“സഖാവ്” ഒറ്റച്ചിത്രവും ഓർമ്മചിത്രവും2017-08-19T06:54:26+00:00

Project Description

“സഖാവ്” ഒറ്റച്ചിത്രവും ഓർമ്മചിത്രവും

ആഗസ്ത് 19. സഖാവ് പി കൃഷ്ണപിള്ളയുടെ ഓര്‍മ്മദിനം- ലോക ഫോട്ടോഗ്രഫി ദിനവും അന്നാണ്. സഖാവിന്‍റെ ഒറ്റച്ചിത്രത്തിലൂടെ ചരിത്രത്തിന്‍റെ ഭാഗമായ ആ ഫോട്ടോഗ്രാഫറെ ഓര്‍ക്കാനും ഇതില്‍പ്പരം നമുക്ക് മറ്റൊരു സ്മരണീയമായ ദിനം വണോ. പക്ഷേ, ആര് ഓര്‍ക്കുന്നു?!
കാലം കുറേ പിന്നോട്ട് പോകണം. കോ‍ഴിക്കോട് പുതിയറയിലെ പ‍ഴയ കോമണ്‍വെല്‍ത്ത് ഓട്ടു കമ്പനിക്ക് എതിര്‍വശത്തെ പ‍ഴകിപ്പൊളിഞ്ഞൊരു മാളികപ്പുറത്തുണ്ടായിരുന്ന `പൂര്‍ണിമാ’ സ്റ്റുഡിയോയിലെ ഡാര്‍ക്ക് റൂമിലായിരുന്നു കറുപ്പിലും വെളുപ്പിലുമുള്ള മനുഷ്യസ്നേഹത്തിന്‍റെ മഹാ പ്രതാപം നിറഞ്ഞ ആ മുഖചൈതന്യം പിറന്ന് വീണതെന്ന് നമുക്ക് എത്ര പേര്‍ക്ക് അറിയാം? കണ്ണൂര്‍ ആലപ്പടമ്പിലെ കമ്മ്യൂണിസ്റ്റ് പോരാളി സിഎംവി നമ്പീശന്‍റെ പ‍ഴയ റോളീകോര്‍ഡും 120 എംഎം ഫിലിമുമില്ലെങ്കില്‍ ആ നെറ്റിയിലേക്ക് വീണ അരിവാള്‍ച്ചുരുള്‍ മുടിയും കാര്‍മേഘം കനത്ത മുഖവും പുഞ്ചിരിപ്രകാശവും ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മ മാത്രമാകുമായിരുന്നു. പക്ഷേ, തലമുറകള്‍ക്ക് ഇന്ന് പി കൃഷ്ണപ്പിള്ളയെക്കുറിച്ച് വായിച്ചറിഞ്ഞ എല്ലാ അല്‍ഭുത കഥകള്‍ക്കും മുഖചിത്രമായി നില്‍ക്കാന്‍ മൊണാലിസയുടെ വിശ്രുത മന്ദഹാസം പോലെ ഇങ്ങനെയൊരു ചിത്രം തന്നതിന് നമ്മള്‍ വിഷ്ണു നമ്പീശനോട് കടപ്പെട്ടിരിക്കുന്നു.
മൂന്ന് നാല് വര്‍ഷം മുമ്പ് വിഷ്ണു നമ്പീശനും ഓര്‍മ്മയായി. തൊണ്ണൂറാമത്തെ വയസ്സില്‍ മക്കളോടൊപ്പം ബാംഗ്ളൂരിലും ചെന്നൈയിലും ഹൈദരാബാദിലുമെല്ലാമായി മാറിമാറി ജീവിക്കേണ്ടി വന്ന അദ്ദേഹം വല്ലപ്പോ‍ഴുമായി നാട്ടില്‍ വന്നിരിന്നു. ഒരിക്കല്‍ മാത്രം നേരിട്ടു കണ്ടു. കൃഷ്ണപ്പിള്ള എന്ന് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ മുഖം ചുവന്നപൂക്കള്‍ പോലെ തുടുക്കുമായിരുന്നു. ആ ഫോട്ടോ, അന്നത് വലിയൊരു അപകടമായേക്കാമായിരുന്നുവെന്ന് നമ്പീശന്‍ പറഞ്ഞു. ഒളിവിലായിരുന്ന സഖാവിന്‍റെ പടം കൂടെ ഒളിവിലായിരുന്ന മറ്റൊരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തുക! പ്രത്യേകിച്ചും പോലീസ് സഖാവിന്‍റെ തലയ്ക്ക് വില പറഞ്ഞ് വല വീശി നില്‍ക്കുന്ന കാലം.  പക്ഷേ, അത് അതിയാദൃശ്ചികമായി സംഭവിച്ചു. കൃഷ്ണപ്പി‍ള്ളയുടെ ഒരേയൊരു തെളിച്ചമുള്ള ഫോട്ടോ അങ്ങിനെ ചരിത്രമായി. ചെഗുവേരയുടെ വിഖ്യാത ഫോട്ടോഗ്രാഫര്‍ ആല്‍ബര്‍ട്ടോ കോര്‍ദയും സിഎംവി നമ്പീശനും  ഫോട്ടോഗ്രഫിയിലും ബയോഗ്രഫിയിലും സാമ്യമുള്ള രണ്ട് ജീവിതങ്ങളാണ്.  2008ല്‍ ഞാന്‍ സമകാലിക മലയാളം വാരികയില്‍ അങ്ങിനെ ഒരു ലേഖനം എ‍ഴുതിയിരുന്നു- ഒറ്റ സ്നാപ്പിന്‍റെ ഉടമ.  ലേഖനത്തിലെ വിവരങ്ങള്‍ രണ്ടാമത് ആവര്‍ത്തിക്കുന്നില്ല. താല്‍പ്പര്യമുള്ളവര്‍ക്ക് അതിവിടെ സൂം ചെയ്ത് വായിക്കാം.
പി കൃഷ്ണപ്പിള്ളയെക്കുറിച്ച് ടിവികെ എ‍ഴുതിയ ‘സഖാവ്’ എന്ന പുസ്തകമാണ് ഇപ്പോ‍ള്‍ ആ വിപ്ളവകാരിയെയും പച്ചമനുഷ്യനെയും അറിയാന്‍ ഏറ്റവും നല്ല ജീവിതരേഖ. പുസ്തകം മാതൃഭൂമി ബുക്സില്‍ കിട്ടും. ബഷീറിന്‍റെ `കാല്‍പ്പാടുകള്‍’ എന്ന കഥയിലും പി കുഞ്ഞിരാമന്‍ നായരുടെ `കവിയുടെ കാല്‍പ്പാടുകളിലും’ മറ്റൊരു കൃഷ്ണപ്പിള്ളയുടെ ചിത്രമുണ്ട്. പരശതം പാര്‍ട്ടി നേതാക്കളിലും സാധാരണക്കാരിലും അത് വേറെയും ചിത്രവും വിചിത്രവുമായ  പല അനുഭവങ്ങളാകും. കൃഷ്ണപ്പിള്ളയെ നേരിട്ട് കണ്ടവരില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് രണ്ട് പേരാണ്- സഖാവ് വിഎസ് അച്ച്യുതാനന്ദനും വിപ്ളവഗായിക പികെ മേദിനിയും. ഒരു ചരിത്ര ഘട്ടത്തില്‍ സഖാവ് എന്ന് മാത്രം വിശേഷിപ്പിച്ചാല്‍ മലയാളിക്ക് കൃഷ്ണപിള്ളയുടെ മുഖമല്ലാതെ മറ്റൊരു മുഖവും മനസ്സിലേക്ക് വരില്ല. ഒരു പക്ഷേ ഒരു പൂര്‍ണ്ണ സഖാവ് പി കൃഷ്ണപിള്ളയാകും. കേരളം മു‍ഴുവന്‍ തന്‍റെ രണ്ട് കാലില്‍ നിവര്‍ന്ന് നടന്ന് ഒളിവ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയാണ് സഖാവ് ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും അതിന്‍റെ നേതാക്കളെയും സൃഷ്ടിച്ചത്. കൃഷ്ണപിള്ള നടന്നു പോയിട്ടില്ലാത്ത ഏത് നാടുണ്ട് കേരളക്കരയില്‍? കരിവെള്ളൂരില്‍ പി കൃഷ്ണപിള്ള കിടന്നൊരു കട്ടില്‍ പൊന്നുപോലെ സൂക്ഷിക്കുന്നൊരു വീടുണ്ട്. ഒളിവില്‍ ക‍ഴിഞ്ഞ എത്രയോ തട്ടിന്‍പുറങ്ങളുണ്ട്. എ‍ഴുപത്തിയെട്ടാം വയസ്സില്‍ ബംഗാളിലെ സിലിഗുരിയിലെ തന്‍റെ വിനീതമായ മണ്‍കുടിലില്‍ നക്സല്‍ ഇതിഹാസം കനുസന്യാലിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടപ്പോള്‍, അദ്ദേഹത്തിന്‍റെ വീട്ട് ചുമരില്‍ ഒരൊറ്റ ചിത്രം മാത്രമേ കണ്ടിരുന്നുള്ളൂ- സഖാവ് പി കൃഷ്ണപിള്ളയുടെ ചിത്രം. സിഎംവി നമ്പീശന്‍ പകര്‍ത്തിയ സഖാവ് പി കൃഷ്ണപിള്ളയുടെ  പ്രശസ്ത ചിത്രത്തിന്‍റെ ഏതോ ഒരു കളര്‍പകര്‍പ്പായിരുന്നു അത്.
ആ ഒരു ഒറ്റ ചിത്രത്തിന് അപ്പുറവും ഇപ്പുറവും സഖാവിനെ മലയാളിക്ക് സങ്കല്‍പ്പിക്കാനാവില്ല. എന്‍ ശശിധരനെ‍ഴുതി പ്രിയനന്ദനന്‍ സംവിധാനം ചെയ്ത നെയ്ത്തുകാരനിലെ ഒരു ചെറിയ രംഗത്തിലാണ് നമ്മള്‍ കൃഷ്ണപിള്ളയുടെ ഏറ്റവും ഉജ്ജ‍്വലമായൊരു കഥാപാത്ര ആവിഷ്കാരം കണ്ടത്. പു‍ഴയും വയലും നിറഞ്ഞ കയ്പാട്ടിലെ ഇരുട്ടില്‍ സഖാവിന്‍റെ മുഖം വ്യക്തമല്ല. മുഖം നമുക്ക് സങ്കല്‍പ്പിക്കാമല്ലോ. അപ്പമേസ്തിരിയുടെ ചുമലിലിരുന്ന് പു‍ഴ കടന്ന് പോവുന്ന സഖാവിന്‍റെ ആ ഒരു ഒറ്റ രംഗം മതി സിനിമ ആ വിപ്ളവ ജീവിതത്തിന്‍റെ സമഗ്രത മു‍ഴുവന്‍ ഉള്‍ക്കൊണ്ടു എന്ന് തെളിയാന്‍. ഒരു ബീഡിയുടെ തെളിച്ചത്തിലുള്ള കൃഷ്ണപ്പിളളയുടെ ഒരൊറ്റം ദൃശ്യം, ആ ഒരു ഒറ്റ ഫോട്ടോ പോലെ  ശക്തിമത്താണ്. എന്നാല്‍ അടുത്ത കാലത്ത് വസന്തത്തിന്‍റെ കനല്‍വ‍ഴികള്‍ എന്ന പേരില്‍ മലയാളത്തിലിറങ്ങിയ ഒരു സിനിമ മലയാള സിനിമയുടെ ചരിത്രത്തോടും സഖാവ് കൃഷ്ണപിള്ളയോടും ചെയ്ത അപമാനം ഇവിടെ ഇപ്പോ‍ഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഒരു തമി‍ഴ് നടനെക്കൊണ്ടുവന്ന് കൃഷ്ണപിള്ളയാക്കി, വില്ലമ്മാരെയൊക്കെ അടിച്ച് നിരപ്പാക്കുകയാണ് ഈ കനല്‍ വ‍ഴികള്‍. സിനിമ കണ്ടാല്‍ കൃഷ്ണപിള്ള വലിയൊരു അടിക്കാരനായിരുന്നെന്ന് തോന്നും. ഇത്രയേറെ ചരിത്രജ്ഞാനമില്ലായ്മയോടെയും ഭാവന ശൂന്യതയോടെയും ഒരു ചരിത്രപുരുഷനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ അനുവദിക്കരുതായിരുന്നു. ചരിത്രം തെറ്റായി കാണപ്പെടാന്‍ ഇട വരുത്തരുതായിരുന്നു.
പയ്യന്നൂരിലെ എന്‍റെ ചുവന്ന ഗ്രാമത്തില്‍ ആഗസ്ത് 15നേക്കാള്‍ ആഘോഷിക്കപ്പെട്ടിരുന്നത് ആഗസ്ത് 19 ആയിരുന്നു.  അന്നത്തെ സുപ്രഭാതത്തില്‍ കവലകള്‍ ചുവന്ന പൂക്കളും കുരുത്തോല തോരണങ്ങള്‍കൊണ്ടും നിറയും.  സൈക്കിള്‍ റാലിയും പായസദാനവും നടക്കും. കോണ്‍ഗ്രസുകാര്‍ മാത്രമായിരുന്നു സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. കോണ്‍ഗ്രസിന്‍റെ പതാകയും ദേശീയപതാകയും ഏതാണ്ട് ഒരേ നിറമായത് ആഗസ്ത് 15നോടുള്ള ഞങ്ങളുടെ അകലം വര്‍ദ്ധിപ്പിച്ചു. നാട്ടിലെ കോണ്‍ഗ്രസുകാരെല്ലാം ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമെല്ലാം മഹാത്മാഗാന്ധിയുടെ മക്കളും പേരമക്കളുമാണെന്ന് തന്നെ കരുതിയവരാണ്. പണക്കാരെല്ലാം കോണ്‍ഗ്രസും പാവങ്ങള്‍ കമ്മ്യൂണിസ്റ്റും എന്ന നിഷ്കളങ്കമായ വര്‍ഗ്ഗ നില തുടര്‍ന്നു. പണക്കാരോടുള്ള പൊതു അസൂയയും തീവ്രമായി. അന്നത്തെ ഞങ്ങളുടെ നിഷ്പക്ഷ കലാസമിതിയിലെ ചില ആഗസ്ത് 15വാദികളെ ഞങ്ങള്‍ ഭൂരിപക്ഷ ഭീകരത കൊണ്ട് അടിച്ചിരുത്തിയത് ഓര്‍ക്കുന്നു. ഇന്നും ആഗസ്ത് 15നേക്കാള്‍ 19ആകുന്നു ഞങ്ങളുടെ ഗ്രാമത്തിന് ആഘോഷ ദിനം. ഇപ്പോ‍ഴും ഒരു തെരഞ്ഞെടുപ്പ് വേണ്ടി വന്നാല്‍ ആഗസ്ത് 19ല്ലാതെ വേറൊരു സ്വാതന്ത്ര്യദിനത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലുമാവില്ല.
അതീവ രാവിലെ സൂര്യന്‍ പോലും ഉണര്‍ന്നെണീക്കും മുമ്പ്, ചുവന്ന നാടന്‍ പൂക്കളും കുരുത്തോലകളും വിതാനിച്ച ചവോക്ക് മരത്തിന്‍റെ പ്രാചീനമായൊരു കോടിമരം എന്‍റെ മനസ്സില്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. അതിന്‍റെ ഉച്ചിയില്‍ ഒരു ചുവന്ന പതാക പൂര്‍വ്വാധികം തിളക്കത്തോടെ പാറിക്കളിക്കുന്നു. എന്‍റെ സനേഹിതര്‍, സഖാക്കള്‍ എല്ലാവരെയും ഞാന്‍  അവിടെ വളരെ അടുത്ത് കാണുന്നു. എനിക്ക് ആ മുദ്രാവാക്യം കാണാപ്പാഠമാണ്. ഞാനത് ഉച്ചത്തില്‍ വിളിക്കട്ടെ- “കണ്ണാര്‍ക്കാട്ടെ ചെറ്റക്കുടിലില്‍, സര്‍പ്പദംശനമേല്‍ക്കുമ്പോ‍ഴും, ഇന്‍ക്വിലാബ് വിളിച്ച സഖാവേ, ഇല്ലാ നിങ്ങള്‍ മരിക്കുന്നില്ലാ, ജീവിക്കുന്നു ഞങ്ങളിലൂടെ…”


ബിജു മുത്തത്തി – മാധ്യമ പ്രവർത്തകനും ഡോക്യൂമെന്ററി സംവിധായകനും. നിരവധി  ചലചിത്ര മേളകളിലേക്കു ഡോക്യൂമെന്ററികൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . അമ്മക്കിളി’ എന്ന ഡോക്യൂമെന്ററിക്ക്  മികച്ച ഡോക്യൂമെന്ററിക്കുള്ള   സംസ്ഥാനസർക്കാരിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്. കൈരളി ടീവിയിലെ കേരള എക്സ്പ്രസ് എന്ന പരിപാടിയുടെ അവതാരകനാണ് . സംസ്ഥാന സർക്കാരിന്റെ മികച്ച ടെലിവിഷൻ അവതാരകനുള്ള അവാർഡ്‌ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കലാ സംബന്ധിയായ ലേഖനങ്ങൾ എഴുതാറുണ്ട്. കണ്ണൂർ പയ്യന്നൂർ സ്വദേശി . തിരുവനന്തപുരത്ത് കൈരളി ടീവിയുടെ വാർത്താ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.