ഹിമാലയന്‍ മഞ്ഞുപാടങ്ങളില്‍
നിന്നൊഴുകി ചരിത്രമുറങ്ങുന്ന
ജനപഥങ്ങളെ തഴുകി
ബംഗാള്‍ ഉള്‍ക്കടലിന്‍റെ
ആഴങ്ങളില്‍ അലിയുന്നത് വരെയുള്ള
ഗംഗയുടെ യാത്രയെ
നാല് മാസത്തോളം
സൈക്കിളിലും, കാൽനടയായും
ജോയൽ കെ. പയസ്
അനുഗമിച്ചതിന്റെ
എഴുത്തും ചിത്രങ്ങളും

ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ഓരോ വർഷവും പ്രയാഗിലെത്തുന്ന സൈബീരിയൻ കടൽക്കാക്കകളുടെ ജീവിതം തന്നെ നിലയ്ക്കാത്ത ഒരു യാത്രയാണ്. ദേശാടനം നടത്താതെ അവർക്ക് ജീവിതം പൂർത്തിയാക്കാൻ കഴിയില്ല. നൂറ്റാണ്ടുകളായി തുടരുന്ന സഞ്ചാരത്തിലൂടെയാണ് ഈ പക്ഷി സമൂഹത്തിന്റെ ജനനമരണങ്ങളുടെ ചക്രം തുടർച്ചയായി തിരിയുന്നത്
ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ഓരോ വർഷവും പ്രയാഗിലെത്തുന്ന സൈബീരിയൻ കടൽക്കാക്കകളുടെ ജീവിതം തന്നെ നിലയ്ക്കാത്ത ഒരു യാത്രയാണ്. ദേശാടനം നടത്താതെ അവർക്ക് ജീവിതം പൂർത്തിയാക്കാൻ കഴിയില്ല. നൂറ്റാണ്ടുകളായി തുടരുന്ന സഞ്ചാരത്തിലൂടെയാണ് ഈ പക്ഷി സമൂഹത്തിന്റെ ജനനമരണങ്ങളുടെ ചക്രം തുടർച്ചയായി തിരിയുന്നത് © ജോയൽ കെ. പയസ്

പ്രയാഗിലെ ദേശാടനക്കിളികൾ

ല്ല വെയിലുള്ള ഒരു ഉച്ചയ്ക്കാണ് ഞങ്ങൾ കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗ്രാൻഡ് ട്രങ്ക് റോഡിന്റെ അരികിലൂടെ വളരെ ശ്രദ്ധയോടെ ഞാൻ സൈക്കിൾ ചവിട്ടി. വേഗമേറിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന കാറ്റിന് സൈക്കിളിന്റെ താളം തെറ്റിക്കാൻ കഴിയും എന്നതിനാൽ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. മുമ്പിലുള്ള പ്രധാന നഗരം 130 കിലോമീറ്റർ കിഴക്കുള്ള അലഹബാദ് ആയിരുന്നു. ഒറ്റദിവസം കൊണ്ട് അവിടെ എത്താനാകില്ല എന്നതുകൊണ്ട് ഇടയ്ക്കുള്ള ഫത്തേപ്പൂർ എന്ന പട്ടണത്തിൽ രാത്രി തങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഗംഗയുടെയും, യമുനയുടെയും ഇടയിലായാണ് ജില്ലാ ആസ്ഥാനം കൂടിയായ ഫത്തേപ്പൂരിന്റെ കിടപ്പ്. കയറ്റിറക്കങ്ങൾ ഇല്ലാത്ത വഴിയിലൂടെയുള്ള യാത്ര സുഖകരമായിരുന്നു. ഏകദേശം നാലുമണി ആയപ്പോഴേക്കും 40 കിലോമീറ്ററിൽ കൂടുതൽ ഞങ്ങൾ സൈക്കിൾ ചവിട്ടിയിരുന്നു. വളരെ വൈകി പ്രഭാത ഭക്ഷണം കഴിച്ചതുകൊണ്ട് വിശപ്പിന്റെ വിളി സാവധാനമാണ് കേട്ടുതുടങ്ങിയത്. വഴിയരികിൽ കണ്ട ഒരു ബിഹാറി ദാബയിലേക്ക് ഞങ്ങൾ കയറി. അവിടെ നിറുത്തിയിട്ടിരുന്ന വലിയ ലോറികളുടെ ഇടയിൽ സൈക്കിളുകൾ തീരെ ചെറുതായി തോന്നി. തുടർച്ചയായി വ്യത്യസ്തമായ ഭക്ഷണം കഴിക്കുന്നത് കാരണമാകണം എന്റെ വയർ അസ്വസ്ഥമായിരുന്നു. ഇത്തരം അവസരങ്ങളിൽ ഏറ്റവും സുരക്ഷിതമായത് എന്ന് ഞാൻ വിശ്വസിക്കുന്ന ഭക്ഷണം — ചോറും, തൈരും — കുറച്ച് അകത്താക്കി. ഓരോ ബീഡിയും വലിച്ച് കുറച്ച് നേരം വിശ്രമിച്ചപ്പോഴേക്കും വെളിച്ചം മങ്ങിത്തുടങ്ങി. ഇരുട്ടിൽ ഹൈവേയിലൂടെ സൈക്കിൾ ചവിട്ടുന്നത് അപകടം വിളിച്ചുവരുത്തുന്ന പരിപാടിയാണ്. ഫത്തേപ്പൂരിലേക്ക് വല്ല ലോറിയോ മറ്റോ കിട്ടുമോ എന്ന് നോക്കാൻ ഞങ്ങൾ മൂവരും ഐക്യകണ്ഠമായി തീരുമാനിച്ചു. ഏകദേശം അരമണിക്കൂറോളം വാഹനങ്ങൾക്ക് കൈകാണിച്ച ശേഷമാണ് ഒരു ട്രാക്റ്റർ ഞങ്ങളുടെ മുൻപിൽ നിന്നത്. മൂന്ന് സൈക്കിളുകളും ട്രാക്ടറിന്റെ പുറകിലെ ട്രെയിലറിൽ കയറ്റിയിട്ട് ഡ്രൈവറുടെ ഇരുവശങ്ങളിലുമായി ഞങ്ങൾ ഇരിപ്പുറപ്പിച്ചു. വഴി നിരപ്പുള്ളതാണെങ്കിലും ട്രാക്ടർ കുലുങ്ങി കുലുങ്ങിക്കുലുങ്ങിയാണ് ഉരുണ്ടത്. ആ വാഹനത്തിന്റെ സ്പീഡോമീറ്ററിൽ മണിക്കൂറിൽ 25 കിലോമീറ്റർ ആണ് പരമാവധി വേഗമായി അടയാളപ്പെടുത്തിയിരുന്നത്.

ഖുസ്രോ ബാഗിലെ ഷാ ബീഗത്തിന്റെ ശവകുടീരം. മുഗൾ ചക്രവർത്തി ജഹാൻഗീറിന്റെ ഭാര്യയായിരുന്നു ഷാ ബീഗം. ഒരു രജപുത്ര വനിതയായ അവരുടെ യഥാർത്ഥ നാമം മൻഭാവതി ഭായി എന്നായിരുന്നു. ജഹാൻഗീറിന്റെ മൂത്തപുത്രനും കിരീടാവകാശിയുമായിരുന്ന ഖുസ്രോ മിശ്രയുടെ അമ്മയായിരുന്നു ഷാ ബീഗം. അവരുടെ രജപുത്ര പാരമ്പര്യം കണക്കിലെടുത്താവണം ഈ ശവകുടീരം മുഗൾ-രാജസ്ഥാനി വാസ്തുകലയുടെ മിശ്രണത്തിൽ നിർമ്മിക്കപ്പെട്ടത്
ഖുസ്രോ ബാഗിലെ ഷാ ബീഗത്തിന്റെ ശവകുടീരം. മുഗൾ ചക്രവർത്തി ജഹാൻഗീറിന്റെ ഭാര്യയായിരുന്നു ഷാ ബീഗം. ഒരു രജപുത്ര വനിതയായ അവരുടെ യഥാർത്ഥ നാമം മൻഭാവതി ഭായി എന്നായിരുന്നു. ജഹാൻഗീറിന്റെ മൂത്തപുത്രനും കിരീടാവകാശിയുമായിരുന്ന ഖുസ്രോ മിശ്രയുടെ അമ്മയായിരുന്നു ഷാ ബീഗം. അവരുടെ രജപുത്ര പാരമ്പര്യം കണക്കിലെടുത്താവണം ഈ ശവകുടീരം മുഗൾ-രാജസ്ഥാനി വാസ്തുകലയുടെ മിശ്രണത്തിൽ നിർമ്മിക്കപ്പെട്ടത് © ജോയൽ കെ. പയസ്

എഞ്ചിന്റെ മുരൾച്ചക്കിടയിലൂടെ ഡ്രൈവർ തുടർച്ചയായി സംസാരിക്കാൻ തുടങ്ങി. ഞങ്ങൾ തീർത്ഥാടകരാണ് എന്ന ധാരണയിലാണ് അയാളുടെ സംഭാഷണം. ഞാൻ കേരളത്തിൽ നിന്നാണ് എന്ന് കേട്ടപ്പോൾ പുള്ളിക്കാരന്റെ ജിജ്ഞാസ ഉണർന്നു. കേരളത്തിൽ ബിജെപി ആണോ ഭരിക്കുന്നത് എന്നായിരുന്നു ആദ്യത്തെ ചോദ്യം. അല്ല എന്നുള്ള എന്റെ മറുപടി ആളെ അല്പം നിരാശനാക്കിയോ എന്ന് സംശയം തോന്നി. ബിജെപി ഭരിച്ചാലേ കേരളത്തിൽ വികസനം ഉണ്ടാകൂ എന്ന അഭിപ്രായമാണ് പുള്ളിക്കാരന്. ഫത്തേപ്പൂരിലേക്ക് 30 കിലോമീറ്റർ ദൂരം മാത്രമേ ശേഷിച്ചിരുന്നുള്ളൂ എങ്കിലും ഒന്നര മണിക്കൂറോളം എടുത്തു അത്രയും ദൂരം പിന്നിടാൻ. ട്രാക്ടറിന്റെ പുറകിൽ കിടക്കുന്ന സൈക്കിളുകൾ യാത്രയിൽ ഉടനീളം വലിയ ശബ്ദത്തിൽ കുലുങ്ങുന്നുണ്ടായിരുന്നു. പ്രധാനപാതയിൽ നിന്ന് മാറി ഞങ്ങൾ പട്ടണത്തിലേക്ക് പ്രവേശിച്ചു. രാത്രി തങ്ങാൻ പറ്റിയ ലോഡ്ജ് കാണിച്ച് തരാമെന്ന് ഡ്രൈവർ നേരത്തേ ഏറ്റിരുന്നു. വഴിയിൽ ഇരുവശത്തുമുള്ള ചില കെട്ടിടങ്ങൾ ചൂണ്ടിക്കാട്ടി അതെല്ലാം ഹിന്ദുക്കൾ നടത്തുന്ന ലോഡ്ജുകളോ, ഹോട്ടലുകളോ ആണെന്ന് അയാൾ പറയാൻ തുടങ്ങി. “യെ ഹിന്ദു കാ ഹെ, വോ ഹിന്ദു കാ ഹെ”, എന്ന് ഡ്രൈവർ ഉറക്കെ പ്രഖ്യാപിച്ച് കൊണ്ടിരുന്നു. അയാളുടെ ഉത്സാഹം കണ്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും, അത് കാര്യമാക്കാത്തപോലെ ഞാൻ ഇരുന്നു. പട്ടണത്തിൽ ഒരിടത്ത് ഞങ്ങളെ ഇറക്കി, യാത്രാശംസകളും നേർന്ന് ആ ഡ്രൈവർ ഓടിച്ചുപോയി. സൈക്കിളുകൾ ഇതിനകം ഒരു പരുവമായി കഴിഞ്ഞിരുന്നു. ഒരു സൈക്കിളിന്റെ ചങ്ങല പൊട്ടിയപ്പോൾ, മറ്റൊരു സൈക്കിളിന്റെ ചക്രങ്ങളുടെ കമ്പികൾ ഒടിഞ്ഞ നിലയിലായിരുന്നു. ആ പരിക്കുകൾ അടുത്ത ദിവസം പരിഹരിക്കാം എന്ന് തീരുമാനിച്ച് ഞങ്ങൾ താമസിക്കാനുള്ള മുറി അന്വേഷിക്കാൻ തുടങ്ങി. അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുന്ന ഒരു ലോഡ്ജിൽ കുറഞ്ഞ നിരക്കിൽ മുറി കിട്ടിയതോടെ അന്നത്തെ യാത്രക്ക് വിരാമമായി.



അടുത്ത ദിവസം രാവിലെ ആയപ്പോഴേക്കും സുമിതിന്റെ ആരോഗ്യനില മോശമായി. അവൻ തുടർച്ചയായി ഛർദ്ദിക്കുകയും ചെയ്തു. സുമിതിനെ മുറിയിൽ വിശ്രമിക്കാൻ വിട്ട് ആദിത്യയും ഞാനും പട്ടണത്തിലേക്ക് നടന്നു. വഴിയരികിലെ ഒരു ചെറിയ കടയിൽ നിന്ന് ചൂടൻ ചായയും ബണ്ണും കഴിച്ച് ഞങ്ങൾ തെരുവുകളിൽ ചുറ്റിനടന്നു. വഴിയോരത്തെ ചന്തകൾക്ക് ജീവൻ വെക്കുന്നതേ ഉള്ളൂ. കാൺപൂരിലേക്കും അലഹബാദിലേക്കും ഉള്ള ബസുകൾ പൊടിപറത്തിക്കൊണ്ട് കടന്നുപോകുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ആകർഷകമായി ഒന്നും ആ പട്ടണത്തിൽ കണ്ടില്ല. താമസ സ്ഥലത്തേക്ക് തിരിച്ചുവന്ന് സൈക്കിളുകൾ എടുത്ത് അടുത്തുള്ള ഒരു കടയിലേക്ക് ഉന്തി. അരമണിക്കൂറിലധികം എടുത്തു അവ ശരിയാക്കി എടുക്കാൻ. മുറിയിൽ ചെന്ന് ബാഗുകൾ എല്ലാം തയ്യാറാക്കി ഞങ്ങൾ മൂവരും അന്നത്തെ യാത്രക്കൊരുങ്ങി. അല്പം വയ്യായ്ക ഉണ്ടെങ്കിലും താൻ യാത്രയ്ക്ക് തയ്യാറാണെന്ന് സുമിത് ഉറപ്പിച്ച് പറഞ്ഞു. കുറച്ച് ദൂരം സഞ്ചരിച്ചപ്പോഴേക്കും എന്റെ സൈക്കിൾ പഞ്ചറായി. പഞ്ചർ ഒട്ടിക്കുന്ന കട അന്വേഷിക്കുന്നതിനിടയിൽ സുമിത് വീണ്ടും ഛർദ്ദിക്കാൻ തുടങ്ങി. അന്നത്തെ യാത്ര അവതാളത്തിൽ ആകുന്ന ലക്ഷണമാണ്. ബസിൽ കയറി നേരിട്ട് അലഹബാദിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു. ഉയരമുള്ള ബസിന്റെ മുകളിലേക്ക് സൈക്കിളുകൾ കയറ്റുവാൻ ആദിത്യയും ഞാനും കുറേ കഷ്ടപ്പെട്ടു. മുഖത്തുകൂടെ ഒലിക്കുന്ന വിയർപ്പുചാലുകൾ തുടച്ച് ഞങ്ങൾ ബസിനകത്തേക്ക് കയറി. ഏകദേശം രണ്ട് മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ഞങ്ങൾ അലഹബാദ് നഗരത്തിൽ എത്തി ചേർന്നു.

ദേശാടകരായ മനുഷ്യരും പക്ഷികളും സൃഷ്ടിക്കുന്ന ശബ്ദകോലാഹലമാണ് പ്രയാഗിനെ ഓരോ ദിവസവും വിളിച്ചുണർത്തുന്നത്. ഏതെങ്കിലും ക്ഷേത്രമോ വിഗ്രഹമോ അല്ല മനുഷ്യനെ ഇവിടേക്ക് ആകർഷിക്കുന്നത്; ജലമാണ് ഇവിടെ വിശ്വാസം
 ദേശാടകരായ മനുഷ്യരും പക്ഷികളും സൃഷ്ടിക്കുന്ന ശബ്ദകോലാഹലമാണ് പ്രയാഗിനെ ഓരോ ദിവസവും വിളിച്ചുണർത്തുന്നത്. ഏതെങ്കിലും ക്ഷേത്രമോ വിഗ്രഹമോ അല്ല മനുഷ്യനെ ഇവിടേക്ക് ആകർഷിക്കുന്നത്; ജലമാണ് ഇവിടെ വിശ്വാസം © ജോയൽ കെ. പയസ്

കാലം മാറ്റാത്തതായി ഒന്നുമില്ല എന്ന് പറയാറുണ്ടല്ലോ. അത്തരം മാറ്റങ്ങളിൽ പലതും വിവിധ കാലഘട്ടങ്ങളിലെ, വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള അധികാരിവർഗ്ഗങ്ങൾ നടത്തുന്ന ഇടപെടലുകൾ മൂലമാണ് സംഭവിക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ബസ് യാത്രയുടെ അന്ത്യത്തോട് അടുക്കുംതോറും വ്യാപാരസ്ഥാപനങ്ങളുടെയും സർക്കാർ ഓഫീസുകളുടെയും ചുമരുകളിലെ മേൽവിലാസത്തിൽ പ്രയാഗ് രാജ് എന്ന സ്ഥലനാമം കൂടുതലായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. ചില കടകളിൽ പ്രയാഗ് രാജ് എന്ന് വലുതായും, അലഹബാദ് എന്ന് ചെറുതായും എഴുതിയിരുന്നു. ചിലയിടങ്ങളിൽ പ്രയാഗ് രാജ് അല്ലെങ്കിൽ അലഹബാദ് എന്ന് മാത്രം എഴുതി കണ്ടു. 2018ലാണ് ഉത്തർപ്രദേശ് സർക്കാർ അലഹബാദിനെ പ്രയാഗ് രാജ് എന്ന് പുനഃർനാമകരണം ചെയ്തത്. പുരാതന കാലം മുതൽക്കേ ഗംഗയുടെയും യമുനയുടെയും സംഗമസ്ഥാനം പ്രയാഗ് എന്നാണ് അറിയപ്പെടുന്നത്. നദികൾ സംഗമിക്കുന്ന സ്ഥലങ്ങൾക്ക് പ്രയാഗ് എന്ന പൊതുവായ പേര് ഉത്തരേന്ത്യയിൽ പലയിടത്തും ഉണ്ട് (ദേവപ്രയാഗ്, കർണ്ണ പ്രയാഗ്, രുദ്രപ്രയാഗ് എന്നിങ്ങനെ ഉദാഹരണങ്ങൾ). ഗംഗയും യമുനയും കൂടാതെ അദൃശ്യമായ സരസ്വതി നദിയും പ്രയാഗിൽ സംഗമിക്കുന്നു എന്നാണ് ഹൈന്ദവ വിശ്വാസം. ഗംഗാനദിയിലെ നൂറുകണക്കിന് സംഗമ സ്ഥാനങ്ങളിൽ ഏറ്റവും പവിത്രമായത് ഇവിടെയാണെന്നാണ് പറയപ്പെടുന്നത്. ദശലക്ഷക്കണക്കിന് ആളുകൾ വന്നുകൂടുന്ന കുംഭമേളകൾ നടക്കുന്ന നാലിടങ്ങളിൽ ഒന്നാണിത്. ഗംഗയുടെ ഏറ്റവും വലിയ പോഷക നദി കൂടിയാണ് യമുന എന്നതിനാൽ ഈ സംഗമ സ്ഥാനത്തെ പ്രയാഗുകളുടെ രാജാവ് എന്നും വിളിക്കാറുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ഭരിക്കുന്ന യോഗി ആദിത്യനാഥ് സർക്കാർ പേരുമാറ്റം നടത്തിയത്. എന്നാൽ മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ 1574ൽ തുടക്കമിട്ട നഗരവൽക്കരണ പ്രക്രിയയുടെ ഫലമായാണ് ഇന്നത്തെ അലഹബാദ് ഉണ്ടായതെന്നും, തീർത്ഥാടന കേന്ദ്രമായ പ്രയാഗിന് തികച്ചും വ്യത്യസ്തമായ ഒരു അസ്തിത്വമാണ് ഉള്ളതെന്നും പേരുമാറ്റത്തെ എതിർക്കുന്നവർ പറയുന്നു [1]. ഇന്നത്തെപ്പോലെ തീവണ്ടി ഗതാഗതവും, ആധുനിക വാർത്താവിനിമയ സംവിധാനങ്ങളും ഇല്ലാതിരുന്ന പതിനാറാം നൂറ്റാണ്ടിൽ ഗംഗയുടെയും, യമുനയുടെയും സംഗമ സ്ഥാനത്തിന് തന്ത്രപരമായ ഒരു പ്രാധാന്യം ഉണ്ടായിരുന്നു. അക്കാലത്തെ മുഗൾ തലസ്ഥാനമായ ആഗ്രയിലേക്ക് സഞ്ചരിക്കാനുള്ള എളുപ്പമാർഗം യമുനയിലൂടെയുള്ള ജലഗതാഗതമായിരുന്നു. സാമ്രാജ്യത്തിന്റെ കിഴക്കുഭാഗത്തുള്ള ബംഗാളിൽ നിന്നും വരുന്ന എല്ലാത്തരം നീക്കങ്ങളും — കച്ചവടക്കാരും, ശത്രുസൈന്യവും ഉൾപ്പെടെ — നിരീക്ഷിക്കാൻ കഴിയുന്ന വിധത്തിൽ ഒരു വലിയ കോട്ട അക്ബർ ഇവിടെ പണിതു. ഈ കോട്ടയും, അതിനോട് ചേർന്ന് ഉയർന്നുവന്ന നഗരവുമാണ് ആധുനിക അലഹബാദ് ആയി രൂപപ്പെട്ടത്. ഇതിനൊക്കെ അപ്പുറം, ഈ പ്രദേശത്തിന്റെ ചരിത്രം സഹസ്രാബ്ദങ്ങൾ പുറകിലേക്ക് നീണ്ടുകിടക്കുന്നു. പ്രാചീന ഇന്ത്യയിലെ ഒരു പ്രധാന ബുദ്ധമത കേന്ദ്രമായ കൗശംബി ഇന്നത്തെ അലഹബാദിന് അടുത്താണ് നിലകൊണ്ടിരുന്നത് [2] എന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച പുരാവസ്തു ഗവേഷകരിൽ ഒരാളായ അലക്‌സാണ്ടർ കണ്ണിങ്ഹാം 1861ൽ ഈ പ്രദേശത്ത് പര്യവേഷണങ്ങൾ നടത്തിയിരുന്നു. യമുനാ, ഗംഗ നദികളിലൂടെ മഥുരക്കും, പാടലീപുത്രയ്ക്കും ഇടയിൽ നടന്നിരുന്ന വാണിജ്യത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു കൗശംബി എന്നാണ് വിശ്വസിക്കപ്പെടുന്നത്. BCE നാലാം നൂറ്റാണ്ടിന്റെ അവസാനം വരെ ഒരു പ്രധാന നാഗരിക മേഖലയായിരുന്നു കൗശാംബി. അശോക ചക്രവർത്തി തന്റെ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച വലിയ തൂണുകളിൽ (Ashokan pillars) ഒന്ന് കൗശംബിയിലായിരുന്നു എന്നുകൂടി ഇവിടെ പ്രസ്താവ്യമാണ്.

കിഴക്കിന്റെ ഓക്സഫഡ് എന്ന് അലഹബാദിന് വിളിപ്പേര് വന്നത് ഇവിടെയുള്ള മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂലമാണ്. ഇൻഡോ-സരാസനിക് വാസ്തുശൈലിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അലഹബാദ് കേന്ദ്ര സർവകലാശാല ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒന്നാണ്
കിഴക്കിന്റെ ഓക്സഫഡ് എന്ന് അലഹബാദിന് വിളിപ്പേര് വന്നത് ഇവിടെയുള്ള മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂലമാണ്. ഇൻഡോ-സരാസനിക് വാസ്തുശൈലിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അലഹബാദ് കേന്ദ്ര സർവകലാശാല ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒന്നാണ് © ജോയൽ കെ. പയസ്

അലഹബാദിലെ തിരക്കേറിയ സൂരജ്കുണ്ട് ചൗക്കിലെ ഒരു ചെറിയ ലോഡ്ജിൽ ഞങ്ങൾ മുറിയെടുത്തു. ഒരുപാട് കാഴ്ചകൾ കാണാനുണ്ട് എന്നതിനാൽ സമയം പാഴാക്കി കളയാൻ സാധിക്കുമായിരുന്നില്ല. ഹിന്ദു, മുസ്‌ലീം, ക്രിസ്ത്യൻ മതങ്ങളുടെ നിരവധി ആരാധനാലയങ്ങൾ ഇവിടെ ഉണ്ട്. വ്യത്യസ്തമായ നിർമ്മാണ ശൈലികൾ ഉള്ള ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളും ധാരാളമുണ്ട്. ഒരു സുപ്രധാന വിദ്യാഭ്യാസ കേന്ദ്രമായ ഈ നഗരത്തിലെ അലഹബാദ് കേന്ദ്ര സർവകലാശാലയിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. മ്യുയർ സെൻട്രൽ കോളേജ് (Muir Central College) എന്ന പേരിൽ 1872ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നാണ് അലഹബാദ് സർവകലാശാലയുടെ തുടക്കം. കൽക്കത്ത, ബോംബെ, മദ്രാസ് സർവകലാശാലകൾക്ക് ശേഷം സ്ഥാപിക്കപ്പെട്ട ഇന്ത്യയിലെ നാലാമത്തെ ആധുനിക സർവകലാശാലയാണ് ഇവിടെയുള്ളത് [3]. കിഴക്കിന്റെ ഓക്‌സ്ഫഡ് എന്നാണ് ഒരിക്കൽ ഈ സർവകലാശാല അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷ് വാസ്തുവിദ്യ വിദഗ്ധനായ വില്യം എമ്മേർസൺ (William Emerson) ആണ് മ്യുയർ കോളേജ് രൂപകൽപ്പന ചെയ്‌തത്‌. മുംബൈയിലെ ക്രഫോഡ് മാർക്കറ്റും, കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലും രൂപകൽപ്പന ചെയ്തത് അദ്ദേഹമാണ്. ബ്രിട്ടീഷ് രാജ് ഇന്ത്യയിൽ പണികഴിപ്പിച്ച പല കെട്ടിടങ്ങളെയും പോലെ, മ്യുയർ കോളേജും ഇൻഡോ-സരാസനിക് ശൈലിയിലാണ് നിർമിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ നിലവിലിരുന്ന മുഗൾ, രാജസ്ഥാനി തുടങ്ങിയ വ്യത്യസ്ത നിർമ്മാണ ശൈലികളും, യൂറോപ്പിലെ ഗോഥിക് വാസ്തുവിദ്യയും ഇടകലർന്നതാണ് ഇൻഡോ-സരാസനിക് കെട്ടിടങ്ങൾ. കാഴ്ചകൾ കണ്ട് ഞങ്ങൾ ക്യാമ്പസിൽ ചുറ്റി നടന്നു. മതിലുകൾ കെട്ടി ചുറ്റുപാടിൽ നിന്നും വേർതിരിക്കപ്പെട്ട രീതിയിൽ അല്ല ഈ സർവകലാശാലയുടെ കിടപ്പ്. ക്യാമ്പസിനകത്തെ മൈതാനങ്ങളിൽ ക്രിക്കറ്റ് അടക്കമുള്ള കായികവിനോദങ്ങളിൽ മുഴുകിയ വിദ്യാർഥികളെ പുറകിൽ വിട്ട് ഞങ്ങൾ മ്യുയർ കോളേജിന്റെ മനോഹാരിത ആസ്വദിക്കാൻ തുടങ്ങി. കൈകൾ കോർത്ത് നടക്കുന്ന ഏതാനും ചില യുവ ജോഡികൾ ഒഴികെ തികച്ചും വിജനമായിരുന്നു അവിടം. ആഴം കുറഞ്ഞ കടലിന്റെ നിറത്തിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഇളംനീല കല്ലുകൾ പൊതിഞ്ഞ വലിയൊരു താഴികക്കുടം ആ കെട്ടിടത്തിൽ നിന്ന് ആകാശത്തേക്ക് ഉയർന്നുനിന്നു. കൊത്തുപണികൾ നിറഞ്ഞ ജനലുകളിലൂടെ കടന്നുവരുന്ന സന്ധ്യാസൂര്യന്റെ രശ്മികൾ ഇടനാഴികളിൽ പല ആകൃതിയിലുള്ള നിഴലുകൾ സൃഷ്ടിച്ചു. പ്രാവുകളുടെ കുറുകലുകൾ മുഴങ്ങുന്ന ഗോവണികളിൽ പോയകാലത്തിന്റെ കാൽപ്പാടുകൾ പതിഞ്ഞുകിടന്നു. ക്യാമ്പസിലെ ഏറ്റവും ആകർഷകമായ കെട്ടിടമായിരുന്നു മ്യുയർ കോളേജിന്റേത്. വെളിച്ചം മറയുന്നത് വരെ ഞങ്ങൾ അവിടെ ചിലവഴിച്ചു. തിരിച്ചു നടക്കുമ്പോൾ നഗരത്തിൽ തിരക്ക് കൂടിയതായി തോന്നി. വഴിയിൽ കണ്ട ഒരു മദ്യക്കടയിൽ നിന്ന് നാലഞ്ച് കുപ്പി ബീയർ വാങ്ങി ഞങ്ങൾ അന്നു രാത്രി ആഘോഷിച്ചു.

ഖുസ്രോ ബാഗിന്റെ മതിലിനോട് ചേർന്നുള്ള ചെറിയ ക്ഷേത്രം. ഒരു സംരക്ഷിത സ്മാരകത്തിന്റെ അകത്ത്‌ ഒരു ക്ഷേത്രം ഉയർന്നുവന്നതെങ്ങനെ എന്ന ചോദ്യത്തിനപ്പുറം, ആ പരിസരത്തിന്റെ സൗന്ദര്യാത്മകതയുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയിൽ ക്ഷേത്രത്തിനും പരിസരത്തിനും പെയിന്റ് അടിച്ചത് എന്തിനാണ് എന്ന ചോദ്യമാണ് എന്നെ അലട്ടിയത്
ഖുസ്രോ ബാഗിന്റെ മതിലിനോട് ചേർന്നുള്ള ചെറിയ ക്ഷേത്രം. ഒരു സംരക്ഷിത സ്മാരകത്തിന്റെ അകത്ത്‌ ഒരു ക്ഷേത്രം ഉയർന്നുവന്നതെങ്ങനെ എന്ന ചോദ്യത്തിനപ്പുറം, ആ പരിസരത്തിന്റെ സൗന്ദര്യാത്മകതയുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയിൽ ക്ഷേത്രത്തിനും പരിസരത്തിനും പെയിന്റ് അടിച്ചത് എന്തിനാണ് എന്ന ചോദ്യമാണ് എന്നെ അലട്ടിയത്  © ജോയൽ കെ. പയസ്

ചെറുതായി തണുപ്പുള്ള ഒരു പ്രഭാതമാണ് അടുത്ത ദിവസം ഞങ്ങളെ സ്വാഗതം ചെയ്തത്. ലോഡ്ജിനടുത്തെ തിരക്കുള്ള ഒരു തട്ടുകട കഴിഞ്ഞ ദിവസം കണ്ണിൽ പെട്ടിരുന്നു. അവിടെ വിളമ്പുന്ന ചൂടുള്ള പൂരിയും, കടലക്കറിയും രുചിയുള്ളതായിരുന്നു. തിളക്കുന്ന എണ്ണയിൽ അപ്പപ്പോൾ വറുത്തെടുക്കുന്ന ചെറിയ ജിലേബികൾക്കും ഒരുപാട് ആവശ്യക്കാർ ഉണ്ടായിരുന്നു. ഇളം ചൂടുള്ള, മൃദുവായ ജിലേബികളിൽ പല്ലുകൾ അമർത്തുമ്പോൾ തന്നെ നാവിൽ മധുരം പടരും. നല്ല ഭക്ഷണം കഴിച്ചതിന്റെ ഉഷാറിൽ വേഗത്തിൽ സൈക്കിൾ ചവിട്ടി ഞങ്ങൾ സിവിൽ ലൈൻസിൽ എത്തി. കൊളോണിയൽ കാലഘട്ടത്തിന്റെ പല അവശേഷിപ്പുകളും ഇവിടെയാണ്‌ ഉള്ളത്. അക്കൂട്ടത്തിൽ ഏറ്റവും ആകർഷകമായി തോന്നിയത് ആൾ സെയിന്റ്സ് കത്തീഡ്രൽ ആണ്. ഗോഥിക് ശൈലിയിൽ പണിതീർക്കപ്പെട്ട (1871) ഈ ക്രിസ്ത്യൻ പള്ളി ഇംഗ്ലണ്ടിലെ കാന്റെർബറി കത്തീഡ്രലിന്റെ മാതൃകയിലാണ് നിർമ്മിച്ചിട്ടുള്ളത്. ആംഗ്ലിക്കൻ സഭയുടെ ആസ്ഥാനമായ കാന്റെർബറി പള്ളിയുടെ മാതൃകയിൽ ഇംഗ്ളീഷുകാർ അലഹബാദിൽ പള്ളി പണിതു എന്നത് ഈ പട്ടണത്തിന് അക്കാലത്തുണ്ടായിരുന്ന പ്രാധാന്യം വിളിച്ചോതുന്നു. പത്തർ ഗിർജ (കല്ലുകൊണ്ടുള്ള പള്ളി) എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ ആരാധനാലയം രൂപകൽപ്പന ചെയ്തതും വില്യം എമ്മേർസൺ ആണ്. മേൽപ്പറഞ്ഞതടക്കം പതിനാല് ക്രിസ്ത്യൻ പള്ളികൾ അലഹബാദിൽ ഉണ്ടെന്നാണ് കണക്ക് [4].



അലഹബാദിന്റെ മുഗൾ പാരമ്പര്യം അതിന്റെ ഓരോ തെരുവുകളിലും തെളിഞ്ഞു കാണാം. ബിരിയാണി കടകൾ മുതൽ മസ്ജിദുകൾ വരെ തികച്ചും വൈവിധ്യമാർന്ന മേഖലകളിൽ ഈ സ്വാധീനം പ്രകടമാണ്. മുഗൾകോട്ട കഴിഞ്ഞാൽ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഗൾ സ്മാരകമായ ഖുസ്രോ ബാഗാണ് ഞങ്ങൾ അടുത്തതായി സന്ദർശിച്ചത്. അതിമനോഹരമായി പണികഴിക്കപ്പെട്ട മൂന്ന് ശവകുടീരങ്ങളാണ് ഇവിടെയുള്ളത്. കല്ലുകൾകൊണ്ടുള്ള വലിയ മതിലുകൾ കടന്ന് ഞങ്ങൾ ഖുസ്രോ ബാഗിൽ പ്രവേശിച്ചു. പേരയും മാവും നിറഞ്ഞു നിൽക്കുന്ന വലിയൊരു തോട്ടത്തിന്റെ നടുവിലാണ് ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നത്. അല്പം ചരിത്രം പറയാതെ ഖുസ്രോ ബാഗിനെ വർണ്ണിക്കാൻ സാധിക്കില്ല. അക്ബർ ചക്രവർത്തിയുടെ ഏക മകനായിരുന്നു സലിം രാജകുമാരൻ. ഭരണത്തിലൊന്നും വലിയ താൽപര്യമില്ലാത്ത സലിമിനെക്കുറിച്ച് ആലോചിച്ച് അക്ബർ സങ്കടപ്പെട്ടിരുന്നു. സലീമിന്റെ മൂത്ത പുത്രനായ ഖുസ്രോ മിർസയോടായിരുന്നു അക്ബറിന് താല്പര്യം. തന്റെ കാലശേഷം പേരക്കുട്ടിയായ ഖുസ്രോക്ക് അധികാരം കൈമാറാൻ അക്ബർ ആഗ്രഹിച്ചു. ഇക്കാര്യം മനസ്സിലാക്കിയ സലിം, അക്ബർ രോഗശയ്യയിൽ ആയ തക്കം നോക്കി അധികാരം പിടിച്ചെടുത്തു. അങ്ങനെ വർഷം 1605ൽ സലിം, നൂറുദീൻ മുഹമ്മദ് ജഹാൻഗീർ എന്ന പേര് സ്വീകരിച്ച് പുതിയ മുഗൾ ചക്രവത്തിയായി സ്ഥാനമേറ്റു. പുതിയ ചക്രവർത്തി ഒട്ടും വൈകാതെ തന്റെ മകനായ ഖുസ്രോയെ വീട്ടുതടങ്കലിൽ ആക്കി. അവിടെ നിന്ന് രക്ഷപ്പെട്ട് തന്റെ പിതാവിനെതിരെ പടയോട്ടത്തിനിറങ്ങിയ (1606) ഖുസ്രോയെ ഒടുവിൽ ജഹാൻഗീറിന്റെ പട്ടാളം പിടികൂടി. തനിക്കെതിരെ കലാപത്തിനിറങ്ങിയ മകന്റെ കണ്ണുകൾ രണ്ടും കുത്തിപൊട്ടിച്ചാണ് ജഹാൻഗീർ അരിശം തീർത്തത്. ജഹാൻഗീറിന്റെ മറ്റൊരു പുത്രനായ ഖുറം രാജകുമാരന്റെ ഭാര്യാപിതാവായ ആസഫ് ഖാൻ ആണ് അന്ധനായ ഖുസ്രോയെ തടങ്കലിൽ സൂക്ഷിച്ചിരുന്നത്. ഒന്നര പതിറ്റാണ്ടുകളോളം ഖുസ്രോ തടവിൽ കിടന്നു. ഒടുവിൽ തന്റെ സഹോദരനായ ഖുറം രാജകുമാരന്റെ കൈകളാലാണ് ഖുസ്രോ കൊല്ലപ്പെട്ടത് (1622). ഖുറം രാജകുമാരൻ മറ്റൊരു പേരിലാണ് പിന്നീട്‌ പ്രസിദ്ധനായത്. അത് മറ്റാരുമല്ല, താജ് മഹലിന്റെ സൃഷ്ടാവായ ഷാജഹാൻ ആണ്. ഖുസ്രോ ബാഗിലെ ആദ്യത്തെ ശവകുടീരത്തിൽ ഖുസ്രോയുടെ അമ്മയായ (ജഹാൻഗീറിന്റെ ഭാര്യമാരിൽ ഒരാൾ) ഷാ ബീഗത്തെയാണ് അടക്കിയിട്ടുള്ളത്. ഒരു രജപുത്ര വനിതയായ മൻ ബായി ആണ് ജഹാൻഗീറുമായുള്ള വിവാഹത്തെ തുടർന്ന് ഷാ ബീഗം ആയി രൂപാന്തരപ്പെട്ടത്. തന്റെ ഭർത്താവും, മകനും തമ്മിലുള്ള കുടിപ്പകയുടെ ഇടയിൽ പെട്ട് മനസ്സുമടുത്ത് ഷാ ബീഗം ആത്മഹത്യ ചെയ്യുകയായിരുന്നു (1604). ഖുസ്രോ കൊല്ലപ്പെട്ട ശേഷം, അദ്ദേഹത്തിന്റെ ശരീരവും ഷാ ബീഗത്തിന്റെ തൊട്ടടുത്തായാണ് അടക്കിയത്. ആ ശവകുടീരം നിർമ്മിച്ചത് ഖുസ്രോയുടെ സഹോദരിയായ (ജഹാൻഗീറിന്റെ മകൾ) നിസർ ബീഗം ആണ് [5]. പിന്നീട് നിസർ ബീഗത്തെയും അതേ പരിസരത്ത് തന്നെയാണ് സംസ്കരിച്ചത്. ഖുസ്രോ ബാഗിൽ ഇപ്പോഴുള്ള മൂന്ന് ശവകുടീരങ്ങളിൽ ഏറ്റവും കൂടുതൽ കൊത്തുപണികൾ ഉള്ളത് നിസർ ബീഗത്തിന്റെ സ്മാരകത്തിലാണ്. ചുനാറിൽ നിന്നുള്ള മഞ്ഞനിറമുള്ള കല്ലുകളാൽ (Chunar sandstones) നിർമ്മിതമായ ഖുസ്രോ ബാഗ് സ്മാരകങ്ങൾ അതിമനോഹരമാണ് എന്ന് പറയാതെ വയ്യ. കൊത്തുപണികൾ നിറഞ്ഞ ജനലകളിലൂടെ കടക്കുന്ന വെളിച്ചം അകത്തുള്ള ശവകുടീരങ്ങളെ പ്രകാശിപ്പിക്കുന്ന രീതിയിൽ ആണ് ഈ സ്മാരകങ്ങളുടെ നിർമ്മിതി. മൂന്ന് സ്മാരകങ്ങളും മുഗൾ വാസ്തുവിദ്യയിലാണ് നിർമിക്കപ്പെട്ടിട്ടുള്ളത് എങ്കിലും ഓരോന്നിനും തനതായ ചില പ്രത്യേകതകൾ ഉണ്ട്. രജപുത്ര പാരമ്പര്യം പേറുന്ന ഷാ ബീഗത്തിന്റെ ശവകുടീരത്തിൽ ഫത്തേപൂർ സിക്രിയിലെ സ്മരകങ്ങളെപ്പോലെ രാജസ്ഥാനി സ്വാധീനം കാണാവുന്നതാണ്. ആ സ്മാരകങ്ങളെക്കുറിച്ച് എഴുതി വെച്ചിരുന്ന ഒരു മാർബിൾ ഫലകം ഞങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. ഖുസ്രോബാഗ് എന്ന തലക്കെട്ടോടെ തുടങ്ങുന്ന ആ ഫലകത്തിന്റെ മുക്കാൽ പങ്കും പ്രയാഗിനെക്കുറിച്ച് പുരാണങ്ങളിൽ പറഞ്ഞിട്ടുള്ള കഥകൾ ആയിരുന്നു. ഖുസ്രോവിനെക്കുറിച്ച് അതിൽ ഒന്നും എഴുതിക്കണ്ടില്ല. സന്ദർശകർ തങ്ങളുടെ പേരുകൾ പലയിടത്തും കോറിയിട്ടിരിക്കുന്നത് കണ്ടു. ആ കെട്ടിടങ്ങളുടെ ചുമരുകൾ പേർഷ്യൻ ഭാഷയിലുള്ള കാലിഗ്രാഫികൊണ്ട് അലംകൃതമാണെങ്കിലും, കാലപ്പഴക്കം കൊണ്ടും, പരിചരണക്കുറവ് കൊണ്ടും അവയ്ക്ക് അപചയം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പുതുതായി പെയിന്റ് ചെയ്ത ഒരു ചെറിയ ക്ഷേത്രം മാത്രമാണ് നാലുചുറ്റും കൽമതിലുകളാൽ സംരക്ഷിക്കപ്പെടുന്ന ഖുസ്രോ ബാഗിൽ എന്തെങ്കിലും ‘സംരക്ഷണ പ്രവർത്തികൾ’ നടക്കുന്നുണ്ട് എന്ന് തോന്നിപ്പിച്ചത്. ദുരന്തങ്ങൾ നിറഞ്ഞതും, രക്ത പങ്കിലവുമായ ഒരു കുടുംബ പുരാണത്തിന്റെ ഓർമ്മകൾ പേറുന്ന ഖുസ്രോ ബാഗിനോട് വിട പറഞ്ഞ്, നഗരത്തിന്റെ തിരക്കിലേക്ക് ഞങ്ങൾ ഊളിയിട്ടു.

പ്രയാഗിലെത്തുന്ന കടൽക്കാക്കകളും നാടോടികളായ മനുഷ്യരും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് എന്ന ചോദ്യമാണ് ഗംഗയുടെയും യമുനയുടെയും തീരങ്ങളിൽ അലയുന്നതിനിടയിൽ ഞാൻ സ്വയം ചോദിച്ചുകൊണ്ടിരുന്നത്
പ്രയാഗിലെത്തുന്ന കടൽക്കാക്കകളും നാടോടികളായ മനുഷ്യരും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് എന്ന ചോദ്യമാണ് ഗംഗയുടെയും യമുനയുടെയും തീരങ്ങളിൽ അലയുന്നതിനിടയിൽ ഞാൻ സ്വയം ചോദിച്ചുകൊണ്ടിരുന്നത് © ജോയൽ കെ. പയസ്

ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ അതുല്യമായ ഒരു സ്ഥാനമാണ് അലഹബാദിനുള്ളത്. 1947 മുതൽ രാജ്യത്തെ നയിച്ച പ്രധാനമന്ത്രിമാരിൽ ഏഴുപേർ ഈ നഗരവുമായി ബന്ധപ്പെട്ടവരാണ്. അക്കൂട്ടത്തിൽ ഏറ്റവും മുൻനിരയിൽ ഉള്ളത് ജവഹർലാൽ നെഹ്രുവാണ്. അദ്ദേഹത്തിന്റെ ജന്മഗൃഹമായ ആനന്ദഭവൻ ഒരുപാട് സന്ദർശകരെ ആകർഷിക്കുന്ന ഒരിടമാണ്. വെട്ടിനിറുത്തിയിട്ടുള്ള പുൽമേടുകളും, പൂക്കൾ വിരിഞ്ഞുനിൽക്കുന്ന തോട്ടങ്ങളും കടന്ന് ആനന്ദഭവനിലേക്ക് പ്രവേശിച്ചപ്പോൾ നഗരത്തിന്റെ ഒച്ചപ്പാടുകൾ പെട്ടെന്ന് ഇല്ലാതായതുപോലെ തോന്നി. നെഹ്റുവിന്റെ കുടുംബ വീട് എന്നതിനുപരി, ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പല നിർണ്ണായക നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ച ഒരിടം കൂടിയാണ് ആനന്ദഭവൻ. വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉള്ള സുഹൃത്തുക്കൾ എനിക്കുണ്ട്. അവരിൽ ചിലർ ഗാന്ധിയെ അംഗീകരിക്കുമ്പോൾ, നെഹ്‌റുവിനെ ശക്തമായി എതിർക്കുന്നു. മറ്റുചിലർ നെഹ്‌റുവിനെ പുകഴ്ത്തുകയും, ഗാന്ധിയെ വിമർശിക്കുകയും ചെയ്യും. വേറെ ചിലർക്ക് ഗാന്ധിയും, നെഹ്രുവും ഒരുപോലെ വർജ്ജ്യമാണ്. നെഹ്രുവിന്റെ ആശയങ്ങളെയും ജീവിതരീതിയെയും അനുകൂലിക്കാനും, എതിർക്കാനും കാരണങ്ങൾ ഒരുപാട് കാണുമായിരിക്കും. പക്ഷെ, അദ്ദേഹത്തെ ഒഴിവാക്കി സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം എഴുതാനാവില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആനന്ദഭവൻ സന്ദർശിച്ചതോടെ എന്റെ ഈ വിശ്വാസം കൂടുതൽ ഉറക്കുകയാണ് ചെയ്തത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നിത്യജീവിതത്തിൽ ഉപയോഗിച്ചിരുന്ന വസ്തുക്കളും വായിച്ചിരുന്ന പുസ്തകങ്ങളും മുതൽ സുപ്രധാനമായ ചില രേഖകൾ വരെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 1930ൽ ഉപ്പ് സത്യാഗ്രഹത്തോടനുബന്ധിച്ച് നെഹ്രുവും, പതിനൊന്ന് കോൺഗ്രസ് പ്രവർത്തകരും അലഹബാദിൽ വെച്ച് ഉപ്പുകുറുക്കി എന്നതിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിന്റെ രേഖകളും അവിടെ കണ്ടു. ഈ കേസിൽ തൊണ്ടിയായി സമർപ്പിക്കപ്പെട്ടത് ഒരു പാക്കറ്റ് ഉപ്പ് ആണ് എന്നാണ് ആ രേഖയിൽ പറയുന്നത്. താൻ മനഃപൂർവം ഉപ്പുണ്ടാക്കിയതാണ് എന്ന് നെഹ്റു പറഞ്ഞതിനെ തുടർന്ന് കോടതി അദ്ദേഹത്തിന് ആറുമാസത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു. ഉപ്പ് നിയമം (Salt Act of 1882) കൃത്യമായി നടപ്പിലാക്കാനായി സാൾട്ട് ഇൻസ്‌പെക്ടർ എന്ന പദവിയുള്ള ഉദ്യോഗസ്ഥർ അക്കാലത്തുണ്ടായിരുന്നു. അങ്ങനെയൊരു ഉദ്യോഗസ്ഥൻ ഈ കേസിലെ സാക്ഷികളിൽ ഒരാളായിരുന്നു. വളരെ നിസാരമായി കിട്ടുന്ന ഉപ്പ് പോലും ബ്രിട്ടീഷ് മേൽക്കോയ്മയുടെ കാലത്ത് ഭരണകൂട ഭീകരതയുടെ ഉപകരണമായിരുന്നു എന്ന യാഥാർഥ്യം പെട്ടന്ന് മനസ്സിലേക്ക് ഓടിവന്നു. സമാധാനപരമായി സംഘടിച്ച നൂറുകണക്കിന് ആളുകളെ ബ്രിട്ടീഷ് പട്ടാളം കൂട്ടക്കൊല ചെയ്ത ജാലിയൻ വാലാബാഗിൽ നിന്ന് ശേഖരിച്ച വെടിയുണ്ടകളുടെ ഒഴിഞ്ഞ കവചങ്ങളും ആനന്ദഭവനിൽ പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കൾ ചർച്ചകൾക്കായി സമ്മേളിക്കാറുള്ള വലിയൊരു മുറിയും ഈ കെട്ടിടത്തിൽ ഉണ്ട്. നെഹ്രുവിന്റെ മകളും, പിന്നീട് പ്രധാനമന്ത്രി ആകുകയും ചെയ്ത ഇന്ദിരയുടെ ജീവിതവുമായി ബന്ധപ്പെട്ട അപൂർവം ഫോട്ടോഗ്രാഫുകളുടെ പ്രദർശനവും ആ കെട്ടിടത്തിൽ നടക്കുന്നുണ്ടായിരുന്നു. കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജവഹർ വാനനിരീക്ഷശാലയും അതേ പരിസരത്ത് തന്നെയാണ്. രണ്ട് മണിക്കൂറിലധികം ഞാൻ ആനന്ദഭവനിൽ ചിലവഴിച്ചു. മറ്റൊരു കാലഘട്ടത്തിലേക്ക് സമയസഞ്ചാരം നടത്തിയ പോലെയാണ് ആ സന്ദർശനം കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത്.

നെഹ്രുവും അദ്ദേഹത്തിന്റെ പുത്രിയും ഇന്ത്യയിടെ ആദ്യ വനിത പ്രധാനമന്ത്രിയുമായ ഇന്ദിരയുമായി നടത്തിയ എഴുത്തുകുത്തുകൾ അവയുടെ ബൗദ്ധിക നിലവാരം കൊണ്ട് പ്രസിദ്ധമാണ്. ആനന്ദ് ഭവനിൽ പ്രദർശിപ്പിച്ചിട്ടുള്ള ഈ പോസ്റ്റ് കാർഡുകൾ അച്ഛനും മകളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ അവശേഷിപ്പുകളാണ്
നെഹ്രുവും അദ്ദേഹത്തിന്റെ പുത്രിയും ഇന്ത്യയുടെ ആദ്യ വനിത പ്രധാനമന്ത്രിയുമായ ഇന്ദിരയുമായി നടത്തിയ എഴുത്തുകുത്തുകൾ അവയുടെ ബൗദ്ധിക നിലവാരം കൊണ്ട് പ്രസിദ്ധമാണ്. ആനന്ദ് ഭവനിൽ പ്രദർശിപ്പിച്ചിട്ടുള്ള ഈ പോസ്റ്റ് കാർഡുകൾ അച്ഛനും മകളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ അവശേഷിപ്പുകളാണ് © ജോയൽ കെ. പയസ്
നെഹ്രുവിന്റെ ആശയങ്ങളെയും രാഷ്ട്രീയത്തെയും എതിർക്കുന്ന ഒരുപാടാളുകൾ ഉണ്ട്. അദ്ദേഹത്തിന്റെ പല നയങ്ങളും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി മാറി എന്ന് കരുതുന്നവരും ഉണ്ട്. എങ്കിലും നെഹ്റു അല്ലായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എങ്കിൽ ഈ രാജ്യത്തിന്റെ ചരിത്രം തന്നെ മറ്റൊന്നായി തീരുമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. ഇന്ന് നാം അഭിമാനത്തോടെ ഉയർത്തിക്കാണിക്കുന്ന പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യവസായ ശാലകളും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായാണ് സ്ഥാപിക്കപ്പെട്ടത്. മതവും രാഷ്ട്രീയവും ഇടകലർത്തുന്നതിനെ നെഹ്റു ശക്തിയായി എതിർത്തിരുന്നു. മതരാഷ്‌ട്രീയം എത്രത്തോളം അപകടകാരിയാണ് എന്ന സത്യം ഇന്ത്യയടക്കം ദക്ഷിണേഷ്യയിലെ ഓരോ രാജ്യങ്ങളിലും നടക്കുന്ന ദൈനംദിന സംഭവങ്ങൾ ഇന്നും നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു
നെഹ്രുവിന്റെ ആശയങ്ങളെയും രാഷ്ട്രീയത്തെയും എതിർക്കുന്ന ഒരുപാടാളുകൾ ഉണ്ട്. അദ്ദേഹത്തിന്റെ പല നയങ്ങളും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി മാറി എന്ന് കരുതുന്നവരും ഉണ്ട്. എങ്കിലും നെഹ്റു അല്ലായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എങ്കിൽ ഈ രാജ്യത്തിന്റെ ചരിത്രം തന്നെ മറ്റൊന്നായി തീരുമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. ഇന്ന് നാം അഭിമാനത്തോടെ ഉയർത്തിക്കാണിക്കുന്ന പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യവസായ ശാലകളും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായാണ് സ്ഥാപിക്കപ്പെട്ടത്. മതവും രാഷ്ട്രീയവും ഇടകലർത്തുന്നതിനെ നെഹ്റു ശക്തിയായി എതിർത്തിരുന്നു. മതരാഷ്‌ട്രീയം എത്രത്തോളം അപകടകാരിയാണ് എന്ന സത്യം ഇന്ത്യയടക്കം ദക്ഷിണേഷ്യയിലെ ഓരോ രാജ്യങ്ങളിലും നടക്കുന്ന ദൈനംദിന സംഭവങ്ങൾ ഇന്നും നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു © ജോയൽ കെ. പയസ്

സന്ധ്യാസമയങ്ങളിൽ ഞങ്ങൾ നഗരത്തിലൂടെ നടത്തിയ സൈക്കിൾ യാത്രകൾ അവിസ്മരണീയമായിരുന്നു. ഓട്ടോറിക്ഷകളിലോ, ബസുകളിലോ സഞ്ചരിക്കുന്നവർ നഗരത്തിലെ ഗതാഗതകുരുക്കിൽ ഒരുപാട് സമയം കുടുങ്ങിക്കിടക്കുന്നത് വഴിയിൽ പലയിടത്തും കണ്ടു. വീതികുറഞ്ഞ തെരുവുകൾ ഉള്ള പഴയ നഗരത്തിൽ (Old City) ഗതാഗതകുരുക്ക് അസഹനീയമായിരുന്നു. നിരത്തിലും, ഇരുവശത്തുമുള്ള കടകളിലും ജനങ്ങളുടെ ഒഴുക്കായിരുന്നു. ആരുടെയെങ്കിലും ദേഹത്ത് തട്ടാതെ ഒരടിപോലും മുന്നോട്ട് നീങ്ങാൻ കഴിയാത്തവിധം തിരക്കായിരുന്നു ചന്തകളിൽ. തോക്കുകൾ വിൽക്കുന്ന കടകൾ ഈ നഗരത്തിൽ ഒരുപാട് കണ്ടു. കാൺപൂരിലും ആയുധക്കടകൾ കണ്ടിരുന്നെങ്കിലും, ഇത്രയുമധികം അവിടെ ഉണ്ടായിരുന്നില്ല. എയർ ഗണ്ണുകൾ ആണ് കൂടുതലും വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഒന്നുരണ്ടു കടകളിൽ കയറി ഞങ്ങൾ തോക്കുകളുടെ ശേഖരത്തിലൂടെ കണ്ണോടിച്ചു. തോക്കുകൾ അധികാരത്തിന്റെ പ്രതീകമായി ഉപയോഗിക്കുന്ന ഒരുപാട് ആളുകൾ ഈ ഭാഗത്ത് ഉണ്ട് എന്നാണ് സുമിത് പറഞ്ഞത്. വിവാഹ അവസരങ്ങളിൽ ആകാശത്തേക്ക് നിറയൊഴിക്കുന്ന പരിപാടിയും ഇവിടെ സാധാരണമാണ്. തോക്കുകടകൾ നിറയെ ഉണ്ടെങ്കിലും പൊതുവെ സമാധാനപരമായ അന്തരീക്ഷമാണ് അലഹബാദിൽ ഉള്ളത്. സംസ്ഥാനത്തിന്റെ ജുഡീഷ്യൽ തലസ്ഥാനം കൂടിയാണ് ഈ നഗരം. രാജ്യത്തെ ഏറ്റവും പഴയ ഹൈക്കോടതികളിൽ ഒന്നായ അലഹബാദ് ഹൈക്കോടതി (1866ൽ സ്ഥാപിതം) ഇവിടെയാണ്.




നഗരത്തിൽ എത്തിയിട്ട് രണ്ടുദിവസം കഴിഞ്ഞെങ്കിലും, ഞങ്ങളുടെ സന്ദർശനം അപ്പോഴും അപൂർണ്ണമായിരുന്നു. ഗംഗാ യാത്രയിലെ സുപ്രധാനമായ ഒരു അധ്യായത്തിന് ഞാൻ സാക്ഷ്യം വഹിക്കേണ്ടിയിരിക്കുന്നു. തണുപ്പിൽ മൂടിപ്പുതച്ച് ഉറങ്ങുന്ന തെരുവിലേക്ക് അടുത്ത ദിവസം അതിരാവിലെ ആദിത്യയും ഞാനും സൈക്കിളുകൾ ഇറക്കി. ഈ പ്രദേശങ്ങളിലൂടെ നിരവധി തവണ സഞ്ചരിച്ചിട്ടുള്ളതിനാൽ, ഉത്തർപ്രദേശ് നിവാസിയായ സുമിത് ലോഡ്ജിൽ തന്നെ തങ്ങി. സമയം അഞ്ചുമണി ആകുന്നതേ ഉള്ളൂ. പാലും പത്രവും വിതരണം ചെയ്യുന്ന വാഹനങ്ങൾ ഒഴിച്ചാൽ നിരത്തുകൾ എല്ലാം വിജനം. അവിടെയും ഇവിടെയും ചില ചായക്കടകൾ തുറന്നിരുന്നു. തണുപ്പകറ്റാൻ ഞങ്ങൾ വേഗത്തിൽ സൈക്കിൾ ചവിട്ടി. മുന്നോട്ട് പോകുന്തോറും തണുപ്പിന്റെ ആക്രമണം ശക്തമായി. അരമണിക്കൂർ കൊണ്ട് ഞങ്ങൾ ഏകദേശം ഏഴ് കിലോമീറ്റർ പിന്നിട്ടു. വൻമരങ്ങൾ മതിലുകൾ തീർക്കുന്ന മൈതാനങ്ങൾ കടന്ന് സൈക്കിളുകൾ തുറസ്സായ ഒരു സ്‌ഥലത്തെത്തി. ചക്രവാളത്തിൽ പ്രഭാതത്തിന്റെ ആദ്യരശ്മികൾ മുളപൊട്ടുന്നതേ ഉള്ളൂ. നൂറുകണക്കിന് ദേശാടനക്കിളികൾ കിഴക്കോട്ട് പറക്കുന്നു. മൂടൽമഞ്ഞിൽ കുളിച്ച് ഗംഗ ഞങ്ങൾക്ക് മുൻപിൽ പരന്നൊഴുകുന്നു. നൂറ്റാണ്ടുകളായി കോടിക്കണക്കിന് തീർത്ഥാടകരേയും, ലോകമെമ്പാടും നിന്നുള്ള സഞ്ചരികളെയും ആകർഷിക്കുന്ന പ്രയാഗിൽ കാലുകുത്താൻ പറ്റിയ ഏറ്റവും നല്ല സമയം പ്രഭാതത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളാണ്. നൂറു കിലോമീറ്ററിൽ കുറഞ്ഞ അകലത്തിൽ കിടക്കുന്ന രണ്ട് ഹിമാലയൻ മഞ്ഞുപാളികളിൽ നിന്ന് യാത്ര തുടങ്ങി, വ്യത്യസ്തമായ ദേശങ്ങളിലൂടെ 1,500 ഓളം  കിലോമീറ്റർ സഞ്ചരിച്ച് രണ്ട് മഹാനദികൾ പരസ്പരം കണ്ടുമുട്ടുന്നത് ഇവിടെയാണ്. ഗംഗയുടെ തീരത്തുകൂടി ഞങ്ങൾ മുന്നോട്ട് നടന്നു. ഒഴുക്കിന് ശക്തി കുറവായിരുന്നു. നദീതടത്തിൽ പലയിടത്തും ചെറിയ തുരുത്തുകൾ തലപൊക്കി നിന്നു. വലതുവശത്ത് കുറച്ച് അകലെയായി യമുനയുടെ ഒഴുക്ക് ദൃശ്യമായിത്തുടങ്ങി. ഗംഗയേക്കാൾ വേഗം യമുനയ്ക്ക് ഉണ്ടെന്ന് തോന്നി. ഇരുനദികളുടെയും തീരത്തോട് ചേർത്ത് എണ്ണിയാലൊടുങ്ങാത്ത അത്രയും തോണികൾ തീർത്ഥാടകരെ കാത്ത് കിടക്കുന്നു. കരയിൽ നിന്ന് കുറച്ച് മാറിയാണ് ഗംഗ-യമുന സംഗമം. പുണ്യസ്ഥാനമായി കണക്കാക്കുന്ന അവിടേക്ക് പോകാൻ എപ്പോഴും ആളുകളുടെ തിരക്കാണ്. മൃതിയടഞ്ഞ ബന്ധുക്കളുടെ ചിതാഭസ്മം സംഗമസ്ഥലത്ത് ഒഴുക്കാൻ വരുന്നവരാണ് അക്കൂട്ടത്തിൽ കൂടുതലും. വിശ്വാസങ്ങൾക്കും കാല്പനികതക്കും അപ്പുറത്തേക്ക് നോക്കിയാൽ, തികച്ചും വ്യത്യസ്തമായ സ്വഭാവങ്ങൾ — നിറം, ഒഴുക്കിന്റെ വേഗത, വെള്ളത്തിന്റെ അളവ്, മാലിന്യങ്ങൾ, ജൈവവൈവിധ്യം — ഉള്ള രണ്ട് ജലപ്രവാഹങ്ങൾ കൂടിച്ചേരുന്നത് വിസ്മയകരമായ ഒരു പ്രകൃതി പ്രതിഭാസം കൂടിയാണ് എന്ന് മനസ്സിലാക്കാം. കിഴക്ക് നിന്നും പടരുന്ന ഇളം ചുവപ്പ് ഗംഗയെയും യമുനയെയും തഴുകി. പ്രഭാതത്തിന്റെ വരവറിയിച്ച് ആയിരക്കണക്കിന് സൈബീരിയൻ കടൽക്കാക്കകൾ (Siberian seagull) ആകാശം മുഴുവൻ നിറഞ്ഞു. യൂറേഷ്യയിലെ അതിശൈത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ഓരോ വർഷവും ദേശാടനം നടത്തുന്ന ലക്ഷോപലക്ഷം പക്ഷികളുടെ കൂട്ടത്തിൽ പെട്ടവരാണ് ഈ കടൽക്കാക്കകൾ. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയത്താണ് ഈ പക്ഷികൾ ഇവിടെയെത്തുന്നത് [6]. മനുഷ്യരെക്കാൾ കൂടുതൽ കടൽക്കാക്കകൾ പ്രയാഗിൽ ഉണ്ടായിരുന്നു എന്ന് പറയുന്നതാവും ശരി. മൽസ്യ പുരാണത്തിൽ പോലും പ്രയാഗിലെ ദേശാടനക്കിളികളെക്കുറിച്ച് പരാമർശമുണ്ട് എന്നാണ് ഞാൻ അറിഞ്ഞത് [7]. നൂറ്റമ്പത് രൂപ കൊടുത്ത് ഞങ്ങൾ ഒരു വഞ്ചി വിളിച്ചു. സൂര്യൻ ഉദിച്ചുവരുന്ന സമയത്ത് സംഗമസ്ഥലത്ത് എത്താനായിരുന്നു പരിപാടി. നമ്മൾ സാധാരണ കഴിക്കുന്ന പൊരി കടൽക്കാക്കകൾക്ക് വലിയ ഇഷ്ടമാണ്. അത് രണ്ട് പാക്കറ്റുകൾ വാങ്ങി ഞങ്ങൾ വഞ്ചിയിൽ കയറി. ചില അനുഭവങ്ങൾ വാക്കുകൾ കൊണ്ട് വിവരിക്കുക എളുപ്പമല്ല. പ്രയാഗിലെ ആ പ്രഭാതം അത്തരത്തിലുള്ള ഒന്നായിരുന്നു. സംഗമസ്ഥാനത്തേക്ക് അടുക്കുന്തോറും രണ്ട് നദികളുടെയും നിറവ്യത്യാസം വ്യക്തമായി തുടങ്ങി. അവിടേക്ക് എത്തിയിരുന്ന വഞ്ചികളിൽ ചിലതിൽ നിന്ന് മന്ത്രോച്ചാരണങ്ങൾ ഉയർന്നു. അകമ്പടിയെന്നോണം കടൽക്കാക്കകളുടെ നീട്ടിയുള്ള വിളികൾ അവിടെയാകെ മുഴങ്ങി. വഞ്ചികളിൽ നിന്ന് ചിലർ ജലപ്രവാഹത്തിലേക്ക് പൂക്കൾ എറിയുന്നു, മറ്റു ചിലർ ആത്മാക്കൾക്ക് മോക്ഷം കൊടുക്കുന്നു.

പ്രയാഗിലെ തണുത്തുറഞ്ഞ ഇരുട്ടിൽ നിന്ന് ഇളംചൂടുള്ള വെളിച്ചത്തിലേക്ക് നടന്നുകയറുന്നതിനിടയിലാണ് ഉദയസൂര്യനെ നോക്കിയിരിക്കുന്ന ഈ സന്യാസിയെ ഞാൻ കണ്ടത്. ഓരോ ദിവസവും 'പുതിയതാണ്' എന്ന് ആ പ്രഭാതത്തിൽ എനിക്ക് തോന്നി
പ്രയാഗിലെ തണുത്തുറഞ്ഞ ഇരുട്ടിൽ നിന്ന് ഇളംചൂടുള്ള വെളിച്ചത്തിലേക്ക് നടന്നുകയറുന്നതിനിടയിലാണ് ഉദയസൂര്യനെ നോക്കിയിരിക്കുന്ന ഈ സന്യാസിയെ ഞാൻ കണ്ടത്. ഓരോ ദിവസവും ‘പുതിയതാണ്’ എന്ന് ആ പ്രഭാതത്തിൽ എനിക്ക് തോന്നി © ജോയൽ കെ. പയസ്

വ്യക്തിജീവിതത്തിൽ നിന്ന് മതത്തെ അകറ്റി നിറുത്തിയ നെഹ്രുവിന്റെ ചിതാഭസ്മം അദ്ദേഹത്തിന്റെ പേരക്കുട്ടികളായ രാജീവും, സഞ്ജയും പ്രയാഗിലെ സംഗത്തിൽ ഒഴുക്കിയത് അന്തർദേശീയ മാധ്യമങ്ങളിൽ അടക്കം വലിയ വാർത്തയായിരുന്നു. 1964 ജൂൺ 9 ന് പുറത്തുവന്ന ന്യൂയോർക്ക് ടൈംസ് പത്രത്തിൽ ഈ സംഭവത്തെക്കുറിച്ചുള്ള വിശദമായ ലേഖനം ഉണ്ടായിരുന്നു [8]. മന്ത്രോച്ചാരണങ്ങളുടെയും, പട്ടാളത്തിന്റെ ഔദ്യോഗിക ബഹുമതികളുടെയും പശ്ചാത്തലത്തിൽ ആണ് ചടങ്ങുകൾ നടന്നത്. “താൻ സ്നേഹിച്ച ഭാരതത്തിന്റെ മണ്ണിന്റെയും, ജലത്തിന്റെയും ഭാഗമാകാൻ നെഹ്റു യാത്രയായി” എന്നാണ് പുതിയ പ്രധാന മന്ത്രിയായ ലാൽ ബഹദൂർ ശാസ്ത്രി ആ അവസരത്തിൽ പറഞ്ഞത്. രാഷ്ട്രപിതാവായ ഗാന്ധിയുടെ ചിതാഭസ്മവും ഇതേ സ്ഥാനത്താണ് ഒഴുക്കപ്പെട്ടത്. അദ്ദേഹം കൊല്ലപ്പെട്ട്‌ അൻപത് വർഷങ്ങൾക്ക് ശേഷം 1997ൽ ആണ് ആ ചടങ്ങ് നടന്നത് [9]. ഗാന്ധിയുടെ ചിതാഭസ്മവുമായി ബന്ധപ്പെട്ടുള്ള നിഗൂഢതകൾ ഒരു നീണ്ട കഥയാണ് എന്നതിനാൽ ആ വിഷയത്തിലേക്ക് ഞാൻ കടക്കുന്നില്ല. തികഞ്ഞ മത വിശ്വാസിയായിരുന്ന ഗാന്ധിയും, മതപരമായ ചടങ്ങുകളോട് വിമുഖത കാണിച്ച നെഹ്രുവും പ്രയാഗിലെ ജലപ്രവാഹത്തിൽ അലിഞ്ഞു ചേർന്നു എന്നത് ഈ സ്ഥലത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നു. സാവധാനത്തിൽ ഒഴുകി, ഞങ്ങളുടെ തോണിയും ഒടുവിൽ സംഗമ സ്ഥലത്തെത്തി. ഒഴുക്കിന് ശക്തി കൂടുതലുള്ള യമുന, ഗംഗയെ അല്പം തള്ളുന്നത് പോലെ തോന്നി. ഏതാനും കടൽക്കാക്കകൾ ഞങ്ങളുടെ അടുത്ത് ഇരിപ്പുറപ്പിച്ചു. ഉദിച്ചുയരുന്ന പകലവന്റെ സുവർണ്ണ രശ്മികളെ സാക്ഷിയാക്കി ഞാൻ ഗംഗയേയും യമുനയേയും തലോടി. തണുത്തുറഞ്ഞ വെള്ളത്തിൽ വിരലോടിച്ചപ്പോൾ ശരീരം മുഴുവൻ കുളിരുന്നത് പോലെ തോന്നി. ഒരു മണിക്കൂറോളം ഞങ്ങളുടെ വഞ്ചി ആ ജലപ്രവാഹത്തിലൂടെ ഒഴുകി നടന്നു. കയ്യിൽ കരുതിയിരുന്ന പൊരിയുടെ പൊതികൾ തുറന്നപ്പോഴേക്കും നൂറുകണക്കിന് കടൽക്കാക്കകൾ ഞങ്ങളെ പൊതിഞ്ഞു. ചുറ്റുമുള്ള മറ്റു പല വഞ്ചികളും പക്ഷികളാൽ മറയ്ക്കപ്പെട്ട നിലയിലായിരുന്നു. അവയിലെ യാത്രക്കാർ പലരും പൊരിയുടെ നിരവധി പൊതികളുമായാണ് യാത്രക്ക് ഇറങ്ങിയിരിക്കുന്നത്. വഞ്ചി യാത്ര അവസാനിച്ചപ്പോൾ ഞങ്ങൾ യമുനയുടെ കരയിലൂടെ അലക്ഷ്യമായി നടന്നു. രാത്രി, പകൽ എന്ന വ്യത്യാസമില്ലാതെ തീർത്ഥാടകർ ഒഴുകിയെത്തുന്ന സ്ഥലമാണ് പ്രയാഗ്. ഒരുപാട് സന്യാസിമാരെയും വഴിയിൽ കണ്ടു. മഴക്കാലത്തെ അപേക്ഷിച്ച് വെള്ളം കുറവാണ് എന്നത് കൊണ്ട് നദീതടം പുല്ലുകൾ നിറഞ്ഞ് കണ്ണെത്താദൂരത്തോളം പരന്നുകിടന്നു. കൂടിയ അളവിൽ മഴ ലഭിക്കുന്ന വർഷങ്ങളിൽ മൂന്നു മുതൽ നാലു കിലോമീറ്റർ വീതിയിൽ നദിയിൽ ഒഴുക്കുണ്ടാകും എന്നാണ് കേൾക്കുന്നത്. നടത്തത്തിന്റെ അവസാനം വലിയൊരു ചരിത്ര സ്മാരകത്തിൽ മുൻപിൽ ഞങ്ങൾ നിശ്ചലനായി. അക്ബറിന്റെ മുഗൾ കോട്ട അതിന്റെ എല്ലാ പ്രൗഢിയോടും കൂടി തലയുയർത്തി നിൽക്കുന്നു. അക്ബറിന് പ്രയാഗിനോട് ഒരു പ്രത്യേക അടുപ്പമുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. മുഗൾ കോട്ടയുൾപ്പെടുന്ന പ്രദേശത്തിന് ഇലഹബാസ് (ദൈവികമായ എന്നർത്ഥമുള്ള ഇലാഹ എന്ന അറബി വാക്കും, താമസ സ്ഥലം എന്നർത്ഥമുള്ള ബാസ് എന്ന ഹിന്ദുസ്ഥാനി വാക്കും ചേർന്നാണ് ഈ പേരുണ്ടായത്) [10] എന്ന പേരാണ് അദ്ദേഹം ചാർത്തിയത്. ഇലഹബാസ് പിന്നീട് അലഹബാദ് ആയി മാറുകയായിരുന്നു.



ഖുസ്രോ മിർസയുടെയും സഹോദരി നിതർ ബീഗത്തിന്റെയും ശവകുടീരങ്ങൾ. CE1620കളിൽ നിർമ്മിക്കപ്പെട്ട ഈ സ്മാരകങ്ങൾ മുഗൾ വാസ്തുകലയുടെ മികച്ച ഉദാഹരണങ്ങൾ ആണ്. മുത്തച്ഛനും മുഗൾ ചക്രവർത്തിയുമായ അക്ബറുമായി തീവ്രമായ ആത്മബന്ധം പുലർത്തിയിരുന്ന ഖുസ്രോ തന്റെ പിതാവായ ജഹാൻഗീറുമായി ശത്രുതയിലായിരുന്നു. രാജകീയ പരിലാളനകൾ ഏറ്റുവളർന്ന ഖുസ്രോയുടെ അന്ത്യനാളുകൾ ദുരന്തപൂർണ്ണമായിരുന്നു. അർദ്ധസഹോദരനായ ഖുറം രാജകുമാരന്റെ (ഷാജഹാൻ) കൈകളാലാണ് അദ്ദേഹം വധിക്കപ്പെട്ടത്
ഖുസ്രോ മിർസയുടെയും സഹോദരി നിതർ ബീഗത്തിന്റെയും ശവകുടീരങ്ങൾ. CE1620കളിൽ നിർമ്മിക്കപ്പെട്ട ഈ സ്മാരകങ്ങൾ മുഗൾ വാസ്തുകലയുടെ മികച്ച ഉദാഹരണങ്ങൾ ആണ്. മുത്തച്ഛനും മുഗൾ ചക്രവർത്തിയുമായ അക്ബറുമായി തീവ്രമായ ആത്മബന്ധം പുലർത്തിയിരുന്ന ഖുസ്രോ തന്റെ പിതാവായ ജഹാൻഗീറുമായി ശത്രുതയിലായിരുന്നു. രാജകീയ പരിലാളനകൾ ഏറ്റുവളർന്ന ഖുസ്രോയുടെ അന്ത്യനാളുകൾ ദുരന്തപൂർണ്ണമായിരുന്നു. അർദ്ധസഹോദരനായ ഖുറം രാജകുമാരന്റെ (ഷാജഹാൻ) കൈകളാലാണ് അദ്ദേഹം വധിക്കപ്പെട്ടത് © ജോയൽ കെ. പയസ്

ചില ഹൈന്ദവ വിശ്വാസങ്ങളിൽ, പ്രത്യേകിച്ച് പുനർജന്മത്തിൽ, അക്ബർ അതിയായി താൽപര്യം പ്രകടിപ്പിച്ചിരുന്നു. ജ്യോതിഷത്തിലും അദ്ദേഹം തല്പരനായിരുന്നു എന്ന് കേൾക്കുന്നു.

അക്ബർ മുഗൾ ചക്രവർത്തിയാകുമെന്ന് പ്രയാഗിലെ ബ്രാഹ്മണർക്ക് മുൻകൂട്ടി അറിയാമായിരുന്നു എന്നുള്ള ഒരു കഥയും ഉണ്ട്. കഴിഞ്ഞ ജന്മത്തിൽ അക്ബർ പ്രയാഗിലെ ഒരു സന്യാസിയായിരുന്നുവത്രെ. മുകുന്ദ് ബ്രഹ്മചാരി എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. മുകുന്ദ് ചൊല്ലിയിരുന്ന പല സംസ്‌കൃത ശ്ലോകങ്ങളും അക്ബർ നിഷ്പ്രയാസം ചൊല്ലുമായിരുന്നത്രെ.



ബിരൻ എന്നായിരുന്നു മുകുന്ദിന്റെ ഏറ്റവും അടുത്ത ശിഷ്യന്റെ പേര്. മുകുന്ദും ബിരനും യഥാക്രമം അക്ബറും ബീർബലുമായി ജന്മമെടുത്തു എന്നാണ് കഥ.[11] മുഗൾസാമ്രാജ്യത്തിന്റെ ക്ഷയവും ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വളർച്ചയും പരസ്പര പൂരകങ്ങൾ ആയതിന്റെ ഏറ്റവും പ്രധാന ദൃസാക്ഷി കൂടിയായിരുന്നു പ്രയാഗ്. 1757 ലെ പ്ലാസി യുദ്ധത്തിന് ശേഷം ബംഗാളിന്റെ സാമ്പത്തിക രാഷ്ട്രീയ നിയന്ത്രണം കയ്യിൽവന്ന കമ്പനി തങ്ങളുടെ സ്വാധീനം മധ്യ ഗംഗാതടത്തിലേക്ക് വ്യാപിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തി. കമ്പനിയുടെ ലണ്ടൻ ആസ്ഥാനത്തുള്ള ഭരണാധികാരികൾ സാമ്പത്തിക ലാഭത്തിലാണ് കണ്ണുംനട്ടിരുന്നത് എങ്കിലും കമ്പനിയുടെ ഇന്ത്യയിലുള്ള ഉദ്യോഗസ്ഥർ രാഷ്ട്രീയ ഇടപെടലുകളിലൂടെ വ്യക്തിപരമായും കമ്പനിക്ക് വേണ്ടിയും പണമുണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരായിരുന്നു. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട പേരാണ് പ്ലാസി യുദ്ധത്തിന്റെ പിറകിലെ ചാലക ശക്തിയായ റോബർട്ട് ക്ലൈവ്. കുശാഗ്രബുദ്ധിക്കാരനും, ധനമോഹിയുമായ ക്ലൈവിന്റെ പേര് പരാമർശിക്കാതെ ഇന്ത്യയുടെ കൊളോണിയൽ ചരിത്രം എഴുതാനാകില്ല. ഗംഗയോടൊപ്പം യാത്ര ചെയ്ത് ബംഗാളിൽ എത്തുമ്പോൾ ക്ലൈവിനെക്കുറിച്ച് കൂടുതൽ പറയേണ്ടി വരും എന്നതുകൊണ്ട് അദ്ദേഹത്തിന്റെ പ്രയാഗ് ബന്ധം മാത്രമേ ഇവിടെ പരാമർശിക്കുന്നുള്ളൂ. മുഗൾ സാമ്രജ്യത്തിന്റെ പേര് മുന്നിൽ പിടിച്ച്, പിന്നിൽ നിന്ന് ഭരിക്കാനായിരുന്നു കമ്പനിയുടെ നീക്കം. ഇന്നത്തെ ബീഹാർ ഉൾപ്പെടുന്ന ബംഗാൾ അടക്കമുള്ള പ്രവിശ്യകൾ അക്കാലത്ത് മുഗൾ സാമ്രാജ്യത്തിന്റെ കീഴിലുള്ള നവാബുമാരോ രാജാക്കന്മാരോ ആണ് ഭരിച്ചിരുന്നത്. ഡൽഹിയിൽ ഉള്ള മുഗൾ ഭരണാധികാരിയുടെ ശക്തി ക്ഷയിച്ചതോടെ ഇതിൽ പല നവാബുമാരും നാട്ടുരാജാക്കന്മാരും സ്വന്തം നിലയിൽ ഭരണം നടത്തുകയും, ഡൽഹിയിലേക്ക് വർഷം തോറും കൊടുക്കേണ്ട നികുതിപ്പണം കൊടുക്കാൻ വിസമ്മതിക്കുകയും ചെയ്തു. മുഗൾ സാമ്രാജ്യത്തിന്റെ പേരിൽ ഈ പ്രവിശ്യകളിൽ നിന്നെല്ലാം നികുതി പിരിക്കാനുള്ള അവകാശം കമ്പനി നേടിയെടുത്തത് ഈയൊരു പശ്ചാത്തലത്തിൽ ആണ്. പേരിന് മാത്രം അധികാരമുള്ള മുഗൾ ചക്രവർത്തിയായ ഷാ ആലം (ഭൂമിയുടെ രാജാവ് എന്ന് അർത്ഥം) 1765ൽ നികുതി പിരിക്കാനുള്ള ദിവാനി (അവകാശം പതിച്ചു നൽകുന്ന രേഖ) കമ്പനിക്ക് കൈമാറിയത് ഇവിടെയുള്ള മുഗൾ കോട്ടയുടെ പുറത്ത് വെച്ചായിരുന്നു [12]. അലഹബാദ് ഉടമ്പടി (Treaty of Allahabad) എന്നാണ് വെള്ളക്കാർ ഇതിന് പേരിട്ടെങ്കിലും, ഈ സുപ്രധാന രേഖയിലെ മിക്കവാറും എല്ലാ നിർദേശങ്ങളും റോബർട്ട് ക്ലൈവ് തന്നെയാണ് തയ്യാറാക്കിയത് എന്നാണ് പറയപ്പെടുന്നത്. ഒരുപാട് എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ഈ ചരിത്ര സംഭവത്തിന്റെ പെയിന്റിങ്ങുകൾ ആണ് എന്നെ കൂടുതൽ ആകർഷിച്ചത്. ഫോട്ടോഗ്രാഫി ഇല്ലാതിരുന്ന അക്കാലത്ത് പ്രധാന സംഭവങ്ങളുടെ ചിത്രങ്ങൾ വരച്ചുസൂക്ഷിക്കുന്നത് സാധാരണമായിരുന്നു. അലഹബാദിൽ നടന്ന ദിവനി കൈമാറ്റം നിരവധി കലാകാരന്മാർ കാൻവാസിൽ പകർത്തിയ ഒരു സംഭവമാണ്. എല്ലാം തങ്ങളുടെ നിയന്ത്രണത്തിൽ ആണെന്നും, ദിവാനി ഒരു ഔപചാരികത മാത്രമാണെന്നും വിളിച്ചു പറയുന്ന മുഖഭാവത്തോടെയാണ് കമ്പനിയുടെ ഗവർണ്ണർ ജനറൽ ആയിരുന്ന റോബർട്ട് ക്ലൈവ് ആ രേഖ മുഗൾ ചക്രവർത്തിയിൽ നിന്ന് വാങ്ങുന്നത്. ആ പെയിന്റിങ്ങുകളിലെ മറ്റു ചില കഥാപാത്രങ്ങളുടെ മുഖഭാവങ്ങൾ വരാനിരിക്കുന്ന വിപത്തിനെ മുൻകൂട്ടി കാണുമ്പോൾ ഉണ്ടാകുന്ന ഭയത്തെയാണോ പ്രതിഫലിപ്പിക്കുന്നത് എന്ന് തോന്നിപ്പോകും. ഈ വിഷയത്തെക്കുറിച്ച് പിന്നീടും പരാമർശിക്കേണ്ടി വരും എന്നത് കൊണ്ട് ഞാൻ ഇവിടെ കൂടുതൽ എഴുതുന്നില്ല.

ജലപ്രവാഹവും ജനപ്രവാഹവും കണ്ടുമുട്ടുന്ന പ്രയാഗിന്റെ മണ്ണിൽ കാലം നിശ്ചലമാകുന്നു എന്നാണ് എനിക്ക് തോന്നിയത്. നൂറ്റാണ്ടുകൾ പ്രായമുള്ള ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും വലിയ മാറ്റമൊന്നും വരാത്തത് അനുസ്യൂതമായ ഈ പ്രവാഹം മൂലമാണോ?
ജലപ്രവാഹവും ജനപ്രവാഹവും കണ്ടുമുട്ടുന്ന പ്രയാഗിന്റെ മണ്ണിൽ കാലം നിശ്ചലമാകുന്നു എന്നാണ് എനിക്ക് തോന്നിയത്. നൂറ്റാണ്ടുകൾ പ്രായമുള്ള ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും വലിയ മാറ്റമൊന്നും വരാത്തത് അനുസ്യൂതമായ ഈ പ്രവാഹം മൂലമാണോ? © ജോയൽ കെ. പയസ്
എല്ലാവർഷവും മഴക്കാലത്തിന് ശേഷം വെള്ളംവറ്റുന്ന ഗംഗാതടം താൽക്കാലിക കൃഷിഭൂമിയായി രൂപാന്തരപ്പെടുന്നു
എല്ലാവർഷവും മഴക്കാലത്തിന് ശേഷം വെള്ളംവറ്റുന്ന ഗംഗാതടം താൽക്കാലിക കൃഷിഭൂമിയായി രൂപാന്തരപ്പെടുന്നു © ജോയൽ കെ. പയസ്

പ്രയാഗിൽ നിന്ന് ഉച്ചയോടെ മടങ്ങിയെത്തിയ ആദിത്യയും ഞാനും വൈകുന്നേരം വരെ മുറിയിൽ വിശ്രമിച്ചു. സൈക്കിളുകൾ എടുത്ത് ഞങ്ങൾ മൂവരും അന്ന് സന്ധ്യക്ക് വ്യത്യസ്ത ദിശകളിൽ ഒരിക്കൽ കൂടി നഗര പ്രദക്ഷിണത്തിനിറങ്ങി. അലഹബാദിന്റെ അതിർത്തിയോട് ചേർന്നുള്ള യമുനയുടെ തീരത്തേക്കാണ് ഞാൻ പോയത്. ചെറിയ വഞ്ചികളിൽ ഇരുന്ന് മീൻ പിടിക്കുന്ന  കുറച്ചാളുകളെ കണ്ടു. ഗംഗയെക്കാൾ മലിനമാണ് യമുന എന്ന് തോന്നി. പ്ലാസ്റ്റിക്കും ഗാർഹിക മാലിന്യങ്ങളും ഒഴുകിയകലുന്നത് നോക്കി ഞാൻ ഒരിടത്ത് നിന്നു. നദിയുടെ തീരത്ത് കൂടി വളരെ ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ കാലിൽ മനുഷ്യ വിസർജ്ജ്യം പറ്റുന്ന സ്ഥിതിയായിരുന്നു. ചേരികളിൽ ഷീറ്റുകളും തകരപ്പാളികളും കൊണ്ട് തട്ടിക്കൂട്ടിയ വീടുകളുടെ പുറത്ത് അടുപ്പുകൾ പുകയുന്നു. ത്രിസന്ധ്യയുടെ വർണ്ണങ്ങൾ പടിഞ്ഞാറൻ ചക്രവാളത്തിൽ നിറഞ്ഞിരുന്നു. ആഗ്രയും മഥുരയും ഡൽഹിയുമെല്ലാം ആ ദിശയിലാണ്. എന്റെ മുൻപിലൂടെ ഒഴുകുന്ന നദി ആ നഗരങ്ങളുടെ തീരങ്ങൾ തഴുകിയാണ് ഇവിടെ എത്തിയിരിക്കുന്നത്. യമുനയുടെ യാത്ര ഇവിടെ അവസാനിക്കുകയാണ്. എന്റെ യാത്ര ഇനിയും തുടരേണ്ടിയിരിക്കുന്നു.

അലഹബാദിൽ എത്തിയതോടെ ഗംഗ-യമുന ദൊവാബിലൂടെയുള്ള ഞങ്ങളുടെ സഞ്ചാരത്തിന് അവസാനമാവുകയാണ്. രാജ്യത്തെ ഏറ്റവും ഫലപൂയിഷ്ടമായ പ്രദേശങ്ങളിൽ ഒന്നായ ഈ മേഖല രാജ്യത്തിന്റെ ചരിത്രത്തിലും നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. യമുനയിൽ നിന്നുള്ള നീരൊഴുക്ക് കൂടി ചേർന്നതോടെ ഗംഗയുടെ ശക്തി വർദ്ധിക്കുകയാണ്. കിഴക്കൻ ഉത്തർപ്രദേശിലേക്കും തുടർന്ന് ബിഹാറിലേക്കും നദിയോടൊപ്പം പ്രവേശിക്കാൻ ഞങ്ങളും തയ്യാറെടുത്തു
അലഹബാദിൽ എത്തിയതോടെ ഗംഗ-യമുന ദൊവാബിലൂടെയുള്ള ഞങ്ങളുടെ സഞ്ചാരത്തിന് അവസാനമാവുകയാണ്. രാജ്യത്തെ ഏറ്റവും ഫലപൂയിഷ്ടമായ പ്രദേശങ്ങളിൽ ഒന്നായ ഈ മേഖല രാജ്യത്തിന്റെ ചരിത്രത്തിലും നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. യമുനയിൽ നിന്നുള്ള നീരൊഴുക്ക് കൂടി ചേർന്നതോടെ ഗംഗയുടെ ശക്തി വർദ്ധിക്കുകയാണ്. കിഴക്കൻ ഉത്തർപ്രദേശിലേക്കും തുടർന്ന് ബിഹാറിലേക്കും നദിയോടൊപ്പം പ്രവേശിക്കാൻ ഞങ്ങളും തയ്യാറെടുത്തു

_______

Notes

[1] ‘Allahabad: The name change that killed my city’s soul’ by Vikas Pandey, BBC News, November 7, 2018  [2] ‘Ganges, Many shades of a river’ by Sudipta Sen [3] Allahabad University official website  [4] ‘The bells chime alongside’ by Omar Rashid, The Hindu, September 1, 2012 [5] ‘The three tombs of Khusrau Bagh’ by Rana Safvi, The Hindu, April 29, 2018 [6] ‘Eat, Pray, Fly’ by Athul Mishra, Business Line, February 22, 2019 [7] ‘Ganges, Many shades of a river’ by Sudipta Sen [8] The New York Times archives, June 9, 1964 [9] ‘The 60-year-old history of the urn’ by Shubhangi Kapre, DNA, January 31, 2008 [10] ‘Ganges, Many shades of a river’ by Sudipta Sen [11] Ganges, Many shades of a river’ by Sudipta Sen [12] ‘The anarchy: The relentless rise of English East India Company’ by William Dalrymple

Joyel K Pious

ജോയൽ കെ പയസ് ഒരു ഫോട്ടോഗ്രാഫറും, ദ്വിഭാഷ എഡിറ്ററും ആണ്. ഡൽഹിയിൽ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ് ദിനപത്രത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നു. കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള അദ്ദേഹം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിൽ തല്പരനാണ്. ഫോട്ടോമെയിലിന്റെ ന്യൂസ് എഡിറ്റർ എന്ന നിലയിലും അദ്ദേഹം തന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നു.

Published on February 03, 2021

Share

Home » Portfolio » Authors » Joyel K Pious » പ്രയാഗിലെ ദേശാടനക്കിളികൾ

Related Articles

2022-02-03T18:22:26+05:30

പ്രയാഗിലെ ദേശാടനക്കിളികൾ

നല്ല വെയിലുള്ള ഒരു ഉച്ചയ്ക്കാണ് ഞങ്ങൾ കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗ്രാൻഡ് ട്രങ്ക് റോഡിന്റെ അരികിലൂടെ വളരെ ശ്രദ്ധയോടെ ഞാൻ സൈക്കിൾ ചവിട്ടി. വേഗമേറിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന കാറ്റിന് സൈക്കിളിന്റെ താളം തെറ്റിക്കാൻ കഴിയും എന്നതിനാൽ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. മുമ്പിലുള്ള പ്രധാന നഗരം 130 കിലോമീറ്റർ കിഴക്കുള്ള അലഹബാദ് ആയിരുന്നു. ഒറ്റദിവസം കൊണ്ട് അവിടെ എത്താനാകില്ല എന്നതുകൊണ്ട് ഇടയ്ക്കുള്ള ഫത്തേപ്പൂർ എന്ന പട്ടണത്തിൽ രാത്രി തങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഗംഗയുടെയും, യമുനയുടെയും ഇടയിലായാണ് ജില്ലാ ആസ്ഥാനം കൂടിയായ ഫത്തേപ്പൂരിന്റെ കിടപ്പ്. കയറ്റിറക്കങ്ങൾ ഇല്ലാത്ത വഴിയിലൂടെയുള്ള യാത്ര സുഖകരമായിരുന്നു.

2021-11-12T15:22:58+05:30

ചുവപ്പും കറുപ്പും: ചില കാൺപൂർ ഓർമ്മകൾ

നഗരത്തെ നടുവിലൂടെ കീറിമുറിച്ച് കടന്നുപോകുന്ന പ്രധാന പാതയിലൂടെ പതിനഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മാത്രമേ സുമിതിന്റെ സുഹൃത്തുക്കൾ ഏർപ്പാടാക്കിയ മുറിയിൽ എത്താനാകൂ. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും വലുതും, തിരക്കുപിടിച്ചതുമായ നഗരമായിരുന്നു കാൺപൂർ. നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന മോട്ടോർ വാഹനങ്ങളുടെ ഇടയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നത് ഒരു സർക്കസ് വിദ്യ പോലെ തോന്നി. വഴിയിൽ ഇടക്കിടെ വരുന്ന മേൽപ്പാലങ്ങളിലേക്ക് സൈക്കിൾ ചവിട്ടിക്കയറ്റാൻ ഞങ്ങൾ ഇരുവരും പ്രയാസപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളുടെ ഹോണുകൾ സൃഷ്ടിക്കുന്ന ഒച്ചപ്പാടിൽ സൈക്കിൾ മണികളുടെ ശബ്ദം അലിഞ്ഞില്ലാതായി. കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ട്രാഫിക് സിഗ്നലുകൾ പിന്നിടുന്നത് അതീവ ശ്രമകരമായിരുന്നു. ഓട്ടപ്പന്തയത്തിന് തയ്യാറെടുക്കുന്നതുപോലെ അക്ഷമരായി പച്ചവെളിച്ചവും കാത്ത് നിൽക്കുന്ന ഡ്രൈവർമാർക്കിടയിലൂടെ സൈക്കിൾ ചവിട്ടുന്നത് അപകടം നിറഞ്ഞ പരിപാടിയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പ്രയാണത്തിനൊടുവിലാണ് കാൺപൂർ നഗരത്തിന്റെ തെക്കേയറ്റത്ത് ഞങ്ങൾ എത്തിച്ചേർന്നത്.

2021-09-28T14:35:13+05:30

പുതുമഴയുടെ മണമുള്ള മണ്ണിൽ

മുറിയിൽ എത്തിയപ്പോൾ ധർമ്മശാലയുടെ ഉടമ അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിശേഷങ്ങൾ കേട്ടപ്പോൾ അയാൾ ഭേദപ്പെട്ട ഒരു മുറി തന്നു. ചിലന്തിവലകൾ നിറഞ്ഞ, ഈർപ്പം തങ്ങി നിന്നിരുന്ന ആ മുറി ആദ്യത്തെ സ്റ്റോർ റൂമിനേക്കാൻ നല്ലതായിരുന്നു. ഞങ്ങളുടെ പര്യടനഭൂപടത്തിൽ ഉൾപ്പെടാത്ത സ്ഥലമായിരുന്നെങ്കിലും, ബദായൂനിന്റെ ചരിത്രത്തെക്കുറിച്ച് ഞാൻ അല്പം അന്വേഷണം നടത്തി. അഹർ രാജകുമാരനായ ബുദ്ധ് പൊതുയുഗം (CE) 905ൽ സ്ഥാപിച്ചതാണ് ഈ നഗരം എന്ന് വിശ്വസിക്കപ്പെടുന്നു. മുഹമ്മദ് ഗസ്നിയുടെ ബന്ധുവായ സയ്യിദ് മസൂദ് ഗാസി CE 1028 ൽ ഈ പ്രദേശം പിടിച്ചടക്കി

2021-09-28T14:39:41+05:30

ബ്രിജ്ഘാട്ടിലെ ചൂടുകാറ്റ്

‘തീർത്ഥാടക നഗരിയായ അനുപ്ശഹറിലേക്ക് സ്വാഗതം’ എന്നെഴുതി വെച്ചിട്ടുള്ള ഒരു വലിയ കമാനം ഞങ്ങളുടെ മുൻപിൽ തലയുയർത്തി നിന്നു. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത് അനുപ് റായ് എന്ന രാജാവാണ് ഈ പട്ടണം സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്.

2021-09-28T14:40:57+05:30

രണ്ട് പുതിയ ചങ്ങാതിമാർ

ഇരുട്ട് വീഴും മുൻപേ ഹൈവേയിൽ എത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അഞ്ചുമണി ആയപ്പോഴേക്കും വെളിച്ചം കുറയാൻ തുടങ്ങി. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളും, ഒറ്റപ്പെട്ട ചില ഗ്രാമങ്ങളും മാത്രമേ വഴിയിൽ കണ്ടുള്ളൂ. കാലിൽ വേദന കൂടിക്കൂടി വന്നതുകൊണ്ട് സൈക്കിൾ വേഗത്തിൽ ചവിട്ടാനും കഴിയുന്നില്ല. ഓരോ കിലോമീറ്ററും പിന്നിടാൻ വേണ്ട സമയം കൂടിവന്നു.

2021-09-28T14:43:59+05:30

ഹരിദ്വാറിലെ ശാന്തിതീരം

ഹരിദ്വാറിലെ ഘാട്ടുകൾക്കും ആചാരങ്ങൾക്കും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഗുരുവിന്റെ സ്മരണയിൽ ഗുരുദ്വാര നാനക്-വാര (Gurudwara Nanakwara) എന്ന വലിയൊരു സിഖ് ആരാധനാലയം ഇവിടെ ഉയർന്നു വന്നിരിക്കുകയാണ്.

2021-09-28T14:45:56+05:30

യോഗാനഗരിയിലെ ബീറ്റിൽസ് താളങ്ങൾ

സംസ്കാരത്തിന്റെ സംരക്ഷകർ എന്നു സ്വയം വിശേഷിപ്പിക്കുന്ന ചിലർക്ക് വേറെ ചില ‘പ്രശ്നങ്ങളാണ്’ ഉയർത്തിക്കാട്ടാനുള്ളത് വിദേശ വിനോദ സഞ്ചാരികൾ അസന്മാർഗിക പ്രവർത്തികളിൽ ഏർപ്പെടുന്നു എന്നും, ഋഷികേശിന്റെ ‘പവിത്രത’ നഷ്ടപ്പെടുത്തുന്നു എന്നും ആരോപിച്ച് വിശ്വഹിന്ദു പരിഷദ് രംഗത്തുവന്നത് ഒരു ഉദാഹരണമാണ്.

2021-09-28T14:47:25+05:30

ദേവപ്രയാഗിലെ സന്ധ്യകൾ

ആളുകളെ കുത്തിനിറച്ച ഒരു ജീപ്പിലാണ് ടെഹ്‌റി അണക്കെട്ടിന് അപ്പുറത്തുള്ള ധൻസാലിയിൽ നിന്ന് ദേവപ്രയാഗിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങിയത്.

2021-09-28T14:48:50+05:30

സമരഭൂമിയിലൂടെ ഒരു ബോട്ട് സവാരി

ചമ്പയിലെത്തിയപ്പോഴേക്കും നേരം നല്ലപോലെ ഇരുട്ടി. തിരക്ക് പിടിച്ച ഒരു പട്ടണം. കുറേ അലഞ്ഞ ശേഷം 300 രൂപ വാടകക്ക് ഒരു ചെറിയ മുറി കിട്ടി. അടുത്ത രണ്ടോമൂന്നോ ദിവസം ഇവിടെ താമസിച്ച് ചുറ്റുമുള്ള പ്രദേശങ്ങൾ സന്ദർശിക്കാനായിരുന്നു പരിപാടി. പുറത്ത് നിന്നും പാർസൽ വാങ്ങിയ ചോറും പരിപ്പും, അടുത്തുള്ള ചന്തയിൽ നിന്ന് വാങ്ങിയ പച്ചക്കറികൾ ചേർത്തുണ്ടാക്കിയ സാലഡും കൂട്ടി ഞങ്ങൾ അത്താഴം കഴിച്ചു. തണുപ്പ് കൂടിക്കൂടി വന്നു.

2021-09-28T14:50:04+05:30

പെരുംമഴയിൽ കുതിർന്ന കാലടികൾ

ഉച്ച കഴിഞ്ഞതോടെ കാലാവസ്ഥയാകെ മാറി. കാർമേഘങ്ങൾ സൂര്യനെ മറച്ചു. എപ്പോൾ വേണമെങ്കിലും മഴ പെയ്യാമെന്നായി. ഹർസിൽ എത്താൻ ഇനിയും പത്ത് കിലോമീറ്ററോളം ഉണ്ട്. കയ്യിൽ കരുതിയിട്ടുള്ള മഴക്കോട്ടുകൾ ഞങ്ങൾ അണിഞ്ഞു. ബാഗുകൾ നനയാതിരിക്കാൻ പ്രത്യേകം കവറുകൾ ഉണ്ടായിരുന്നു. പെരുംമഴ തുടങ്ങി. നടത്തം വളരെ സാവധാനത്തിലായിരുന്നു. ഒരു മണിക്കൂറിൽ മൂന്ന് കിലോമീറ്റർ പോലും പിന്നിടാൻ ഞങ്ങൾക്ക് സാധിച്ചില്ല.

2021-09-28T14:51:30+05:30

യാത്രകളുടെ തുടക്കം

ഹിമാലയന്‍ മഞ്ഞുപാടങ്ങളില്‍ നിന്നൊഴുകി, ചരിത്രമുറങ്ങുന്ന ജനപഥങ്ങളെ തഴുകി, ബംഗാള്‍ ഉള്‍ക്കടലിന്‍റെ ആഴങ്ങളില്‍ അലിയുന്നത് വരെയുള്ള ഗംഗയുടെ യാത്രയെ, നാല് മാസത്തോളം സൈക്കിളിലും, കാൽനടയായും ജോയൽ കെ. പയസ് അനുഗമിച്ചതിന്റെ എഴുത്തും ചിത്രങ്ങളും.