ഹിമാലയന്‍ മഞ്ഞുപാടങ്ങളില്‍
നിന്നൊഴുകി ചരിത്രമുറങ്ങുന്ന
ജനപഥങ്ങളെ തഴുകി
ബംഗാള്‍ ഉള്‍ക്കടലിന്‍റെ
ആഴങ്ങളില്‍ അലിയുന്നത് വരെയുള്ള
ഗംഗയുടെ യാത്രയെ
നാല് മാസത്തോളം
സൈക്കിളിലും, കാൽനടയായും
ജോയൽ കെ. പയസ്
അനുഗമിച്ചതിന്റെ
എഴുത്തും ചിത്രങ്ങളും

നൂറ്റാണ്ടുകളായി ഗംഗയ്ക്ക് കല്പിച്ചു കിട്ടിയിട്ടുള്ള പുണ്യശക്തിയാണ് ജനലക്ഷങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നത്. ഹാരിദ്വാർ പോലുള്ള പല നഗരങ്ങളും മനുഷ്യന്റെ വിശ്വാസങ്ങളെ മാത്രം ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
നൂറ്റാണ്ടുകളായി ഗംഗയ്ക്ക് കല്പിച്ചു കിട്ടിയിട്ടുള്ള പുണ്യശക്തിയാണ് ജനലക്ഷങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നത്. ഹാരിദ്വാർ പോലുള്ള പല നഗരങ്ങളും മനുഷ്യന്റെ വിശ്വാസങ്ങളെ മാത്രം ആശ്രയിച്ചാണ് നിലനിൽക്കുന്നത് © ജോയൽ കെ. പയസ്

ഹരിദ്വാറിലെ ശാന്തിതീരം

ത്തരേന്ത്യൻ നഗരങ്ങളുടെ എല്ലാ (ദു)സ്വഭാവങ്ങളും ഉള്ള ഒരിടമാണ് ഹരിദ്വാർ.

രണ്ടാം തവണയാണ് ഞാൻ ഈ നഗരം സന്ദർശിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് കേദാർനാഥിലേക്കുള്ള യാത്രക്കിടയിൽ ഏതാനും ദിവസം ഞാൻ ഇവിടെ തങ്ങിയിരുന്നു. ഉത്തരഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഈ തീർത്ഥാടന കേന്ദ്രത്തിന് ഉത്തർപ്രദേശിലെ നാഗരിക മേഖലകളോടാണ് കൂടുതൽ സാമ്യം. ഒച്ചിന്റെ വേഗത്തിൽ നീങ്ങുന്ന വാഹനങ്ങളുടെ ഉച്ചത്തിലുള്ള ഹോണുകളാണ് എന്നെ ഇത്തവണ ഹരിദ്വാറിലേക്ക് സ്വാഗതം ചെയ്തത്. റെയിൽവേ സ്റ്റേഷന് അടുത്തുതന്നെയുള്ള പ്രധാന ബസ് സ്റ്റാന്റിൽ ഞങ്ങൾ ബാഗുകൾ ഇറക്കി. എനിക്ക് വല്ലാത്ത ക്ഷീണം തോന്നിയതിനാൽ പെട്ടന്ന് ഒരു താമസ സൗകര്യം കണ്ടെത്താൻ തീരുമാനിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പിടികൂടിയിരുന്ന പനി ഇനിയും എന്നെ വിട്ടുപോയിട്ടില്ല. റെയിൽവേ സ്റ്റേഷന് അടുത്ത് ഒരു ഗുരുദ്വാര ഉണ്ടെന്ന് വരുന്ന വഴിയിൽ ആരോ പറഞ്ഞിരുന്നു. ഒരു സൈക്കിൾ റിക്ഷയിൽ ഞങ്ങൾ അങ്ങോട്ട്‌ നീങ്ങി. വാഹനങ്ങളുടെയും കാൽനടക്കാരുടെയും ഇടയിലൂടെ ആരെയും തട്ടാതെയും മുട്ടാതെയും സൈക്കിൾ ചവിട്ടുന്നത് എളുപ്പമുള്ള പണിയല്ല. നട്ടുച്ചവെയിലിൽ ആ റിക്ഷക്കാരന്റെ മുഖത്ത് നിന്ന് വിയർപ്പുചാലുകൾ ഒഴുകി. ഗുരുദ്വാരയിലേക്കുള്ള ഒന്നര കിലോമീറ്റർ ദൂരം പിന്നിടാൻ ഇരുപത് മിനിറ്റോളം എടുത്തു.



ഇരുന്നൂറ് രൂപയ്ക്ക് സാമാന്യം വലിയ ഒരു മുറി ഞങ്ങൾക്ക് അവിടെ കിട്ടി.

പലയിടങ്ങളിലേക്കും യാത്ര ചെയ്യുന്ന നിരവധി സിഖ് കുടുംബങ്ങൾ ആ ഇടത്താവളത്തിൽ തങ്ങുന്നുണ്ടായിരുന്നു. പൊതുവായ ഉപയോഗത്തിനുള്ള കുളിമുറികളും, കക്കൂസുകളും വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ഹിന്ദുക്കൾക്ക് മാത്രമല്ല സിഖുകാർക്കും വളരെ പ്രധാനപ്പെട്ട ഒരു സന്ദർശന കേന്ദ്രമാണ് ഹരിദ്വാർ. ആദ്യ സിഖ് ഗുരുവായ ഗുരുനാനാക്ക് ഇവിടെയുള്ള കുഷ്-വൻ ഘാട്ടിൽ കുളിച്ചു എന്നാണ് വിശ്വാസം. അദ്ദേഹത്തിന്റെ ഹരിദ്വാർ സന്ദർശനവുമായി ബന്ധപ്പെട്ട് രസകരമായ ഒരു ഐതിഹ്യമുണ്ട്. തന്റെ അനുഗാമികളോടൊപ്പം ഹരിദ്വാറിൽ എത്തിയ ഗുരു ഗംഗാനദിയിൽ ഒരു ദിവസം രാവിലെ കുളിക്കാനിറങ്ങി. നിരവധി ബ്രാഹ്മണരും തീർത്ഥാടകരും തങ്ങളുടെ പൂർവികർക്ക് വേണ്ടി അവിടെ കർമ്മങ്ങൾ അനുഷ്ഠിക്കുന്നുണ്ടായിരുന്നു. ആചാരത്തിന്റെ ഭാഗമായി അവർ തങ്ങളുടെ വലതുകൈകൊണ്ട് സൂര്യൻ ഉദിക്കുന്ന കിഴക്ക് ദിശയിലേക്ക് ഗംഗാജലം തെറുപ്പിക്കുകയായിരുന്നു. കൂടിനിന്നിരുന്ന എല്ലാവരെയും ഞെട്ടിച്ച് ഗുരു തന്റെ ഇടതുകൈകൊണ്ട് നദീജലം പടിഞ്ഞാറേക്ക് തെറുപ്പിക്കാൻ തുടങ്ങി. ഇതുകണ്ട ചില ബ്രാഹ്മണർ അദ്ദേഹത്തെ ചോദ്യം ചെയ്തു. അവർക്ക് അദ്ദേഹം കൊടുത്ത മറുപടി രസകരമായിരുന്നു. ദൂരെ പഞ്ചാബിൽ തനിക്കുള്ള കൃഷിത്തോട്ടം നനയ്ക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ബ്രാഹ്മണർക്ക് ദേഷ്യം വന്നു. ആ അപരിചിതൻ തങ്ങളെ കളിയാക്കുകയാണ് എന്ന് അവർ കരുതി. ഇവിടെ നിന്ന് ദൂരെയുള്ള തോട്ടം എങ്ങനെ നനയ്ക്കും? അവർ ചോദിച്ചു. ‘ദൂരെ പരലോകത്തിരിക്കുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്ന പിതാമഹാന്മാർക്ക് ഇവിടെ നിന്ന് തെളിക്കുന്ന ഗംഗാജലം കിട്ടുമെങ്കിൽ, അത്രയൊന്നും ദൂരത്തല്ലാത്ത എന്റെ തോട്ടവും ഇവിടെ നിന്ന് നനയ്ക്കാം’ എന്ന ഗുരുവിന്റെ മറുപടിക്ക് മുന്നിൽ മറ്റുള്ളവർ നിശബ്ദരായി. ഭക്തിക്ക് പകരം ആചാരങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്തുന്നവർക്കുള്ള ഒരു സാരോപദേശമായിരുന്നു അത്. കാലം ഒരുപാട് കടന്നുപോയിരിക്കുന്നു. ഹരിദ്വാറിലെ ഘാട്ടുകൾക്കും ആചാരങ്ങൾക്കും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഗുരുവിന്റെ സ്മരണയിൽ ഗുരുദ്വാര നാനക്-വാര (Gurudwara Nanakwara) എന്ന വലിയൊരു സിഖ് ആരാധനാലയം ഇവിടെ ഉയർന്നു വന്നിരിക്കുകയാണ്.

വൈഷ്ണവ, ശൈവ ഭക്തർ ഹരി കി പൗരി എന്നും ഹർ കി പൗരി എന്നും യഥാക്രമം വിളിക്കുന്ന ഹരിദ്വാറിലെ പ്രധാന ഘാട്ടിൽ സന്ധ്യാപൂജയ്ക്കായി വന്നവരുടെ തിരക്ക്. വലിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാവാത്ത അവസരങ്ങളിലെല്ലാം മനുഷ്യന്റെ പൂർണ്ണ നിയന്ത്രണത്തിലാണ് ഈ ഘാട്ടിലൂടെ ഗംഗ ഒഴുകുന്നത്.
വൈഷ്ണവ, ശൈവ ഭക്തർ ഹരി കി പൗരി എന്നും ഹർ കി പൗരി എന്നും യഥാക്രമം വിളിക്കുന്ന ഹരിദ്വാറിലെ പ്രധാന ഘാട്ടിൽ സന്ധ്യാപൂജയ്ക്കായി വന്നവരുടെ തിരക്ക്. വലിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാവാത്ത അവസരങ്ങളിലെല്ലാം മനുഷ്യന്റെ പൂർണ്ണ നിയന്ത്രണത്തിലാണ് ഈ ഘാട്ടിലൂടെ ഗംഗ ഒഴുകുന്നത് © ജോയൽ കെ. പയസ്
ഹരിദ്വാറിലുള്ള നിരവധി ഘാട്ടുകളിൽ ഹരി കി പൗരി ഒഴികെ മറ്റിടങ്ങളിൽ തിരക്ക് തീരെ കുറവാണ്. കുംഭമേള പോലുള്ള വിശേഷ അവസരങ്ങളിൽ മാത്രമാണ് ഈ പടവുകളിൽ ആരെങ്കിലും എത്തിനോക്കുക. പുറമെയുള്ളവർ ഹരിദ്വാറിനെ ഒരു പുണ്യ നഗരമായാണ് കാണുന്നത് എങ്കിലും, നഗരത്തിനകത്ത് ഏറ്റവും പവിത്രമായത് മുതൽ, ആരും തിരിഞ്ഞു നോക്കാത്തത് വരെയുള്ള മേഖലകൾ ഉണ്ട്.
ഹരിദ്വാറിലുള്ള നിരവധി ഘാട്ടുകളിൽ ഹരി കി പൗരി ഒഴികെ മറ്റിടങ്ങളിൽ തിരക്ക് തീരെ കുറവാണ്. കുംഭമേള പോലുള്ള വിശേഷ അവസരങ്ങളിൽ മാത്രമാണ് ഈ പടവുകളിൽ ആരെങ്കിലും എത്തിനോക്കുക. പുറമെയുള്ളവർ ഹരിദ്വാറിനെ ഒരു പുണ്യ നഗരമായാണ് കാണുന്നത് എങ്കിലും, നഗരത്തിനകത്ത് ഏറ്റവും പവിത്രമായത് മുതൽ, ആരും തിരിഞ്ഞു നോക്കാത്തത് വരെയുള്ള മേഖലകൾ ഉണ്ട് © ജോയൽ കെ. പയസ്

ഒരു ദിവസത്തേക്ക് മാത്രമാണ് ഞങ്ങൾക്ക് ഗുരുദ്വാരയിൽ താമസ സൗകര്യം ലഭിച്ചിട്ടുള്ളത്. അടുത്ത ദിവസം മറ്റേതെങ്കിലും ഏർപ്പാട് നോക്കണം. അന്ന് വൈകുന്നേരം ഞങ്ങൾ വെറുതേ നടക്കാൻ ഇറങ്ങി. റോഡുകളിൽ തിരക്കോട് തിരക്ക്. ബാഗുകളും വലിയ ഭാണ്ഡങ്ങളും ചുമന്ന് ആയിരിക്കണണക്കിന് ആളുകളാണ് ഓരോ ദിവസവും ഹരിദ്വാറിൽ തീവണ്ടി ഇറങ്ങുന്നത്. തെരുവുകളിൽ ചുറ്റിയടിച്ചും, ധർമ്മശാലകളിൽ മുറി വാടക അന്വേഷിച്ചും ഞങ്ങൾ സമയം കുറച്ച് ചിലവാക്കി. രാത്രിയായപ്പോൾ ഗുരുദ്വാരയിലേക്ക് തന്നെ തിരിച്ച് നടന്നു. അന്നത്തെ അത്താഴം അവിടത്തെ ലങ്ങാറിൽ നിന്നാണ് കഴിച്ചത്. ചോറും പരിപ്പും അച്ചാറും കൂട്ടിയുള്ള ലളിതമായ ഭക്ഷണം. അടുത്ത ദിവസം കുറേ പരിപാടികൾ ഉള്ളതുകൊണ്ട് ഭക്ഷണശേഷം ഞങ്ങൾ വേഗം ഉറങ്ങാൻ കിടന്നു.



സൈക്കിൾ റിക്ഷക്കാരുടെയും വഴിയോര കച്ചവടക്കാരുടെയും ഒച്ചപ്പാടുകളാണ് അടുത്ത ദിവസം ഞങ്ങളെ ഉണർത്തിയത്. മുറി ഒഴിഞ്ഞുകൊടുക്കാൻ സമയമായിരുന്നു. സൗജന്യമായി കിട്ടിയ പ്രഭാതഭക്ഷണവും കഴിച്ച്, ബാഗുകളും എടുത്ത് ഞങ്ങൾ നഗരകേന്ദ്രത്തിലേക്ക് നടന്നു. നിരവധി ധർമ്മശാലകൾ വഴിയിൽ കണ്ടു. കുറഞ്ഞത് പത്തിടത്തെങ്കിലും ഞങ്ങൾ കയറിയിറങ്ങിയിട്ടുണ്ടാകും. ഒരിടത്തും മുറിയില്ല. ഒഴിവുണ്ടായിട്ടും ചിലർ മുറി തന്നില്ല. മറ്റുചിലർ 1,000 രൂപയൊക്കെയാണ് വാടക ചോദിക്കുന്നത്; ധർമ്മശാല എന്ന് പേരിൽ മാത്രമേ ഉള്ളൂ. ഇതുവരെയുള്ള യാത്രയിൽ അനുഭവപ്പെടാത്ത വിധം പരുഷമായാണ് ആളുകൾ പെരുമാറിയത്. തികഞ്ഞ കച്ചവട മനോഭാവമാണ് പലരിലും കണ്ടത്. പ്രകൃതിക്കും, മനുഷ്യനും എന്തൊക്കെയോ മാറ്റങ്ങൾ വന്നിരിക്കുന്നു എന്നുതോന്നി. ക്ഷേത്രങ്ങളും, ഘാട്ടുകളും ഉള്ള ഭാഗത്തേക്ക് ഞങ്ങൾ നടന്നു. റോഡിൽ വെറുതെ നിന്നാൽ പുറകിൽ നിന്ന് വരുന്ന ജനക്കൂട്ടം നമ്മളെ തള്ളി മുന്നോട്ട് കൊണ്ടുപോകുന്ന വിധം തിരക്കായിരുന്നു അവിടെ. പല നാടുകളിൽ നിന്ന് വന്നിട്ടുള്ള ആളുകൾ… അവരുടെ വിവിധ നിറങ്ങളിലുള്ള വസ്ത്രങ്ങളും, അപരിചിതമായ ഭാഷകളിലുള്ള സംഭാഷണങ്ങളും. ചിലർ ചെറിയ ഗ്യാസ് അടുപ്പുകളും ചുമന്നാണ് വന്നിരിക്കുന്നത്. ഋഷികേശിനെ അപേക്ഷിച്ച് കുറച്ച് വിദേശികളെ മാത്രമേ ഇവിടെ കണ്ടുള്ളൂ. നദിയുടെ തീരത്തോട് അടുക്കും തോറും തിരക്ക് കൂടിവന്നു. വഴിയരികിൽ നിറയെ ലസ്സി, ഖുൽഫി കടകൾ. പാലുകൊണ്ടുണ്ടാക്കുന്ന മധുര പലഹാരങ്ങൾ വിൽക്കുന്ന കടകളിലും, ചെറിയ ഭക്ഷണ ശാലകളിലും വൻ തിരക്കാണ്. ഭോജ്പുരി ഭാഷയിലുള്ള സിനിമകൾ കളിക്കുന്ന ഒന്നുരണ്ട് തീയേറ്ററുകൾ വഴിയരികിൽ കണ്ടു. അവിടെയും തിരക്കിന് കുറവില്ല.

നിറങ്ങളുടെയും ഭാഷകളുടെയും വൈവിധ്യമാണ് ഹരിദ്വാറിലെ തെരുവുകളിൽ നടക്കാനിറങ്ങിയ ഞങ്ങളെ വരവേറ്റത്. വിലകൂടിയ വാഹനങ്ങളിൽ വന്നിറങ്ങുന്ന ധനികരായ തീർത്ഥാടകരെ ഗംഗയുടെ തീരത്ത് ധാരാളമായി കാണാൻ തുടങ്ങിയതും ഇവിടെ മുതലാണ്
നിറങ്ങളുടെയും ഭാഷകളുടെയും വൈവിധ്യമാണ് ഹരിദ്വാറിലെ തെരുവുകളിൽ നടക്കാനിറങ്ങിയ ഞങ്ങളെ വരവേറ്റത്. വിലകൂടിയ വാഹനങ്ങളിൽ വന്നിറങ്ങുന്ന ധനികരായ തീർത്ഥാടകരെ ഗംഗയുടെ തീരത്ത് ധാരാളമായി കാണാൻ തുടങ്ങിയതും ഇവിടെ മുതലാണ് © ജോയൽ കെ. പയസ്

ഒരുകാലത്ത് മായാപുരി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഹരിദ്വാറിൽ ചെറുതും വലുതുമായ ഒട്ടനവധി ക്ഷേത്രങ്ങളുണ്ട്. അവയിൽ ചിലത് നഗരത്തിന് ചുറ്റുമുള്ള ചെറിയ കുന്നുകൾക്ക് മുകളിലാണ്.



പ്രാചീനമായ മായാദേവി ക്ഷേത്രവും, മാനസാദേവി ക്ഷേത്രവും ഒരുപാട് ഭക്തരെ ആകർഷിക്കുന്നു. ദക്ഷേശ്വര മഹാദേവ ക്ഷേത്രമാണ് ഹരിദ്വാറിലെ മറ്റൊരു പ്രസിദ്ധമായ ആരാധനാകേന്ദ്രം. ഇത് കൂടാതെ, സ്വതന്ത്രനന്തരം നിർമ്മിക്കപ്പെട്ട ഭാരതമാതാ ക്ഷേത്രവും ഇവിടെയുണ്ട്. 1983ൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് എട്ട് നിലകളുള്ള ഈ ക്ഷേത്രം ഉൽഘാടനം ചെയ്തത്. ഇതിഹാസങ്ങളിലെയും പുരാണങ്ങളിലെയും പല കഥകളും കഥാപാത്രങ്ങളും, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പല സുപ്രധാന എടുകളും ഈ ക്ഷേത്രത്തിന്റെ ചുമരുകളിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. മതവും രാഷ്ട്രീയവും പരസ്പരം വേർപ്പെടുത്താനാവാത്ത വിധം ഇവിടെ കൂടിക്കലർന്നുകിടക്കുന്നു. സ്വാതന്ത്രാനന്തര ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കൾ ക്ഷേത്രങ്ങളോ മതസ്ഥാപനങ്ങളോ ഉൽഘാടനം ചെയ്യുന്നത് പലപ്പോഴും ചോദ്യവിഷയമായിട്ടുണ്ട്. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം പുനർനിർമ്മിക്കാൻ തന്റെ മന്ത്രിസഭയിലെ സർദാർ പട്ടേലും, കെ എം മുൻഷിയും മുൻകയ്യെടുക്കുന്നതിനെ നെഹ്റു എതിർത്തിരുന്നു. 1951ൽ ആ ക്ഷേത്രത്തിന്റെ ഉൽഘാടനത്തിൽ ആതിഥ്യം വഹിക്കാൻ പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് തിരുമാനിച്ചപ്പോഴും നെഹ്റു അതിനോട് വിമുഖത കാട്ടി. “ഇത് വെറുമൊരു ക്ഷേത്ര സന്ദർശനത്തിന്റെ പ്രശ്നമല്ല. അത് താങ്കൾക്ക് എപ്പോൾ വേണമെങ്കിലും ചെയ്യാം. ക്ഷേത്രത്തിന്റെ ഉൽഘാടനം പോലുള്ള ഒരു സുപ്രധാന ചടങ്ങിൽ താങ്കൾ പങ്കെടുക്കുന്നത് മൂലം മറ്റുപല പ്രത്യാഘാതങ്ങളും ഉണ്ടാകാം,” നെഹ്റു പ്രസിഡന്റിന് എഴുതി. മതേതര രാഷ്ട്രത്തിൽ മതത്തിന്റെ സ്ഥാനം എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള നെഹ്രുവിന്റ് കാഴ്ചപ്പാടാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്[1]. ഈ സംഭവത്തിന് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് നെഹ്രുവിന്റെ മകളായ ഇന്ദിര ഹരിദ്വാറിൽ ഭാരതമാതാ ക്ഷേത്രം ഉൽഘാടനം ചെയ്യുന്നത്. ഇന്ദിരയെ വിമർശിച്ച് രാഷ്ട്രീയ ചിന്തകനായ ക്രിസ്റ്റഫർ ജാഫ്രേളോട്ട് എഴുതിയ വാക്കുകൾ ഇവിടെ പ്രസക്തമാണ്. “രാജ്യത്തുള്ള മതപരമായ വിഭാഗീയതകളെ തികച്ചും അപകടകരമായ രീതിയിൽ മുതലെടുക്കാനാണ് അവർ ശ്രമിച്ചത്. അലിഗഡ് മുസ്‌ലീം യൂണിവേഴ്സിറ്റിയെ ഒരു ന്യൂനപക്ഷ സ്ഥാപനമായി പ്രഖ്യാപിച്ചു. പഞ്ചാബിലെ പ്രതിപക്ഷ കക്ഷിയായ അകാലിദളിനെ നേരിടാൻ അക്രമകാരികളും വിഭജന ചിന്തകളുമുള്ള സിഖുകാരെ പ്രോത്സാഹിപ്പിച്ചു. വിശ്വഹിന്ദു പരിഷദിന്റെ പിന്തുണയോടെ നിർമ്മിക്കപ്പെട്ട ഭാരതമാതാ ക്ഷേത്രത്തിന്റെ ഉൽഘാടനവും നിർവഹിച്ചു[2].” അവിടെ നിന്ന് നാല് പതിറ്റാണ്ടുകൾ കൂടി മുന്നോട്ടുപോയി 2020 ൽ എത്തുമ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതും നാം കാണുന്നു.

വിശ്വാസികൾ നദിയിലേക്ക് എറിയുന്ന ചില്ലറത്തുട്ടുകൾ തപ്പിയെടുക്കുന്ന കുട്ടികൾ. കൈയിൽ കരുത്തിയിട്ടുള്ള ശക്തിയുള്ള കാന്തം ഉപയോഗിച്ചാണ് അവർ നാണയങ്ങൾ പിടിച്ചെടുക്കുന്നത്. ഓരോ തവണ കിട്ടുന്ന ചില്ലറപൈസകളും കവിളിനിടയിലാണ് അവർ സൂക്ഷിക്കുന്നത്
വിശ്വാസികൾ നദിയിലേക്ക് എറിയുന്ന ചില്ലറത്തുട്ടുകൾ തപ്പിയെടുക്കുന്ന കുട്ടികൾ. കൈയിൽ കരുത്തിയിട്ടുള്ള ശക്തിയുള്ള കാന്തം ഉപയോഗിച്ചാണ് അവർ നാണയങ്ങൾ പിടിച്ചെടുക്കുന്നത്. ഓരോ തവണ കിട്ടുന്ന ചില്ലറപൈസകളും കവിളിനിടയിലാണ് അവർ സൂക്ഷിക്കുന്നത് © ജോയൽ കെ. പയസ്
ഭൂതകാലത്തെ ചികഞ്ഞെടുക്കാനും, ഭാവിയെ അനാവരണം ചെയ്യാനും 'കഴിവുള്ള' ജ്യോതിഷ പണ്ഡിതർക്ക് ഹരിദ്വാർ നല്ല ഒരു താവളമാണ്
ഭൂതകാലത്തെ ചികഞ്ഞെടുക്കാനും, ഭാവിയെ അനാവരണം ചെയ്യാനും ‘കഴിവുള്ള’ ജ്യോതിഷ പണ്ഡിതർക്ക് ഹരിദ്വാർ നല്ല ഒരു താവളമാണ് © ജോയൽ കെ. പയസ്

നമ്മുടെ രാജ്യത്ത് ഇപ്പോഴും സജീവമായുള്ള നഗരങ്ങളിൽ ഏറ്റവും പ്രാചീനമായ ഒന്നാണ് ഹരിദ്വാർ. സംസ്‌കൃത ഭാഷയിലെ ഹരി, ദ്വാർ എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് നഗരത്തിന് പേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു[3]. ഹരി എന്നാൽ വിഷ്ണു, ദ്വാർ എന്നാൽ കവാടം. ഈ നഗരത്തെ ഹർദ്വാർ (Hardwar) എന്നും വിളിക്കുന്നവരുണ്ട്. പ്രത്യേകിച്ചും ശിവ ഭക്തരാണ് ഇങ്ങനെ വിളിക്കുക. ഹർ എന്നാൽ ശിവൻ എന്നാണർത്ഥം. ഭൂമുഖത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകൾ തടിച്ചുകൂടുന്ന കുംഭമേളകൾ നടക്കുന്ന നാല് നഗരങ്ങളിൽ ഒന്നാണ് ഹരിദ്വാർ. പാലാഴിമദനം കഴിഞ്ഞപ്പോൾ പുറത്തുവന്ന അമൃതും വഹിച്ച് ഗരുഡൻ പറന്നുയർന്നപ്പോൾ അമൃത കുംഭത്തിൽ നിന്നുള്ള തുള്ളികൾ നാലിടത്തായി വീണു എന്നാണ് പുരാണം. നാഷിക് (ഗോദാവരിയുടെ തീരത്ത്), ഉജ്ജയിൻ (നർമദ), പ്രയാഗ് (ഗംഗ-യമുന സംഗമ സ്ഥാനം), ഹരിദ്വാർ (ഗംഗ) എന്നിവയാണ് ആ നാല് സ്ഥാനങ്ങൾ. ഇതുകൂടാതെ, കൻവാർ എന്ന തീർത്ഥാടനത്തിന്റെ ഒരു ആരംഭകേന്ദ്രവുമാണ് ഇവിടം. ചെറിയ കുടങ്ങളിൽ ഗംഗാജലവും ചുമന്ന് വിദൂര ഗ്രാമങ്ങളിലേക്ക് ആളുകൾ നടക്കുന്നതിനെയാണ് കൻവാർ യാത്ര എന്ന് പറയുന്നത്. ഹരിദ്വാറിലെത്തുന്ന തീർത്ഥാടകർ ഏറ്റവും പുണ്യമായി കരുതുന്നത് ഹരി കി പൗരി (Hari-ki- Pauri) എന്ന സ്നാനഘാട്ടിലുള്ള മുങ്ങിക്കുളിയാണ്. വിഷ്ണുവിന്റെ കാൽപ്പാടുകൾ എന്നാണ് ഈ വാക്കിന്റെ അർത്ഥം. ഹർ കി പൗരി (ശിവന്റെ കാലടികൾ) എന്ന പേരും ഇതേ സ്ഥലത്തിനുണ്ട്. അമൃതകുംഭത്തിൽ നിന്നുള്ള ഒരു തുള്ളി ഇവിടെയാണ് വീണത് എന്നാണ് പുരാണം. മുഗൾ ചക്രവർത്തി അക്ബറിന്റെ ഭരണകാലത്ത് എഴുതപ്പെട്ട ഐൻ ഈ അക്ബറി (Ain e-Akbari) യിൽ ഈ പ്രദേശത്തെ മായ എന്നാണ് വിളിക്കുന്നത്. അക്ബറിന് ഗംഗാജലത്തോട് പ്രത്യേക പ്രതിപത്തി ഉണ്ടായിരുന്നെന്നും, നദീജലം മുദ്ര വെച്ച കുടങ്ങളിൽ രാജധാനിയിലേക്കും ചക്രവർത്തി യാത്രപോകുന്ന ഇടങ്ങളിലേക്കും അയക്കാൻ ഏർപ്പാടുകൾ ഉണ്ടായിരുന്നെന്നും എഴുതപ്പെട്ട് കാണുന്നു[4]. വളരെ സംഭവബഹുലമായ ചരിത്രം ഉള്ളതിനാൽ ഒരുപാട് സാഹിത്യകൃതികളിലും പഠനങ്ങളിലും ഒരു കേന്ദ്രകഥാപാത്രമാണ് ഹരിദ്വാർ.



ഐഐടി റൂർക്കിയുടെ കേന്ദ്ര ഓഫിസിൽ സ്ഥാപിച്ചിട്ടുള്ള ജെയിംസ് തോമാസന്റെ പ്രതിമ. റൂർക്കിയിൽ ഒരു സിവിൽ എൻജിനീയറിങ്ങ് കോളേജ് സ്ഥാപിക്കാനുള്ള നിർദ്ദേശം ആദ്യമായി മുന്നോട്ട് വെച്ചത് തോമാസൻ ആയിരുന്നു. ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വടക്കുപടിഞ്ഞാറൻ മേഖലകളുടെ ലെഫ്റ്റനന്റ് ഗവർണ്ണർ ആയിരുന്ന ഈ ഉദ്യോഗസ്ഥൻ ഗ്രാമീണ മേഖലകളിൽ പ്രാഥമിക സ്‌കൂളുകൾ തുടങ്ങാൻ മുൻകയ്യെടുത്തതായും പറയപ്പെടുന്നു
ഐഐടി റൂർക്കിയുടെ കേന്ദ്ര ഓഫിസിൽ സ്ഥാപിച്ചിട്ടുള്ള ജെയിംസ് തോമാസന്റെ പ്രതിമ. റൂർക്കിയിൽ ഒരു സിവിൽ എൻജിനീയറിങ്ങ് കോളേജ് സ്ഥാപിക്കാനുള്ള നിർദ്ദേശം ആദ്യമായി മുന്നോട്ട് വെച്ചത് തോമാസൻ ആയിരുന്നു. ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വടക്കുപടിഞ്ഞാറൻ മേഖലകളുടെ ലെഫ്റ്റനന്റ് ഗവർണ്ണർ ആയിരുന്ന ഈ ഉദ്യോഗസ്ഥൻ ഗ്രാമീണ മേഖലകളിൽ പ്രാഥമിക സ്‌കൂളുകൾ തുടങ്ങാൻ മുൻകയ്യെടുത്തതായും പറയപ്പെടുന്നു © ജോയൽ കെ. പയസ്

താമസിക്കാൻ സൗകര്യം അന്വേഷിച്ച് നടന്ന ഞങ്ങൾ ഹരി കി പൗരിക്ക് അടുത്ത് ഒരു കുടുസ്സു മുറിയിൽ താമസം ശരിയാക്കി. ഒരു ദിവസത്തേക്ക് നാന്നൂറ് രൂപ വാടകയും കൊടുത്ത് ദുർഗന്ധം വമിക്കുന്ന ആ മുറിയിൽ അധിക സമയം തങ്ങാൻ മനസ്സ് അനുവദിച്ചില്ല. സുമിതിന്റെ സുഹൃത്തായ രാജ് ഹരിദ്വാറിൽ നിന്ന് കുറച്ച് മാറി റൂർക്കി എന്ന സ്ഥലത്താണ് താമസം. അങ്ങോട്ടു പോയാലോ എന്ന് ഞങ്ങൾ ആലോചിച്ചു. രാജിനെ വിളിച്ചപ്പോൾ അയാൾക്കും സമ്മതം. ഞങ്ങളെ കൊണ്ടുപോകാൻ വൈകുന്നേരം കാറുമായി വരാമെന്ന് രാജ് പറഞ്ഞു. സമയം ഉച്ചയാകുന്നതേ ഉള്ളൂ. ഘാട്ടുകളിൽ ചുറ്റിടിക്കാൻ തീരുമാനിച്ച് ഞങ്ങൾ പുറത്തിറങ്ങി. പുരാണങ്ങളിൽ പറഞ്ഞിട്ടുള്ളത് എന്ത് തന്നെയായാലും, ഗംഗയ്ക്ക് എത്രയൊക്കെ പാപമോചന ശക്തിയുണ്ട് എന്ന് ആളുകൾ വിശ്വസിച്ചാലും, ഹരി കി പൗരിയിലെ കാഴ്ച കണ്ടപ്പോൾ എനിക്ക് അൽപ്പം അറപ്പ് തോന്നിപ്പോയി. നെയ്യും, എണ്ണയും കലർന്ന് ഇരുണ്ട നിറത്തിലുള്ള വെള്ളം. നൂറുകണക്കിന് ആളുകൾ അതിൽ മുങ്ങിപ്പൊങ്ങുന്നു. ചിലർ പൂക്കളും, പൂജാദ്രവ്യങ്ങളും നദിയിൽ ഒഴുക്കുന്നു. മറ്റുചിലർ നാണയതുട്ടുകൾ എറിയുന്നു. കുളിച്ച് പടവുകളിലേക്ക് കയറുന്ന പലരും തങ്ങളുടെ പഴയ വസ്ത്രങ്ങൾ വെള്ളത്തിൽ തന്നെ ഉപേക്ഷിക്കുകയാണ്. നദിയിൽ വീഴുന്ന നാണയങ്ങൾ ശേഖരിക്കാൻ തയ്യാറായി ഒരു കൂട്ടം ആളുകൾ നിൽക്കുന്നു. കൈവശമുള്ള ശക്തിയുള്ള കാന്തം ഉപയോഗിച്ചാണ് അവർ ലോഹനിർമ്മിതമായ ചില്ലറത്തുട്ടുകൾ കയ്യിലാക്കുന്നത്. ചെറിയ കുട്ടികൾ മുതൽ പ്രായമായ ആളുകൾ വരെ ഈയൊരു ലക്ഷ്യത്തോടെ വെള്ളത്തിൽ ഇറങ്ങിയിട്ടുണ്ട്. പലരും തങ്ങൾക്ക് കിട്ടുന്ന നാണയങ്ങൾ വായിലേക്കിട്ട് കവിളുകൾക്ക് ഇടയിലാണ് സൂക്ഷിക്കുന്നത്. ഇരു കവിളുകളും വീർപ്പിച്ച് ജാഗ്രതയോടെ പടവുകളിലേക്ക് നോക്കി നിൽക്കുന്ന കുട്ടികളെ അവിടെ വിട്ട് ഞങ്ങൾ മറ്റ് കാഴ്ചകളിലേക്ക് നടന്നു. ഇതുവരെയുള്ള യാത്രയിൽ നദിക്ക് വീതി കൂടുതലും ഘാട്ടുകൾക്ക് വലിപ്പം കുറവുമായിരുന്നെങ്കിൽ, ഹരിദ്വാറിൽ സ്ഥിതി മറിച്ചായിരുന്നു. ഇവിടെയുള്ള കോൺക്രീറ്റ് നിർമ്മിതികളുടെ ഇടയിൽ ഗംഗ ചെറുതായി കാണപ്പെട്ടു.



പ്രകൃതിയിൽ വലിയതോതിൽ രൂപമാറ്റം വരുത്താനും, അങ്ങനെ മാറ്റം വരുത്തിയ പ്രകൃതിയെ തുടർന്നും പരിപാവനമായി കരുതാനും മനുഷ്യന് എളുപ്പം സാധിക്കും എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് ഹരിദ്വാർ.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി മുതലാണ് ഗംഗാനദിയിൽ വലിയ തോതിലുള്ള മാനുഷിക ഇടപെടലുകൾ നടക്കുന്നത്. അതിന് മുൻപും ഗതാഗത, വാണിജ്യ, കാർഷിക ആവശ്യങ്ങൾക്കായി ഗംഗയെ ഉപയോഗപ്പെടുത്തിയിരുന്നെങ്കിലും, നദിയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്ന രീതിയിലുള്ള വലിയ നിർമ്മിതികൾ കാര്യമായൊന്നും ഇല്ലായിരുന്നു. വർഷം തോറും മാറിമാറി വരുന്ന വെള്ളപ്പൊക്കങ്ങളും, ക്ഷാമങ്ങളും ഗംഗാസമതലത്തിൽ (Gangetic plains) ജീവിക്കുന്ന മനുഷ്യരുടെയും, മറ്റനവധി ജീവജാലങ്ങളുടെയും വിധി നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. യൂറോപ്പിലെ വ്യവസായ വിപ്ലവത്തിന്റെ ഫലമായുണ്ടായ പല സാങ്കേതിക വിദ്യകളും ഇന്ത്യയിൽ പ്രയോഗിക്കാൻ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ശ്രമിക്കുന്ന കാലമായിരുന്നു അത്. മുഗൾ ഭരണകർത്താക്കൾ നിർമ്മിച്ച ജലസേചന സൗകര്യങ്ങൾ, പ്രത്യേകിച്ചും കനാലുകൾ, വിപുലപ്പെടുത്താൻ കമ്പനി ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. 1830 കളുടെ അവസാനത്തിൽ മധ്യേന്ത്യയിലും, ഗംഗാ-യമുനാ തടത്തിലെ പല മേഖലകളിലും വലിയൊരു ക്ഷാമം അനുഭവപ്പെട്ടു. ഇത്തരം ക്ഷാമങ്ങളും, വെള്ളപ്പൊക്കങ്ങളും തങ്ങളുടെ വരുമാനത്തെ കാര്യമായി ബാധിക്കുന്നു എന്ന് മനസ്സിലാക്കിയ കമ്പനി വലിയൊരു എഞ്ചിനിയറിങ്ങ്‌ സാഹസത്തിന് മുതിർന്നു. അതിന്റെ തുടക്കം ഹരിദ്വാറിലായിരുന്നു[5].

ഭോജ്പുരി ഭാഷയിൽ പുറത്തിറങ്ങുന്ന സിനിമകൾക്ക് നാട്ടിൻപുറങ്ങളിൽ വലിയ പ്രചാരം ഉണ്ട്. ഉത്തർപ്രദേശ്, ബീഹാർ, നേപ്പാൾ തുടങ്ങിയ മേഖലകളിൽ പ്രചാരത്തിലുള്ള ഭോജ്പുരി ഭാഷയെ ഹിന്ദിയുടെ ഒരു വകഭേദമായി കണക്കാക്കാം. വളരെ സങ്കുചിതമായ രീതിയിൽ ദേശീയതയും, പുരുഷ മേധാവിത്വവും ചിത്രീകരിക്കുന്നവയാണ് വലിയൊരു പങ്ക് ഭോജ്പുരി ചിത്രങ്ങളും. സാമൂഹിക വ്യവസ്ഥയുടെ ഏറ്റവും താഴെക്കിടയിലുള്ള ആളുകളെ ആകർഷിക്കാനുള്ള ചേരുവകൾ കൂട്ടിച്ചേർത്ത് നിർമ്മിക്കപ്പെടുന്ന ഇത്തരം സിനിമകളിൽ ഓരോ സമൂഹത്തെയും ചിത്രീകരിക്കുന്നത് പലപ്പോഴും പ്രത്യേക മുദ്രാഫലകങ്ങളിൽ (stereotype) മാത്രമായാണ്.
ഭോജ്പുരി ഭാഷയിൽ പുറത്തിറങ്ങുന്ന സിനിമകൾക്ക് നാട്ടിൻപുറങ്ങളിൽ വലിയ പ്രചാരം ഉണ്ട്. ഉത്തർപ്രദേശ്, ബീഹാർ, നേപ്പാൾ തുടങ്ങിയ മേഖലകളിൽ പ്രചാരത്തിലുള്ള ഭോജ്പുരി ഭാഷയെ ഹിന്ദിയുടെ ഒരു വകഭേദമായി കണക്കാക്കാം. വളരെ സങ്കുചിതമായ രീതിയിൽ ദേശീയതയും, പുരുഷ മേധാവിത്വവും ചിത്രീകരിക്കുന്നവയാണ് വലിയൊരു പങ്ക് ഭോജ്പുരി ചിത്രങ്ങളും. സാമൂഹിക വ്യവസ്ഥയുടെ ഏറ്റവും താഴെക്കിടയിലുള്ള ആളുകളെ ആകർഷിക്കാനുള്ള ചേരുവകൾ കൂട്ടിച്ചേർത്ത് നിർമ്മിക്കപ്പെടുന്ന ഇത്തരം സിനിമകളിൽ ഓരോ സമൂഹത്തെയും ചിത്രീകരിക്കുന്നത് പലപ്പോഴും പ്രത്യേക മുദ്രാഫലകങ്ങളിൽ (stereotype) മാത്രമായാണ് © ജോയൽ കെ. പയസ്

കൽക്കത്ത കേന്ദ്രമാക്കിയാണ് ഈസ്റ്റ് ഇന്ത്യ കമ്പനി അക്കാലത്ത് പ്രവർത്തിച്ചിരുന്നത്. ഉൾനാടുകളിൽ നിന്നുള്ള ചരക്കുകൾ കൽക്കത്ത തുറമുഖത്തേക്ക് കൊണ്ടുവരാനും, കലാപങ്ങളോ ക്രമസമാധാന പ്രശ്നങ്ങളോ ഉള്ള ഇടങ്ങളിലേക്ക് കൂലിപ്പട്ടാളത്തെ അയക്കാനും ഗംഗാനദിയെയാണ് കമ്പനി ആശ്രയിച്ചിരുന്നത്. ആവി എഞ്ചിന്റെ കണ്ടുപിടുത്തം ലോകമെമ്പാടും വലിയ ഓളങ്ങൾ സൃഷ്ടിച്ചിരുന്നു. 1811 ൽ ന്യൂയോർക്കിലെ ഹഡ്സൻ നദിയിൽ ആവി എഞ്ചിനുപയോഗിച്ചുള്ള ബോട്ട് സവാരി തുടങ്ങി. അധികം വൈകാതെ ഗംഗയിലും ആവി ബോട്ടുകൾ ഓടിത്തുടങ്ങി. 1828ൽ ഹൂഗ്ലി (Hooghly) എന്നുപേരുള്ള ഒരു സ്റ്റീമർ കൽക്കത്തയിൽ നിന്ന് അലഹബാദ് വരെ എത്തി[6]. തുഴക്കാരില്ലാതെ, പുക തുപ്പി ‘സ്വയം’ സഞ്ചരിക്കുന്ന ആ അത്ഭുത നൗക കാണാൻ ആയിരക്കണക്കിന് ആളുകളാണ് നദിയുടെ തീരത്ത് തടിച്ചുകൂടിയതെന്ന് അക്കാലത്ത് ഇന്ത്യ സന്ദർശിച്ച സഞ്ചാര സാഹിത്യകാരൻ ഫാനി പാർക്സ് (Fanny Parks) എഴുതിയിട്ടുണ്ട്. എന്നാൽ അലഹബാദിനും, ഹരിദ്വാറിനും ഇടയിലുള്ള ദോവാബ് മേഖലയ്ക്ക് ഇതിന്റെ കാര്യമായ ഗുണം ലഭിച്ചില്ല.



ഗംഗ-യമുന നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സമതല പ്രദേശം ദൊവാബ് (Dovab) എന്നാണ് അറിയപ്പെടുന്നത്. വളരെ ഫലപുഷ്ടിയുള്ള ഈ മേഖലയിൽ ജലസേചനത്തിനും, ഉൾനാടൻ ജലഗതാഗതത്തിനും ഉതകുന്ന രീതിയിൽ ഒരു വലിയ കനാൽ ശൃംഖലയാണ് കമ്പനി വിഭാവന ചെയ്തത്. ഒരുപാട് വെള്ളം ആവശ്യമുള്ള നെല്ലും, കരിമ്പുമാണ് ഇവിടത്തെ പ്രധാന വിളകൾ. ഇവയുടെ ഉത്പാദനം വൻതോതിൽ ഉയർത്താൻ കാര്യക്ഷമമായ ജലസേചനം ആവശ്യമായിരുന്നു. കൂടാതെ, ഗംഗാ തീരത്തുള്ള പ്രധാന പട്ടണങ്ങളിലേക്ക് കാർഷിക വിളകൾ എത്തിക്കാനുള്ള ഗതാഗത സൗകര്യവും അക്കാലത്ത് കുറവായിരുന്നു. ഈ രണ്ട് സമസ്യകളും ഒറ്റയടിക്ക് പരിഹരിക്കാൻ ഇംഗ്ലീഷ് എഞ്ചിനിയർമാർ പദ്ധതിയിട്ടു. അതിന്റെ ഫലമാണ് മഹത്തായ ഗംഗാ കനാൽ (The Great Ganges Canal). വടക്ക് ഹരിദ്വാറിൽ നിന്ന് തുടങ്ങി 500 കിലോമീറ്ററിലധികം ദൂരെ തെക്ക് കാൺപൂർ വരെ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ ജലസേചന ശൃംഖലയാണിത്. പ്രധാന കനാലും, ശാഖകളും കൂടിച്ചേർന്ന് ആയിരക്കണക്കിന്‌ കിലോമീറ്ററുകൾ നീണ്ടു കിടക്കുന്ന ഈ പദ്ധതി ഇപ്പോഴും വിപുലികരിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. ഹരിദ്വാറിൽ ഗംഗയ്ക്ക് കുറുകെയുള്ള വലിയൊരു അണക്കെട്ടാണ് (barrage) ഈ പദ്ധതിയുടെ അഗ്രസ്ഥാനം (headworks). പുണ്യനദിയായ ഗംഗയിലെ ഒഴുക്ക് തടസപ്പെടും എന്ന ഭയം മൂലം ഹരിദ്വാറിലെ പല സന്യാസ സമൂഹങ്ങളും, ഭക്തരും, പൊതുജനങ്ങളും കനാൽ പദ്ധതിയെ തുടക്കത്തിൽ ശക്തമായി എതിർത്തു. പ്രതിഷേധിക്കുന്നവരെ കയ്യിൽ എടുക്കാൻ അധികാരികൾക്ക് അധികം കഷ്ടപ്പെടേണ്ടി വന്നില്ല. നദിയുടെ തുടർച്ചയായ ഒഴുക്ക് ഉറപ്പ് വരുത്താൻ അണയിൽ ഒരു ദ്വാരം ഇടാമെന്നും, വരൾച്ചാകാലത്തും ഹരിദ്വാറിലെ ഘാട്ടുകളിൽ ജലലഭ്യത ഉണ്ടാകുമെന്നും എഞ്ചിനിയർമാർ ഉറപ്പ് നൽകി. വെള്ളപ്പൊക്കമുണ്ടായാലും, വരൾച്ചയുണ്ടായാലും ഹരിദ്വാറിൽ വരുന്ന  തീർത്ഥാടകർക്ക് സൗകര്യപ്രദമായി പൂജാദി കർമ്മങ്ങൾ അനുഷ്ഠിക്കാൻ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാമെന്നും കമ്പനി ഏറ്റു. അതോടെ പ്രതിഷേധങ്ങൾ കെട്ടടങ്ങി. കുറഞ്ഞ കൂലിക്ക് പണിയെടുക്കാൻ ഒരുപാടാളുകളെ ലഭിച്ചതോടെ കനാൽ നിർമ്മാണം ദ്രുതഗതിയിൽ നടന്നു. 1854ൽ റൂർക്കിയിൽ വെച്ചാണ് കനാലിന്റെ ഉൽഘാടനം നടന്നത്. ആ അവസരത്തിൽ ലെഫ്റ്റനന്റ് ഗവർണ്ണർ ജോൺ കാൽവിൻ പറഞ്ഞ വാക്കുകൾ ഈ പദ്ധതിയുടെ പ്രാധാന്യം വെളിവാക്കുന്നു [7]. “അങ്ങനെ അവസാനം ബ്രിട്ടൻ ഇന്ത്യയുടെ മണ്ണിൽ ഒരു അനശ്വര മുദ്ര പതിപ്പിച്ചിരിക്കുന്നു. ഇത് നമ്മുടെ രാഷ്ട്രത്തിന്റെ ശക്തിയും, സാമ്പത്തിക ശേഷിയും, ഔദാര്യശീലവും ലോകത്തിന് മുൻപിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.” ഈ പദ്ധതിയോടെ ബ്രിട്ടൻ ഇന്ത്യയുടെ മാറിൽ ഒരു മായാമുദ്ര പതിപ്പിച്ചു എന്നതിൽ സംശയമില്ല. എന്നാൽ, ഇന്ത്യയിൽ നിന്ന് ചൂഷണം ചെയ്തെടുത്ത പണമുപയോഗിച്ചും, ഇവിടത്തെ ആളുകളെ തുച്ഛമായ കൂലിക്ക് പണിയെടുപ്പിച്ചും, ലാഭേച്ഛ മാത്രം നോക്കി നിർമ്മിച്ച ആ പദ്ധതി ബ്രിട്ടന്റെ ഔദാര്യമാണ് എന്ന് കരുതാൻ യാതൊരു നിർവാഹവുമില്ല.

ഹരിദ്വാറിലെ വലിയ തടയണയിൽ നിന്ന് പുറത്തുകടന്ന് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ജലദാഹികളായ കരിമ്പിൻ പാടങ്ങളുടെ നേരെ ഒഴുകുന്ന ഗംഗ. നഗരത്തിലെത്തുന്ന തീർത്ഥാടകരിൽ കഷ്ടിച്ച് നൂറിൽ ഒരാൾ മാത്രമായിരിക്കും നദിയുടെ ശാന്തമായ ഈ മുഖം കണ്ടിട്ടുണ്ടാവുക. ഗംഗയിലെ വെള്ളത്തിന് എത്രയൊക്കെ അത്ഭുദസിദ്ധികൾ ഉണ്ട് എന്ന് ആളുകൾ വിശ്വസിച്ചാലും, മനുഷ്യസ്പർശം അധികം ഏൽക്കാതിരിക്കുന്നതാണ് നദിക്ക് നല്ലത് എന്നാണ് എനിക്ക് തോന്നിയത്
ഹരിദ്വാറിലെ വലിയ തടയണയിൽ നിന്ന് പുറത്തുകടന്ന് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ജലദാഹികളായ കരിമ്പിൻ പാടങ്ങളുടെ നേരെ ഒഴുകുന്ന ഗംഗ. നഗരത്തിലെത്തുന്ന തീർത്ഥാടകരിൽ കഷ്ടിച്ച് നൂറിൽ ഒരാൾ മാത്രമായിരിക്കും നദിയുടെ ശാന്തമായ ഈ മുഖം കണ്ടിട്ടുണ്ടാവുക. ഗംഗയിലെ വെള്ളത്തിന് എത്രയൊക്കെ അത്ഭുദസിദ്ധികൾ ഉണ്ട് എന്ന് ആളുകൾ വിശ്വസിച്ചാലും, മനുഷ്യസ്പർശം അധികം ഏൽക്കാതിരിക്കുന്നതാണ് നദിക്ക് നല്ലത് എന്നാണ് എനിക്ക് തോന്നിയത് © ജോയൽ കെ. പയസ്
എണ്ണയും, പൂജാദ്രവ്യങ്ങളും കലർന്ന ഹരി കി പൗരിയിലെ വെള്ളം എന്റെ കൈവശമുള്ള ടിഡിഎസ് മീറ്ററിൽ പരിശോധിച്ചപ്പോൾ മലിനമായാണ് കാണപ്പെട്ടത്. ആളുകൾ തങ്ങളുടെ പാപങ്ങൾ കഴുകിക്കളയുമ്പോൾ മലിനമാകുന്നത് നദിയാണ് എന്നത് ഒരു വിരോധഭാസമായി എനിക്ക് തോന്നി
എണ്ണയും, പൂജാദ്രവ്യങ്ങളും കലർന്ന ഹരി കി പൗരിയിലെ വെള്ളം എന്റെ കൈവശമുള്ള ടിഡിഎസ് മീറ്ററിൽ പരിശോധിച്ചപ്പോൾ മലിനമായാണ് കാണപ്പെട്ടത്. ആളുകൾ തങ്ങളുടെ പാപങ്ങൾ കഴുകിക്കളയുമ്പോൾ മലിനമാകുന്നത് നദിയാണ് എന്നത് ഒരു വിരോധഭാസമായി എനിക്ക് തോന്നി © ജോയൽ കെ. പയസ്

കമ്പനിയുടെ സാങ്കേതിക പരീക്ഷണങ്ങൾക്ക് വേദിയായ ഹരിദ്വാർ സ്വാതന്ത്രാനന്തരം ഒരു വ്യാവസായിക കേന്ദ്രമായും വളർന്നു. എങ്കിലും, അന്നും ഇന്നും ഈ നഗരത്തെ ഒരു തീർത്ഥാടന കേന്ദ്രമായി മാത്രമാണ് മിക്ക ആളുകളും കണക്കാക്കുന്നത്. ഇവിടെയുള്ള ഘാട്ടുകളുടെ പടിക്കെട്ടുകളിൽ ഇരുന്ന്, ബലികർമ്മങ്ങൾ നടത്തുന്ന ആളുകളെ നിരീക്ഷിച്ചാണ് ഞങ്ങൾ  അധിക സമയവും ചിലവഴിച്ചത്. സന്ധ്യാസമയത്തെ ഗംഗാ ആരതിക്ക് സമയമായപ്പോൾ ഞങ്ങൾ ഹരി കി പൗരിയിലേക്ക് മടങ്ങി. ആയിരങ്ങൾ ആ ഘാട്ടിൽ തടിച്ചുകൂടിയിരുന്നു. അത്യാധുനിക മെഷീൻ ഗണ്ണുകൾ കയ്യിലേന്തിയ അർദ്ധസൈനികർ അവിടെയെല്ലാം റോന്തുചുറ്റി. അവരുടെ നിരീക്ഷണക്കണ്ണുകൾ സന്ദർശകരുടെ ഓരോ ചലനവും നിരീക്ഷിച്ചുകൊണ്ടിരുന്നു. ബഹളം നിറഞ്ഞ അന്തരീക്ഷം പെട്ടന്നാണ് ശാന്തമായത്.

മണികിലുക്കങ്ങളുടെയും ശംഖനാദങ്ങളുടെയും പശ്ചാത്തലത്തിൽ പടവുകളിൽ നിന്ന് മന്ത്രങ്ങൾ ഉയർന്നു. ചിരാതുകളിൽ ദീപനാളങ്ങൾ തെളിഞ്ഞു. അതുവരെ തിരക്കിലായിരുന്ന കൈനോട്ടക്കാരും, ജ്യോത്സ്യന്മാരും ആ ചെറിയ ഇടവേളയിൽ വിശ്രമിച്ചു. പ്രാർത്ഥനയിൽ ലയിച്ചു നിൽക്കുന്ന ജനക്കൂട്ടത്തിനിടയിലൂടെ ഞങ്ങൾ നടന്നു.



കാഴ്ചകൾക്ക് പഞ്ഞമില്ലാത്ത ഒരു സ്ഥലമാണ് ഹരിദ്വാർ. എവിടേക്ക് തിരിഞ്ഞു നോക്കിയാലും എന്തെങ്കിലും അസാധാരണ സംഗതികൾ കണ്ണിൽപ്പെടും. കളിമൺ ചില്ലത്തിൽ കഞ്ചാവ് നിറയ്ക്കുന്ന ഒരു പ്രായമേറിയ സ്ത്രീയെ വഴിയിൽ കണ്ടു. ഉരുണ്ട മുഖവും വലിയ കണ്ണുകളുമുള്ള അവർ വളരെ ഏകാഗ്രതയോടെയാണ് ആ ജോലിയിൽ മുഴുകിയിരിക്കുന്നത്. ചില്ലത്തിൽ നിന്നുള്ള കട്ടിയുള്ള വെളുത്ത പുക അവരുടെ മുഖം മറയ്ക്കുന്നത് വരെ ഞങ്ങൾ അവിടെ നിന്നു. വേഗത്തിൽ മാറിമറയുന്ന രംഗങ്ങളുള്ള ഒരു സിനിമപോലെ കാഴ്ചകൾ മുന്നിൽ തെളിയുകയാണ്. ജടപിടിച്ച മുടിയും കീറിയ വസ്ത്രങ്ങളും ധരിച്ച ഒരുകൂട്ടം നാടോടികൾ ആരോ വിളമ്പുന്ന സൗജന്യ ഭക്ഷണത്തിനായി കടിപിടി കൂടുന്നു. മേലാകെ ചാരം പൂശി, പൂർണ നഗ്നനായ ഒരു സന്യാസി വലിയ ആൽമരത്തിൻ കീഴിൽ ഇരുന്ന് ചപ്പാത്തി ചുടുന്നു. ഫോട്ടോ എടുക്കരുത് എന്ന് വലിയ അക്ഷരത്തിൽ അയാളുടെ അടുത്ത് എഴുതി വെച്ചിട്ടുണ്ട്. വഴിയിൽ നിറയെ പശുക്കളും, കാളകളും. പാഴ്‌വസ്തുക്കൾ നിക്ഷേപിക്കാനുള്ള കൂടകൾ പലതും നിറഞ്ഞ് അവയ്ക്ക് ചുറ്റിലും മാലിന്യം കുമിഞ്ഞുകൂടിയിരുന്നു. വിശന്നിരിക്കുന്ന പശുക്കൾ ആ മാലിന്യ കൂമ്പാരത്തിൽ ഭക്ഷണം പരതുന്നു. ഋഷികേശിൽ വെച്ച് കണ്ട മലയാളി സന്യാസി ഹരിദ്വാറിൽ നിന്ന് ഓടിപ്പോയതിൽ അത്ഭുതമില്ല.

സുമിതിന്റെ സുഹൃത് രാജ് അതിനകം ഹരിദ്വാറിൽ എത്തിയിരുന്നു. ഒരു ചായക്കടയിൽ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയത്. ഐഐടി റൂർക്കിയിൽ തീയെക്കുറിച്ചുള്ള ഗവേഷണം (fire engineering) നടത്തുകയാണ് രാജ്. ഒരു സുഹൃത്തിനെയും കൂട്ടിയാണ് പുള്ളിക്കാരൻ വന്നിട്ടുള്ളത്. നല്ല കടുപ്പമുള്ള ഓരോ പാൽചായയുടെ സാന്നിധ്യത്തിൽ ഞങ്ങൾ പരിചയപ്പെട്ടു. അവരുടെ കാർ പാർക്ക് ചെയ്തിട്ടുള്ള സ്ഥലം അല്പം ദൂരെയായിരുന്നതിനാൽ, ഞങ്ങൾ വേഗം തന്നെ ലോഡ്ജ് മുറിയിൽ പോയി ബാഗുകൾ എടുത്ത് പുറപ്പെട്ടു. കാർ ഹരിദ്വാർ നഗരത്തിന്റെ അതിർത്തിയിൽ എത്തിയപ്പോഴാണ് ബാബ രാംദേവിന്റെ പതഞ്ജലി ആയുർവേദ എന്ന സ്ഥാപനത്തിന്റെ കാര്യാലയം കണ്ടത്. റൂർക്കിയിലേക്കുള്ള ദേശീയപാതയ്ക്കിരുവശത്തും പതഞ്ജലിയുടെ വലിയ കെട്ടിടങ്ങൾ തലപൊക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളിലാണ് അവ മിക്കതും നിർമ്മിക്കപ്പെട്ടതെന്ന് രാജിന്റെ സുഹൃത്ത് പറഞ്ഞു.

ഞങ്ങൾ റൂർക്കിയിൽ എത്തുമ്പോഴേക്കും ഏകദേശം ഏഴര ആയിരുന്നു. ഐഐടിയിലെ ഹോസ്റ്റലിലാണ് രാജ് ഞങ്ങൾക്ക് താമസം ഒരുക്കിയിരുന്നത്. ദീപാവലി പ്രമാണിച്ച് ക്ലാസ്സുകൾക്ക് അവധിയായതിനാൽ ഹോസ്റ്റലിൽ ആൾതാമസം തീരെ കുറവായിരുന്നു. വിവാഹിതനായ രാജ് തന്റെ ഭാര്യയോടൊപ്പം ഗവേഷക വിദ്യാർത്ഥികൾക്കുള്ള ക്വാർട്ടേഴ്സിൽ ആണ് താമസിച്ചിരുന്നത്. മറ്റ് ഐഐടികളെ അപേക്ഷിച്ച് റൂർക്കി ഐഐടിക്ക് വിസ്തൃതി കുറവാണ്. ഒരു എൻജിനീയറിങ് കോളേജായി തുടങ്ങിയതുകൊണ്ടും, ചുറ്റും അനവധി വ്യാപാരസ്ഥാപനങ്ങൾ വളർന്നുവന്നതുകൊണ്ടും ഒരു തുരുത്തുപോലെയാണ് ഈ വിദ്യാഭ്യാസ കേന്ദ്രം നിലകൊള്ളുന്നത്. എന്നാൽ, രാജ്യത്തെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ചില പ്രത്യേകതകൾ ഇതിനുണ്ട്. കനാൽ നിർമ്മാണം കാര്യക്ഷമമായി നടത്തുക എന്ന ഉദ്ദേശ്യത്തോടെ 1847 ൽ സ്ഥാപിതമായ റൂർക്കി കോളേജ് ആണ് പിന്നീട് ഐഐടിയായി (Indian Institute of Technology- Roorkee) പരിണമിച്ചത്. കനാൽ പണിയുടെ മേൽനോട്ടം വഹിച്ചിരുന്ന കേണൽ കോട്ട്ലിയാണ് റൂർക്കിയിൽ ഒരു കോളേജ് നിർമ്മിക്കാനുള്ള നിർദേശം അക്കാലത്ത് വടക്ക് പടിഞ്ഞാറൻ പ്രവിശ്യയുടെ (North Western Province) ലെഫ്റ്റനന്റ് ഗവർണർ ആയിരുന്ന ജെയിംസ് തോമാസന് മുൻപിൽ വെക്കുന്നത്. ഇന്ത്യയിലെ മാത്രമല്ല ബ്രിട്ടീഷ് സാമ്രാജ്യത്തിലെ തന്നെ ആദ്യത്തെ എഞ്ചിനീയറിങ്ങ്‌ കോളേജുകളിൽ ഒന്നായിരുന്നു അത്. 1854 ൽ ഈ സ്ഥാപനത്തിന്റെ പേര് തോമാസൻ കോളേജ് ഓഫ് സിവിൽ എഞ്ചിനീയറിങ്ങ്‌ എന്നാക്കി മാറ്റി. സ്വാതന്ത്രാനന്തരം, 1949ൽ ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഈ സ്ഥാപനത്തെ ഒരു സർവ്വകലാശാല ആയി ഉയർത്തി; ഇന്ത്യയിലെ ആദ്യത്തെ എഞ്ചിനീയറിങ്ങ്‌ സർവ്വകലാശാല[8]. 2001ൽ ഈ സ്ഥാപനം ഐഐടി ആയി ഉയർത്തപ്പെട്ടു. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിൽ ഗംഗാ നദിയിൽ നടത്തപ്പെട്ടിട്ടുള്ള വൻ നിർമ്മിതികളിൽ ഈ സ്ഥാപനം വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. ഭൂകമ്പ പഠനം, അണക്കെട്ട് എഞ്ചിനീയറിങ്ങ്‌, സിവിൽ എഞ്ചിനീയറിങ്ങ്‌ എന്നീ വിഷയങ്ങളിൽ രാജ്യത്തെ തന്നെ ഏറ്റവും മികച്ച പഠനങ്ങൾ നടക്കുന്ന സ്ഥാപനമാണിത്. ടെഹ്‌റി അണക്കെട്ട്, ഗംഗാകനാൽ തുടങ്ങിയ ഒട്ടു മിക്ക വൻ പദ്ധതികൾക്കും സാങ്കേതിക ഉപദേശം നൽകിയതും ഈ സ്ഥാപനത്തിലെ വിദഗ്ധരാണ്. ഇന്ത്യക്കാരായ വിദ്യാർത്ഥികളെക്കൂടാതെ സാർക്ക് രാജ്യങ്ങളിൽ നിന്നും, ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുമുള്ള യുവാക്കളും ഇവിടെ പഠനം നടത്തുന്നുണ്ട്.

ഹരിദ്വാറിൽ എത്തിയതോടെ യാത്രയിലെ ഹിമാലയൻ മേഖല ഞങ്ങൾ പിന്നിടുകയാണ്. ഉത്തരഖണ്ട് പിന്നിട്ട് ഗംഗാനദി ഉത്തർപ്രദേശിലേക്ക് പ്രവേശിക്കുന്നതും ഇവിടെ മുതലാണ്. ഗോമുഖിൽ നിന്ന് പുറപ്പെട്ട് 28 ദിവസങ്ങൾ കഴിഞ്ഞപ്പോളാണ് ഉത്തരഖണ്ടിലൂടെയുള്ള ഞങ്ങളുടെ യാത്ര പൂർത്തിയായത്
ഹരിദ്വാറിൽ എത്തിയതോടെ യാത്രയിലെ ഹിമാലയൻ മേഖല ഞങ്ങൾ പിന്നിടുകയാണ്. ഉത്തരഖണ്ട് പിന്നിട്ട് ഗംഗാനദി ഉത്തർപ്രദേശിലേക്ക് പ്രവേശിക്കുന്നതും ഇവിടെ മുതലാണ്. ഗോമുഖിൽ നിന്ന് പുറപ്പെട്ട് 28 ദിവസങ്ങൾ കഴിഞ്ഞപ്പോളാണ് ഉത്തരഖണ്ടിലൂടെയുള്ള ഞങ്ങളുടെ യാത്ര പൂർത്തിയായത്

അന്ന് രാത്രി ഐഐടിയിലെ മെസ്സിൽ നിന്നാണ് ഞങ്ങൾ ഭക്ഷണം കഴിച്ചത്. വിഭവസമൃദ്ധമായ ആ അത്താഴത്തിന് 60 രൂപമാത്രമാണ് ചിലവായത്. രണ്ട് ദിവസം കൂടി അവിടെ തങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഇനിയുള്ള യാത്രയ്ക്ക് ആവശ്യമായ സൈക്കിളുകൾ തയ്യാറാക്കേണ്ടതുണ്ട്. രാജ് അക്കാര്യത്തിലും ഞങ്ങൾക്ക് സഹായവുമായി വന്നു. ഐഐടിയിലെ മിക്ക വിദ്യാർത്ഥികളും സൈക്കിൾ ആണ് ഉപയോഗിക്കുന്നത്. പലരും പഠനം കഴിഞ്ഞ് പോകുമ്പോൾ തങ്ങളുടെ സൈക്കിൾ ക്യാമ്പസിൽ തന്നെ ഉപേക്ഷിക്കുകയാണ് പതിവ്. തന്റെ സുഹൃത്തുക്കൾ ഇട്ടിട്ടുപോയ രണ്ട് സൈക്കിളുകൾ ഞങ്ങൾക്ക് തരാമെന്ന് രാജ് ഏറ്റു. പുതിയൊരു സൈക്കിൾ വാങ്ങണമെങ്കിൽ കുറഞ്ഞത് അയ്യായിരം രൂപയെങ്കിലുമാകും. ചിലവ് ചുരുക്കി യാത്ര ചെയ്യുന്ന ഞങ്ങൾക്ക് രാജിന്റെ സഹായം വലിയൊരു ആശ്വാസമായി. അടുത്ത ദിവസം മുഴുവൻ ഞങ്ങൾ ക്യാമ്പസിൽ ചിലവഴിച്ചു. പൊടിപിടിച്ച് കിടന്നിരുന്ന സൈക്കിളുകൾ ക്യാമ്പസിൽ തന്നെയുള്ള ഒരു കടയിൽ ഏൽപ്പിച്ചു. വയസ്സ്‌ അറുപതോടടുത്ത ഒരാളാണ് അവിടത്തെ സൈക്കിളുകൾ മിക്കതും നന്നാക്കുന്നത്. ബ്രേക്കുകൾ മാറ്റാനും, വലിയ ബാഗ് വെക്കാൻ പാകത്തിലുള്ള വീതിയുള്ള കാരിയറുകൾ ഘടിപ്പിക്കാനും ഞങ്ങൾ നിർദേശം കൊടുത്തു. അന്ന് രാത്രി ഞങ്ങൾക്ക് അത്താഴമൊരുക്കിയത് രാജിന്റെ ഭാര്യയാണ്. ഉത്തരേന്ത്യൻ ശൈലിയിൽ പാചകം ചെയ്ത പരിപ്പ്, പച്ചക്കറികൾ, എണ്ണയിൽ വറുത്ത വിഭവങ്ങൾ, ഖീർ തുടങ്ങി സമൃദ്ധമായ ഭക്ഷണം. അത്താഴത്തിന് ശേഷം ഞാനും, സുമിതും രാജിനോടൊപ്പം നടക്കാൻ ഇറങ്ങി. കൊളോണിയൽ കാലഘട്ടത്തിലെ നിരവധി കെട്ടിടങ്ങൾ ക്യാമ്പസിൽ ഉണ്ട്. അടഞ്ഞു കിടക്കുന്ന ഒരു ക്രിസ്ത്യൻ പള്ളിയും അകത്തുണ്ട്. ആഴ്ചയിൽ ഒരിക്കലോ മറ്റോ ആണ് അത് തുറക്കുക. എന്നെ അതിശയിപ്പിച്ച കെട്ടിടം ഐഐടിയുടെ ഭരണകേന്ദ്രമായ തോമാസൻ ബിൽഡിംഗ് ആണ്. വലിയ പുൽത്തകിടിയുടെ നടുവിൽ പാശ്ചാത്യ ശൈലിയിൽ, വെള്ളപൂശിയ ആ കെട്ടിടം ദീപാവലിയുടെ അലങ്കാരങ്ങളിൽ കുളിച്ചുനിന്നു. ആ പഴയ കെട്ടിടത്തിന്റെ ഇടനാഴികളിലൂടെ ഞങ്ങൾ നടന്നു. കനാലും, കോളേജും നിർമ്മിക്കുന്നതിന് പുറകിൽ പ്രവർത്തിച്ച കോട്ട്ലിയുടെയും, തോമാസണിന്റെയും പ്രതിമകൾ അകത്ത് സ്ഥാപിച്ചിരിക്കുന്നു. ചരിത്രം എങ്ങനെയാണ് അവരെ വീക്ഷിക്കുന്നത് എന്ന് ഞാൻ വെറുതെ ആലോചിച്ചു. സാമ്രാജ്യാധിപത്യത്തിന്റെ വെറും പണിയാളുകൾ മാത്രമായിരുന്നോ അവർ?



അടുത്ത ദിവസം രാവിലെ ഞാനും, സുമിതും ഹരിദ്വാറിലേക്ക് തിരിച്ചു. പലപ്പോഴും ചെയ്യാറുള്ളത് പോലെ ഞങ്ങൾ ഒറ്റയ്‌ക്ക്‌ നടക്കാനിറങ്ങി. കനാലിന്റെ തുടക്കസ്ഥാനമായ അണക്കെട്ട് കാണുകയായിരുന്നു എന്റെ പ്രധാന ഉദ്ദേശ്യം. ആളുകൾ കുളിക്കാനും ബലിയിടാനുമായി വരുന്ന ഹരി കി പൗരിയിൽ നിന്ന് ഒരു കിലോമീറ്ററിലധികം മാറിയാണ് അത് നിർമ്മിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിൽ പൊതുവെ കാണുന്ന തരത്തിലുള്ള ജലം സംഭരിച്ച് നിറുത്താൻ ഉപയോഗിക്കുന്ന വലിയ അണക്കെട്ടല്ല ഇവിടെയുള്ളത്. മറിച്ച്, നദിയിലെ ഒഴുക്കിനെ വ്യത്യസ്ത ദിശകളിൽ വഴിതിരിച്ചു വിടാനുള്ള സ്ലൂയിസ് ഗേറ്റുകൾ ഉള്ള വലിയൊരു തടയണയാണ് ഇത്. അണക്കെട്ടിന്റെ മുകളിലെ അരക്കിലോമീറ്ററോളം നീളമുള്ള വഴിയിലൂടെ ഞാൻ നടന്നു. നദിയുടെ ഇടത്തും, വലത്തും, മുൻപിലുമായി മൂന്ന് അണക്കെട്ടുകൾ. അതിലൊന്ന് ഹരി കി പൗരിയിലെ ഘാട്ടുകളിലേക്ക് വെള്ളം തിരിച്ചു വിടുമ്പോൾ, മറ്റൊന്ന് അപ്പർ ഗംഗ കനാലിലേക്ക് വലിയ അളവിൽ ഒഴുക്കിന്റെ ഗതിയെ മാറ്റുന്നു. ശേഷിക്കുന്ന ജലമാണ് പ്രധാന അണക്കെട്ടിന്റെ കവാടങ്ങളിലൂടെ ഗംഗാനദിയായി തുടർന്നും ഒഴുകുന്നത്. സ്വാതന്ത്രത്തിന് ശേഷം ഈ അണക്കെട്ടുകൾ പുനർനിർമ്മിക്കപ്പെടുകയും അവയുടെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ കയ്യിൽ കരുതിയിരുന്ന ടിഡിഎസ് മീറ്ററിൽ ഹരി കി പൗരിയിലെ ഘാട്ടുകളിലെ വെള്ളം വളരെയധികം മലിനമായാണ് രേഖപ്പെടുത്തിയത്. അതിൽ നിന്ന് വിപരീതമായി പ്രധാന നദി ശുദ്ധമായി കാണപ്പെട്ടു. കുംഭമേള പോലുള്ള വിശേഷ അവസരങ്ങളിൽ ഘാട്ടുകളിലേക്ക് കൂടുതൽ വെള്ളം ഒഴുക്കുകയാണ് പതിവ്. അല്ലാത്ത അവസരങ്ങളിൽ വളരെ കുറച്ച് വെള്ളം മാത്രമേ ഹരിദ്വാർ നഗരത്തിനകത്ത് കൂടി ഒഴുകുന്നുള്ളൂ. കൂടാതെ, ഘാട്ടുകൾ വൃത്തിയാക്കുന്ന സന്ദർഭങ്ങളിൽ വെള്ളത്തിന്റെ ഒഴുക്ക് പൂർണ്ണമായും നിറുത്തി വെക്കാനും ഈ അണക്കെട്ടുകൾ ഉപയോഗിച്ച് സാധ്യമാണ്. ചുരുക്കി പറഞ്ഞാൽ, മനുഷ്യന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലാണ് ഗംഗ ഹരിദ്വാറിലൂടെ ഒഴുകുന്നത്. വലിയ വെള്ളപ്പൊക്കം ഉണ്ടാകുന്ന അവസരങ്ങളിൽ മാത്രം ഈ സ്ഥിതിക്ക് വ്യത്യാസം വരും. കനാൽ വന്നതോടെ നദിയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവിൽ കാര്യമായി കുറവ്‌ വന്നിട്ടുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത് [9]. കൂടുതൽ സ്ഥലങ്ങളിലേക്ക് ഗംഗയിൽ നിന്ന് വെള്ളമെത്തിക്കാൻ പുതിയ കനാലുകൾ ഇപ്പോഴും നിർമ്മിക്കപ്പെടുന്നുണ്ട്. ദൊവാബ് മേഖലയിലെ രാഷ്ട്രീയക്കാർ തിരഞ്ഞെടുപ്പ് യുദ്ധങ്ങൾ ജയിക്കാൻ വോട്ടർമാർക്ക് നൽകുന്ന വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കനാൽ നിർമ്മാണം. കച്ചവടക്കണ്ണോടെ കമ്പനി ഉദ്യോഗസ്ഥർ ഒരിക്കൽ തുടങ്ങിയ കനാൽ നിർമ്മാണം, വോട്ടിനുള്ള പ്രതിഫലമായി രാഷ്ട്രീയ കച്ചവടക്കാർ ഇന്നും തുടരുന്നു.

അണക്കെട്ടിന്റെ പ്രത്യേകതകൾ ശ്രദ്ധിച്ച് നടക്കുന്നതിനിടയിൽ നദിയുടെ മറുകരയിൽ എത്തിയത് ഞാൻ ശ്രദ്ധിച്ചില്ല. തികച്ചും വ്യത്യസ്തമായ പ്രകൃതിയാണ് അവിടേക്ക് എന്നെ വരവേറ്റത്. ഇടതൂർന്ന കാടും, നിറയെ കുരങ്ങന്മാരും. ഒച്ചപ്പാടുകൾ നിറഞ്ഞ ഹരിദ്വാർ തൊട്ടപ്പുറത്ത് തന്നെ ഉണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി. വഴിയരികിലുള്ള വള്ളിപ്പടർപ്പുകൾക്കിടയിലൂടെ കുത്തനെ താഴേക്കിറങ്ങിയാൽ നദിയിലേക്ക് എത്താം. വളരെ ശ്രദ്ധിച്ച് ഞാൻ അങ്ങോട്ട് നടന്നു. ഒരു വയസ്സൻ സന്യാസി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഇളംനീല നിറത്തിൽ ഗംഗ സാവധാനം ഒഴുകുന്നു. തണുത്ത ആ വെള്ളത്തിൽ ഞാൻ എന്റെ കയ്യും മുഖവും കഴുകി. അണക്കെട്ടിൽ നിന്ന് പുറത്ത് വരുന്ന നദിക്ക് നല്ല വീതിയുണ്ട്. ഒരുകൂട്ടം നീർക്കാക്കൾ വെയിൽ കായുന്നു. പൊടിമീനുകൾ ഓടിക്കളിക്കുന്ന ആ നീലിമയിലേക്ക് നോക്കി ഞാൻ ഇരുന്നു. എന്റെ മുൻപിൽ ഉണ്ടായിരുന്ന സന്യാസി വെള്ളത്തിലിറങ്ങി കുളിക്കാൻ തുടങ്ങി. ഇളം കാറ്റിൽ നദിയിൽ ചെറിയ ഓളങ്ങൾ ഉയർന്നു. കുരങ്ങുകളുടെയും, കാട്ടുപക്ഷികളുടെ ശബ്ദം ചുറ്റും മുഴങ്ങി. ഹരി കി പൗരിയിലെ തിരക്കും ബഹളവും ഞാൻ ഓർത്തു. എണ്ണയും, പൂജാദ്രവ്യങ്ങളും, ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങളും നിറഞ്ഞ ഒരു അഴുക്കുചാലാണോ ഗംഗ, അതോ എന്റെ കൺമുൻപിലുള്ള ഈ തെളിഞ്ഞ ഒഴുക്കോ? അധികം ആളുകൾ ഈ ഭാഗത്തേക്ക് വരാത്തത് നന്നായി എന്ന് എനിക്ക് തോന്നി. കുറച്ചു സമയം കൂടി അവിടെ ചിലവഴിച്ച് ഞാൻ മുകളിലേക്ക് കയറി. വഴിയരികിൽ ഒരു ചെറിയ അമ്പലം കണ്ടു. ഒരു സന്യാസി അവിടെ ഇരുന്ന് അടുപ്പ് കൂട്ടുന്നു. മറ്റൊരാൾ പരിസരം മുഴുവൻ അടിച്ചുവാരുന്നു. അവിടെത്തന്നെയാണ് അവർ താമസിക്കുന്നതെന്ന് തോന്നി. അരികിലുള്ള ഒരു ബെഞ്ചിൽ ഞാൻ കിടന്നു. ഉറങ്ങിപ്പോയത് അറിഞ്ഞില്ല. ഉണർന്നപ്പോൾ സൂര്യൻ അസ്തമിക്കാൻ സമയമായിരുന്നു.

ആരുടെയും ശല്യമില്ലാതെ തുറസ്സായ സ്ഥലത്ത് സുരക്ഷിതമായി ഉറങ്ങാൻ കഴിയുക എന്നത് വലിയൊരു  കാര്യമായി ഞാൻ കരുതുന്നു.

ഞാൻ ഉടനെ സുമിതിനെ ഫോണിൽ വിളിച്ചു. ഗംഗയുടെ ഇക്കരക്കാഴ്ചകൾ അവനും കാണേണ്ടതാണ് എന്ന് എനിക്ക് തോന്നി. കുറച്ച് സമയത്തിനുള്ളിൽ എന്റെ ചങ്ങാതിയും അവിടെയെത്തി. എനിക്കുണ്ടായ അതേ വിസ്മയം തന്നെയാണ് അവനും പങ്കുവെച്ചത്. ഹരിദ്വാറിന് ശാന്തമായ മറ്റൊരു മുഖം കൂടിയുണ്ട് എന്ന തിരിച്ചറിവോടെയാണ് ഞങ്ങൾ റൂർക്കിയിലേക്ക് തിരിച്ചു പോന്നത്. അടുത്ത ദിവസം ഞങ്ങൾ ഉത്തരഖണ്ടിനോട് വിട പറയുകയാണ്. ഇനി മുമ്പിലുള്ളത് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഗ്രാമങ്ങളാണ്. തികച്ചും അപരിചിതമായ ഉൾനാടുകളിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്ന കാര്യം ഓർത്തപ്പോൾ എനിക്ക് ഒരേ സമയം ആവേശവും, ആശങ്കയും തോന്നി.

_______

Notes

[1] ‘What does history tell us? From Nehru to Indira, the secular Indian state’s role in religious functions’, The Week, August 02, 2020 [2] ‘What does history tell us? From Nehru to Indira, the secular Indian state’s role in religious functions’, The Week, August 02, 2020  [3] Encyclopedia Britannica [4] ‘The many faces of a river’ by Sudipta Sen [5] ‘The many faces of a river’ by Sudipta Sen [6] ‘The many faces of a river’ by Sudipta Sen [7] ‘The many faces of a river’ by Sudipta Sen  [7] Official website of the IIT Roorkee [8] The Environment and Society Portal, The Rachel Carson Center for Environment and Society

Joyel K Pious

ജോയൽ കെ പയസ് ഒരു ഫോട്ടോഗ്രാഫറും, ദ്വിഭാഷ എഡിറ്ററും ആണ്. ഡൽഹിയിൽ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ് ദിനപത്രത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നു. കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള അദ്ദേഹം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിൽ തല്പരനാണ്. ഫോട്ടോമെയിലിന്റെ ന്യൂസ് എഡിറ്റർ എന്ന നിലയിലും അദ്ദേഹം തന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നു.

Published on February 3, 2021

Share

Home » Portfolio » ജലബിന്ദുക്കളുടെ മോക്ഷയാ » ഹരിദ്വാറിലെ ശാന്തിതീരം

Related Articles

2022-02-03T18:22:26+05:30

പ്രയാഗിലെ ദേശാടനക്കിളികൾ

നല്ല വെയിലുള്ള ഒരു ഉച്ചയ്ക്കാണ് ഞങ്ങൾ കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗ്രാൻഡ് ട്രങ്ക് റോഡിന്റെ അരികിലൂടെ വളരെ ശ്രദ്ധയോടെ ഞാൻ സൈക്കിൾ ചവിട്ടി. വേഗമേറിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന കാറ്റിന് സൈക്കിളിന്റെ താളം തെറ്റിക്കാൻ കഴിയും എന്നതിനാൽ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. മുമ്പിലുള്ള പ്രധാന നഗരം 130 കിലോമീറ്റർ കിഴക്കുള്ള അലഹബാദ് ആയിരുന്നു. ഒറ്റദിവസം കൊണ്ട് അവിടെ എത്താനാകില്ല എന്നതുകൊണ്ട് ഇടയ്ക്കുള്ള ഫത്തേപ്പൂർ എന്ന പട്ടണത്തിൽ രാത്രി തങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഗംഗയുടെയും, യമുനയുടെയും ഇടയിലായാണ് ജില്ലാ ആസ്ഥാനം കൂടിയായ ഫത്തേപ്പൂരിന്റെ കിടപ്പ്. കയറ്റിറക്കങ്ങൾ ഇല്ലാത്ത വഴിയിലൂടെയുള്ള യാത്ര സുഖകരമായിരുന്നു.

2021-11-12T15:22:58+05:30

ചുവപ്പും കറുപ്പും: ചില കാൺപൂർ ഓർമ്മകൾ

നഗരത്തെ നടുവിലൂടെ കീറിമുറിച്ച് കടന്നുപോകുന്ന പ്രധാന പാതയിലൂടെ പതിനഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മാത്രമേ സുമിതിന്റെ സുഹൃത്തുക്കൾ ഏർപ്പാടാക്കിയ മുറിയിൽ എത്താനാകൂ. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും വലുതും, തിരക്കുപിടിച്ചതുമായ നഗരമായിരുന്നു കാൺപൂർ. നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന മോട്ടോർ വാഹനങ്ങളുടെ ഇടയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നത് ഒരു സർക്കസ് വിദ്യ പോലെ തോന്നി. വഴിയിൽ ഇടക്കിടെ വരുന്ന മേൽപ്പാലങ്ങളിലേക്ക് സൈക്കിൾ ചവിട്ടിക്കയറ്റാൻ ഞങ്ങൾ ഇരുവരും പ്രയാസപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളുടെ ഹോണുകൾ സൃഷ്ടിക്കുന്ന ഒച്ചപ്പാടിൽ സൈക്കിൾ മണികളുടെ ശബ്ദം അലിഞ്ഞില്ലാതായി. കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ട്രാഫിക് സിഗ്നലുകൾ പിന്നിടുന്നത് അതീവ ശ്രമകരമായിരുന്നു. ഓട്ടപ്പന്തയത്തിന് തയ്യാറെടുക്കുന്നതുപോലെ അക്ഷമരായി പച്ചവെളിച്ചവും കാത്ത് നിൽക്കുന്ന ഡ്രൈവർമാർക്കിടയിലൂടെ സൈക്കിൾ ചവിട്ടുന്നത് അപകടം നിറഞ്ഞ പരിപാടിയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പ്രയാണത്തിനൊടുവിലാണ് കാൺപൂർ നഗരത്തിന്റെ തെക്കേയറ്റത്ത് ഞങ്ങൾ എത്തിച്ചേർന്നത്.

2021-09-28T14:35:13+05:30

പുതുമഴയുടെ മണമുള്ള മണ്ണിൽ

മുറിയിൽ എത്തിയപ്പോൾ ധർമ്മശാലയുടെ ഉടമ അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിശേഷങ്ങൾ കേട്ടപ്പോൾ അയാൾ ഭേദപ്പെട്ട ഒരു മുറി തന്നു. ചിലന്തിവലകൾ നിറഞ്ഞ, ഈർപ്പം തങ്ങി നിന്നിരുന്ന ആ മുറി ആദ്യത്തെ സ്റ്റോർ റൂമിനേക്കാൻ നല്ലതായിരുന്നു. ഞങ്ങളുടെ പര്യടനഭൂപടത്തിൽ ഉൾപ്പെടാത്ത സ്ഥലമായിരുന്നെങ്കിലും, ബദായൂനിന്റെ ചരിത്രത്തെക്കുറിച്ച് ഞാൻ അല്പം അന്വേഷണം നടത്തി. അഹർ രാജകുമാരനായ ബുദ്ധ് പൊതുയുഗം (CE) 905ൽ സ്ഥാപിച്ചതാണ് ഈ നഗരം എന്ന് വിശ്വസിക്കപ്പെടുന്നു. മുഹമ്മദ് ഗസ്നിയുടെ ബന്ധുവായ സയ്യിദ് മസൂദ് ഗാസി CE 1028 ൽ ഈ പ്രദേശം പിടിച്ചടക്കി

2021-09-28T14:39:41+05:30

ബ്രിജ്ഘാട്ടിലെ ചൂടുകാറ്റ്

‘തീർത്ഥാടക നഗരിയായ അനുപ്ശഹറിലേക്ക് സ്വാഗതം’ എന്നെഴുതി വെച്ചിട്ടുള്ള ഒരു വലിയ കമാനം ഞങ്ങളുടെ മുൻപിൽ തലയുയർത്തി നിന്നു. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത് അനുപ് റായ് എന്ന രാജാവാണ് ഈ പട്ടണം സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്.

2021-09-28T14:40:57+05:30

രണ്ട് പുതിയ ചങ്ങാതിമാർ

ഇരുട്ട് വീഴും മുൻപേ ഹൈവേയിൽ എത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അഞ്ചുമണി ആയപ്പോഴേക്കും വെളിച്ചം കുറയാൻ തുടങ്ങി. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളും, ഒറ്റപ്പെട്ട ചില ഗ്രാമങ്ങളും മാത്രമേ വഴിയിൽ കണ്ടുള്ളൂ. കാലിൽ വേദന കൂടിക്കൂടി വന്നതുകൊണ്ട് സൈക്കിൾ വേഗത്തിൽ ചവിട്ടാനും കഴിയുന്നില്ല. ഓരോ കിലോമീറ്ററും പിന്നിടാൻ വേണ്ട സമയം കൂടിവന്നു.