Project Description

ഫ്ലാഷ് മെമ്മറീസ്

ഫോട്ടോ മെയിൽ
മലയാളം പേജിൽ
സമകാലിക ഫോട്ടോഗ്രാഫി
അതിന്റെ ചരിത്രം, സൗന്ദര്യശാസ്ത്രം
ടെക്നിക്കുകൾ, വിമർശനം, കൂടാതെ
വിവർത്തനം ചെയ്‌തു
ലേഖനങ്ങൾ പ്രസിദ്ധീകരിക്കും

Landmarks of my Memories © അബുൽ കാലം ആസാദ് 1980s
Landmarks of my Memories © അബുൽ കാലം ആസാദ് 1980s

ചെമ്പിട്ട പള്ളിയും അന്ത്റുപ്പാപ്പയും

കഴിഞ്ഞുപോയ നിമിഷങ്ങളുടെ കഥ പറയാൻ മനുഷ്യൻ കണ്ടെത്തിയ ഏറ്റവും ശക്തമായ ഉപാധിയാണ് ഫോട്ടോഗ്രാഫി. അത് നിശ്ചലമോ ചലിക്കുന്നതോ ആയിക്കൊള്ളട്ടെ, രണ്ടും സംസാരിക്കുന്നത് നിമിഷങ്ങളിലൂടെയാണ്. ഭൂതകാല നിമിഷങ്ങളെ ചിത്രങ്ങളിലൂടെ പുനർസൃഷ്ടിക്കുന്ന ഫോട്ടോഗ്രാഫർ അവയുടെ വ്യാഖ്യാതാവ് മാത്രമല്ല, ഒരു ചരിത്രകാരനും കൂടിയാണ്.

ചെറിയ നിമിഷങ്ങൾക്ക് നീണ്ട ചരിത്രം പറയാൻ കഴിയും എന്ന തിരിച്ചറിവിൽ നിന്നാണ് അബുൽ കലാം ആസാദ് തന്റെ അന്വേഷണങ്ങൾ നടത്തുന്നത്. തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചകളും, അനുഭവങ്ങളും ഉപയോഗിച്ച് ദക്ഷിണേന്ത്യയുടെ ചരിത്രവും, സംസ്കാരവുമെല്ലാം അദ്ദേഹം തന്റെ ചിത്രങ്ങളിൽ കോറിയിട്ടിരിക്കുന്നു എന്നാണ് ആ കാഴ്ചകളിലൂടെ സഞ്ചരിച്ചപ്പോൾ എനിക്ക് തോന്നിയത്. സ്ഥലകാലങ്ങളിലൂടെ തന്റെ ക്യാമറയുമായി സഞ്ചരിക്കുന്ന ആസാദ് കാഴ്ചക്കാരെയും ഭൂതകാലത്തിന്റെ ആ ഏടുകളിലേക്ക് കൊണ്ടുപോകുകയാണ്.

കാലത്തോടുള്ള വിടപറച്ചിലാണ് മരണമെങ്കിൽ, ഓരോ ഫോട്ടോഗ്രാഫിക് ചിത്രവും അടയാളപ്പെടുത്തുന്നത് ചത്തുപോയ ഒരു നിമിഷത്തെയാണ്. സത്ത് പോവുക എന്നാണ് ചത്തുപോകുക എന്നതിന്റെ അർത്ഥം. കൊഴിഞ്ഞുവീഴുന്ന ഓരോ നിമിഷത്തിലും, വ്യക്തികളുടെയും പൊതുബോധത്തിൻ്റെയും സത്തും ഉൾപ്പെടുന്നു. ഇവ വീണ്ടെടുക്കാൻ ഓർമ്മയിലൂടെ മാത്രമേ സാധിക്കൂ. ഫോട്ടോഗ്രാഫറുടെ സാങ്കേതിക ഭാഷയിൽ താൻ ക്യാമറയിൽ പകർത്തുന്ന എന്തും അയാൾക്ക് വസ്തു മാത്രമാണ്. മനുഷ്യനായാലും പൂവായാലും പുഴുവായാലും വെറും ഒരു വസ്തു. പക്ഷെ, ഒരു ചരിത്രകാരന്ന് അതിനെ സ്ഥലകാലങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാൻ കഴിയും, സംസ്ക്കാരപഠിതാവിന്ന് അതിൻ്റെ സൗന്ദര്യത്തെ വിശകലനം ചെയ്യാനും കഴിയും. ഒരു സാധാരണ പ്രേക്ഷകന് ആ ചിത്രങ്ങൾ കാണുന്നതിലൂടെ എന്തെന്നില്ലാത്ത അനുഭൂതി ലഭിക്കും. ഇവിടെയൊക്കെ ഇമേജ് രൂപകം ആയി മാറുകയാണ്. ആസാദിന്റെ ചിത്രങ്ങൾ മേൽപ്പറഞ്ഞ ധർമ്മങ്ങളെല്ലാം ഒരേസമയം നിർവഹിക്കുന്നു.

ആസാദും, ഞാനും ഒരേ ദേശത്ത് ജനിച്ചു വളർന്നവരാണ്. കൊച്ചുന്നാൾ തൊട്ടേ ആസാദിനെ എനിക്കറിയാം. അയാളുടെ ബാപ്പ ‘മെട്രൊ’ ഹനീഫ്ക്ക എൻ്റെയും സുഹൃത്തായിരുന്നു; ഒരു പഴയകാല നാടകകൃത്ത്. പിന്നീട് അതിൽ നിന്ന് വിരമിച്ച് ബിസിനസിൽ വ്യാപൃതനായപ്പോഴും അദ്ദേഹത്തിന്റെ സഹൃദയത്വം ഇല്ലായില്ല. എൻ്റെ എഴുത്തുകളെ അദ്ദേഹം നല്ല വാക്കുകൾ കൊണ്ട് പ്രോത്സാഹിപ്പിക്കുമായിരുന്നു.

ആസാദ് ഇന്ന് അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫറാണ്. തൻ്റെ കലയെ നിരന്തര പരീക്ഷണങ്ങളിലൂടെ അദ്ദേഹം നവീകരിച്ചു കൊണ്ടിരിക്കുകയാണ്. പ്രൊഫഷനലായി വിദേശത്തു പോയി പഠിച്ചിട്ടുള്ള ആളാണ് ആസാദ്. പ്രസ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ അപൂർവ്വമായഫോട്ടോകൾ നൽകി അദ്ദേഹം പത്രപ്രവർത്തകനായ എന്നെ സഹായിച്ചിട്ടുണ്ട്.

ഒരു ഫോട്ടോഗ്രാഫ് കാണുമ്പോൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായ പ്രതികരണകളോ ഓർമ്മകളൊ ആണ് ഉൽപാദിപ്പിക്കപ്പെടുന്നത്. കഴിഞ്ഞുപോയ ഓരോ നിമിഷവും എത്രത്തോളം സങ്കീർണ്ണമായ ചരിത്രമാണ് അതിന്റെ ഗർഭത്തിൽ പേറിയിരുന്നത് എന്ന് ആസാദിന്റെ ഫോട്ടോഗ്രാഫുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

കൊച്ചങ്ങാടി ചെമ്പിട്ട പള്ളിപ്പറമ്പിലാണ് എന്റെ ബാപ്പയും ഉമ്മയും പെങ്ങളും ഇക്കാക്കയും ലയിച്ചു ചേർന്നിട്ടു ള്ളത്. ഞാനും അവിടെയായിരിക്കുമോ ചെന്നുചേരുന്നത്? അറിയില്ല.

എന്റെ ഭാര്യയും മകളും കോഴിക്കോട്ടെ പൊക്കുന്ന് കോന്തനാരി പള്ളിപ്പറമ്പിലാണുറങ്ങുന്നത്. കോഴിക്കോട് വെച്ച് മരിച്ചാൽ ഞാനും അവിടെതന്നെ അലിഞ്ഞുചേരണം. ഒരു ദീർഘയാത്ര ആത്മാവ് നഷ്ടപ്പെട്ട ശരീരത്തിന് ഭാരമാവും ജീവിച്ചിരിക്കുന്ന മറ്റുള്ളവർക്കും . കഴിയുന്നത്ര വേഗം പഞ്ചഭൂതങ്ങളിൽ അത് ലയിച്ചു തീരട്ടെ.

ഒരു ശ്മശാനം കാണുമ്പോൾ മരണത്തെ കുറിച്ച് മാത്രമേ ചിന്തിക്കാനാവുകയുള്ളുവെന്നുണ്ടൊ? മരിച്ച ഇന്നലെകളെ കുറിച്ച് പലതും ഓർമ്മ വരുന്നു.

കൊച്ചിയിലെ ചരിത്ര പൈതൃകങ്ങളിലൊന്നാണ് ഈ മസ്ജിദ് . ചരിത്രത്തിലേക്കൊന്നും പോകാൻ ഉദ്ദേശിക്കുന്നില്ല. ചെറുപ്പകാലത്ത് ഇവിടെയാണ് വെള്ളിയാഴ്ച തോറും ജുംഅ നമസ്ക്കാരത്തിന് വന്നിരുന്നത്. രാവിലെ തന്നെ കൈകാലുകളിലെ നഖങ്ങൾ വെട്ടി.. കുളിച്ച് ഉടുപ്പുകൾ ഇസ്തിരിയിട്ട് തയ്യാറാകുന്നു.

ബാപ്പുക്കയുടെ ഈണത്തിലുള്ള ബാങ്ക് കേൾക്കേണ്ട താമസം കൂട്ടുകാരോടൊപ്പം പള്ളിയിലേക്ക് പുറപ്പെടുകയായി.

കുടുംബക്കാരനായ അജ്ജീനയാണ് ഖത്തീബ് . വെളുത്ത് , പൊക്കം കുറഞ്ഞ്, തേജസ്വിയായ ഖത്തീബ് നീന കൂട്ടുകാരൻ ബാഹിയയുടെ ബാപ്പ യാണ്. അറേബ്യൻ വസ്ത്രമായ അങ്കുർക്കയും തലപ്പാവും ധരിച്ച് അദ്ദേഹം മിംബറിൽ നിന്ന് സംഗീതസാന്ദ്രമായി അറബിയിലുള്ള ഖുത്തുബ ചൊല്ലുന്നത് ഹൃദ്യമായ അനുഭവമാണ്.

ഏത് കൊടിയ വേനലിലും തണുത്ത വെള്ളം നിറഞ്ഞ പഴയ ഹവുളിൽ നിന്നാണ് അംഗസ്നാനം ചെയ്യുക. ഖുത്തുബയുടെ അർത്ഥമൊന്നും മനസ്സിലാകണമെന്നില്ല. ഒരനുഷ്ഠാനം മാത്രം. പക്ഷെ കുട്ടികളായ ഞങ്ങൾ ജും അ കഴിഞ്ഞാൽ ഉടൻ സ്ഥലം വിടുകയില്ല. അകത്തെപ്പള്ളിയിൽ ഖത്തീബിന്റെ നേതൃത്വത്തിൽ ചെറിയൊരു കലാ പരിപാടിയുണ്ടാവും. കുറച്ചാളുകളേ ഉണ്ടാവൂ. അവർ വൃത്താകൃതിയിൽ നിന്ന് കൈകൾ കോർത്തും ശരീരം മൃദുവായി ചലിപ്പിച്ചും ചെറിയൊരു സംഘനൃത്തം. ഒരു പക്ഷെ സൂഫി നൃത്തത്തിന്റെ ഒരു വിത്ത് ഇതിലുണ്ടാകാം. ഞങ്ങൾ , കുട്ടികളെ സംബന്ധിച്ചിടത്തോളം ഹളറ എന്ന പരിപാടി കഴിഞ്ഞാൽ കിട്ടുന്ന നെയ്യിൽ വറുത്ത ഉണക്കമുന്തിരിയാണ് പ്രധാനം. അത് കിട്ടിയാലുടനെ വീട്ടിലേയ്ക്കോടുകയായി.

ചെമ്പിട്ട പള്ളിയെ കുറിച്ചുള്ള ഓർമ്മകളിലെ ഒരു കഥാപാത്രം കിഴക്കേ പ്രവേശന കവാടത്തിൽ കുറെ നാൾ കണ്ടിരുന്ന സന്യാസിയെ പോലുള്ള ഒരു സിദ്ധനാണ്. ആരോടും ഒരു വാക്ക് ഉരുവിടാതെ ഒരേ ഒരു ഇരിപ്പാണ്. ഞങ്ങൾ കുട്ടികൾ അയാളെ പേടിച്ചു. “സി ഐഡി ആയിരിക്കും” ആരോ പറഞ്ഞു കുറ്റാന്വേഷണ കഥകൾ വായിക്കുന്ന കാലത്ത് അങ്ങനെയൊക്കെ തന്നെയാണല്ലൊ സങ്കൽപ്പിക്കേണ്ടത്.

പക്ഷെ അയാളെക്കൊണ്ട് ആർക്കും ഒരു ഉപദ്രവവും ഉണ്ടായില്ല. പിന്നീടെപ്പോഴോ അയാൾ അപ്രത്യക്ഷനായി.

മറ്റൊരു കഥാപാത്രം അന്ത്റു ആണ്. ‘പിരാന്തനന്ത്റു’ എന്ന് കൊച്ചങ്ങാടിക്കാർ വിളിച്ചു. ചെമ്പിട്ട പള്ളി പരിസരങ്ങളിൽ ചുറ്റിത്തിരിയും. കേലയൊലിക്കുന്ന വായ എന്നും തുറന്നിരിക്കും. കൊച്ചങ്ങാടിയിലെ കുട്ടുക്കയുടെയും ജെയ്നിക്കയുടെയും സീ ക്ലാസ്സിലിരുന്ന് ബീഡി തെറുപ്പുകാർക്ക് അന്നന്നത്തെ പത്രം വായിച്ചു കൊടുക്കുന്ന പതിവുണ്ടെനിക്ക് അവിടെ ഒരു ഫുൾ സ്ക്കേപ്പ് പേപ്പറിൽ നിറയെ എന്തൊ കുത്തി വരച്ച് കൊണ്ടുവന്ന് എനിക്ക് തരും അന്ത്രു.

“മലബാരിക്ക് ഈമാനില്ല, കോടാലിക്ക് ഉറയില്ല”, എന്ന ആപ്തവാക്യങ്ങൾ ഉറപ്പായും അതിലുണ്ടാകും. അത് അന്ത്റുവിന്റെ മാനിഫെസ്റ്റൊ ആയിരിക്കാം. അക്കാലത്തേ ഞാൻ എഴുതിത്തുടങ്ങിയിരുന്നത് കൊണ്ട് ഒരു ബുദ്ധിജീവിയാണെന്ന് ധരിച്ചിട്ടുണ്ടാവാം മൂപ്പർ.

അന്ത്റുവിനെ കൊണ്ട് ആർക്കും ഒരു ശല്യവുമില്ല.

ഒരിക്കൽ രാത്രി സെക്കൻഡ് ഷോ സിനിമ കഴിഞ്ഞു പോയ ആരോ പിന്നിൽ നിന്ന്.

“സലാമലെയ്ക്കും” എന്ന് പറയുന്നത് കേട്ട് തിരിഞ്ഞു നോക്കി. അകത്തെ പള്ളിയുടെ വടക്കേ വരാന്തയിൽ സൂക്ഷിക്കാറുള്ള മയ്യത്ത് കട്ടിലിൽ നിന്നായിരുന്നു അഭിവാദനം. അയാൾ പനി പിടിച്ചു കിടപ്പിലായി.

കട്ടിലിന്നകത്ത് അന്ത്റുവായിരുന്നത്രെ.

പിന്നീട് അന്ത്റു അന്ത്റുപ്പാപ്പയായി. ഔലിയയായി. മലബാറിലെ പാനൂരിൽ അന്ത്റുവിന്റെ ജാറത്തിൽ തീർത്ഥാടകരെത്തുന്നു

ചെമ്പിട്ട പള്ളിയെ കുറിച്ച് ഇനിയും കഥകളെറെയുണ്ട് പറയാൻ.

Jamal Kochangadi

ജമാൽ കൊച്ചങ്ങാടി പശ്ചിമ കൊച്ചിയിൽ ജന്മം കൊണ്ട സാഹിത്യകാരന്മാരിൽ ഏറ്റവും പ്രധാനിയാണ് ജമാൽ  കൊച്ചങ്ങാടി.കഥകൾ, ലേഖനങ്ങൾ, നാടകം, സിനിമാ ഗാനങ്ങൾ തുടങ്ങിയ നിരവധി മേഖലകളിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട് പ്രമുഖ വർത്തമാന പത്രങ്ങളുടെയും ,വാർഷിക – വിശേഷാൽ പതിപ്പുകളുടെയും അമരക്കാരനായി കഴിഞ്ഞ കാൽ   നൂറ്റാണ്ടിലേറെ കാലമായി പ്രവർത്തിച്ചു വരുന്ന ജമാൽ കൊച്ചങ്ങാടി മലയാള സാഹിത്യത്തിന് അനേകം പ്രതിഭകളെ പരിചയപ്പെടുത്തിയിട്ടുള്ള ബഹു മാന്യനായ  പത്രാധിപരാണ്.

അബുൽ കാലം ആസാദ് സമകാലീന ഇന്ത്യൻ ഫോട്ടോഗ്രാഫറും ഏകലോകം ട്രസ്റ്റ് ഫോർ ഫോട്ടോഗ്രാഫി സ്ഥാപക ചെയർമാനുമായ അബുൽ കലാം ആസാദ്. അബുലിന്റെ ഫോട്ടോഗ്രാഫിക് കൃതികൾ പ്രധാനമായും ആത്മകഥാപരമാണ്, ഒപ്പം രാഷ്ട്രീയം, സംസ്കാരം, സമകാലീന മൈക്രോ ചരിത്രം, ലിംഗഭേദം, ലൈംഗികത എന്നിവ പര്യവേക്ഷണം ചെയ്യുന്നു.

Published on February 3, 2021

Share

Home » Portfolio » Authors » Abul Kalam Azad » ചെമ്പിട്ട പള്ളിയും അന്ത്റുപ്പാപ്പയും

Related Articles

2021-07-28T13:17:47+05:30

ബ്രിജ്ഘാട്ടിലെ ചൂടുകാറ്റ്

‘തീർത്ഥാടക നഗരിയായ അനുപ്ശഹറിലേക്ക് സ്വാഗതം’ എന്നെഴുതി വെച്ചിട്ടുള്ള ഒരു വലിയ കമാനം ഞങ്ങളുടെ മുൻപിൽ തലയുയർത്തി നിന്നു. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത് അനുപ് റായ് എന്ന രാജാവാണ് ഈ പട്ടണം സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്.

2021-07-28T13:20:11+05:30

രണ്ട് പുതിയ ചങ്ങാതിമാർ

ഇരുട്ട് വീഴും മുൻപേ ഹൈവേയിൽ എത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അഞ്ചുമണി ആയപ്പോഴേക്കും വെളിച്ചം കുറയാൻ തുടങ്ങി. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളും, ഒറ്റപ്പെട്ട ചില ഗ്രാമങ്ങളും മാത്രമേ വഴിയിൽ കണ്ടുള്ളൂ. കാലിൽ വേദന കൂടിക്കൂടി വന്നതുകൊണ്ട് സൈക്കിൾ വേഗത്തിൽ ചവിട്ടാനും കഴിയുന്നില്ല. ഓരോ കിലോമീറ്ററും പിന്നിടാൻ വേണ്ട സമയം കൂടിവന്നു.

2021-06-10T14:26:39+05:30

അഗസ്റ്റിൻ്റെ സ്വപ്നങ്ങൾ

മറ്റൊരിക്കൽ ഞാൻ പറഞ്ഞു: എനിക്ക് പെൺകുഞ്ഞ് പിറന്നാൽ ജുബി എന്ന് പേരിടും. ആൺ കുട്ടിയാണെങ്കിൽ ബൈജുവെന്നും. എനിക്ക് ആൺകുഞ്ഞുങ്ങളുണ്ടായില്ല. മൂത്ത മകൾക്ക് ജൂബി എന്ന് തന്നെ പേരിട്ടു .അഗസ്റ്റിൻ്റ മകന്ന് ബൈജുവെന്നും. രണ്ടു പേരും വാക്കുപാലിച്ചു.

2021-07-28T13:36:14+05:30

ഹരിദ്വാറിലെ ശാന്തിതീരം

ഹരിദ്വാറിലെ ഘാട്ടുകൾക്കും ആചാരങ്ങൾക്കും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഗുരുവിന്റെ സ്മരണയിൽ ഗുരുദ്വാര നാനക്-വാര (Gurudwara Nanakwara) എന്ന വലിയൊരു സിഖ് ആരാധനാലയം ഇവിടെ ഉയർന്നു വന്നിരിക്കുകയാണ്.

2021-09-23T10:55:43+05:30

ചെമ്പിട്ട പള്ളിയും അന്ത്റുപ്പാപ്പയും

“മലബാരിക്ക് ഈമാനില്ല, കോടാലിക്ക് ഉറയില്ല : എന്ന ആപ്തവാക്യങ്ങൾ ഉറപ്പായും അതിലുണ്ടാകും. അത് അന്ത്റുവിന്റെ മാനിഫെസ്റ്റൊ ആയിരിക്കാം. അക്കാലത്തേ ഞാൻ എഴുതിത്തുടങ്ങിയിരുന്നത് കൊണ്ട് ഒരു ബുദ്ധിജീവിയാണെന്ന് ധരിച്ചിട്ടുണ്ടാവാം മൂപ്പർ.

2021-09-23T10:55:17+05:30

ചാപ്പ സിനിമയും ഫോർട്ട് കൊച്ചിയിലെ ഇൻസ്‌പെക്ഷൻ ബാഗ്ലൂവും

ഒരു ചെറിയ മുറ്റമേയുള്ളെങ്കിലും കടലിന്നഭിമുഖമായി ഇരുന്ന് സംസാരിക്കാം. പച്ചപ്പുല്ലു പിടിപ്പിച്ച ചെറിയ ഒരു പൂന്തോട്ടമായിരുന്നു ഇതെങ്കിൽ എന്നാലോചിച്ചു പോയിട്ടുണ്ട്.ഒരു വെളുപ്പാൻ കാലത്ത് കുളിച്ച് ഈറൻ മാറിയ ഒരു യൂറോപ്യൻ സ്ത്രീയും പുരുഷനും കടലിലേയ്ക്ക് നോക്കി നിൽക്കുന്ന കാഴ്ച ആരോ ക്ലിക്ക് ചെയ്തത് പോലെ മനസ്സിലുണ്ട്.

2021-07-28T13:37:08+05:30

യോഗാനഗരിയിലെ ബീറ്റിൽസ് താളങ്ങൾ

സംസ്കാരത്തിന്റെ സംരക്ഷകർ എന്നു സ്വയം വിശേഷിപ്പിക്കുന്ന ചിലർക്ക് വേറെ ചില ‘പ്രശ്നങ്ങളാണ്’ ഉയർത്തിക്കാട്ടാനുള്ളത് വിദേശ വിനോദ സഞ്ചാരികൾ അസന്മാർഗിക പ്രവർത്തികളിൽ ഏർപ്പെടുന്നു എന്നും, ഋഷികേശിന്റെ ‘പവിത്രത’ നഷ്ടപ്പെടുത്തുന്നു എന്നും ആരോപിച്ച് വിശ്വഹിന്ദു പരിഷദ് രംഗത്തുവന്നത് ഒരു ഉദാഹരണമാണ്.

2021-07-28T13:39:37+05:30

ദേവപ്രയാഗിലെ സന്ധ്യകൾ

ആളുകളെ കുത്തിനിറച്ച ഒരു ജീപ്പിലാണ് ടെഹ്‌റി അണക്കെട്ടിന് അപ്പുറത്തുള്ള ധൻസാലിയിൽ നിന്ന് ദേവപ്രയാഗിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങിയത്.

2021-08-11T16:35:34+05:30

സമരഭൂമിയിലൂടെ ഒരു ബോട്ട് സവാരി

ചമ്പയിലെത്തിയപ്പോഴേക്കും നേരം നല്ലപോലെ ഇരുട്ടി. തിരക്ക് പിടിച്ച ഒരു പട്ടണം. കുറേ അലഞ്ഞ ശേഷം 300 രൂപ വാടകക്ക് ഒരു ചെറിയ മുറി കിട്ടി. അടുത്ത രണ്ടോമൂന്നോ ദിവസം ഇവിടെ താമസിച്ച് ചുറ്റുമുള്ള പ്രദേശങ്ങൾ സന്ദർശിക്കാനായിരുന്നു പരിപാടി. പുറത്ത് നിന്നും പാർസൽ വാങ്ങിയ ചോറും പരിപ്പും, അടുത്തുള്ള ചന്തയിൽ നിന്ന് വാങ്ങിയ പച്ചക്കറികൾ ചേർത്തുണ്ടാക്കിയ സാലഡും കൂട്ടി ഞങ്ങൾ അത്താഴം കഴിച്ചു. തണുപ്പ് കൂടിക്കൂടി വന്നു.

2021-07-28T13:42:15+05:30

പെരുംമഴയിൽ കുതിർന്ന കാലടികൾ

ഉച്ച കഴിഞ്ഞതോടെ കാലാവസ്ഥയാകെ മാറി. കാർമേഘങ്ങൾ സൂര്യനെ മറച്ചു. എപ്പോൾ വേണമെങ്കിലും മഴ പെയ്യാമെന്നായി. ഹർസിൽ എത്താൻ ഇനിയും പത്ത് കിലോമീറ്ററോളം ഉണ്ട്. കയ്യിൽ കരുതിയിട്ടുള്ള മഴക്കോട്ടുകൾ ഞങ്ങൾ അണിഞ്ഞു. ബാഗുകൾ നനയാതിരിക്കാൻ പ്രത്യേകം കവറുകൾ ഉണ്ടായിരുന്നു. പെരുംമഴ തുടങ്ങി. നടത്തം വളരെ സാവധാനത്തിലായിരുന്നു. ഒരു മണിക്കൂറിൽ മൂന്ന് കിലോമീറ്റർ പോലും പിന്നിടാൻ ഞങ്ങൾക്ക് സാധിച്ചില്ല.