Project Description

ഫോട്ടോ സ്റ്റോറി

ഫോട്ടോഗ്രാഫി © അജീഷ് കുമാർ 2016 -17

നൃത്തം ചെയ്യുന്ന ദൈവങ്ങൾ

വ്യയത്യസ്ഥ സംസ്കൃതികളുടെ വിളനിലമായി ലോകം നോക്കിക്കാണുന്ന ഭാരതത്തില്‍, ഏക ശിലാത്മവും ബ്രാഹ്മണ്യത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമായ ഹൈന്ദവത സ്ഥാപിച്ചെടുക്കുന്നതിനായി ഭരണകൂടം തന്‍റെ ജനതയോടുതന്നെ യുദ്ധം പ്രഖ്യാപിക്കുന്ന ഈ കാലഘട്ടത്തില്‍ തെയ്യം എന്ന അനുഷ്ടാന കലയ്ക്ക് കൂടുതല്‍ പ്രാധാന്യം കൈവരുന്നു.

വടക്കന്‍ കേരളത്തില്‍, പ്രധാനമായും കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് തെയ്യം അനുഷ്ടിച്ചുവരുന്നത്. ദേശ വ്യത്യാസങ്ങള്‍ക്കനുസരിച്ച് തെയ്യത്തിനെ. തിറയെന്നും കോലം എന്നും വിളിക്കാറുണ്ട്. തെയ്യത്തിന്‍റെ ഉല്‍പ്പത്തിയെക്കുറിച്ച് ആധികാരികമായ രേഖപ്പെടുത്തലുകള്‍ ഒന്നും തന്നെയില്ല.

വേട്ടയാടിയ വിഭവങ്ങള്‍ തീയില്‍ ചുട്ടുകഴിക്കുന്ന, പ്രകൃതി ശക്തികളെ ആരാധിച്ചു തീയ്ക്കു ചുറ്റും നൃത്തം വെയ്ക്കുന്ന ഗോത്ര സംസ്കൃതിയോട് കൂറുപുലര്‍ത്തുന്നുണ്ടെങ്കിലും , സംഘ കാല ചരിത്രത്തിലെ കലകളുടെ പരിഷ്കൃത രൂപമായിരിക്കാം തെയ്യമുള്‍പ്പടെ കേരളത്തിലങ്ങോളമിങ്ങോളമുള്ള പല ക്ഷേത്ര ക്ഷേത്രേതര അനുഷ്ടാന കലകളുമെന്ന് കരുതാവുന്നതാണ്. വള്ളുവനാട്ടിലെ പൂതനും തിറയും, മധ്യ തിരുവിതാംകൂറിലെ പടയണി, തെക്കന്‍ കേരളത്തിലെ മുടിയേറ്റ്, മംഗലാപുരം ഭാഗത്തുള്ള ഭൂത കൊല, ഇവയൊക്കെ തെയ്യവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്ന കലാരൂപങ്ങളാണ്.

നൃത്തം ചെയ്യുന്ന ദൈവ സങ്കല്‍പ്പങ്ങാളാണ് തെയ്യം. ദൈവം എന്ന വാക്കു പരിണമിച്ചാണ് തെയ്യം എന്ന വാക്കുണ്ടായതെന്നാണ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. ഏകദേശം നാന്നൂറിലധകം തരത്തിലുള്ള തെയ്യങ്ങള്‍ കെട്ടിയാടപ്പെടുന്നുണ്ട്. ദൈവം, മനുഷ്യന്‍, ഭൂതം, മൃഗം, മരം എന്നിങ്ങനെ വിവിധ ഭാവത്തിലുള്ള തെയ്യങ്ങളുണ്ട്. ഭാവമേതുതന്നെയായാലും കോലമണിയുന്ന മനുഷ്യന്‍ ദൈവമായി മാറുകയാണ്.

കാലദേശങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ഥങ്ങളാണ് ഓരോ തെയ്യങ്ങളെക്കുറിച്ചുമുള്ള ഐതീഹ്യങ്ങള്‍. പല ഐതീഹ്യങ്ങളിലും ബ്രാഹ്മണ്യവല്‍ക്കരണം നടന്നിട്ടുണ്ടുവെന്നത് പ്രകടവുമാണ്. കേരളോൽപ്പത്തി പ്രകാരം പരശുരാമനാണ് കളിയാട്ടം, പുറവേല, തെയ്യം എന്നിവ സൃഷ്ടിച്ചതെന്നാണ്‌ ഐതിഹ്യം. അദ്ദേഹം തെയ്യം കെട്ടാനുള്ള അനുവാദം പാണൻ, വേലൻ, വണ്ണാൻ എന്നീ ജാതികൾക്ക് കൽപ്പിച്ചു കൊടുത്തു എന്നും. പ്രധാനമായും തെയ്യം കെട്ടിവരുന്നത് വണ്ണാന്‍, മലയന്‍, അഞ്ഞൂറ്റാന്‍, മുന്നൂറ്റാന്‍, വേലന്‍, ചിങ്കത്താന്‍, മാവിലന്‍, കൊപ്പാളര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവരാണ്. ആചാരപ്രക്രാരം അവകാശപ്പെട്ടവിഭാഗങ്ങളല്ലാതെ മറ്റ് സമുദായങ്ങള്‍ തെയ്യം കെട്ടുകയില്ല. ഇന്നത്തെ ജാതി വ്യവസ്ഥയില്‍ താഴ്ന്നവരാണ് തെയ്യം കെട്ടുന്ന പല വിഭാഗങ്ങളും. വിപുലമായ രീതിയില്‍ ക്ഷേത്ര വല്‍ക്കരണങ്ങള്‍ ഉണ്ടെങ്കില്ക്കൂടിയും തെയ്യത്തിന്‍റെ ദേവ സ്ഥാനങ്ങള്‍ പോലും ഇപ്പോഴും താഴ്ന്നവിഭാഗത്തിന്‍റേതാണെന്നത് കൂടി പരിഗണിക്കുമ്പോള്‍ തെയ്യം എന്ന അനുഷ്ടാനം ആര്യ ബ്രാഹ്മണ്യവല്‍ക്കരണത്തിനോട് കീഴ്പ്പെട്ടിട്ടില്ല എന്നതിന്‍റെ സൂചനകളാണ്.

ശൈവ(പശുപതി) ആരാധനയും അമ്മ ദൈവങ്ങളും സൈന്ധവ കാലഘട്ടം മുതലേ ഉള്ളതായി ചരിത്ര കാരന്മാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതാണ്. തെയ്യം കൂടുതലും കടപ്പെട്ടിരിക്കുന്നത് സംഘകാല തമിഴ് സംസ്ക്കാരത്തോടാണ്. ഐതീഹ്യങ്ങളിലെ ദേവതാ സങ്കല്‍പ്പങ്ങള്‍ ഭൂരിഭാഗവും ശിവ-ശക്തി പ്രതീകങ്ങളാണ്.

ശിവപാര്‍വ്വതിമാര്‍ വേടരൂപം പൂണ്ട് കാട്ടില്‍ വിളയാടീടുന്ന സമയത്ത് ശീവ ബീജം ഭൂമിയില്‍ വീണു മൂന്ന് വൃക്ഷങ്ങളുണ്ടായെന്നും, അതില്‍ കരിമുകള്‍ അഥവാ കരിം തെങ്ങില്‍ നിന്നും ഊറിവരുന്ന മധു ശിവന്‍ കുടിക്കാന്‍ തുടങ്ങിയെന്നും, പാര്‍വ്വതി മധു വരുന്നത് ഒഴിവാക്കിയതില്‍ കലി പൂണ്ട് ശിവന്‍ ജഡ തുടയിലടിച്ചപ്പോഴുണ്ടായ പുത്രനാണ് വയനാട്ടു കുലവന്‍ തെയ്യം എന്നും ഐതീഹ്യം. ഭൂമിയിലേക്കെത്തിയ കുലവന്‍റെ തോഴനായി വന്ന കണ്ടനാര്‍ കേളനും, കോരച്ചനും കാരണവരും പിന്നീട് ദൈവരൂപത്തില്‍ തെയ്യങ്ങളായി എന്നും ഐതീഹ്യം.

ഫോട്ടോഗ്രാഫി © അജീഷ് കുമാർ 2016 -17

പമാനിക്കപ്പെട്ട പതിവ്രതയായ സ്ത്രീയുടെ രക്തസാക്ഷിത്വത്തില്‍ നിന്നും ഉയിര്‍കൊണ്ട തെയ്യമാണ് മുച്ചിലോട്ട് ഭഗവതി.

മരക്കലത്തില്‍ (തടി വള്ളത്തില്‍) മലനാട്ടിലേക്ക് വന്നു എന്ന് പറയുന്ന കന്യകയായ ആര്യ പൂങ്കന്നി അല്ലെങ്കിൽ ആര്യ പൂമാല ഭഗവതിയുടെ ആരാധന ഉള്ള സ്ഥലത്ത് കെട്ടിയാടിക്കുന്ന തെയ്യമാണ് പൂമാരുതന്‍ തെയ്യം. ശിവ ഭൂതാംശമാണ് പൂമാരുതന്‍.

പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരല്‍ പൊട്ടിപിളര്‍ന്നുണ്ടായ അനര്‍ത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികന്‍ തെയ്യം എന്ന് ഐതീഹ്യം.

ജാതീയ ഉച്ചനീചത്വങ്ങളിക്കിടയിലും നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്? നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്? എന്നു ചൊല്ലി

മനുഷ്യരെല്ലാം സമന്മാരാണെന്നു പറയുന്ന പൊട്ടന്‍ തെയ്യം ശങ്കരാചാര്യരെ പരീക്ഷിക്കാന്‍ ചണ്ഡാള വേഷത്തില്‍ വന്ന ശിവനെന്ന് വിശ്വസിക്കുന്നു. തീയിൽ വീഴുന്ന പൊട്ടനും, തീയിൽ വീഴാത്ത പൊട്ടനും ഉണ്ട്. ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾ ചോദിച്ച് കുഴക്കുന്ന ഒരാളെ പൊട്ടൻ എന്നു മുദ്രകുത്തി തന്ത്രപൂർവം ഒഴിഞ്ഞുമാറുന്നതിനാലും, പറയേണ്ട കാര്യങ്ങളെല്ലാം തമാശയും കാര്യവും കൂട്ടിക്കുഴച്ച് പറഞ്ഞ് ഫലിപ്പിക്കുന്ന പൊട്ടങ്കളി കളിക്കുന്നതുകൊണ്ടും ആയിരിക്കാം തെയ്യത്തിനു ഇങ്ങനെയൊരു പേര് വന്നത്.

തീകൂട്ടി കനലൊരുക്കി (മേലരി) അതിലേക്ക് ചാടുന്ന തെയ്യമാണ് വിഷ്ണുമൂര്‍ത്തി പരദേവത. നായാട്ടു മൂര്‍ത്തിയായ ദൈവത്തിന് വൈഷ്ണവ സങ്കൽപം പിൽക്കാലത്ത് ചാർത്തിക്കൊടുത്തതാവാനാണ് സാധ്യത

ശൈവ – വൈഷ്ണവ മൂര്‍ത്തിയായി സങ്കല്‍പ്പിക്കുന്ന മൂര്‍ത്തിയാണ് മുത്തപ്പന്‍. അയ്യങ്കര ഇല്ലത്തെ വാഴുന്നവര്‍ക്കും ഭാര്യ പടിക്കുട്ടി അന്തര്‍ജ്ജനത്തിനും ശിവാനുഗ്രഹത്താല്‍ ലഭിച്ച കുട്ടി മുത്തപ്പനായി മാറി എന്ന് ഐതീഹ്യം. കേരളത്തിലെ ജൈന ബുദ്ധ സ്വാധീനത്തില്‍ നിന്നും വന്ന തെയ്യം ആണ് മുത്തപ്പനെന്ന് കരുതുന്നവരുണ്ട്. മുക്തന്‍ എന്ന വാക്കില്‍ നിന്നാവാം മുത്തന്‍ എന്ന വാക്ക് വന്നതെന്ന് കരുതുന്നു.

ആര്യ പുരാണങ്ങളില്‍ രാമായണവുമായി ബന്ധപ്പെട്ട തെയ്യം കണ്ണൂര്‍ ജില്ലയിലെ ആണ്ടല്ലൂര്‍ കാവില്‍ കാണാം. ഇവിടെ രാമനും(ദൈവത്താര്‍) സീതയും മക്കളും ബാലിയും സുഗ്രീവനും എല്ലാം തെയ്യങ്ങളായുണ്ട്.

തെയ്യ ആചാരനുഷ്ടാനങ്ങളില്‍ പ്രകടമായിരിക്കുന്നത് ദ്രാവിഡ ഗോത്ര സംസ്കാരത്തോടുള്ള അടുപ്പമാണ്. പഞ്ച മകാരങ്ങളായ മദ്യം, മാംസം, മല്‍സ്യം, മുദ്ര, മൈഥുനം എന്നിവ ബ്രാഹ്മണ്യം തെയ്യ അനുഷ്ടാനങ്ങളെ പൂര്‍ണ്ണമായും സ്വാധീനിച്ചിട്ടില്ല എന്ന് കാണിക്കുന്നു.

വേട്ട പല തെയ്യങ്ങളുടെയും ആചാരത്തിന്‍റെ ഭാഗമാണ്. വേട്ടയാടിയ മൃഗങ്ങളും കള്ളുമാണ് വയനാട്ടുകുലവന്‍റെ നിവേദ്യങ്ങള്‍, ഇന്നും വയനാട്ടുകുലവന്‍ തെയ്യം കെട്ടുമ്പോള്‍ തെയ്യസ്ഥാനങ്ങളില്‍ വേട്ടയാടിപ്പിടിച്ച പന്നി പ്രസാദമായ് വിളമ്പാറുണ്ട്.

മദ്യവും ധാന്യവും ഉണക്കമീനുമെല്ലാം മുത്തപ്പന്‍ തെയ്യത്തിന്‍റെ നിവേദ്യങ്ങളാണ്.

തെയ്യ സ്ഥാനങ്ങളിലെ മീത്ത് (വീത്) എന്ന വഴിപാടിന്‍റെ പ്രസാദം കുരുതി ചെയ്ത കോഴി വിഭവവും കള്ളുമാണ്.

ഇങ്ങനെയൊക്കെ തെയ്യം മറ്റ് ക്ഷേത്ര അനുഷ്ടാനങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു.

ബ്രാഹ്മണ്യത്തെ വെല്ലുവിളിക്കുന്നതും എന്നാല്‍, മലബാറിലെ മത സൌഹാര്‍ദ്ദത്തിന്‍റെ ഉത്തമ ഉദാഹരണങ്ങളുമാണ് മുക്രി തെയ്യം, ആലി തെയ്യം, ഉമ്മച്ചി തെയ്യം തുടങ്ങീ മാപ്പിളതെയ്യങ്ങള്‍.

തെയ്യങ്ങളെക്കുറിച്ചെഴുതുമ്പോള് ‍മണക്കാടന്‍ ഗുരുക്കളെക്കുറിച്ചുകൂടി പറയാതെ അവസാനിപ്പിക്കുക വയ്യ. ഏകദേശം അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മണക്കാടന്‍ ഗുരുക്കളാണ് തെയ്യം എന്ന കലയുടെ പരിഷ്കര്‍ത്താവും കുലഗുരുവും. വണ്ണാന്‍ സമുദായത്തില്‍പിറന്ന കുഞ്ഞിരാമനാണ് പിന്നീട് മണക്കാട് ഗുരുക്കള്‍ എന്നറിയപ്പെട്ടത് എന്ന് കരുതുന്നു.

കലയും,അനുഷ്ടാനവും, വിശ്വാസവും എല്ലാം കൂടിച്ചേര്‍ന്ന തെയ്യം കാലോചിതമായ മാറ്റങ്ങളും അനിവാര്യമായ കൂട്ടിച്ചേർക്കലുകളും ഉള്‍ക്കൊണ്ടുകൊണ്ട് എന്നാല്‍ അതിന്‍റെ സത്ത നഷ്ടപ്പെടാതെതന്നെ ഒരു നാടിന്റെ സാംസ്കാരിക ഉത്സവമായി വളർന്നു കൊണ്ടിരിക്കുന്നു.

ഫോട്ടോഗ്രാഫി © അജീഷ് കുമാർ 2016 -17

ഫോട്ടോഗ്രാഫി © അജീഷ് കുമാർ 2016 -17

മലയാളം  

24 ജൂൺ 2017 ന് പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരിച്ച ചിത്രങ്ങളും വാചകങ്ങളും രചയിതാവിന്റെ പകർപ്പവകാശത്തിനും / അല്ലെങ്കിൽ ഫോട്ടോമെയിലിനും വിധേയമാണ്.

അജീഷ് കുമാർ വളർന്നു വരുന്ന ഒരു യുവ ഫോട്ടോഗ്രാഫറാണ്. കേരളാ ഗവണ്മെന്റ് ഹെൽത്ത് സെർവിസിൽ ഒപ്‌റ്റോമെട്രിസ്റ്റായിട്ടു കേരളത്തിൽ ജോലി ചെയ്‌യുന്നു.