിയുടെ ഭാഗമായി കെട്ടിപ്പൊക്കിയ സിമന്റ് പടവുകൾ ഇറങ്ങി ഞങ്ങൾ ഗംഗയുടെ അരികിലെത്തി. നദിക്ക് മുകളിലൂടെ ഇളംകാറ്റ് ഇടതടവില്ലാതെ വീശിക്കൊണ്ടിരുന്നു. ചിന്തകളുടെ ഭാരമില്ലാതെ ഞാൻ ചെറിയ ഓളങ്ങളിലേക്ക് കണ്ണുംനട്ടിരുന്നു. കൊച്ചു വഞ്ചികളിൽ ആളുകൾ പുഴ കടക്കുന്നുണ്ടായിരുന്നു. അലഞ്ഞുതിരിയുന്ന ആടുകളും ഓടിക്കളിക്കുന്ന കുട്ടികളും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.



പഞ്ചൽഘാട്ടിലൂടെ സമയം വളരെ സാവധാനമാണ് ഒഴുകുന്നത് എന്നെനിക്ക് തോന്നി. സ്റ്റീൽ തകിടും തടിയും ഉപയോഗിച്ച് വഞ്ചി നിർമ്മിക്കുന്ന ഒരുകൂട്ടം ആളുകളെ കുറച്ചുദൂരെ കണ്ടു. ഓരോ തോണിയും തയ്യാറാക്കാൻ രണ്ടോമൂന്നോ ദിവസം എടുക്കും എന്നാണ് അവരിൽ ഒരാൾ പറഞ്ഞത്. സൂര്യൻ പടിഞ്ഞാറ് മറയാൻ തുടങ്ങിയപ്പോൾ ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. കനോജിലേക്ക് പോകുന്ന പാസ്സഞ്ചർ വണ്ടിയും കാത്ത് ഒരു മണിക്കൂറോളം അവിടെ കുത്തിയിരുന്നു. സമയക്രമം പാലിക്കാതെ വൈകിയെത്തിയ ആ വണ്ടിക്കകത്ത് പലരും രാഷ്ട്രീയം ചർച്ച ചെയ്യുന്നുണ്ടായിരുന്നു. കേന്ദ്ര-സംസ്ഥാന ഭരണം കയ്യാളുന്ന ബിജെപിയെ അനുകൂലിക്കുന്നവരും, പ്രതികൂലിക്കുന്നവരും താന്താങ്ങളുടെ വാദങ്ങൾ അവതരിപ്പിച്ചു. കുറച്ച് സ്ത്രീകളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഏകദേശം എട്ടുമണിയോടെ തീവണ്ടി കനോജിലെത്തി.

സൈക്കിളുകളുടെ പരിക്കുകൾ പരിഹരിച്ച് അടുത്ത ദിവസം ഇവിടെ നിന്ന് യാത്ര തുടരണം. ഞങ്ങളുടെ പര്യടനത്തിലെ ഏകദേശം മൂന്നിലൊന്ന് ഭാഗം പൂർത്തിയായിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലെ നാഴിക കല്ലുകളായ പല സംഭവങ്ങളും അരങ്ങേറിയ കിഴക്കൻ ഉത്തർപ്രദേശിലേക്ക് ഞങ്ങൾ പ്രവേശിക്കാൻ തുടങ്ങുകയാണ്.

കനോജിൽ എത്തിയതോടെ യാത്ര പടിഞ്ഞാറൻ ഉത്തർപ്രദേശ് പിന്നിടുകയാണ്. വ്യവസായ മേഖലകൾ നിറഞ്ഞ കിഴക്കൻ ഉത്തർപ്രദേശിന്റെ പടിവാതിലിൽ ആണ് ഞങ്ങൾ. താരതമ്യേന മാലിന്യങ്ങൾ കുറഞ്ഞ ഗംഗയിലെ ജലത്തിൽ കൂടുതൽ വിഷവസ്തുക്കൾ ചേരുന്നത് ഇനി മുതലാണ്
കനോജിൽ എത്തിയതോടെ യാത്ര പടിഞ്ഞാറൻ ഉത്തർപ്രദേശ് പിന്നിടുകയാണ്. വ്യവസായ മേഖലകൾ നിറഞ്ഞ കിഴക്കൻ ഉത്തർപ്രദേശിന്റെ പടിവാതിലിൽ ആണ് ഞങ്ങൾ. താരതമ്യേന മാലിന്യങ്ങൾ കുറഞ്ഞ ഗംഗയിലെ ജലത്തിൽ കൂടുതൽ വിഷവസ്തുക്കൾ ചേരുന്നത് ഇനി മുതലാണ്

_______

Notes

[1] Imperial Gazetteer of India 1885-87 [2] Imperial Gazetteer of India 1885-87  [3] Badaun used to be Indian. Today it is Muslim and Hindu by Inderjit Bhadwar; India Today October 31, 1989 [4] Imperial Gazetteer of India 1885-87 [5] Caste adds another layer to the double rape, murder in Badaun by Pritha Chatterjee; Indian Express June 6, 2014 [6] Chapter 5 – The Tripartite Struggle, Ancient India by Ramesh Chandra Majumdar[7] The Indian town that turns the earthy smell of rain into a perfume bottle of memories by Sumedha Tripathi; ScoopWhoop, June 29, 2020

Joyel K Pious

ജോയൽ കെ പയസ് ഒരു ഫോട്ടോഗ്രാഫറും, ദ്വിഭാഷ എഡിറ്ററും ആണ്. ഡൽഹിയിൽ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ് ദിനപത്രത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നു. കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള അദ്ദേഹം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിൽ തല്പരനാണ്. ഫോട്ടോമെയിലിന്റെ ന്യൂസ് എഡിറ്റർ എന്ന നിലയിലും അദ്ദേഹം തന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നു.

Published on September 28, 2021

Share

Home » Portfolio » Authors » Joyel K Pious » പുതുമഴയുടെ മണമുള്ള മണ്ണിൽ

Related Articles

2022-02-03T18:22:26+05:30

പ്രയാഗിലെ ദേശാടനക്കിളികൾ

നല്ല വെയിലുള്ള ഒരു ഉച്ചയ്ക്കാണ് ഞങ്ങൾ കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗ്രാൻഡ് ട്രങ്ക് റോഡിന്റെ അരികിലൂടെ വളരെ ശ്രദ്ധയോടെ ഞാൻ സൈക്കിൾ ചവിട്ടി. വേഗമേറിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന കാറ്റിന് സൈക്കിളിന്റെ താളം തെറ്റിക്കാൻ കഴിയും എന്നതിനാൽ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. മുമ്പിലുള്ള പ്രധാന നഗരം 130 കിലോമീറ്റർ കിഴക്കുള്ള അലഹബാദ് ആയിരുന്നു. ഒറ്റദിവസം കൊണ്ട് അവിടെ എത്താനാകില്ല എന്നതുകൊണ്ട് ഇടയ്ക്കുള്ള ഫത്തേപ്പൂർ എന്ന പട്ടണത്തിൽ രാത്രി തങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഗംഗയുടെയും, യമുനയുടെയും ഇടയിലായാണ് ജില്ലാ ആസ്ഥാനം കൂടിയായ ഫത്തേപ്പൂരിന്റെ കിടപ്പ്. കയറ്റിറക്കങ്ങൾ ഇല്ലാത്ത വഴിയിലൂടെയുള്ള യാത്ര സുഖകരമായിരുന്നു.

2021-11-12T15:22:58+05:30

ചുവപ്പും കറുപ്പും: ചില കാൺപൂർ ഓർമ്മകൾ

നഗരത്തെ നടുവിലൂടെ കീറിമുറിച്ച് കടന്നുപോകുന്ന പ്രധാന പാതയിലൂടെ പതിനഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മാത്രമേ സുമിതിന്റെ സുഹൃത്തുക്കൾ ഏർപ്പാടാക്കിയ മുറിയിൽ എത്താനാകൂ. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും വലുതും, തിരക്കുപിടിച്ചതുമായ നഗരമായിരുന്നു കാൺപൂർ. നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന മോട്ടോർ വാഹനങ്ങളുടെ ഇടയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നത് ഒരു സർക്കസ് വിദ്യ പോലെ തോന്നി. വഴിയിൽ ഇടക്കിടെ വരുന്ന മേൽപ്പാലങ്ങളിലേക്ക് സൈക്കിൾ ചവിട്ടിക്കയറ്റാൻ ഞങ്ങൾ ഇരുവരും പ്രയാസപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളുടെ ഹോണുകൾ സൃഷ്ടിക്കുന്ന ഒച്ചപ്പാടിൽ സൈക്കിൾ മണികളുടെ ശബ്ദം അലിഞ്ഞില്ലാതായി. കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ട്രാഫിക് സിഗ്നലുകൾ പിന്നിടുന്നത് അതീവ ശ്രമകരമായിരുന്നു. ഓട്ടപ്പന്തയത്തിന് തയ്യാറെടുക്കുന്നതുപോലെ അക്ഷമരായി പച്ചവെളിച്ചവും കാത്ത് നിൽക്കുന്ന ഡ്രൈവർമാർക്കിടയിലൂടെ സൈക്കിൾ ചവിട്ടുന്നത് അപകടം നിറഞ്ഞ പരിപാടിയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പ്രയാണത്തിനൊടുവിലാണ് കാൺപൂർ നഗരത്തിന്റെ തെക്കേയറ്റത്ത് ഞങ്ങൾ എത്തിച്ചേർന്നത്.

2021-09-28T14:35:13+05:30

പുതുമഴയുടെ മണമുള്ള മണ്ണിൽ

മുറിയിൽ എത്തിയപ്പോൾ ധർമ്മശാലയുടെ ഉടമ അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിശേഷങ്ങൾ കേട്ടപ്പോൾ അയാൾ ഭേദപ്പെട്ട ഒരു മുറി തന്നു. ചിലന്തിവലകൾ നിറഞ്ഞ, ഈർപ്പം തങ്ങി നിന്നിരുന്ന ആ മുറി ആദ്യത്തെ സ്റ്റോർ റൂമിനേക്കാൻ നല്ലതായിരുന്നു. ഞങ്ങളുടെ പര്യടനഭൂപടത്തിൽ ഉൾപ്പെടാത്ത സ്ഥലമായിരുന്നെങ്കിലും, ബദായൂനിന്റെ ചരിത്രത്തെക്കുറിച്ച് ഞാൻ അല്പം അന്വേഷണം നടത്തി. അഹർ രാജകുമാരനായ ബുദ്ധ് പൊതുയുഗം (CE) 905ൽ സ്ഥാപിച്ചതാണ് ഈ നഗരം എന്ന് വിശ്വസിക്കപ്പെടുന്നു. മുഹമ്മദ് ഗസ്നിയുടെ ബന്ധുവായ സയ്യിദ് മസൂദ് ഗാസി CE 1028 ൽ ഈ പ്രദേശം പിടിച്ചടക്കി

2021-09-28T14:39:41+05:30

ബ്രിജ്ഘാട്ടിലെ ചൂടുകാറ്റ്

‘തീർത്ഥാടക നഗരിയായ അനുപ്ശഹറിലേക്ക് സ്വാഗതം’ എന്നെഴുതി വെച്ചിട്ടുള്ള ഒരു വലിയ കമാനം ഞങ്ങളുടെ മുൻപിൽ തലയുയർത്തി നിന്നു. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത് അനുപ് റായ് എന്ന രാജാവാണ് ഈ പട്ടണം സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്.

2021-09-28T14:40:57+05:30

രണ്ട് പുതിയ ചങ്ങാതിമാർ

ഇരുട്ട് വീഴും മുൻപേ ഹൈവേയിൽ എത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അഞ്ചുമണി ആയപ്പോഴേക്കും വെളിച്ചം കുറയാൻ തുടങ്ങി. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളും, ഒറ്റപ്പെട്ട ചില ഗ്രാമങ്ങളും മാത്രമേ വഴിയിൽ കണ്ടുള്ളൂ. കാലിൽ വേദന കൂടിക്കൂടി വന്നതുകൊണ്ട് സൈക്കിൾ വേഗത്തിൽ ചവിട്ടാനും കഴിയുന്നില്ല. ഓരോ കിലോമീറ്ററും പിന്നിടാൻ വേണ്ട സമയം കൂടിവന്നു.

2021-09-28T14:43:59+05:30

ഹരിദ്വാറിലെ ശാന്തിതീരം

ഹരിദ്വാറിലെ ഘാട്ടുകൾക്കും ആചാരങ്ങൾക്കും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഗുരുവിന്റെ സ്മരണയിൽ ഗുരുദ്വാര നാനക്-വാര (Gurudwara Nanakwara) എന്ന വലിയൊരു സിഖ് ആരാധനാലയം ഇവിടെ ഉയർന്നു വന്നിരിക്കുകയാണ്.

2021-09-28T14:45:56+05:30

യോഗാനഗരിയിലെ ബീറ്റിൽസ് താളങ്ങൾ

സംസ്കാരത്തിന്റെ സംരക്ഷകർ എന്നു സ്വയം വിശേഷിപ്പിക്കുന്ന ചിലർക്ക് വേറെ ചില ‘പ്രശ്നങ്ങളാണ്’ ഉയർത്തിക്കാട്ടാനുള്ളത് വിദേശ വിനോദ സഞ്ചാരികൾ അസന്മാർഗിക പ്രവർത്തികളിൽ ഏർപ്പെടുന്നു എന്നും, ഋഷികേശിന്റെ ‘പവിത്രത’ നഷ്ടപ്പെടുത്തുന്നു എന്നും ആരോപിച്ച് വിശ്വഹിന്ദു പരിഷദ് രംഗത്തുവന്നത് ഒരു ഉദാഹരണമാണ്.

2021-09-28T14:47:25+05:30

ദേവപ്രയാഗിലെ സന്ധ്യകൾ

ആളുകളെ കുത്തിനിറച്ച ഒരു ജീപ്പിലാണ് ടെഹ്‌റി അണക്കെട്ടിന് അപ്പുറത്തുള്ള ധൻസാലിയിൽ നിന്ന് ദേവപ്രയാഗിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങിയത്.

2021-09-28T14:48:50+05:30

സമരഭൂമിയിലൂടെ ഒരു ബോട്ട് സവാരി

ചമ്പയിലെത്തിയപ്പോഴേക്കും നേരം നല്ലപോലെ ഇരുട്ടി. തിരക്ക് പിടിച്ച ഒരു പട്ടണം. കുറേ അലഞ്ഞ ശേഷം 300 രൂപ വാടകക്ക് ഒരു ചെറിയ മുറി കിട്ടി. അടുത്ത രണ്ടോമൂന്നോ ദിവസം ഇവിടെ താമസിച്ച് ചുറ്റുമുള്ള പ്രദേശങ്ങൾ സന്ദർശിക്കാനായിരുന്നു പരിപാടി. പുറത്ത് നിന്നും പാർസൽ വാങ്ങിയ ചോറും പരിപ്പും, അടുത്തുള്ള ചന്തയിൽ നിന്ന് വാങ്ങിയ പച്ചക്കറികൾ ചേർത്തുണ്ടാക്കിയ സാലഡും കൂട്ടി ഞങ്ങൾ അത്താഴം കഴിച്ചു. തണുപ്പ് കൂടിക്കൂടി വന്നു.

2021-09-28T14:50:04+05:30

പെരുംമഴയിൽ കുതിർന്ന കാലടികൾ

ഉച്ച കഴിഞ്ഞതോടെ കാലാവസ്ഥയാകെ മാറി. കാർമേഘങ്ങൾ സൂര്യനെ മറച്ചു. എപ്പോൾ വേണമെങ്കിലും മഴ പെയ്യാമെന്നായി. ഹർസിൽ എത്താൻ ഇനിയും പത്ത് കിലോമീറ്ററോളം ഉണ്ട്. കയ്യിൽ കരുതിയിട്ടുള്ള മഴക്കോട്ടുകൾ ഞങ്ങൾ അണിഞ്ഞു. ബാഗുകൾ നനയാതിരിക്കാൻ പ്രത്യേകം കവറുകൾ ഉണ്ടായിരുന്നു. പെരുംമഴ തുടങ്ങി. നടത്തം വളരെ സാവധാനത്തിലായിരുന്നു. ഒരു മണിക്കൂറിൽ മൂന്ന് കിലോമീറ്റർ പോലും പിന്നിടാൻ ഞങ്ങൾക്ക് സാധിച്ചില്ല.

2021-09-28T14:51:30+05:30

യാത്രകളുടെ തുടക്കം

ഹിമാലയന്‍ മഞ്ഞുപാടങ്ങളില്‍ നിന്നൊഴുകി, ചരിത്രമുറങ്ങുന്ന ജനപഥങ്ങളെ തഴുകി, ബംഗാള്‍ ഉള്‍ക്കടലിന്‍റെ ആഴങ്ങളില്‍ അലിയുന്നത് വരെയുള്ള ഗംഗയുടെ യാത്രയെ, നാല് മാസത്തോളം സൈക്കിളിലും, കാൽനടയായും ജോയൽ കെ. പയസ് അനുഗമിച്ചതിന്റെ എഴുത്തും ചിത്രങ്ങളും.