ലേഖനങ്ങൾ

ഫോട്ടോ മെയിൽ
മലയാളം പേജിൽ
സമകാലിക ഫോട്ടോഗ്രാഫി
അതിന്റെ ചരിത്രം, സൗന്ദര്യശാസ്ത്രം
ടെക്നിക്കുകൾ, വിമർശനം, കൂടാതെ
വിവർത്തനം ചെയ്‌തു
ലേഖനങ്ങൾ പ്രസിദ്ധീകരിക്കും

റൊളാന്റ് ബാർഥ
റൊളാന്റ് ബാർഥ | കടപ്പാട് ഇന്റർനെറ്റ്

പ്രതിബിംബങ്ങളുടെ ഭാരം 

രണ്ട്തരം ഭാഷകൾക്കിടയിൽ ഛിന്നഭിന്നമാകുന്ന അസ്വസ്ഥതയാണ്  ഫോട്ടോഗ്രഫിയെക്കുറിച്ച്  എഴുതാൻ ആഗ്രഹിക്കുമ്പോൾ ബാർത് (Roland Barthes) അഭിമുഖീകരിക്കുന്നത്. ഭാവാവിഷ്ക്കാരത്തിന്റെയും വിമർശനാത്മകതയുടെയും  വ്യത്യസ്തഭാഷകൾ. ഏതിനം ലഘൂകരണപദ്ധതിയേയും  ചെറുക്കാൻ അദ്ദേഹം ശ്രമിക്കുന്നു. മൂന്നാമതൊരു  ഭാഷണത്തിലൂടെ. നീത്ചെ പറയുന്ന ‘അഹംബോധ ( Ego) ത്തിന്റെ പ്രാചീനമായ പരമാധികാരത്തി’ലേക്ക്  ബാർത്  തിരിയുന്നു. ആ പ്രാമുഖ്യത്തെ സ്വാനുഭവങ്ങളിൽ മാത്രം അധിഷ്ഠിതമായ ഒരു പഠനപദ്ധതിയാക്കിക്കൊണ്ട്. അതിനാൽ, ‘തനിക്ക് വേണ്ടി’ മാത്രം നിലനില്പ്പുള്ളതെന്ന്  ഉറപ്പുള്ള ഏതാനും ഫോട്ടോഗ്രഫുകളിൽ നിന്ന് അന്വേഷണം തുടങ്ങണം. വ്യക്തിപരമായ ചില പ്രചോദനങ്ങളിൽ ആരംഭിച്ച്,   ഫോട്ടോഗ്രാഫിയുടെ  അടിസ്ഥാനലക്ഷണം രൂപവത്ക്കരിക്കാൻ. ഏതൊരു സാമാന്യാശയത്തിന്റെ അഭാവത്തിൽ ഫോട്ടോഗ്രഫിയും ഇല്ലാതാകുന്നുവോ ആ തത്വം കണ്ടെത്താൻ.

ഫോട്ടോഗ്രഫിക്  ജ്ഞാനത്തിന്റെ അളവ്കോലായി  ബാർത്  പ്രതിഷ് ഠിക്കുന്നത് തന്നെത്തന്നെയാണ്. ‘ എന്റെ  ഉടലിന്   ഛായാഗ്രഹണത്തെക്കുറിച്ച്  എന്താണ്  അറിയുക? ‘ എന്ന പരിശോധനയിലൂടെ. ഒരു  ഫോട്ടോഗ്രഫ്  മൂന്നുതരം പ്രക്രിയകളുടെ / വികാരങ്ങളുടെ /  ലക്ഷ്യങ്ങളുടെ വിഷയമാണ് . അവയിൽ operator ഫോട്ടോഗ്രഫറും  കാഴ്ചക്കാർ നമ്മളുമാകുന്നു. പത്രങ്ങൾ, മാസികകൾ, പുസ്തകങ്ങൾ, ആൽബങ്ങൾ എന്നിവയിലെല്ലാമുള്ള  ഛായാപടശേഖരങ്ങളിൽ  കണ്ണോടിക്കുന്ന നാം തന്നെ പ്രേക്ഷകർ. ഫോട്ടോഗ്രഫ്    ചെയ്യപ്പെടുന്ന  വസ്തുവോ വ്യക്തിയോ ആണ് ലക്ഷ്യം, അഥവാ അടയാളം. ആ വിഷയം വികിരണം ചെയ്യുന്ന ഏത് സത്തയെയും (eidolon)  ബാർത് ഫോടോഗ്രഫിന്റെ  Spectrum എന്ന്  വിളിക്കുന്നു. Spectrum എന്ന പദം, അതിന്റെ ധാതുരൂപത്തിൽ കാഴ്ചവസ്തു  (Spectacle ) വുമായുള്ള  ഒരു ബന്ധം നിലനിർത്തുന്നുമുണ്ട്. കാഴ്ചവസ്തുവിൽ, എല്ലാ  ഫോട്ടോഗ്രഫിലും അടങ്ങിയ ഭയാനകസംഗതി  ചേർക്കപ്പെട്ടിരിക്കുന്നു: മരിച്ച്  പോയതിന്റെ തിരിച്ച് വരവ്.



ഒരു അമേച്വർ ഫോട്ടോഗ്രഫര്‍  പോലുമല്ലാത്തതിനാൽ, ഓപറേറ്ററുടെ പ്രക്രിയയെക്കുറിച്ചുള്ള  അന്വേഷണം ബാർതിനു  സാധ്യമല്ല. ഓപറേറ്ററുടെ വികാരം അയാൾ  നോക്കുന്ന  ചെറിയ ദ്വാരവുമായി (Stenope ) ഏതോ തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നതായി ബാർത്  അനുമാനിക്കുന്നു. ആ പഴുതിലൂടെയാണ് അയാൾ നോട്ടത്തെ പരിമിതപ്പെടുത്തുന്നതും  ചട്ടത്തിലാക്കുന്നതും (framing) പരിപ്രേക്ഷ്യമുണ്ടാക്കുന്നതും.

സാങ്കേതികമായി തീർത്തും വിഭിന്നമായ രണ്ട്  പ്രവൃത്തികൾ അന്യോന്യം  േഛദിക്കുന്നിടത്ത്  ഛായാഗ്രഹണം സംഭവിക്കുന്നു. ചില പദാർത്ഥങ്ങളിൽ പ്രകാശത്തിന്റെ പ്രവർത്തനം എന്ന രാസനിലയാണ് ഒരു പ്രക്രിയ. പ്രകാശോപകരണത്തിലൂടെ പ്രതിബിംബം രൂപപ്പെടുന്ന ഭൗതികനില രണ്ടാമത്തേതും. കാഴ്ചക്കാരന്റെ ഫോട്ടോഗ്രഫ്  വിഷയത്തിന്റെ രാസികമായ വെളിപാടിൽ നിന്ന്  ആവിർഭവിക്കുന്നു. എന്നാൽ ഓപറേറ്റർക്ക്  ഫോട്ടോഗ്രഫ്  നേർവിപരീതമാണ്.  കാമറയുടെ മറവിലുള്ള താക്കോൽ ദ്വാരത്തിലൂടെ, ചട്ടത്തിനു ള്ളിലാക്കിയ കാഴ്ചയുമായാണ്  അതിനു ബന്ധം. ഓപ്പറേറ്ററുടെ വികാരമെന്തെന്ന്, സത്തയെന്തെന്ന്  ബാർതിനു  പറയാനാവില്ല. അത്തരമൊരു  പ്രക്രിയ അനുഭവിച്ചിട്ടില്ലാത്തതിനാൽ. ‘ഫോട്ടോഗ്രഫര്‍ക്ക്  അനുസൃതമായ ഫോട്ടോഗ്രഫി’ കൈകാര്യം ചെയ്യുന്ന ഭൂരിപക്ഷസംഘത്തിൽ ചേരാനുമാവില്ല. അദ്ദേഹത്തിന്റെ കൈപ്പിടിയിൽ രണ്ട്  വികാരങ്ങൾ മാത്രമേയുള്ളൂ: നിരീക്ഷിക്കപ്പെടുന്ന വ്യക്തിയും നിരീക്ഷിക്കുന്ന വ്യക്തിയും.

നിരീക്ഷിക്കപ്പെടുന്ന വ്യക്തിയുടെ വികാരങ്ങൾ എന്തൊക്കെയാണ്? ബാർതിന്റെ വാക്കുകളിൽ: ‘ലെൻസിലൂടെ നിരീക്ഷിക്കപ്പെടുന്നു എന്ന്  ബോധ്യപ്പെടുന്നതോടെ എല്ലാം മാറി തുടങ്ങുകയാണ്. ഞാൻ എന്നെ തന്നെ ‘Posing’  എന്ന പ്രവൃത്തിയിൽ രൂപപ്പെടുത്തുന്നു. തൽക്ഷണം, എനിക്കു വേണ്ടി മറ്റൊരു ഉടലിനെ ഉണ്ടാക്കുന്നു. സ്വയം ഒരു പ്രതിബിംബമായി ഞാൻ രൂപാന്തരീകരണം  ചെയ്യുന്നു. ഈ രൂപമാറ്റം സജീവമായ ഒരു ക്രിയയാണ്. ഫോട്ടോഗ്രഫ്, അതിന്റെ അസ്ഥിരസ്വഭാവം കാരണം, എന്റെ ശരീരത്തെ സൃഷ്ടിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നതായി എനിക്ക് അനുഭവപ്പെടുന്നു.

(ബാരിക്കേഡിൽ പോസ്  ചെയ്യാനുള്ള ആവേശത്തിന്, സ്വന്തം ജീവൻ കൊണ്ട് ചില കമ്മ്യൂണ്‍ അംഗങ്ങൾ വില നല്കിയ കാര്യം ബാർത്  ഓർക്കുന്നു. കമ്മ്യൂണിന്റെ പരാജയത്തിനു ശേഷം Theirs – ന്റെ പോലീസ് മിക്കവാറും എല്ലാവരെയും ഫോട്ടോഗ്രഫിൽ നിന്ന്  തിരിച്ചറിയുകയും  വെടിവെച്ച്  കൊല്ലുകയും ചെയ്തു.)

“പോസ്  ചെയ്യുകയാണെന്ന്  ക്ഷണനേരത്തേക്കെങ്കിലും  അറിഞ്ഞു കൊണ്ട്  തന്നെ, അത്രയും അപകടസാധ്യത ആ നിമിഷം ഞാൻ ഏറ്റെടുക്കുന്നില്ല. ഫോട്ടോഗ്രഫിൽ നിന്ന്  ഒരാൾ  തന്റെ അസ്തിത്വത്തെ വ്യുത്പന്നമാക്കുന്നത്  രൂപകാത്മകമായിട്ടാണെന്ന കാര്യത്തിൽ സംശയമില്ല. ഈ അസ്തിത്വം സാങ്കല്പികവുമാണ്.  എന്നിരുന്നാലും ഞാനത്  അനുഭവിക്കുന്നത്  അനിശ്ചിതത്വം കലർന്ന ഒരു ദത്തെടുക്കലിന്റെ തീവ്രവേദനയോടെയാണ്. ഒരു പ്രതിബിംബം -എന്റെ പ്രതിബിംബം- ഉത്പാദിപ്പിക്കപ്പെടും. ഞാൻ ജന്മമെടുക്കാൻ പോകുന്നത്  സഹതാപമർഹിക്കാത്ത വ്യക്തിയിൽ നിന്നാണോ? അതോ, നല്ലവരായ ആളുകളുടെ ഇനത്തിൽ നിന്നോ?  ഒരു ക്ലാസിക് കാൻവാസിൽ എന്ന പോലെ എനിക്ക്  ‘പുറത്ത് വരാൻ’ കഴിഞ്ഞെങ്കിൽ… കുലീനഭാവത്താൽ അനുഗ്രഹീതനായി ;  ചിന്താശീലം, വിവേകം അങ്ങിനെ പലതും നിറഞ്ഞ ഒരാളായി… ചുരുക്കത്തിൽ, ഞാൻ Titian ചിത്രമെഴുതിയത് പോലെ, Clouet രേഖാചിത്രം വരച്ചത് പോലെ ആയിത്തീർന്നെങ്കിൽ. ഞാൻ പിടിച്ചെടുക്കാനാഗ്രഹിക്കുന്നത്  ലോലമായ ഒരു  സന്മാർഗിക ഇഴയടുപ്പമാണ്. എന്നാൽ, മഹാന്മാരായ Portraists- കളുടെ കൈകളിലല്ലാതെ  ഛായാഗ്രഹണം  അതിസൂക്ഷ്മമല്ല – ഫോട്ടോഗ്രഫി മറ്റെന്തൊക്കെയാണെങ്കിലും. ഇക്കാരണങ്ങളാൽ എന്റെ ചർമ്മത്തിനു മുകളിൽ, ഉള്ളിൽ നിന്നും എപ്രകാരം പെരുമാറണമെന്ന്  അറിഞ്ഞുകൂടാ. അതിനാൽ  ഒരു നേരിയ പുഞ്ചിരി എന്റെ ചുണ്ടുകളിലും കണ്ണുകളിലും പാറി നടക്കട്ടെയെന്ന്  ഞാൻ തീരുമാനിക്കുന്നു. നിർവചനാതീതം എന്നാണ്  ആ മന്ദഹാസത്തിൽ  ഞാൻ ഉദ്ദേശിക്കുന്നത്. നേർത്ത  ചിരിയിലൂടെ  ഞാൻ സൂചിപ്പിക്കുന്നത്, എന്റെ പ്രകൃതത്തിന്റെ  സവിശേഷതകൾക്കൊപ്പം ഛായാഗ്രഹണത്തിന്റെ മുഴുവൻ അനുഷ്ഠാനത്തെയും ചൊല്ലി രസം കലർന്ന എന്റെ അവബോധവും കൂടിയാണ്.

ഈ സാമൂഹികവിനോദത്തിനായി  ഒരാൾ തന്നെത്തന്നെ വിട്ട്കൊടുക്കുമ്പോൾ അയാൾ എന്തിനെക്കുറിച്ചെല്ലാം ബോധവാനാണ്?



‘ഞാൻ പോസ്  ചെയ്യുകയാണ്. പോസ്  ചെയ്യുകയാണെന്ന്  എനിക്കറിയാം. അത്  നിങ്ങൾ  അറിയണമെന്നതും  എന്റെ ആവശ്യമാണ്‌. പക്ഷെ, കൂട്ടിച്ചേർക്കപ്പെട്ട ഈ സന്ദേശം ഒരു തരത്തിലും എന്റെ  വ്യക്തിത്വത്തിന്റെ  അമൂല്യമായ സത്തയെ മറ്റൊന്നാക്കി തീർക്കരുത്. ഒരു  ‘കോലം’  എന്നതിൽ നിന്ന്  വ്യത്യസ്തമായി,  ഞാനെന്താണോ  അത് , അതായിരിക്കണം എന്റെ ഛായാപടം.

സ്വന്തം ഫോട്ടോഗ്രഫിൽ ഒരാൾ ആവശ്യപ്പെടുന്നത്  എന്താകാം? ‘ സ്ഥാനാന്തരം ചെയ്യുന്ന ഒരായിരം ഫോട്ടോഗ്രഫുകൾക്കിടയിൽ,  എന്റെ പ്രതിബിംബം ഗഹനമായ എന്റെ വ്യക്തിത്വവുമായി സദാ തുല്യത പാലിക്കണം. ആ പ്രതിരൂപം സന്ദർഭത്തിനും കാലത്തിനും അനുസൃതമായി മാറിക്കൊണ്ടിരിക്കുമ്പോഴും. പക്ഷെ, പറയേണ്ടത്  നേരെ തിരിച്ചാണ്:  ‘ഈ ഞാൻ’ ഒരിക്കലും എന്റെ പ്രതിബിംബവുമായി തത്തുല്യമാകുന്നില്ല. കാരണം , പ്രതിബിംബം ഭാരമുള്ളതും ചലനമറ്റതും  കർക്കശവുമാകുന്നു. (അക്കാരണത്താലാണ്  സമൂഹം  അതിനെ നിലനിർത്തുന്നതും.)  എന്നാൽ, ‘ഈ ഞാൻ’ കനമില്ലാത്തതും വിഭജിതവും ചിതറിയതുമാണ്. കുടത്തിലെ ഭൂതം പോലെ.  ‘ഈ ഞാൻ’ അടക്കമില്ലാതെ, കുലുങ്ങിച്ചിരിച്ച്, എന്നിൽ  വസിക്കുന്നു.

ഛായാഗ്രഹണത്തിന്  നിക്ഷ്പക്ഷവും  ശരീരഘടനശാസ്ത്രപരവുമായ ഒരു ഉടൽ നല്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ബാർത്  ആഗ്രഹിക്കുന്നു. യാതൊന്നിനെയും അർത്ഥമാക്കാത്ത ഒരു ദേഹം!  ” എന്നാൽ, കഷ്ടമെന്ന്  പറയട്ടെ! എല്ലായ്പോഴും  ഭാവാവിഷ്ക്കാരം ആവശ്യപ്പെടുന്ന ഫോട്ടോഗ്രഫിയാൽ ഞാൻ അഭിശപ്തനായിരിക്കുന്നു. അതിനാൽ എന്റെ ശരീരത്തിന്  ഒരിക്കലും  അതിന്റെ ശൂന്യാവസ്ഥ ( zero degree)  കണ്ടെത്താനാവില്ല. ആർക്കും  അതെനിക്ക്  നൽകാനുമാവില്ല. (ഒരു പക്ഷെ, അമ്മക്ക്  മാത്രം കഴിയുന്ന കാര്യമാണത്. കാരണം, നിസ്സംഗതയല്ല ഒരു പ്രതിബിംബത്തിന്റെ ഭാരം മായ്ച്ച്  കളയുന്നത്. സ്നേഹം, അങ്ങേയറ്റത്തെ സ്നേഹത്തിനു   മാത്രമേ അക്കാര്യം  നിറവേറ്റാൻ കഴിയു. മറിച്ച്  ഒരു Photomat,  നിങ്ങളെ  പോലീസ്  തിരഞ്ഞുകൊണ്ടിരിക്കുന്ന കുറ്റവാളിയുടെ രൂപത്തിലേക്ക്  മാറ്റുന്നു)”.

പിറവി, തുടർന്നുള്ള അസ്ഥിരമായ ഉണ്മ, നിലനില്പിൽ അടിച്ചേൽപ്പിക്കപ്പെടുന്ന  പ്രതിനിധാനത്തിന്റെ  ഭാരങ്ങൾ,   സ്നേഹത്ത്തിലൂടെ മാത്രം സാധ്യമാകുന്ന  സത്തയുടെ മോചനം എന്നീ സാധ്യതകളായും  ബാർതിന്റെ വാക്യങ്ങൾക്ക്  ഭാഷ്യം പറയാവുന്നതാണ്. അധികാരത്തിന്റെയും ആത്മശോഷണത്തിന്റെയും ‘സെൽഫികൾ’ ഭീഷണമാം വിധം വൈറൽ ആകുന്ന ഇക്കാലത്ത്.

______

Notes:

  1. Adolphe Thiers ( 1797- 1877): മൂന്നാം ഫ്രഞ്ച് റിപബ്ലിക്കിന്റെ സ്ഥാപകനും പ്രസിഡന്റും. 1871-ലെ  പാരീസ്  കമ്മ്യുണ്‍ പ്രക്ഷോഭത്തെ നിഷ്കരുണം അടിച്ചമർത്തി.
  1. François Clouet  (c. 1515/20–1572): പതിനാറാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖനായ ഫ്രഞ്ച്  പോർട്രെയ് റ്റിസ്റ്റ് ; കൊട്ടാരം ചിത്രകാരൻ.
  1. Titian: ഇറ്റാലിയൻ നവോത്ഥാനകാലത്തെ മഹാനായ ചിത്രകാരൻ.
Nandakumar Melathil

എം.നന്ദകുമാർ പാലക്കാട് ജില്ലയിൽ ജനനം. പാലക്കാട് എൻ.എസ്.എസ് എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് ബി.ടെക്ക് ബിരുദം. Wipro net technologies, Cats-Net ISP (ടാൻസാനിയ) മുതലായ ഐ.ടി സ്ഥാപനങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ  Technichal Documentation Consultant ആയി ജോലി ചെയ്യുന്നു. വായില്ല്യാകുന്നിലപ്പൻ, നിലവിളിക്കുന്നിലേക്കുളള കയറ്റം (ഡി.സി ബുക്ക്‌സ്), പ്രണയം 1024 കുറുക്കുവഴികൾ (കറന്റ് ബുക്‌സ്)എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘വാർത്താളി സൈബർ സ്‌പേസിൽ ഒരു പ്രണയ നാടകം’ എന്ന നീണ്ടകഥയെ ആധാരമാക്കി വിപിൻ വിജയ് സംവിധാനം ചെയ്ത ‘ചിത്രസൂത്രം’ എന്ന സിനിമ ദേശീയ അന്തർദ്ദേശീയ ചലച്ചിത്രമേളകളിൽ പുരസ്‌ക്കാരങ്ങൾ നേടി.



Published on August 3, 2016

Share

Related Articles

2022-02-03T18:22:26+05:30

പ്രയാഗിലെ ദേശാടനക്കിളികൾ

നല്ല വെയിലുള്ള ഒരു ഉച്ചയ്ക്കാണ് ഞങ്ങൾ കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗ്രാൻഡ് ട്രങ്ക് റോഡിന്റെ അരികിലൂടെ വളരെ ശ്രദ്ധയോടെ ഞാൻ സൈക്കിൾ ചവിട്ടി. വേഗമേറിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന കാറ്റിന് സൈക്കിളിന്റെ താളം തെറ്റിക്കാൻ കഴിയും എന്നതിനാൽ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. മുമ്പിലുള്ള പ്രധാന നഗരം 130 കിലോമീറ്റർ കിഴക്കുള്ള അലഹബാദ് ആയിരുന്നു. ഒറ്റദിവസം കൊണ്ട് അവിടെ എത്താനാകില്ല എന്നതുകൊണ്ട് ഇടയ്ക്കുള്ള ഫത്തേപ്പൂർ എന്ന പട്ടണത്തിൽ രാത്രി തങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഗംഗയുടെയും, യമുനയുടെയും ഇടയിലായാണ് ജില്ലാ ആസ്ഥാനം കൂടിയായ ഫത്തേപ്പൂരിന്റെ കിടപ്പ്. കയറ്റിറക്കങ്ങൾ ഇല്ലാത്ത വഴിയിലൂടെയുള്ള യാത്ര സുഖകരമായിരുന്നു.

2021-11-12T15:22:58+05:30

ചുവപ്പും കറുപ്പും: ചില കാൺപൂർ ഓർമ്മകൾ

നഗരത്തെ നടുവിലൂടെ കീറിമുറിച്ച് കടന്നുപോകുന്ന പ്രധാന പാതയിലൂടെ പതിനഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മാത്രമേ സുമിതിന്റെ സുഹൃത്തുക്കൾ ഏർപ്പാടാക്കിയ മുറിയിൽ എത്താനാകൂ. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും വലുതും, തിരക്കുപിടിച്ചതുമായ നഗരമായിരുന്നു കാൺപൂർ. നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന മോട്ടോർ വാഹനങ്ങളുടെ ഇടയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നത് ഒരു സർക്കസ് വിദ്യ പോലെ തോന്നി. വഴിയിൽ ഇടക്കിടെ വരുന്ന മേൽപ്പാലങ്ങളിലേക്ക് സൈക്കിൾ ചവിട്ടിക്കയറ്റാൻ ഞങ്ങൾ ഇരുവരും പ്രയാസപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളുടെ ഹോണുകൾ സൃഷ്ടിക്കുന്ന ഒച്ചപ്പാടിൽ സൈക്കിൾ മണികളുടെ ശബ്ദം അലിഞ്ഞില്ലാതായി. കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ട്രാഫിക് സിഗ്നലുകൾ പിന്നിടുന്നത് അതീവ ശ്രമകരമായിരുന്നു. ഓട്ടപ്പന്തയത്തിന് തയ്യാറെടുക്കുന്നതുപോലെ അക്ഷമരായി പച്ചവെളിച്ചവും കാത്ത് നിൽക്കുന്ന ഡ്രൈവർമാർക്കിടയിലൂടെ സൈക്കിൾ ചവിട്ടുന്നത് അപകടം നിറഞ്ഞ പരിപാടിയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പ്രയാണത്തിനൊടുവിലാണ് കാൺപൂർ നഗരത്തിന്റെ തെക്കേയറ്റത്ത് ഞങ്ങൾ എത്തിച്ചേർന്നത്.

2021-11-03T16:46:53+05:30

Verantha Chronicle by Ramesh Varma

അതും പിടിച്ച് എന്റെ വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടു്‌ നടന്നുകൊണ്ടിരുന്നു. ‘മോണിങ്ങ് വാക്ക്’ പരമ്പരക്കായി പ്രഭാതത്തിലെ തെരുവുകൾ ക്യാമറയിൽ പകർത്തിയിരുന്ന നാളുകളുടെ സ്വപ്നസ്മരണകൾ…. വരാന്തയിൽ കണ്ടവരുടെ, (അധികവും ഉറ്റവരും ഉടയവരും തന്നെ ) ഫോട്ടോ എടുത്തു. ഇതാ എന്റെ ‘Verantha Chronicle’

2021-09-28T14:35:13+05:30

പുതുമഴയുടെ മണമുള്ള മണ്ണിൽ

മുറിയിൽ എത്തിയപ്പോൾ ധർമ്മശാലയുടെ ഉടമ അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിശേഷങ്ങൾ കേട്ടപ്പോൾ അയാൾ ഭേദപ്പെട്ട ഒരു മുറി തന്നു. ചിലന്തിവലകൾ നിറഞ്ഞ, ഈർപ്പം തങ്ങി നിന്നിരുന്ന ആ മുറി ആദ്യത്തെ സ്റ്റോർ റൂമിനേക്കാൻ നല്ലതായിരുന്നു. ഞങ്ങളുടെ പര്യടനഭൂപടത്തിൽ ഉൾപ്പെടാത്ത സ്ഥലമായിരുന്നെങ്കിലും, ബദായൂനിന്റെ ചരിത്രത്തെക്കുറിച്ച് ഞാൻ അല്പം അന്വേഷണം നടത്തി. അഹർ രാജകുമാരനായ ബുദ്ധ് പൊതുയുഗം (CE) 905ൽ സ്ഥാപിച്ചതാണ് ഈ നഗരം എന്ന് വിശ്വസിക്കപ്പെടുന്നു. മുഹമ്മദ് ഗസ്നിയുടെ ബന്ധുവായ സയ്യിദ് മസൂദ് ഗാസി CE 1028 ൽ ഈ പ്രദേശം പിടിച്ചടക്കി

2021-09-28T14:39:41+05:30

ബ്രിജ്ഘാട്ടിലെ ചൂടുകാറ്റ്

‘തീർത്ഥാടക നഗരിയായ അനുപ്ശഹറിലേക്ക് സ്വാഗതം’ എന്നെഴുതി വെച്ചിട്ടുള്ള ഒരു വലിയ കമാനം ഞങ്ങളുടെ മുൻപിൽ തലയുയർത്തി നിന്നു. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത് അനുപ് റായ് എന്ന രാജാവാണ് ഈ പട്ടണം സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്.

2021-09-28T14:40:57+05:30

രണ്ട് പുതിയ ചങ്ങാതിമാർ

ഇരുട്ട് വീഴും മുൻപേ ഹൈവേയിൽ എത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അഞ്ചുമണി ആയപ്പോഴേക്കും വെളിച്ചം കുറയാൻ തുടങ്ങി. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളും, ഒറ്റപ്പെട്ട ചില ഗ്രാമങ്ങളും മാത്രമേ വഴിയിൽ കണ്ടുള്ളൂ. കാലിൽ വേദന കൂടിക്കൂടി വന്നതുകൊണ്ട് സൈക്കിൾ വേഗത്തിൽ ചവിട്ടാനും കഴിയുന്നില്ല. ഓരോ കിലോമീറ്ററും പിന്നിടാൻ വേണ്ട സമയം കൂടിവന്നു.

2021-09-25T22:30:15+05:30

അഗസ്റ്റിൻ്റെ സ്വപ്നങ്ങൾ

മറ്റൊരിക്കൽ ഞാൻ പറഞ്ഞു: എനിക്ക് പെൺകുഞ്ഞ് പിറന്നാൽ ജുബി എന്ന് പേരിടും. ആൺ കുട്ടിയാണെങ്കിൽ ബൈജുവെന്നും. എനിക്ക് ആൺകുഞ്ഞുങ്ങളുണ്ടായില്ല. മൂത്ത മകൾക്ക് ജൂബി എന്ന് തന്നെ പേരിട്ടു .അഗസ്റ്റിൻ്റ മകന്ന് ബൈജുവെന്നും. രണ്ടു പേരും വാക്കുപാലിച്ചു.

2021-09-28T14:43:59+05:30

ഹരിദ്വാറിലെ ശാന്തിതീരം

ഹരിദ്വാറിലെ ഘാട്ടുകൾക്കും ആചാരങ്ങൾക്കും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഗുരുവിന്റെ സ്മരണയിൽ ഗുരുദ്വാര നാനക്-വാര (Gurudwara Nanakwara) എന്ന വലിയൊരു സിഖ് ആരാധനാലയം ഇവിടെ ഉയർന്നു വന്നിരിക്കുകയാണ്.

2021-09-25T22:30:53+05:30

ചെമ്പിട്ട പള്ളിയും അന്ത്റുപ്പാപ്പയും

“മലബാരിക്ക് ഈമാനില്ല, കോടാലിക്ക് ഉറയില്ല : എന്ന ആപ്തവാക്യങ്ങൾ ഉറപ്പായും അതിലുണ്ടാകും. അത് അന്ത്റുവിന്റെ മാനിഫെസ്റ്റൊ ആയിരിക്കാം. അക്കാലത്തേ ഞാൻ എഴുതിത്തുടങ്ങിയിരുന്നത് കൊണ്ട് ഒരു ബുദ്ധിജീവിയാണെന്ന് ധരിച്ചിട്ടുണ്ടാവാം മൂപ്പർ.

2021-09-25T22:33:53+05:30

ചാപ്പ സിനിമയും ഫോർട്ട് കൊച്ചിയിലെ ഇൻസ്‌പെക്ഷൻ ബാഗ്ലൂവും

ഒരു ചെറിയ മുറ്റമേയുള്ളെങ്കിലും കടലിന്നഭിമുഖമായി ഇരുന്ന് സംസാരിക്കാം. പച്ചപ്പുല്ലു പിടിപ്പിച്ച ചെറിയ ഒരു പൂന്തോട്ടമായിരുന്നു ഇതെങ്കിൽ എന്നാലോചിച്ചു പോയിട്ടുണ്ട്.ഒരു വെളുപ്പാൻ കാലത്ത് കുളിച്ച് ഈറൻ മാറിയ ഒരു യൂറോപ്യൻ സ്ത്രീയും പുരുഷനും കടലിലേയ്ക്ക് നോക്കി നിൽക്കുന്ന കാഴ്ച ആരോ ക്ലിക്ക് ചെയ്തത് പോലെ മനസ്സിലുണ്ട്.