Project Description

ഹിമാലയന്‍ മഞ്ഞുപാടങ്ങളില്‍
നിന്നൊഴുകി ചരിത്രമുറങ്ങുന്ന
ജനപഥങ്ങളെ തഴുകി
ബംഗാള്‍ ഉള്‍ക്കടലിന്‍റെ
ആഴങ്ങളില്‍ അലിയുന്നത് വരെയുള്ള
ഗംഗയുടെ യാത്രയെ
നാല് മാസത്തോളം
സൈക്കിളിലും, കാൽനടയായും
ജോയൽ കെ. പയസ്
അനുഗമിച്ചതിന്റെ
എഴുത്തും ചിത്രങ്ങളും

ഗംഗയിൽ ഛത് പൂജ ചെയ്യുന്ന ബിഹാറിൽ നിന്നുള്ള സ്ത്രീകൾ. സൂര്യന്റെ ദിശയിലേക്ക് നോക്കി വെള്ളത്തിലിറങ്ങി നിന്നാണ് അവർ ഈ കർമ്മം അനുഷ്ഠിക്കുന്നത്.
ഗംഗയിൽ ഛത് പൂജ ചെയ്യുന്ന ബിഹാറിൽ നിന്നുള്ള സ്ത്രീകൾ. സൂര്യന്റെ ദിശയിലേക്ക് നോക്കി വെള്ളത്തിലിറങ്ങി നിന്നാണ് അവർ ഈ കർമ്മം അനുഷ്ഠിക്കുന്നത് © ജോയൽ കെ. പയസ്

ബ്രിജ്ഘാട്ടിലെ ചൂടുകാറ്റ്

ച്ചപുതച്ച ഗ്രാമങ്ങളിലൂടെ സൈക്കിൾ ചവിട്ടുന്നതിനിടയിലാണ് ജലമെന്ന ജീവ സ്രോതസ്സിനെ കുറിച്ചുള്ള ചിന്തകൾ മനസ്സിലേക്ക് ഓടിയെത്തിയത്. നാഡീഞരമ്പുകളെപ്പോലെ പടർന്നുകിടക്കുന്ന കനാലുകളാണ് ഗംഗയിൽ നിന്ന്‌ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ പല ഗ്രാമങ്ങളിലും വെള്ളം എത്തിക്കുന്നത്. നഗരങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കുടിക്കാനും, കുളിക്കാനും, വ്യവസായങ്ങൾക്കും ഗംഗയെയാണ് ഈ പ്രദേശത്തെ നഗരങ്ങൾ ആശ്രയിക്കുന്നത്. നദിയുടെ പാതയിലെ ആദ്യത്തെ വലിയ വ്യാവസായിക നഗരമായ ഗജ്റോളക്ക് നേരെയാണ് ഞങ്ങൾ സൈക്കിൾ ചവിട്ടുന്നത്. ചാന്ദ്പൂരിൽ നിന്നും 37 കിലോമീറ്ററുകൾ അകലെ അംറോഹ ജില്ലയിലാണ് ആ സ്ഥലം. ക്ഷേത്രങ്ങളും, മസ്ജിദുകളും മാറിമാറി വരുന്ന അങ്ങാടികൾ പിന്നിട്ട് വൈകുന്നേരം നാലുമണിയോടെ ഞങ്ങൾ ഗജ്‌റോളയ്ക്കടുത്തെത്തി. വലിയ തണൽ മരങ്ങൾ നിറഞ്ഞ ഒരിടത്ത് വിശ്രമിക്കാനായി സൈക്കിളുകൾ നിറുത്തി. അടുത്ത് ഒരു ചെറിയ ചായക്കട ഉണ്ടായിരുന്നു. ഞങ്ങളുടെ യാത്രാവിശേഷങ്ങൾ അറിഞ്ഞ ചായക്കടക്കാരൻ താൻ ഒരു ആർഎസ്എസ് പ്രവർത്തകനാണ് എന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. ചായക്ക് പണം കൊടുത്തെങ്കിലും അയാൾ വാങ്ങിയില്ല. ചെറിയ വിശ്രമത്തിന് ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. പുകതുപ്പുന്ന വലിയ ഫാക്റ്ററികൾ ഞങ്ങൾക്ക് മുൻപിൽ തെളിഞ്ഞു വരാൻ തുടങ്ങി. രാസവസ്തുക്കൾ, മരുന്നുകൾ, മോട്ടോർവാഹനങ്ങളുടെ ഭാഗങ്ങൾ എന്നിവ ഉത്പാദിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കാഴ്ചകൾ കണ്ട്‌ സാവധാനം സൈക്കിൾ ചവിട്ടി ഞങ്ങൾ പട്ടണത്തിൽ പ്രവേശിച്ചു. രാത്രി തങ്ങാൻ എന്തെങ്കിലും സൗകര്യം കിട്ടുമോ എന്നന്വേഷിച്ചുള്ള ചുറ്റിക്കറക്കമാണ് അടുത്തത്. അതിഥികൾ ആയി എത്തുന്ന വ്യവസായികൾക്ക് താമസിക്കാനുള്ള ഒന്നുരണ്ട് വലിയ ഹോട്ടലുകൾ ഒഴികെ ചെറിയ ലോഡ്ജുകളോ, ധർമ്മശാലകളോ ഒന്നും കണ്ണിൽപെട്ടില്ല. ഉത്തര റെയിൽവേയുടെ ഒരു പ്രധാന സ്റ്റേഷൻ ആണ് ഗജ്‌റോള ജംക്ഷൻ. സ്റ്റേഷന് അടുത്ത് എന്തെങ്കിലും ലോഡ്ജ് കാണുമോ എന്ന് തിരക്കി ഞങ്ങൾ മൂന്നുനാല് കിലോമീറ്റർ സൈക്കിൾ ചവിട്ടി. ഒരു രക്ഷയുമില്ല. നാട്ടുകാരുടെ ഉപദേശം കേട്ട് പട്ടണത്തിന്റെ മറ്റൊരു ഭാഗത്തേക്ക് ഞങ്ങൾ നീങ്ങി. ഡൽഹിയിൽ നിന്ന് ബരേലി, മൊറാദാബാദ് തുടങ്ങിയ പട്ടണങ്ങളിലേക്കുള്ള പ്രധാന ദേശീയപാത ഗജ്‌റോളയുടെ അതിർത്തിയിലൂടെയാണ് കടന്നുപോകുന്നത്. ആ ഹൈവേയോട് ചേർന്നുള്ള ഒരു വലിയ കവലയിലും ഞങ്ങൾ മുറി അന്വേഷിച്ചു. അവിടെയും നിരാശയായിരുന്നു ഫലം. അന്ന് പകൽ മുഴുവൻ സൈക്കിൾ ചവിട്ടിയിട്ടും തോന്നാത്ത ക്ഷീണം ആ പട്ടണത്തിലെ അലച്ചിലിനിടയിൽ ഞങ്ങൾക്കനുഭവപ്പെട്ടു. രാത്രിയാകാൻ പോകുന്നതിന്റെ ലക്ഷണമെന്നോണം പുകനിറഞ്ഞ മൂടൽമഞ്ഞ്‌ (smog) അവിടമാകെ നിറയാൻ തുടങ്ങി. അന്ന് രാത്രി എവിടെ തങ്ങും എന്നാലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടുന്നില്ല. ഡൽഹിയിലേക്കും, ലക്‌നോവിലേക്കും പോകുന്ന ബസുകൾ ഞങ്ങളുടെ മുൻപിലൂടെ ഇരുദിശകളിലേക്കും പാഞ്ഞുപോയി. ഒരുതരം അരക്ഷിതാവസ്ഥ ഞങ്ങളെ പിടികൂടി. അതുവരെ കടന്നുവന്ന ഗ്രാമീണ പ്രദേശങ്ങളിൽ വെച്ച് തോന്നാത്ത അനിശ്ചിതത്വം ചിന്തകളെ ആക്രമിക്കാൻ ആരംഭിച്ചു. അപ്പോഴേക്കും ഇരുട്ടായി തുടങ്ങിയിരുന്നു. ആളുകളെ കുത്തിനിറച്ച് യാത്രയ്ക്ക് തയ്യാറെടുക്കുന്ന ഒരു വലിയ ഓട്ടോറിക്ഷ കുറച്ചുദൂരെ കണ്ടു. ഗംഗാതീരത്തുള്ള ബ്രിജ്ഘാട്ട് (Brijghat) എന്ന സ്ഥലത്തേക്കാണ് ആ വണ്ടി പോകുന്നത്. അവിടെ താമസിക്കാൻ സ്ഥലം കിട്ടും എന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. പ്രതീക്ഷ നശിച്ചിരുന്ന ഞങ്ങൾക്ക് ആ വാക്കുകൾ ആശ്വാസം പകർന്നു. സൈക്കിളുകൾ പുള്ളിക്കാരൻ തന്നെ വണ്ടിയുടെ മുകളിൽ കയറ്റി കെട്ടിവെച്ചു. റിക്ഷയുടെ മുൻസീറ്റിൽ ഡ്രൈവർക്ക് ഇരുവശവും ഇരുന്ന്, എണ്ണമറ്റ വാഹനങ്ങൾ സഞ്ചരിക്കുന്ന നാലുവരിപ്പാതയിലൂടെ ഞങ്ങൾ യാത്ര തുടങ്ങി. പുകമഞ്ഞിൽ കാഴ്ചകൾ അവ്യക്തമായിരുന്നു. ഏകദേശം 15 കിലോമീറ്ററുകൾ സഞ്ചരിച്ച് വേണം ബ്രിജ്ഘാട്ടിൽ എത്താൻ. അവിടെ എന്താണ് ഉള്ളത് എന്നതിനെക്കുറിച്ച് ഒരു ധാരണയും ഞങ്ങൾക്കുണ്ടായിരുന്നില്ല.

ഗംഗയുടെ തീരത്തുള്ള ശവദാഹം മോക്ഷത്തിലേക്കുള്ള എളുപ്പവഴിയാണ് എന്നുള്ള വിശ്വാസമാണ് ഗർമുക്തേശ്വറിലെ ചിതകളെ എരിക്കുന്നത്
തണുപ്പിൽ പല്ലുകൾപോലും കൂട്ടിയിടിക്കുന്ന ഒരു രാത്രിയാണ് ഞാൻ ബ്രിജ്ഘാട്ടിലെ പടവുകളിലൂടെ നടക്കാൻ ഇറങ്ങിയത്. നെയ്യും, മനുഷ്യശരീരവും, വിറകും കത്തിയമരുന്നതിന്റെ ചൂട് ഗംഗയുടെ മുകളിലൂടെ വീശുന്ന കാറ്റിൽ എന്റെ മുഖത്തേക്കും പ്രവഹിച്ചു © ജോയൽ കെ. പയസ്

വാഹനങ്ങൾ നീണ്ട നിരയായി കുലുങ്ങിയാടി മുന്നോട്ട് നീങ്ങുന്ന ഒരു വലിയ പാലത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു. ഗംഗയുടെ തുടക്കം മുതൽ ഇതുവരെയുള്ള യാത്രയിലെ ഏറ്റവും വലിയ പാലമായിരുന്നു അത്. പാലത്തിന്മേൽ റോഡ് മുഴുവൻ കുഴിച്ചിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. തൊട്ടപ്പുറത്തുള്ള റെയിൽപാലത്തിലൂടെ ഒരു യാത്രാതീവണ്ടി ചൂളം വിളിച്ച് പാഞ്ഞുപോയി. ഓട്ടോറിക്ഷയുടെ പുറത്തേക്ക് തലയിട്ട് ഞാൻ നദിയിലേക്ക് നോക്കി. ഒന്നും വ്യക്തമായി കാണാനാവുന്നില്ല. മറുകരയിൽ  വെളിച്ചത്തിന്റെ പൊട്ടുകൾ തെളിഞ്ഞുവന്നു. അവിടെയുള്ള കെട്ടിടങ്ങളുടെയും, ക്ഷേത്രങ്ങളുടെയും അവ്യക്തമായ നിഴലുകൾ മൂടൽമഞ്ഞിന്റെ പാളികളിലൂടെ ദൃശ്യമായിത്തുടങ്ങി. പതിനഞ്ച് മിനിറ്റോളം എടുത്തു പാലം കടക്കാൻ. നദിയുടെ മറുകരയിലെത്തിയതോടെ ഹാപുർ (Hapur) ജില്ലയിലേക്ക് ഞങ്ങൾ പ്രവേശിച്ചു. ധർമ്മശാല എന്നെഴുതി വെച്ചിട്ടുള്ള അനവധി ബോർഡുകളാണ് കണ്ണുകളിൽ ആദ്യം പെട്ടത്. അവിടെ മറ്റ്‌ വ്യാപാര സ്ഥാപനങ്ങളെക്കാൾ കൂടുതൽ ധർമ്മശാലകൾ ആയിരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. സൈക്കിളുകൾ താഴെ ഇറക്കി ആദ്യം കണ്ട ഒരു ആശ്രമത്തിലേക്ക് ഞങ്ങൾ നടന്നു. കാവി വസ്ത്രം ഉടുത്ത് സന്യാസിയെപ്പോലെ ഇരിക്കുന്ന ഒരാളെയാണ് കയറിച്ചെന്നപ്പോൾ കണ്ടത്. അയാൾ ഒരക്ഷരം മിണ്ടുന്നില്ല. ഒരു സഹായി അവിടേക്ക് വന്നു. 350 രൂപയ്ക്ക് മുറി തരാമെന്ന് അയാൾ പറഞ്ഞു. ഞങ്ങൾ ഗംഗായാത്രയിൽ ആണെന്നും അത്രയ്ക്ക് പൈസ തരാൻ കഴിവില്ലെന്നും പറഞ്ഞപ്പോൾ അതുവരെ നിശ്ശബ്ദനായിരുന്ന സന്യാസി തന്റെ സഹായിയെ ആംഗ്യം കാണിച്ച് എന്തോ പറഞ്ഞു. ഏതായാലും, 250 രൂപയ്ക്ക് മുറി കിട്ടി, ഒപ്പം മൂന്ന് നേരം സൗജന്യമായി ചായയും. ഞങ്ങളെക്കൂടാതെ, തീർത്ഥാടനത്തിന് വന്ന ഏതാനും ചില കുടുംബങ്ങളും അവിടെ തങ്ങിയിരുന്നു. തണുത്ത വെള്ളത്തിൽ നല്ല ഓരോ കുളി പാസാക്കി ഞങ്ങൾ പുറത്തേക്കിറങ്ങി. ഒരു നാഗരിക തീർത്ഥാടന കേന്ദ്രം എന്ന്‌ വേണമെങ്കിൽ ഈ സ്ഥലത്തെ വിളിക്കാം. പൂജാസാമഗ്രികളും, ഭക്ഷണക്കടകളും നിറഞ്ഞ തിരക്കുപിടിച്ച തെരുവുകളായിരുന്നു ചുറ്റിലും. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന വലിയൊരു മേള അടുത്ത ദിവസം അവിടെ തുടങ്ങുകയാണ്. അതാണ് ഇത്ര തിരക്ക്. കെട്ടിടങ്ങൾക്ക് മുകളിലും, മരച്ചില്ലകളിലും കുരങ്ങന്മാർ ബഹളം കൂട്ടുന്നുണ്ടായിരുന്നു. രാത്രിയെന്നോ പകലെന്നോ പ്രത്യേകം മുഹൂർത്തം ഒന്നും നോക്കാതെയാണ് അവരുടെ തല്ലുപിടുത്തം. ഒരു ചൂടൻ ചായ കുടിച്ച് ഞങ്ങൾ നദീതീരത്തേക്ക് നടന്നു. കട്ടിയുള്ള പുകമഞ്ഞിൽ തെരുവ് വിളക്കുകൾ മങ്ങിയിരുന്നു. തീരത്ത് നിറയെ ബോട്ടുകൾ കെട്ടിയിട്ടിരിക്കുന്നു. ഇരുട്ടിൽ നദി മുഴുവനായി കാണാൻ സാധിച്ചില്ല. മുകളിലെ പാലത്തിലൂടെ പോകുന്ന വാഹനങ്ങളുടെ കുലുക്കം അവിടെയാകെ മുഴങ്ങി. കത്തിയെരിയുന്ന വിറക് കൂനകൾക്ക് നേരെയാണ് ഞങ്ങൾ നടന്നത് . ചിതകളിൽ നൃത്തമാടുന്ന അഗ്നിയുടെ പ്രതിഫലനം ഗംഗയുടെ ഓളങ്ങളിൽ തെളിഞ്ഞു. ദഹിപ്പിക്കാനുള്ള ശരീരങ്ങളുമായി ഒന്നുരണ്ട് വണ്ടികൾ കടന്നുപോയി. തീയിൽ അമരുന്ന വിറകുകളുടെ ചുവന്ന വെളിച്ചം അവിടെയാകെ പരന്നിരുന്നു. മനുഷ്യശരീരം കത്തിച്ചാമ്പലാകുന്നതിന്റെ തീക്ഷ്ണ ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു. പത്തിനടുത്ത് ചിതകൾ ആ സമയം അവിടെ കത്തുന്നുണ്ടായിരുന്നു. ഓരോന്ന് കത്തിതീരുമ്പോഴേക്കും പുതിയതിന് ജീവൻ വെക്കുന്നു. ശവങ്ങൾ ദഹിപ്പിക്കാനായി അടുക്കി വെച്ചിരിക്കുന്ന വിറക് കൂനകൾക്ക് മുകളിൽ ഇരുന്ന് കുരങ്ങന്മാർ ഇണ ചേരുന്നുണ്ടായിരുന്നു. അടുത്തുതന്നെയുള്ള ഒരു ചായക്കടയിൽ ആളുകൾ തിരക്കുകൂട്ടുന്നു. ആണുങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. എന്റെ മനസ്സ് പെട്ടന്ന് ചരിത്രത്തിന്റെ താളുകളിലൂടെ പുറകോട്ട് സഞ്ചരിച്ചു. സതി നിരോധിക്കപ്പെടുന്നതിന് മുൻപുള്ള കാലത്ത് എന്തായിരുന്നിരിക്കും ഇവിടത്തെ കാഴ്ച? വിധവകൾ തങ്ങളുടെ ഭർത്താക്കന്മാരുടെ ചിതകളിൽ ആത്മാഹുതി നടത്തിയിരുന്ന ഒരു പ്രധാന സ്ഥലമായിരുന്നു ഈ തീരം. അതിന് വിസമ്മതിക്കുന്ന സ്ത്രീകളെ ബലംപ്രയോഗിച്ച് തീയിലേക്ക് തള്ളിവിടുന്ന പതിവും അക്കാലത്ത് ഉണ്ടായിരുന്നു. ആ ദുരാചാരത്തിന്റെ ഓർമ്മകൾ പേറുന്ന എൺപതിലധികം സതി കല്ലുകൾ (Sati stones/pillars) ഇവിടെയുണ്ട്. ഒരു മണിക്കൂറിലധികം ഞങ്ങൾ അവിടെയെല്ലാം ചുറ്റി നടന്നു. തണുപ്പിന് ശക്തി കൂടുകയാണ്. എന്റെ പല്ലുകൾ പോലും കൂട്ടിയിടിക്കാൻ തുടങ്ങി. ഒരു ചെറിയ ഭക്ഷണശാലയിൽ നിന്ന് റൊട്ടിയും, ചോറും, പച്ചക്കറികളും കൂട്ടിയുള്ള അത്താഴം കഴിച്ച് ഞങ്ങൾ മുറിയിലേക്ക് മടങ്ങി. അന്നത്തെ  എല്ലാ കഷ്ടപ്പാടുകളും മറന്ന് ഞാൻ സുഖമായി ഉറങ്ങി.

ഗംഗയുടെ തീരത്തെ ഒരേയൊരു ആണവ വെദ്യുതിനിലയമാണ് നറോറയിലേത്. ആധ്യാത്മികത മുതൽ ആണവോർജ്ജം വരെ വൈവിധ്യമാർന്ന മേഖലകളിലാണ് ഗംഗയിലെ വെള്ളം ഉപയോഗിക്കപ്പെടുന്നത്.
ഗംഗയുടെ തീരത്തെ ഒരേയൊരു ആണവ വെദ്യുതിനിലയമാണ് നറോറയിലേത്. ആധ്യാത്മികത മുതൽ ആണവോർജ്ജം വരെ വൈവിധ്യമാർന്ന മേഖലകളിലാണ് ഗംഗയിലെ വെള്ളം ഉപയോഗിക്കപ്പെടുന്നത് © ജോയൽ കെ. പയസ്

മൂടിക്കെട്ടിയ ആകാശത്തെ എവിടേക്കോ വകഞ്ഞുമാറ്റി അടുത്ത ദിവസം രാവിലെ സൂര്യൻ ഉദിച്ചുയർന്നു. ഓരോ ചായയും കുടിച്ച് സൈക്കിളുകൾക്ക് അറ്റകുറ്റപ്പണികൾ നടത്താനായി അഞ്ച് കിലോമീറ്റർ മാറിയുള്ള ഗർമുക്തേശ്വർ (Garhmukthesvar) പട്ടണത്തിലേക്ക് ഞങ്ങൾ പുറപ്പെട്ടു.

ദേശീയപാതയ്ക്ക് ഇരുവശത്തും നിറയെ താൽക്കാലിക കടകൾ ഉയർന്നിരിക്കുന്നു. കരകൗശല വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ, മധുര പലഹാരങ്ങൾ ഇവ വിൽക്കുന്ന കച്ചവടക്കാരാണ് കൂടുതലും. അന്ന് മുതൽ ആരംഭിക്കുന്ന മേളയ്ക്ക് വേണ്ടി വന്നവരാണ് അവർ. കുണ്ടുംകുഴിയുമായി കിടക്കുന്ന, ആളുകൾ ബൈപാസ് എന്ന് വിളിക്കുന്ന, ഒരു വഴിയിലൂടെ ഞങ്ങൾ പട്ടണത്തിലേക്ക് നീങ്ങി. ഇഷ്ടിക കൊണ്ടുണ്ടാക്കിയ ചെറിയ വീടുകൾക്ക് മുൻപിൽ ചാണക വരളികൾ ഉണക്കാൻ ഇട്ടിരിക്കുന്നു. പൊടിയിൽ കുളിക്കാതെ ഇവിടത്തെ റോഡുകളിലൂടെ സഞ്ചരിക്കാൻ ആവില്ല. തലേന്ന് തണുത്ത വെള്ളത്തിൽ മടിച്ചുമടിച്ച് കുളിച്ചത് വെറുതെയായി എന്ന് എനിക്ക് തോന്നി. വഴിയിൽ കണ്ട ഒരു കടയിൽ കയറി സൈക്കിളുകളുടെ പരിക്കുകൾ പരിഹരിച്ചു. അറ്റകുറ്റ പണികൾക്ക് ചിലവ് തീരെ കുറവാണ് എന്നതാണ് സൈക്കിളിന്റെ ഒരു ഗുണം. ചെറിയൊരു ചുറ്റിക്കറക്കത്തിന് ശേഷം ഞങ്ങൾ ബ്രിജ്‌ഘാട്ടിലേക്ക് തിരിച്ചുപോന്നു.

നദീതീരത്ത് അതിനകം തിരക്ക് വർദ്ധിച്ചിരുന്നു. നൂറുകിലോമീറ്ററിൽ കുറവ് ദൂരമേ ഇവിടെ നിന്ന് ഡൽഹിയിലേക്കുള്ളൂ. ദേശീയ തലസ്ഥാന മേഖലയിൽ നിന്ന് (National Capital Region) ഗംഗാതീരത്തേക്ക് ഏറ്റവും കുറച്ച് ദൂരം മാത്രം സഞ്ചരിച്ച് എത്താം എന്നതിനാൽ ഇവിടെ എപ്പോഴും തീർത്ഥാടകരുടെ ബഹളമാണ്. ഡൽഹി, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി വാഹനങ്ങൾ വന്നിരിക്കുന്നു. ബിജെപിയുടെ കൊടി നാട്ടിയ ചില വാഹനങ്ങളിൽ പോലീസ് വാഹനങ്ങളിലേത് പോലെ സൈറണും, ചുവന്ന വിളക്കുകളും ഘടിപ്പിച്ചിരിക്കുന്നത് കണ്ടു. പശുസംരക്ഷണ സേന എന്ന് വലുതായി എഴുതിയ വാഹനങ്ങളും അവിടെ വന്നിരുന്നു.

അന്നത്തെ തിരക്കിന് വേറൊരു കാരണംകൂടി ഉണ്ടായിരുന്നു. ബിഹാറിൽ നിന്നുള്ള ആളുകൾ വലിയ കാര്യമായി ആഘോഷിക്കുന്ന ഛത് പൂജ അടുത്ത ദിവസമാണ്. ഏതെങ്കിലും ജലാശയത്തിലാണ് സാധാരണയായി ഛത് പൂജ നടത്തുക. അതിനായി നേരത്തേ തന്നെ ആളുകൾ വന്നിരിക്കുകയാണ്. ആകെ ഒരു ഉത്സവ മേളമായിരുന്നു അവിടെ മുഴുവൻ. അന്ന് വൈകുന്നേരം ഡൽഹിയിൽ ഉള്ള എന്റെ സുഹൃത്തും, ചിത്രകാരനുമായ കുനാൽ ഞങ്ങളെ സന്ദർശിക്കാനെത്തി. വീട്ടിൽ നിന്ന് രുചികരമായ കുറേ ഭക്ഷണ സാധനങ്ങളും കൊണ്ടാണ് പുള്ളിക്കാരൻ വന്നത്. ഘാട്ടുകളിൽ കുറച്ച് സമയം ചുറ്റിയടിച്ച് വിശേഷങ്ങൾ ഒക്കെ പറഞ്ഞാണ് കുനാൽ തിരിച്ചുപോയത്.

ഒരാളുടെ വിടവാങ്ങൽ മറ്റുപലരുടെയും കൂടിച്ചേരലിന് കാരണമാകുന്നു. ശ്മശാനങ്ങളിലേക്ക് വരുന്ന ആളുകൾ ചർച്ച ചെയ്യുന്ന വിഷയങ്ങൾ എന്താണെന്നറിയാനുള്ള അന്വേഷണം എനിക്ക് ഒരുപാട് ഉൾക്കാഴ്ചകൾ നൽകി. രാഷ്ട്രീയവും, നാട്ടിൻപുറത്തെ വിശേഷങ്ങളുമെല്ലാം ചർച്ചാവിഷയമാകുന്ന ഒരു വേദികൂടിയാണ് ഗംഗയിലെ ശ്മശാന ഘാട്ടുകൾ
ഒരാളുടെ വിടവാങ്ങൽ മറ്റുപലരുടെയും കൂടിച്ചേരലിന് കാരണമാകുന്നു. ശ്മശാനങ്ങളിലേക്ക് വരുന്ന ആളുകൾ ചർച്ച ചെയ്യുന്ന വിഷയങ്ങൾ എന്താണെന്നറിയാനുള്ള അന്വേഷണം എനിക്ക് ഒരുപാട് ഉൾക്കാഴ്ചകൾ നൽകി. രാഷ്ട്രീയവും, നാട്ടിൻപുറത്തെ വിശേഷങ്ങളുമെല്ലാം ചർച്ചാവിഷയമാകുന്ന ഒരു വേദികൂടിയാണ് ഗംഗയിലെ ശ്മശാന ഘാട്ടുകൾ
ആധുനിക വ്യവസായശാലകൾ പ്രവർത്തിക്കുന്ന ഗജ്റോളയിൽ നിന്ന് ഗംഗയുടെ കുറുകെയുള്ള പാലം കടന്നാൽ തികച്ചും വ്യത്യസ്തമായ മറ്റൊരു ലോകം തുടങ്ങുകയായി. തലമുറകളായി ആളുകൾ പരിശീലിക്കുന്ന വിശ്വാസങ്ങളാണ് ഗർമുക്തേശ്വർ എന്ന ഈ പുതിയ ലോകത്തിന്റെ അടിത്തറ. മതം, ഭക്തി, ദൈവം എന്നിവയുമായി ചുറ്റിപ്പിണഞ്ഞാണ് ഇവിടെയുള്ള ആളുകളുടെ ജീവിതം മുന്നോട്ട് പോകുന്നത്.
ആധുനിക വ്യവസായശാലകൾ പ്രവർത്തിക്കുന്ന ഗജ്റോളയിൽ നിന്ന് ഗംഗയുടെ കുറുകെയുള്ള പാലം കടന്നാൽ തികച്ചും വ്യത്യസ്തമായ മറ്റൊരു ലോകം തുടങ്ങുകയായി. തലമുറകളായി ആളുകൾ പരിശീലിക്കുന്ന വിശ്വാസങ്ങളാണ് ഗർമുക്തേശ്വർ എന്ന ഈ പുതിയ ലോകത്തിന്റെ അടിത്തറ. മതം, ഭക്തി, ദൈവം എന്നിവയുമായി ചുറ്റിപ്പിണഞ്ഞാണ് ഇവിടെയുള്ള ആളുകളുടെ ജീവിതം മുന്നോട്ട് പോകുന്നത് © ജോയൽ കെ. പയസ്

മറ്റൊരു സന്ധ്യയും അങ്ങനെ അവസാനിച്ചു. ശവശരീരങ്ങളുമായി വരുന്ന വണ്ടികൾ രാത്രിയിലും ഞങ്ങളുടെ ധർമ്മശാലയുടെ മുൻപിലൂടെ പോകുന്നുണ്ടായിരുന്നു.  മരിച്ചുപോയ ബന്ധുക്കൾക്ക് ബലിയിടാനും, അവരുടെ അസ്ഥികൾ ഗംഗയിലൊഴുക്കാനും വരുന്നവരെ ആശ്രയിച്ചാണ് ബ്രിജ്ഘാട്ടിലെ ഓരോ നിവാസിയും ജീവിക്കുന്നത്. പൂജാദ്രവ്യങ്ങൾ വിൽക്കുന്ന ചെറുകിട കടക്കാർ മുതൽ വൻതുകകൾ വാങ്ങുന്ന പൂജാരിമാർ വരെ ഉൾപ്പെടുന്ന വലിയ ശൃംഖലയാണ് ഇവിടെയുള്ളത്. ചിതാഭസ്മം നദിയിൽ ഒഴുക്കാൻ വരുന്നവർ ആദ്യം തന്നെ ഒരു ബോട്ട് ബുക്ക് ചെയ്യുന്നു. നദിയുടെ മധ്യത്തിൽ ചെന്ന് അസ്ഥികലശം വെള്ളത്തിൽ കലർത്തിയാൽ മാത്രമേ, അത് ഗംഗയിലൂടെ ഒഴുകിപ്പോകൂ എന്നാണ് വിശ്വാസം. കരയോട് ചേർന്ന് വെള്ളം കെട്ടിനിൽക്കുന്നതാണ് ഇതിന് കാരണം. ടിഡിഎസ് മീറ്റർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഘാട്ടുകളിലെ കെട്ടിനിൽക്കുന്ന വെള്ളം നദിയുടെ മധ്യത്തിൽ ഉള്ളതിനേക്കാൾ മൂന്നുമടങ്ങ്‌ മലിനമായി കാണപ്പെട്ടു. മരണമാണ് ഇവിടത്തെ ഏറ്റവും വലിയ വ്യാപാരം എന്ന് ആലങ്കാരികമായി പറയാം. മാധ്യമങ്ങളിൽ ഈയടുത്ത കാലത്ത് വന്ന ചില കണക്കുകൾ നമുക്ക് നോക്കാം [1]: “എൺപത് കിലോ ഭാരമുള്ള ഒരു ശവശരീരം ദഹിപ്പിക്കാൻ  കുറഞ്ഞത് 320 കിലോ വിറക് വേണ്ടിവരും. ഏറ്റവും വിലകുറഞ്ഞ വിറകുമുതൽ ചന്ദനമുട്ടികൾ വരെ ഉപയോഗിക്കുന്നവർ ഉണ്ട്. വിറകിന്റെ വില കിലോയ്ക്ക് ആറ് രൂപ മുതൽ പതിനാലായിരം രൂപ വരെയാകാം. നെയ്യ്, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയ പൂജാവസ്തുക്കളുടെ ചിലവ് വേറെ. പൂജാകർമ്മങ്ങൾക്ക് മണിക്കൂറിന് അയ്യായിരം രൂപയും അതിൽ കൂടുതലും വാങ്ങുന്നവരുണ്ട്. നദിയുടെ മധ്യത്തിൽ വരെപോയി തിരിച്ചുവരുന്നതിന് ഒരു ബോട്ട് മുഴുവനായി ബുക്ക് ചെയ്യാൻ ആറായിരത്തിലധികം രൂപ ചിലവാകും.”

രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ഏറ്റവും അടുത്തുള്ള ഗംഗാതീരം ആണ് ഗർമുക്തേശ്വർ പട്ടണത്തിന്റെ ഭാഗമായ ബ്രിജ്‌ഘാട്ട്. പുകമഞ്ഞ് ചുറ്റുപാടുകളെ മറയ്ക്കാൻ തുടങ്ങിയ ഒരു സന്ധ്യയ്ക്ക് ബ്രിജ്ഘാട്ടിൽ കുളിക്കാനിറങ്ങിയ ആളുകളാണ് ചിത്രത്തിൽ.
രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ഏറ്റവും അടുത്തുള്ള ഗംഗാതീരം ആണ് ഗർമുക്തേശ്വർ പട്ടണത്തിന്റെ ഭാഗമായ ബ്രിജ്‌ഘാട്ട്. പുകമഞ്ഞ് ചുറ്റുപാടുകളെ മറയ്ക്കാൻ തുടങ്ങിയ ഒരു സന്ധ്യയ്ക്ക് ബ്രിജ്ഘാട്ടിൽ കുളിക്കാനിറങ്ങിയ ആളുകളാണ് ചിത്രത്തിൽ © ജോയൽ കെ. പയസ്

ഛത് പൂജ നടക്കുന്ന അടുത്ത ദിവസം ഘാട്ടുകളിൽ വലിയ തിരക്കായിരുന്നു. വിദൂര ദിക്കുകളിൽ നിന്ന് കുടുംബമായാണ് ആളുകൾ എത്തിക്കൊണ്ടിരുന്നത്. സ്‌ത്രീകൾ ആണ് പൂജ ചെയ്യുക. അവർ നദിയിൽ മുട്ടറ്റം ഇറങ്ങി സൂര്യനെ നോക്കി മന്ത്രങ്ങൾ ഉരുവിട്ടു. നിരീക്ഷകരായി പടവുകളിൽ ഇരുന്ന് ഞങ്ങൾ സമയം ചിലവാക്കി. ആളുകൾ പരിപാവനമായ കരുതുന്ന ഈ ഗംഗാതീരത്ത് ചോരച്ചാലുകളും ഒഴുകിയിട്ടുണ്ട്. ഇന്ത്യാവിഭജനത്തിന് ഒരു വർഷം മുൻപ് വലിയൊരു വർഗ്ഗീയ കലാപം നടന്ന പ്രദേശമാണ് ഗർമുക്തേശ്വർ. 1946ൽ മുഹമ്മദ് അലി ജിന്ന ഡയറക്റ്റ് ആക്ഷൻ ഡേ (Direct Action Day) പ്രഖ്യാപിച്ച ശേഷം ബംഗാളിൽ, പ്രത്യേകിച്ച് കൽക്കത്തയിൽ, പടർന്നുപിടിച്ച വർഗ്ഗീയ വെറിയുടെ തീജ്വാലകൾ വളരെവേഗം ഇവിടെയും പടർന്നു. ബംഗാളിലെ ഹിന്ദുക്കൾ കൂട്ടക്കൊലയ്ക്ക് ഇരയാകുന്നു എന്ന വാർത്ത പരന്നതോടെ, ഗർമുക്തേശ്വറിലെ തദ്ദേശവാസികളായ മുസ്‌ലിംകളുടെ നേരെ കൊലക്കത്തികൾ ഉയർന്നു [2]. രാജ്യം ഒരു മതേതര റിപ്പബ്ലിക് ആയി പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും മതാടിസ്ഥാനത്തിലുള്ള തീവ്രദേശീയതയുടെ സാന്നിധ്യം ഗർമുക്തേശ്വർ പോലുള്ള പല നഗരങ്ങളിലും ഇന്നും വ്യക്തമായി കാണാം. ഉത്തരേന്ത്യയിൽ നടക്കുന്ന സംഘടിതമായ പല തീർത്ഥയാത്രകളിലും ഇത്തരം തീവ്രനിലപാടുകൾ ദൃശ്യമാകുന്നുണ്ട് എന്നാണ് ചില മാധ്യമങ്ങൾ പറയുന്നത്. ഗംഗാസമതലത്തിലെ ഹൈന്ദവ മതവിശ്വാസികളായ ഒരുപാട് ചെറുപ്പക്കാരും, മധ്യവയസ്ക്കരും വലിയ ഉത്സാഹത്തോടെ പങ്കെടുക്കുന്ന ഒരു തീർത്ഥാടന പരിപാടിയാണ് കൻവാർ യാത്ര. ഗംഗാജലം ചെറിയ കുടങ്ങളിൽ നിറച്ച്  നൂറുകണക്കിന് കിലോമീറ്ററുകൾ ദൂരെയുള്ള സ്വന്തം ഗ്രാമങ്ങളിലേക്ക് അവർ നടക്കുന്നു. ഇത്തരം യാത്ര ആരംഭിക്കുന്ന ഒരു പ്രധാന സ്ഥലമാണ് ഗർമുക്തേശ്വർ. ഉത്തരഖണ്ഡിലെ ഹരിദ്വാറും കൻവാർ യാത്രികരുടെ ഒരു പ്രധാന കേന്ദ്രമാണ്. മുൻകാലങ്ങളിൽ താരതമ്യേന കുറച്ച് ആളുകൾ മാത്രം നടത്തിയിരുന്ന ഈ ആധ്യാത്മിക യാത്രയിലെ ജനപങ്കാളിത്തം കഴിഞ്ഞ കുറേ വർഷങ്ങളായി വൻതോതിൽ വർധിച്ചിരിക്കുന്നു. ഇങ്ങനെയുള്ള യാത്രകൾ സംഘടിപ്പിക്കുന്നതിൽ സംഘപരിവാർ സംഘടനകളും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഹിന്ദുയുവാക്കൾ അധ്യാത്മികതയിൽ അടിയുറച്ച് നിൽക്കാനും, അതുവഴി ദേശീയോദ്ഗ്രഥനത്തിന് ശക്തിപകരാനും സംഘടിതമായ ഇത്തരം തീർത്ഥയാത്രകൾ സഹായിക്കും എന്നാണ് അവരുടെ അഭിപ്രായം. മാധ്യമവാർത്തകൾ പ്രകാരം 1990ലെ രാമജന്മഭൂമി മുന്നേറ്റത്തിന് ശേഷമാണ് ഇത്തരം യാത്രകൾക്ക് കൂടുതൽ ജനകീയത കൈവന്നത് [3].

ജുഗാഡ് എന്ന ഹിന്ദി വാക്കിന് ഉത്തരേന്ത്യയിലെ സാധാരണക്കാരുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്. കൈവശമുള്ള സാമഗ്രികൾ മാത്രം ഉപയോഗിച്ച് നിർമ്മിച്ചെടുക്കുന്ന തട്ടിക്കൂട്ട് സൂത്രപ്പണികളെയാണ് ജുഗാഡ്‌ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്
ജുഗാഡ് എന്ന ഹിന്ദി വാക്കിന് ഉത്തരേന്ത്യയിലെ സാധാരണക്കാരുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്. കൈവശമുള്ള സാമഗ്രികൾ മാത്രം ഉപയോഗിച്ച് നിർമ്മിച്ചെടുക്കുന്ന തട്ടിക്കൂട്ട് സൂത്രപ്പണികളെയാണ് ജുഗാഡ്‌ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് © ജോയൽ കെ. പയസ്

തീർത്ഥാടകരെ പുറകിൽ വിട്ട് ഞങ്ങൾ മുറിയിലേക്ക് തിരിച്ചുപോന്നു. രാത്രി വൈകിയും ബ്രിജ്ഘാട്ടിലേക്ക് വാഹനങ്ങൾ വന്നുകൊണ്ടിരുന്നു. അടുത്ത ദിവസം ഇവിടെ നിന്ന് പുറപ്പെടണം. അനുപ്‌ശഹർ (Anupshahr) എന്ന സ്ഥലത്തേക്കാണ് ഞങ്ങൾക്ക് പോകേണ്ടിയിരുന്നത്. ഗംഗയുടെ തീരത്തുള്ള അടുത്ത പ്രധാന പട്ടണം അതായിരുന്നു. അങ്ങോട്ട് പോകാൻ നേരിട്ടുള്ള വഴി ഇല്ലായിരുന്നു. കുറേദൂരം ചുറ്റിവളഞ്ഞു വേണമായിരുന്നു അവിടെ എത്താൻ. രാവിലെ ചായയും കുടിച്ച് യാത്രയ്ക്ക് തയ്യാറായി ഞങ്ങൾ പുറത്തിറങ്ങി. അനുപ്ശഹറിലേക്കുള്ള വഴി അന്വേഷിച്ചപ്പോൾ ഓരോരുത്തരും വ്യത്യസ്തമായ അഭിപ്രായമാണ് പറയുന്നത്. ഗൂഗിൾ മാപ്പ് ആണെങ്കിൽ ചുറ്റി വളഞ്ഞുപോകുന്ന ഒരു നീണ്ട വഴിയാണ് കാണിക്കുന്നത്. അതിലൂടെ പോയാൽ അന്ന് വൈകുന്നേരം ഞങ്ങൾ വഴിയിൽ കുടുങ്ങിപ്പോകും. മാപ് നോക്കി നാലഞ്ച് കിലോമീറ്റർ സൈക്കിൾ ചവിട്ടി ഒരു ചെറിയ കവലയിൽ എത്തി. ബുലന്ദശഹർ എന്ന സ്ഥലത്തേക്ക് പോകുന്ന ഒരു ബസ് അവിടെ നിർത്തിയിരുന്നു. കണ്ടക്ടറോട് ഞങ്ങൾ വഴിചോദിച്ചു. ബുലന്ദശഹറിൽ ചെന്ന് അവിടെ നിന്ന് നാൽപ്പത് കിലോമീറ്റർ പിന്നെയും പോയാൽ അനുപ്ശഹറിൽ എത്താം എന്നാണ് അയാൾ പറഞ്ഞത്. അങ്ങനെയാണെങ്കിൽ ബുലന്ദശഹർ വരെ ബസിൽ പോകാനും, അവിടെ നിന്ന് സൈക്കിളിൽ അനുപ്ശഹറിലേക്ക് നീങ്ങാനും ഞങ്ങൾ തിരുമാനിച്ചു. സൈക്കിളുകൾ കണ്ടക്ടർ തന്നെ ബസിന്റെ മുകളിൽ കയറ്റിത്തന്നു. സാമാന്യം നല്ല റോഡായിരുന്നു തുടക്കത്തിൽ. ബുലന്ദശഹർ അടുക്കുംതോറും ബസ് ആകെ കുലുങ്ങാൻ തുടങ്ങി. മൂന്ന് മണിക്കൂറോളം എടുത്തു 60 കിലോമീറ്റർ താണ്ടാൻ. പാടങ്ങളും ഗ്രാമങ്ങളും പിന്നിട്ട് ഞങ്ങൾ ബുലന്ദ്ശഹർ പട്ടണത്തിലേക്ക് പ്രവേശിച്ചു. ബസ് വഴിയരികിൽ നിറുത്തി ഡ്രൈവറും, കണ്ടക്റ്ററും എവിടേക്കോ പോയി. സാമാന്യം ഉയരമുള്ള ബസിന്റെ മുകളിൽ നിന്ന് സൈക്കിളുകൾ താഴെയിറക്കാൻ ഞങ്ങൾ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. ഭാരമുള്ള വസ്തുക്കൾ താഴെ നിന്ന് മുകളിലേക്ക് കയറ്റുന്നതിനും, ഇറക്കുന്നതിനും ചില പ്രത്യേക രീതികൾ ഉണ്ട്. അതൊന്നും പരിചയമില്ലാത്തതിനാൽ ഞങ്ങൾക്ക് കഠിന പരിശ്രമം നടത്തേണ്ടി വന്നു. കൂനിൻ മേൽ കുരു എന്ന പോലെ, മോശം റോഡിലൂടെയുള്ള ബസ് യാത്ര കാരണം മുകളിൽ കെട്ടിവെച്ചിരുന്ന സൈക്കിളുകൾ ആകെ തകരാറിലായി. ഒരു കണക്കിനാണ് അവ തള്ളി നീക്കി ഒരു കടയിലേക്ക് എത്തിച്ചത്. പൊരിയുന്ന ഉച്ചവെയിലിൽ ഞങ്ങൾ വെട്ടിവിയർത്തു. ഞങ്ങളുടെ യാത്രാ പദ്ധതിയിൽ ഉൾപ്പെടാത്ത ഒരു സ്ഥലമായിരുന്നു അത്. കയ്യിലെ പണം തീർന്നത് കാരണം, ഒരു എടിഎം അന്വേഷിച്ച് ഞാൻ കുറേ നടന്നു; മിക്കതും കാലിയായിരുന്നു. കുറേ അന്വേഷണങ്ങൾക്കൊടുവിൽ പണം കിട്ടി. സൈക്കിളുകൾ രണ്ടും ശരിയാക്കി കിട്ടിയപ്പോൾ സമയം ഏകദേശം രണ്ട് മണിയായി. ഒരു ചെറിയ കടയിൽ നിന്ന് ഉച്ച ഭക്ഷണവും കഴിച്ച്, കുറച്ച് വിശ്രമിച്ച് ഞങ്ങൾ സൈക്കിൾ ചവിട്ടാൻ തുടങ്ങി. ഡൽഹിയുടെ പ്രാന്തപ്രദേശമായ ഗാസിയാബാദിൽ നിന്ന് 50 കിലോമീറ്ററുകളോളം ദൂരമേ ഇവിടേക്കുള്ളൂ. ഒരു ജില്ലാ ആസ്ഥാനം കൂടിയായ ഈ നഗരം അക്രമങ്ങളുടെയും, കലാപങ്ങളുടെയും പേരിലാണ് മിക്കപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറ്. അനുപ്ശഹറിലേക്കുള്ള പ്രധാനപാത ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. വഴി ചോദിക്കാനായി തിരക്കുള്ള ഒരു അങ്ങാടിയിൽ കുറച്ച് നേരം തങ്ങി. അപ്പോഴാണ് പുതിയൊരു വാർത്ത കേൾക്കുന്നത്. ഞങ്ങൾക്ക് പോകേണ്ട വഴിയിൽ മരാമത്ത് പണികൾ നടക്കുകയാണ്. മിക്കയിടത്തും കുഴിച്ചിട്ടിരിക്കുകയാണത്രെ. അനുപ്ശഹറിലേക്ക് നാൽപ്പത് കിലോമീറ്റർ മാത്രമേ ഉള്ളുവെങ്കിലും അത്രയും ദൂരം കടന്നുകിട്ടുക എളുപ്പമാവില്ല. അങ്ങനെ ശങ്കിച്ച് നിൽക്കുമ്പോളാണ് ഒരാൾ ഞങ്ങളെ സമീപിച്ച് വിവരം അന്വേഷിച്ചത്. കാര്യമറിഞ്ഞപ്പോൾ അയാൾ ഒരു പോംവഴി പറഞ്ഞു. അരമണിക്കൂർ കഴിഞ്ഞ് ഒരു സ്വകാര്യ ബസ് അവിടേക്ക് പോകുന്നുണ്ട്. സൈക്കിളുകൾ അതിന്റെ മുകളിൽ കയറ്റാം. അങ്ങനെ, ആളുകളെ കുത്തിനിറച്ച ഒരു ബസിന്റെ എൻജിൻ ബോക്സിന്റെ മുകളിൽ ഇരുന്ന് ഞങ്ങൾ യാത്ര തുടങ്ങി. കുഴികൾ നിറഞ്ഞ റോഡ് വളരെ പെട്ടന്ന് തന്നെ അതിലും മോശമായി തീർന്നു. പൊടിയും, മണ്ണും ഞങ്ങളുടെ മൂക്കുകളിൽ അടിച്ചുകയറി. ബസ് വലിയ കുഴികളിൽ വീഴുമ്പോൾ, യാത്രക്കാർ മുഴുവൻ മുകളിലേക്ക് തെറിച്ചു. അതൊന്നും കൂസാതെ, പാൻ മസാലയും ചവച്ച് ഡ്രൈവർ വളയം കറക്കി. അനുപ്ശഹർ എത്തും മുൻപേ ബസ് കാലിയായത് കൊണ്ടാവണം, പട്ടണത്തിന്റെ അതിർത്തിയിൽ ബസ് നിന്നു. സൈക്കിളുകൾ എടുക്കാൻ ഞാൻ ബസിന്റെ മുകളിൽ കയറി. ആ യാത്ര ഞങ്ങളുടെ മാത്രമല്ല, സൈക്കിളുകളുടെയും നടുവൊടിച്ചിരുന്നു. ഒരു കണക്കിന് സൈക്കിളുകൾ താഴെയിറക്കി, അടുത്തുള്ള ഒരു കടയിൽ അവ വീണ്ടും അറ്റകുറ്റപ്പണി നടത്തി.

‘തീർത്ഥാടക നഗരിയായ അനുപ്ശഹറിലേക്ക് സ്വാഗതം’ എന്നെഴുതി വെച്ചിട്ടുള്ള ഒരു വലിയ കമാനം ഞങ്ങളുടെ മുൻപിൽ തലയുയർത്തി നിന്നു. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത് അനുപ് റായ് എന്ന രാജാവാണ് ഈ പട്ടണം സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ ഡൽഹിയിൽ നിന്ന് റോഹിൽഖൻഡ് (ബിജ്നോർ, മൊറാദാബാദ്  തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഇന്നത്തെ പടിഞ്ഞാറൻ ഉത്തർപ്രദേശ്) മേഖലയിലേക്ക് പ്രവേശിക്കാനായി ആളുകൾ ഗംഗാനദി കുറുകെക്കടന്നിരുന്നത് ഇവിടെ വെച്ചായിരുന്നു എന്ന് രേഖപ്പെടുത്തി കാണുന്നു. 1773ൽ അവദ് നവാബിന്റെയും, ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും സംയുക്ത സേന, റോഹിൽഖണ്ഡിനെ ലക്ഷ്യമാക്കി വന്ന മറാത്ത സേനയെ നേരിടാൻ താവളമടിച്ചതും ഇവിടെയായിരുന്നു [4].

ഗംഗയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള തീർത്ഥാടക കേന്ദ്രങ്ങളിലെ പൊതുവായ കാഴ്ചയാണ് ഇത്തരം പ്ലാസ്റ്റിക് ജാറുകൾ. പുണ്യനദിയെ ഈ ജാറുകളിൽ നിറച്ച് വീടുകളിൽ എത്തിച്ചാലേ പലർക്കും തങ്ങളുടെ തീർത്ഥാടനം പൂർത്തിയായി എന്ന സംതൃപ്തി കിട്ടൂ © ജോയൽ കെ. പയസ്

പഴയ കെട്ടിടങ്ങളും, സാമ്പ്രദായിക ശൈലിയിലുള്ള കച്ചവടങ്ങളും, ഹോൺ മുഴക്കി പായുന്ന ഓട്ടോറിക്ഷകളും പങ്കിടുന്ന വീതികുറഞ്ഞ ഒരു വഴിയിലൂടെ ഞങ്ങൾ ആ പട്ടണത്തിൽ പ്രവേശിച്ചു. ഒരു കിലോമീറ്ററോളം സൈക്കിൾ ചവിട്ടിയപ്പോൾ, ഘാട്ടുകളിലേക്കുള്ള വഴിയിൽ എത്തി. പലരും ആശ്ചര്യത്തോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. നദീതീരത്തേക്കുള്ള വഴി ചോദിക്കുന്നതിനിടയിൽ ഒരാൾ ഞങ്ങളോട് സംസാരിക്കാനെത്തി. കാർഷിക സാമഗ്രികൾ വിൽക്കുന്ന ഒരു ചെറിയ കടയിൽ നിന്നാണ് അയാൾ എഴുന്നേറ്റ് വന്നത്. ചായ കുടിച്ചുകൊണ്ട് ഞങ്ങൾ പരിചയപ്പെട്ടു. പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന്റെ അനുപ്ശഹർ ലേഖകൻ ആണ് അയാൾ. ഒപ്പം കച്ചവടവും ചെയ്യുന്നുണ്ട്. ഈ പ്രദേശത്തെ പ്രാദേശിക പത്രപ്രവർത്തകർ വിവിധ കച്ചവട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അസാധാരണമല്ല. അന്ന് എഴുതാൻ കാര്യമായി ഒന്നും കിട്ടാതിരുന്നത് കൊണ്ടാവണം അയാൾ ഞങ്ങളുടെ അനുപ്ശഹർ സന്ദർശനത്തെക്കുറിച്ച് ഒരു ലേഖനം എഴുതാൻ തീരുമാനിച്ചിരിക്കുകയാണ്. ചെറുതും, വലുതുമായ അനവധി ക്ഷേത്രങ്ങൾ ഇരുവശത്തും വരിവരിയായി നിൽക്കുന്ന ഒരു തെരുവിലൂടെ പുള്ളിക്കാരൻ ഞങ്ങളെ നയിച്ചു. വഴിയരികിൽ ഇരിക്കുന്ന കച്ചവടക്കാരുടെ കയ്യിലിരിക്കുന്ന മുള വടികളിലേക്കാണ് എന്റെ ശ്രദ്ധ ആദ്യം പോയത്. അതെന്തിനാണ് എന്ന സംശയം മനസ്സിൽ ഉദിച്ചതും, പുറകിൽ ഒരു ബഹളം കേട്ടതും ഒരേസമയത്തായിരുന്നു.  ഒരാൾ കയ്യിലിരിക്കുന്ന വടികൊണ്ട് ഒരു കുരങ്ങിൻ കൂട്ടത്തെ ആട്ടിയോടിക്കുകയാണ്. അപ്പോൾ അതാണ് കാര്യം. മുന്നോട്ട് നീങ്ങും തോറും കുരങ്ങുകളുടെ എണ്ണം കൂടി വന്നു. ഉത്തരേന്ത്യയിൽ പൊതുവെ കാണുന്ന റീസസ് കുരങ്ങന്മാരായിരുന്നു അവ. അമ്പലങ്ങളുടെ മേൽക്കൂരകളിൽ ഇരുന്ന് വാനരന്മാർ ഞങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. തട്ടിപ്പറിക്കാൻ കഴിയുന്ന എന്തെങ്കിലും സാധനങ്ങൾ ഞങ്ങളുടെ കയ്യിലുണ്ടോ എന്നാവണം അവർ നോക്കുന്നത്. ഒടുവിൽ ഞങ്ങൾ നദീതീരത്തെത്തി. സൈക്കിളുകളുമായി നിൽക്കുന്ന ഞങ്ങളുടെ ഫോട്ടോകൾ ആ പത്രലേഖകൻ തന്റെ ചെറിയ ക്യാമറയിൽ പകർത്തി. പട്ടണത്തിൽ താമസസൗകര്യങ്ങൾ കുറവാണ് എന്ന് അയാൾ പറഞ്ഞു. ഞങ്ങൾക്ക് വിരോധമില്ലെങ്കിൽ ഒരു ചെറിയ ആശ്രമത്തിൽ താമസം ശരിയാക്കി തരാം എന്ന് പുള്ളിക്കാരൻ ഏറ്റു. ഒരു ചെറിയ ഗേറ്റ് കടന്ന് കബീർ ആശ്രമം എന്നെഴുതി വെച്ചിട്ടുള്ള കെട്ടിടത്തിലേക്കാണ് അയാൾ ഞങ്ങളെ കൊണ്ടുപോയത്. നീണ്ട് വെളുത്ത താടിയും, വാർദ്ധക്യം മൂലം ചുളുങ്ങിയ തൊലിയുമുള്ള ഒരാൾ മാത്രമേ അപ്പോൾ അവിടെ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ വഴികാട്ടി തന്നെ അയാളോട് സംസാരിച്ച് ഓരോ കട്ടിലുകൾ ഏർപ്പാടാക്കി തന്നു. പഴയ ഒരു വീട് പിന്നീട് ആശ്രമമാക്കി മാറ്റിയതാണ് എന്നാണ് എനിക്ക് തോന്നിയത്. ഹരിദ്വാറിലെയും, ഋഷികേശിലെയും വൻ ആശ്രമങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ കബീർ ആശ്രമം തീരെ ചെറുതായി തോന്നി. എന്നാൽ സന്ത് കബീറിന്റെ (Kabir Das) ആശയങ്ങളും, തത്വചിന്തകളും പിന്തുടരുന്നവർക്ക് സുഖസൗകര്യങ്ങൾ നിറഞ്ഞ ജീവിതം അചിന്ത്യമാണ്. പതിഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭക്തകവിയും, സന്യാസിയുമായിരുന്നു കബീർ. ഒരു മുസ്‌ലിം നെയ്ത്ത് കുടുംബത്തിൽ നിന്നും വന്ന കബീർ പിന്നീട് ഹിന്ദുമതത്തിലെ ഭക്തിപ്രസ്ഥാനത്തിൽ ആകൃഷ്ടനായിത്തീർന്നു. ലാളിത്യത്തിൽ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന ആ ഗുരുവിന്റെ ശിഷ്യന്മാരും അതേ മാതൃക പിന്തുടരുന്നു. കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഒരു പൈപ്പിൽ നിന്ന് പ്രവഹിച്ച തണുത്ത വെള്ളത്തിൽ മുഖം കഴുകി, ഞങ്ങൾ കുറച്ച് നേരം വിശ്രമിച്ചു. നേരം സന്ധ്യയായി. ക്ഷേത്രങ്ങളിൽ നിന്ന് പ്രാർത്ഥനാമണികൾ മുഴങ്ങാൻ തുടങ്ങിയപ്പോൾ ഞങ്ങൾ ഘാട്ടുകളിലേക്ക് നടന്നു. പടവുകൾ മിക്കവയും മർക്കട വർഗ്ഗം കയ്യേറിയിരിക്കുന്നു. അരയ്ക്ക് ചുറ്റും കെട്ടിയിട്ടുള്ള ചെറിയ ബാഗ് ഭദ്രമാണ് എന്ന് ഞാൻ ഒരിക്കൽകൂടി ഉറപ്പിച്ചു. മൽസ്യങ്ങൾക്ക് തീറ്റ കൊടുക്കാനായി വന്ന വൃദ്ധയായ ഒരു സ്ത്രീയുടെ കയ്യിൽ നിന്ന് കുരങ്ങുകൾ ഭക്ഷണം തട്ടിപ്പറിച്ച് ഓടുന്നത് കണ്ടു. നദിയിലേക്ക് ചാഞ്ഞുനിൽക്കുന്ന വലിയ ആൽമരത്തിന്റെ കൊമ്പുകളിൽ ഒരു കൂട്ടം വാനരന്മാർ ബഹളം കൂട്ടുന്നു. വല്ലപ്പോഴും ഒന്നുരണ്ടെണ്ണം താഴോട്ടും വീഴുന്നുണ്ട്. അതിനിടയിൽ വലിയൊരു ഒച്ചകേട്ട് ഞാൻ ഞെട്ടി. പണി നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന്റെ ചെറിയഭാഗം അങ്ങനെ തന്നെ താഴോട്ട് വീഴുന്ന കാഴ്ചയാണ് ഞങ്ങൾ കണ്ടത്. താനൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ പ്രായം കൂടിയ ഒരു കുരങ്ങൻ തൊട്ടടുത്ത് ഇരിക്കുന്നുണ്ട്. കുരങ്ങന്മാരുടെ വികൃതികൾ പട്ടണ നിവാസികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. അവയെ പിടികൂടി ദൂരെ എവിടെയെങ്കിലും മാറ്റി പാർപ്പിക്കാൻ നാട്ടുകാർ ജില്ലാഭരണകൂടത്തോട് തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി പത്രവാർത്തകൾ ഞാൻ കണ്ടിരുന്നു. കുരങ്ങന്മാർ ഇടയ്ക്കിടെ ഉണ്ടാക്കുന്ന കോലാഹലങ്ങൾ ഒഴിച്ച് നിറുത്തിയാൽ, ഉറക്കം തൂങ്ങിയ ഒരു പട്ടണമായിരുന്നു അനുപ്ശഹർ. നദിയിലേക്ക് നീളുന്ന പടവുകളിൽ കുറച്ച് നേരം ഇരുന്ന് ഞങ്ങൾ അവിടത്തെ ശാന്തത ആസ്വദിച്ചു. നദിയിൽ ഒഴുക്ക് തീരെ കുറവാണ്. ഗംഗയ്ക്ക് ഇവിടെ ഒരു കിലോമീറ്ററിനടുത്ത് വീതിയിണ്ടെങ്കിലും, ചാലുകളായാണ് വെള്ളം ഒഴുകുന്നത്. വരണ്ടുണങ്ങിയ നദീതടം കണ്മുമ്പിൽ വിശാലമായി പരന്നുകിടന്നു.

താന്തോന്നികളായി ജീവിക്കുന്ന കുരങ്ങുകളുടെ സങ്കേതമാണ് അനൂപ്ശഹർ. മോഷണം, പിടിച്ചുപറി, കലഹം തുടങ്ങി മനുഷ്യർ ചെയ്യുന്ന മിക്ക കാര്യങ്ങളും അതേ രീതിയിൽ ചെയ്യുന്നവരാണ് കുരങ്ങന്മാരും എന്നാണ് അനൂപ്ശഹറിലെ അനുഭവങ്ങളിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് © ജോയൽ കെ. പയസ്
ക്ഷേത്രവാസികളായ പൂജാരിമാരുടെയും, വീടുകളിൽ അന്തിയുറങ്ങുന്ന വിശ്വാസികളുടെയും ലോകത്തിൽ അംഗത്വമില്ലാത്ത നാടോടികൾ തങ്ങുന്നത് ഇതുപോലുള്ള വിജനമായ തീരങ്ങളിലാണ്.
ക്ഷേത്രവാസികളായ പൂജാരിമാരുടെയും, വീടുകളിൽ അന്തിയുറങ്ങുന്ന വിശ്വാസികളുടെയും ലോകത്തിൽ അംഗത്വമില്ലാത്ത നാടോടികൾ തങ്ങുന്നത് ഇതുപോലുള്ള വിജനമായ തീരങ്ങളിലാണ് © ജോയൽ കെ. പയസ്
മരിച്ചുപോയവരുടെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കാൻ വരുന്നവർ ആദ്യം ചെയ്യുന്ന പരിപാടി ബോട്ട് ബുക്ക് ചെയ്യലാണ്. ചാരം നദിയുടെ നടുവിൽ നിക്ഷേപിച്ചാൽ മാത്രമേ അത് ഒഴുക്കിനൊപ്പം പോകൂ എന്നതിനാലാണ് ഇങ്ങനെയൊരു ബോട്ട് സവാരിക്ക് ആളുകൾ മുതിരുന്നത്.
മരിച്ചുപോയവരുടെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കാൻ വരുന്നവർ ആദ്യം ചെയ്യുന്ന പരിപാടി ബോട്ട് ബുക്ക് ചെയ്യലാണ്. ചാരം നദിയുടെ നടുവിൽ നിക്ഷേപിച്ചാൽ മാത്രമേ അത് ഒഴുക്കിനൊപ്പം പോകൂ എന്നതിനാലാണ് ഇങ്ങനെയൊരു ബോട്ട് സവാരിക്ക് ആളുകൾ മുതിരുന്നത് © ജോയൽ കെ. പയസ്

തെരുവു വിളക്കുകൾക്ക് ജീവൻ വെച്ചതോടെ ഞങ്ങൾ നടക്കാൻ ഇറങ്ങി. അന്ന് പകലത്തെ കുലുങ്ങിയുള്ള ബസ് യാത്രമൂലമാകണം എന്റെ വയർ അസ്വസ്ഥമായിരുന്നു. വിശപ്പ് തോന്നുന്നുമില്ല. ഒന്നുരണ്ട് പഴവും, അല്പം മോരും മാത്രമാണ് ഞാൻ അത്താഴമായി കഴിച്ചത്. സമയം ഒൻപത് ആയപ്പോൾ ആശ്രമത്തിലേക്ക് തിരിച്ച് നടന്നു. അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. തിരിഞ്ഞും മറിഞ്ഞും മണിക്കൂറുകൾ തള്ളിനീക്കി. പുലർച്ചെ അഞ്ച് മണിയായപ്പോൾ എനിക്ക് അതിശക്തമായ ഛർദി തുടങ്ങി. ഉള്ളിൽ നിന്ന് ആരോ എല്ലാം വലിച്ച് പുറത്തെറിയുന്നത് പോലുള്ള വേദന. കുറച്ച് നേരം കഴിഞ്ഞപ്പോൾ അല്പം ആശ്വാസം തോന്നി. എങ്കിലും, ഉറക്കം എന്നെ കടാക്ഷിച്ചില്ല. നേരം വെളുത്തിട്ടും കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ ദയനീയാവസ്ഥ കണ്ട് ആശ്രമത്തിലേക്ക് പാലും കൊണ്ട് വരുന്ന ഒരു കുട്ടി അവന്റെ വീട്ടിൽ നിന്ന് മോരുകാച്ചി കൊണ്ടുവന്നു. തളർന്നിരുന്ന എന്റെ ശരീരത്തിന് അത് ഊർജം നൽകി. അന്ന് മുഴുവൻ ആശ്രമത്തിൽ കുത്തിയിരിക്കാൻ മനസ്സ് അനുവദിച്ചില്ല. അനുപ്ശഹറിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള നറോറ എന്ന പട്ടണത്തിലേക്ക് പോകാൻ ഞങ്ങൾ നേരത്തെ പദ്ധതിയിട്ടിരുന്നു. പണ്ട് സ്കൂൾ പഠനകാലത്ത് അണുശക്തിനിലയങ്ങളെക്കുറിച്ചുള്ള ക്ലാസ്സിൽ നറോറ എന്ന പേര് ഞാൻ കേട്ടിരുന്നു. ഗംഗയുടെ തീരത്തുള്ള ഒരേയൊരു അണുശക്തി നിലയവും നറോറയാണ്. ശരീരം തളർന്നിരുന്നതിനാൽ സൈക്കിളിൽ അങ്ങോട്ട് പോകാനുള്ള പരിപാടി ഞങ്ങൾ ആദ്യമേ ഉപേക്ഷിച്ചു. അനുപ്ശഹറിൽ നിന്ന് അവിടേക്ക് നേരിട്ട് വാഹന സൗകര്യം ഇല്ല. പകുതി ദൂരം റിക്ഷയിലും, പിന്നെയൊരു പകുതി ബസിലുമായി സഞ്ചരിച്ചാണ് ഞങ്ങൾ നറോറയിൽ എത്തിയത്. ബിജ്‌നോറിന് ശേഷം ഗംഗയിൽ അടുത്ത അണക്കെട്ടുള്ളത് ഇവിടെയാണ്. ആണവ വൈദ്യുതിനിലയത്തിലേക്ക് ആവശ്യമായ വെള്ളം കൊണ്ടുപോകാനാണ് ഈ തടയണ നിർമ്മിച്ചിട്ടുള്ളത്.  നറോറയിൽ ശവദഹനം നടക്കുന്ന പടവിൽ നിന്ന് കുറച്ച് മാറി വഞ്ചികൾ കെട്ടിയിട്ടിരിക്കുന്നത് കണ്ടു. അൻപത് രൂപ കൊടുത്താൽ ഞങ്ങളെ വഞ്ചിയിൽ കയറ്റി കാഴ്ചകൾ കാട്ടിതരാം എന്ന് ഒരു കുട്ടി പറഞ്ഞു 15-16 വയസ്സ് തോന്നിക്കുന്ന അവന്റെ ഉത്സാഹം കണ്ടപ്പോൾ ഞങ്ങൾ വഞ്ചിയിൽ കയറി. കുറച്ച് ദൂരം ചെന്നപ്പോൾ അണുശക്തി നിലയത്തിന്റെ രണ്ട് വലിയ കൂളിംഗ് ടവറുകൾ ദൃശ്യമായി തുടങ്ങി. ഭീമാകാരങ്ങളായ ആ കെട്ടിടങ്ങൾ ഞങ്ങൾ നിൽക്കുന്നിടത്ത് നിന്നും മൂന്നുനാല് കിലോമീറ്ററുകൾ ദൂരെയായിരുന്നു. 220 മെഗാവാട്ട് വീതം വൈദ്യുതി ഉത്പാദിപ്പിക്കുന്ന രണ്ട് റിയാക്റ്ററുകളാണ് ഇവിടെയുള്ളത്. ഘന ജലം ഉപയോഗിച്ച് (Pressurized Heavywater Reactor) പ്രവർത്തിക്കുന്ന ഈ നിലയം 1991ലാണ് പ്രവർത്തനം ആരംഭിച്ചത് [5]. ആധ്യാത്മികത മുതൽ ആണവോർജ്ജം വരെ ഗംഗാജലം എത്ര വ്യത്യസ്തമായ കർമ്മങ്ങൾക്കാണ് ഉപയോഗിക്കപ്പെടുന്നത്? ആണവനിലയം അതീവ സുരക്ഷാമേഖല ആയതിനാൽ, അതിന്റെ അടുത്ത് പോലും പോകാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നില്ല. വഞ്ചിയിൽ നദിയിലൂടെ കുറച്ച് നേരം ചുറ്റിയടിച്ച് ഞങ്ങൾ കരയിലേക്ക് തിരിച്ചെത്തി. ബസിലും, റിക്ഷയിലുമായി സന്ധ്യയോടെ ഞങ്ങൾ അനുപ്ശഹറിലേക്ക് മടങ്ങി. വയർ ശരിയാകും വരെ ഖരഭക്ഷണം കഴിക്കുന്നത് ഞാൻ ഒഴിവാക്കി. കൈയിൽ കരുതിയിരുന്ന ഓആർഎസ് പാനീയമാണ് എന്നെ നിവർന്ന് നിൽക്കാൻ സഹായിച്ചത്. അടുത്ത ദിവസം യാത്ര തുടരേണ്ടത് കൊണ്ട് ക്ഷീണം മാറേണ്ടത് അത്യാവശ്യമായിരുന്നു.

പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടക കേന്ദ്രമായ ഗർമുക്തേശ്വറിൽ നിന്ന് 80 കിലോമീറ്ററോളം സഞ്ചരിച്ച് അനൂപ്ശഹറിൽ എത്തിയതോടെ ഞങ്ങൾ നഗരലോകത്തിൽ നിന്ന് നിന്ന് ഗ്രാമീണ മേഖലയിലേക്ക് വീണ്ടും പ്രവേശിച്ചു. ഇവിടെനിന്ന് ഇനിയുള്ള 200 കിലോമീറ്റർ ദൂരത്തേക്ക് വലിയ പട്ടണങ്ങളൊന്നും ഗംഗയുടെ തീരത്തില്ല. കരിമ്പും കടുകും വിളയുന്ന വിശാലമായ പാടങ്ങളും, ജീവിതം മുഴുവൻ പ്രകൃതിയോടും സാമൂഹ്യ വ്യവസ്ഥയോടും മല്ലിട്ട് ജീവിക്കുന്ന മനുഷ്യരുമാണ് വഴിയിൽ ഞങ്ങളെ കാത്തിരിക്കുന്നത്.
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടക കേന്ദ്രമായ ഗർമുക്തേശ്വറിൽ നിന്ന് 80 കിലോമീറ്ററോളം സഞ്ചരിച്ച് അനൂപ്ശഹറിൽ എത്തിയതോടെ ഞങ്ങൾ നഗരലോകത്തിൽ നിന്ന് നിന്ന് ഗ്രാമീണ മേഖലയിലേക്ക് വീണ്ടും പ്രവേശിച്ചു. ഇവിടെനിന്ന് ഇനിയുള്ള 200 കിലോമീറ്റർ ദൂരത്തേക്ക് വലിയ പട്ടണങ്ങളൊന്നും ഗംഗയുടെ തീരത്തില്ല. കരിമ്പും കടുകും വിളയുന്ന വിശാലമായ പാടങ്ങളും, ജീവിതം മുഴുവൻ പ്രകൃതിയോടും സാമൂഹ്യ വ്യവസ്ഥയോടും മല്ലിട്ട് ജീവിക്കുന്ന മനുഷ്യരുമാണ് വഴിയിൽ ഞങ്ങളെ കാത്തിരിക്കുന്നത്

നാട്ടുകാരനായ കൃപാശങ്കർ എന്ന യുവാവ് അന്നുരാത്രി ആശ്രമത്തിൽ എത്തി. അവിടത്തെ അന്തേവാസികളെ സഹായിക്കാൻ അയാൾ ഇടക്കിടെ അവിടെ വരാറുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. പുള്ളിക്കാരൻ ഞങ്ങളുടെ യാത്രയെക്കുറിച്ച് കേട്ടറിഞ്ഞ് വന്നിരിക്കുകയാണ്. ഞങ്ങൾ കുറേ നേരം സംസാരിച്ചിരുന്നു. കേരളത്തെക്കുറിച്ച് കൂടുതൽ അറിയാൻ അയാൾ താല്പര്യം കാണിച്ചു. ഇംഗ്‌ളീഷ് ബിരുദധാരിയായ തനിക്ക് ഇംഗ്ളീഷ് സംസാരിക്കാൻ സാധിക്കുന്നില്ല എന്നതായിരുന്നു അയാളുടെ സങ്കടം. ഞങ്ങൾ കൂടുതലും ഹിന്ദിയിലാണ് ആശയവിനിമയം നടത്തിയത്. കേരളത്തിന്റെ ഉയർന്ന സാക്ഷരതയെ കുറിച്ചും, ഉയർന്ന മാനവ വികസന സൂചികയെ (Human Development Index) കുറിച്ചും കൃപാശങ്കർ കേട്ടിരുന്നു. തന്റെ കൂടെ സ്കൂളിൽ പഠിച്ച അൻപതിൽ 45 പേരും പഠനം പാതി വഴിക്ക് ഉപേക്ഷിച്ച് കൈതൊഴിലുകളിൽ ഏർപ്പെട്ടിരിക്കുകയാണ് എന്ന് അയാൾ പരിതപിച്ചു. ആർഎസ്എസുമായി അടുപ്പമുള്ള ഒരു സംഘടന നടത്തുന്ന കോളേജിൽ ബിഎഡ് പഠിക്കുകയാണ് കൃപാശങ്കർ. എന്റെ പേര് ജോയൽ എന്നാണ് എന്ന് പറഞ്ഞപ്പോൾ ഞാൻ ഒരു ക്രിസ്ത്യാനിയാണ് എന്ന് അയാൾക്ക് പിടികിട്ടി. തനിക്ക് പരിചയമുള്ള അവിടത്തെ ഒരു സ്കൂളിൽ ജോസഫ് എന്ന് പേരുള്ള മലയാളി അധ്യാപകൻ ഉണ്ട് എന്ന് ആ യുവാവ് പറഞ്ഞു. മതപരമായ ചില സംശയങ്ങൾ കൃപാശങ്കർ ചോദിച്ചെങ്കിലും, ഒരു മതവിശ്വാസിയല്ല എന്ന് പറഞ്ഞ് ആധ്യാത്മിക സംഭാഷണം ഞാൻ ഒഴിവാക്കി.

അന്നുരാത്രി ഞാൻ നന്നായി ഉറങ്ങി. ചെറിയ ക്ഷീണം ഒഴിച്ച് നിറുത്തിയാൽ, രാവിലെ ഉണർന്നപ്പോൾ ശരീരം യാത്രയ്ക്ക് തയ്യാറായിരുന്നു. ആശ്രമത്തിൽ താമസിച്ചതിന് അവർ പൈസയൊന്നും ചോദിച്ചില്ലെങ്കിലും ഞങ്ങൾ മുന്നൂറ് രൂപ കൊടുത്തു. അന്നത്തെ ദൈനിക് ജാഗരൺ പത്രത്തിൽ ഞങ്ങളുടെ യാത്രയെക്കുറിച്ചുള്ള വാർത്ത അച്ചടിച്ച് വന്നിരുന്നു. പത്രത്തിന്റെ രണ്ട് കോപ്പികൾ വാങ്ങി ബാഗിൽ വെച്ച്, പരിചയക്കാരോട് യാത്രയും പറഞ്ഞ് ഞങ്ങൾ അനൂപ്ശഹറിൽ നിന്ന് പുറത്തുകടന്നു. വഴിമുടക്കി നിൽക്കുന്ന വലിയ പോത്തിൻകൂട്ടത്തിന്റെ ഇടയിലൂടെ ശ്രദ്ധയോടെ സൈക്കിൾ ചവിട്ടി, ഗംഗയുടെ കുറുകെയുള്ള നീണ്ട പാലത്തിലൂടെ ഞങ്ങൾ മറുകരയിലുള്ള സാംബൽ ജില്ലയിലേക്ക് പ്രവേശിച്ചു. മഞ്ഞപ്പൂക്കൾ നിറഞ്ഞ കടുകിൻ പാടങ്ങൾ ഏക്കറുകളോളം ദൂരത്തിൽ ഞങ്ങളുടെ കണ്മുന്നിൽ പരന്നുകിടന്നു. 25 കിലോമീറ്ററുകൾ ദൂരെയുള്ള ബബ്‌റാലയിലേക്കാണ് ഞങ്ങൾ നീങ്ങിയത്. ഒരു പ്രധാനപ്പെട്ട ഹൈവേ ജംക്ഷൻ ആണ് ആ സ്ഥലം. അവിടെ നിന്ന് എങ്ങോട്ട് പോകണം എന്ന് ഞങ്ങൾ നിശ്‌ചയിച്ചിട്ടുണ്ടായിരുന്നില്ല. ഗംഗയുടെ തീരത്തുള്ള അടുത്ത പ്രധാന പട്ടണം 200 കിലോമീറ്ററിൽ അധികം ദൂരെയുള്ള ഫാറൂഖാബാദ് ആയിരുന്നു. അവിടേക്ക് നേരിട്ട് വഴിയൊന്നുമില്ല. ചെറിയ ഗ്രാമങ്ങളിലൂടെ കുറഞ്ഞത് നാല് ദിവസങ്ങൾ സഞ്ചരിച്ചാൽ മാത്രമേ അവിടെ എത്താനാകൂ.  ബബ്റാലയിൽ ചെന്നിട്ട് അടുത്ത ലക്ഷ്യം തിരുമാനിക്കാം എന്നായിരുന്നു ഞങ്ങളുടെ പദ്ധതി. മേഘംമൂടിയ ആകാശം സൂര്യനെ മറച്ചു. അന്തരീക്ഷത്തിലെ ചെറിയ തണുപ്പും കൂടി ആയപ്പോൾ സൈക്കിൾ യാത്ര അതീവ സുഖകരമായി. മൂളിപ്പാട്ടുകൾ പാടി കൊച്ചു ഗ്രാമങ്ങൾ പിന്നിട്ട് ഞങ്ങൾ അതുവരെ കാണാത്ത ലക്ഷ്യത്തിലേക്ക് അടുത്തു.

_______

Notes

[1] Death Economy, Business is booming in Garhmukteshvar by Sonali Achaarjee, India Today, August 02, 2020  [2] Dimensions and dynamics of violence during the partition of India by Chandni Saxena, Proceedings of the Indian History Congress [3] What lies behind the rising tide of saffron-clad pilgrims clogging roads in North India by Sumegha Gulati, The Scroll, August 24, 2015 [4] The Imperial Gazatteer of India, 1908 [5] Nuclear Power Corporation of India Limited website

Joyel K Pious

ജോയൽ കെ പയസ് ഒരു ഫോട്ടോഗ്രാഫറും, ദ്വിഭാഷ എഡിറ്ററും ആണ്. ഡൽഹിയിൽ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ് ദിനപത്രത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നു. കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള അദ്ദേഹം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിൽ തല്പരനാണ്. ഫോട്ടോമെയിലിന്റെ ന്യൂസ് എഡിറ്റർ എന്ന നിലയിലും അദ്ദേഹം തന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നു.

Published on March 20, 2021

Share

Home » Portfolio » ജലബിന്ദുക്കളുടെ മോക്ഷയാ » ബ്രിജ്ഘാട്ടിലെ ചൂടുകാറ്റ്

Related Articles

2021-06-05T15:17:18+05:30

ബ്രിജ്ഘാട്ടിലെ ചൂടുകാറ്റ്

‘തീർത്ഥാടക നഗരിയായ അനുപ്ശഹറിലേക്ക് സ്വാഗതം’ എന്നെഴുതി വെച്ചിട്ടുള്ള ഒരു വലിയ കമാനം ഞങ്ങളുടെ മുൻപിൽ തലയുയർത്തി നിന്നു. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത് അനുപ് റായ് എന്ന രാജാവാണ് ഈ പട്ടണം സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്.

2021-06-06T10:34:47+05:30

രണ്ട് പുതിയ ചങ്ങാതിമാർ

ഇരുട്ട് വീഴും മുൻപേ ഹൈവേയിൽ എത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അഞ്ചുമണി ആയപ്പോഴേക്കും വെളിച്ചം കുറയാൻ തുടങ്ങി. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളും, ഒറ്റപ്പെട്ട ചില ഗ്രാമങ്ങളും മാത്രമേ വഴിയിൽ കണ്ടുള്ളൂ. കാലിൽ വേദന കൂടിക്കൂടി വന്നതുകൊണ്ട് സൈക്കിൾ വേഗത്തിൽ ചവിട്ടാനും കഴിയുന്നില്ല. ഓരോ കിലോമീറ്ററും പിന്നിടാൻ വേണ്ട സമയം കൂടിവന്നു.

2021-06-05T15:17:37+05:30

ഹരിദ്വാറിലെ ശാന്തിതീരം

ഹരിദ്വാറിലെ ഘാട്ടുകൾക്കും ആചാരങ്ങൾക്കും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഗുരുവിന്റെ സ്മരണയിൽ ഗുരുദ്വാര നാനക്-വാര (Gurudwara Nanakwara) എന്ന വലിയൊരു സിഖ് ആരാധനാലയം ഇവിടെ ഉയർന്നു വന്നിരിക്കുകയാണ്.

2021-06-05T15:17:55+05:30

യോഗാനഗരിയിലെ ബീറ്റിൽസ് താളങ്ങൾ

സംസ്കാരത്തിന്റെ സംരക്ഷകർ എന്നു സ്വയം വിശേഷിപ്പിക്കുന്ന ചിലർക്ക് വേറെ ചില ‘പ്രശ്നങ്ങളാണ്’ ഉയർത്തിക്കാട്ടാനുള്ളത് വിദേശ വിനോദ സഞ്ചാരികൾ അസന്മാർഗിക പ്രവർത്തികളിൽ ഏർപ്പെടുന്നു എന്നും, ഋഷികേശിന്റെ ‘പവിത്രത’ നഷ്ടപ്പെടുത്തുന്നു എന്നും ആരോപിച്ച് വിശ്വഹിന്ദു പരിഷദ് രംഗത്തുവന്നത് ഒരു ഉദാഹരണമാണ്.

2021-06-05T15:18:20+05:30

ദേവപ്രയാഗിലെ സന്ധ്യകൾ

ആളുകളെ കുത്തിനിറച്ച ഒരു ജീപ്പിലാണ് ടെഹ്‌റി അണക്കെട്ടിന് അപ്പുറത്തുള്ള ധൻസാലിയിൽ നിന്ന് ദേവപ്രയാഗിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങിയത്.

2021-06-05T15:19:45+05:30

സമരഭൂമിയിലൂടെ ഒരു ബോട്ട് സവാരി

ചമ്പയിലെത്തിയപ്പോഴേക്കും നേരം നല്ലപോലെ ഇരുട്ടി. തിരക്ക് പിടിച്ച ഒരു പട്ടണം. കുറേ അലഞ്ഞ ശേഷം 300 രൂപ വാടകക്ക് ഒരു ചെറിയ മുറി കിട്ടി. അടുത്ത രണ്ടോമൂന്നോ ദിവസം ഇവിടെ താമസിച്ച് ചുറ്റുമുള്ള പ്രദേശങ്ങൾ സന്ദർശിക്കാനായിരുന്നു പരിപാടി. പുറത്ത് നിന്നും പാർസൽ വാങ്ങിയ ചോറും പരിപ്പും, അടുത്തുള്ള ചന്തയിൽ നിന്ന് വാങ്ങിയ പച്ചക്കറികൾ ചേർത്തുണ്ടാക്കിയ സാലഡും കൂട്ടി ഞങ്ങൾ അത്താഴം കഴിച്ചു. തണുപ്പ് കൂടിക്കൂടി വന്നു.

2021-06-05T15:19:26+05:30

പെരുംമഴയിൽ കുതിർന്ന കാലടികൾ

ഉച്ച കഴിഞ്ഞതോടെ കാലാവസ്ഥയാകെ മാറി. കാർമേഘങ്ങൾ സൂര്യനെ മറച്ചു. എപ്പോൾ വേണമെങ്കിലും മഴ പെയ്യാമെന്നായി. ഹർസിൽ എത്താൻ ഇനിയും പത്ത് കിലോമീറ്ററോളം ഉണ്ട്. കയ്യിൽ കരുതിയിട്ടുള്ള മഴക്കോട്ടുകൾ ഞങ്ങൾ അണിഞ്ഞു. ബാഗുകൾ നനയാതിരിക്കാൻ പ്രത്യേകം കവറുകൾ ഉണ്ടായിരുന്നു. പെരുംമഴ തുടങ്ങി. നടത്തം വളരെ സാവധാനത്തിലായിരുന്നു. ഒരു മണിക്കൂറിൽ മൂന്ന് കിലോമീറ്റർ പോലും പിന്നിടാൻ ഞങ്ങൾക്ക് സാധിച്ചില്ല.

2021-06-05T15:31:14+05:30

യാത്രകളുടെ തുടക്കം

ഹിമാലയന്‍ മഞ്ഞുപാടങ്ങളില്‍ നിന്നൊഴുകി, ചരിത്രമുറങ്ങുന്ന ജനപഥങ്ങളെ തഴുകി, ബംഗാള്‍ ഉള്‍ക്കടലിന്‍റെ ആഴങ്ങളില്‍ അലിയുന്നത് വരെയുള്ള ഗംഗയുടെ യാത്രയെ, നാല് മാസത്തോളം സൈക്കിളിലും, കാൽനടയായും ജോയൽ കെ. പയസ് അനുഗമിച്ചതിന്റെ എഴുത്തും ചിത്രങ്ങളും.