ലേഖനങ്ങൾ
ഫോട്ടോ മെയിൽ
മലയാളം പേജിൽ
സമകാലിക ഫോട്ടോഗ്രാഫി
അതിന്റെ ചരിത്രം, സൗന്ദര്യശാസ്ത്രം
ടെക്നിക്കുകൾ, വിമർശനം, കൂടാതെ
വിവർത്തനം ചെയ്‌തു
ലേഖനങ്ങൾ പ്രസിദ്ധീകരിക്കും

ഫോട്ടോഗ്രാഫി © ടി. എൻ. എ പെരുമാൾ
പല വേദികളിലായുള്ള അനേകം പ്രഭാഷണങ്ങളില്‍ ടി.എന്‍.എ. പെരുമാള്‍ (1932 – 8 February 2017) ആദിമമനുഷ്യനുമായി നമ്മളെ ഇണക്കുന്ന ഒരു പ്രവൃത്തിയായിട്ടാണ് പ്രകൃതി ഛായാ ബിംബങ്ങളെടുക്കുന്നതിനെ ക്കുറിച്ച് പ്രതിപാദിച്ചിരുന്നത്.
ഗുഹാമനുഷ്യന്‍, അവന്‍ വസിച്ചിരുന്ന ഗുഹയുടെ ചുവരുകളില്‍ ഒരു പുണ്യകര്‍മ്മം പോലെ വരച്ച മൃഗങ്ങളുടെ ചിത്രങ്ങളാണ് താന്‍ മറ്റൊരു കാലത്ത് വേറൊരു രീതിയില്‍ മെനയുന്നതെന്ന് പെരുമാള്‍ വിശ്വസിച്ചിരുന്നു. ആദിമമനുഷ്യന് പ്രകൃതിയേകിയ വിസ്മയതിന്റെ മായികഭാവം, തന്‍റെ വാഴ്വിന്റെ അസ്തമനദശയിലും പെരുമാളിന് ലഭിച്ചിരുന്നു. അദ്ദേഹ മെടുത്ത ചിത്രങ്ങള്‍ ഇത് പ്രകടമാക്കുകയും ചെയ്യുന്നുണ്ട്.
മൃഗമെന്നാല്‍, പെരുമാളിന് ഒരിക്കലും അത് കടുവയോ, സിംഹമോ, പുലിയോ മാത്രമായിരുന്നില്ല. കാണുന്ന മൃഗങ്ങളെയും, പക്ഷികളെയും, ഷഡ്പദങ്ങളെയും, എട്ടുകാലികളെയും തുല്യ വിസ്മയഭാവത്തോടെ സമീപിക്കുകയും, ഒരു കുട്ടിയുടെ കൌതുകത്തോടെ അവയെ ആവാഹിച്ചെടുക്കാന്‍ ശ്രമിക്കുകയുമാണ് അദ്ദേഹം തന്‍റെ ജീവിതം മുഴുവന്‍ ചെയ്തത്.
നമ്മുടെയിടയിലെ ശേഷിക്കുന്ന അപൂര്‍വ്വം ഗുഹാമാനുഷ്യരിലെ ഒരു പെരുമാളാണ് രംഗമൊഴിഞ്ഞതെന്ന തിരിച്ചറിവ് അതുകൊണ്ട് തന്നെയാണ് നമുക്ക് ഉണ്ടാകേണ്ടതും. എങ്കില്‍ മാത്രമാകും ഒരു പക്ഷെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ നമുക്ക് പകര്‍ന്നുകിട്ടേണ്ട ഒരു നിഷ്കളങ്കലോകത്തിന്‍റെ നീതിസാരം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനാവുക.
ആദികവിയുടെ മനോപരിവര്ത്തനം പോലെയൊന്ന് പെരുമാളിന്‍റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. ചെറുപ്പകാലത്ത് പ്രാരബ്ധം കൊണ്ടാകാം ഒരു പക്ഷെ അദ്ദേഹത്തിന് “കരിമ്പുലി” എന്നറിയപ്പെട്ടിരുന്ന ഒരു വിഖ്യാതവേട്ടക്കാരനായ സുന്ദര രാജനോടൊപ്പം കൂടേണ്ടിവന്നിട്ടുണ്ടാവുക. തോക്ക് നിശ്ചലമായിപ്പിടിച്ച് ഉന്നം വയ്ക്കുവാനും പിഴയ്ക്കാതെ മൃഗത്തെ വെടിവെയ്ക്കുവാനും ചുരുങ്ങിയകാലം കൊണ്ട് പെരുമാള്‍ പഠിച്ചു. 1947 ല്‍, പതിനഞ്ചു വയസ്സുള്ളപ്പോഴാണ് ബന്നര്‍ഘട്ട വനാന്തരത്തില്‍ വച്ച് കഴുത്തില്‍ ഒരു ക്യാമറയും തൂക്കി പക്ഷികളെ ഫോട്ടോഎടുക്കുന്ന ഒരു സായിപ്പിന്‍റെ മുന്‍പില്‍ അവിചാരിതമായി പെരുമാള്‍ ചെന്ന്പെടുന്നത്. മൈസൂര്‍ ഫോട്ടോഗ്രാഫിക് സൊസൈറ്റിയുടെ സ്ഥാപകനും വ്യൂഫൈണ്ടര്‍ എന്ന മാസികയുടെ പത്രാധിപരുമായിരുന്ന ഒ.സി.എഡ്വാര്‍ഡ്സായിരുന്നു അത്. ആകസ്മികമായ ആ കൂടിക്കാഴ്ച എഡ്വാര്‍ഡ്സ് പിന്നീടൊരിക്കല്‍ ഹൈദരാബാദില്‍ വച്ച് നടത്തപ്പെട്ട പെരുമാളിന്‍റെ ഫോട്ടോഗ്രാഫുകളുടെ ഒരു പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവേളയില്‍ വച്ച് ഇങ്ങനെയായിരുന്നു അനുസ്മരിച്ചത്.













ഫോട്ടോഗ്രാഫി © ടി. എൻ. എ പെരുമാൾ
“എനിക്ക് പെരുമാളെ 33 വര്‍ഷത്തെ പരിചയമുണ്ട്. ബാംഗ്ലൂരിനടുത്തുള്ള ബന്നര്‍ഘട്ടയില്‍ വച്ചാണ് ഞങ്ങള്‍ ആദ്യമായി നേര്‍ക്കുനേര്‍ കാണുന്നത്.പെരുമാള്‍ ഒരു കയ്യില്‍ തോക്കേന്തിയിരുന്നു. അയാളുടെ മറുകയ്യില്‍ അയാള്‍ വെടിവച്ച ഒരു പക്ഷി ചത്ത്‌തൂങ്ങിക്കിടന്നിരുന്നു. ഞാനാകട്ടെ ഒരു ക്യാമറയാണ് കൈകളില്‍ പിടിച്ചിരുന്നത്. മുന്‍പ്, വേട്ടയ്ക്ക്പോയിട്ടുള്ള ഒരാളായതിനാല്‍ വേട്ടക്കാരന്റെ കൊല്ലാനുള്ള ത്വര എനിക്കും മനസ്സിലാകും. “നിങ്ങള്‍ മിസ്റ്റര്‍. എഡ്വേര്‍ഡ്സല്ലേ?” എന്ന് പറഞ്ഞു അയാള്‍ പരിചയപ്പെട്ടു. “ഡോ. ലിവിംഗ്സ്റ്റണ്‍ ആണെന്ന് കരുതട്ടെ..”!! എന്ന് മൊഴിഞ്ഞു കൊണ്ട് കൈനീട്ടിയ സ്റ്റാന്‍ലിയെയാണ് അപ്പോള്‍ ഞാനോര്‍ത്തത്. പിന്നീട് ഞങ്ങള്‍ പതിവായി ഒരുമിച്ചു കാട്ടില്‍ പോകുവാന്‍ തുടങ്ങി. വേട്ടക്കാരന്‍ പതുക്കെ അവന്‍റെ തൃഷ്ണകളെ തോക്കിനുപകരം ക്യാമറ ഉപയോഗിച്ച് തൃപ്തിപ്പെടുത്തുന്ന കാഴ്ചയാണ് പിന്നീട് ഞാന്‍ കണ്ടത്. വിസ്മയകരമായ മാറ്റവും അതിലും വിസ്മയകരമായ വളര്ച്ചയുമാണ് പിന്നീട് അയാളെ എതിരേറ്റത്. സാധാരണങ്ങളായ ചിത്രങ്ങള്‍ പെരുമാളിനെ ഒട്ടും തൃപ്തിപ്പെടുത്തിയിരുന്നില്ല. പ്രകൃതിയുടെയും അതിലെ ജീവജാലങ്ങളുടെയും ജീവസ്പന്ദനം അയാള്‍ തന്‍റെ ചിത്രങ്ങളിലേക്ക് ആവാഹിച്ചു.”
ആദികവിയെപ്പോലെ, പെരുമാളും മൃഗയാ വിനോദത്തിന്റെ രാക്ഷസീയതയില്‍ നിന്നും പ്രകൃതിയുടെ കാവ്യമര്‍മ്മരത്തിലേക്ക് ചുവടുമാറുകയായിരുന്നു. ഡാര്‍ക്ക്‌റൂമിന്റെ ചുവപ്പ്വെളിച്ചത്തില്‍ കുളിച്ചു, പ്രിന്റിങ്ങിന്റെ രീതികളും സ്വായത്തമാക്കിയതോടെ പെരുമാള്‍ തികഞ്ഞ ഒരു ഫോട്ടോഗ്രാഫറായി മാറി.
“നിശബ്ദത …ക്ഷമ…ബഹുമാനം…. ഒരു നല്ല വന്യമൃഗ ഫോട്ടോവിനുള്ള പ്രധാനപ്പെട്ട ചേരുവകള്‍ ഇവ മൂന്നുമാണ്. രത്തംബോറില്‍ വച്ച് ഒരിക്കല്‍ എം. വൈ. ഘോര്പ്പാടെയുടെ കൂടെ കണ്ടപ്പോള്‍ എന്നോട് അദ്ദേഹം ഇതാണ് പറഞ്ഞത്. സാങ്ച്വറി തുടങ്ങുമ്പോഴും നേരായ വഴിയില്‍ നിന്നും വ്യതിചലിക്കാതെയിരിക്കാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. പ്രകൃതിഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ള ആളുകള്‍ അദ്ദേഹത്തിന്റെയടുക്കല്‍ കുറച്ചുനേരം ഇരുന്നാല്‍ത്തന്നെ വൃതിവ്യാപനത്തിലൂടെ ഏറെ കാര്യങ്ങള്‍ ഒരു പക്ഷെ അവരിലേക്ക് വ്യാപിച്ചേക്കാം. ഇത്, ഒരു പക്ഷെ സാധ്യമല്ല എന്നുണ്ടെങ്കില്‍ , അദ്ധേഹത്തിന്റെ ചിത്രങ്ങളോടൊപ്പം ഏറെ സമയം ചിലവഴിക്കൂ. കാരണം അദ്ദേഹവും ആ ചിത്രങ്ങളും ഇപ്പോഴും ഒരേ ഭാഷയാണ് സംസാരിക്കുന്നത്… പ്രകൃതിയിലെ രഹസ്യമര്മ്മരത്തിന്റെ”
സാങ്ച്വറി മാസികയുടെ പത്രാധിപരായ ബിട്ടു സഹ്ഗാളിനു പെരുമാളിനെപ്പറ്റി ഇതാണ് നമ്മളോട് പറയാനുള്ളത്.
പെരുമാളിന്‍റെ സമകാലികരായ ഫോട്ടോഗ്രാഫര്‍മാര്‍ അതികായന്മാരായിരുന്നു. ഓര്‍മ്മയിലുടനെയെത്തുന്ന പേരുകള്‍ നാലുപേരുടേതാണ്. ബി.എന്‍.എസ്.ദേവ്, എം,വൈ.ഘോര്‍പ്പാടെ, ഹനുമന്ത റാവു, എം.കൃഷ്ണന്‍ എന്നിവയാണവ. പ്രകൃതിസംരക്ഷണസംബന്ധമായ ഇന്ത്യന്‍ കൂട്ടായ്മകള്‍ക്ക് ഈ നാലുഫോട്ടോഗ്രാഫര്മാരോടൊപ്പം വലിയ സംഭാവനകളാണ് പെരുമാളും നല്‍കിയത്. കുള്ളന്മാരോടൊപ്പം ഓടുന്നതിനേക്കാള്‍ ശ്രമകരമത്രേ ഭീമന്മാരോടൊപ്പം നടന്നെത്തുന്നത് എന്ന പഴഞ്ചൊല്ലിന്റെ അര്‍ത്ഥതലങ്ങള്‍ പതിരില്ലാതെ നമുക്ക് വെളിവാക്കിയ ഒരു കാലഘട്ടമാണ് കഴിഞ്ഞുപോയത്.
ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളൊക്കെയും ക്യാമറകളുടെയും ലെന്സുകളുടെയും സാങ്കേതികചര്ച്ചയിലൊതുക്കുന്ന ഇന്നത്തെ ഫോട്ടോഗ്രാഫറില്‍ നിന്നും ഏറെ അകലത്തിലായിരുന്നു പെരുമാളിന്‍റെ കര്‍മ്മമണ്ഡലം. വിഖ്യാതങ്ങളായ അദ്ദേഹത്തിന്റെ പല ചിത്രങ്ങളും വളരെ ചുരുങ്ങിയ സൌകര്യങ്ങള്‍ ഉപയോഗിച്ച് എടുത്തവയാണ് എന്നത് ശ്രദ്ധേയമാണ്. ക്യാമറയുടെ പിന്നിലുള്ള ആളാണ് ഫോട്ടോസ് എടുക്കുന്നത് എന്ന് പൂര്‍ണ്ണമായും വിശ്വസിക്കുകയും അത് പോലെ പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു തലമുറയായിരുന്നു അദേഹത്തിന്റേത്. സ്വന്തം കരതലം പോലെ സുപരിചിതമായിരുന്ന ക്യാമറയുടെ പരിമിതിക്കും അപാരതയ്ക്കും ഇടയിലെ കളിസ്ഥലത്തു മാന്ത്രികതയുടെ സ്പര്‍ശമേറ്റ നൂറുകണക്കിന് ഫോട്ടോകളാണ് സൃഷ്ടിക്കപ്പെട്ടത്.
മൂങ്ങകളുടെ രഹസ്യസ്വഭാവം കലര്‍ന്ന ജീവിതരീതിയിലേക്ക് ഏറെ വെളിച്ചം പകരാന്‍ സഹായിച്ച പെരുമാളിന്‍റെ രാവിന്‍റെ ഇരുളിലെടുത്ത ഫോട്ടോസ് ഇതിനോടകം എത്ര അന്തര്‍ദേശീയമാസികകളില്‍ അച്ചടിച്ച്‌വന്നിട്ടുണ്ടാകുമെന്നു തിട്ടപ്പെടുത്താന്‍ പോലും കഴിഞ്ഞെന്നു വരില്ല. അത്രയ്ക്കുണ്ടാകും..!
ഒരാള്‍ വായിച്ച കവിതകളും കഥകളും, കേട്ട സംഗീതവുമൊക്കെ അയാള്‍ സൃഷ്ടിക്കുന്ന ചിത്രങ്ങളിലുമുണ്ടാകും എന്ന് പറഞ്ഞത് ആന്സല്‍ ആഡംസ് ആണ്. പത്തു വര്‍ഷങ്ങള്‍ക്കുമുന്‍പ്, തൃശൂരില്‍ വച്ച് ബട്ടര്‍ഫ്ലൈ ആര്‍ട്ട് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഒരു ഏകദിനഫോട്ടോഗ്രാഫി ക്യാമ്പില്‍ വച്ച് തന്‍റെ പ്രഭാഷണത്തിന്റെയിടയില്‍ നമ്മുടെ ദൃശ്യകലാചരിത്രം പരിശോധിച്ചാല്‍, വന്യമൃഗങ്ങള്‍ ചിത്രങ്ങളില്‍ ധാരാളമായി കടന്നുവന്നു തുടങ്ങിയത് മുഗള്‍ഭരണകാലത്തെ മിനിയേച്ചറുകളിലാണ് എന്ന അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്ത ഒരു വസ്തുത എടുത്തുപറഞ്ഞത് ഇപ്പോള്‍ ഓര്‍ത്തുപോകുന്നു.
ആയിരത്തിഅഞ്ഞൂറോളം ദേശീയവും അന്തര്‍ദേശീയവുമായ സലോനുകളില്‍ പെരുമാളിന്‍റെ ഫോട്ടോകള്‍ തിരഞ്ഞെടുക്കപ്പെട്ടിടുണ്ട്. ഇരുന്നൂറില്‍പ്പരം അവാര്‍ഡുകളാണ് അദ്ദേഹത്തിന് പല രാജ്യങ്ങളില്‍നിന്നുമായി ലഭിച്ചിട്ടുള്ളതും. അവയില്‍ ലണ്ടനിലെ റോയല്‍ ഫോട്ടോഗ്രാഫി സൊസൈറ്റി ഫെല്ലോഷിപ്പും ഉള്‍പ്പെടും. അമേരിക്കയിലോ , ഏതെങ്കിലും യൂറോപ്പ്യന്‍ രാജ്യത്തിലോ ആയിരുന്നു പെരുമാള്‍ ജനിച്ചിരുന്നതെങ്കില്‍ അദ്ദേഹമിന്നു എത്തുമായിരുന്ന പ്രശസ്തിയുടെ മേഖല എന്തായിരിക്കും? നാം അദ്ദേഹത്തിന് കനിഞ്ഞുനല്‍കിയത് എന്തായിരുന്നു?
അദ്ദേഹത്തിന്റെ പ്രിയസുഹൃത്തും മറ്റൊരു പ്രശസ്ത ഫോട്ടോഗ്രാഫരുമായ കെ.ജയറാം ഇതിനെക്കുറിച്ച് ഒന്നിലേറെ തവണ എഴുതിയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ ഫോട്ടോസടങ്ങുന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം തുനിഞ്ഞപ്പോള്‍ ആരില്‍നിന്നും ഒരു സഹായവും ലഭിച്ചില്ല എന്നത് നമ്മളെയൊക്കെ ലജ്ജിപ്പിക്കേണ്ട ഒരു കാര്യമാണ്, ജീവിക്കാന്‍ വേണ്ടി തുച്ച്ചമായ ശമ്പളം കിട്ടുന്ന ഒരു ജോലിയും ചെയ്ത് ഒരു ചെറിയവീട്ടിലാണ് ആ തിരി കത്തി തീര്‍ന്നത്.
പലപ്പോഴും, പഞ്ചായത്തിനുള്ളില്‍ നടന്ന കവിതാമത്സരത്തിന്റെ സമ്മാനജേതാവിന്, നമ്മുടെ പത്രങ്ങള്‍ പെരുമാളിന് നല്‍കിയതിനേക്കാള്‍ സ്ഥലം തങ്ങളുടെ താളുകളില്‍ നല്‍കി. പരിമിതമായ സാഹചര്യങ്ങളിലും മനുഷ്യന് തന്‍റെ കഴിവിന്‍റെ അപാരതകൊണ്ട് നമ്മളെ വിസ്മയിപ്പിക്കാനാവും. പെരുമാള്‍ ചെയ്തതും മറ്റൊന്നല്ല. ആ കഠിനാദ്ധ്വാനത്തിന്‍റെ ശേഷിപ്പുകള്‍ മനോഹരങ്ങളും അര്‍ത്ഥവത്തുമായ അനേകം ചിത്രങ്ങളാണ്. അവ സൂക്ഷിക്കുവാനും, ജന്മം കൊള്ളുന്ന തലമുറകളിലെ കുട്ടികള്‍ക്ക് അവയുടെ അടുത്തിരുന്നു, അവയിലെ ഊര്‍ജ്ജം തങ്ങളിലേക്ക് പകര്‍ത്താനും അവസരം ഉണ്ടാകണം. ഛായാബിംബകലയുടെ പെരുമാളിന് കാലത്തിന്‍റെ മടിത്തട്ടില്‍ സുഖനിദ്ര ആശംസിക്കുന്നു .

ഹരിഹരന്‍ സുബ്രഹ്മണ്യന്‍ ഫോട്ടോഗ്രാഫറും എഴുത്തുകാരനുമാണ്. പാലക്കാട് ജങ്ക്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ ബുക്കിംഗ് ഓഫീസില്‍ ജോലി ചെയ്യുന്നു. പാലക്കാടുള്ള ഇമേജ് ഫോട്ടോഗ്രഫി അസ്സോസ്സിയേഷന്റെ വൈസ് പ്രസിഡന്റ്റ് ആണ്.
Published on February 12, 2017
Share
Related Articles
പ്രയാഗിലെ ദേശാടനക്കിളികൾ
നല്ല വെയിലുള്ള ഒരു ഉച്ചയ്ക്കാണ് ഞങ്ങൾ കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗ്രാൻഡ് ട്രങ്ക് റോഡിന്റെ അരികിലൂടെ വളരെ ശ്രദ്ധയോടെ ഞാൻ സൈക്കിൾ ചവിട്ടി. വേഗമേറിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന കാറ്റിന് സൈക്കിളിന്റെ താളം തെറ്റിക്കാൻ കഴിയും എന്നതിനാൽ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. മുമ്പിലുള്ള പ്രധാന നഗരം 130 കിലോമീറ്റർ കിഴക്കുള്ള അലഹബാദ് ആയിരുന്നു. ഒറ്റദിവസം കൊണ്ട് അവിടെ എത്താനാകില്ല എന്നതുകൊണ്ട് ഇടയ്ക്കുള്ള ഫത്തേപ്പൂർ എന്ന പട്ടണത്തിൽ രാത്രി തങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഗംഗയുടെയും, യമുനയുടെയും ഇടയിലായാണ് ജില്ലാ ആസ്ഥാനം കൂടിയായ ഫത്തേപ്പൂരിന്റെ കിടപ്പ്. കയറ്റിറക്കങ്ങൾ ഇല്ലാത്ത വഴിയിലൂടെയുള്ള യാത്ര സുഖകരമായിരുന്നു.
ചുവപ്പും കറുപ്പും: ചില കാൺപൂർ ഓർമ്മകൾ
നഗരത്തെ നടുവിലൂടെ കീറിമുറിച്ച് കടന്നുപോകുന്ന പ്രധാന പാതയിലൂടെ പതിനഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മാത്രമേ സുമിതിന്റെ സുഹൃത്തുക്കൾ ഏർപ്പാടാക്കിയ മുറിയിൽ എത്താനാകൂ. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും വലുതും, തിരക്കുപിടിച്ചതുമായ നഗരമായിരുന്നു കാൺപൂർ. നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന മോട്ടോർ വാഹനങ്ങളുടെ ഇടയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നത് ഒരു സർക്കസ് വിദ്യ പോലെ തോന്നി. വഴിയിൽ ഇടക്കിടെ വരുന്ന മേൽപ്പാലങ്ങളിലേക്ക് സൈക്കിൾ ചവിട്ടിക്കയറ്റാൻ ഞങ്ങൾ ഇരുവരും പ്രയാസപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളുടെ ഹോണുകൾ സൃഷ്ടിക്കുന്ന ഒച്ചപ്പാടിൽ സൈക്കിൾ മണികളുടെ ശബ്ദം അലിഞ്ഞില്ലാതായി. കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ട്രാഫിക് സിഗ്നലുകൾ പിന്നിടുന്നത് അതീവ ശ്രമകരമായിരുന്നു. ഓട്ടപ്പന്തയത്തിന് തയ്യാറെടുക്കുന്നതുപോലെ അക്ഷമരായി പച്ചവെളിച്ചവും കാത്ത് നിൽക്കുന്ന ഡ്രൈവർമാർക്കിടയിലൂടെ സൈക്കിൾ ചവിട്ടുന്നത് അപകടം നിറഞ്ഞ പരിപാടിയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പ്രയാണത്തിനൊടുവിലാണ് കാൺപൂർ നഗരത്തിന്റെ തെക്കേയറ്റത്ത് ഞങ്ങൾ എത്തിച്ചേർന്നത്.
Verantha Chronicle by Ramesh Varma
അതും പിടിച്ച് എന്റെ വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടു് നടന്നുകൊണ്ടിരുന്നു. ‘മോണിങ്ങ് വാക്ക്’ പരമ്പരക്കായി പ്രഭാതത്തിലെ തെരുവുകൾ ക്യാമറയിൽ പകർത്തിയിരുന്ന നാളുകളുടെ സ്വപ്നസ്മരണകൾ…. വരാന്തയിൽ കണ്ടവരുടെ, (അധികവും ഉറ്റവരും ഉടയവരും തന്നെ ) ഫോട്ടോ എടുത്തു. ഇതാ എന്റെ ‘Verantha Chronicle’
പുതുമഴയുടെ മണമുള്ള മണ്ണിൽ
മുറിയിൽ എത്തിയപ്പോൾ ധർമ്മശാലയുടെ ഉടമ അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിശേഷങ്ങൾ കേട്ടപ്പോൾ അയാൾ ഭേദപ്പെട്ട ഒരു മുറി തന്നു. ചിലന്തിവലകൾ നിറഞ്ഞ, ഈർപ്പം തങ്ങി നിന്നിരുന്ന ആ മുറി ആദ്യത്തെ സ്റ്റോർ റൂമിനേക്കാൻ നല്ലതായിരുന്നു. ഞങ്ങളുടെ പര്യടനഭൂപടത്തിൽ ഉൾപ്പെടാത്ത സ്ഥലമായിരുന്നെങ്കിലും, ബദായൂനിന്റെ ചരിത്രത്തെക്കുറിച്ച് ഞാൻ അല്പം അന്വേഷണം നടത്തി. അഹർ രാജകുമാരനായ ബുദ്ധ് പൊതുയുഗം (CE) 905ൽ സ്ഥാപിച്ചതാണ് ഈ നഗരം എന്ന് വിശ്വസിക്കപ്പെടുന്നു. മുഹമ്മദ് ഗസ്നിയുടെ ബന്ധുവായ സയ്യിദ് മസൂദ് ഗാസി CE 1028 ൽ ഈ പ്രദേശം പിടിച്ചടക്കി
ബ്രിജ്ഘാട്ടിലെ ചൂടുകാറ്റ്
‘തീർത്ഥാടക നഗരിയായ അനുപ്ശഹറിലേക്ക് സ്വാഗതം’ എന്നെഴുതി വെച്ചിട്ടുള്ള ഒരു വലിയ കമാനം ഞങ്ങളുടെ മുൻപിൽ തലയുയർത്തി നിന്നു. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത് അനുപ് റായ് എന്ന രാജാവാണ് ഈ പട്ടണം സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്.
രണ്ട് പുതിയ ചങ്ങാതിമാർ
ഇരുട്ട് വീഴും മുൻപേ ഹൈവേയിൽ എത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അഞ്ചുമണി ആയപ്പോഴേക്കും വെളിച്ചം കുറയാൻ തുടങ്ങി. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളും, ഒറ്റപ്പെട്ട ചില ഗ്രാമങ്ങളും മാത്രമേ വഴിയിൽ കണ്ടുള്ളൂ. കാലിൽ വേദന കൂടിക്കൂടി വന്നതുകൊണ്ട് സൈക്കിൾ വേഗത്തിൽ ചവിട്ടാനും കഴിയുന്നില്ല. ഓരോ കിലോമീറ്ററും പിന്നിടാൻ വേണ്ട സമയം കൂടിവന്നു.
അഗസ്റ്റിൻ്റെ സ്വപ്നങ്ങൾ
മറ്റൊരിക്കൽ ഞാൻ പറഞ്ഞു: എനിക്ക് പെൺകുഞ്ഞ് പിറന്നാൽ ജുബി എന്ന് പേരിടും. ആൺ കുട്ടിയാണെങ്കിൽ ബൈജുവെന്നും. എനിക്ക് ആൺകുഞ്ഞുങ്ങളുണ്ടായില്ല. മൂത്ത മകൾക്ക് ജൂബി എന്ന് തന്നെ പേരിട്ടു .അഗസ്റ്റിൻ്റ മകന്ന് ബൈജുവെന്നും. രണ്ടു പേരും വാക്കുപാലിച്ചു.
ഹരിദ്വാറിലെ ശാന്തിതീരം
ഹരിദ്വാറിലെ ഘാട്ടുകൾക്കും ആചാരങ്ങൾക്കും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഗുരുവിന്റെ സ്മരണയിൽ ഗുരുദ്വാര നാനക്-വാര (Gurudwara Nanakwara) എന്ന വലിയൊരു സിഖ് ആരാധനാലയം ഇവിടെ ഉയർന്നു വന്നിരിക്കുകയാണ്.
ചെമ്പിട്ട പള്ളിയും അന്ത്റുപ്പാപ്പയും
“മലബാരിക്ക് ഈമാനില്ല, കോടാലിക്ക് ഉറയില്ല : എന്ന ആപ്തവാക്യങ്ങൾ ഉറപ്പായും അതിലുണ്ടാകും. അത് അന്ത്റുവിന്റെ മാനിഫെസ്റ്റൊ ആയിരിക്കാം. അക്കാലത്തേ ഞാൻ എഴുതിത്തുടങ്ങിയിരുന്നത് കൊണ്ട് ഒരു ബുദ്ധിജീവിയാണെന്ന് ധരിച്ചിട്ടുണ്ടാവാം മൂപ്പർ.
ചാപ്പ സിനിമയും ഫോർട്ട് കൊച്ചിയിലെ ഇൻസ്‌പെക്ഷൻ ബാഗ്ലൂവും
ഒരു ചെറിയ മുറ്റമേയുള്ളെങ്കിലും കടലിന്നഭിമുഖമായി ഇരുന്ന് സംസാരിക്കാം. പച്ചപ്പുല്ലു പിടിപ്പിച്ച ചെറിയ ഒരു പൂന്തോട്ടമായിരുന്നു ഇതെങ്കിൽ എന്നാലോചിച്ചു പോയിട്ടുണ്ട്.ഒരു വെളുപ്പാൻ കാലത്ത് കുളിച്ച് ഈറൻ മാറിയ ഒരു യൂറോപ്യൻ സ്ത്രീയും പുരുഷനും കടലിലേയ്ക്ക് നോക്കി നിൽക്കുന്ന കാഴ്ച ആരോ ക്ലിക്ക് ചെയ്തത് പോലെ മനസ്സിലുണ്ട്.