ഫ്ലാഷ് മെമ്മറീസ്

ഫോട്ടോ മെയിൽ
മലയാളം പേജിൽ
സമകാലിക ഫോട്ടോഗ്രാഫി
അതിന്റെ ചരിത്രം, സൗന്ദര്യശാസ്ത്രം
ടെക്നിക്കുകൾ, വിമർശനം, കൂടാതെ
വിവർത്തനം ചെയ്‌തു
ലേഖനങ്ങൾ പ്രസിദ്ധീകരിക്കും

Early photographs of Fort Kochi | Children's park
Landmarks of my Memories © അബുൽ കാലം ആസാദ് 1980s

അഗസ്റ്റിൻ്റെ സ്വപ്നങ്ങൾ

കഴിഞ്ഞുപോയ നിമിഷങ്ങളുടെ കഥ പറയാൻ മനുഷ്യൻ കണ്ടെത്തിയ ഏറ്റവും ശക്തമായ ഉപാധിയാണ് ഫോട്ടോഗ്രാഫി. അത് നിശ്ചലമോ ചലിക്കുന്നതോ ആയിക്കൊള്ളട്ടെ, രണ്ടും സംസാരിക്കുന്നത് നിമിഷങ്ങളിലൂടെയാണ്. ഭൂതകാല നിമിഷങ്ങളെ ചിത്രങ്ങളിലൂടെ പുനർസൃഷ്ടിക്കുന്ന ഫോട്ടോഗ്രാഫർ അവയുടെ വ്യാഖ്യാതാവ് മാത്രമല്ല, ഒരു ചരിത്രകാരനും കൂടിയാണ്.

ചെറിയ നിമിഷങ്ങൾക്ക് നീണ്ട ചരിത്രം പറയാൻ കഴിയും എന്ന തിരിച്ചറിവിൽ നിന്നാണ് അബുൽ കലാം ആസാദ് തന്റെ അന്വേഷണങ്ങൾ നടത്തുന്നത്. തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചകളും, അനുഭവങ്ങളും ഉപയോഗിച്ച് ദക്ഷിണേന്ത്യയുടെ ചരിത്രവും, സംസ്കാരവുമെല്ലാം അദ്ദേഹം തന്റെ ചിത്രങ്ങളിൽ കോറിയിട്ടിരിക്കുന്നു എന്നാണ് ആ കാഴ്ചകളിലൂടെ സഞ്ചരിച്ചപ്പോൾ എനിക്ക് തോന്നിയത്. സ്ഥലകാലങ്ങളിലൂടെ തന്റെ ക്യാമറയുമായി സഞ്ചരിക്കുന്ന ആസാദ് കാഴ്ചക്കാരെയും ഭൂതകാലത്തിന്റെ ആ ഏടുകളിലേക്ക് കൊണ്ടുപോകുകയാണ്.

കാലത്തോടുള്ള വിടപറച്ചിലാണ് മരണമെങ്കിൽ, ഓരോ ഫോട്ടോഗ്രാഫിക് ചിത്രവും അടയാളപ്പെടുത്തുന്നത് ചത്തുപോയ ഒരു നിമിഷത്തെയാണ്. സത്ത് പോവുക എന്നാണ് ചത്തുപോകുക എന്നതിന്റെ അർത്ഥം. കൊഴിഞ്ഞുവീഴുന്ന ഓരോ നിമിഷത്തിലും, വ്യക്തികളുടെയും പൊതുബോധത്തിൻ്റെയും സത്തും ഉൾപ്പെടുന്നു. ഇവ വീണ്ടെടുക്കാൻ ഓർമ്മയിലൂടെ മാത്രമേ സാധിക്കൂ. ഫോട്ടോഗ്രാഫറുടെ സാങ്കേതിക ഭാഷയിൽ താൻ ക്യാമറയിൽ പകർത്തുന്ന എന്തും അയാൾക്ക് വസ്തു മാത്രമാണ്. മനുഷ്യനായാലും പൂവായാലും പുഴുവായാലും വെറും ഒരു വസ്തു. പക്ഷെ, ഒരു ചരിത്രകാരന്ന് അതിനെ സ്ഥലകാലങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാൻ കഴിയും, സംസ്ക്കാരപഠിതാവിന്ന് അതിൻ്റെ സൗന്ദര്യത്തെ വിശകലനം ചെയ്യാനും കഴിയും. ഒരു സാധാരണ പ്രേക്ഷകന് ആ ചിത്രങ്ങൾ കാണുന്നതിലൂടെ എന്തെന്നില്ലാത്ത അനുഭൂതി ലഭിക്കും. ഇവിടെയൊക്കെ ഇമേജ് രൂപകം ആയി മാറുകയാണ്. ആസാദിന്റെ ചിത്രങ്ങൾ മേൽപ്പറഞ്ഞ ധർമ്മങ്ങളെല്ലാം ഒരേസമയം നിർവഹിക്കുന്നു.

ആസാദും, ഞാനും ഒരേ ദേശത്ത് ജനിച്ചു വളർന്നവരാണ്. കൊച്ചുന്നാൾ തൊട്ടേ ആസാദിനെ എനിക്കറിയാം. അയാളുടെ ബാപ്പ ‘മെട്രൊ’ ഹനീഫ്ക്ക എൻ്റെയും സുഹൃത്തായിരുന്നു; ഒരു പഴയകാല നാടകകൃത്ത്. പിന്നീട് അതിൽ നിന്ന് വിരമിച്ച് ബിസിനസിൽ വ്യാപൃതനായപ്പോഴും അദ്ദേഹത്തിന്റെ സഹൃദയത്വം ഇല്ലായില്ല. എൻ്റെ എഴുത്തുകളെ അദ്ദേഹം നല്ല വാക്കുകൾ കൊണ്ട് പ്രോത്സാഹിപ്പിക്കുമായിരുന്നു.

ആസാദ് ഇന്ന് അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫറാണ്. തൻ്റെ കലയെ നിരന്തര പരീക്ഷണങ്ങളിലൂടെ അദ്ദേഹം നവീകരിച്ചു കൊണ്ടിരിക്കുകയാണ്. പ്രൊഫഷനലായി വിദേശത്തു പോയി പഠിച്ചിട്ടുള്ള ആളാണ് ആസാദ്. പ്രസ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ അപൂർവ്വമായഫോട്ടോകൾ നൽകി അദ്ദേഹം പത്രപ്രവർത്തകനായ എന്നെ സഹായിച്ചിട്ടുണ്ട്.

ഒരു ഫോട്ടോഗ്രാഫ് കാണുമ്പോൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായ പ്രതികരണകളോ ഓർമ്മകളൊ ആണ് ഉൽപാദിപ്പിക്കപ്പെടുന്നത്. കഴിഞ്ഞുപോയ ഓരോ നിമിഷവും എത്രത്തോളം സങ്കീർണ്ണമായ ചരിത്രമാണ് അതിന്റെ ഗർഭത്തിൽ പേറിയിരുന്നത് എന്ന് ആസാദിന്റെ ഫോട്ടോഗ്രാഫുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

ഫോർട്ടുകൊച്ചി കമാലക്കടവിൽ പതിറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന ചിൽഡ്രൻസ് പാർക്കിന്റെ ഇരുമ്പു വേലിക്കുള്ളിലുള്ള കാര്ട്ടൂൺ രൂപത്തിന്റെ ഫോട്ടോയാണിത് .പാർക്കെന്നൊന്നും പറയാനില്ല. ഒന്നു രണ്ട് ഊഞ്ഞാലുകൾ.. ഒലിഞ്ഞു കളിക്കുന്നതിനുള്ള ഒരെടുപ്പു. മുതിർന്നവർക്ക് ഇരിക്കാൻ ഏതാനും കൽ ബെഞ്ചുകൾ..കുട്ടികൾക്കൊന്ന് വിശാലമായി ഓടിക്കളിക്കാൻ പോലും സ്ഥലമില്ല. കൂടി വന്നാൽ പത്തിരുപത്തിയഞ്ച് സെൻ്റ് മാത്രം.

കുഞ്ഞുങ്ങളുമായി ബീച്ചിൽ വരുന്നവർ കുറച്ച് നേരം അവിടെയിരുന്ന് തിരിച്ചു പോകും. പിന്നെ കുട്ടികൾക്ക് ആകർഷകമായത് പാർക്കിന് ചുറ്റും കോൺക്രീററിലുണ്ടാക്കിയ ചുറ്റുമതിലാണ്. ആ മതിലിൽ വ്യത്യസ്തമായ ജന്തു ചിത്രങ്ങൾ.

കാട്ടിലും നാട്ടിലും ജലത്തിലുമുള്ള ജീവികൾ.അവ വരച്ചുവെച്ചത് അഗസ്റ്റിനാണ്. അയാളത് വരക്കുമ്പോൾ ചിലപ്പോൾ വർത്തമാനം പറഞ്ഞുകൊണ്ട് ഞങ്ങൾ, കൂട്ടുകാരുമുണ്ടാകും.

മുണ്ടം വേലിയിലൊ മൂലങ്കുഴിയിലൊ ഒരു ഏകാങ്കനാടക മത്സരവേദിയിൽ വെച്ചാണ് അഗസ്റ്റിനെ ഞാൻ പരിചയപ്പെടുന്നത്, ക്രൂശിക്കപ്പെട്ട ആത്മാവ് എന്ന അഗസ്റ്റിൻ്റെ നാടകം എല്ലായിടത്തും സമ്മാനങ്ങൾ നേടി.എൻ്റെ വേഴാമ്പൽ നാടകത്തിനും സമ്മാനം കിട്ടി. അത് ഒരു ദീർഘകാല സൗഹൃദമായി മാറി.

ഔപചാരികമായ ചിത്രകലാ പഠനമൊന്നും നടത്തിയിട്ടില്ല അഗസ്റ്റിൻ. സൈൻ ബോർഡുകൾ തൊട്ട് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ വരെ എഴുതും. അത്യാവശ്യം പോർട്രേറ്റുകൾ വരയ്ക്കും .രേഖാചിത്രരചനയിലേക്കൊന്നും കടന്നിരുന്നില്ല. നിത്യനിദാനത്തിനുള്ള ഒരു തൊഴിൽ മാത്രമായിരുന്നു അഗസ്റ്റിന്ന് ചിത്രരചന.

ഗാലക്സി തിയേറ്ററിന് സമീപം ഒരു കടമുറിയിൽ വർണ്ണശാല എന്ന ചെറിയ സ്ഥാപനവും അയാൾ നടത്തിയിരുന്നു.കൊച്ചിയിലെ പല കലാകാരന്മാരും അവിടെ വന്നു കൂടും. ഞാനും നിത്യസന്ദർശകനായിരുന്നു…



ഞങ്ങൾ പല അമേച്വർ നാടകങ്ങളിലും ഒന്നിച്ചു പാട്ടെഴുതുമായിരുന്നു’ വൈകുന്നേരമായാൽ ഇബ്രാഹിം കുട്ടിയൊന്നിച്ച് (ഇപ്പോഴത്തെ ഇബ്റാഹിം വെങ്ങര) ചിലപ്പോൾ ബീച്ചുവരെ നടക്കും. സാഹിത്യം, നാടകം, സിനിമ ഇതൊക്കെയാണ് വർത്തമാനം. ഇബ്റാഹിമിനെ കുറിച്ച് പിന്നീടെഴുതാം.

അഗസ്റ്റിൻ സൗമ്യനാണ്.ശബ്ദമുയർത്തി സംസാരിക്കില്ല. ഒരു വിഷാദഭാവമുണ്ടാകും എന്നുംമുഖത്ത്. വലിയ ആഗ്രഹങ്ങളൊ സ്വപ്നങ്ങളൊ ഇല്ല. ഇങ്ങെനെയൊക്കെ അങ്ങനെ പോയാൽ മതി എന്ന മട്ട്. എങ്കിലും ഞങ്ങൾ കൊച്ചു കൊച്ചു സങ്കൽപ്പങ്ങൾ പങ്ക് വയ്ക്കും.

വീട്ട് വരാന്തയിലിരുന്ന് ഭാര്യയും കുട്ടികളുമൊപ്പം കൊച്ച് വർത്തമാനങ്ങൾ പറഞ്ഞിരിക്കുന്ന സായന്തനങ്ങളാണ് തൻ്റെ ഏറ്റവും വലിയ സ്വപ്നമെന്ന് അഗസ്റ്റിൻ ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു.

മറ്റൊരിക്കൽ ഞാൻ പറഞ്ഞു: എനിക്ക് പെൺകുഞ്ഞ് പിറന്നാൽ ജുബി എന്ന് പേരിടും. ആൺ കുട്ടിയാണെങ്കിൽ ബൈജുവെന്നും.
എനിക്ക് ആൺകുഞ്ഞുങ്ങളുണ്ടായില്ല. മൂത്ത മകൾക്ക് ജൂബി എന്ന് തന്നെ പേരിട്ടു .അഗസ്റ്റിൻ്റ മകന്ന് ബൈജുവെന്നും. രണ്ടു പേരും വാക്കുപാലിച്ചു.

ഞാൻ കോഴിക്കോട് സ്ഥിരതാമസമാക്കിയെങ്കിലും കൊച്ചിയിലെത്തിയാൽ വർണ്ണശാലയിൽ പോകും. ഇത്തിരി നേരം സംസാരിച്ചിരിക്കും.

മകൻ തന്നെയാണ് അഗസ്റ്റിൻ്റെ മരണവാർത്ത ഫോൺ ചെയ്തറിയിച്ചതെന്ന് തോന്നുന്നു. ഉടനെ പുറപ്പെട്ടു.പള്ളുരുത്തിയിലെ സിറിയൻ കത്തോലിക്കാ സെമിത്തേരിയിലെത്തിയപ്പോൾ അഗസ്റ്റിൻ മണ്ണിന്നടിയിലായിക്കഴിഞ്ഞിരുന്നു.

പുറത്തിറങ്ങി റോഡ് ക്രോസ് ചെയ്യുമ്പോൾ ഞാനാകെ ദുഃഖിതനായിരുന്നു: സുഹൃത്തെ, ജഡംപോലും കാണാനായില്ലല്ലൊ.

പെട്ടെന്ന് ഒരു കാർ സഡൻ ബ്രേക്കിട്ട് നിറുത്തി.കാറിന് മുൻപിൽ ചാടിയതിന്ന് ഡ്രൈവർ എന്നെ വഴക്കു പറഞ്ഞു: “എന്താ ജമാൽ, അപകടം സംഭവിക്കുമായിരുന്നല്ലൊ” എൻ്റെയും അഗസ്റ്റിൻ്റെയും സുഹൃത്തായ മെട്രൊ ഇസ്മായിൽ എന്ന നാടക നടനാണ് വണ്ടിയോടിച്ചിരുന്നത്. ഞങ്ങളുടെയൊക്കെ നാടകങ്ങളിൽ വേഷമിട്ടിരുന്ന ആ അനുഗൃഹീതനടൻ്റ സ്വരത്തിൽ വേദന കലർന്ന രോഷമുണ്ടായിരുന്നു: “രണ്ടു പേരും ഒരേ ദിവസം തന്നെ പോകണമെന്ന് നിർബ്ബന്ധമുണ്ടൊ?”

Jamal Kochangadi

ജമാൽ കൊച്ചങ്ങാടി പശ്ചിമ കൊച്ചിയിൽ ജന്മം കൊണ്ട സാഹിത്യകാരന്മാരിൽ ഏറ്റവും പ്രധാനിയാണ് ജമാൽ  കൊച്ചങ്ങാടി.കഥകൾ, ലേഖനങ്ങൾ, നാടകം, സിനിമാ ഗാനങ്ങൾ തുടങ്ങിയ നിരവധി മേഖലകളിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട് പ്രമുഖ വർത്തമാന പത്രങ്ങളുടെയും ,വാർഷിക – വിശേഷാൽ പതിപ്പുകളുടെയും അമരക്കാരനായി കഴിഞ്ഞ കാൽ   നൂറ്റാണ്ടിലേറെ കാലമായി പ്രവർത്തിച്ചു വരുന്ന ജമാൽ കൊച്ചങ്ങാടി മലയാള സാഹിത്യത്തിന് അനേകം പ്രതിഭകളെ പരിചയപ്പെടുത്തിയിട്ടുള്ള ബഹു മാന്യനായ  പത്രാധിപരാണ്.

അബുൽ കാലം ആസാദ് സമകാലീന ഇന്ത്യൻ ഫോട്ടോഗ്രാഫറും ഏകലോകം ട്രസ്റ്റ് ഫോർ ഫോട്ടോഗ്രാഫി സ്ഥാപക ചെയർമാനുമായ അബുൽ കലാം ആസാദ്. അബുലിന്റെ ഫോട്ടോഗ്രാഫിക് കൃതികൾ പ്രധാനമായും ആത്മകഥാപരമാണ്, ഒപ്പം രാഷ്ട്രീയം, സംസ്കാരം, സമകാലീന മൈക്രോ ചരിത്രം, ലിംഗഭേദം, ലൈംഗികത എന്നിവ പര്യവേക്ഷണം ചെയ്യുന്നു.



Published on February 18, 2021

Share

Home » Portfolio » Authors » Abul Kalam Azad » അഗസ്റ്റിൻ്റെ സ്വപ്നങ്ങൾ

Related Articles