ഹിമാലയന്‍ മഞ്ഞുപാടങ്ങളില്‍
നിന്നൊഴുകി ചരിത്രമുറങ്ങുന്ന
ജനപഥങ്ങളെ തഴുകി
ബംഗാള്‍ ഉള്‍ക്കടലിന്‍റെ
ആഴങ്ങളില്‍ അലിയുന്നത് വരെയുള്ള
ഗംഗയുടെ യാത്രയെ
നാല് മാസത്തോളം
സൈക്കിളിലും, കാൽനടയായും
ജോയൽ കെ. പയസ്
അനുഗമിച്ചതിന്റെ
എഴുത്തും ചിത്രങ്ങളും

ഉത്തരകാശിയിൽ എത്തുമ്പോൾ ഭാഗീരഥിക്ക് താരതമ്യേന വീതി കൂടുതലാണ്. നദിയുടെ ഉറവിടത്തിൽ നിന്ന് നൂറുകിലോമീറ്ററോളം ദൂരെയുള്ള ഇവിടെ, ജലത്തിന്റെ ഗുണനിലവാരത്തിൽ കാര്യമായ കുറവൊന്നും സംഭവിച്ചിട്ടില്ല © ജോയൽ കെ. പയസ്
ആപ്രതീക്ഷിതമായ ചാറ്റൽമഴയാണ് ഉറക്കമുണർന്ന ഞങ്ങളെ വരവേറ്റത്. ഈ സമയത്ത് മഴ പതിവില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ശക്തമായി മഴ പെയ്താൽ അന്നത്തെ യാത്രാ പദ്ധതി മുടങ്ങും. സാധനങ്ങൾ എല്ലാം എടുത്ത്, പ്രഭാത ഭക്ഷണവും കഴിച്ച് ഞങ്ങൾ ഒരുങ്ങി നിന്നു. ബാഗുകൾക്ക് ഇപ്പോൾ ഭാരം കൂടുതലാണ്. ഗംഗോത്രിയിൽ നിന്ന് ഗോമുഖിലേക്ക് നടന്നപ്പോൾ അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രമാണ് എടുത്തിരുന്നത്. ബാക്കി സാമാനങ്ങൾ ഗംഗോത്രിയിലെ ഒരു കടയിൽ ഏൽപ്പിക്കുകയായിരുന്നു. മൂന്നുമാസത്തെ യാത്രക്കുള്ള സാമഗ്രികൾ ഞങ്ങൾ എടുത്തിട്ടുണ്ടായിരുന്നു. കൂടാതെ, വെള്ളത്തിന്റെയും വായുവിന്റെയും ഗുണനിലവാരം പരിശോധിക്കാനുള്ള യന്ത്രങ്ങളും ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നു. ഇനിയും കുറച്ച് സാധനങ്ങൾ ഉത്തരകാശിയിലെ ഒരു ലോഡ്ജിൽ സൂക്ഷിച്ചിട്ടുണ്ട്. എല്ലാം കൂടി ഓരോ ബാഗും 15 കിലോയിൽ കൂടുതൽ ഭാരം വരുമായിരുന്നു.
ഏകദേശം ഒൻപത് മണിയായപ്പോൾ മഴയ്ക്ക് ശമനം വന്നു. ഗംഗോത്രിയോട് വിട പറഞ്ഞ് ഞങ്ങൾ നടക്കാൻ തുടങ്ങി. ഇവിടെ നിന്ന് ഉത്തരകാശി വരെ നൂറ് കിലോമീറ്ററോളം ദൂരം വരും. ചൈനീസ് അതിർത്തിയിലേക്കുള്ള പട്ടാള നീക്കത്തിന് ഉപകരിക്കും എന്നതുകൊണ്ട് കൂടിയാവണം, റോഡ് നല്ല നിലവാരത്തിലാണ് പണി കഴിച്ചിട്ടുള്ളത്. പക്ഷെ, ഹിമാലയൻ മേഖലയിൽ മനുഷ്യ നിർമ്മിതികൾക്ക് പരിമിതിയുണ്ട്. ഇന്ന് പണിതീർത്ത റോഡ് നാളെ മണ്ണിടിച്ചിലിൽ തകർന്ന് പോയേക്കാം. അതിൽ പെട്ട് ചിലപ്പോൾ ആളുകളോ, വാഹനങ്ങളോ ഒലിച്ചു പോകാം. കുറേ പണം ചിലവഴിച്ച് സർക്കാർ വീണ്ടും പുനർനിർമ്മാണം ആരംഭിക്കും, പ്രകൃതി വീണ്ടും താണ്ഡവമാടും. സൃഷ്ടിസംഹാരങ്ങളുടെ ആ ചക്രം തുടർന്നുകൊണ്ടേയിരിക്കുന്നു. ഇരുപത്തേഴ് കിലോമീറ്റർ ദൂരെയുള്ള ഹർസിൽ (Harsil) എന്ന പട്ടണം കണ്ണുവെച്ചാണ് ഞങ്ങൾ നടന്നത്. ആപ്പിൾ തോട്ടങ്ങൾക്ക് പ്രസിദ്ധമാണ് അവിടം. ചുവന്ന് തുടുത്ത ഹർസിൽ ആപ്പിളുകൾക്ക് വിദൂരവിപണികളിൽ പോലും ആവശ്യക്കാരുണ്ട്. ദൂരെ ഡൽഹിയിൽ നിന്നും രാജസ്ഥാനിൽ നിന്നും സഞ്ചാരികൾ പതിവായി എത്തുന്ന സ്ഥലംകൂടിയാണിത്. ദീപാവലിക്ക് ശേഷം ഗംഗോത്രിയിലെ ക്ഷേത്രം അടയ്ക്കുമ്പോൾ, അവിടത്തെ വിഗ്രഹം ഹർസിലിനടുത്തുള്ള ഒരു അമ്പലത്തിലാണ് സൂക്ഷിക്കുക.
പൈൻ, ദേവദാരു മരങ്ങൾ പാതയ്ക്കിരുവശവും നിറഞ്ഞു നിന്നു. ഹിമാലയൻ ലങ്ങൂറുകൾ (മരങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുന്ന, ഇലകൾ പ്രധാനമായും ഭക്ഷണമാക്കുന്ന, നീണ്ട വാലുള്ള കുരങ്ങന്മാർ) മരങ്ങളിൽ ചാടിക്കളിക്കുന്നു. പല നിറത്തിലും വലിപ്പത്തിലുമുള്ള കിളികളെ കണ്ടു. ആകാശം മുഴുവനായി തെളിഞ്ഞിട്ടില്ല. ആദ്യത്തെ മണിക്കൂറിൽ ആറ് കിലോമീറ്ററോളം ഞങ്ങൾ നടന്നു. ഭാരവും ചുമന്ന് സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ നടക്കുന്നത് അത്ര എളുപ്പമല്ല, പ്രത്യേകിച്ചും സമതലങ്ങളിൽ നിന്ന് വരുന്നവർക്ക്. ഓരോ മൈൽ കുറ്റിയും കടന്ന് പോകുമ്പോൾ വലിയ ആശ്വാസമായിരുന്നു; യാത്രയിൽ ഒരു കിലോമീറ്റർ കുറഞ്ഞല്ലോ. ആദ്യത്തെ മണിക്കൂർ നടന്ന അത്രയും ദൂരം അടുത്ത മണിക്കൂറിൽ പിന്നിടാൻ കഴിഞ്ഞില്ല. ചുറ്റുമുള്ള സുന്ദരമായ പ്രകൃതിയും, ഇളം തണുപ്പും മൂലം ആ നടത്തം അത്ര വിരസമായില്ല. ഒന്നര മാസം കഴിയുമ്പോഴേക്കും ഈ പ്രദേശമെല്ലാം മഞ്ഞിൽ മൂടും എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി. ചെറിയ ഗ്രാമങ്ങൾ ഇടക്കിടെ പ്രത്യക്ഷപ്പെട്ടു. പുറമെ നിന്ന് വരുന്ന പലർക്കും പർവതമേഖലയിലെ ഗ്രാമീണ ജീവിതത്തെക്കുറിച്ച് കാല്പനികമായ ധാരണകളാണ് ഉണ്ടാകുക. പ്രകൃതി സൗന്ദര്യം നിറഞ്ഞ ഇത്തരം പ്രദേശങ്ങളിൽ ലളിതമായി ജീവിക്കാമെന്ന സ്വപ്നം കാണുന്ന ഒരുപാട് പേരുണ്ട്. യാഥാർഥ്യം തികച്ചും വ്യത്യസ്തമാണ്. ഗ്രാമങ്ങൾ ഉപേക്ഷിച്ച്, സമതലത്തിലെ നഗരങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം ഉത്തരഖണ്ഡിൽ ഓരോ വർഷവും കൂടി വരികയാണ് [1]. ആളുകൾ ഉപേക്ഷിച്ചുപോയ വിജനമായ ഗ്രാമങ്ങൾ ഗർവാൾ മേഖലയിൽ ഒരുപാടുണ്ട്. വിദ്യാഭ്യാസ, ആരോഗ്യപരിപാലന സൗകര്യങ്ങളുടെ കുറവും, തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുമാണ് ഇതിനുള്ള മുഖ്യ കാരണങ്ങൾ.

തട്ടുതട്ടായി ചെയ്യുന്ന നെൽ കൃഷിയാണ് ഗർവാൾ മേഖലയിലെ ഒരു പ്രധാന ജീവനോപാധി. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും, പ്രകൃതി ദുരന്തങ്ങളും മൂലം ഗ്രാമീണർ നഗരങ്ങളിലേക്ക് കുടിയേറുന്നത് ഇവിടെ അസാധാരണമല്ല © ജോയൽ കെ. പയസ്
ഉച്ച കഴിഞ്ഞതോടെ കാലാവസ്ഥയാകെ മാറി. കാർമേഘങ്ങൾ സൂര്യനെ മറച്ചു. എപ്പോൾ വേണമെങ്കിലും മഴ പെയ്യാമെന്നായി. ഹർസിൽ എത്താൻ ഇനിയും പത്ത് കിലോമീറ്ററോളം ഉണ്ട്. കയ്യിൽ കരുതിയിട്ടുള്ള മഴക്കോട്ടുകൾ ഞങ്ങൾ അണിഞ്ഞു. ബാഗുകൾ നനയാതിരിക്കാൻ പ്രത്യേകം കവറുകൾ ഉണ്ടായിരുന്നു. പെരുംമഴ തുടങ്ങി. നടത്തം വളരെ സാവധാനത്തിലായിരുന്നു. ഒരു മണിക്കൂറിൽ മൂന്ന് കിലോമീറ്റർ പോലും പിന്നിടാൻ ഞങ്ങൾക്ക് സാധിച്ചില്ല. എനിക്ക് കാലിന്റെ ഉപ്പൂറ്റിയിൽ ശക്തമായ വേദന അനുഭവപ്പെട്ടു തുടങ്ങി; തുടർച്ചയായ നടത്തത്തിന്റെ ഫലം. ഇടക്കിടെ മരങ്ങളുടെ ചുവട്ടിൽ ഇരുന്ന് കയ്യിൽ കരുതിയിരുന്ന എണ്ണ കൊണ്ട് കാലുകളെ നല്ല പോലെ തടവുക എന്നത് മാത്രമായിരുന്നു ഒരു പരിഹാരം. ഞങ്ങളുടെ നീക്കം ഒച്ചിഴയും വേഗത്തിലായി. പലയിടത്തും മലഞ്ചെരിവുകൾ ഇടിഞ്ഞ് റോഡിലേക്ക് വീണ് കിടക്കുന്നു. ഷൂസുകളിൽ വെള്ളം കയറിത്തുടങ്ങി. കാലിനടിയിൽ നിന്ന് തണുപ്പ് മുകളിലേക്ക് കയറുന്നു. ഇരുട്ട് വീഴും മുൻപേ ഹർസിലിൽ എത്തേണ്ടിയിരുന്നു. ഒരു വലിയ പട്ടാള ക്യാമ്പ് കടന്ന് വേണമായിരുന്നു അവിടേക്കെത്താൻ. നിറയെ പട്ടാള ടാങ്കുകളും, ട്രക്കുകളും ചുറ്റിലും.അധികമാരെയും പുറത്ത് കാണാനില്ല. നിറയെ ചെളി നിറഞ്ഞ് കുണ്ടും കുഴിയുമായ ഒരു നിരത്തിലൂടെ, മുഖത്ത് വന്ന് വീഴുന്ന ഭാരമുള്ള മഴത്തുള്ളികളെ വകഞ്ഞുമാറ്റി ഞങ്ങൾ മുന്നോട്ട് നീങ്ങി.
ഭാഗീരഥിക്ക് കുറുകെയുള്ള ഒരു ചെറിയ സ്റ്റീൽ പാലം കടന്ന് ഞങ്ങൾ ഹർസിലിൽ പ്രവേശിച്ചു. എല്ലാ പ്രതീക്ഷകൾക്കും വിപരീതമായി, ഉറക്കം തൂങ്ങിയ ഒരു ചെറിയ ഗ്രാമമാണ് ഞങ്ങളെ വരവേറ്റത്. കേരളത്തിലെ ഏതെങ്കിലും ഒരു നാട്ടിൻപുറത്തെ അങ്ങാടിയേക്കാൾ അതിന് വലിപ്പമുണ്ടായിരുന്നില്ല. ഏതാനും കടകളും ഹോട്ടലുകളും അവിടെ കണ്ടു. മഴയ്ക്ക് യാതൊരു ശമനവുമില്ല. അവിടെ കണ്ട മൂന്നുനാല് ചെറിയ ഹോട്ടലുകളിൽ മുറി നിരക്ക് അന്വേഷിച്ചു. ഒരു ടൂറിസ്റ്റ് കേന്ദ്രമായതിനാൽ വാടക കൂടുതലായിരുന്നു. കൂടുതൽ എന്ന് പറയുമ്പോൾ ഞാൻ അല്പം വിശദീകരിക്കേണ്ടിയിരിക്കുന്നു. യാത്ര ആരംഭിക്കും മുൻപേ ഞാനും എന്റെ സുഹൃത്ത് സുമിതും ചിലവുകളെ കുറിച്ച് ചില കണക്കുകൂട്ടലുകൾ നടത്തിയിരുന്നു. എല്ലാ ചിലവുകളും കൂട്ടി ഒരു ദിവസം 600 രൂപയായിരുന്നു ഞങ്ങളുടെ ബഡ്ജറ്റ്. രണ്ടു നേരത്തെ ഭക്ഷണവും, മുറി വാടകയും, മറ്റ് ചിലവുകളും ഇതിൽ ഉൾപ്പെടും. അതുകൊണ്ട് തന്നെ മുറി വാടകയ്ക്കായി അധികം തുക ചിലവഴിക്കാൻ സാധിക്കുമായിരുന്നില്ല. ഞങ്ങളെ നിരാശരാക്കി കൊണ്ട്, ഹർസിലിലെ മിക്ക ഹോട്ടലുകളിലും 500 രൂപയിൽ കൂടുതൽ വാടക ആണ് ആവശ്യപ്പെട്ടത്. ഒടുവിൽ, ഞങ്ങളുടെ ഭാഗ്യത്തിന്, ഒരു ചെറിയ ലോഡ്ജ് കണ്ണിൽപെട്ടു. മുന്നൂറ് രൂപയ്ക്ക് ഒരു രാത്രിയിലേക്ക് മുറി തരാൻ ലോഡ്ജ് ഉടമ സമ്മതിച്ചു. സാധനങ്ങളൊക്കെ ഇറക്കി വെച്ച്, നനഞ്ഞ് കുതിർന്ന സോക്സുകളും മറ്റും ഉണങ്ങാൻ വിരിച്ച് ഞങ്ങൾ വിശ്രമിച്ചു. വൈകുന്നേരം ഏഴുമണിയോടെ ചൂട് ചോറും, പച്ചക്കറികളും കൂട്ടിയുള്ള അത്താഴം അടുത്തുള്ള ഹോട്ടലിൽ നിന്ന് കിട്ടി. രാത്രി എട്ട് മണിയായപ്പോഴേക്കും ആ ഗ്രാമം ഉറക്കമായി. നനഞ്ഞ് കുതിർന്ന ഷൂസുകൾ ഉണങ്ങാതെ അടുത്ത ദിവസം യാത്ര ആരംഭിക്കാനാവില്ല എന്ന ആശങ്കയോടെ ഞങ്ങൾ ഉറങ്ങാൻ കിടന്നു.
ഉദയസൂര്യന്റെ ശക്തമായ രശ്മികളാണ് ഞങ്ങളെ ഉണർത്തിയത്. പുറത്തിറങ്ങി നോക്കിയപ്പോൾ ചുറ്റും ആപ്പിൾ തോട്ടങ്ങൾ. ചുവന്നു തുടുത്ത ആപ്പിൾ പഴങ്ങളുടെ മിനുസമുള്ള തൊലി പകൽവെളിച്ചത്തിൽ തിളങ്ങുന്നു. ദൂരെ ഡൽഹിയിൽ നിന്ന് പഴ വ്യാപാരികൾ അവരുടെ തൊഴിലാളികളെ വലിയ ലോറികളിൽ ഇങ്ങോട്ടയച്ചിരിക്കുന്നു. ബിഹാറിൽ നിന്നുള്ള ആളുകളാണ് ആപ്പിൾ പറിക്കുന്ന ജോലിയിൽ കൂടുതലായും ഏർപ്പെട്ടിരിക്കുന്നത്. അങ്ങനെയുള്ള കുറച്ചാളുകളെ പരിചയപ്പെട്ടു. രാവിലത്തെ ചായയും കുടിച്ച് വലിയ കുട്ടകൾ പുറത്ത് തൂക്കി അവർ ചുറ്റുമുള്ള തോട്ടങ്ങളിലേക്ക് നടക്കുകയാണ്. വഴിയോരത്ത് കച്ചവടത്തിനിരിക്കുന്ന ഒരു പഴക്കച്ചവടക്കാരനോട് ഞാൻ വെറുതെ ആപ്പിളിന്റെ വില ചോദിച്ചു. കിലോയ്ക്ക് തൊണ്ണൂറ് രൂപ. ആപ്പിൾ ഉത്പാദിപ്പിക്കുന്ന ഇവിടെ ഇത്ര വിലയാണെങ്കിൽ ഡൽഹിയിലോ, തെക്കേ ഇന്ത്യയിലോ എത്തുമ്പോൾ അതിന് എന്ത് കൊടുക്കേണ്ടി വരും എന്ന് പറയേണ്ടതില്ലല്ലോ. ഇന്ത്യയുടെ മിനി സ്വിറ്റ്‌സർലാൻഡ് എന്ന വിളിപ്പേരുള്ള ഹർസിലിൽ ആപ്പിൾ തോട്ടങ്ങൾ നട്ടുപിടിപ്പിച്ചത് ഫ്രഡറിക് വിൽസൻ എന്നുപേരുള്ള ഒരു ബ്രിട്ടീഷുകാരനാണ്. വിൽസൻ സായിപ്പ് ഹർസിലിൽ വന്ന്, ഒരു ഗ്രാമീണ സ്ത്രീയെയും വിവാഹം ചെയ്ത് അവിടെ തന്നെ ജീവിച്ചുമരിച്ചു എന്നാണ് കഥ. എന്നാൽ ‘ഹർസിൽ ആപ്പിൾ’ എന്ന ബ്രാൻഡ് പേരെടുത്തത് ഈയടുത്ത കാലത്താണ്. ഈയൊരു പ്രസിദ്ധിയുടെ ഫലമായി ഇവിടത്തെ പല കൃഷിക്കാരുടെയും സ്ഥിതിയിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. മുൻപൊക്കെ കിലോയ്ക്ക് വെറും 50 രൂപ മാത്രം ലഭിച്ചിരുന്ന സ്ഥാനത്ത്, ഹർസിൽ ആപ്പിളിന് കിലോയ്ക്ക് 100 മുതൽ 200 രൂപ വരെ ഇപ്പോൾ കിട്ടുന്നുണ്ട് [1] . മലനിരകളുടെ സൗന്ദര്യം വിനോദസഞ്ചാരികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുക മാത്രമല്ല, മലയോര ഗ്രാമങ്ങളിൽ നിർമ്മിക്കപ്പെടുന്ന വസ്തുക്കൾ വേണ്ടവിധം പരസ്യപ്പെടുത്തി വിപണിയിൽ എത്തിച്ചാൽ കൂടി മാത്രമേ ഗർവാളിലെ ഗ്രാമീണ ജനതയ്ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ സാധിക്കൂ.

ചെങ്കുത്തായ മലയിടുക്കുകളിലൂടെയാണ് ഭാഗീരഥി ഗംഗോത്രിയിൽ നിന്ന് താഴോട്ട് ഒഴുകുന്നത്. ഇളം നീല നിറത്തിൽ കുതിച്ചൊഴുകുന്ന നദിയിൽ ഇവിടെ വെച്ച് മനുഷ്യസ്പർശമേൽക്കുന്നത് നന്നേ കുറവാണ് © ജോയൽ കെ. പയസ്
നല്ല വെയിൽ ഉണ്ടായിരുന്നെങ്കിലും ഷൂസുകൾ ഉണങ്ങാൻ സമയം എടുത്തു. മുറി കാലിയാക്കി പുറത്തിറങ്ങി, ലോഡ്ജ് ഉടമ തന്നെ നടത്തുന്ന ചെറിയ ഹോട്ടലിൽ നിന്ന് ചായയും, ബണ്ണും കഴിച്ച് ഞങ്ങൾ പുറപ്പെട്ടു. പണമായി ആകെ നൂറ് രൂപ മാത്രമേ ഞങ്ങളുടെ കൈവശം ശേഷിച്ചിരുന്നുള്ളൂ. ഹർസിലിൽ ആകെയുള്ള ഒരു എടിഎം യന്ത്രം പ്രവർത്തിക്കുന്നുമില്ല. ഇനിയുള്ള എടിഎം ഏകദേശം മുപ്പത് കിലോമീറ്ററോളം ദൂരെയാണ്. അവിടെയുള്ള യന്ത്രവും പ്രവർത്തിക്കുന്നില്ലെങ്കിൽ, ജില്ലാ ആസ്ഥാനമായ ഉത്തരകാശിയിൽ നിന്ന് മാത്രമേ പണം പിൻവലിക്കാൻ കഴിയൂ. കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പോലുള്ള സംരഭങ്ങളെക്കുറിച്ച് ഒരുപാട് പരസ്യങ്ങൾ കാണാറുണ്ടെങ്കിലും, ഉത്തർഖണ്ഡിലെ പർവതമേഖലകളിൽ പണമിടപാടുകൾ ഇപ്പോഴും പഴയപോലെ തന്നെയാണ്. പേ.ടി.എം, ഗൂഗിൾ പേ തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കുന്ന കച്ചവടക്കാരും കുറവായിരുന്നു. പരമാവധി ദൂരം നടന്ന ശേഷം ഏതെങ്കിലും വണ്ടിയിൽ ലിഫ്റ്റ് ചോദിച്ച് അടുത്ത എടിഎം വരെ പോകാൻ ഞങ്ങൾ തിരുമാനിച്ചു. മൂളിപ്പാട്ടുകൾ പാടി, പ്രകൃതിയുടെ മാസ്മരിക സൗന്ദര്യം ആസ്വദിച്ചാണ് ഞങ്ങൾ നടന്നത്. വഴിയിൽ ആപ്പിൾ പറിക്കുന്ന ഒരു കൂട്ടം ആളുകളെ കണ്ടു. അവർ ഒരു ലോറിയിലേക്ക് മൂപ്പെത്തിയ പഴങ്ങൾ നിറയ്ക്കുകയാണ്. ചോദിച്ചപ്പോൾ, ഞങ്ങൾക്കും കിട്ടി കുറച്ച് ചുവന്ന ഹർസിൽ ആപ്പിളുകൾ. വളഞ്ഞുപുളഞ്ഞ വഴിയിലൂടെ ആപ്പിളും കടിച്ചുകൊണ്ട് ഞങ്ങൾ സാവധാനം നടന്നു. മനുഷ്യവാസം തീരെ കുറവുള്ള പ്രദേശങ്ങൾ. ഭാഗീരഥി ഞങ്ങളുടെ തൊട്ടടുത്ത് തന്നെയുണ്ട്. ഇളം നീല നിറത്തിൽ മലയിടുക്കുകളിലൂടെ അത് കുതിച്ചൊഴുകുകയാണ്. നദിക്ക് കുറുകെ വളരെ കുറച്ച് പാലങ്ങൾ മാത്രമേ ഉള്ളൂ. അവ തന്നെ വളരെ വീതി കുറഞ്ഞവയാണ്. രണ്ട് ദിശകളിലും ഒരേ സമയം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്നവയല്ല ഇവിടെയുള്ള മിക്ക പാലങ്ങളും.
മൂടൽമഞ്ഞിൽ പുതഞ്ഞു കിടക്കുന്ന ചെറു ഗ്രാമങ്ങൾ ദൂരെ കണ്ടു. ഉച്ചവരെ ഞങ്ങൾ നടന്നു. പണം പിൻവലിക്കാതെ ഭക്ഷണം കഴിക്കാനോ, രാത്രി മുറി തരപ്പെടുത്താനോ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് ഏതെങ്കിലും വാഹനത്തിന് കൈകാണിക്കാൻ തിരുമാനിച്ചു. നടന്നുകൊണ്ട് തന്നെ ഞങ്ങൾ വാഹനങ്ങൾക്ക് കൈകാണിക്കാൻ തുടങ്ങി. ഒരുപാട് ശ്രമിച്ചശേഷം ഒരു കല്ലിന്മേൽ വിശ്രമിക്കുമ്പോളാണ് ഒരു ബൊലേറോ പെട്ടന്ന് ഞങ്ങളുടെ അടുത്ത് നിറുത്തിയത്. ഡൽഹിയിൽ നിന്നുള്ള ഒരു ആപ്പിൾ വ്യാപാരി ഹർഷിലിൽ പോയി മടങ്ങിവരികയാണ്. ചെറിയ തുക കൊടുത്താൽ ഞങ്ങളെ അടുത്തുള്ള എടിഎം വരെ കൊണ്ടുപോകാമെന്ന് ടാക്സി ഡ്രൈവർ സമ്മതിച്ചു. ഗംഗാനാനി എന്ന സ്ഥലത്താണ് അടുത്ത എടിഎം. നിറയെ കൊടുംവളവുകൾ നിറഞ്ഞ നിരത്തിലൂടെ ആ ഡ്രൈവർ അനായാസം വാഹനം ഓടിച്ചു. ഏതാണ്ട് ഒരു മണിക്കൂർ എടുത്തു ഗംഗാനാനിയിൽ എത്താൻ. ഞങ്ങളുടെ നിർഭാഗ്യത്തിന് അവിടത്തെ യന്ത്രവും പ്രവർത്തനക്ഷമമായിരുന്നില്ല. കയ്യിൽ ആവശ്യത്തിലും കൂടുതൽ പണം കരുതാതെ യാത്രക്കിറങ്ങിയതിനെ ഓർത്ത് ഞങ്ങൾ ഇരുവരും പരിതപിച്ചു. ദുർഘടമായ ഈ പ്രദേശങ്ങളിൽ സാങ്കേതികവിദ്യയെ മാത്രം കൂട്ടുപിടിച്ച് യാത്ര ചെയ്യാൻ കഴിയും എന്ന് കരുതാൻ പാടില്ലായിരുന്നു. ഞങ്ങളുടെ വിഷമസ്ഥിതി മനസിലാക്കിയ ടാക്സി ഡ്രൈവറും, ആപ്പിൾ വ്യാപാരിയും ഉത്തരകാശിവരെ ഞങ്ങളെ കൊണ്ട് പോകാമെന്ന് സമ്മതിച്ചു. മുന്നിൽ മറ്റൊരു വഴിയും ഇല്ലാതിരുന്നത് കൊണ്ട് ഞങ്ങൾ ആ വാഹനത്തിൽ തന്നെ യാത്ര തുടർന്നു.

ഒരാളുടെ വിടവാങ്ങൽ മറ്റുപലരുടെയും കൂടിച്ചേരലിന് കാരണമാകുന്നു. ശ്മശാനങ്ങളിലേക്ക് വരുന്ന ആളുകൾ ചർച്ച ചെയ്യുന്ന വിഷയങ്ങൾ എന്താണെന്നറിയാനുള്ള അന്വേഷണം എനിക്ക് ഒരുപാട് ഉൾക്കാഴ്ചകൾ നൽകി. രാഷ്ട്രീയവും, നാട്ടിൻപുറത്തെ വിശേഷങ്ങളുമെല്ലാം ചർച്ചാവിഷയമാകുന്ന ഒരു വേദികൂടിയാണ് ഗംഗയിലെ ശ്മശാന ഘാട്ടുകൾ

ഉത്തരകാശിയിൽ ഭാഗീരഥിക്ക് കുറുകെയുള്ള തൂക്കുപാലം. മൊബൈൽ ഫോണുകൾ ഒഴിച്ചു നിറുത്തിയാൽ, മറ്റേതോ ഒരു കാലഘട്ടത്തിലാണ് ഉത്തരകാശി ജീവിക്കുന്നത് എന്ന തോന്നലാണ് എനിക്കുണ്ടായത് © ജോയൽ കെ. പയസ്
ഭീതിജനകമായ രീതിയിൽ മണ്ണിടിഞ്ഞു കിടക്കുന്ന മലമ്പ്രദേശങ്ങൾ ഞങ്ങളുടെ മുൻപിൽ തെളിഞ്ഞു വന്നു. തകർന്ന് കിടക്കുന്ന വാഹനങ്ങൾ പലയിടത്തും കണ്ടു. കുണ്ടും കുഴിയുമായ നിരത്തിനെ കുറിച്ച് ആരോടും പരാതി പറയാൻ കഴിയില്ല.
ഏകദേശം നാല് മണിയോടെ ഞങ്ങൾ ഉത്തരകാശിയിൽ എത്തി. അറുപത് കിലോമീറ്ററുകളോളം താണ്ടാൻ ഞങ്ങളെ സഹായിച്ചതിന് പ്രതിഫലമായി വെറും 300 രൂപയാണ് ടാക്‌സി ഡ്രൈവർ ചോദിച്ചത്. അടുത്തുള്ള ഒരു എടിഎം യന്ത്രത്തിൽ നിന്ന് ആവശ്യത്തിന് പണം പിൻവലിച്ച് ഡ്രൈവർക്ക് നൽകി.
ഞങ്ങൾ ഡൽഹിയിൽ നിന്ന് ഉത്തരകാശിയിൽ വന്നപ്പോൾ താമസിച്ചിരുന്ന അതേ ലോഡ്ജിൽ തന്നെ ഒരു ദിവസത്തേക്ക് 250 രൂപ എന്ന നിരക്കിൽ മുറി സംഘടിപ്പിച്ചു. ജില്ലാ ആസ്ഥാനമെന്ന നിലയിൽ തിരക്കുള്ള ഒരു പട്ടണമാണ് ഉത്തരകാശി. പേര് അന്വർത്ഥമാക്കും വിധം, കാശിയിലെപ്പോലെ ഇവിടെയും ഒരു വിശ്വനാഥ ക്ഷേത്രമുണ്ട്. ഗംഗോത്രിയിലേക്ക് തീർത്ഥാടനത്തിന് പോകുന്ന മിക്കവാറും ആളുകളും ഈ ക്ഷേത്രവും സന്ദർശിക്കുന്നു. അന്ന് സന്ധ്യക്ക് ഞങ്ങൾ ആ ക്ഷേത്രത്തിലേക്ക് പോയി. അധികം പ്രായമൊന്നുമില്ലാത്ത ഒരാളാണ് അവിടത്തെ പൂജാരി. ഞങ്ങൾ പോയി അദ്ദേഹത്തെ പരിചയപ്പെട്ടു. പുള്ളിക്കാരൻ നല്ല ഇംഗ്ളീഷിൽ ഞങ്ങളോട് സംസാരിച്ചു. കുറച്ചു നേരം ഐതിഹ്യങ്ങൾ കേട്ടിരുന്ന ശേഷം ഞങ്ങൾ പുറത്തുകടന്നു. വളരെ പ്രാചീനമായ ക്ഷേത്രമാണ് ഉത്തരകാശിയിലേത് എങ്കിലും, അതിന്റെ ചുറ്റും പുതുതായി വന്നിട്ടുള്ള നിർമ്മിതികൾ ആ പഴമയ്ക്ക് മങ്ങൽ ഏല്പിച്ചിട്ടില്ലേ എന്ന് തോന്നിപ്പോയി. ശിവക്ഷേത്രമാണെങ്കിലും, കൃഷ്ണനെ സ്തുതിച്ചുള്ള കീർത്തനങ്ങൾ അവിടെ ആരോ പാടുന്നുണ്ടായിരുന്നു.
ഉത്തരകാശിയിലെ ചന്തകൾ വളരെ തിരക്കുള്ളതായിരുന്നു. ചുറ്റുമുള്ള മലകളിൽ നിന്നുള്ള ആളുകൾ സാധനങ്ങൾ വാങ്ങാനും, വിൽക്കാനും ആശ്രയിക്കുന്നത് ഈ പട്ടണത്തെയാണ്. റെഡിമെയ്ഡ് വസ്ത്രക്കടകളെക്കാൾ കൂടുതൽ തയ്യൽക്കടകളാണ് ഉത്തരകാശിയിൽ കാണാൻ കഴിഞ്ഞത്. സൂപ്പർമാർക്കറ്റുകൾ ഇല്ല എന്നുതന്നെ പറയാം. പലവ്യഞ്ജനങ്ങളും, അവശ്യവസ്തുക്കളും വിൽക്കുന്ന കടകൾക്കെല്ലാം പഴമയുടെ ഒരു സ്പർശം ഉണ്ടായിരുന്നു. മറ്റേതോ ഒരു കാലഘട്ടത്തിലാണ് ആ പ്രദേശം ജീവിക്കുന്നത് എന്ന് എനിക്ക് തോന്നി. എങ്കിലും, മിക്കവാറും എല്ലാ തെരുവുകളിലും പൊട്ടിമുളച്ചിട്ടുള്ള മൊബൈൽഫോൺ കടകൾ, ആധുനിക സൗകര്യങ്ങൾ ഇവിടെയും എത്തിയിട്ടുണ്ട് എന്ന കാര്യം വിളിച്ചുപറഞ്ഞു.

ഹിമാലയഭൂമി മഹാശിവന്റെ വാസസ്ഥലമാണ് എന്ന വിശ്വാസം പ്രചാരത്തിൽ ഉള്ളതുകൊണ്ട് കൂടിയാവണം, ഗർവാൾ മേഖലയിൽ വലുതും, ചെറുതുമായ അനവധി ശിവ ക്ഷേത്രങ്ങൾ ഉള്ളത് © ജോയൽ കെ. പയസ്
ഉത്തരകാശിയെ രണ്ടായി കീറിമുറിച്ചുകൊണ്ടാണ് ഭാഗീരഥി ഒഴുകുന്നത്. ഒരു വലിയ തൂക്കുപാലം നദിയുടെ ഇരുകരകളെയും പരസ്പരം ബന്ധിപ്പിക്കുന്നു. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിന്റെ (ITBP) ഒരു ക്യാമ്പും ഇവിടെയുണ്ട്. ജലത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള അന്യവസ്തുക്കളുടെ അളവ് കാണിക്കുന്ന ടി.ഡി.എസ്. മീറ്റർ (Total Dissolved Solvents metre) ഉപയോഗിച്ച് ഞാൻ ഭാഗീരഥിയിലെ ജലം പരിശോധിച്ചു. വ്യത്യസ്ത സാമ്പിളുകൾ 50-55 പാർട്സ് പെർ മില്യൻ (ppm) എന്ന അളവാണ് കാണിച്ചത്. അന്തർദേശീയ നിലവാരപ്രകാരം ഇത് മികച്ച ഒന്നാണ്. നദിക്ക് വീതി കൂടിയിരിക്കുന്നു, ഒഴുക്കിനും നല്ല ശക്തിയുണ്ട്. എന്നാൽ ഈ കുതിച്ചൊഴുക്ക് അധിക ദൂരം തുടരാൻ ആവില്ല എന്ന് നദിയോട് വിളിച്ച് പറയാൻ എനിക്ക് തോന്നി. നേരം നല്ലപോലെ ഇരുട്ടും വരെ ഞങ്ങൾ നദിയുടെ തീരത്തിരുന്നു. അടുത്ത ദിവസം രാവിലെ ഇവിടെനിന്ന് പുറപ്പെടണം. സിനിമ കാണാൻ ഒരു തീയേറ്റർ പോലും ഈ ജില്ലയിൽ ഇല്ല. മദ്യം ലഭിക്കാനും വഴിയില്ല. ഉത്തരഖണ്ഡിലെ തീർത്ഥാടക നഗരങ്ങളിൽ മദ്യക്കടകൾ അനുവദിച്ചിട്ടില്ല.
രണ്ടാളുകൾക്കുള്ള ചോറ് പൊതിഞ്ഞു വാങ്ങി ഞങ്ങൾ മുറിയിലേക്ക് നടന്നു. കൈവശമുള്ള അച്ചാറുകളും, ചമ്മന്തിപ്പൊടികളും കൂട്ടി ഞങ്ങൾ ചോറുണ്ടു. ചിലവ് ചുരുക്കി യാത്ര ചെയ്യാൻ ഞങ്ങൾ ചില പദ്ധതികൾ തയ്യാറാക്കിയിരുന്നു. ഭക്ഷണം സ്വയം പാചകം ചെയ്യുക എന്നതായിരുന്നു അതിലൊന്ന്. ഈ ആവശ്യത്തിനായി ഒരു ഗ്യാസ് സ്റ്റവ് ഞങ്ങൾ വാങ്ങിയിരുന്നു. എന്നാൽ, ചെറിയ അളവിലുള്ള ഗ്യാസ് സിലിണ്ടറുകൾ കിട്ടുക എളുപ്പമല്ലായിരുന്നു. ഡൽഹിയിൽ നിന്നും വരുന്ന വഴിയിൽ ഋഷികേശിൽ വെച്ചാണ് ഞങ്ങൾ അഞ്ച് ലിറ്ററിന്റെ ഒരു ഗ്യാസ് സിലിണ്ടർ വാങ്ങിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിക്കുന്ന ഇത്തരം ചെറിയ സിലിണ്ടറുകൾക്ക് തീർത്ഥാടക കേന്ദ്രങ്ങളിൽ ഒരുപാട് അവശ്യക്കാറുണ്ട്. കുടുംബമായി വരുന്ന യാത്രക്കാർ താൽക്കാലിക പാചക ആവശ്യങ്ങൾക്ക് ഇത്തരം സിലിണ്ടറുകൾ ഉപയോഗിക്കുന്നു. അതിന്റെ അപകടം മനസ്സിലാക്കാൻ ഞങ്ങൾക്ക് അധികം സമയം വേണ്ടി വന്നില്ല. ഉത്തരകാശിയിൽ വെച്ച് ചായ തിളപ്പിക്കുന്നതിനിടയിൽ സിലിണ്ടറിൽ നിന്ന് ഗ്യാസ് ലീക്ക് ചെയ്യാൻ തുടങ്ങി. ഞങ്ങളുടെ മുറിയിലാകെ പാചക വാതകം നിറഞ്ഞു. ഏത് നിമിഷവും ഒരു ദുരന്തം ഞങ്ങൾ മുൻപിൽ കണ്ടു. കുറേ നിമിഷങ്ങളുടെ പരിഭ്രാന്തിക്കും, പരിശ്രമങ്ങൾക്കും ശേഷമാണ് ഗ്യാസ് ലീക്ക് നിറുത്താൻ കഴിഞ്ഞത്. അതോടെ പാചക പദ്ധതി ഉപേക്ഷിച്ചു. ചുമക്കേണ്ട ഭാരം കുറഞ്ഞുകിട്ടി എന്ന വലിയൊരു ആശ്വാസം മാത്രം ബാക്കിയായി.
നീണ്ട നിദ്രക്ക് ശേഷം രാവിലെ ആറുമണിയോടെ ഞങ്ങൾ ഉണർന്നു. ഏകദേശം 25 കിലോമീറ്റർ നടന്നാൽ മാത്രമേ അന്നത്തെ യാത്രാലക്ഷ്യത്തിൽ എത്തുകയുള്ളൂ. ധരാസ്സു എന്ന പട്ടണമായിരുന്നു ഞങ്ങളുടെ മനസ്സിൽ. ലോഡ്ജിൽ സൂക്ഷിക്കാൻ ഏല്പിച്ചിരുന്ന സാധനങ്ങൾ കൂടി എടുത്തിരുന്നതിനാൽ ബാഗുകളുടെ ഭാരം പിന്നെയും കൂടി. മുന്നോട്ടുള പാതയാണെങ്കിൽ കയറ്റവും, ഇറക്കവും ഉള്ള തരത്തിലുള്ളതായിരുന്നു. ഇറക്കം മാത്രമാണെങ്കിൽ നടത്തം കുറച്ചുകൂടി എളുപ്പമാകുമായിരുന്നു. വഴിയരികിലെ ഒരു കടയിൽ നിന്ന് രണ്ട് മുളവടികൾ വാങ്ങി അതും കുത്തിപ്പിടിച്ച് ഞങ്ങൾ നടന്നു. മണിക്കൂറിൽ മൂന്ന് കിലോമീറ്റർ പിന്നീടാൻ പോലും ബുദ്ധിമുട്ടി. ഇങ്ങനെ പോകുകയാണെകിൽ ഗംഗാപര്യടനം പൂർത്തിയാക്കാൻ ആറോ, ഏഴോ മാസങ്ങൾ വേണ്ടിവരുമെന്ന് ഞങ്ങൾക്ക് തോന്നി. അതിനെക്കുറിച്ച് പിന്നീട് ചർച്ച ചെയ്യാമെന്ന് തിരുമാനിച്ച് ഞങ്ങൾ നടന്നു. രണ്ടാളുകൾ വലിയ ബാഗുകളും ചുമന്ന്, വടിയും കുത്തി നടക്കുന്നത് കണ്ട് ആകാംക്ഷ തോന്നിയിട്ടാവണം പലരും വാഹനങ്ങൾ നിറുത്തി ഞങ്ങളോട് കാര്യം അന്വേഷിച്ചു. ഗോമുഖ് മുതൽ ഗംഗാസാഗർ വരെ യാത്ര ചെയ്യുകയാണ് ഞങ്ങൾ എന്നറിഞ്ഞപ്പോൾ പലരും അത്ഭുദം പ്രകടിപ്പിച്ചു. ഞങ്ങളുടെ യാത്രക്ക് ആശംസകൾ നേർന്ന് അവർ കടന്നുപോയി.

തട്ടുതട്ടായി ചെയ്യുന്ന നെൽ കൃഷിയാണ് ഗർവാൾ മേഖലയിലെ ഒരു പ്രധാന ജീവനോപാധി. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും, പ്രകൃതി ദുരന്തങ്ങളും മൂലം ഗ്രാമീണർ നഗരങ്ങളിലേക്ക് കുടിയേറുന്നത് ഇവിടെ അസാധാരണമല്ല © ജോയൽ കെ. പയസ്
നെല്ലും, പച്ചക്കറികളും കൃഷി ചെയ്യുന്ന ഗ്രാമങ്ങളായിരുന്നു ഞങ്ങളുടെ വഴിയിൽ. ഉച്ചയ്ക്ക് രണ്ട് മണി ആയപ്പോഴേക്കും 15 കിലോമീറ്ററുകൾ പിന്നിടാൻ മാത്രമേ സാധിച്ചുള്ളൂ. ഒരു ചെറിയ ഹോട്ടലിൽ നിന്ന് അധികം രുചിയില്ലാത്ത ഉച്ചഭക്ഷണം കഴിച്ച് ഞങ്ങൾ വിശ്രമിച്ചു. ചോറും പരിപ്പും ആണ് ഏറ്റവും വില കുറഞ്ഞ ഭക്ഷണമായി ഇവിടെ മിക്കയിടത്തും കിട്ടുക. ഇനിയും പത്ത് കിലോമീറ്ററുകൾ നടന്നാലേ ധരാസ്സുവിൽ എത്തുകയുള്ളൂ. ഇരുട്ട് വീഴും മുൻപേ പരമാവധി ദൂരം നടക്കാൻ ഞങ്ങൾ തിരുമാനിച്ചു. ഇതുവരെയുള്ള അനുഭവം വെച്ച് നോക്കുമ്പോൾ, ഇരുപത് കിലോമീറ്ററുകളോളം നടക്കുമ്പോഴേക്കും എനിക്ക് കാലിന്റെ ഉപ്പൂറ്റിയിൽ ശക്തമായ വേദന തുടങ്ങും. മുന്നോട്ടുള്ള നീക്കം പിന്നെ അതികഠിനമാകും. എന്റെ ചങ്ങാതിയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. നാലര മണിയായപ്പോഴേക്കും സൂര്യരശ്മികളുടെ ശക്തി കുറഞ്ഞു. സന്ധ്യയാവുകയാണ്. ഇനിയും അഞ്ച് കിലോമീറ്ററുകൾ നടക്കാനുണ്ട്. എന്ത് ചെയ്യണം എന്നാലോചിക്കുമ്പോളാണ് ഒരു കാർ ഞങ്ങളുടെ മുൻപിൽ നിറുത്തിയത്. ഞങ്ങൾ എന്തെങ്കിലും പറയുന്നതിനും മുൻപ് കാർ ഡ്രൈവർ ഞങ്ങളെ ക്ഷണിച്ചു. ഒന്നും ആലോചിച്ചില്ല, ബാഗുകളും വടികളും അകത്തേക്ക് കുത്തിക്കയറ്റി കാറിൽ കയറി. ഞങ്ങൾക്ക് എന്തോ ഭാഗ്യമുണ്ടെന്ന് പിന്നീട് തോന്നി. ധരാസ്സുവിൽ താമസ സൗകര്യങ്ങൾ കാര്യമായൊന്നും ഇല്ല എന്ന് ഡ്രൈവർ പറഞ്ഞു. അവിടെ നിന്ന് കുറച്ചുമാറി ചിന്ന്യലിസോഡ് എന്ന പട്ടണത്തിൽ മാത്രമേ എന്തെങ്കിലും ലോഡ്ജ് കിട്ടൂ എന്ന് അയാൾ പറഞ്ഞു. എങ്കിൽപിന്നെ അവിടെ വരെ പോകാൻ ഞങ്ങൾ തിരുമാനിച്ചു. എന്റെ കൈവശമുണ്ടായിരുന്ന ഉത്തരഖണ്ഡിന്റെ ഭൂപടത്തിൽ ധരാസ്സുവും, അതിന്റെ അടുത്തുള്ള ധരാസ്സു ബെൻഡ് എന്ന സ്ഥലവും വലുതായി അടയാളപ്പെടുത്തിയിരുന്നു. യമുനാ നദിയുടെ ഉറവിടമായ യമുനോത്രിയിലേക്കുള്ള പാത ഇവിടെ നിന്നാണ് തുടങ്ങുന്നത്. കുറച്ചു കൂടി മുന്നോട്ട് സഞ്ചരിച്ചപ്പോൾ ഭാഗീരഥിയുടെ ഒഴുക്ക് സാവധനമായത് പോലെ തോന്നി. അത് വെറുമൊരു തോന്നൽ ആയിരുന്നില്ല എന്ന് മനസ്സിലായി. ചിന്ന്യലിസോഡ് എത്തുമ്പോഴേക്കും ഭാഗീരഥി നിശ്ചലമായി കഴിഞ്ഞിരുന്നു. ചുറ്റുമുള്ള മലനിരകളുടെ പ്രതിബിംബം നദിയിൽ തെളിഞ്ഞു കണ്ടു. പ്രതിഫലനങ്ങൾ കാണാൻ ആവാത്ത വിധം കുതിച്ചൊഴുകുകയായിരുന്നു ഭാഗീരഥി അതുവരെ.
ഗംഗയിൽ മനുഷ്യൻ നടത്തിയ ഏറ്റവും വലിയ ഇടപെടലിന്റെ ലക്ഷണം കൂടിയായിരുന്നു ആ പ്രതിഫലനങ്ങൾ. മലയിടുക്കുകളിലൂടെ കുതിച്ചൊഴുകുന്ന നദികളെ ഊർജത്തിന്റെ വലിയ ശ്രോതസ്സായാണ് ആധുനിക മനുഷ്യൻ കാണുന്നത്. അത്തരം ഒഴുക്കുകൾ കണ്ടെത്തിയാൽ അവയെ എങ്ങനെ പിടിച്ചുകെട്ടാം എന്നതായിരിക്കും പിന്നീടുള്ള ചിന്ത. പുണ്യനദിയാണ് എന്നത് കൊണ്ട് മാത്രം ഭാഗീരഥിയെ ഇത്തരം ചിന്തകളിൽ നിന്ന് ഒഴിവാക്കാൻ കഴിയുമായിരുന്നില്ല. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ടെഹ്‌റി അണക്കെട്ട് ഭാഗീരഥിയെ തടഞ്ഞുനിറുത്താനാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഈ അണക്കെട്ട് സൃഷ്ടിക്കുന്ന കൃത്രിമ തടാകം നാൽപ്പത് കിലോമീറ്ററുകളോളം നീളത്തിൽ വ്യാപിച്ചുകിടക്കുന്നു. ആ തടാകത്തിന്റെ ഒരറ്റമാണ് ഞങ്ങൾ അപ്പോൾ കണ്ടത്.
തിരക്കും പൊടിയും നിറഞ്ഞ ചിന്ന്യലീസോഡ് പട്ടണത്തിൽ ഞങ്ങളെ വിട്ട് ആ ടാക്സി ഡ്രൈവർ പോയി. നദിക്ക് കുറുകെയുള്ള വാഹനഗതാഗതത്തിന് യോജ്യമായ ഒരു പാലം ഈ പട്ടണത്തിലുണ്ട് എന്നറിയാൻ കഴിഞ്ഞു. ഇതുവരെ നദിയുടെ വലത് കരയിലൂടെ നടന്ന ഞങ്ങൾ അടുത്ത ദിവസം ഇടത് കരയിലൂടെ സഞ്ചരിക്കാൻ തിരുമാനിച്ചു. വിവാഹ സീസൺ ആയതുകൊണ്ട് ഹോട്ടലുകളിലും, ലോഡ്ജുകളും മുറികൾ ലഭിക്കാൻ പ്രയാസമായിരുന്നു. ബാഗുകളും ചുമന്ന് ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കുറെ നടന്നു. ആ പട്ടണത്തിലെ ഒരുമാതിരി എല്ലാ ലോഡ്ജുകളിലും കയറിയിറങ്ങി. ഏറ്റവും കുറഞ്ഞ മുറി വാടക 500 രൂപയായിരുന്നു. എന്നെ ഒരു ചായക്കടയിൽ ഇരുത്തി സുമിത് മുറി അന്വേഷിച്ച് രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള മറ്റോരു ടൗൺ വരെ നടന്നു. ഒരു രക്ഷയുമില്ല. അവസാനം 500 രൂപയുടെ മുറി തന്നെ തരപ്പെടുത്തേണ്ടി വന്നു. നടന്നു ക്ഷീണിച്ചിരുന്ന ഞങ്ങൾ അൽപ്പം നിരാശരായി. ഇതുവരെയുള്ള യാത്രയിൽ ആദ്യമായി ഒരു മദ്യക്കട കണ്ണിൽപ്പെട്ടത് ഈ പട്ടണത്തിലായിരുന്നു. ആ ദിവസത്തെ കഷ്ടപ്പാടുകൾ മറക്കാൻ മദ്യപിക്കാമെന്ന് ഞങ്ങൾ തിരുമാനിച്ചു. V2O എന്നറിയപ്പെടുന്ന വൈറ്റ് റം ഇവിടെ പ്രസിദ്ധമാണ്. നല്ല വീര്യമുള്ള ആ മദ്യം ഒരു കുപ്പി വാങ്ങി ഞങ്ങൾ ലോഡ്‌ജിലേക്ക് നടന്നു. ആ പട്ടണം ഞങ്ങളെ അന്യഗ്രഹവാസികൾ എന്ന പോലെയാണ് നോക്കുന്നതെന്ന് തോന്നി. ഭക്ഷണം പാർസൽ വാങ്ങിയപ്പോഴും ആ തോന്നൽ ഉണ്ടായി; വലിയ നിരക്കും, കുറഞ്ഞ അളവും.

പെരുംമഴയും, തണുപ്പും, ഞങ്ങളുടെ നടത്തം സാവധനത്തിലാക്കി. ചെളി നിറഞ്ഞ റോഡിലൂടെ വഴുതി വീഴാതെ നടക്കുന്നത് ഒരു അഭ്യാസം തന്നെയായിരുന്നു. വഴിയിൽ അലയുന്ന നായ്ക്കൾ ചിലപ്പോൾ ഞങ്ങളെ അനുഗമിക്കുമായിരുന്നു. രണ്ടോ മൂന്നോ കിലോമീറ്റർ ദൂരം ഞങ്ങളെ പിന്തുടർന്ന ശേഷം അവ തിരികെ പോകും. വഴിയിൽ കണ്ടുമുട്ടിയ ഈ നായ ഞങ്ങളോടൊപ്പം ഒരു ചായക്കടയിലും കയറി © ജോയൽ കെ. പയസ്

ഡൽഹിയടക്കമുള്ള വൻ നഗരങ്ങളിലേക്ക് വലിയ ദൂരമൊന്നും ഇല്ലെങ്കിലും, ദുർഘടമായ പർവതനിരകളും, അപ്രതീക്ഷിതമായ ഉരുൾപ്പൊട്ടലുകളും, ഗംഗോത്രി മേഖലയെ മനുഷ്യന്റെ കടന്നുകയറ്റത്തിൽ നിന്ന് ഒരു പരിധിവരെ സംരക്ഷിച്ച് നിറുത്തുന്നു © ജോയൽ കെ. പയസ്
ഞങ്ങൾ രണ്ടുപേരും മാത്രമുള്ള മദ്യപാന സദസ്സ് മണിക്കൂറുകളോളം നീണ്ടു. ഏതായാലും, മദ്യത്തിന്റെ വീര്യത്തിൽ നല്ലപോലെ ഉറങ്ങി. രാവിലെ എഴുന്നേറ്റപ്പോഴേക്കും 9 മണി ആയിരുന്നു. പ്രസന്നമായ ഒരു പകലായിരുന്നു അന്നത്തേത്. തലേദിവസം നടന്നപ്പോൾ ബാഗുകൾക്ക് വലിയ ഭാരം അനുഭവപ്പെട്ടത്തിനാൽ, കുറച്ച് സാധനങ്ങൾ ഒഴിവാക്കാൻ ഞങ്ങൾ തിരുമാനിച്ചു. ഒറ്റ നോട്ടത്തിൽ, എല്ലാ സാധനങ്ങളും ആവശ്യമുള്ളതാണെന്ന് തോന്നി. പക്ഷെ, അതുകൊണ്ട് ഫലമില്ലല്ലോ. മനസ്സില്ലാമനസ്സോടെ കുറച്ച് വസ്ത്രങ്ങളും, ചില്ലറ സാധനങ്ങളും ഞാൻ ആ ലോഡ്ജിൽ ഉപേക്ഷിച്ചു. ഏകദേശം രണ്ട് കിലോ ഭാരം കുറവ് വന്നതായി എനിക്ക് തോന്നി. എന്റെ സുഹൃത്തും ഏകദേശം അത്രയും ഭാരം ചുമലിൽ നിന്ന് ഒഴിവാക്കി.
അടുത്തുള്ള ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിക്കുമ്പോളാണ് ഒരാൾ വന്ന് പരിചയപ്പെട്ടത്. ഞങ്ങളുടെ ബാഗും, വടിയും കണ്ട് ജിജ്ഞാസ തോന്നിയാണ് അയാൾ വന്നത്. ഞങ്ങളുടെ യാത്രയെ കുറിച്ചറിഞ്ഞപ്പോൾ പുള്ളിക്കാരന് വലിയ ആവേശമായി. പാലം കടന്ന് നദിയുടെ ഇടതുകരയിലൂടെ സഞ്ചാരിക്കാനാണ് ഞങ്ങളുടെ പരിപാടി എന്നറിഞ്ഞപ്പോൾ, അയാൾ ചില നിർദ്ദേശങ്ങൾ തന്നു. കുറച്ച് ഗ്രാമങ്ങൾ മാത്രമേ അവിടെയുള്ളൂ. അടുത്ത പാലം കുറേദൂരെ ടെഹ്‌റി ജീലിന് കുറുകെയാണ്. അണക്കെട്ട് മൂലം സൃഷ്ടിക്കപ്പെട്ടിട്ടുള്ള വലിയ ജലാശയത്തെ ജീൽ (തടാകം) എന്നാണ് എല്ലാവരും വിളിക്കുന്നത്. താമസിക്കാനുള്ള സൗകര്യങ്ങൾ ഒന്നും അപ്പുറത്തില്ല എന്നും ആ വഴികാട്ടി പറഞ്ഞു. ഭൂപടത്തിൽ നോക്കിയപ്പോൾ, മറുകരയിൽ അധികം ജനവാസകേന്ദ്രങ്ങൾ ഒന്നും അടയാളപ്പെടുത്തിയിട്ടില്ല. മറുവശത്തേക്ക് പ്രവേശിച്ചാൽ തിരിച്ച് ഇപ്പുറത്തേക്ക് വരാൻ നാൽപ്പത് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരും. എങ്കിലും, അപ്പുറത്തെ അജ്ഞാത ലോകം കാണാനുള്ള ജിജ്ഞാസ ഓരോ നിമിഷവും ഞങ്ങളിൽ വളർന്നു വന്നു.

ജോയൽ കെ പയസ് ഒരു ഫോട്ടോഗ്രാഫറും, ദ്വിഭാഷ എഡിറ്ററും ആണ്. ഡൽഹിയിൽ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ് ദിനപത്രത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നു. കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള അദ്ദേഹം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിൽ തല്പരനാണ്. ഫോട്ടോമെയിലിന്റെ ന്യൂസ് എഡിറ്റർ എന്ന നിലയിലും അദ്ദേഹം തന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നു.
Published on December 22, 2021
Share
Related Articles
പ്രയാഗിലെ ദേശാടനക്കിളികൾ
നല്ല വെയിലുള്ള ഒരു ഉച്ചയ്ക്കാണ് ഞങ്ങൾ കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗ്രാൻഡ് ട്രങ്ക് റോഡിന്റെ അരികിലൂടെ വളരെ ശ്രദ്ധയോടെ ഞാൻ സൈക്കിൾ ചവിട്ടി. വേഗമേറിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന കാറ്റിന് സൈക്കിളിന്റെ താളം തെറ്റിക്കാൻ കഴിയും എന്നതിനാൽ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. മുമ്പിലുള്ള പ്രധാന നഗരം 130 കിലോമീറ്റർ കിഴക്കുള്ള അലഹബാദ് ആയിരുന്നു. ഒറ്റദിവസം കൊണ്ട് അവിടെ എത്താനാകില്ല എന്നതുകൊണ്ട് ഇടയ്ക്കുള്ള ഫത്തേപ്പൂർ എന്ന പട്ടണത്തിൽ രാത്രി തങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഗംഗയുടെയും, യമുനയുടെയും ഇടയിലായാണ് ജില്ലാ ആസ്ഥാനം കൂടിയായ ഫത്തേപ്പൂരിന്റെ കിടപ്പ്. കയറ്റിറക്കങ്ങൾ ഇല്ലാത്ത വഴിയിലൂടെയുള്ള യാത്ര സുഖകരമായിരുന്നു.
ചുവപ്പും കറുപ്പും: ചില കാൺപൂർ ഓർമ്മകൾ
നഗരത്തെ നടുവിലൂടെ കീറിമുറിച്ച് കടന്നുപോകുന്ന പ്രധാന പാതയിലൂടെ പതിനഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മാത്രമേ സുമിതിന്റെ സുഹൃത്തുക്കൾ ഏർപ്പാടാക്കിയ മുറിയിൽ എത്താനാകൂ. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും വലുതും, തിരക്കുപിടിച്ചതുമായ നഗരമായിരുന്നു കാൺപൂർ. നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന മോട്ടോർ വാഹനങ്ങളുടെ ഇടയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നത് ഒരു സർക്കസ് വിദ്യ പോലെ തോന്നി. വഴിയിൽ ഇടക്കിടെ വരുന്ന മേൽപ്പാലങ്ങളിലേക്ക് സൈക്കിൾ ചവിട്ടിക്കയറ്റാൻ ഞങ്ങൾ ഇരുവരും പ്രയാസപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളുടെ ഹോണുകൾ സൃഷ്ടിക്കുന്ന ഒച്ചപ്പാടിൽ സൈക്കിൾ മണികളുടെ ശബ്ദം അലിഞ്ഞില്ലാതായി. കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ട്രാഫിക് സിഗ്നലുകൾ പിന്നിടുന്നത് അതീവ ശ്രമകരമായിരുന്നു. ഓട്ടപ്പന്തയത്തിന് തയ്യാറെടുക്കുന്നതുപോലെ അക്ഷമരായി പച്ചവെളിച്ചവും കാത്ത് നിൽക്കുന്ന ഡ്രൈവർമാർക്കിടയിലൂടെ സൈക്കിൾ ചവിട്ടുന്നത് അപകടം നിറഞ്ഞ പരിപാടിയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പ്രയാണത്തിനൊടുവിലാണ് കാൺപൂർ നഗരത്തിന്റെ തെക്കേയറ്റത്ത് ഞങ്ങൾ എത്തിച്ചേർന്നത്.
പുതുമഴയുടെ മണമുള്ള മണ്ണിൽ
മുറിയിൽ എത്തിയപ്പോൾ ധർമ്മശാലയുടെ ഉടമ അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിശേഷങ്ങൾ കേട്ടപ്പോൾ അയാൾ ഭേദപ്പെട്ട ഒരു മുറി തന്നു. ചിലന്തിവലകൾ നിറഞ്ഞ, ഈർപ്പം തങ്ങി നിന്നിരുന്ന ആ മുറി ആദ്യത്തെ സ്റ്റോർ റൂമിനേക്കാൻ നല്ലതായിരുന്നു. ഞങ്ങളുടെ പര്യടനഭൂപടത്തിൽ ഉൾപ്പെടാത്ത സ്ഥലമായിരുന്നെങ്കിലും, ബദായൂനിന്റെ ചരിത്രത്തെക്കുറിച്ച് ഞാൻ അല്പം അന്വേഷണം നടത്തി. അഹർ രാജകുമാരനായ ബുദ്ധ് പൊതുയുഗം (CE) 905ൽ സ്ഥാപിച്ചതാണ് ഈ നഗരം എന്ന് വിശ്വസിക്കപ്പെടുന്നു. മുഹമ്മദ് ഗസ്നിയുടെ ബന്ധുവായ സയ്യിദ് മസൂദ് ഗാസി CE 1028 ൽ ഈ പ്രദേശം പിടിച്ചടക്കി
ബ്രിജ്ഘാട്ടിലെ ചൂടുകാറ്റ്
‘തീർത്ഥാടക നഗരിയായ അനുപ്ശഹറിലേക്ക് സ്വാഗതം’ എന്നെഴുതി വെച്ചിട്ടുള്ള ഒരു വലിയ കമാനം ഞങ്ങളുടെ മുൻപിൽ തലയുയർത്തി നിന്നു. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത് അനുപ് റായ് എന്ന രാജാവാണ് ഈ പട്ടണം സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്.
രണ്ട് പുതിയ ചങ്ങാതിമാർ
ഇരുട്ട് വീഴും മുൻപേ ഹൈവേയിൽ എത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അഞ്ചുമണി ആയപ്പോഴേക്കും വെളിച്ചം കുറയാൻ തുടങ്ങി. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളും, ഒറ്റപ്പെട്ട ചില ഗ്രാമങ്ങളും മാത്രമേ വഴിയിൽ കണ്ടുള്ളൂ. കാലിൽ വേദന കൂടിക്കൂടി വന്നതുകൊണ്ട് സൈക്കിൾ വേഗത്തിൽ ചവിട്ടാനും കഴിയുന്നില്ല. ഓരോ കിലോമീറ്ററും പിന്നിടാൻ വേണ്ട സമയം കൂടിവന്നു.
ഹരിദ്വാറിലെ ശാന്തിതീരം
ഹരിദ്വാറിലെ ഘാട്ടുകൾക്കും ആചാരങ്ങൾക്കും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഗുരുവിന്റെ സ്മരണയിൽ ഗുരുദ്വാര നാനക്-വാര (Gurudwara Nanakwara) എന്ന വലിയൊരു സിഖ് ആരാധനാലയം ഇവിടെ ഉയർന്നു വന്നിരിക്കുകയാണ്.
യോഗാനഗരിയിലെ ബീറ്റിൽസ് താളങ്ങൾ
സംസ്കാരത്തിന്റെ സംരക്ഷകർ എന്നു സ്വയം വിശേഷിപ്പിക്കുന്ന ചിലർക്ക് വേറെ ചില ‘പ്രശ്നങ്ങളാണ്’ ഉയർത്തിക്കാട്ടാനുള്ളത് വിദേശ വിനോദ സഞ്ചാരികൾ അസന്മാർഗിക പ്രവർത്തികളിൽ ഏർപ്പെടുന്നു എന്നും, ഋഷികേശിന്റെ ‘പവിത്രത’ നഷ്ടപ്പെടുത്തുന്നു എന്നും ആരോപിച്ച് വിശ്വഹിന്ദു പരിഷദ് രംഗത്തുവന്നത് ഒരു ഉദാഹരണമാണ്.
ദേവപ്രയാഗിലെ സന്ധ്യകൾ
ആളുകളെ കുത്തിനിറച്ച ഒരു ജീപ്പിലാണ് ടെഹ്‌റി അണക്കെട്ടിന് അപ്പുറത്തുള്ള ധൻസാലിയിൽ നിന്ന് ദേവപ്രയാഗിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങിയത്.
സമരഭൂമിയിലൂടെ ഒരു ബോട്ട് സവാരി
ചമ്പയിലെത്തിയപ്പോഴേക്കും നേരം നല്ലപോലെ ഇരുട്ടി. തിരക്ക് പിടിച്ച ഒരു പട്ടണം. കുറേ അലഞ്ഞ ശേഷം 300 രൂപ വാടകക്ക് ഒരു ചെറിയ മുറി കിട്ടി. അടുത്ത രണ്ടോമൂന്നോ ദിവസം ഇവിടെ താമസിച്ച് ചുറ്റുമുള്ള പ്രദേശങ്ങൾ സന്ദർശിക്കാനായിരുന്നു പരിപാടി. പുറത്ത് നിന്നും പാർസൽ വാങ്ങിയ ചോറും പരിപ്പും, അടുത്തുള്ള ചന്തയിൽ നിന്ന് വാങ്ങിയ പച്ചക്കറികൾ ചേർത്തുണ്ടാക്കിയ സാലഡും കൂട്ടി ഞങ്ങൾ അത്താഴം കഴിച്ചു. തണുപ്പ് കൂടിക്കൂടി വന്നു.
പെരുംമഴയിൽ കുതിർന്ന കാലടികൾ
ഉച്ച കഴിഞ്ഞതോടെ കാലാവസ്ഥയാകെ മാറി. കാർമേഘങ്ങൾ സൂര്യനെ മറച്ചു. എപ്പോൾ വേണമെങ്കിലും മഴ പെയ്യാമെന്നായി. ഹർസിൽ എത്താൻ ഇനിയും പത്ത് കിലോമീറ്ററോളം ഉണ്ട്. കയ്യിൽ കരുതിയിട്ടുള്ള മഴക്കോട്ടുകൾ ഞങ്ങൾ അണിഞ്ഞു. ബാഗുകൾ നനയാതിരിക്കാൻ പ്രത്യേകം കവറുകൾ ഉണ്ടായിരുന്നു. പെരുംമഴ തുടങ്ങി. നടത്തം വളരെ സാവധാനത്തിലായിരുന്നു. ഒരു മണിക്കൂറിൽ മൂന്ന് കിലോമീറ്റർ പോലും പിന്നിടാൻ ഞങ്ങൾക്ക് സാധിച്ചില്ല.
യാത്രകളുടെ തുടക്കം
ഹിമാലയന്‍ മഞ്ഞുപാടങ്ങളില്‍ നിന്നൊഴുകി, ചരിത്രമുറങ്ങുന്ന ജനപഥങ്ങളെ തഴുകി, ബംഗാള്‍ ഉള്‍ക്കടലിന്‍റെ ആഴങ്ങളില്‍ അലിയുന്നത് വരെയുള്ള ഗംഗയുടെ യാത്രയെ, നാല് മാസത്തോളം സൈക്കിളിലും, കാൽനടയായും ജോയൽ കെ. പയസ് അനുഗമിച്ചതിന്റെ എഴുത്തും ചിത്രങ്ങളും.