ലേഖനങ്ങൾ

ഫോട്ടോ മെയിൽ
മലയാളം പേജിൽ
സമകാലിക ഫോട്ടോഗ്രാഫി
അതിന്റെ ചരിത്രം, സൗന്ദര്യശാസ്ത്രം
ടെക്നിക്കുകൾ, വിമർശനം, കൂടാതെ
വിവർത്തനം ചെയ്‌തു
ലേഖനങ്ങൾ പ്രസിദ്ധീകരിക്കും

കാനായി കുഞ്ഞിരാമൻ
കാനായി കുഞ്ഞിരാമൻ | ചിത്രത്തിന്റെ ഉറവിടം ഇന്റർനെറ്റ്

കാലം കാനായിയോട് ചെയ്യുന്നത് 

നാം കാണുന്നതിന്റെയും ഗ്രഹിക്കുന്നതിന്റെയും ഇടയിലുള്ള ബന്ധം പൂർണ്ണമായി നിർവചിക്കാനാവില്ല”1

മറ്റെല്ലാ ഇന്ദ്രിയാനുഭവങ്ങൾക്കും ഉപരിയായി കാഴ്ചയെ ഉപയോഗിച്ച് ജീവിതരഥത്തിൽ സവാരി ചെയ്യുന്നവരാണ് മനുഷ്യർ. ബോധത്തോടെയും, അർദ്ധബോധത്തോടെയും, അബോധത്തോടെയും പുറംകാഴ്ചകളുമായി നാം നടത്തുന്ന തുടർച്ചയായ ആശയവിനിമയമാണ് ഈ സവാരി സാധ്യമാക്കുന്നത്. പുറംകാഴ്ചകൾ — ഭൗതിക പരിസരത്തിൽ (physical) നിന്നുള്ളതോ, അവാസ്തവിക പരിസരത്തിൽ (virtual) നിന്നുള്ളതോ ആയിക്കൊള്ളട്ടെ — മനുഷ്യന്റെ ഉൾകാഴ്ചകളെ രൂപപ്പെടുത്തുന്നതിൽ അവയ്ക്ക് ഗണ്യമായ പങ്കുണ്ട്. അമൂർത്തമായ (abstract) ഈ ഉൾകാഴ്ചകളുടെ മൂർത്തമായ (real) പ്രതിഫലനം മുഖ്യമായും ദർശിക്കാനാകുന്നത് സാഹിത്യത്തിലും, കലയിലുമാണ്. മനുഷ്യൻ അവന്റെ ചുറ്റുപാടുകളുടെ സൃഷ്ടിയാണ് എന്ന് പറയുന്നത് പോലെ, അവൻ/അവൾ സൃഷ്ടിക്കുന്ന കലയും അതിന്റെ ചുറ്റുപാടുകളുമായി പാരസ്പര്യത്തിലാണ് (interactions) നിലനിൽക്കുന്നത്. അതുകൊണ്ട് കൂടിയാണ് കലകൾക്ക്, പ്രത്യേകിച്ച് ദൃശ്യകലകൾക്ക്, അവ പ്രദർശിപ്പിക്കപ്പെടുന്ന ചുറ്റുപാടുകളുമായി അഭേദ്യമായ ഒരു ബന്ധം കൈവന്നിട്ടുള്ളത്. കലയുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ സ്‌ഥലം (space) എന്ന ആശയത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്.

കലാകാരന്റെ പണിശാലയിൽ നിന്ന് മ്യൂസിയം, ഗ്യാലറി തുടങ്ങിയ “വിശുദ്ധ” ഇടങ്ങളിലേക്ക് സ്ഥാനക്കയറ്റം കിട്ടുമ്പോളാണ് പല കലാവസ്തുക്കൾക്കും അതുവരെയില്ലാത്ത ആദരവും, ആകർഷണീയതയും കൈവരുന്നത്. മ്യൂസിയങ്ങളിലും, ഗ്യാലറികളിലും എത്തിപ്പെടാനുള്ള യുദ്ധത്തിൽ മൃതിയടയാനാണ് വലിയൊരളവ് കലാസൃഷ്ടികളുടെയും വിധി. ഡിജിറ്റൽ സങ്കേതങ്ങളുടെ വരവോടെ കലാപ്രദർശനത്തിനുള്ള സ്ഥലകാലസമസ്യകൾക്ക് (venue and time) കുറവ് വന്നിട്ടുണ്ടെങ്കിലും, മ്യൂസിയം പോലുള്ള ഇടങ്ങളിൽ നടത്തപ്പെടുന്ന ഭൗതിക പ്രദർശങ്ങൾക്കുള്ള (physical exhibitions) പ്രധാന്യത്തിന് ഇടിവ് തട്ടിയിട്ടില്ല.വിശുദ്ധ ഇടങ്ങളെ ഒഴിവാക്കി, സാധാരണക്കാർ വന്നും, പോയും ഇരിക്കുന്ന പൊതു ഇടങ്ങളിൽ (public spaces) സൃഷ്ടികൾ പ്രതിഷ്ഠിക്കുന്ന കലാകാരന്മാരും ഉണ്ട്. ഒരുപാട് ധീരത ആവശ്യപ്പെടുന്ന ഇത്തരം നീക്കം കേരളത്തിൽ ആദ്യമായി നടത്തിയ ഒരാളാണ് ശില്പി കാനായി കുഞ്ഞിരാമൻ. പ്രസിദ്ധമായ ഒരു സ്ഥലത്ത് ഇരിക്കുന്ന കലാവസ്തു എന്നതിന്റെ നേർവിപരീതമായി, കുഞ്ഞിരാമന്റെ ശില്പങ്ങൾ ഇരിക്കുന്നിടം പ്രസിദ്ധമായി തീർന്നു എന്നുവേണമെങ്കിൽ പറയാം. അൻപത് വർഷത്തിലധികം നീണ്ട കലാതപസ്യക്കിടയിൽ കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ തന്റെ കൈമുദ്രകൾ സ്ഥാപിക്കാൻ കുഞ്ഞിരാമന് സാധിച്ചിട്ടുണ്ട്. ജനിച്ച് വളർന്നത് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർഗോഡ് ആണെങ്കിലും, അദ്ദേഹത്തിന്റെ പ്രസിദ്ധമായ പല ശില്പങ്ങളും സംസ്ഥാനത്തിന്റെ ഏറ്റവും തെക്കുള്ള തിരുവനന്തപുരത്താണ് ഉയർന്നുപൊങ്ങിയത്. തലസ്ഥാന നഗരത്തിന്റെ മുഖ്യ ആകർഷണങ്ങളായ വേളി, ശംഖുമുഖം തുടങ്ങിയ കടലോരങ്ങൾക്ക് ഇന്ന് ലഭിക്കുന്ന പ്രധാന്യത്തിന് പിന്നിൽ ഈ ശിൽപിയുടെ സർഗാത്മക വൈഭവം ഉണ്ട് എന്നുപറഞ്ഞാൽ അതിശയോക്തി ആവില്ല. കുഞ്ഞിരാമൻ വേളിയിൽ സൃഷ്ടിച്ച ശംഖും, ശംഖുമുഖത്തെ വിജനമായ ഭൂമികയിൽ അദ്ദേഹം അഭയം കൊടുത്ത സാഗരകന്യകയും തിരുവനന്തപുരത്തിന്റെ അടയാളങ്ങളായിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ആ ശില്പങ്ങളെ അവയുടെ ചുറ്റുപാടുകളിൽ നിന്ന് വേർപെടുത്താനാകില്ല എന്ന് വിശ്വസിക്കുന്ന ഒരുപാടാളുകൾ ഉണ്ട്. പൊതു ഇടങ്ങളിൽ ശില്പങ്ങൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് കുഞ്ഞിരാമന് വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ട്. തുറന്ന ഇടങ്ങളാണ് കലാവസ്തുക്കളുടെ വാസഗൃഹം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മ്യൂസിയങ്ങളെ കലാവസ്തുക്കളുടെ തടങ്കൽപാളയമായാണ് ശില്പി കാണുന്നത്2. തുറസ്സായ സ്ഥലങ്ങളിൽ ഋതുഭേദങ്ങൾ അനുഭവിച്ച്, കാലത്തെ അതിജീവിക്കുക എന്ന ദൗത്യമാണ് കുഞ്ഞിരാമൻ തന്റെ ശില്പങ്ങൾക്ക് നൽകുന്നത്. എന്നാൽ പൊതു ഇടങ്ങൾക്ക് ചില പരിമിതികൾ ഉണ്ട്. ഒരു മ്യൂസിയം അതിന്റെ അന്തേവാസികൾക്ക് നൽകുന്ന പരിചരണവും പരിരക്ഷയുമൊന്നും പൊതുഇടങ്ങളിൽ അതിജീവനം കഴിക്കുന്ന കലാസൃഷ്ടികൾക്ക് ലഭിക്കണമെന്നില്ല. പ്രകൃതിശക്തികളെ മാത്രമല്ല, മനുഷ്യസമൂഹത്തിൽ വരുന്ന മാറ്റങ്ങളെയും അതിജീവിക്കാൻ കഴിഞ്ഞാൽ മാത്രമേ അവയ്ക്ക് നിലനിൽപ്പുള്ളൂ.

SagaraKaniyaka by Kanayi Kunhiraman
Decommisioned Helicopter in front of Sagara Kaniyaka sculpture at Shanghumugham Beach
സാഗരകന്യകയും, ശംഖുമുഖം ബീച്ചിലെ ഹെലികോപ്റ്ററും © ജോണി എം.എൽ

കുഞ്ഞിരാമന്റെ സാഗരകന്യക എന്ന ശില്പത്തിന്റെ ജീവചരിത്രവും, ശംഖുമുഖം എന്ന കടലോരത്തിന്റെ ഭൂമിശാസ്ത്രവും ഇഴപിരിഞ്ഞുകിടക്കുന്നു. ഈയൊരു സങ്കീർണ്ണതയിലേക്കാണ് ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു യന്ത്രത്തുമ്പി പറന്നിറങ്ങിയത്. ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിരമിച്ച (decommissioned) ഒരു എംഐ-8 ഹെലികോപ്റ്ററിനെയാണ് സാഗരകന്യകയ്ക്ക് തുണയായി സംസ്ഥാന സർക്കാരിന്റെ വിനോദസഞ്ചാര വകുപ്പ് ശംഖുമുഖത്തേക്ക് കൊണ്ടുവന്നത്. കടലോര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, സായുധസേനകളിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കുക തുടങ്ങിയ സദുദ്ദേശങ്ങളോടെയാണ് തങ്ങൾ ഈ നീക്കം നടത്തിയതെന്നാണ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടത്. എന്നാൽ വിശ്രമജീവിതത്തിന്റെ തുടക്കം മുതൽ തന്നെ രൂക്ഷമായ വിമർശന ശരങ്ങൾ ഏറ്റു വാങ്ങാനായിരുന്നു ആ യന്ത്രത്തുമ്പിയുടെ വിധി. ഭീമാകാരനായ ഹെലികോപ്റ്റർ സാഗരകന്യകയുടെ വാസസ്ഥാനത്ത് അതിക്രമിച്ച് കയറി എന്ന ആരോപണങ്ങൾ സാംസ്കാരിക കേരളത്തിന്റെ നാനാകോണുകളിൽ നിന്ന് ഉയർന്നു. ശാന്തമായി, സ്ത്രൈണഭാവത്തോടെ കടൽത്തീരത്ത് വിശ്രമിക്കുന്ന കാനായിയുടെ ശില്പത്തിന് സമീപം യുദ്ധത്തിന്റെയും, പൗരുഷത്തിന്റെയും പ്രതീകമായി ഭരണകൂടങ്ങൾ തന്നെ പ്രദർശിപ്പിക്കുന്ന ഒരു ഹെലികോപ്റ്റർ സ്ഥാപിക്കപ്പെട്ടത് സൗന്ദര്യാത്മക സങ്കല്പങ്ങൾക്കും (aesthetics), ഭൂദൃശ്യത്തിനും (landscape) എതിരാണ് എന്ന ശക്തമായ വാദമാണ് മിക്കവാറും എല്ലാ കലാപ്രവർത്തകരും ഉന്നയിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് നിന്നുള്ള കലാകാരനായ ഇ. എച്. പുഷ്കിൻ ഈ സംഭവത്തെ രണ്ട് വീക്ഷണകോണുകളിലൂടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. യാതൊരു മുന്നാലോചനയും കൂടാതെ, സന്ദർശകരിൽ കൗതുകം സൃഷ്ടിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെയാകാം ഉദ്യോഗസ്ഥർ ഹെലികോപ്റ്റർ കൊണ്ടുവന്നത്. അല്ലെങ്കിൽ, സർഗാത്മക സ്വാതന്ത്ര്യത്തിന്മേൽ അധികാരികൾ നടത്തുന്ന കടന്നുകയറ്റത്തിന്റെ മറ്റൊരു ഉദാഹരണമാകാം ഈ സംഭവം. ശില്പിയോടോ, ലളിതകലാ അക്കാദമി പോലുള്ള സ്ഥാപണങ്ങളോടോ ചർച്ച ചെയ്യാതെ, യുദ്ധോപകരണമായ ഹെലികോപ്റ്റർ മാനവികതയുടെ പ്രതീകമായ സാഗരകന്യകയുടെ അടുത്ത് കൊണ്ട് വെച്ചത് തികച്ചും നിരുത്തരവാദിത്തപരമായ നീക്കമാണ് എന്ന് പുഷ്കിൻ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ച വലിയ വിഭാഗം ആളുകളും സമാനമായ വിമർശനങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.

ആക്രിക്കടയിലെ ഇരുമ്പുകൂടങ്ങൾക്ക് ഇരയാകേണ്ടിയിരുന്ന ഹെലികോപ്റ്ററിന് ഒരു പുതുജന്മം കിട്ടിയതിനെ അത്ര വിവാദമാക്കേണ്ടതില്ല എന്ന് അഭിപ്രായമുള്ള ആളുകളും ഉണ്ട്. തിരുവനന്തപുരത്ത് തന്നെയുള്ള സുപ്രസിദ്ധനായ ഒരു കലാചരിത്രകാരന്റെ അഭിപ്രായത്തിൽ യന്ത്രത്തുമ്പി യാതൊരു തരത്തിലും സാഗരകന്യകയുടെ പ്രാധാന്യം ഇല്ലാതാക്കുന്നില്ല. ഇത്തരം വിവാദങ്ങൾക്ക് പകരം, ശംഖുമുഖത്തേക്ക് വരുന്ന സന്ദർശകർക്ക് സാഗരകന്യകയുടെയും, കാനായിയുടെയും ചരിത്രം പറഞ്ഞുകൊടുക്കാൻ ഒരു ടൂറിസ്റ്റ് ഗൈഡിനെ നിയമിക്കാൻ എന്താണ് ആരും ആവശ്യപ്പെടാത്തത് എന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അദ്ദേഹത്തിന്റെ ചോദ്യം. സാഗരകന്യകയുടെ ശിൽപം ഇത്രയും വർഷങ്ങളായി അവിടെ ഉണ്ടായിരുന്നു, ഇനിയും അതവിടെത്തന്നെ തുടരും എന്നാണ് അദ്ദേഹത്തിന്റെ വാദം; ഒരു ഹെലികോപ്റ്റർ വന്നതുകൊണ്ടൊന്നും ശില്പത്തിന്റെ പ്രാധാന്യം ഇല്ലാതാകുന്നില്ല. ഈ അഭിപ്രായത്തോട് വിയോജിക്കുന്നവർ ഒരുപാട് ഉണ്ടായിരിക്കാം. എങ്കിലും, ഈ കലാചരിത്രകാരൻ തന്നെ പറഞ്ഞ മറ്റൊരു സുപ്രധാന കാര്യം ഇവിടെ പരാമർശിക്കേണ്ടിയിരിക്കുന്നു.ആളുകൾ തിങ്ങി പാർക്കുന്ന നമ്മുടെ കേരളത്തിൽ പൊതു ഇടങ്ങളുടെ വിസ്തൃതി ദിനംപ്രതി കുറഞ്ഞു വരികയാണ് എന്ന വസ്തുതയെ ആരെങ്കിലും ചോദ്യം ചെയ്യും എന്ന് തോന്നുന്നില്ല. ആളുകൾ നേരംപോക്കിനായി വന്നിരിക്കുന്ന സ്ഥലങ്ങളും കളിയിടങ്ങളും ഇന്ന് കെട്ടിടങ്ങൾക്ക് വഴിമാറുകയാണ്. എന്റെ നാടായ ഇരിഞ്ഞാലക്കുടയിൽ ഒരു സ്കൂളിന്റെ കളിസ്ഥലത്ത് സ്‌കൂൾ അധികൃതർ തന്നെ കെട്ടിടം പണി നടത്തുന്നു എന്ന ആരോണത്തിന്മേൽ ഹൈക്കോടതിയിൽ കേസ് നടക്കുന്നുണ്ട്. അങ്ങനെയുള്ളപ്പോൾ തിരുവനന്തപുരം പോലുള്ള ഒരു വലിയ നഗരത്തിൽ പൊതു ഇടങ്ങൾക്ക് നേരിടേണ്ടി വരുന്ന സമ്മർദ്ദം എത്രയായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. പൊതു ഇടങ്ങളിൽ തന്റെ സൃഷ്ടികൾ സ്ഥാപിച്ചിട്ടുള്ള ഒരു കലാകാരന് വരാൻ പോകുന്ന കാലങ്ങളിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടി വരും എന്നതാണ് സത്യം. സ്ഥലപരിമിതികൾ മൂലം, നിലവിൽ പൊതു ഇടങ്ങളിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള കലാസൃഷ്ടികളുടെ സമീപത്തേക്ക് കൂടുതൽ സൃഷ്ടികൾ കടന്നുവരാനുള്ള സാധ്യതയാണ് നമ്മുടെ മുൻപിലുള്ളത്. ഇത് സൃഷ്ടിക്കാവുന്ന സങ്കീർണ്ണതകൾ പരിഹരിക്കണമെങ്കിൽ കലാകാരന്മാരും, സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരും, മറ്റു വിദഗ്ധരും, ഉദ്യോഗസ്ഥരുമെല്ലാം ഒത്തുചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ സാധ്യമാകൂ.

നമുക്ക് വീണ്ടും ശംഖുമുഖത്തേക്ക് മടങ്ങിപ്പോകാം. നൂറ്റാണ്ടുകളായി ആരും തിരിഞ്ഞുനോക്കാതെ കിടന്നിരുന്ന ഈ കടൽ തീരം ഇപ്പോൾ തിരുവനന്തപുരം നഗരത്തിലെ ഒരു സുപ്രധാന പൊതു ഇടമായി മാറിയിരിക്കുന്നു. മനുഷ്യനും, കാലവും വരുത്തുന്ന മാറ്റത്തിന്റെ വേലിയേറ്റങ്ങളാണ് സാഗരകന്യകയെയും, പിന്നീട് പതിറ്റാണ്ടുകൾക്ക് ശേഷം, യുദ്ധോപകരണമായിരുന്ന യന്ത്രത്തുമ്പിയെയും ഇവിടേക്ക് കൊണ്ടുവന്നത്. പ്രാഥമികമായ ജീവിതധർമ്മം (utility value) അവസാനിച്ച ആ ഹെലികോപ്റ്റർ ഇന്നൊരു പ്രദർശനവസ്തു (an exhibit) മാത്രമാണ്. അതിന്റെ രണ്ടാം ജന്മത്തിൽ, ആ ലോഹവസ്തുവിനെ ഒരു കലാസൃഷ്ടിയായി (work of art) പരിഗണിക്കാൻ കഴിയുമോ എന്നത് താത്വികാചാര്യന്മാർ തീർപ്പ് കൽപ്പിക്കേണ്ട ഒരു വിഷയമാണ്. ഇരുപതാം നൂറ്റാണ്ടിലെ കലയുടെ പ്രതീകങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന ഫൗണ്ടൻ (Fountain) എന്ന കലാസൃഷ്ടി പോർസലൈൻ കൊണ്ട് നിർമ്മിക്കപ്പെട്ട മൂത്രവിസർജ്ജന ബേസിൻ (urinal) ആയിരുന്നു എന്നത് ഇവിടെ സ്മരണീയമാണ്. മാർസെൽ ഡ്യുകാമ്പ് (Marcel Duchamp) എന്ന കലാകാരന്റെ ഭാവനയിൽ തെളിഞ്ഞ ഒരാശയം — സാധാരണ ജീവിതത്തിൽ ഉപയോഗിക്കപ്പെടുന്ന വസ്തുക്കൾ കലാസൃഷ്ടികൾ ആയി അവതരിപ്പിക്കാം — ആണ് ഫൗണ്ടനിലൂടെ ലോകം ദർശിച്ചത്3. ഒരുപാട് വിവാദങ്ങൾക്ക് വിധേയമായ ഈ കലാസൃഷ്ടിയുടെ പകർപ്പുകൾ ലണ്ടനിലെ ട്ടേറ്റ് ഗ്യാലറി അടക്കം പ്രസിദ്ധമായ പല വേദികളിലും ഇന്നും കലാസ്വാദകരെ ആകർഷിച്ച് കൊണ്ടിരിക്കുന്നു.

ഇപ്പോഴത്തെ വിവാദം വെറുമൊരു താത്വിക പ്രശ്നം മാത്രമല്ല. നമ്മുടെ സൗന്ദര്യശാസ്ത്ര സങ്കല്പങ്ങളുമായി ബന്ധപ്പെടുത്താതെ ഈ വിഷയത്തിലുള്ള ചർച്ച അവസാനിപ്പിക്കാൻ കഴിയില്ല. കലാചരിത്ര രചനയിൽ നിപുണനായ എം. എൽ. ജോണിയുടെ അഭിപ്രായത്തിൽ മലയാളി സമൂഹത്തിന് ദൃശ്യസാക്ഷരതയിൽ (visual literacy) ഉള്ള കുറവാണ് ഇത്തരം പ്രശ്നങ്ങൾക്കുള്ള മുഖ്യകാരണം. നൂറുശതമാനം സാക്ഷരത അവകാശപ്പെടുന്ന കേരളീയരുടെ സൗന്ദര്യത്മകസങ്കൽപ്പങ്ങൾ പലതും അവികസിതമാണ്. നാടിന്റെ ഉഷ്ണമേഖലാ കാലവസ്ഥക്ക് ഒട്ടും യോജിക്കാത്ത തരത്തിലുള്ള വീടുനിർമ്മാണം മുതൽ, ഏതൊക്കെയോ നാടുകളിലെ വാസ്തുവിദ്യാശൈലികൾ അതേപടി അനുകരിച്ച് കെട്ടിപ്പൊക്കുന്ന ആരാധനാലയങ്ങൾ വരെ ഈയൊരു ദൃശ്യ നിരക്ഷരതയുടെ ലക്ഷണങ്ങൾ ആണ്. ഈ ദുരവസ്ഥയുടെ സന്താനങ്ങളാണ് നമ്മുടെ നാട്ടിൽ വളർന്നുവരുന്ന മിക്ക നാഗരിക കേന്ദ്രങ്ങളും. ടൗൺ ആൻഡ് കൻട്രി പ്ലാനിംഗ് (Town and Country Planning) എന്ന വകുപ്പ് പുതിയ കെട്ടിടങ്ങൾക്ക് അനുമതി നൽകാനുള്ള ഒരു റബ്ബർ സ്റ്റാമ്പ് എന്നതിനപ്പുറത്തേക്ക് വളർന്നാൽ മാത്രമേ നഗരങ്ങളുടെ വളർച്ചയും, പൊതു ഇടങ്ങളുടെ സംരക്ഷണവും ഉറപ്പ് വരുത്താനാകൂ. റോഡ്, പാലം, കെട്ടിടങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിൽ ഒതുങ്ങുന്ന നഗരവികസനമാണ് നമ്മുടെ നാട്ടിൽ ഉള്ളത്. പൊതു ഇടങ്ങളുടെ സൗന്ദര്യവൽക്കരണം, ഉദ്യാനങ്ങളുടെയും, പച്ചതുരുത്തുകളുടെയും ശാസ്ത്രീയമായ പരിപാലനം തുടങ്ങിയ പ്രവർത്തികൾക്ക് ആരും വേണ്ടത്ര പരിഗണന നൽകുന്നില്ല. ശംഖുമുഖത്തേക്ക് അന്തേവാസിയായി വന്ന പെൻഷൻപറ്റിയ ഹെലികോപ്റ്റർ ഉയർത്തുന്ന സമസ്യകൾ സാഗരകന്യകയ്ക്ക് ചുറ്റും ഒതുങ്ങി നിൽക്കുന്ന ഒന്നല്ല എന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടാനാണ് മേൽപ്പറഞ്ഞ വിഷയം ഇവിടെ അവതരിപ്പിച്ചത്.ശംഖുമുഖത്തിന്റെ ഭൂമിശാസ്ത്രം ഇനിയും മാറിക്കൊണ്ടിരിക്കും. ആ പ്രദേശം മുഴുവൻ കാലത്തിന്റെ തിരയടിച്ചിലിൽ കടലിന്റെ അടിത്തട്ടിൽ ഉറങ്ങുമായിരിക്കും. ഒരുപക്ഷേ, സാഗരകന്യകയും തന്റെ ജന്മദേശത്തേക്ക് തിരികെ പോയേക്കും. അതൊന്നും നമ്മുടെ നിയന്ത്രണത്തിൽ മാത്രമുള്ള കാര്യങ്ങളല്ല. എന്നാൽ നമുക്ക് ചെയ്യാവുന്ന, അല്ലെങ്കിൽ ചെയ്യാമായിരുന്ന, ചില കാര്യങ്ങൾ ഉണ്ട്. കാനായിയോട് ഒരഭിപ്രായം പോലും ചോദിക്കാതെ, അദ്ദേഹം വിയർപ്പൊഴുക്കി രൂപകൽപ്പന ചെയ്ത ഭൂമികയിൽ മറ്റൊരു വസ്തുവിനെ (object) പ്രതിഷ്ഠിച്ചത് ഒരു ഒറ്റപ്പെട്ട സംഭവമായി മാത്രം കാണാതിരിക്കുക എന്നതാണ് അതിൽ പ്രധാനം. അങ്ങനെ ചെയ്താൽ, സമാനമായ വിവാദങ്ങൾ ഇനിയും ഉണ്ടാകും എന്നത് തീർച്ചയാണ്.

അനുബന്ധം:

ഈ ലേഖനം തയ്യാറാക്കുന്നതിന്റെ ഭാഗമായി കാനായി കുഞ്ഞിരാമനെ ഞാൻ ഫോണിൽ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ നളിനിയാണ് ഫോൺ എടുത്തത്. ഈ വിഷയത്തെക്കുറിച്ച് അധികം സംസാരിക്കാൻ സാധിക്കാത്ത വിധം ദുഃഖിതനാണ് ആധുനിക കേരളത്തിന്റെ സ്വന്തം ശില്പി എന്നാണ് അവർ പറഞ്ഞത്. അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് കേട്ടപ്പോൾ കരുതിവെച്ചിരുന്ന ചോദ്യങ്ങൾക്ക് പ്രസക്തിയില്ല എന്ന് എനിക്ക് മനസ്സിലായി. സാഗരകന്യകയുടെ സമീപം ഹെലികോപ്റ്റർ പ്രതിഷ്ഠിക്കപ്പെട്ടു എന്ന വാർത്ത കേട്ടപ്പോൾ തന്റെ വിഷമം ഉള്ളിലൊതുക്കുകയാണ് അദ്ദേഹം ചെയ്തത്. പിന്നീട്, കലാസാംസ്കാരിക പ്രവർത്തകരുടെ സ്നേഹപൂർവമുള്ള നിർബന്ധത്തിന് വഴങ്ങിയാണ് കാനായി മാധ്യമങ്ങളോട് സംസാരിച്ചത്. ശംഖുമുഖത്ത് സംഭവിച്ചതിനെക്കുറിച്ച് പൊതുജനങ്ങൾ വിധിയെഴുതട്ടെ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

_______

Notes

[1] The relation between what we see and what we know is never settled; Ways of Seeing by John Berger. | [2] Kanayi: art, life and ethics. A documentary film by students of TKM School of Architecture, Kollam. | [3] Duchamp Fountain, TATE

Joyel K Pious

ജോയൽ കെ പയസ് ഒരു ഫോട്ടോഗ്രാഫറും, ദ്വിഭാഷ എഡിറ്ററും ആണ്. ഡൽഹിയിൽ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ് ദിനപത്രത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നു. കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള അദ്ദേഹം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിൽ തല്പരനാണ്. ഫോട്ടോമെയിലിന്റെ ന്യൂസ് എഡിറ്റർ എന്ന നിലയിലും അദ്ദേഹം തന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നു.Published on December 10, 2020

Share

Home » Portfolio » ലേഖനങ്ങൾ » കാലം കാനായിയോട് ചെയ്യുന്നത്

Related Articles

2022-02-03T18:22:26+05:30

പ്രയാഗിലെ ദേശാടനക്കിളികൾ

നല്ല വെയിലുള്ള ഒരു ഉച്ചയ്ക്കാണ് ഞങ്ങൾ കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗ്രാൻഡ് ട്രങ്ക് റോഡിന്റെ അരികിലൂടെ വളരെ ശ്രദ്ധയോടെ ഞാൻ സൈക്കിൾ ചവിട്ടി. വേഗമേറിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന കാറ്റിന് സൈക്കിളിന്റെ താളം തെറ്റിക്കാൻ കഴിയും എന്നതിനാൽ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. മുമ്പിലുള്ള പ്രധാന നഗരം 130 കിലോമീറ്റർ കിഴക്കുള്ള അലഹബാദ് ആയിരുന്നു. ഒറ്റദിവസം കൊണ്ട് അവിടെ എത്താനാകില്ല എന്നതുകൊണ്ട് ഇടയ്ക്കുള്ള ഫത്തേപ്പൂർ എന്ന പട്ടണത്തിൽ രാത്രി തങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഗംഗയുടെയും, യമുനയുടെയും ഇടയിലായാണ് ജില്ലാ ആസ്ഥാനം കൂടിയായ ഫത്തേപ്പൂരിന്റെ കിടപ്പ്. കയറ്റിറക്കങ്ങൾ ഇല്ലാത്ത വഴിയിലൂടെയുള്ള യാത്ര സുഖകരമായിരുന്നു.

2021-11-12T15:22:58+05:30

ചുവപ്പും കറുപ്പും: ചില കാൺപൂർ ഓർമ്മകൾ

നഗരത്തെ നടുവിലൂടെ കീറിമുറിച്ച് കടന്നുപോകുന്ന പ്രധാന പാതയിലൂടെ പതിനഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മാത്രമേ സുമിതിന്റെ സുഹൃത്തുക്കൾ ഏർപ്പാടാക്കിയ മുറിയിൽ എത്താനാകൂ. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും വലുതും, തിരക്കുപിടിച്ചതുമായ നഗരമായിരുന്നു കാൺപൂർ. നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന മോട്ടോർ വാഹനങ്ങളുടെ ഇടയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നത് ഒരു സർക്കസ് വിദ്യ പോലെ തോന്നി. വഴിയിൽ ഇടക്കിടെ വരുന്ന മേൽപ്പാലങ്ങളിലേക്ക് സൈക്കിൾ ചവിട്ടിക്കയറ്റാൻ ഞങ്ങൾ ഇരുവരും പ്രയാസപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളുടെ ഹോണുകൾ സൃഷ്ടിക്കുന്ന ഒച്ചപ്പാടിൽ സൈക്കിൾ മണികളുടെ ശബ്ദം അലിഞ്ഞില്ലാതായി. കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ട്രാഫിക് സിഗ്നലുകൾ പിന്നിടുന്നത് അതീവ ശ്രമകരമായിരുന്നു. ഓട്ടപ്പന്തയത്തിന് തയ്യാറെടുക്കുന്നതുപോലെ അക്ഷമരായി പച്ചവെളിച്ചവും കാത്ത് നിൽക്കുന്ന ഡ്രൈവർമാർക്കിടയിലൂടെ സൈക്കിൾ ചവിട്ടുന്നത് അപകടം നിറഞ്ഞ പരിപാടിയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പ്രയാണത്തിനൊടുവിലാണ് കാൺപൂർ നഗരത്തിന്റെ തെക്കേയറ്റത്ത് ഞങ്ങൾ എത്തിച്ചേർന്നത്.

2021-09-28T14:35:13+05:30

പുതുമഴയുടെ മണമുള്ള മണ്ണിൽ

മുറിയിൽ എത്തിയപ്പോൾ ധർമ്മശാലയുടെ ഉടമ അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിശേഷങ്ങൾ കേട്ടപ്പോൾ അയാൾ ഭേദപ്പെട്ട ഒരു മുറി തന്നു. ചിലന്തിവലകൾ നിറഞ്ഞ, ഈർപ്പം തങ്ങി നിന്നിരുന്ന ആ മുറി ആദ്യത്തെ സ്റ്റോർ റൂമിനേക്കാൻ നല്ലതായിരുന്നു. ഞങ്ങളുടെ പര്യടനഭൂപടത്തിൽ ഉൾപ്പെടാത്ത സ്ഥലമായിരുന്നെങ്കിലും, ബദായൂനിന്റെ ചരിത്രത്തെക്കുറിച്ച് ഞാൻ അല്പം അന്വേഷണം നടത്തി. അഹർ രാജകുമാരനായ ബുദ്ധ് പൊതുയുഗം (CE) 905ൽ സ്ഥാപിച്ചതാണ് ഈ നഗരം എന്ന് വിശ്വസിക്കപ്പെടുന്നു. മുഹമ്മദ് ഗസ്നിയുടെ ബന്ധുവായ സയ്യിദ് മസൂദ് ഗാസി CE 1028 ൽ ഈ പ്രദേശം പിടിച്ചടക്കി

2021-09-28T14:39:41+05:30

ബ്രിജ്ഘാട്ടിലെ ചൂടുകാറ്റ്

‘തീർത്ഥാടക നഗരിയായ അനുപ്ശഹറിലേക്ക് സ്വാഗതം’ എന്നെഴുതി വെച്ചിട്ടുള്ള ഒരു വലിയ കമാനം ഞങ്ങളുടെ മുൻപിൽ തലയുയർത്തി നിന്നു. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത് അനുപ് റായ് എന്ന രാജാവാണ് ഈ പട്ടണം സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്.

2021-09-28T14:40:57+05:30

രണ്ട് പുതിയ ചങ്ങാതിമാർ

ഇരുട്ട് വീഴും മുൻപേ ഹൈവേയിൽ എത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അഞ്ചുമണി ആയപ്പോഴേക്കും വെളിച്ചം കുറയാൻ തുടങ്ങി. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളും, ഒറ്റപ്പെട്ട ചില ഗ്രാമങ്ങളും മാത്രമേ വഴിയിൽ കണ്ടുള്ളൂ. കാലിൽ വേദന കൂടിക്കൂടി വന്നതുകൊണ്ട് സൈക്കിൾ വേഗത്തിൽ ചവിട്ടാനും കഴിയുന്നില്ല. ഓരോ കിലോമീറ്ററും പിന്നിടാൻ വേണ്ട സമയം കൂടിവന്നു.