ഹിമാലയന്‍ മഞ്ഞുപാടങ്ങളില്‍
നിന്നൊഴുകി ചരിത്രമുറങ്ങുന്ന
ജനപഥങ്ങളെ തഴുകി
ബംഗാള്‍ ഉള്‍ക്കടലിന്‍റെ
ആഴങ്ങളില്‍ അലിയുന്നത് വരെയുള്ള
ഗംഗയുടെ യാത്രയെ
നാല് മാസത്തോളം
സൈക്കിളിലും, കാൽനടയായും
ജോയൽ കെ. പയസ്
അനുഗമിച്ചതിന്റെ
എഴുത്തും ചിത്രങ്ങളും

യാത്രയുടെ വേഗത്തിനനുസരിച്ച് പുറംകാഴ്ചകളുടെ ആസ്വാദന രീതിയിലും മാറ്റം വരാം. 50-60 കിലോമീറ്റർ വേഗത്തിൽ വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ കണ്ണിൽപ്പെടാത്ത കാഴ്ചകൾ പലതും സാവധാനമുള്ള യാത്രകളിൽ കാണാൻ കഴിഞ്ഞെന്ന് വരാം. മണിക്കൂറിൽ എട്ട് മുതൽ പത്ത് കിലോമീറ്റർ വേഗത്തിലാണ് ഞങ്ങൾ സൈക്കിൾ ചവിട്ടിയിരുന്നത്. തോന്നുന്നിടത്തെല്ലാം നിർത്താനും, ഇഷ്ടമുള്ളപ്പോൾ വിശ്രമിക്കാനും ഉള്ള സ്വാതന്ത്ര്യം സൈക്കിൾ ഞങ്ങൾക്ക് തന്നു. ചാന്ദ്പൂരിൽ നിന്ന് ഗജറോലയിലേക്കുള്ള സംസ്ഥാനപാതയിലെ തണൽ മരങ്ങൾ നിറഞ്ഞ ഒരിടമാണ് ചിത്രത്തിൽ.
യാത്രയുടെ വേഗത്തിനനുസരിച്ച് പുറംകാഴ്ചകളുടെ ആസ്വാദന രീതിയിലും മാറ്റം വരാം. 50-60 കിലോമീറ്റർ വേഗത്തിൽ വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ കണ്ണിൽപ്പെടാത്ത കാഴ്ചകൾ പലതും സാവധാനമുള്ള യാത്രകളിൽ കാണാൻ കഴിഞ്ഞെന്ന് വരാം. മണിക്കൂറിൽ എട്ട് മുതൽ പത്ത് കിലോമീറ്റർ വേഗത്തിലാണ് ഞങ്ങൾ സൈക്കിൾ ചവിട്ടിയിരുന്നത്. തോന്നുന്നിടത്തെല്ലാം നിർത്താനും, ഇഷ്ടമുള്ളപ്പോൾ വിശ്രമിക്കാനും ഉള്ള സ്വാതന്ത്ര്യം സൈക്കിൾ ഞങ്ങൾക്ക് തന്നു. ചാന്ദ്പൂരിൽ നിന്ന് ഗജറോലയിലേക്കുള്ള സംസ്ഥാനപാതയിലെ തണൽ മരങ്ങൾ നിറഞ്ഞ ഒരിടമാണ് ചിത്രത്തിൽ © ജോയൽ കെ. പയസ്

രണ്ട് പുതിയ ചങ്ങാതിമാർ

ച്ചവടക്കാരുടെയും, വാഹനങ്ങളുടെയും ശബ്ദകോലാഹലം റൂർക്കിയുടെ തെരുവുകളെ ദീപാവലി അവധിയുടെ ആലസ്യത്തിൽ നിന്ന് ഉണർത്തി. മെസ്സിൽ നിന്ന് പ്രഭാത ഭക്ഷണവും കഴിച്ച് സഞ്ചാരത്തിന്റെ അടുത്ത ഘട്ടം തുടങ്ങാൻ ഞങ്ങൾ തയ്യാറായി. തുടച്ചുമിനുക്കിയ സൈക്കിളുകളുടെ പുറകിൽ റബർ നാടകൾ ഉപയോഗിച്ച് ബാഗുകൾ കെട്ടിവെച്ചു. ഞങ്ങളെ യാത്രയാക്കാൻ രാജ് എത്തിയിരുന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബിജ്‌നോർ (Bijnaur) ആയിരുന്നു അന്നത്തെ ലക്ഷ്യം. ഏകദേശം 70 കിലോമീറ്റർ ദൂരെയാണ് ആ പട്ടണം. റൂർക്കിയിൽ നിന്ന് കുറഞ്ഞത് നാല് പാതകളിലൂടെ ബിജ്‌നോറിൽ എത്താം. അതിൽ ഏറ്റവും ദൂരം കുറഞ്ഞ വഴി ഉൾഗ്രാമങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ദേശീയപാതകളോ, സംസ്ഥാനപാതകളോ ഉപയോഗിക്കുന്നതിന് പകരം ദൂരം കുറവുള്ള ഗ്രാമീണവഴികളിലൂടെ സൈക്കിൾ ചവിട്ടാനായിരുന്നു ഞങ്ങളുടെ പരിപാടി. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് അന്നത്തെ സഞ്ചാരപാത നിശ്ചയിച്ചത്. ഒച്ചയിടുന്ന വഴിയോര കച്ചവടക്കാരെയും, ജോലി സ്ഥലങ്ങളിലേക്ക് തിരക്കിട്ട് പോകുന്ന നാട്ടുകാരെയും വകഞ്ഞുമാറ്റി സൈക്കിളുകൾ സാവധാനം ഉരുണ്ടു. ഏകദേശം നാല് കിലോമീറ്റർ കഴിഞ്ഞതോടെ നഗരമേഖല അവസാനിച്ചു. ഇരുവശങ്ങളിലും നിറയെ മരങ്ങളും കൃഷിത്തോട്ടങ്ങളും നിറഞ്ഞ പാതയിലൂടെയായി പിന്നീട് ഞങ്ങളുടെ സഞ്ചാരം. ചുറ്റിലുമുള്ള കരിമ്പ് തോട്ടങ്ങളുടെ വിസ്തൃതി കൂടി വന്നു. ആദ്യത്തെ മൂന്ന് മണിക്കൂറിൽ ഏകദേശം ഇരുപത് കിലോമീറ്റർ ദൂരം ഞങ്ങൾ പിന്നിട്ടു. മുന്നോട്ട് പോകുന്തോറും വഴിയിൽ കുണ്ടും കുഴിയും നിറയാൻ തുടങ്ങി. കരിമ്പിൻ കെട്ടുകളുമായി പഞ്ചസാര മില്ലുകളിലേക്ക് പോകുന്ന ട്രാക്ടറുകൾ ഇടയ്ക്കിടെ ഞങ്ങളെ കടന്നുപോയി.



ഹരിദ്വാർ ഘാട്ടുകളിലെ ജനക്കൂട്ടത്തെ അപേക്ഷിച്ച് നോക്കുമ്പോൾ, ബിജ്‌നോറിലെ സ്നാനഘാട്ടുകൾ വിജനമായിരുന്നു എന്നുതന്നെ പറയാം. ഞങ്ങൾ ചെല്ലുമ്പോൾ ബന്ധുക്കളുടെ ശവദാഹത്തിനായി വന്ന ഏതാനും പേരൊഴികെ നദിയുടെ തീരത്ത് കാര്യമായി ആളനക്കം ഇല്ലായിരുന്നു
ഹരിദ്വാർ ഘാട്ടുകളിലെ ജനക്കൂട്ടത്തെ അപേക്ഷിച്ച് നോക്കുമ്പോൾ, ബിജ്‌നോറിലെ സ്നാനഘാട്ടുകൾ വിജനമായിരുന്നു എന്നുതന്നെ പറയാം. ഞങ്ങൾ ചെല്ലുമ്പോൾ ബന്ധുക്കളുടെ ശവദാഹത്തിനായി വന്ന ഏതാനും പേരൊഴികെ നദിയുടെ തീരത്ത് കാര്യമായി ആളനക്കം ഇല്ലായിരുന്നു © ജോയൽ കെ. പയസ്
ഒരു നൂറ്റാണ്ടിലേറെയായി നിർമ്മാണം തുടർന്നുകൊണ്ടിരിക്കുന്ന കനാലുകൾ പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ഭൂപ്രതലത്തിൽ നാഡീഞരമ്പുകൾ പോലെ പടർന്നുകിടക്കുന്നു. ഗംഗയിലെ ഒഴുക്ക് ഒരിക്കലും നിലക്കില്ല എന്ന വിശ്വാസമാണോ ഇത്തരം കനാലുകൾക്ക് ജീവൻ കൊടുക്കുന്നത്?
ഒരു നൂറ്റാണ്ടിലേറെയായി നിർമ്മാണം തുടർന്നുകൊണ്ടിരിക്കുന്ന കനാലുകൾ പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ഭൂപ്രതലത്തിൽ നാഡീഞരമ്പുകൾ പോലെ പടർന്നുകിടക്കുന്നു. ഗംഗയിലെ ഒഴുക്ക് ഒരിക്കലും നിലക്കില്ല എന്ന വിശ്വാസമാണോ ഇത്തരം കനാലുകൾക്ക് ജീവൻ കൊടുക്കുന്നത്? © ജോയൽ കെ. പയസ്

ഉച്ചയായപ്പോഴേക്കും എനിക്ക് വല്ലാത്ത ക്ഷീണം തോന്നാൻ തുടങ്ങി. വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും ദൂരം ഒറ്റയടിക്ക് സൈക്കിൾ ചവിട്ടുന്നത്. അന്നത്തെ യാത്രയുടെ മൂന്നിലൊന്ന് ദൂരം മാത്രമേ താണ്ടിയിട്ടുള്ളൂ. അടഞ്ഞുകിടക്കുന്ന ഒരു കടയുടെ മുൻപിൽ ഞങ്ങൾ വിശ്രമിക്കാൻ ഇരുന്നു. കുറച്ചപ്പുറത്തെ ഒഴിഞ്ഞുകിടക്കുന്ന കടമുറിയിലെ കട്ടിലിൽ ഒരു മധ്യവയസ്കൻ കിടക്കുന്നുണ്ടായിരുന്നു. അയാൾ എഴുന്നേറ്റ് വന്ന് ഞങ്ങളോട് കാര്യമന്വേഷിച്ചു. യാത്രാവിവരം പറഞ്ഞപ്പോൾ അകത്ത് വന്ന് കട്ടിലിൽ കിടന്നോളാൻ അയാൾ പറഞ്ഞു. ഏകദേശം അരമണിക്കൂർ വിശ്രമിച്ചശേഷം ഞങ്ങൾ വീണ്ടും സഞ്ചാരം തുടർന്നു. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന കരിമ്പിൻ തോട്ടങ്ങളായിരുന്നു വഴിക്കിരുവശവും. ശർക്കര ഉണ്ടാക്കുന്ന ചെറിയ കുടിലുകളിൽ നിന്ന് കട്ടിയുള്ള വെളുത്തപുക സാവധാനം ചുറ്റിലും പടരുന്നുണ്ടായിരുന്നു. മധുരമുള്ള ഗന്ധം ഞങ്ങളെ ഒരു കുടിലിനകത്തേക്ക് ആകർഷിച്ചു. പരമ്പരാഗത രീതിയിലാണ് അവിടെ ശർക്കര ഉണ്ടാക്കുന്നത്. കരിമ്പ് ചതച്ചെടുക്കുന്ന നീര് ഉയർന്ന ചൂടിൽ തിളപ്പിച്ച് കട്ടിയാക്കുന്നു. വിവിധ ഘട്ടങ്ങളിലായാണ് ഇത് ചെയ്യുന്നത്. ഏറ്റവും അവസാനഘട്ടം ആകുമ്പോഴേക്കും കരിമ്പിൻ നീര് മഞ്ഞനിറമുള്ള പേസ്റ്റ് പരുവത്തിലാകും. അതിനെ ഉരുളകൾ ആക്കി ഉണക്കി ചന്തകളിലേക്ക് കൊണ്ടുപോകുന്നു. നൂറ്റാണ്ടുകൾ ആയി വലിയ വ്യത്യാസമൊന്നുമില്ലാതെ തുടരുന്ന ഒരു പരിപാടിയാണിത്. ചൂടുള്ള ശർക്കര ഞങ്ങളും അല്പം രുചിച്ച് നോക്കി. കുറച്ച് സമയം അവിടെ ചിലവഴിച്ച് യാത്ര തുടർന്നു. എന്നേക്കാൾ വേഗത്തിലാണ് സുമിത് സൈക്കിൾ ചവിട്ടിയിരുന്നത്. അതുകൊണ്ടുതന്നെ ഞാൻ മിക്കപ്പോഴും വളരെ പുറകിലായിപ്പോയി. കൃഷിത്തോട്ടങ്ങളുടെ ഇടയിലുള്ള ഒരു ചെറിയ ഗ്രാമത്തിലൂടെ ഞാൻ കടന്ന് പോകുകയായിരുന്നു. ഇഷ്ടികകൊണ്ട്‌ കെട്ടിപ്പൊക്കിയ ഏതാനും വീടുകളും അവയോട് ചേർന്നുള്ള തൊഴുത്തുകളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഒരു വീടിന് മുൻപിലെ കയർ കട്ടിലിൽ കുറച്ച് ചെറുപ്പക്കാർ ഇരിക്കുന്നുണ്ടായിരുന്നു. എന്നെക്കണ്ടപ്പോൾ അവർ ഒച്ചയിട്ട് നിൽക്കാൻ പറഞ്ഞു. അഞ്ചാറ് പേർ കാണും. എല്ലാവരും സൈക്കിളിന്റെ ചുറ്റും കൂടി. എങ്ങോട്ടാണ് പോകുന്നത്? ബാഗിൽ എന്താണ്? തുടങ്ങിയ ചോദ്യങ്ങൾ പല കോണിൽ നിന്ന് ഉയർന്നു. എനിക്ക് മുൻപേ പോയ സുമിതിനെ അവർ കണ്ടിരുന്നു. ഗംഗായാത്രയെക്കുറിച്ച് പറഞ്ഞെങ്കിലും അവരുടെ സംശയം മാറുന്നില്ല. ചോദ്യങ്ങളിലെ കാർക്കശ്യം കൂടി വന്നു. എനിക്ക് ഉള്ളിൽ ചെറുതായി പരിഭ്രമം തോന്നിത്തുടങ്ങി. കൂട്ടത്തിലെ ചെറുപ്പക്കാരിൽ ഒരാൾക്ക് എന്റെ ബാഗ് തുറന്ന് കാണണം, മറ്റൊരാൾക്ക് എന്റെ ആധാർ കാർഡ് പരിശോധിക്കണം. ഇനിയും അവരോട് സൗമ്യമായി പെരുമാറിയാൽ പ്രശ്നമാകും എന്ന് എനിക്ക് തോന്നി. “ഞാനൊരു പത്രപ്രവർത്തകനാണ്. നിങ്ങൾക്കെന്താണ് ഇത്ര സംശയം? പോലീസിനെ വിളിക്ക്. നമുക്ക് അവരോട് കാര്യം പറയാം. അടുത്ത പോലീസ് സ്റ്റേഷൻ എവിടെ?” അതോടെ അവർ ഒന്ന് തണുത്തു. “നിങ്ങളുടെ നാട്ടിലൂടെ ഗംഗായാത്ര നടത്തുന്നവരോട് ഇങ്ങനെയാണോ പെരുമാറുന്നത്?” എന്ന എന്റെ അടുത്ത ചോദ്യത്തോടെ അവർ ശാന്തരായി. ചോദ്യോത്തരങ്ങൾ അവസാനിച്ചു. യാത്ര ശുഭകരമാകട്ടെ എന്നാശംസിച്ച്‌ അവർ എനിക്ക് വഴിമാറി. ഉള്ളിലെ പരിഭ്രമം മറച്ച് വെച്ച് ഞാൻ അതിവേഗം സൈക്കിൾ ചവിട്ടി. അപരിചിതരെ സംശയത്തിന്റെ പേരിൽ ആക്രമിക്കുന്ന ആൾക്കൂട്ടമനോഭാവത്തെക്കുറിച്ച് ഒരുപാട് മാധ്യമവാർത്തകൾ കേട്ടിട്ടുള്ളത് കൊണ്ടാകണം എനിക്കപ്പോൾ പരിഭ്രമം തോന്നിയത്.



ബിജ്നോർ നഗരത്തിൽ നിന്ന് ഏകദേശം പത്ത് കിലോമീറ്ററോളം മാറിയാണ് ഗംഗ ഒഴുകുന്നത്. ഉത്തരഖണ്ഡിലെ പർവതങ്ങൾക്കിടയിലൂടെ തെളിഞ്ഞൊഴുകിയിരുന്ന ഗംഗ ഇവിടെ എത്തുമ്പോഴേക്കും കലങ്ങിമറിഞ്ഞ് ഇരുണ്ട നിറമാകുന്നു. ഹരിദ്വാറിലേത് പോലെ നദിക്ക് കുറുകെ വലിയൊരു തടയണ ഇവിടെയുമുണ്ട്. ജില്ലയിലെ ജലദാഹികളായ ആയിരക്കണക്കിന് ഏക്കർ കരിമ്പിൻ തോട്ടങ്ങളെ ജീവനോടെ നിറുത്തുന്നത് ഗംഗയിൽ നിന്നുള്ള വെള്ളമാണ്.
ബിജ്നോർ നഗരത്തിൽ നിന്ന് ഏകദേശം പത്ത് കിലോമീറ്ററോളം മാറിയാണ് ഗംഗ ഒഴുകുന്നത്. ഉത്തരഖണ്ഡിലെ പർവതങ്ങൾക്കിടയിലൂടെ തെളിഞ്ഞൊഴുകിയിരുന്ന ഗംഗ ഇവിടെ എത്തുമ്പോഴേക്കും കലങ്ങിമറിഞ്ഞ് ഇരുണ്ട നിറമാകുന്നു. ഹരിദ്വാറിലേത് പോലെ നദിക്ക് കുറുകെ വലിയൊരു തടയണ ഇവിടെയുമുണ്ട്. ജില്ലയിലെ ജലദാഹികളായ ആയിരക്കണക്കിന് ഏക്കർ കരിമ്പിൻ തോട്ടങ്ങളെ ജീവനോടെ നിറുത്തുന്നത് ഗംഗയിൽ നിന്നുള്ള വെള്ളമാണ് © ജോയൽ കെ. പയസ്

ഉത്തരഖണ്ഡ്-ഉത്തർപ്രദേശ് അതിർത്തിയോട് അടുക്കുംതോറും വഴിയുടെഅവസ്ഥ മോശമായിത്തുടങ്ങി. അതിർത്തിയിൽ റോഡ് ഇല്ലായിരുന്നു എന്ന് തന്നെ പറയാം. പൊടി നിറഞ്ഞു കിടക്കുന്ന വീതികുറഞ്ഞ മണ്ണിലൂടെ വാഹനങ്ങൾ കുലുങ്ങിക്കുലുങ്ങി നീങ്ങി. ചുറ്റിലുമുള്ള ചെടികളും, മരങ്ങളും ചെമ്മണ്ണിന്റെ പൊടിയിൽ കുളിച്ച് നിന്നു. രണ്ട് സംസ്ഥാനങ്ങളെയും വിഭജിച്ചുകൊണ്ട് ഒഴുകുന്ന ഗംഗയുടെ കുറുകെയുള്ള നീണ്ടപാലത്തിലൂടെ ഞങ്ങൾ ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലേക്ക് പ്രവേശിച്ചു. ഏകദേശം നാല് കിലോമീറ്ററുകൾ പിന്നെയും സഞ്ചരിച്ച ശേഷമാണ് നല്ലൊരു നിരത്തിൽ എത്തിയത്. അപ്പോഴേക്കും ഞങ്ങൾ രണ്ടുപേർക്കും കാൽമുട്ടുകളിൽ ശക്തമായ വേദന തുടങ്ങിയിരുന്നു. കാലുകൾ മടക്കുമ്പോൾ വേദന കൂടുതലായിരുന്നു. മുട്ടുകൾ തുടർച്ചയായി മടക്കാതെ സൈക്കിൾ ചവിട്ടാനും പറ്റില്ല. വഴിയരികിലുള്ള ഒരു മാവിന്റെ ചുവട്ടിൽ കുറച്ച് നേരം ഇരുന്ന്, കയ്യിലുള്ള എണ്ണയെടുത്ത് ഞങ്ങൾ കാൽമുട്ടുകൾ തിരുമ്മി. വ്യായാമം ചെയ്യുമ്പോൾ മുട്ടുകൾ സംരക്ഷിക്കുന്ന ഒരു തരം കവചം (knee protector) സുമിതിന്റെ കയ്യിൽ രണ്ടെണ്ണം ഉണ്ടായിരുന്നു. എനിക്ക് ഇടത് കാൽമുട്ടിലാണ് കൂടുതൽ വേദന തോന്നിയത്. എന്റെ ചങ്ങാതിക്ക് വലത് മുട്ടിലും. കവചങ്ങൾ ഓരോന്നും കാലിൽ വലിച്ചു കയറ്റി ഞങ്ങൾ യാത്ര തുടർന്നു. ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു. ഏകദേശം മൂന്നര ആയപ്പോൾ ഞങ്ങൾ ഭക്ഷണത്തിനായി വഴിയരികിലെ ഒരു ചെറിയ കടയിൽ കയറി. വിശപ്പ്‌ കലശലായത്‌ കാരണം വയറ് നിറച്ച് ഞങ്ങൾ ഭക്ഷണം കഴിച്ചു; റൊട്ടിയും കോഴിക്കറിയും. ഭക്ഷണം കഴിഞ്ഞ് ഓരോ ബീഡിയും വലിച്ച് കുറച്ച് നേരം വിശ്രമിച്ച ശേഷം ഞങ്ങൾ ഉത്സാഹത്തോടെ വീണ്ടും യാത്രയാരംഭിച്ചു. സൂര്യപ്രകാശം തീരെ മങ്ങിയിരുന്നു. മഞ്ഞുകാലത്തിന്റെ പ്രതീതിയായിരുന്നു അവിടെ.  നാൽപ്പത് കിലോമീറ്ററുകൾ ഞങ്ങൾ അതിനകം പിന്നിട്ട് കഴിഞ്ഞിരുന്നു. ബിജ്‌നോറിലേക്ക് പോകുന്ന പ്രധാന ഹൈവേ ഇനിയും ഇരുപത് കിലോമീറ്ററുകൾ ദൂരെയാണ്. ആ ഹൈവേയിലൂടെ പത്ത് കിലോമീറ്ററുകൾ കൂടി സഞ്ചരിച്ചാൽ മാത്രമേ ലക്ഷ്യത്തിലെത്താനാവൂ.



ഇരുട്ട് വീഴും മുൻപേ ഹൈവേയിൽ എത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അഞ്ചുമണി ആയപ്പോഴേക്കും വെളിച്ചം കുറയാൻ തുടങ്ങി. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളും, ഒറ്റപ്പെട്ട ചില ഗ്രാമങ്ങളും മാത്രമേ വഴിയിൽ കണ്ടുള്ളൂ. കാലിൽ വേദന കൂടിക്കൂടി വന്നതുകൊണ്ട് സൈക്കിൾ വേഗത്തിൽ ചവിട്ടാനും കഴിയുന്നില്ല. ഓരോ കിലോമീറ്ററും പിന്നിടാൻ വേണ്ട സമയം കൂടിവന്നു. ഒരു ഗ്രാമത്തിൽ വെച്ച് കുറച്ചാളുകൾ ഞങ്ങളോട് വിശേഷം ചോദിക്കാനായി വന്നു. കുറച്ച് നേരം വിശ്രമിക്കാനും, ചായ കുടിക്കാനും ക്ഷണം കിട്ടി. അവർ ഇട്ടുതന്ന കസേരയിൽ ഇരുന്ന് ഞങ്ങൾ കാലുകൾക്ക് ആശ്വാസം കൊടുത്തു. ആവിപറക്കുന്ന ചൂടുചായ അകത്തേക്ക് ചെന്നപ്പോൾ ശരീരത്തിന് കുറച്ച് ഉന്മേഷം കിട്ടി. കുട്ടികളും മുതിർന്നവരും നിറഞ്ഞ ആ സദസ്സിനോട് യാത്ര പറഞ്ഞ് ഞങ്ങൾ പുറപ്പെട്ടു. ഓരോ മിനിട്ട് കഴിയുംതോറും ഇരുട്ടിന്റെ കട്ടി കൂടിക്കൂടി വന്നു. വഴിയരികിലെ മരങ്ങളുടെ നിഴലുകൾ മാത്രം കാണാൻ കഴിയുന്ന സ്ഥിതിയായി. വേഗത്തിൽ സഞ്ചരിക്കാൻ മനസ്സ് ആഗ്രഹിച്ചാലും, ശരീരം അനുവദിക്കുന്നില്ല. എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത് എന്ന ചോദ്യം ഉള്ളിൽ നിന്ന് ഉയരാൻ തുടങ്ങി. ഇങ്ങനെ കഷ്ടപ്പെടാൻ വേണ്ടിയാണോ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്? ഉള്ളിൽ നിന്ന് കുറ്റപ്പെടുത്തലിന്റെ ശബ്ദം മുഴങ്ങി. സമയം എഴുമണിയോട് അടുക്കുന്നു. പ്രധാന പാതയിലേക്ക് ഇനിയും മൂന്നു കിലോമീറ്ററുകൾ ഉണ്ട്. ശരീരം തീർത്തും തളർന്നു. അമ്പത്തേഴ് കിലോമീറ്ററുകൾ ഇതിനകം കടന്നുപോന്നിരിക്കുന്നു. ചവിട്ടുന്നതിന് പകരം ഞങ്ങൾ സൈക്കിൾ തള്ളാൻ തുടങ്ങി. അപ്പോഴാണ് ഒരു ഇലക്ട്രിക് റിക്ഷ മുന്നിൽ വന്ന് നിന്നത്. അയാൾ ഹൈവേ വരെ പോകുകയാണ്. ഇരുപത് രൂപകൊടുത്താൽ ഞങ്ങളെ അവിടെയെത്തിക്കാം എന്ന് പറഞ്ഞു. ഒരു ദൈവദൂതനെപ്പോലെയാണ് അയാൾ പ്രത്യക്ഷപ്പെട്ടത്. ആ ചെറിയ റിക്ഷയിൽ സൈക്കിളുകൾ കയറ്റാൻ സ്ഥലമില്ലായിരുന്നു. സൈക്കിളുകൾ ഓരോന്നും റിക്ഷയുടെ ഓരോ വശത്തും ചേർത്ത് പിടിച്ച് ഞങ്ങൾ ഇരുന്നു. ആ വാഹനത്തിന്റെ മങ്ങിയ വെളിച്ചം ഇരുട്ടിനെ വകഞ്ഞുമാറ്റി. പത്ത് മിനിറ്റിനുള്ളിൽ ഞങ്ങൾ ഹരിദ്വാർ-ബിജ്‌നോർ ദേശീയപാതയിൽ എത്തി. മണ്ഡവാർ എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. ഉറക്കം തൂങ്ങിയ ഒരു ചെറിയ അങ്ങാടി ആയിരുന്നു അത്. കടകൾ മിക്കവയും അടഞ്ഞുതുടങ്ങിയിരുന്നു. ഇനിയും പത്ത് കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടാനുള്ള ഊർജ്ജം ശരീരത്തിൽ ശേഷിക്കുന്നില്ല. വല്ല ലോറിയോ മറ്റോ കിട്ടുമോ എന്ന് നോക്കി ഞങ്ങൾ കുറച്ച് നേരം നിന്നു. കൈകാണിച്ചിട്ട് വാഹനങ്ങൾ ഒന്നും നിറുത്തുന്നില്ല. കുറച്ച് മാറി ഒരു ഓട്ടോറിക്ഷയിൽ ആളുകൾ ഇരിക്കുന്നത് കണ്ടു. ഞങ്ങൾ അങ്ങോട്ട് നടന്നു. അവർ ബിജ്‌നോറിലേക്കാണ്. വണ്ടി നിറഞ്ഞിട്ടില്ലാത്തതിനാൽ ഡ്രൈവറും യാത്രക്കാരും അക്ഷമരായി ഇരിക്കുകയാണ്. സൈക്കിളുകൾ റിക്ഷയുടെ മുകളിൽ കയറ്റാമെന്ന് ഡ്രൈവർ ഏറ്റു. അയാൾ തന്നെ റിക്ഷയ്ക്ക് മുകളിൽ കയറി സൈക്കിളുകൾ രണ്ടും സുരക്ഷിതമായി കെട്ടിവെച്ചു. അങ്ങനെ അന്നത്തെ യാത്രയുടെ അവസാന ഘട്ടം തുടങ്ങി. വല്ലപ്പോഴും പാഞ്ഞുപോകുന്ന ലോറികളും, ബസ്സുകളും ഒഴിച്ചാൽ ഹൈവെയിൽ തിരക്ക് തീരെകുറവായിരുന്നു. രാത്രി സമയങ്ങളിൽ ഹൈവേകളിൽ സൈക്കിൾ ചവിട്ടുന്നത് അത്യന്തം അപകടകരമായ ഒരു പരിപാടിയാണ്. വേഗത്തിൽ പോകുന്ന വാഹനങ്ങൾ ഉണ്ടാക്കുന്ന കാറ്റിൽ സൈക്കിളിന്റെ ബാലൻസ് തെറ്റിയാൽ തീർന്നു. വഴിയേതാണ്, കുഴിയേതാണ് എന്ന് തിരിച്ചറിയാൻ പോലും കഴിയാത്തവിധമുള്ള ഇരുട്ട്. അടുത്ത ദിവസം മുതൽ യാത്രാപരിപാടികളിൽ ചില പരിഷ്‌ക്കാരങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ തീരുമാനിച്ചു. സന്ധ്യയാകും മുൻപ് ലക്ഷ്യത്തിൽ എത്തിച്ചേരുന്ന വിധത്തിൽ യാത്ര ക്രമീകരിക്കണം.

മനുഷ്യരും, പശുക്കളും കഴിഞ്ഞാൽ ഗംഗയുടെ തീരത്ത് ഞങ്ങൾ ഏറ്റവും അധികം കണ്ടുമുട്ടിയത് കുരങ്ങന്മാരെയായിരുന്നു. മനുഷ്യരുടെ ഇടയിൽ നൂറ്റാണ്ടുകളായി ജീവിച്ച് പരിശീലിച്ചത് കൊണ്ടാകണം, വാനരന്മാർ ബിജ്‌നോറിന്റെ തെരുവുകളിലെ പതിവ് കാഴ്ചയാണ്
മനുഷ്യരും, പശുക്കളും കഴിഞ്ഞാൽ ഗംഗയുടെ തീരത്ത് ഞങ്ങൾ ഏറ്റവും അധികം കണ്ടുമുട്ടിയത് കുരങ്ങന്മാരെയായിരുന്നു. മനുഷ്യരുടെ ഇടയിൽ നൂറ്റാണ്ടുകളായി ജീവിച്ച് പരിശീലിച്ചത് കൊണ്ടാകണം, വാനരന്മാർ ബിജ്‌നോറിന്റെ തെരുവുകളിലെ പതിവ് കാഴ്ചയാണ് © ജോയൽ കെ. പയസ്
ബിജ്‌നോർ ബാരേജിന് മുകളിലൂടെ മുസഫർനഗർ ജില്ലയിലേക്ക് നീണ്ടുകിടക്കുന്ന ദേശീയപാത. ഇടക്കിടെ ജാതിമത സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുന്ന മുസഫർനഗർ ജില്ലയ്ക്കും, പൊതുവെ സമാധാനപരമായ അന്തരീക്ഷം നിലനിൽക്കുന്ന ബിജ്‌നോർ ജില്ലയ്ക്കും ഇടയിലൂടെയാണ് ഗംഗയുടെ ഒഴുക്ക്. വെറുപ്പും, അസഹിഷ്ണുതയും ബിജ്‌നോറിന്റെ തീരങ്ങളിലും അലയടിക്കുന്നുണ്ട് എന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്
ബിജ്‌നോർ ബാരേജിന് മുകളിലൂടെ മുസഫർനഗർ ജില്ലയിലേക്ക് നീണ്ടുകിടക്കുന്ന ദേശീയപാത. ഇടക്കിടെ ജാതിമത സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുന്ന മുസഫർനഗർ ജില്ലയ്ക്കും, പൊതുവെ സമാധാനപരമായ അന്തരീക്ഷം നിലനിൽക്കുന്ന ബിജ്‌നോർ ജില്ലയ്ക്കും ഇടയിലൂടെയാണ് ഗംഗയുടെ ഒഴുക്ക്. വെറുപ്പും, അസഹിഷ്ണുതയും ബിജ്‌നോറിന്റെ തീരങ്ങളിലും അലയടിക്കുന്നുണ്ട് എന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത് © ജോയൽ കെ. പയസ്

ഏകദേശം എട്ടുമണിയോടെ ഞങ്ങൾ ബിജ്‌നോറിൽ എത്തി. ഉത്തർപ്രദേശിലെ പഴയ ജില്ലകളിൽ ഒന്നാണ് ബിജ്‌നോർ. ഒരു ജില്ലാ ആസ്ഥാനത്ത് കാണാവുന്ന തിരക്കും ബഹളവും അവിടെ ഉണ്ടായിരുന്നു. കമ്പോളങ്ങളിൽ ആളുകൾ കയറിയിറങ്ങുന്നു. കുറഞ്ഞ ചിലവിൽ താമസ സൗകര്യം അന്വേഷിച്ച് ഞങ്ങൾ നടത്തം തുടങ്ങി. ഞങ്ങളുടെ സൈക്കിളുകളും വലിയ ബാഗുകളും ക്ഷീണിച്ച മുഖങ്ങളും കണ്ടിട്ടാകണം ആളുകൾ വളരെ സൗഹാർദത്തോടെയാണ് പെരുമാറിയത്. അടുത്ത് തന്നെയുള്ള ഒരു ജൈന ധർമ്മശാലയിൽ ചെറിയ സംഖ്യ കൊടുത്താൽ മുറി കിട്ടും എന്ന് ഒരാൾ പറഞ്ഞു. കുറച്ച് ദൂരം സൈക്കിൾ ചവിട്ടി ഞങ്ങൾ ധർമ്മശാലയുടെ മുമ്പിലെത്തി. ഭാഗ്യത്തിന് അവിടെ മുറികൾ മിക്കതും കാലിയായിരുന്നു. ഒഴിഞ്ഞുകിടക്കുന്ന ഒരു വലിയ ഹാൾമുറി നൂറുരൂപയ്ക്ക് ഞങ്ങൾക്ക് കിട്ടി. ബാഗുകളും ചുമന്ന് ഒരുകണക്കിന് ഞങ്ങൾ മുറിയിലെത്തി. നിറയെ കട്ടിലുകളുള്ള ഒരു ഡോർമിട്ടറി ആയിരുന്നു അത്. ഞങ്ങൾ രണ്ടുപേർ മാത്രമായിരുന്നു അന്നത്തെ അതിഥികൾ. ദേഹത്തിൽ ഒട്ടിയ വിയർപ്പ് മുഴുവൻ തണുത്ത വെള്ളത്തിൽ കഴുകിക്കളഞ്ഞ്‌ കുറച്ച് സമയം വിശ്രമിച്ചു. എണ്ണതേച്ച് കാൽമുട്ടുകൾ കുറച്ച് നേരം തിരുമ്മിയപ്പോളാണ് വേദന അല്പം കുറഞ്ഞത്. ഇനി അത്താഴം കഴിക്കണം. ഞങ്ങൾ തെരുവിലേക്കിറങ്ങി. ആവി പറക്കുന്ന ബിരിയാണി ചെമ്പുകളിൽ നിന്നുള്ള ഗന്ധം അവിടെയെല്ലാം നിറഞ്ഞിരുന്നു.



ഉത്തർപ്രദേശിൽ ഇസ്ലാംമത വിശ്വാസികൾ കൂടുതലായി വസിക്കുന്ന പടിഞ്ഞാറൻ മേഖലയിലാണ് ബിജ്‌നോർ. ഞങ്ങൾ ഇതുവരെ യാത്ര ചെയ്തിരുന്ന ഉത്തരഖണ്ഡിൽ മുസ്‌ലീം ജനസംഖ്യ തീരെ കുറവായിരുന്നു. ആളുകൾ തിങ്ങി നിറഞ്ഞ ഒരു കടയിലേക്കാണ് ഞങ്ങൾ കയറിയത്. ‘മുർഗി (ചിക്കൻ), ഭഖരാ (മട്ടൻ), ബഡാ,’ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. ബീഫിന് ഉത്തരേന്ത്യയിൽ മിക്കയിടത്തും ബഡാ (വലുത്) എന്നാണ് പറയുന്നത്. എന്നാൽ എന്റെ ശ്രദ്ധയെ ആകർഷിച്ചത് ഇതുവരെ കേൾക്കാത്ത മറ്റൊരു സംഗതി ആയിരുന്നു; ഹലീം ബിരിയാണി. വറുത്തരച്ച ഇറച്ചിയും, സുഗന്ധവ്യഞ്ജനങ്ങളും, മൊരിയിച്ച ഉള്ളിയും ചേർത്ത കട്ടിയുള്ള സൂപ്പ് പോലുള്ള ഒന്നാണ് ഹലീം. ഹൈദരാബാദിലെ ഹലീം ആണ് ഏറ്റവും പേരുകേട്ടത്. ബിരിയാണിയോടൊപ്പം ഹലീം ചേരുമ്പോൾ മറ്റൊരു രുചിക്കൂട്ട് ജനിക്കുകയായി. ആസ്വദിച്ച് ഭക്ഷണം കഴിച്ച് ഞങ്ങൾ പുറത്തിറങ്ങി. സമയം ഏകദേശം പത്ത് മണിയാകുന്നു. തെരുവുകളിലൂടെ ചെറുതായി ഒന്ന് ചുറ്റിയടിച്ച് ഞങ്ങൾ മുറിയിലേക്ക് നടന്നു. കിടക്കയിൽ കിടന്നതും ഉറങ്ങിപ്പോയതും പെട്ടെന്നായിരുന്നു.

മൂടൽമഞ്ഞ്‌ നിറഞ്ഞ ഒരു പ്രഭാതത്തിലേക്കാണ് ഞങ്ങൾ ഉണർന്നെഴുന്നേറ്റത്. തൊട്ടടുത്ത കെട്ടിടങ്ങൾ പോലും കാണാൻ പറ്റുന്നില്ല. ടാപ്പ് തുറന്നപ്പോൾ ഐസ് പോലെ തണുത്ത വെള്ളമാണ് പുറത്തേക്കൊഴുകിയത്. ഞങ്ങൾ പുറത്തേക്കിറങ്ങിയപ്പോഴേക്കും നഗരവീഥികൾ സജീവമായിരുന്നു. ബൺ മസ്‌ക്കയും (ബണ്ണും ബട്ടറും), കട്ടിയുള്ള പാൽ ചായയും ആയിരുന്നു അന്നത്തെ പ്രഭാതഭക്ഷണം. ചായക്കടയിലെ കസേരയിൽ നിന്ന് എഴുന്നേൽക്കാൻ തുടങ്ങിയപ്പോളാണ് കാൽമുട്ടിൽ വേദന തോന്നിയത്. സുമിതിന്റെ മുഖത്ത് നോക്കിയപ്പോൾ അവനും കഷ്ടപ്പെടുകയാണ് എന്ന് മനസ്സിലായി. അടുത്ത ദിവസം യാത്ര തുടരേണ്ടതാണ്. വേദന തുടർന്നാൽ എങ്ങനെയാണ് സൈക്കിൾ ചവിട്ടുക ചോദ്യം ഞങ്ങളെ ആശങ്കപ്പെടുത്തി. അന്ന് ഉച്ചവരെ കാലുകൾക്ക് വിശ്രമം കൊടുക്കാൻ തീരുമാനിച്ചു. ഏകദേശം മൂന്നുമണി ആയപ്പോൾ ഞങ്ങൾ ചുറ്റിക്കറങ്ങാൻ ഇറങ്ങി. നഗരത്തിന്റെ അതിർത്തിയിലൂടെ ഒഴുകുന്ന ഗംഗയെ സന്ദർശിക്കുകയായിരുന്നു ആദ്യത്തെ പരിപാടി. ഹരിദ്വാറിലേത് പോലെ ഇവിടെയും വലിയൊരു തടയണ ഉണ്ട്. നഗരത്തിൽ നിന്നും പത്ത് കിലോമീറ്ററോളം ദൂരെയാണിത്. അവിടേക്ക് ബസ്സിൽ പോകാൻ ഞങ്ങൾ തീരുമാനിച്ചു. ഉത്തർപ്രദേശ് പര്യവഹൻ നിഗമിന്റെ (ട്രാൻസ്പോർട്ട് കോർപ്പറേഷൻ) ഒരു പഴഞ്ചൻ ബസിൽ ഞങ്ങൾ കയറിപ്പറ്റി. വയസ്സൻ എൻജിന്റെ മുരൾച്ചയും, തുരുമ്പ് പിടിച്ച കസേരകളുടെ കുലുക്കവും ആ ബസിൽ മുഴങ്ങി. ഇരുവശത്തും തണൽ മരങ്ങൾ നിറഞ്ഞ ദേശീയപാതയിലൂടെ പ്രായത്തെ വകവെക്കാതെ ആ വാഹനം പാഞ്ഞു. ഇരുപത് മിനിറ്റോളം നീണ്ട സവാരിക്കൊടുവിൽ ബാരേജിന് തൊട്ടുമുൻപായി ഞങ്ങൾ ഇറങ്ങി. ഗംഗ ഇരുണ്ട നിറത്തിൽ സാവധാനം ഒഴുകുന്നത് കാണാമായിരുന്നു. നദീതീരത്തുള്ള പടവുകളിൽ കുറച്ചാളുകൾ പൂജകൾ ചെയ്യുന്നുണ്ടായിരുന്നു. കുറച്ചുമാറിയുള്ള ശ്മാശനത്തിൽ ഒരു ശരീരത്തെ അഗ്നി ഭക്ഷിക്കുന്നു. വെള്ളത്തിന്റെ നിറം കണ്ടിട്ട് നദിയിലേക്ക് ഇറങ്ങാൻ തോന്നിയില്ല. അരകിലോമീറ്ററിൽ കൂടുതൽ നീളമുള്ള അണക്കെട്ടിന് മുകളിലൂടെയാണ് ദേശീയ പാത കടന്നുപോകുന്നത്. ഈ അണക്കെട്ടും ജലസേചനത്തിനായി നിർമിച്ചതാണ്. ഇരുവശങ്ങളിലുമുള്ള കനാലുകളിലൂടെ ദൂരെയുള്ള കൃഷിഭൂമികളിലേക്ക് ലക്ഷക്കണക്കിന് ലിറ്റർ ഗംഗാജലമാണ് ഒഴുകുന്നത്. അണക്കെട്ടിന് മുകളിലൂടെ ഞങ്ങൾ നടന്നു. താഴെ ചെറുവഞ്ചിയിലിരുന്ന് ഒരു മീൻ പിടുത്തക്കാരൻ തന്റെ ഭാഗ്യം പരീക്ഷിക്കുന്നുണ്ടായിരുന്നു. മുസഫർനഗർ ജില്ലയിലേക്ക് സ്വാഗതം എന്നെഴുതി വെച്ച ഒരു ബോർഡ് മറുകരയിൽ കണ്ടു. ഒരു ചെറിയ ചെക്ക്പോസ്റ്റിൽ കാവലിരിക്കുന്ന പോലീസുകാരൻ അല്ലാതെ അവിടെ ആരുമുണ്ടായിരുന്നില്ല. ആ കാക്കി കുപ്പായക്കാരൻ സംശയത്തോടെ ഞങ്ങളെ നോക്കി. കാര്യം പറഞ്ഞപ്പോൾ അയാൾ ഒന്നു തണുത്തു. “ഇത് അല്പം പ്രശ്നം ഉള്ള പ്രദേശമാണ്. പിടിച്ചുപറിക്കാർ എപ്പോൾ വേണമെങ്കിലും പ്രത്യക്ഷപ്പെടാം. തിരിച്ച് പൊയ്ക്കോളൂ,” അയാൾ ഞങ്ങൾക്ക് മുന്നറിയിപ്പ് തന്നു. ജാതി, വർഗ്ഗീയ പ്രശ്നങ്ങൾ കൊണ്ട് ഇടക്കിടെ വാർത്തകളിൽ ഇടം പിടിക്കുന്ന ജില്ലയാണ് മുസഫർനഗർ എന്നതിനാൽ അയാളുടെ താക്കീതിൽ എനിക്ക് ആശ്ചര്യം തോന്നിയില്ല.

ഗംഗ ഒഴുകുന്ന എല്ലാ നഗരങ്ങളും തീർത്ഥാടക കേന്ദ്രങ്ങൾ അല്ല. ഹരിദ്വാർ, വാരണാസി തുടങ്ങിയ നഗരങ്ങളെ പ്രസിദ്ധമാക്കുന്നത് ഗംഗയുടെ സാമീപ്യമാണെങ്കിൽ, ബിജ്‌നോർ പോലുള്ള പല പ്രദേശങ്ങൾക്കും അത്തരം പദവിയൊന്നും ലഭിച്ചിട്ടില്ല.
ഗംഗ ഒഴുകുന്ന എല്ലാ നഗരങ്ങളും തീർത്ഥാടക കേന്ദ്രങ്ങൾ അല്ല. ഹരിദ്വാർ, വാരണാസി തുടങ്ങിയ നഗരങ്ങളെ പ്രസിദ്ധമാക്കുന്നത് ഗംഗയുടെ സാമീപ്യമാണെങ്കിൽ, ബിജ്‌നോർ പോലുള്ള പല പ്രദേശങ്ങൾക്കും അത്തരം പദവിയൊന്നും ലഭിച്ചിട്ടില്ല © ജോയൽ കെ. പയസ്

ബിജ്‌നോറിലേക്ക് വരുന്ന ഒരു ലോറിയുടെ പുറകിൽ കയറിയാണ് ഞങ്ങൾ ബാരേജിൽ നിന്ന് തിരിച്ചുപോന്നത്. ബിജ്‌നോറിലെ തെരുവ് വിളക്കുകൾക്ക് അതിനകം ജീവൻ വെച്ചിരുന്നു. പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ ഞങ്ങൾ നടന്നു. ക്ഷേത്രങ്ങളിൽ നിന്ന് മണിനാദങ്ങളും, ശംഖുവിളികളും ഉയരുന്നുണ്ടായിരുന്നു. മസ്ജിദുകളിൽ നിന്ന് ബാങ്കുവിളികൾ മുഴങ്ങി. അങ്ങാടികളിൽ ആളുകൾ തിരക്ക് കൂട്ടുന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് ബിജ്‌നോർ. മൊറാദാബാദ് ഡിവിഷനിൽ ആണ് ഈ ജില്ല ഉൾപ്പെടുന്നത്. 1857ലെ കലാപകാലത്ത് ഇവിടെ വലിയ സംഘർഷങ്ങൾ നടന്നിരുന്നു. കലാപകാരികൾ നഗരം പിടിച്ചെടുക്കും എന്നായതോടെ ഇംഗ്ളീഷുകാരനായ ജില്ലാ കളക്റ്റർക്കും, അനുയായികൾക്കും ഇവിടം വിട്ട് ഓടേണ്ടിവന്നു. കലാപം അടിച്ചമർത്തപ്പെട്ട ശേഷമാണ് അവർക്ക് ബിജ്‌നോറിലേക്ക് തിരിച്ചുവരാനായത് [1]. കഴിഞ്ഞ ദിവസം ഞങ്ങൾ സൈക്കിൾ ചവിട്ടി കടന്നുപോന്ന പ്രദേശങ്ങളിൽ പലയിടത്തും വൻതോതിൽ കൊള്ളയും കൊള്ളിവെയ്പ്പും അക്കാലത്ത് നടന്നതായി എഴുത്തപ്പെട്ടിട്ടുണ്ട്. ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥനായിരുന്ന സർ സയ്യദ് അഹമ്മദ് ഖാന്റെ വിവരണങ്ങൾ പ്രകാരം കലാപത്തിന് മുൻപ് ബിജ്‌നോറിൽ എന്തെങ്കിലും തരത്തിലുള്ള വർഗ്ഗീയ അതിക്രമങ്ങൾ ഉണ്ടായിട്ടില്ല [2]. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള കലാപം വളരെപ്പെട്ടെന്ന് തന്നെ ഹിന്ദുക്കളും, മുസ്ലീമുകളും തമ്മിലുള്ള സംഘർഷമായി പരിണമിച്ചു. ഇരു വിഭാഗങ്ങൾക്കും വലിയ തോതിൽ നഷ്ടങ്ങൾ ഉണ്ടായി. എങ്കിലും, അടുത്ത ഒരു നൂറ്റാണ്ടിലധികം കാലം ബിജ്‌നോർ ശാന്തമായിരുന്നു. എന്തിന് പറയണം, ഹിന്ദു-മുസ്‌ലീം സാഹോദര്യത്തിന്റെ ഉദാഹരണമായി പലരും ഉയർത്തിക്കാട്ടിയിരുന്നത് ബിജ്‌നോറിനെയായിരുന്നു. 1990 ലാണ് ബിജ്‌നോർ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. ഷാ ബാനോ കേസ്, മണ്ഡൽ പ്രക്ഷോഭം, അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മ ഭൂമി തർക്കം ഇവയെല്ലാം കൂടി ഉത്തരേന്ത്യയെ കലുഷിതമാക്കിയ സമയം. ജാതിമത സമവാക്യങ്ങളിൽ പൊളിച്ചെഴുത്തുകൾ നടത്തി അധികാരം പിടിച്ചെടുക്കാൻ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾ നടത്തിയ നീക്കങ്ങൾ ബിജ്‌നോറിന്റെ അയൽപ്പക്കത്തുള്ള മീററ്റ്, മുസഫർനഗർ, മൊറാദാബാദ് ജില്ലകളിൽ കലാപങ്ങളുടെ വിത്തുവിതച്ചു. 1947ലെ ഇന്ത്യാ വിഭജന സമയത്തോ, അതിനുശേഷമോ ബിജ്‌നോറിൽ കാര്യമായ വർഗ്ഗീയ സംഘർഷങ്ങൾ ഒന്നും നടന്നില്ല. പക്ഷെ, ജനസംഖ്യയുടെ ഏകദേശം 55 ശതമാനം ഹിന്ദുക്കളും, 43 ശതമാനം മുസ്ലീമുകളും ഉള്ള ഈ ജില്ലയുടെ മുഖം 1990 ലെ വർഗ്ഗീയ കലാപങ്ങൾക്ക് ശേഷം തികച്ചും മാറിപ്പോയി. ആ വർഷം ഒക്ടോബർ 30 മുതൽ നവംബർ 2  വരെ നടന്ന സംഘർഷങ്ങളെക്കുറിച്ച് ഒരുപാട് മാധ്യമ റിപ്പോർട്ടുകളും, ഗവേഷണങ്ങ പ്രബന്ധങ്ങളും ലഭ്യമാണ്. 48 ആളുകൾ കലാപത്തിൽ മരിച്ചു എന്നാണ് ഔദ്യോഗിക രേഖകൾ പറയുന്നത് എങ്കിലും, അനൗദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള കണക്ക് പ്രകാരം 200ൽ അധികം ആളുകൾക്ക് ജീവഹാനി നേരിട്ടു[3]. ആ വർഷം ഒക്ടോബർ 9ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായംസിങ് യാദവ് ബിജ്‌നോറിൽ നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് വർഗീയകലാപത്തിന് തീപ്പൊരി പകർന്നത് എന്ന് പറയപ്പെടുന്നു. ഹിന്ദു വർഗ്ഗീയ വാദികളിൽ നിന്ന് മുസ്‌ലീംകളെയും, താഴ്ന്ന ജാതിക്കാരെയും, ദളിതരെയും സംരക്ഷിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുലായം പറഞ്ഞു. ഏതാണ്ട് അതേ സമയത്താണ് വിശ്വഹിന്ദു പരിഷദും, ബിജെപിയും ആയിരക്കണക്കിന് കർസേവകരെ അയോധ്യയിൽ അണിനിരത്തിയത്. അയോധ്യയിൽ വെച്ചും, അവിടേക്കുള്ള യാത്രാമധ്യേയും അറസ്റ്റ് ചെയ്യപ്പെട്ട ഒരുപാട് കർസേവകർ ബിജ്‌നോറിലെ ജയിലിലാണ് കരുതൽ തടവിലാക്കപ്പെട്ടത്. അവർക്ക് അനുകൂലമായി ഒക്ടോബർ 28ന് ബിജെപി അനുകൂലികൾ ഒരു വലിയ ജാഥ സംഘടിപ്പിച്ചു. നഗരത്തിൽ എപ്പോൾ വേണമെങ്കിലും അക്രമം പൊട്ടിപ്പുറപ്പെടാം എന്ന സ്ഥിതിയായി. കർസേവകർ ബാബറി പള്ളിക്ക് മുകളിൽ കാവിക്കൊടി ഉയർത്തി എന്ന വാർത്ത ഒക്ടോബർ 30ന് ബിജ്‌നോറിൽ പരന്നു. സംഘപരിവാർ സംഘടനകൾ ഉടൻ തന്നെ ഒരു ഘോഷയാത്ര ആരംഭിച്ചു[4]. മുസ്‌ലീം ഭൂരിപക്ഷ മേഖലയിലൂടെയാണ് അത് കടന്നുപോയത്. സംഘർഷ സാധ്യതയുള്ള മേഖലയിൽ അങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കാൻ ജില്ലാ ഭരണകൂടം അനുമതി കൊടുത്തതെന്തിന് എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. പിന്നീട് നടന്നത് ചരിത്രമാണ്. ഘോഷയാത്രയിൽ പ്രകോപനപരമായ മദ്രാവാക്യങ്ങൾ മുഴങ്ങി എന്നും, ജാഥക്ക് നേരെ കല്ലേറുണ്ടായി എന്നും ഇരു വിഭാഗങ്ങളുടെയും ഭാഗത്ത് നിന്ന് ആരോപണങ്ങളും, പ്രത്യാരോപണങ്ങളും ഉയർന്നു. അന്ന് നടന്ന കൊള്ളയും, കൊള്ളിവെയ്പ്പും, കൊലപാതകങ്ങളും ബിജ്‌നോറിന്റ തെരുവുകളിൽ ഒരിക്കലും മായാത്ത വെറുപ്പിന്റെ മുദ്രകളാണ് പതിപ്പിച്ചത്.  ഒരു കലാപം മറ്റൊന്നിന് വഴിമരുന്നിടുന്നു. ഒന്നിന്റെ ഓർമ്മകൾ മറ്റൊന്നിന് വളമാകുന്നു. 1990ൽ വിതയ്ക്കപ്പെട്ട വെറുപ്പിന്റെ വിത്തുകൾ ബിജ്‌നോറിൽ ഇടക്കിടെ മുളപൊട്ടുന്നു. 2016ൽ ഉത്തർപ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പിന് മുൻപ് ഈ ജില്ല വീണ്ടും കലാപഭൂമിയായി. ഇതിന്റെ കാരണത്തെക്കുറിച്ചും പരസ്പര വിപരീതങ്ങളായ കഥകളാണ് പുറത്ത് വന്നിട്ടുള്ളത്. ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഈ കലാപത്തിന്റെ ഗുണം ഏറ്റവും അധികം ലഭിച്ചത് ബിജെപിക്കാണ്[5]. സമാജ്‌വാദി പാർട്ടിയും, ബഹുജൻ സമാജ് പാർട്ടിയും വിഭജിച്ചെടുത്തിരുന്ന ഹിന്ദു വോട്ടുകൾ മിക്കതും അത്തവണ ബിജെപിയുടെ ബാലറ്റ്‌ പെട്ടിയിൽ വീണു. മൂന്ന് വർഷങ്ങൾക്ക് ശേഷം 2019 ഒക്ടോബറിൽ ബിജ്‌നോറിലെ തെരുവുകളിലൂടെ ഞങ്ങൾ നടക്കുമ്പോൾ ഒരു അഗ്നിപർവതം അവിടെ പുകയുന്നുണ്ട് എന്ന് തോന്നിയില്ല. ഞങ്ങൾ സൈക്കിൾ ചവിട്ടിയ പല തെരുവുകളിലും ഏതാനും ആഴ്ചകൾക്കുള്ളിൽ ചോരയൊഴുകും എന്ന് അപ്പോൾ സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.



നൂറ്റാണ്ടുകളായി തുടരുന്ന പരമ്പരാഗത ശൈലിയിലാണ് പടിഞ്ഞാറൻ ഉത്തർപ്രദേശിൽ മിക്കയിടത്തും കരിമ്പ് അടക്കമുള്ള കാർഷികോല്പന്നങ്ങൾ സംസ്‌ക്കരിച്ചെടുക്കുന്നത്. കരിമ്പിൻ നീര് തുടർച്ചയായി തിളപ്പിച്ച് ഖരരൂപത്തിലാക്കിയാണ് ശർക്കര ഉണ്ടാക്കുന്നത്. ശർക്കര ചൂടോടെ ഉരുട്ടി എടുക്കണം എന്നതിനാൽ എണ്ണ കയ്യിൽ പുരട്ടിയാണ് ജോലിക്കാർ ബുദ്ധിമുട്ടുള്ള ഈ കൃത്യം നിർവഹിക്കുന്നത്
നൂറ്റാണ്ടുകളായി തുടരുന്ന പരമ്പരാഗത ശൈലിയിലാണ് പടിഞ്ഞാറൻ ഉത്തർപ്രദേശിൽ മിക്കയിടത്തും കരിമ്പ് അടക്കമുള്ള കാർഷികോല്പന്നങ്ങൾ സംസ്‌ക്കരിച്ചെടുക്കുന്നത്. കരിമ്പിൻ നീര് തുടർച്ചയായി തിളപ്പിച്ച് ഖരരൂപത്തിലാക്കിയാണ് ശർക്കര ഉണ്ടാക്കുന്നത്. ശർക്കര ചൂടോടെ ഉരുട്ടി എടുക്കണം എന്നതിനാൽ എണ്ണ കയ്യിൽ പുരട്ടിയാണ് ജോലിക്കാർ ബുദ്ധിമുട്ടുള്ള ഈ കൃത്യം നിർവഹിക്കുന്നത് © ജോയൽ കെ. പയസ്
ശർക്കര ഉണ്ടാക്കുന്ന കുടിലുകളിൽ നിന്ന് ഉയരുന്ന വെളുത്ത പുകയാണ് ഉത്തർപ്രദേശിലേക്ക് പ്രവേശിച്ച ഞങ്ങളെ സ്വാഗതം ചെയ്തത്. തീയുടെയും പുകയുടെയും ഇടയിൽ മണിക്കൂറുകൾ ചിലവഴിക്കുന്ന കൂലിവേലക്കാരാണ് വലിയ വിലയൊന്നും കിട്ടാത്ത ശർക്കര ഉണ്ടാക്കിയെടുക്കുന്നത്
ശർക്കര ഉണ്ടാക്കുന്ന കുടിലുകളിൽ നിന്ന് ഉയരുന്ന വെളുത്ത പുകയാണ് ഉത്തർപ്രദേശിലേക്ക് പ്രവേശിച്ച ഞങ്ങളെ സ്വാഗതം ചെയ്തത്. തീയുടെയും പുകയുടെയും ഇടയിൽ മണിക്കൂറുകൾ ചിലവഴിക്കുന്ന കൂലിവേലക്കാരാണ് വലിയ വിലയൊന്നും കിട്ടാത്ത ശർക്കര ഉണ്ടാക്കിയെടുക്കുന്നത് © ജോയൽ കെ. പയസ്

ഒരു മാസം കൂടി കഴിഞ്ഞ്, ഞങ്ങൾ ബീഹാറിൽ എത്തിയപ്പോഴാണ് ബിജ്‌നോർ വീണ്ടും സംഘർഷഭൂമിയായ വാർത്തകൾ കേൾക്കുന്നത്. പൗരത്വ ഭേദഗതി നിയമം (Citizenship Amendment Act), ദേശീയ പൗരത്വ രജിസ്റ്റർ (National Register of Citizens) ഇവയ്ക്കെതിരെയുള്ള പ്രതിഷേധങ്ങൾ ബിജ്‌നോറിൽ അലയടിച്ചു. തുടർന്ന് നടന്ന പോലീസ് വെടിവയ്പിൽ രണ്ട് ചെറുപ്പക്കാർക്ക് ജീവൻ നഷ്ടമായി. ആൾക്കൂട്ടത്തിന്റെ വെടിയുണ്ടകൾ ഏറ്റാണ്‌ രണ്ടുപേരും മരിച്ചത് എന്നാണ് ജില്ലാപോലീസ് ആദ്യം പറഞ്ഞതെങ്കിലും, പിന്നീട് അവർക്ക് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നു[6].

അണക്കെട്ട് കണ്ട് തിരിച്ചെത്തിയ ഞങ്ങൾ ഒരു മുസ്‌ലിം ഹോട്ടലിൽ നിന്ന് റൊട്ടിയും, ബീഫും കഴിച്ചു. തിരിച്ച് മുറിയിലേക്ക് നടക്കുമ്പോളാണ് പ്രാദേശിക ഹിന്ദി ദിനപത്രമായ ബിജ്‌നോർ ടൈംസിന്റെ ഓഫീസ് കണ്ടത്. അകത്തേക്ക് കയറി ഞങ്ങൾ സ്വയം പരിചയപ്പെടുത്തി. എഡിറ്റർ അടക്കമുള്ള പത്രപ്രവർത്തകരുമായി സംസാരിച്ചു. പത്തോളം ആളുകൾ ജോലി ചെയ്യുന്ന ഒരു ചെറിയ കെട്ടിടം. അവിടെയെല്ലാം ചുറ്റിനടന്നു കാണാനും, ജോലിക്കാരോട് സംസാരിക്കാനും ഞങ്ങൾക്ക് അനുമതി കിട്ടി. ഒരു ചെറിയ ചായസൽക്കാരത്തിനും, ചർച്ചയ്ക്കും ശേഷം ഞങ്ങൾ വിട പറഞ്ഞു. ഞങ്ങളുടെ ഗംഗായാത്രയെക്കുറിച്ച് അന്നത്തെ പത്രത്തിൽ ഒരു വാർത്ത നൽകാൻ എഡിറ്റർ താല്പര്യം പ്രകടിപ്പിച്ചു. ഞങ്ങൾക്കും എതിർപ്പില്ലായിരുന്നു. അത്തരം ഒരു പത്ര വാർത്തയാണ് പിന്നീട് ഞങ്ങളെ പോലീസിന്റെ കയ്യിൽ നിന്ന് രക്ഷിച്ചത്. ഈ അധ്യായം എഴുതുന്നതിൽ ഭാഗമായി ബിജ്‌നോറിന്റ ചരിത്രം ചികയുന്നതിനിടയിലാണ് ബിജ്‌നോർ ടൈംസിനെ കുറിച്ച് എനിക്ക് കൂടുതൽ വിവരങ്ങൾ കിട്ടുന്നത്. 1990 ലെ കലാപം ഊതിക്കത്തിക്കുന്നതിൽ ഈ പത്രം ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു എന്നാണ് എനിക്കിപ്പോൾ മനസിലാകുന്നത്[7].



തണുത്തുറഞ്ഞ അടുത്ത പ്രഭാതത്തിൽ ഞങ്ങൾ ബിജ്‌നോറിനോട് വിടപറഞ്ഞു. അന്നത്തെ യാത്ര അത്ര ബുദ്ധിമുട്ടുള്ളതായിരുന്നില്ല. 35 കിലോമീറ്ററുകൾ ദൂരെയുള്ള ചാന്ദ്പൂർ (Chandpur) എന്ന പട്ടണമായിരുന്നു ഞങ്ങളുടെ മനസ്സിൽ. കയറ്റിറക്കങ്ങൾ ഇല്ലാതെ നീണ്ടുകിടക്കുന്ന സംസ്ഥാനപാതയിലൂടെ ആയിരുന്നു അന്നത്തെ സഞ്ചാരം. വഴിയോരത്തെ വലിയ തണൽ മരങ്ങളുടെ കീഴിൽ സൊറ പറഞ്ഞിരിക്കുന്ന നാട്ടുകാരോട് സംസാരിച്ച് വളരെ പതുക്കെയാണ് ഞങ്ങൾ നീങ്ങിയത്. കാലുകളിലെ വേദന പൂർണമായും മാറിയിരുന്നില്ലെങ്കിലും, ഇടക്കിടെ വിശ്രമിക്കുന്നത് കൊണ്ട് അതൊരു പ്രശ്നമായില്ല. ഏകദേശം നാലുമണിയോടെ ഞങ്ങൾ ചാന്ദ്പൂരിൽ എത്തി. തിരക്കുപിടിച്ച ഒരു ചെറിയ പട്ടണം. റെയിൽവേ സ്റ്റേഷനോട് ചേർന്നാണ് മാർക്കറ്റും, മറ്റ് കടകളും. ഒരു മുറി തേടിയുള്ള ഞങ്ങളുടെ അലച്ചിൽ വീണ്ടും ആരംഭിച്ചു. ഒന്നുരണ്ട് ധർമ്മശാലകളിൽ അന്വേഷിച്ചെങ്കിലും ഒഴിവില്ല എന്ന് പറഞ്ഞ് ഒഴിവാക്കി. സൈക്കിളുകൾ ഉന്തി ആ പട്ടണത്തിൽ തെക്കുവടക്ക് നടക്കുമ്പോളാണ് ഒരു തുണിക്കടക്കാരൻ ഞങ്ങളെ കൈകൊട്ടി വിളിച്ചത്. ഞങ്ങളുടെ യാത്രയെക്കുറിച്ച് കേട്ടപ്പോൾ അയാൾക്ക് വലിയ താത്പര്യമായി. തനിക്കറിയാവുന്ന ഒരിടത്ത് മുറി തരാമെന്ന് പുള്ളിക്കാരൻ പറഞ്ഞു. ഞങ്ങൾ നേരത്തെ സന്ദർശിച്ച ബസന്തീ ദേവീ ധർമ്മശാലയിലേക്കാണ് അയാൾ ഫോണിൽ വിളിച്ചത്. മുറിയില്ല എന്നുപറഞ്ഞ് അവിടെ നിന്ന് ഒഴിവാക്കിയ വിവരം ഞങ്ങൾ അയാളോട് പറഞ്ഞു. ഇതുകേട്ട് അല്പം കോപിച്ച ആ കച്ചവടക്കാരൻ ധർമ്മശാലയുടെ നടത്തിപ്പുകാരനെ കണക്കിന് ചീത്തവിളിച്ചു. “തീർത്ഥയാത്ര നടത്തുന്ന ഇവരെപോലുള്ളവർക്ക് വേണ്ടിയാണ് ധർമ്മശാലകൾ. താനെന്തിന് വേണ്ടിയാണ് അത് തുറന്ന് വെച്ചിരിക്കുന്നത്?” അതോടെ കാര്യങ്ങൾ എല്ലാം ശരിയായി. വന്ന വഴിയേ ഞങ്ങൾ തിരിച്ച് സൈക്കിൾ ചവിട്ടി.  വൻമരങ്ങൾ പന്തലിച്ചുനിൽക്കുന്ന ഒരു പറമ്പിലായിരുന്നു ആ ധർമ്മശാല. അജ്ഞാതരായ എത്രയോ ആളുകളുടെ വിയർപ്പ് പതിഞ്ഞ കിടക്കകളും, ചിലന്തി വലകളുമാണ് ഞങ്ങളെ അവിടെയുള്ള ഒരു കുടുസ് മുറിയിലേക്ക് വരവേറ്റത്.

പടിഞ്ഞാറൻ ഉത്തർപ്രദേശിലെ കാർഷിക മേഖലയിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. വലിയ നഗരങ്ങൾ ഇല്ലെങ്കിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു മേഖലയാണ് ഇത്. സംസ്ഥാനത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പല ജില്ലകളും ഈ മേഖലയിലാണ്
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ കാർഷിക മേഖലയിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. വലിയ നഗരങ്ങൾ ഇല്ലെങ്കിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു മേഖലയാണ് ഇത്. സംസ്ഥാനത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പല ജില്ലകളും ഈ മേഖലയിലാണ് © ജോയൽ കെ. പയസ്

ബാഗുകൾ ഇറക്കി കുറച്ച് നേരം വിശ്രമിച്ച ശേഷം ഞങ്ങൾ നടക്കാനിറങ്ങി. വഴിയിലെ ഒരു കടയിൽ നിന്ന് ചോറും, റൊട്ടിയും, മുട്ടക്കറിയും കഴിച്ച് ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. യാത്രക്കാരെക്കാൾ കൂടുതൽ കൊതുകുകളും, കുരങ്ങന്മാരുമാണ് അവിടെ ഉണ്ടായിരുന്നത്. അധികം തീവണ്ടികൾ കടന്നുപോകാത്ത ഒരു സ്റ്റേഷനാണ് ചാന്ദ്പൂർ. കുരങ്ങന്മാരുടെ ലീലാവിലാസങ്ങൾ ആസ്വദിച്ച് കുറച്ച് സമയം ചിലവാക്കി. തിരിച്ചു നടക്കുമ്പോളാണ് വഴിയിൽ നിറയെ പൊലീസുകാരെ കണ്ടത്. ചിലരുടെ കയ്യിൽ തോക്കുകളും ഉണ്ട്. സിഎഎ, എൻആർസി ഇവയ്ക്കെതിരെയുള്ള പ്രതിഷേധ ജാഥ ആ വഴിയിലൂടെ വരുന്നുണ്ട്. അതാണ് പോലീസ് സന്നാഹം. പ്രശ്നങ്ങൾ ഒന്നും സൃഷ്ടിക്കാതെ പ്രതിഷേധക്കാർ കടന്നുപോയി. ഞങ്ങൾ മുറിയിലേക്ക് തിരിച്ചുപോന്നു. വല്ലപ്പോഴും കടന്ന് പോകുന്ന തീവണ്ടികളുടെ ചൂളം വിളികൾ അല്ലാതെ മറ്റൊരു ശബ്ദവും രാത്രിയിൽ കേട്ടില്ല.



തുടർച്ചയായി വ്യത്യസ്തമായ കിടക്കകളിൽ (പലതും വർഷങ്ങളായി വെള്ളം കാണാത്തത്) കിടക്കുന്നത് ഒഴിവാക്കാൻ സ്ലീപ്പിംഗ് ബാഗുകളിലാണ് ഞങ്ങൾ ഉറങ്ങിയിരുന്നത്. ഓരോ ദിവസവും രാവിലെ അത് ചുരുട്ടിക്കെട്ടി ബാഗിൽ കയറ്റണം. ബാഗിന്റെ എല്ലാഭാഗത്തും ഭാരം ആനുപാതികമായി ഇരുന്നാൽ മാത്രമേ അത് സൈക്കിളിന്റെ പുറകിൽ കെട്ടിവെക്കാൻ കഴിയൂ. കുറഞ്ഞത് അരമണിക്കൂറെങ്കിലും എടുത്താണ് ഓരോ ദിവസവും ഞങ്ങൾ ബാഗുകൾ അടുക്കിയിരുന്നത്. പതിവ്‌ പോലെ ചായയും, ബിസ്ക്കറ്റും കഴിച്ച് ഞങ്ങൾ ചാന്ദ്പൂരിനോട് വിടപറഞ്ഞു. കഴിഞ്ഞ ദിവസം യാത്ര ചെയ്തുവന്ന സംസ്ഥാനപാതയിലൂടെയാണ് അന്നത്തെ സഞ്ചാരവും തുടരേണ്ടത്. 37 കിലോമീറ്ററുകൾ അകലെയുള്ള ഗജറോല (Gajraula) എന്ന പട്ടണമായിരുന്നു ഞങ്ങളുടെ അന്നത്തെ ലക്ഷ്യസ്ഥാനം. ഗംഗയുടെ തീരത്തുള്ള ഒരു വലിയ വ്യവസായ കേന്ദ്രമാണ് അത്. ആ പട്ടണത്തിൽ എന്താണുള്ളതെന്നോ, അന്ന് രാത്രി തങ്ങാൻ എത്ര കഷ്ടപ്പെടേണ്ടി വരുമെന്നോ ഞങ്ങൾക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല. ഈ യാത്ര തുടങ്ങിയതിൽ പിന്നെ മിക്ക ദിവസങ്ങളും അങ്ങനെയാണ്. അനിശ്ചിതത്വം ഓരോ നിമിഷവും ഞങ്ങളെ അനുഗമിച്ചുകൊണ്ടിരുന്നു.

________

Notes

[1] History of the Bijnor Rebellion (1858): Sir Sayyid Ahmad Khan, translated by Hadees Malik and Morris Demo [2] History of the Bijnor Rebellion (1858): Sir Sayyid Ahmad Khan, translated by Hadees Malik and Morris Demo [3] The Bijnor Riots, October 1990, Collapse of a Mythical Special Relationship? Economic and Political Weekly, March 5, 1994: Roger Jeffery and Patricia M [4] The Bijnor Riots, October 1990, Collapse of a Mythical Special Relationship? Economic and Political Weekly, March 5, 1994: Roger Jeffery and Patricia M [5] How Bijnor didn’t become another Muzaffarnagar by Kaushik Chatterji, News Laundry, September 28, 2016 [6] Reports in Indian Express, India Today and Hindustan Times reports on December 24, 2019 [7] The Bijnor Riots, October 1990, Collapse of a Mythical Special Relationship? Economic and Political Weekly, March 5, 1994: Roger Jeffery and Patricia M

Joyel K Pious

ജോയൽ കെ പയസ് ഒരു ഫോട്ടോഗ്രാഫറും, ദ്വിഭാഷ എഡിറ്ററും ആണ്. ഡൽഹിയിൽ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ് ദിനപത്രത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നു. കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള അദ്ദേഹം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിൽ തല്പരനാണ്. ഫോട്ടോമെയിലിന്റെ ന്യൂസ് എഡിറ്റർ എന്ന നിലയിലും അദ്ദേഹം തന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നു.

Published on February 19, 2021

Share

Home » Portfolio » Authors » Joyel K Pious » രണ്ട് പുതിയ ചങ്ങാതിമാർ

Related Articles

2022-02-03T18:22:26+05:30

പ്രയാഗിലെ ദേശാടനക്കിളികൾ

നല്ല വെയിലുള്ള ഒരു ഉച്ചയ്ക്കാണ് ഞങ്ങൾ കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗ്രാൻഡ് ട്രങ്ക് റോഡിന്റെ അരികിലൂടെ വളരെ ശ്രദ്ധയോടെ ഞാൻ സൈക്കിൾ ചവിട്ടി. വേഗമേറിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന കാറ്റിന് സൈക്കിളിന്റെ താളം തെറ്റിക്കാൻ കഴിയും എന്നതിനാൽ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. മുമ്പിലുള്ള പ്രധാന നഗരം 130 കിലോമീറ്റർ കിഴക്കുള്ള അലഹബാദ് ആയിരുന്നു. ഒറ്റദിവസം കൊണ്ട് അവിടെ എത്താനാകില്ല എന്നതുകൊണ്ട് ഇടയ്ക്കുള്ള ഫത്തേപ്പൂർ എന്ന പട്ടണത്തിൽ രാത്രി തങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഗംഗയുടെയും, യമുനയുടെയും ഇടയിലായാണ് ജില്ലാ ആസ്ഥാനം കൂടിയായ ഫത്തേപ്പൂരിന്റെ കിടപ്പ്. കയറ്റിറക്കങ്ങൾ ഇല്ലാത്ത വഴിയിലൂടെയുള്ള യാത്ര സുഖകരമായിരുന്നു.

2021-11-12T15:22:58+05:30

ചുവപ്പും കറുപ്പും: ചില കാൺപൂർ ഓർമ്മകൾ

നഗരത്തെ നടുവിലൂടെ കീറിമുറിച്ച് കടന്നുപോകുന്ന പ്രധാന പാതയിലൂടെ പതിനഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മാത്രമേ സുമിതിന്റെ സുഹൃത്തുക്കൾ ഏർപ്പാടാക്കിയ മുറിയിൽ എത്താനാകൂ. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും വലുതും, തിരക്കുപിടിച്ചതുമായ നഗരമായിരുന്നു കാൺപൂർ. നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന മോട്ടോർ വാഹനങ്ങളുടെ ഇടയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നത് ഒരു സർക്കസ് വിദ്യ പോലെ തോന്നി. വഴിയിൽ ഇടക്കിടെ വരുന്ന മേൽപ്പാലങ്ങളിലേക്ക് സൈക്കിൾ ചവിട്ടിക്കയറ്റാൻ ഞങ്ങൾ ഇരുവരും പ്രയാസപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളുടെ ഹോണുകൾ സൃഷ്ടിക്കുന്ന ഒച്ചപ്പാടിൽ സൈക്കിൾ മണികളുടെ ശബ്ദം അലിഞ്ഞില്ലാതായി. കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ട്രാഫിക് സിഗ്നലുകൾ പിന്നിടുന്നത് അതീവ ശ്രമകരമായിരുന്നു. ഓട്ടപ്പന്തയത്തിന് തയ്യാറെടുക്കുന്നതുപോലെ അക്ഷമരായി പച്ചവെളിച്ചവും കാത്ത് നിൽക്കുന്ന ഡ്രൈവർമാർക്കിടയിലൂടെ സൈക്കിൾ ചവിട്ടുന്നത് അപകടം നിറഞ്ഞ പരിപാടിയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പ്രയാണത്തിനൊടുവിലാണ് കാൺപൂർ നഗരത്തിന്റെ തെക്കേയറ്റത്ത് ഞങ്ങൾ എത്തിച്ചേർന്നത്.

2021-09-28T14:35:13+05:30

പുതുമഴയുടെ മണമുള്ള മണ്ണിൽ

മുറിയിൽ എത്തിയപ്പോൾ ധർമ്മശാലയുടെ ഉടമ അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിശേഷങ്ങൾ കേട്ടപ്പോൾ അയാൾ ഭേദപ്പെട്ട ഒരു മുറി തന്നു. ചിലന്തിവലകൾ നിറഞ്ഞ, ഈർപ്പം തങ്ങി നിന്നിരുന്ന ആ മുറി ആദ്യത്തെ സ്റ്റോർ റൂമിനേക്കാൻ നല്ലതായിരുന്നു. ഞങ്ങളുടെ പര്യടനഭൂപടത്തിൽ ഉൾപ്പെടാത്ത സ്ഥലമായിരുന്നെങ്കിലും, ബദായൂനിന്റെ ചരിത്രത്തെക്കുറിച്ച് ഞാൻ അല്പം അന്വേഷണം നടത്തി. അഹർ രാജകുമാരനായ ബുദ്ധ് പൊതുയുഗം (CE) 905ൽ സ്ഥാപിച്ചതാണ് ഈ നഗരം എന്ന് വിശ്വസിക്കപ്പെടുന്നു. മുഹമ്മദ് ഗസ്നിയുടെ ബന്ധുവായ സയ്യിദ് മസൂദ് ഗാസി CE 1028 ൽ ഈ പ്രദേശം പിടിച്ചടക്കി

2021-09-28T14:39:41+05:30

ബ്രിജ്ഘാട്ടിലെ ചൂടുകാറ്റ്

‘തീർത്ഥാടക നഗരിയായ അനുപ്ശഹറിലേക്ക് സ്വാഗതം’ എന്നെഴുതി വെച്ചിട്ടുള്ള ഒരു വലിയ കമാനം ഞങ്ങളുടെ മുൻപിൽ തലയുയർത്തി നിന്നു. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത് അനുപ് റായ് എന്ന രാജാവാണ് ഈ പട്ടണം സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്.

2021-09-28T14:40:57+05:30

രണ്ട് പുതിയ ചങ്ങാതിമാർ

ഇരുട്ട് വീഴും മുൻപേ ഹൈവേയിൽ എത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അഞ്ചുമണി ആയപ്പോഴേക്കും വെളിച്ചം കുറയാൻ തുടങ്ങി. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളും, ഒറ്റപ്പെട്ട ചില ഗ്രാമങ്ങളും മാത്രമേ വഴിയിൽ കണ്ടുള്ളൂ. കാലിൽ വേദന കൂടിക്കൂടി വന്നതുകൊണ്ട് സൈക്കിൾ വേഗത്തിൽ ചവിട്ടാനും കഴിയുന്നില്ല. ഓരോ കിലോമീറ്ററും പിന്നിടാൻ വേണ്ട സമയം കൂടിവന്നു.

2021-09-28T14:43:59+05:30

ഹരിദ്വാറിലെ ശാന്തിതീരം

ഹരിദ്വാറിലെ ഘാട്ടുകൾക്കും ആചാരങ്ങൾക്കും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഗുരുവിന്റെ സ്മരണയിൽ ഗുരുദ്വാര നാനക്-വാര (Gurudwara Nanakwara) എന്ന വലിയൊരു സിഖ് ആരാധനാലയം ഇവിടെ ഉയർന്നു വന്നിരിക്കുകയാണ്.

2021-09-28T14:45:56+05:30

യോഗാനഗരിയിലെ ബീറ്റിൽസ് താളങ്ങൾ

സംസ്കാരത്തിന്റെ സംരക്ഷകർ എന്നു സ്വയം വിശേഷിപ്പിക്കുന്ന ചിലർക്ക് വേറെ ചില ‘പ്രശ്നങ്ങളാണ്’ ഉയർത്തിക്കാട്ടാനുള്ളത് വിദേശ വിനോദ സഞ്ചാരികൾ അസന്മാർഗിക പ്രവർത്തികളിൽ ഏർപ്പെടുന്നു എന്നും, ഋഷികേശിന്റെ ‘പവിത്രത’ നഷ്ടപ്പെടുത്തുന്നു എന്നും ആരോപിച്ച് വിശ്വഹിന്ദു പരിഷദ് രംഗത്തുവന്നത് ഒരു ഉദാഹരണമാണ്.

2021-09-28T14:47:25+05:30

ദേവപ്രയാഗിലെ സന്ധ്യകൾ

ആളുകളെ കുത്തിനിറച്ച ഒരു ജീപ്പിലാണ് ടെഹ്‌റി അണക്കെട്ടിന് അപ്പുറത്തുള്ള ധൻസാലിയിൽ നിന്ന് ദേവപ്രയാഗിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങിയത്.

2021-09-28T14:48:50+05:30

സമരഭൂമിയിലൂടെ ഒരു ബോട്ട് സവാരി

ചമ്പയിലെത്തിയപ്പോഴേക്കും നേരം നല്ലപോലെ ഇരുട്ടി. തിരക്ക് പിടിച്ച ഒരു പട്ടണം. കുറേ അലഞ്ഞ ശേഷം 300 രൂപ വാടകക്ക് ഒരു ചെറിയ മുറി കിട്ടി. അടുത്ത രണ്ടോമൂന്നോ ദിവസം ഇവിടെ താമസിച്ച് ചുറ്റുമുള്ള പ്രദേശങ്ങൾ സന്ദർശിക്കാനായിരുന്നു പരിപാടി. പുറത്ത് നിന്നും പാർസൽ വാങ്ങിയ ചോറും പരിപ്പും, അടുത്തുള്ള ചന്തയിൽ നിന്ന് വാങ്ങിയ പച്ചക്കറികൾ ചേർത്തുണ്ടാക്കിയ സാലഡും കൂട്ടി ഞങ്ങൾ അത്താഴം കഴിച്ചു. തണുപ്പ് കൂടിക്കൂടി വന്നു.

2021-09-28T14:50:04+05:30

പെരുംമഴയിൽ കുതിർന്ന കാലടികൾ

ഉച്ച കഴിഞ്ഞതോടെ കാലാവസ്ഥയാകെ മാറി. കാർമേഘങ്ങൾ സൂര്യനെ മറച്ചു. എപ്പോൾ വേണമെങ്കിലും മഴ പെയ്യാമെന്നായി. ഹർസിൽ എത്താൻ ഇനിയും പത്ത് കിലോമീറ്ററോളം ഉണ്ട്. കയ്യിൽ കരുതിയിട്ടുള്ള മഴക്കോട്ടുകൾ ഞങ്ങൾ അണിഞ്ഞു. ബാഗുകൾ നനയാതിരിക്കാൻ പ്രത്യേകം കവറുകൾ ഉണ്ടായിരുന്നു. പെരുംമഴ തുടങ്ങി. നടത്തം വളരെ സാവധാനത്തിലായിരുന്നു. ഒരു മണിക്കൂറിൽ മൂന്ന് കിലോമീറ്റർ പോലും പിന്നിടാൻ ഞങ്ങൾക്ക് സാധിച്ചില്ല.

2021-09-28T14:51:30+05:30

യാത്രകളുടെ തുടക്കം

ഹിമാലയന്‍ മഞ്ഞുപാടങ്ങളില്‍ നിന്നൊഴുകി, ചരിത്രമുറങ്ങുന്ന ജനപഥങ്ങളെ തഴുകി, ബംഗാള്‍ ഉള്‍ക്കടലിന്‍റെ ആഴങ്ങളില്‍ അലിയുന്നത് വരെയുള്ള ഗംഗയുടെ യാത്രയെ, നാല് മാസത്തോളം സൈക്കിളിലും, കാൽനടയായും ജോയൽ കെ. പയസ് അനുഗമിച്ചതിന്റെ എഴുത്തും ചിത്രങ്ങളും.