ഹിമാലയന്‍ മഞ്ഞുപാടങ്ങളില്‍
നിന്നൊഴുകി ചരിത്രമുറങ്ങുന്ന
ജനപഥങ്ങളെ തഴുകി
ബംഗാള്‍ ഉള്‍ക്കടലിന്‍റെ
ആഴങ്ങളില്‍ അലിയുന്നത് വരെയുള്ള
ഗംഗയുടെ യാത്രയെ
നാല് മാസത്തോളം
സൈക്കിളിലും, കാൽനടയായും
ജോയൽ കെ. പയസ്
അനുഗമിച്ചതിന്റെ
എഴുത്തും ചിത്രങ്ങളും

ഗോമുഖിലേക്കുള്ള പാത
ഗോമുഖിലേക്കുള്ള പാത © ജോയൽ കെ. പയസ്

യാത്രകളുടെ തുടക്കം

ഗ്രഹിച്ചാൽ കൂടി പെട്ടന്ന് തിരിച്ചു പോകാൻ കഴിയാത്ത വിധം ദൂരെയായിരുന്നു ഞാൻ. മൂടൽ മഞ്ഞ് കനത്തുവരുന്നു. തണുപ്പ് അരിച്ചുകയറുകയാണ്. അല്പം ദൂരെയായി വീതി കുറഞ്ഞൊഴുകുന്ന, ശക്തിയുള്ള ഒരു ജലപ്രവാഹത്തിന്റെ ശബ്ദം കാതുകളിൽ നിറഞ്ഞു. കുറച്ച് സമയം മുൻപ് വരെ അവിടെയെല്ലാം കൊത്തി പെറുക്കി നടന്നിരുന്ന ചൈനീസ് വാലാട്ടിക്കിളികൾ എവിടെയോ പോയി ഒളിച്ചു കഴിഞ്ഞിരുന്നു. അടുത്തെപ്പോഴോ നടന്ന ശക്തമായ ഒരു ഭൂസ്ഖലനത്തിന്റെ അവശേഷിപ്പുകൾ എന്റെ മുൻപിൽ കാണാമായിരുന്നു. എത്തിച്ചേരേണ്ട ഇടം, അല്ല, കൃത്യമായി പറഞ്ഞാൽ യാത്ര തുടങ്ങേണ്ട ഇടം ഇനിയും നാല്‌ കിലോമീറ്ററോളം അകലെയാണ്.



അസ്ഥിരവും, അനിശ്ചിതവുമായ ദിനാവസ്ഥകൾ നിറഞ്ഞ ഈ പർവത മേഖലയിൽ ദൂരം കിലോമീറ്ററിലല്ല, മറിച്ച് മണിക്കൂറുകളിലോ, ദിവസങ്ങളിലോ ആണ് പറയേണ്ടത്. ഒരു പകൽ മുഴുവനും എടുത്തു ഇവിടേക്കെത്താൻ. ഇനി മുന്നോട്ട് നീങ്ങാൻ മനസ്സോ, ശരീരമോ തയ്യാറല്ല.

ഗംഗയുടെ ഉത്ഭവസ്ഥാനം മുതൽ അതിന്റെ സമുദ്രസംഗമം വരെ നടക്കുക… 2016ൽ ഹൈദരാബാദിൽ വെച്ച്‌ സുഹൃത്തും പത്രപ്രവർത്തകനുമായ സുമിത് ഈ ആശയം അവതരിപ്പിച്ചപ്പോൾ അങ്ങനെയൊരു യാത്ര എന്ന് നടക്കുമെന്ന് ഊഹിക്കാൻപോലും എനിക്ക് കഴിയുമായിരുന്നില്ല. തിയ്യതികൾ പലവട്ടം തിരുമാനിച്ചും, അതോരോന്നും മാറ്റിവെച്ചും മൂന്ന് വർഷം കഴിഞ്ഞുപോയി. ഒടുവിൽ, 2019 സെപ്റ്റംബറിൽ, ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥാപനങ്ങളോട് വിട പറഞ്ഞ് ഞങ്ങളിരുവരും ഹിമാലയത്തിന്റെ മടിത്തട്ടിലേക്ക് പുറപ്പെട്ടു.

ആൽഗകളും, പുൽവർഗ്ഗങ്ങളും അല്ലാതെ വലിയ മരങ്ങളൊന്നും ഗോമുഖിനടുത്തില്ല
ആൽഗകളും, പുൽവർഗ്ഗങ്ങളും അല്ലാതെ വലിയ മരങ്ങളൊന്നും ഗോമുഖിനടുത്തില്ല © ജോയൽ കെ. പയസ്

ഗംഗ 2,600 കിലോമീറ്ററുകളോളം നീളുന്ന അതിന്റെ യാത്ര തുടങ്ങുന്നത് ഉത്തർഖണ്ഡിലെ ഹിമാലയൻ മഞ്ഞുപാടങ്ങളിൽ (glacier) നിന്നാണ്. ഭാഗീരഥി 1, 2,3 എന്നീ ഹിമശിഖിരങ്ങൾ അടങ്ങുന്ന തപോവൻ മേഖലയിൽ നിന്ന് ചെറിയ ഒരു ഒഴുക്കായാണ് ഗംഗയുടെ ഉത്ഭവം. ഭാഗീരഥി എന്ന പേരാണ് അതിന് തുടക്കത്തിൽ ഉള്ളത്. നദിയുടെ ഉറവിടമായി (source) കരുതപ്പെടുന്ന ഗോമുഖ്‌ (Gomukh), ഗംഗോത്രി എന്ന് പേരുള്ള മഞ്ഞുപാടത്തിന്റെ അഗ്രത്തിൽ സ്ഥിതി ചെയ്യുന്നു. പേര് സൂചിപ്പിക്കുന്നപോലെ പശുവിന്റെ മുഖമൊന്നും അതിനിപ്പോളില്ല. തുടർച്ചയായി ഉണ്ടാകുന്ന ഭൂകമ്പങ്ങളും, മണ്ണിടിച്ചിലും ഈ മേഖലയുടെ മുഖച്ഛായയെ തുടർച്ചയായി മാറ്റിക്കൊണ്ടിരിക്കുന്നു.



ഏകദേശം മുപ്പത് കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഗംഗോത്രി, ഹിമാലയത്തിലെ തന്നെ ഏറ്റവും വലിയ മഞ്ഞുപാടങ്ങളിൽ ഒന്നാണ്.  ഗംഗോത്രി ദേശീയോദ്യാനത്തിന്റെ (Gangotri National Park) ഭാഗമായ ഗോമുഖിലേക്ക് വർഷത്തിൽ ആറുമാസത്തോളം മനുഷ്യർക്ക് തീരെ പ്രവേശനമില്ല. അതിശൈത്യം അനുഭവപ്പെടുന്ന നവംബർ മുതൽ ഏപ്രിൽ വരെ ഗോമുഖ് മഞ്ഞുപുതപ്പിൽ മയങ്ങുന്നു. മറ്റ് അവസരങ്ങളിൽ ഒരു ദിവസത്തിൽ 150 പേർ എന്ന കണക്കിൽ മാത്രമേ ഇവിടേക്ക് സന്ദർശകരെ അനുവദിക്കൂ. ഉത്തർഖണ്ഡിലെ ചൈനീസ് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഉത്തരകാശി ജില്ലയിലാണ് മേൽപ്പറഞ്ഞ പ്രദേശങ്ങൾ. ജില്ലയിലെ ഏറ്റവും വലിയ ജനവാസ കേന്ദ്രവും, ജില്ലാ ആസ്ഥാനവും ഉത്തരകാശി പട്ടണമാണ്. ഭൂമിശാസ്ത്രപരമായി ഉത്തർഖണ്ട് സംസ്ഥാനം ഗർവാൾ, കുമാവോൺ എന്നിങ്ങനെ രണ്ട് മേഖലകളായി തരംതിരിക്കാം. ജിം കോർബെറ്റിന്റെ വേട്ടക്കഥകൾ കൊണ്ട് പ്രസിദ്ധമാണ് തെക്കുള്ള കുമാവോൺ. വടക്കുള്ള ഗർവാൾ മേഖലയിലാണ് ഉത്തരകാശി. ജില്ലാ ആസ്ഥാനത്ത്‌ നിന്ന് ഏകദേശം 100 കിലോമീറ്ററുകളോളം റോഡ് മാർഗം സഞ്ചരിച്ചാൽ ഭാഗീരഥിയുടെ തീരത്തുള്ള ഒരു തീർത്ഥാടക പട്ടണമായ ഗംഗോത്രിയിൽ എത്താം. പുണ്യ നദിയായ ഗംഗ സ്വർഗത്തിൽ നിന്ന് ഭൂമിയിൽ പ്രവേശിച്ചത് ഗംഗോത്രിയിലൂടെയാണെന്ന് പുരാണ കഥകൾ പറയുന്നു. ഇവിടെയുള്ള ക്ഷേത്രത്തിൽ ദർശനം നടത്താനും, ഗംഗാജലം ശേഖരിക്കാനും രാജ്യം മുഴുവനും നിന്ന്‌ ഇവിടേക്ക് ആളുകൾ ഒഴുകിയെത്തുന്നു. ഗംഗോത്രിയിൽ നിന്ന് പിന്നെയും 22 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാലേ ഗോമുഖിൽ എത്താനാകൂ.

തുടർച്ചയായ ഭൂസ്ഖലനങ്ങൾ ഈ പ്രദേശത്തിന്റെ മുഖച്ഛായ മാറ്റിക്കൊണ്ടിരിക്കുന്നു.
തുടർച്ചയായ ഭൂസ്ഖലനങ്ങൾ ഈ പ്രദേശത്തിന്റെ മുഖച്ഛായ മാറ്റിക്കൊണ്ടിരിക്കുന്നു © ജോയൽ കെ. പയസ്

മൊബൈൽ ഫോണിൽ സിഗ്നൽ ഒന്നും കാണിക്കുന്നില്ല. ഗോമുഖിന് മുമ്പുള്ള അവസാന മനുഷ്യവാസ കേന്ദ്രമായ ഭോജവാസയിലായിരുന്നു (Bhojwasa)[1] ഞങ്ങൾ. തീർത്ഥാടകർക്കും, പര്യടകർക്കും താമസിക്കാനുള്ള മിതമായ സൗകര്യങ്ങൾ മാത്രമാണ് ഇവിടെ ഉള്ളത്. ഉത്തർഖണ്ട് സർക്കാരിന്റെ കീഴിൽ നടത്തപ്പെടുന്ന വിശ്രമ കേന്ദ്രത്തിൽ താമസിക്കാനുള്ള വാടക കൂടുതലാണെന്ന് മാത്രമല്ല, അവിടത്തെ മേൽനോട്ടക്കാർ വളരെ ധിക്കാരത്തോടെയാണ് നടന്നു ക്ഷീണിച്ചു വന്ന ഞങ്ങളടക്കമുള്ള പല യാത്രക്കാരോടും പെരുമാറിയത്. എന്നാൽ തൊട്ടടുത്തുള്ള ലാൽ ബാബയുടെ ആശ്രമത്തിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. ആ ആശ്രമം ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ അന്ന് കഷ്ടപ്പെട്ടുപോയേനെ. വളരെ തുച്ഛമായ തുക കൊടുത്താൽ താമസവും ഭക്ഷണവും അവർ സൗകര്യപ്പെടുത്തി തരും. കയ്യിൽ പണമില്ലാത്ത പല സാധുക്കളും അവിടെയാണ് തങ്ങുക. ആശ്രമത്തിലെ ജോലിക്കാർ തന്ന ഒരു ചെറിയ മുറിയിൽ ഞങ്ങൾ ബാഗുകൾ വെച്ചു. സമയം വൈകുന്നേരം 5.30 ആയിരിക്കുന്നു. കുറച്ചുമാറി ഒഴുകുന്ന ഭാഗീരഥിയുടെ തീരത്തേക്ക് ഞാൻ നടന്നു. ചിതറിക്കിടക്കുന്ന പാറകൾക്കിടയിൽ നനവിൽ കുതിർന്ന പുൽനാമ്പുകൾ. വർഷത്തിൽ പകുതിയും മഞ്ഞിനടിയിൽ ഒളിക്കുന്ന ഇവിടെ മരങ്ങളൊന്നും വളരില്ല. പല നിറത്തിലുള്ള ആൽഗകളും, പായലുകളും പാറകകളെ ആലിംഗനം ചെയ്ത് വളരുന്നു. നദിയെ അഭിമുഖീകരിക്കുന്ന ഒരു പാറയിൽ ഇരുന്ന് ആയിരക്കണക്കിന് വർഷങ്ങളായി അനുസ്യൂതം തുടരുന്ന ആ ഒഴുക്കിനെ ഞാൻ നോക്കിയിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ പല എടുകളും എഴുതപ്പെട്ടിട്ടുള്ളത് ഈ ഒഴുക്കിന്റെ തീരങ്ങളിലാണ് എന്ന് ഞാൻ ഓർത്തു. ഈ ഭൂമിയുടെ ചരിത്രം രൂപപ്പെടുത്തുന്നതിൽ പ്രകൃതിയിലെ ഓരോ ഘടകവും വഹിച്ചിട്ടുള്ള പങ്ക് എത്ര വലുതാണ്. മനുഷ്യൻ ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നതിനും എത്രയോ മുൻപേ മണ്ണും, ജലവും, വായുവും ഇവിടെയുണ്ട്. ജലത്തിനെ മാത്രം അടിസ്ഥാനപ്പെടുത്തി ഭൂമിയുടെയും, മനുഷ്യന്റെയും ചരിത്രം രചിക്കാം എന്ന് ജാമി ലിന്റനെ [2] പോലുള്ള ചരിത്രകാരന്മാർ പറയുന്നത് എത്ര ശരിയാണ്. എന്റെ മുൻപിലൂടെ ഒഴുകുന്ന ഓരോ വെള്ളത്തുള്ളിയും അവസാനിക്കാത്ത ഒരു യാത്രയുടെ ഭാഗമാണ്. എന്റെ ഈ യാത്ര എന്തിനാണ്? ഉള്ളിൽ നിന്ന് ഒരു ചോദ്യം പെട്ടന്ന് ഉയർന്നുവന്നു. തികച്ചും അപരിചിതമായ ഭൂമേഖലകളിലൂടെ നാല് മാസത്തിലധികം സഞ്ചരിച്ചു വേണം അന്തിമ ലക്ഷ്യത്തിലേക്കെത്താൻ. അവിടെ പെട്ടന്ന് എത്തിയിരുന്നെങ്കിൽ എന്ന് ഞാൻ ഒരു നിമിഷം ആഗ്രഹിച്ചു? ഉള്ളിൽ ഭയവും, ആശങ്കകളും നിറയുകയാണോ? ഭാരിച്ച ചുമടുമായി വരുന്ന കഴുതകളുടെ കഴുത്തിലെ മണികൾ കിലുങ്ങുന്ന ശബ്ദം എന്നെ ചിന്തകളുടെ ലോകത്തുനിന്നും എഴുന്നേൽപ്പിച്ചു. ചുറ്റും ഇരുട്ട് നിറഞ്ഞപ്പോൾ ഞാൻ മുറിയിലേക്ക് നടന്നു. ചോറും, റൊട്ടിയും, പരിപ്പും, പച്ചക്കറികളും, അച്ചാറും കൂട്ടിയുള്ള അത്താഴം ഏഴുമണിയോടെ കിട്ടി. ആ ദൂരദേശത്ത് അങ്ങനെയൊരു സൗകര്യം ഉണ്ടായത് തന്നെ വലിയ ഭാഗ്യം. ശൈത്യം അകറ്റാൻ മൂന്ന് കുപ്പായങ്ങൾ ഒന്നിന് മുകളിൽ ഒന്നായി ദേഹത്ത് വലിച്ചു കയറ്റിയിട്ടും, തണുപ്പിന് ഒട്ടും ശമനമില്ല. ഞങ്ങളുടെ ചെറിയ മുറിയിലെ കട്ടിയുള്ള കമ്പളത്തിന്റെ അടിയിൽ ഞാൻ ഒളിച്ചു.

ഗംഗോത്രി ദേശീയോദ്യാനത്തിൽ ഒരു പ്രഭാതം
ഗംഗോത്രി ദേശീയോദ്യാനത്തിൽ ഒരു പ്രഭാതം © ജോയൽ കെ. പയസ്
ഗോമുഖ് പാതയിലെ ചൈനീസ് മൈനകൾ
ഗോമുഖ് പാതയിലെ ചൈനീസ് മൈനകൾ © ജോയൽ കെ. പയസ്

പകൽ സമയത്തെ നീണ്ട യാത്രയുടെ ക്ഷീണം കൊണ്ടാകണം ഞാൻ ബോധംകെട്ട് ഉറങ്ങിപ്പോയി. പിന്നീടെപ്പോഴോ ഉണർന്നപ്പോൾ തണുപ്പ് കൂടിയതായി തോന്നി. നേരത്തെ കുറേ വെളളം കുടിച്ചതുകൊണ്ടാകണം മൂത്രശങ്ക ശക്തമായി. മൊബൈൽ ഫോണിന്റെ ടോർച്ച് പ്രകാശിപ്പിച്ച് ഞാൻ പുറത്തേക്ക് നടന്നു. നിശബ്ദത തളംകെട്ടി നിൽക്കുന്ന ഒരു ഇടനാഴിയിലൂടെ ഞാൻ പുറത്തേക്ക് നടന്നു. ജീവനുള്ളതും, അല്ലാത്തതുമായ എല്ലാം തണുത്തുറഞ്ഞ രാത്രിയിൽ വിറങ്ങലിച്ചു നിൽക്കുന്നതുപോലെ തോന്നി. ഇടക്കിടെ ചൂളം വിളിച്ച് കടന്ന് പോകുന്ന ശൈത്യകാറ്റിൽ ഞാനാകെ വിറച്ചു. അറിയാതെ ഞാൻ മാനത്തേക്കൊന്നു നോക്കിപ്പോയി. ജീവിതത്തിൽ അത്രയും വ്യക്തമായി ആകാശം കാണുന്നത് അന്നാണെന്ന് തോന്നി. ഒരു മേഖപടലം പോലുമില്ല, ഒരു കൃത്രിമ വെളിച്ചവുമില്ല. മുകളിൽ നിറയെ നക്ഷത്രങ്ങൾ. ക്ഷീരപഥം അതിന്റെ മനോഹാരിത എന്റെ മുൻപിൽ അനാവരണം ചെയ്തു. തണുപ്പ് എതിർത്തിട്ടുകൂടി ഞാൻ കുറച്ചു സമയം ആ വിസ്മയം നോക്കി നിന്നു.



രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോൾ പുതിയൊരു ഊർജം എനിക്ക്  അനുഭവപ്പെട്ടു. തീർത്തും അപ്രതീക്ഷിതമായ ഒരു ദൃശ്യാനുഭവം പുറത്ത് ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ പകലത്തെ മൂടിക്കെട്ടലിന് പകരം, തെളിഞ്ഞ നീലാകാശം ഞങ്ങളെ സ്വാഗതം ചെയ്തു. ആ താഴ്‌വരയെ ചുറ്റി ഇത്രയധികം മഞ്ഞുമലകൾ ഉണ്ടാകുമെന്ന് ഞാൻ സ്വപ്നേവി പ്രതീക്ഷിച്ചിരുന്നില്ല. ഭാഗീരഥി ഹിമശിഖിരങ്ങൾക്കു പുറമേ തപോവൻ, ശിവലിംഗ് തുടങ്ങിയ കൊടുമുടികൾ ചുറ്റും തലയുയർത്തി നിൽക്കുന്നു. ആശ്രമത്തിൽ നിന്നും കിട്ടിയ ചൂടുള്ള മസാല ചായയും കുടിച്ച് ഞങ്ങൾ ഗോമുഖിലേക്ക് നടന്നു. സമുദ്ര നിരപ്പിൽ നിന്നും 4,000-ഓളം മീറ്റർ ഉയരത്തിൽ ആയിരുന്നു ഞങ്ങൾ. അതുവരെ സഞ്ചാരപഥത്തിൽ ഉണ്ടായിരുന്ന ചെറിയ പുൽനാമ്പുകൾ പോലും സാവധാനം അപ്രത്യക്ഷമായി. ഗോമുഖിലേക്കുള്ള നാലുകിലോമീറ്റർ നടത്തം അല്പം ബുദ്ധിമുട്ടുള്ളതായിരുന്നു. ചുറ്റും പാറകൾ മാത്രം. ഒന്നോ രണ്ടോ വാലാട്ടിക്കിളികളെ കണ്ടു. ഭാഗീരഥി തൊട്ടടുത്തു തന്നെയുണ്ട്. ഏതാണ്ട് രണ്ട് കിലോമീറ്ററുകൾ നടന്നു കഴിഞ്ഞപ്പോഴേക്കും അതുവരെ ഉണ്ടായിരുന്ന തീരെ വീതികുറഞ്ഞ ഒറ്റയടിപ്പാത അപ്രത്യക്ഷമായി. ഇനിയങ്ങോട്ട് പാറകളിൽ അള്ളിപിടിച്ചും, ഒരു പാറയിൽ നിന്നും മറ്റൊന്നിലേക്ക് ചാടിയും മുന്നോട്ട് നീങ്ങണം.

പ്ലാസ്റ്റിക് കുപ്പിയിൽ കെട്ടിത്തൂക്കിയ മൊബൈൽ ഫോൺ
പ്ലാസ്റ്റിക് കുപ്പിയിൽ കെട്ടിത്തൂക്കിയ മൊബൈൽ ഫോൺ © ജോയൽ കെ. പയസ്

ഒരു വലിയ പറക്കെട്ടിൽ എഴുതി വെച്ചിരിക്കുന്ന വാചകങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടു. 1968ൽ ഗംഗയുടെ ഉറവിടം ആ പാറയുടെ അടുത്തായിരുന്നു എന്നാണ് കേന്ദ്ര ഗവണ്മെന്റിന്റെ ശാസ്ത്രസാങ്കേതിക വിഭാഗത്തിന്റേതായ ഏഴുത്ത് സൂചിപ്പിക്കുന്നത്. അതായത്, കഴിഞ്ഞ 50 വർഷങ്ങൾക്കുള്ളിൽ ഗംഗോത്രി മഞ്ഞുപാടം ഒരു കിലോമീറ്ററോളം പിൻവലിഞ്ഞിരിക്കുന്നു. ഒരിക്കൽ ഈ മഞ്ഞുപാടം കീഴെയുള്ള ഗംഗോത്രി ഗ്രാമം വരെ നീണ്ടു കിടന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. 1817 മുതലുള്ള ഇരുന്നൂറ് വർഷങ്ങൾക്കിടയിൽ ഗംഗയുടെ ഉത്ഭവസ്ഥാനം മൂന്ന് കിലോമീറ്ററോളം പിൻവലിഞ്ഞിരിക്കുന്നു (retreat) എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ പിൻവാങ്ങൽ 1971ന് ശേഷം വേഗത്തിലായിരിക്കുന്നു എന്ന് നാസ[3] അടക്കമുള്ള അന്തർദേശീയ സ്ഥാപനങ്ങളുടെ ഗവേഷണങ്ങൾ പറയുന്നു. ദി ഹിന്ദു ദിനപത്രത്തിൽ വന്ന ഒരു റിപ്പോർട്ട്[4] പ്രകാരം, ഭൗമ താപനിലയിലെ ഉയർച്ചമൂലം ഹിമാലയത്തിലെ പല മഞ്ഞുപാടങ്ങളുടെയും മുകളിൽ വലിയ തടാകങ്ങൾ (glacial lakes) രൂപപ്പെടുകയാണ്. ഇത്തരത്തിൽ രൂപപ്പെട്ട ഒരു തടാകത്തിന്റെ തകർച്ചയാണ് 2013 ജൂണിലെ ഉത്തരാഖണ്ഡ് മഹപ്രളയത്തിന് കാരണമായത്.



ഗോമുഖ് എനിക്കിപ്പോൾ കുറച്ചു ദൂരെയായി കാണാം. എങ്കിലും, അതിന്റെ അടുത്തുപോകാൻ ആർക്കും അനുവാദമില്ല. അനുവാദം ലഭിച്ചാൽ തന്നെ സാധാരണക്കാരായ ഏതെങ്കിലും യാത്രക്കാർക്ക് അവിടെ കാലുകുത്താൻ കഴിയുമെന്ന് തോന്നുന്നില്ല. വൻതോതിലുള്ള മലയിടിച്ചിൽ ഗംഗയുടെ ഉറവിടത്തിലേക്കുള്ള ഞങ്ങളുടെ സഞ്ചാരത്തെ ദുഷ്ക്കരമാക്കി.

പരമാവധി അടുത്തുവരെ പോകാൻ ഞാൻ തീരുമാനിച്ചു. അതുവരെ കൂടെ നടന്നിരുന്ന എന്റെ സുഹൃത്തടക്കം പലരും യാത്ര അവസാനിപ്പിച്ച് പാറകളിൽ വിശ്രമിക്കാൻ ആരംഭിച്ചു. വളരെ കുറച്ചുപേർ മാത്രം പിന്നെയും മുന്നോട്ടു നീങ്ങി. എന്നാൽ ആർക്കും മുന്നോട്ട് നീങ്ങാൻ കഴിയാത്തവിധമുള്ള തടസ്സങ്ങൾ മുന്നിലുണ്ടായിരുന്നു. ഒടുവിൽ കുത്തനെയുള്ള പാറക്കെട്ടുകൾ എന്നെ തടഞ്ഞു. മുന്നോട്ട് നീങ്ങാൻ ഒരു വഴിയുമില്ല. കാലുതെറ്റി വീണാൽ വലിയ പരിക്കോ, മരണമോ തന്നെ സംഭവിക്കാം. എനിക്കാണെങ്കിൽ നീണ്ട ഒരു യാത്ര മുന്നിലുണ്ട്. അതുകൊണ്ട് ഗോമുഖിന് കുറച്ച് മുമ്പായി ഞാൻ സാഹസം അവസാനിപ്പിച്ചു. മുൻകാലങ്ങളിൽ ഇങ്ങനെയായിരുന്നില്ല സ്ഥിതി എന്നാണ് അറിയാൻ കഴിഞ്ഞത്. തീർത്ഥാടകർ ഗോമുഖ് വരെ പോയി, അവിടത്തെ മഞ്ഞുരുകിയ വെള്ളത്തിൽ കുളിക്കുമായിരുന്നു. ഏതായാലും, പ്രകൃതി തന്നെ ഇപ്പോൾ ഗോമുഖിനെ മനുഷ്യസ്പർശത്തിൽ നിന്നും സംരക്ഷിച്ചിരിക്കുന്നു. കയ്യിൽ കരുതിയിരുന്ന ഒരു ചെറിയ കുപ്പിയിൽ ഞാൻ മഞ്ഞുരുകി വരുന്ന ഗംഗാജലം നിറച്ചു. ഏതെങ്കിലും വ്യവസ്ഥാപിത മതങ്ങളിലൊന്നും വിശ്വസിക്കാത്ത ആളാണ് ഞാൻ.

ഗോമുഖിൽ നിന്നും പുറപ്പെടുന്ന ഭാഗീരഥി © ജോയൽ കെ. പയസ്

പ്രകൃതിയോടുള്ള ആദരവ് ഒരു മതമായി കണക്കാക്കാമെങ്കിൽ ഞാൻ ആ മതത്തിന്റെ ഒരു അനുയായിയാണ്‌. പാറകളിൽ പലയിടത്തും തലേരാത്രിയിലെ തണുപ്പിൽ രൂപപ്പെട്ട മഞ്ഞ് കണ്ടു. പകൽ സമയത്തെ ചൂടിൽ അത് ഉരുകും. എന്നാൽ ഹിമാലയൻ നദികൾ ഉത്ഭവിക്കുന്ന മഞ്ഞുപാടങ്ങൾ അങ്ങനെയല്ല. ഓരോ തവണയും നിക്ഷേപിക്കപ്പെടുന്ന മഞ്ഞ് നീക്കം ചെയ്യപ്പെടാതെ അതിന്റെ മുകളിൽ അടുത്ത മഞ്ഞുപാളി നിക്ഷേപിക്കപ്പെടുന്നു. വർഷങ്ങളായി തുടരുന്ന ഈ പ്രക്രിയയാണ് മഞ്ഞുപാടങ്ങളെ സൃഷ്ടിക്കുന്നത്. അവ ഉരുകുന്നത് വളരെ സവധനത്തിലാണ്. എന്നാൽ അന്തരീക്ഷ താപനിലയിൽ വരുന്ന ഉയർച്ച മഞ്ഞുപാടങ്ങളുടെ ഉരുകലിന്റെ വേഗത കൂട്ടുന്നു. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല ശേഖരങ്ങളിൽ ഒന്നാണ് ഹിമാലയൻ മഞ്ഞുപാടങ്ങൾ. അതുകൊണ്ട് തന്നെ അവയുടെ വേഗത്തിലുള്ള ഉരുകൽ പ്രവചിക്കാനാവാത്ത പ്രകൃതി ദുരന്തങ്ങൾ സൃഷ്ടിക്കാം.



ഒരു പാറയിലിരുന്ന് ഞാൻ ഗോമുഖിലേക്ക് നോക്കിയിരുന്നു. ഒരു നദിയുടെ ഉത്ഭവം എത്ര വലിയ അത്ഭുദമാണ്. ഓരോ മനുഷ്യ ജീവിതവും പോലെ നദികൾക്കും ജനനവും മരണവും ഉണ്ട്. എത്ര ശക്തിയോടും, ഗാംഭീര്യത്തോടും കൂടിയാണ് ആ ഒഴുക്ക് ആരംഭിക്കുന്നത്. 2008ൽ നടന്ന വലിയ ഭൂകമ്പത്തിനു ശേഷം ഭാഗീരഥി രണ്ട് ചാലുകളായാണ് ഗോമുഖിൽ നിന്ന് പുറപ്പെടുന്നത്. അപ്പോഴത്തെ അവസ്ഥയിൽ ആ പ്രദേശം കുറച്ചുകൂടി അടുത്തുകാണാൻ നദിയുടെ അപ്പുറത്തെ കരയിലൂടെ സഞ്ചരിക്കണമായിരുന്നു. എന്നാൽ മറുകരയിലൂടെ ഉള്ള സഞ്ചാരത്തിന് പ്രത്യേക അനുമതി പത്രവും, ഗൈഡുകളും വേണം. ഗോമുഖിനും മുകളിലുള്ള തപോവൻ എന്ന മേഖലയിലേക്കുള്ള യാത്രക്കാരാണ് ഭാഗീരഥിയുടെ മറുകരയിലൂടെ സഞ്ചരിക്കുക. ഗോമുഖ് വരെ സഞ്ചരിക്കാനുള്ള അനുമതിയെ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളൂ. സമയം ഏകദേശം പത്തുമണിയായി. അതുവരെ ഉണ്ടായിരുന്ന തണുപ്പിനെ തള്ളിമാറ്റി സൂര്യരശ്മികൾ പാറക്കെട്ടുകളെ തഴുകി. ഞങ്ങൾ തിരിച്ചുള്ള യാത്ര ആരംഭിച്ചു. ഗംഗയുടെ തുടക്കം മുതൽ അതിന്റെ സമുദ്രപ്രവേശം വരെയുള്ള ഞങ്ങളുടെ സഞ്ചാരത്തിന് തുടക്കമായി. ഗോമുഖിലേക്ക് വരുന്ന എല്ലാവരും ഒരേ ലക്ഷ്യത്തോടെയല്ല വരുന്നത്. ചിലർക്കത് ആത്മീയമാണെങ്കിൽ, മറ്റു ചിലർക്കത് വെറുമൊരു വിനോദ സഞ്ചാരം മാത്രമാണ്. എന്നാൽ ഇവരിൽ മിക്കവരും പൊതുവായി ചെയ്യുന്ന ഒരു കാര്യമുണ്ട്; പാഴ്‍വസ്തുക്കൾ വലിച്ചെറിയൽ. ഗംഗോത്രിയിൽ നിന്നും ഗോമുഖിലേക്ക് പുറപ്പെടുന്നവരെല്ലാം കൃത്യമായി പാലിക്കേണ്ട നിയമങ്ങളിൽ ഒന്നാണ് പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക എന്നത്. ഗംഗോത്രി ദേശീയോദ്യാനത്തിന്റെ പരിധിയിൽ യാതൊരുവിധ മലിനീകരണവും സംഭവിക്കരുത് എന്ന നിർബന്ധബുദ്ധിയാണ് ഇതിന് പിന്നിൽ. ദേശീയോദ്യാനത്തിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള പരിശോധനാ കവാടത്തിൽ ഓരോ സഞ്ചരിയുടെയും കൈവശമുള്ള പ്ളാസ്റ്റിക് വസ്തുക്കളുടെ കണക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ ഒരു രജിസ്റ്ററിൽ എഴുതിവെക്കും. തിരിച്ചുവരുമ്പോൾ അത്രയും പ്ളാസ്റ്റിക് ഓരോരുത്തരുടെയും കൈവശം ഉണ്ടാകണം എന്നാണ് നിയമം. എന്നാൽ ഗോമുഖിലേക്കുള്ള പാതയിൽ ഞാൻ കണ്ട പ്ളാസ്റ്റിക് കുപ്പികളും, വറവ് പലഹാരങ്ങളുടെ കവറുകളും മറ്റൊരു യാഥാർഥ്യമാണ് വിളിച്ചുപറഞ്ഞത്.

ഗംഗോത്രി ദേശീയോദ്യാനത്തിന്റെ കവാടം
ഗംഗോത്രി ദേശീയോദ്യാനത്തിന്റെ കവാടം © ജോയൽ കെ. പയസ്

എന്തിന് പറയണം, നാഗരികതയുടെ സൗകര്യങ്ങൾ കുറച്ച് സമയത്തേക്ക് ഉപേക്ഷിക്കാൻ കൂട്ടാക്കാത്ത ചിലരെയും വഴിയിൽ കണ്ടു. ഞങ്ങളുടെ മുമ്പിൽ നടന്നിരുന്ന ഒരുകൂട്ടം ചെറുപ്പക്കാർ വലിയ ബൂം ബോക്സിൽ (കയ്യിൽ കൊണ്ടു നടക്കാവുന്ന ലൗഡ് സ്പീക്കർ) ബോളിവുഡ് ഗാനങ്ങൾ ഉച്ചത്തിൽ വെച്ചുകൊണ്ടാണ് നടന്നിരുന്നത്. ആ പ്രദേശത്തിന്റെ ശാന്തമായ നിശബ്ദതയിൽ ആ പാട്ടുകൾ വളരെ അരോചകമായി തോന്നി. പതിനൊന്നര മണിയോടെ ഞങ്ങൾ ഭോജവാസയിലെ ആശ്രമത്തിൽ തിരിച്ചെത്തി. ചൂടുള്ള ചോറും, പരിപ്പ് കറിയും തയ്യാറാക്കി ആശ്രമത്തിലെ ജീവനക്കാർ ഞങ്ങളെ കാത്ത് അവിടെ ഉണ്ടായിരുന്നു. രാവിലത്തെ കട്ടൻ ചായയുടെ ബലത്തിൽ അതുവരെ പിടിച്ചു നിന്ന ഞങ്ങൾക്ക് ആ ഭക്ഷണം ഒരു അമൃതായിരുന്നു. ഭക്ഷണ ശേഷം അവിടത്തെ ചെറുപ്പക്കാരായ ജീവനക്കാരോട് സംസാരിച്ച് ഞങ്ങൾ ഇരുന്നു. വർഷത്തിൽ ആറ് മാസത്തോളം ഭോജവാസയിൽ ജീവിക്കുന്ന അവർ ദീപാവലിക്ക് ശേഷം മലയിറങ്ങും. ദൂരെ ഡെറാഡൂണിലോ, ഋഷികേശിലോ ഉള്ള വീടുകളിൽ പോയി അടുത്ത ആറ് മാസങ്ങൾ ചിലവഴിക്കും. ഫോണിന് സിഗ്നൽ കിട്ടാത്ത സ്ഥലമായതിനാൽ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ പെട്ടന്ന് അറിയാൻ അവർക്ക് ഒരു മാർഗവുമില്ല. അഞ്ച് കിലോമീറ്ററോളം നടന്ന് താഴെയുള്ള ചീർവാസയിൽ ചെന്നാൽ മാത്രമേ ഫോണിന് റേഞ്ച്‌ ലഭിക്കൂ. അത് തന്നെ രസകരമായ ഒരു കഥയാണ്. വഴിമധ്യേ അക്കാര്യം പറയാം.



ഏകദേശം പന്ത്രണ്ടരയോടെ ഞങ്ങൾ ഗംഗോത്രിയിലേക്കുള്ള നടത്തം ആരംഭിച്ചു. ഇരുട്ടും, തണുപ്പും മലയിറങ്ങി വരുന്നതിന് മുൻപേ കീഴെയെത്തണം. ഏകദേശം അഞ്ച് മണിയോടെ സൂര്യൻ മറയും. ഉച്ചക്ക് ശേഷം ചിലപ്പോൾ ചാറ്റൽ മഴയും ഉണ്ടാകും. നടക്കാൻ സാധിക്കാത്ത ചിലർ കഴുതയുടെ പുറത്ത് ഞങ്ങളെ കടന്ന് പോയി. മരണം പതിയിരിക്കുന്ന ചില മേഖലകൾ ഇവിടെയുണ്ട്. ഏത് നിമിഷം വേണണമെങ്കിലും മലയിടിച്ചിൽ സംഭവിക്കാം. എങ്കിലും, ചുറ്റുമുള്ള പ്രകൃതി അതിസുന്ദരമായിരുന്നു. ഇളം പുല്ലുകളും, മഞ്ഞയും, നീലയും നിറങ്ങളുള്ള ചെറിയ പൂക്കളും. മരങ്ങളൊന്നും ഇല്ല. പെട്ടന്ന് വലിയ കുറേ കല്ലുകൾ ഞങ്ങളുടെ തൊട്ട് മുൻപിലൂടെ ഉരുണ്ട് വീണു. ഞങ്ങളുടെ ‘സമയം’ നല്ലതായിരുന്നത് കൊണ്ട് മാത്രം ആ കല്ലുകൾ ഞങ്ങളെ കൂടെ കൂട്ടിക്കൊണ്ട് പോയില്ല. അവ ഉരുണ്ട് വന്ന ദിശയിലേക്ക് നോക്കിയപ്പോൾ എന്തോ ചലിക്കുന്നത് കണ്ടു. ഹിമാലയൻ കാട്ടാടായ ഭരലിന്റെ (blue sheep) ഒരു കൂട്ടമായിരുന്നു അത്. എത്ര നിസാരമായാണ് ചെങ്കുത്തായ മലയിടുക്കുകളിലൂടെ അവ ഓടിച്ചാടി നടക്കുന്നത്. ഈ ഭൂമേഖലയിൽ അതിജീവനം കഠിനമാണ്. ഇവിടെയുള്ള ജീവജാലങ്ങളിൽ ആ ജീവിതസമരത്തിന്റെ അടയാളങ്ങൾ തെളിഞ്ഞു കാണാം. ഇളം പുല്ല് തേടിയുള്ള കാട്ടാടുകളുടെ സാഹസിക യാത്രയിൽ, രഹസ്യമായി അവരെ അനുധാവനം ചെയ്യാൻ കഴിയുന്ന മറ്റൊരു ജീവിയും ഈ മലകളിൽ ഉണ്ട്; മഞ്ഞുപുലി (snow leopard). കുറച്ച് നേരം പരസ്പരം നോക്കി നിന്നു ശേഷം, ഞങ്ങളും, കാട്ടാടുകളും അവരവരുടേതായ യാത്ര തുടർന്നു. അഞ്ച് കിലോമീറ്ററോളം നടന്നപ്പോൾ പൈൻ മരങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി. മലനിരകളിലൂടെ വളഞ്ഞു പുളഞ്ഞാണ് ഭാഗീരഥി ഒഴുകുന്നത്. ഓരോ തിരിവ് (bend) കഴിയുമ്പോഴും, ചുറ്റുമുള്ള സസ്യജാലം മാറിക്കൊണ്ടിരുന്നു. ഞങ്ങൾ ചീർവാസയിൽ എത്തിയിരിക്കുന്നു. പൈൻ മരങ്ങളുടെ വാസസ്ഥലം എന്നാണ് ചീർവാസ എന്ന പേരിന്റെ അർത്ഥം. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള ഒരു ചെറിയ ഷെഡ്ഡും, ഒരു ചായക്കടയും മാത്രമാണ് ഇവിടെയുള്ളത്. ചൂടുചായയും, പാർളെ ബിസ്ക്കറ്റും കഴിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്. ഒരു പൈൻമരത്തിന്റെ കൊമ്പിൽ പകുതി മുറിച്ച ഒരു പ്ളാസ്റ്റിക് കുപ്പി ചരടിൽ കോർത്ത് തൂക്കി ഇട്ടിരിക്കുന്നു. ആ കുപ്പിയിൽ ഒരു മൊബൈൽ ഫോൺ ആരോ വെച്ചിട്ടുണ്ട്. ആ പ്രദേശത്ത്‌ ഫോണിന് സിഗ്നൽ കിട്ടുന്ന ഒരേയൊരു സ്ഥലമാണ് ആ മരത്തിന്റെ ചുവട്. കാറ്റിൽ ആടുന്ന മരക്കൊമ്പിനോടൊപ്പം ആ ഫോണും തൂങ്ങിയാടി. മുകളിൽ ലാൽബാബയുടെ ആശ്രമത്തിലെ പണിക്കാരെ എനിക്ക് ഓർമ്മ വന്നു. നാട്ടിലേക്ക് ഫോൺ വിളിക്കാൻ അവർ നടന്ന് വരുന്നത് ഇവിടേക്കാണ്. ചിലപ്പോൾ ദിവസങ്ങളോളം സിഗ്നൽ കിട്ടാത്ത അവസരങ്ങൾ ഉണ്ടാകാറുണ്ട് എന്ന് ചായക്കട നടത്തുന്ന മധ്യവയസ്‌കൻ പറഞ്ഞു.

ഭോജവാസയുടെ ഒരു ദൂരദൃശ്യംഭോജവാസയുടെ ഒരു ദൂരദൃശ്യം
ഭോജവാസയുടെ ഒരു ദൂരദൃശ്യം © ജോയൽ കെ. പയസ്
ഗോമുഖിലേക്കുള്ള പാത
ഗംഗോത്രിയിൽ നിന്ന് ഗോമുഖിലേക്കുള്ള പാത © ജോയൽ കെ. പയസ്

മുകളിലേക്ക് സാമാനങ്ങളുമായി പോകുന്ന കുറച്ച് ചുമട്ടുകാർ ഒരു മരത്തിന്റെ കീഴെ ഇരിക്കുന്നത് ഞാൻ കണ്ടു. ബീഡി പുകച്ച് തള്ളിക്കൊണ്ട് അക്കൂട്ടത്തിൽ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. പ്രായം അയാളുടെ മുഖത്ത് ചുളിവുകൾ വീഴ്ത്തിയിരുന്നു. ഒരു എൽപിജി സിലിണ്ടറും, മറ്റ് കുറേ സാധാനങ്ങളുമായാണ് അയാൾ മല കയറുന്നത്. കാര്യമായ ഭാരമൊന്നും എടുക്കാതെ നടക്കാനിറങ്ങിയ ഞാൻ വളരെ കഷ്ടപ്പെട്ടാണ് മുകളിലേക്ക് എത്തിയത്. മുപ്പത് കിലോയിലധികം ഭാരം ചുമന്ന് ഈ മനുഷ്യർ നടന്ന് നീങ്ങുന്നത് ആലോചിക്കുമ്പോൾ അവരോട് ബഹുമാനം തോന്നി. രാവിലെ സാധനങ്ങളുമായി മലകയറി, അന്നുതന്നെ അവർ തിരിച്ച് ഗംഗോത്രിയിൽ എത്തും. കുറച്ച് നേരം ആ പർവ്വതമനുഷ്യരോട് സംസാരിച്ച് ഞങ്ങൾ ഇരുന്നു. 800 രൂപയണത്രേ ഒരു തവണത്തെ അവരുടെ കൂലി. ഭാരം മുതുകിൽ വെച്ച് കൂനിയാണ് അവർ നടന്ന് കയറുക. കുത്തനെയുള്ള കയറ്റങ്ങളിൽ കുനിഞ്ഞ് നടക്കുന്നതാണ് ഏറ്റവും സൗകര്യം. വളരെയധികം തുക മുടക്കി, ഈ പ്രദേശങ്ങളിൽ പര്യടനത്തിന് വരുന്ന പലരും, ഈ ചുമട്ടുകാരോട് നൂറും, ഇരുന്നൂറും രൂപക്ക് വിലപേശുന്നത് കാണാം. തീർത്ഥാടന കാലം അല്ലാത്ത ആറുമാസം, മറ്റെന്തെങ്കിലും തൊഴിലുകൾ ചെയ്ത് ഇവർ കഴിച്ച് കൂട്ടുന്നു.

ഞങ്ങൾ ഗംഗോത്രിയിൽ എത്തിയപ്പോഴേക്കും ഇരുട്ടായിരുന്നു. ശരീരമാകെ വേദന അനുഭവപ്പെട്ടു. ഒരു ചൂടൻചായ അകത്തേക്ക് ചെന്നപ്പോൾ കുറച്ച് സമാധാനമായി. 250 രൂപക്ക് ഒരു ചെറിയ മുറി സംഘടിപ്പിച്ച് ഞങ്ങൾ വിശ്രമിക്കാൻ തുടങ്ങി. ഗംഗോത്രിയിൽ ചിലരെ കാണാനും, ഈ സ്ഥലത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ കേൾക്കാനും വേണ്ടിയാണ് അടുത്ത ദിവസം മാറ്റി വെച്ചിരിക്കുന്നത്.

ഗംഗയുടെ ഉല്പത്തിയെക്കുറിച്ചുള്ള അനവധി കഥകൾ മഹാഭാരതത്തിലും, രാമായണത്തിലും, പുരാണങ്ങളിലും കാണാം. ഈ കഥകൾ തമ്മിൽ ചില്ലറ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, പൊതുവായ ചില സവിശേതകൾ അവയ്ക്കുണ്ട്. പർവ്വതരാജാവായ ഹിമാലയത്തിന്റെ മകളായാണ് കഥകളിൽ ഗംഗ വിശേഷിപ്പിക്കപ്പെടുന്നത്. സ്വർഗത്തിൽ നിന്നാണ് ഗംഗ ഭൂമിയിലേക്ക് വന്നതെന്ന് പുരാണ കഥകൾ പറയുന്നു. സ്വർഗ്ഗ ഗംഗ ഭൂമിയിൽ ഒഴുകിയതിന് പുറകിൽ ഒരു ഭാഗീരഥ പ്രയത്‌നം ഉണ്ട്. ആ കഥയാണ് ഏറ്റവും പ്രസിദ്ധം.



സാഗര രാജാവിന് രണ്ട് ഭാര്യമാരായിരുന്നു. കേശിനിയും, സുമതിയും. എന്നാൽ അവർക്ക് മക്കളുണ്ടായിരുന്നില്ല. സങ്കട മോചനത്തിനായി രാജാവും ഭാര്യമാരും ഹിമാലയത്തിൽ ചെന്ന് നൂറ് വർഷം തപസ്സ് ചെയ്തു. അവരുടെ കഷ്ടതയിൽ അലിവ് തോന്നിയ ഭൃഗു മഹർഷി ആ കുടുംബത്തിന് ഒരു വരം നൽകി. രാജാവിന്റെ ഭാര്യമാരിൽ ഒരാൾക്ക് ഒരു പുത്രനുണ്ടാകുമെന്നും, ആ പുത്രനിലൂടെ രാജപരമ്പര തുടരുമെന്നും മഹർഷി പറഞ്ഞു. മറ്റേ ഭാര്യക്ക് അറുപതിനായിരം പുത്രന്മാരും ഉണ്ടാകും. ഇതിൽ ഏത് സ്വീകരിക്കണമെന്ന് രാജാവിന്റെ ഭാര്യമാർക്ക് തീരുമാനിക്കാം എന്ന് പറഞ്ഞ് മഹർഷി യാത്രയായി. തന്റെ മകനിലൂടെ രാജഭരണം തുടരണമെന്ന് ആഗ്രഹിച്ച കേശിനി ഒറ്റ പുത്രനെ ലഭിക്കാനുള്ള വരം സ്വീകരിച്ചു. സുമതി അറുപതിനായിരം പുത്രൻമാർക്കുവേണ്ടിയും തയ്യാറെടുത്തു. അങ്ങനെ കേശിനി അസമഞ്ജൻ എന്ന പുത്രന് ജന്മം നൽകി. സുമതിയാകട്ടെ ഒരു മാംസപിണ്ഡമാണ് പ്രസവിച്ചത്. അതിൽ നിന്നും അറുപതിനായിരം പുത്രന്മാർ പുറത്തുവന്നു. അവരെല്ലാം ശക്തരായ യോദ്ധാക്കളായി വളർന്നു. രാജാവിന്റെ പ്രതീക്ഷകൾക്ക് വിപരീതമായി അസമഞ്ജൻ വളരെ ക്രൂരനും, ആളുകളെ വെറുപ്പിക്കുന്നവനുമായാണ് ജീവിച്ചത്. എന്നാൽ അയാളുടെ മകൻ ആൻഷുമാൻ കാരുണ്യമുള്ളവനും, എല്ലാവർക്കും പ്രിയങ്കരനുമായിരുന്നു. പ്രായമായ സാഗര രാജാവ് അശ്വമേധ യാഗം നടത്താൻ തിരുമാനിച്ചു. യാഗാശ്വം സഞ്ചരിക്കുന്ന നാടുകളെല്ലാം സാഗര രാജാവിന്റെ മേൽക്കോയ്മ അംഗീകരിക്കണം. കുതിരയുടെ ജൈത്രയാത്ര കണ്ട ദേവേന്ദ്രൻ ഒരു സൂത്രമൊപ്പിച്ചു. തന്റെ ജാലവിദ്യകൊണ്ട് ഇന്ദ്രൻ കുതിരയെ അപ്രത്യക്ഷമാക്കി. കുതിരയെ കാണാനില്ലെന്ന വാർത്ത അറിഞ്ഞ രാജാവ് കുപിതനായി. മൂന്ന് ലോകങ്ങളിലും തിരിഞ്ഞ്‌ കുതിരയെ കണ്ടെത്താൻ അദ്ദേഹം തന്റെ അറുപതിനായിരം മക്കളോടും ആവശ്യപ്പെട്ടു. സ്വർഗത്തിലും, ഭൂമിയിലും, പാതാളത്തിലും സാഗരന്റെ മക്കൾ കുത്തിയും, കുഴിച്ചും, ആളുകളെ ചോദ്യം ചെയ്‌തും തിരച്ചിൽ തുടങ്ങി. ഇന്ദ്രൻ കുതിരയെ ഒളിപ്പിച്ചത് കപില മുനിയുടെ ആശ്രമത്തിനടുത്തായിരുന്നു. ഒരു ദിവസം സാഗരന്റെ മക്കൾ ആശ്രമത്തിലുമെത്തി. കുതിരയെ അവിടെ കണ്ടപ്പോൾ അവർ കുപിതരായി. കപില മുനിയായിരിക്കും കുതിരയെ മോഷ്ടിച്ചതെന്ന് കരുതി അവർ അദ്ദേഹത്തെ ആക്രമിക്കാൻ തയ്യാറെടുത്തു. തപശക്തി നിറഞ്ഞ കപില മുനി അവരെ ഒരു നിമിഷം കൊണ്ട് ഭസ്മമാക്കി. ഇനി കുതിരയെ തിരയാൻ ബാക്കിയുള്ളത് സാഗരന്റെ കൊച്ചുമകനായ അൻഷുമാൻ മാത്രമായിരുന്നു. തന്റെ ബന്ധുക്കളെ തിരഞ്ഞെത്തിയ അയാൾ കണ്ടത് കുറച്ച് ചാരം മാത്രമാണ്. അവർക്ക് ബലിയിടാൻ അല്പം വെള്ളം പോലും അവിടെ ഉണ്ടായിരുന്നില്ല. അപ്പോഴാണ് പക്ഷി രാജാവായ സുപർണൻ അവിടെ വന്നത്. കപിലന്റെ ശാപത്താൽ മരണമടഞ്ഞതിനാൽ അവർക്ക് മോക്ഷം കിട്ടില്ലെന്ന് പക്ഷി രാജൻ അൻഷുമാനോട് പറഞ്ഞു. സ്വർഗ്ഗത്തിലൊഴുകുന്ന ഗംഗയിലെ ജലത്തിന് മാത്രമേ ആ അറുപതിനായിരം ആത്മാക്കൾക്ക് മോക്ഷം നൽകാൻ കഴിയൂ. ദുഃഖിതനായ അൻഷുമാൻ തിരിച്ചുപോയി. അന്ന് മുതൽ ഗംഗയെ ഭൂമിയിലേക്ക് കൊണ്ട് വരാനുള്ള ശ്രമത്തിലായി ആ രാജവംശം. എന്നാൽ അൻഷുമാനോ, അയാളുടെ മകനായ ദിലീപനോ അതിന് സാധിച്ചില്ല. പിതാമഹാന്മാർ മോക്ഷം കിട്ടാതെ അലയുന്നു എന്ന ദുഃഖം പേറി ആ രാജകുടുംബം ജീവിച്ചു. കാലം ഒരുപാട് കടന്ന് പോയി. ദിലീപന്റെ മകൻ ഭാഗീരഥൻ രാജാവായി. ഗംഗയെ എത്ര പരിശ്രമിച്ചായാലും ഭൂമിയിൽ എത്തിക്കും എന്ന വാശിയിൽ ഭാഗീരഥൻ തപസ്സ് ചെയ്യാൻ തുടങ്ങി. അതികഠിനമായ ഒന്നായിരുന്നു അത്. ദിവസത്തിൽ ഒരു തവണ മാത്രം ഭക്ഷണം കഴിച്ച്, കൈകൾ എപ്പോഴും ഉയർത്തി പിടിച്ച് ഭാഗീരഥൻ ബ്രഹ്‌മാവിനെ വിളിച്ചു. ഭാഗീരഥന്റെ വിളി കേൾക്കാതിരിക്കാൻ ബ്രഹ്‌മാവിന് കഴിഞ്ഞില്ല. ആഗ്രഹിച്ച വരം തന്നെ നൽകി. പക്ഷെ ഒരു പ്രശ്നം കൂടിയുണ്ട്. ഗംഗ സ്വർഗത്തിൽ നിന്ന് നേരിട്ട് ഭൂമിയിലേക്ക് പതിച്ചാൽ ഇവിടമാകെ തകർന്ന് പോകും. ഗംഗയുടെ പതനം നിയന്ത്രിക്കാൻ ശിവന് മാത്രമേ കഴിയൂ. അതുകൊണ്ട്‌ ശിവന്റെ സഹായം തേടാൻ ബ്രഹ്‌മാവ് ഭാഗീരഥനോട് പറഞ്ഞു. ഭാഗീരഥൻ ശിവപ്രീതിക്കായുള്ള അടുത്ത തപസ്സ് ആരംഭിച്ചു. കാലിന്റെ ഒറ്റ വിരലിൽ നിന്ന് ഒരു വർഷത്തെ തപസ്സ്. ഒടുവിൽ ശിവന്റെ മനസ്സലിഞ്ഞു. തന്റെ മുടിയിലൂടെ ഗംഗയെ ഭൂമിയിലേക്ക് ഒഴുക്കാമെന്ന് ശിവൻ വരം നൽകി. അങ്ങനെ ഭാഗീരഥ പ്രയത്നത്തിന്റെ ഫലമായി ഗംഗ ഭൂമിയിൽ ഒഴുകി. ആ ഒഴുക്കിൽ സാഗരന്റെ അറുപതിനായിരം മക്കളുടെ ചാരം അലിഞ്ഞു ചേർന്നു. വർഷങ്ങളുടെ അലച്ചിലിന് ശേഷമുള്ള മോക്ഷം അവരെ തേടിയെത്തി.

തീർത്ഥാടകർ അലസമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ദേശീയോദ്യാനത്തെ മലിനമാക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു
തീർത്ഥാടകർ അലസമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ദേശീയോദ്യാനത്തെ മലിനമാക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു © ജോയൽ കെ. പയസ്

പുരാണങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഗംഗയുടെ ഉത്ഭവസ്ഥാനത്തെക്കുറിച്ചും, ഒഴുക്കിന്റെ ഗതിയെക്കുറിച്ചും ഉള്ള വിവരങ്ങൾ ശാസ്ത്രീയമായി ലഭിച്ചത് പതിനേഴും, പതിനെട്ടും നൂറ്റാണ്ടുകളിലാണ്. ടിബറ്റിലെ മാനസരോവർ തടാകത്തിൽ നിന്നാണ് നദി ഉത്ഭവിക്കുന്നതെന്ന ഒരു വിശ്വാസം അതിനുമുമ്പ് വരെ പ്രചാരത്തിൽ ഉണ്ടായിരുന്നു. മുഗൾ ചക്രവർത്തിമാരും, പാശ്ചാത്യ പര്യവേക്ഷകരും ഒരുപാട് അന്വേഷണങ്ങൾ നടത്തിയെങ്കിലും, ഗംഗയുടെ ഉറവിടം ഒരു നിഗൂഢതയായി തുടർന്നു. ഒടുവിൽ പത്തൊൻപതാം നൂറ്റാണ്ടിൽ നടന്ന മഹത്തായ ജ്യാമിതീയ നിരീക്ഷണമാണ് (The Great Trigonometric Survey of India) ഗംഗയുമായി ബന്ധപ്പെട്ട ഒരുപാട് ഊഹാപോഹങ്ങൾക്ക് അവസാനം കുറിച്ചത്[5].

തെളിച്ചമുള്ള ഒരു പ്രഭാതത്തിലേക്കാണ് ഞങ്ങൾ ഉണർന്നത്. ഇന്ന് ഗംഗോത്രിയാകെ ചുറ്റിയടിച്ച് കാണണം. ഡൽഹിയിൽ ഞങ്ങൾക്ക് അറിയാവുന്ന ഒരു പത്രപ്രവർത്തകൻ വഴി ഗംഗോത്രി ക്ഷേത്രത്തിലെ ഒരു പൂജാരിയെ ഞങ്ങൾ പരിചയപ്പെട്ടു. എല്ല ദിവസവും വൈകുന്നേരങ്ങളിൽ ഗംഗയെ സ്തുതിച്ച് കൊണ്ട് ഭക്തർ ക്ഷേത്രത്തിൽ കീർത്തനങ്ങൾ ആലപിക്കും. അതിനു ശേഷം ലങ്ങാർ

(സൗജന്യ ഭക്ഷണം) ഉണ്ടാകും. ഞങ്ങൾക്ക് ഇതിൽ രണ്ടിലേക്കും ക്ഷണം ലഭിച്ചു. ക്ഷേത്രങ്ങൾ കൂടാതെ ഗംഗോത്രിയിൽ ഒരുപാട് ആശ്രമങ്ങൾ ഉണ്ട്. പൈലറ്റ് ബാബ, മൗനി ബാബ തുടങ്ങിയവർ ഈ പ്രദേശത്ത് പ്രസിദ്ധരാണ്. പൈലറ്റ് ബാബയെ കാണാമെന്ന് കരുതി ഞങ്ങൾ അദ്ദേഹത്തിന്റെ ആശ്രമത്തിലേക്ക് ചെന്നു. വലിയ കെട്ടിടം. ചില പണികൾ നടക്കുന്നുമുണ്ട്. ആരെയും കാണുന്നില്ല. അന്വേഷിച്ചപ്പോൾ, ബാബ പുറത്തെവിടെയോ സഞ്ചരിക്കുകയാണെന്ന അറിവ് കിട്ടി. പൂർവ ജന്മത്തിൽ ബാബ ഒരു പൈലറ്റ് ആയിരുന്നുവത്രേ. അടുത്തതായി ഞങ്ങൾ മൗനി ബാബയുടെ ആശ്രമത്തിലേക്ക് നടന്നു. അവിടെ ആകെ നിശബ്ദത. ഒന്നുരണ്ട്‌ വിദേശികൾ കണ്ണുമടച്ച് ധ്യാനത്തിൽ ഇരിക്കുന്നു. ആരോടാണ് എന്തെങ്കിലും ചോദിക്കുക. ആശ്രമത്തിന് (കോൺക്രീറ്റ് കെട്ടിടം) പുറത്ത് ചെറിയൊരു കുടിൽ കണ്ടു. നോക്കുമ്പോൾ അതിനകത്ത് വെള്ള വസ്ത്രം ധരിച്ച ഒരു വിദേശവനിത. അവർ ആശ്രമത്തിലെ അന്തേവാസിയാണ്. അവിടെ എല്ലാവരും മൗനവ്രതത്തിലാണ്. ആ സന്യാസിനി അതിനുള്ള പരിഹാരം തയ്യാറാക്കി. ഞങ്ങളുടെ സന്ദർശനത്തിന്റെ ഉദ്ദേശമെന്താണ് എന്ന് ഒരു നോട്ട് പുസ്തകത്തിൽ അവർ എഴുതി ചോദിച്ചു. ബാബയെ കാണാൻ കഴിയുമോ എന്ന് ഞങ്ങൾ തിരിച്ച് ചോദിച്ചു. ബാബ അവിടെ ഇല്ല എന്ന മറുപടി മാത്രം കിട്ടി.



ശൈത്യകാലമാകുമ്പോൾ മിക്ക ആശ്രമങ്ങളും കാലിയാകും. ഗംഗോത്രിയിലെ കൊച്ചു പെട്ടിക്കടകൾക്ക് പൂട്ട് വീഴും. എന്തിന്, ക്ഷേത്രത്തിലെ വിഗ്രഹം പോലും ഇവിടെനിന്ന് താഴെയുള്ള ഗ്രാമത്തിലേക്ക് നീക്കും. ഏതാനും ആഴ്ചകൾക്കുള്ളിൽ അവിടമെല്ലാം വിജനമാകും എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി. അന്ന് വൈകുന്നേരം ഞങ്ങൾ ക്ഷേത്രത്തിലേക്ക് പോയി. അവിടെ കീർത്തനാലാപാനം നടക്കുന്നു. ഗംഗാസ്തുതിയാണ്. ക്ഷേത്രത്തിലെ മുഖ്യ പൂജാരിയോട് സംസാരിക്കാനും അവസരം ലഭിച്ചു. വലിയ വരുമാനം കിട്ടുന്ന ക്ഷേത്രമാണിത്. അതിന്റെ ഭരണ സമിതി അംഗങ്ങൾക്ക് രാഷ്ട്രീയക്കാരുമായി വലിയ ബന്ധമുണ്ടെന്ന് അറിയാൻ കഴിഞ്ഞു. നേപ്പാളി പടയാളിയായ അമർ സിംഗ് താപ്പയാണ് ഈ ക്ഷേത്രം പണിതത്. പതിനഞ്ച് പൂജാരിമാരാണ് ഇവിടെ മാറിമാറി പൂജകൾ അനുഷ്ഠിക്കുന്നത്.

ഗംഗയുടെ ഉത്ഭവം പണ്ട് ഗംഗോത്രിയിൽ നിന്നായിരുന്നു എന്ന് ക്ഷേത്ര ഭരണ സമിതിയിലെ മുതിർന്ന ഒരംഗം അഭിപ്രായപ്പെട്ടു. ഗ്ലേഷ്യറുകൾ വേഗത്തിൽ ഉരുകുന്നതിനെക്കുറിച്ചും, ആഗോള താപനത്തിന് അതിലുള്ള പങ്കിനെക്കുറിച്ചും അദ്ദേഹത്തിന് അറിയാം എന്നത് ഞങ്ങളെ കുറച്ചൊന്ന് അത്ഭുദപ്പെടുത്തി. ഗോമുഖ് മഞ്ഞുപാടത്തെ കുറിച്ച് അദ്ദേഹത്തിന് സ്വന്തമായ മറ്റൊരു അഭിപ്രായമുണ്ടായിരുന്നു: കലിയുഗത്തിൽ ഗംഗ സ്വർഗത്തിലേക്ക് തിരിച്ചുപോകും. അതിന്റെ മുന്നോടിയായാണ് നദിയുടെ ഉറവിടമായ മഞ്ഞുപാടം പിൻവലിയുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ലങ്ങാറിനായി ഞങ്ങൾക്ക് കുറെ നേരം കാത്തിരിക്കേണ്ടി വന്നു. ആദ്യ പന്തിയിൽ ഭക്ഷണം ബ്രാഹ്മണന്മാർക്ക് മാത്രമാണ്. ഏറ്റവും അവസാനമാണ് അബ്രാഹ്മണരായ ഭക്തർക്കും, നാടോടികൾക്കും ഭക്ഷണം കിട്ടുക. ജാതിവ്യവസ്ഥയുടെ വേരുകൾ എത്ര ആഴത്തിലാണ് പതിഞ്ഞു കിടക്കുന്നതെന്ന് ഭക്ഷണത്തിനിടയിൽ ഞങ്ങളിരുവരും സംസാരിച്ചു. കുറെ നേരം കാത്തിരുന്നത് കാരണം നല്ല വിശപ്പുണ്ടായിരുന്നു. ചോറും, പരിപ്പും, കൈപ്പക്ക വറുത്തതും, പപ്പടവും, ഖീറും (ഉത്തരേന്ത്യൻ പായസം) ആയിരുന്നു വിഭവങ്ങൾ.

ഏകദേശം ഒമ്പത് മണിയായപ്പോഴേക്കും നല്ല തണുപ്പായി. കൈകൾ ശരീരത്തോട് ചേർത്തുപിടിച്ച് ഞങ്ങൾ മുറിയിലേക്ക് തിരിച്ചു നടന്നു. ഗംഗോത്രിയിലെ അവസാന രാത്രിയാണ് ഇത്‌. നാളെ രാവിലെ ഞങ്ങളുടെ യാത്രയിലെ അടുത്ത ഘട്ടം ആരംഭിക്കുകയാണ്. 2, 500 കിലോമീറ്ററുകളോളം നീണ്ട് കിടക്കുന്ന പാതയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ചില ഘട്ടങ്ങൾ ഞങ്ങളെ കാത്തിരിക്കുന്നു.

_______

Notes

[1] Death Economy, Business is booming in Garhmukteshvar by Sonali Achaarjee, India Today, August 02, 2020  [2] Dimensions and dynamics of violence during the partition of India by Chandni Saxena, Proceedings of the Indian History Congress [3] What lies behind the rising tide of saffron-clad pilgrims clogging roads in North India by Sumegha Gulati, The Scroll, August 24, 2015 [4] The Imperial Gazatteer of India, 1908 [5] Nuclear Power Corporation of India Limited website

Joyel K Pious

ജോയൽ കെ പയസ് ഒരു ഫോട്ടോഗ്രാഫറും, ദ്വിഭാഷ എഡിറ്ററും ആണ്. ഡൽഹിയിൽ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ് ദിനപത്രത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നു. കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള അദ്ദേഹം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിൽ തല്പരനാണ്. ഫോട്ടോമെയിലിന്റെ ന്യൂസ് എഡിറ്റർ എന്ന നിലയിലും അദ്ദേഹം തന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നു.

Published on December 14, 2021

Share

Home » Portfolio » ജലബിന്ദുക്കളുടെ മോക്ഷയാ » യാത്രകളുടെ തുടക്കം

Related Articles

2022-02-03T18:22:26+05:30

പ്രയാഗിലെ ദേശാടനക്കിളികൾ

നല്ല വെയിലുള്ള ഒരു ഉച്ചയ്ക്കാണ് ഞങ്ങൾ കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗ്രാൻഡ് ട്രങ്ക് റോഡിന്റെ അരികിലൂടെ വളരെ ശ്രദ്ധയോടെ ഞാൻ സൈക്കിൾ ചവിട്ടി. വേഗമേറിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന കാറ്റിന് സൈക്കിളിന്റെ താളം തെറ്റിക്കാൻ കഴിയും എന്നതിനാൽ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. മുമ്പിലുള്ള പ്രധാന നഗരം 130 കിലോമീറ്റർ കിഴക്കുള്ള അലഹബാദ് ആയിരുന്നു. ഒറ്റദിവസം കൊണ്ട് അവിടെ എത്താനാകില്ല എന്നതുകൊണ്ട് ഇടയ്ക്കുള്ള ഫത്തേപ്പൂർ എന്ന പട്ടണത്തിൽ രാത്രി തങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഗംഗയുടെയും, യമുനയുടെയും ഇടയിലായാണ് ജില്ലാ ആസ്ഥാനം കൂടിയായ ഫത്തേപ്പൂരിന്റെ കിടപ്പ്. കയറ്റിറക്കങ്ങൾ ഇല്ലാത്ത വഴിയിലൂടെയുള്ള യാത്ര സുഖകരമായിരുന്നു.

2021-11-12T15:22:58+05:30

ചുവപ്പും കറുപ്പും: ചില കാൺപൂർ ഓർമ്മകൾ

നഗരത്തെ നടുവിലൂടെ കീറിമുറിച്ച് കടന്നുപോകുന്ന പ്രധാന പാതയിലൂടെ പതിനഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മാത്രമേ സുമിതിന്റെ സുഹൃത്തുക്കൾ ഏർപ്പാടാക്കിയ മുറിയിൽ എത്താനാകൂ. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും വലുതും, തിരക്കുപിടിച്ചതുമായ നഗരമായിരുന്നു കാൺപൂർ. നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന മോട്ടോർ വാഹനങ്ങളുടെ ഇടയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നത് ഒരു സർക്കസ് വിദ്യ പോലെ തോന്നി. വഴിയിൽ ഇടക്കിടെ വരുന്ന മേൽപ്പാലങ്ങളിലേക്ക് സൈക്കിൾ ചവിട്ടിക്കയറ്റാൻ ഞങ്ങൾ ഇരുവരും പ്രയാസപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളുടെ ഹോണുകൾ സൃഷ്ടിക്കുന്ന ഒച്ചപ്പാടിൽ സൈക്കിൾ മണികളുടെ ശബ്ദം അലിഞ്ഞില്ലാതായി. കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ട്രാഫിക് സിഗ്നലുകൾ പിന്നിടുന്നത് അതീവ ശ്രമകരമായിരുന്നു. ഓട്ടപ്പന്തയത്തിന് തയ്യാറെടുക്കുന്നതുപോലെ അക്ഷമരായി പച്ചവെളിച്ചവും കാത്ത് നിൽക്കുന്ന ഡ്രൈവർമാർക്കിടയിലൂടെ സൈക്കിൾ ചവിട്ടുന്നത് അപകടം നിറഞ്ഞ പരിപാടിയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പ്രയാണത്തിനൊടുവിലാണ് കാൺപൂർ നഗരത്തിന്റെ തെക്കേയറ്റത്ത് ഞങ്ങൾ എത്തിച്ചേർന്നത്.

2021-09-28T14:35:13+05:30

പുതുമഴയുടെ മണമുള്ള മണ്ണിൽ

മുറിയിൽ എത്തിയപ്പോൾ ധർമ്മശാലയുടെ ഉടമ അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിശേഷങ്ങൾ കേട്ടപ്പോൾ അയാൾ ഭേദപ്പെട്ട ഒരു മുറി തന്നു. ചിലന്തിവലകൾ നിറഞ്ഞ, ഈർപ്പം തങ്ങി നിന്നിരുന്ന ആ മുറി ആദ്യത്തെ സ്റ്റോർ റൂമിനേക്കാൻ നല്ലതായിരുന്നു. ഞങ്ങളുടെ പര്യടനഭൂപടത്തിൽ ഉൾപ്പെടാത്ത സ്ഥലമായിരുന്നെങ്കിലും, ബദായൂനിന്റെ ചരിത്രത്തെക്കുറിച്ച് ഞാൻ അല്പം അന്വേഷണം നടത്തി. അഹർ രാജകുമാരനായ ബുദ്ധ് പൊതുയുഗം (CE) 905ൽ സ്ഥാപിച്ചതാണ് ഈ നഗരം എന്ന് വിശ്വസിക്കപ്പെടുന്നു. മുഹമ്മദ് ഗസ്നിയുടെ ബന്ധുവായ സയ്യിദ് മസൂദ് ഗാസി CE 1028 ൽ ഈ പ്രദേശം പിടിച്ചടക്കി

2021-09-28T14:39:41+05:30

ബ്രിജ്ഘാട്ടിലെ ചൂടുകാറ്റ്

‘തീർത്ഥാടക നഗരിയായ അനുപ്ശഹറിലേക്ക് സ്വാഗതം’ എന്നെഴുതി വെച്ചിട്ടുള്ള ഒരു വലിയ കമാനം ഞങ്ങളുടെ മുൻപിൽ തലയുയർത്തി നിന്നു. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത് അനുപ് റായ് എന്ന രാജാവാണ് ഈ പട്ടണം സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്.

2021-09-28T14:40:57+05:30

രണ്ട് പുതിയ ചങ്ങാതിമാർ

ഇരുട്ട് വീഴും മുൻപേ ഹൈവേയിൽ എത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അഞ്ചുമണി ആയപ്പോഴേക്കും വെളിച്ചം കുറയാൻ തുടങ്ങി. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളും, ഒറ്റപ്പെട്ട ചില ഗ്രാമങ്ങളും മാത്രമേ വഴിയിൽ കണ്ടുള്ളൂ. കാലിൽ വേദന കൂടിക്കൂടി വന്നതുകൊണ്ട് സൈക്കിൾ വേഗത്തിൽ ചവിട്ടാനും കഴിയുന്നില്ല. ഓരോ കിലോമീറ്ററും പിന്നിടാൻ വേണ്ട സമയം കൂടിവന്നു.

2021-09-28T14:43:59+05:30

ഹരിദ്വാറിലെ ശാന്തിതീരം

ഹരിദ്വാറിലെ ഘാട്ടുകൾക്കും ആചാരങ്ങൾക്കും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഗുരുവിന്റെ സ്മരണയിൽ ഗുരുദ്വാര നാനക്-വാര (Gurudwara Nanakwara) എന്ന വലിയൊരു സിഖ് ആരാധനാലയം ഇവിടെ ഉയർന്നു വന്നിരിക്കുകയാണ്.

2021-09-28T14:45:56+05:30

യോഗാനഗരിയിലെ ബീറ്റിൽസ് താളങ്ങൾ

സംസ്കാരത്തിന്റെ സംരക്ഷകർ എന്നു സ്വയം വിശേഷിപ്പിക്കുന്ന ചിലർക്ക് വേറെ ചില ‘പ്രശ്നങ്ങളാണ്’ ഉയർത്തിക്കാട്ടാനുള്ളത് വിദേശ വിനോദ സഞ്ചാരികൾ അസന്മാർഗിക പ്രവർത്തികളിൽ ഏർപ്പെടുന്നു എന്നും, ഋഷികേശിന്റെ ‘പവിത്രത’ നഷ്ടപ്പെടുത്തുന്നു എന്നും ആരോപിച്ച് വിശ്വഹിന്ദു പരിഷദ് രംഗത്തുവന്നത് ഒരു ഉദാഹരണമാണ്.

2021-09-28T14:47:25+05:30

ദേവപ്രയാഗിലെ സന്ധ്യകൾ

ആളുകളെ കുത്തിനിറച്ച ഒരു ജീപ്പിലാണ് ടെഹ്‌റി അണക്കെട്ടിന് അപ്പുറത്തുള്ള ധൻസാലിയിൽ നിന്ന് ദേവപ്രയാഗിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങിയത്.

2021-09-28T14:48:50+05:30

സമരഭൂമിയിലൂടെ ഒരു ബോട്ട് സവാരി

ചമ്പയിലെത്തിയപ്പോഴേക്കും നേരം നല്ലപോലെ ഇരുട്ടി. തിരക്ക് പിടിച്ച ഒരു പട്ടണം. കുറേ അലഞ്ഞ ശേഷം 300 രൂപ വാടകക്ക് ഒരു ചെറിയ മുറി കിട്ടി. അടുത്ത രണ്ടോമൂന്നോ ദിവസം ഇവിടെ താമസിച്ച് ചുറ്റുമുള്ള പ്രദേശങ്ങൾ സന്ദർശിക്കാനായിരുന്നു പരിപാടി. പുറത്ത് നിന്നും പാർസൽ വാങ്ങിയ ചോറും പരിപ്പും, അടുത്തുള്ള ചന്തയിൽ നിന്ന് വാങ്ങിയ പച്ചക്കറികൾ ചേർത്തുണ്ടാക്കിയ സാലഡും കൂട്ടി ഞങ്ങൾ അത്താഴം കഴിച്ചു. തണുപ്പ് കൂടിക്കൂടി വന്നു.

2021-09-28T14:50:04+05:30

പെരുംമഴയിൽ കുതിർന്ന കാലടികൾ

ഉച്ച കഴിഞ്ഞതോടെ കാലാവസ്ഥയാകെ മാറി. കാർമേഘങ്ങൾ സൂര്യനെ മറച്ചു. എപ്പോൾ വേണമെങ്കിലും മഴ പെയ്യാമെന്നായി. ഹർസിൽ എത്താൻ ഇനിയും പത്ത് കിലോമീറ്ററോളം ഉണ്ട്. കയ്യിൽ കരുതിയിട്ടുള്ള മഴക്കോട്ടുകൾ ഞങ്ങൾ അണിഞ്ഞു. ബാഗുകൾ നനയാതിരിക്കാൻ പ്രത്യേകം കവറുകൾ ഉണ്ടായിരുന്നു. പെരുംമഴ തുടങ്ങി. നടത്തം വളരെ സാവധാനത്തിലായിരുന്നു. ഒരു മണിക്കൂറിൽ മൂന്ന് കിലോമീറ്റർ പോലും പിന്നിടാൻ ഞങ്ങൾക്ക് സാധിച്ചില്ല.

2021-09-28T14:51:30+05:30

യാത്രകളുടെ തുടക്കം

ഹിമാലയന്‍ മഞ്ഞുപാടങ്ങളില്‍ നിന്നൊഴുകി, ചരിത്രമുറങ്ങുന്ന ജനപഥങ്ങളെ തഴുകി, ബംഗാള്‍ ഉള്‍ക്കടലിന്‍റെ ആഴങ്ങളില്‍ അലിയുന്നത് വരെയുള്ള ഗംഗയുടെ യാത്രയെ, നാല് മാസത്തോളം സൈക്കിളിലും, കാൽനടയായും ജോയൽ കെ. പയസ് അനുഗമിച്ചതിന്റെ എഴുത്തും ചിത്രങ്ങളും.