തിരുവണ്ണാമലയിൽ നിന്നും ചില ദൃശ്യസ്‌ഫോടനങ്ങൾ –  അബുൾ കലാം ആസാദ് എന്ന ഫോട്ടോഗ്രാഫർ

ജോണി എം. എല്‍

മലയാളത്തില്‍ അര്‍ജുന്‍ രാമചന്ദ്രന്‍

കേരളത്തിലെ വടക്കൻ ജില്ലകളിൽ ഒന്നായ പാലക്കാട്. ആ ഭൂവിസ്തൃതിയിൽ ഉയർന്നു നിൽക്കുന്ന പനങ്കാടുകൾ. പനകളുടെ പച്ചനിറമുള്ള ഓലക്കീരീടങ്ങളിൽ വേനൽക്കാറ്റുകൾ കൂത്ത്‌ മറിയുന്നു. ഈ നാടിന്റെ വടക്കുകിഴക്ക് ഭാഗങ്ങളിലെ മലയാളം, സാഹിത്യത്തിന്റെയും തത്ത്വചിന്തയുടെയും സംഗീതത്തിന്റെയും പുരാതനഭാഷയായ തമിഴിനോട് കൂടിക്കലരുന്ന മട്ടിൽ. ഇവിടെ വളരുന്ന പനമരങ്ങൾ പകലുകളിൽ – നാം കാണുന്നില്ലെങ്കിലും – പുറകോട്ടോടുകയും രാത്രികളിൽ, ഒരു മായാജാലലോകമായി മാറുകയും ചെയ്യുന്നു. അങ്ങിനെയുള്ള രാത്രികളിൽ സുന്ദരികളായ രക്തരക്ഷസ്സുകൾ പുരുഷന്മാരെ വശീകരിച്ചു. പനമുകളിൽ വെച്ച്, അവരുടെ പൗരുഷം ആസ്വദിച്ചശേഷം, ചിലന്തികളെ പോലെ കാമുകന്മാരെ ഭക്ഷിച്ചു. നിഗൂഢമായ കാമസംഗമത്തിന്റെ തെളിവായി, നഖങ്ങളും മുടിനാരുകളും മാത്രം ശിഷ്ടം വെക്കുന്ന ഒരു മായാലോകം. ഈ നാടിന് ഇവിടുത്തെ കെട്ടുകഥകളുടെ യാഥാർത്ഥ്യം മാത്രമേ കല്പിക്കാനാവൂ. മറിച്ച്, നാം കേൾക്കുന്ന ഈ കെട്ടുകഥകൾക്കെല്ലാം നാടിന്റെ അത്രയും സത്യവുമുണ്ട്.

സാമ്രാജ്യം വിപുലീകരിക്കാൻ വന്നെത്തിയ സുൽത്താന്മാർ കൂടെ കൊണ്ടുവന്ന ചില മുസ്ലിം വ്യാപാരികൾ ഈ പ്രദേശങ്ങളിലുമെത്തി. കാലം ചെന്നതോടെ, അവർ ഇവിടുത്തെ ജനങ്ങൾക്കിടയിൽ ശാന്തമായി കലർന്ന്, ഈ മണ്ണിൽ തന്നെ ജീവിച്ചു തുടങ്ങി. വടക്കൻകാറ്റു പോലെ, അറബിക്കുതിരകളിൽ സഞ്ചരിച്ചു വന്ന ഈ റാവുത്തർമാരോട് വൈദിക ബ്രാഹ്മണർക്ക് യാതൊരു വിരോധവും തോന്നിയില്ല. ബ്രാഹ്മണരെ പോലെ തന്നെ റാവുത്തർമാരും തമിഴിൽ മലയാളം കലർത്തി, അല്ലെങ്കിൽ മലയാളത്തിൽ തമിഴ് കലർത്തിയാണ് സംസാരിച്ചത്. പാലക്കാട്ടുകാർ ഓരോരുത്തരും മാന്ത്രികർ ആയിരുന്നു. ചിലർ പാട്ടുകൾ പാടി, ചിലർ കഥയെഴുതി, ചിലർ ഹാസ്യചിത്രം വരച്ചു, ചിലർ ബിംബങ്ങൾ സൃഷ്ടിച്ചു.

നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫോട്ടോഗ്രാഫർമാരിൽ ഒരാളായ അബുൾ കലാം ആസാദ് ഇന്നും വിശ്വസിക്കുന്നത്, താൻ പണ്ട് പണ്ട്, കുതിരപ്പുറങ്ങളിൽ പാലക്കാട്‌ ചുരം വഴി കേരളത്തിൽ എത്തിയ റാവുത്തർമാരുടെ പിൻഗാമി ആണെന്നാണ്. 2010-ൽ മട്ടാഞ്ചേരിയിൽ നിന്ന് തിരുവണ്ണാമലയിലേക്കു താമസം മാറിയത് വേരുകളിലേക്കുള്ള വേറൊരു തരം തിരിച്ചു പോക്കായിരുന്നു. ആസാദ് നല്ല പോലെ തമിഴ് സംസാരിക്കും. തിരുവണ്ണാമലയിൽ എത്തുന്നതിനു വർഷങ്ങൾക്കു മുൻപ് തന്നെ, ഡൽഹിയിൽ താമസിക്കുമ്പോഴും, ആസാദ് തമിഴിൽ സംസാരിച്ചിരുന്നു – പൈതൃകഭാഷ മറക്കാതിരിക്കാൻ ശ്രമിക്കുന്ന മട്ടിൽ. വാസ്തവത്തിൽ, ആസാദിന് മാതൃഭാഷ എന്നൊന്ന് ഇല്ലായിരുന്നു. ചുറ്റുപാടുകൾക്കും ചുറ്റുമുള്ളവർക്കും അനുസരിച്ച് ഭാഷകൾ മാറി മാറി സംസാരിക്കാനുള്ള കഴിവ് അയാൾ വളർത്തിയെടുത്തിരുന്നു. വടക്കേ ഇന്ത്യയിലെ പ്രാദേശികവാസികളോട് സംസാരിക്കുമ്പോൾ ഹിന്ദിയിലും, തന്റെ മിക്ക സുഹൃത്തുക്കളോടും ഇംഗ്ലീഷിലും, ചിരിക്കുമ്പോൾ മലയാളത്തിലും, പരിഹസിക്കുമ്പോൾ തമിഴിലും അബുൾ സംഭാഷണം ചെയ്തു. 1996-97-ൽ, ഉപരിപഠനത്തിനായി ഫ്രാൻസിൽ താമസിച്ചിരുന്ന കാലത്ത് ഫ്രഞ്ചിൽ സംസാരിച്ചിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. 1993-ൽ, ശ്രീനഗറിലെ ഹസ്രത്ബല്ലിൽ വെച്ച്, ഇന്ത്യൻ പട്ടാളത്തിന്റെയും കാശ്മീരി പ്രതിരോധത്തിന്റെയും ഫോട്ടോഗ്രഫുകൾ എടുക്കുന്ന സമയത്ത്, അവിടെ കണ്ടു മുട്ടിയ ജിന്നുകളോടും മാലാഖമാരോടും ഏതു ഭാഷയിലാണ് അബുൾ സംസാരിച്ചതെന്ന് ഞാൻ ആലോചിക്കാറുണ്ട്.

രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് അബുൾ ആസാദ് ഞങ്ങൾക്ക് തന്റെ ഫോട്ടോഗ്രഫുകൾ കാണിച്ചപ്പോൾ, അതിലെ ആശയത്തനിമകൾ ഞങ്ങളിൽ പലർക്കും ബോധിച്ചില്ല. “രഘു റായ്‌ സ്കൂളിൽ” നിന്ന് വ്യതസ്തമായിരുന്നു ആ ഫോട്ടോഗ്രഫുകൾ. എന്നാൽ കിഷോർ പരേഖിനെയും അനുകരിച്ചില്ല. വ്യത്യസ്തവും അതേ സമയം അസ്വസ്ഥമാക്കുന്നവയും ആയിരുന്നു അവ. റാം റഹ്മാൻ , തന്റേതു മാത്രമായ – ഒരു തരം ക്രൂരമായ – നർമ്മബോധത്തിന്റെ പ്രതിനിധാനങ്ങളായ ഫോട്ടോഗ്രഫുകൾ, വടക്കേ ഇന്ത്യൻ രാഷ്ട്രീയത്തിലെ അലക്ഷണ വശങ്ങൾ അടിത്തറയാക്കി നിർമ്മിച്ചു. അതിനൊപ്പം തന്നെ, യാഥാസ്ഥിതിക സമൂഹത്തിൽ യാദൃശ്ചികമായി വെളിപ്പെടുന്ന ഹോമോ-ഇറോട്ടിക് ഏറ്റുമുട്ടലുകളും ഫോട്ടോഗ്രഫുകളിലേക്ക് പകർത്താൻ ശ്രമിച്ചു. ഒരു സവിശേഷ രീതിയിലുള്ള താല്പര്യത്തോടെ, (പാബ്ലോ ബർതൊലോമ്യുവിന്റെ വികാരങ്ങൾക്ക് തുല്യമല്ലാത്ത ഒന്ന്) റാം റഹ്മാനും അബുൾ ആസാദും നഷ്ടപ്പെട്ടു കൊണ്ടിരുന്ന മതേതരത്വത്തിന്റെ അവശിഷ്ടങ്ങളെ ഡോക്യുമെന്റ് ചെയ്തു കൊണ്ടിരുന്നു. എന്നാൽ അബുൾ ആസാദ് ഇതിനും അപ്പുറമെന്തെന്ന് ചിന്തിച്ചു. സ്വകാര്യമായ ഭാഷയും ഗുണസവിശേഷതയും ഉള്ള ഒരു ബിംബസമാഹാരമാണ് അദ്ദേഹം സൃഷ്ടിച്ചത്. തന്റെ ചിത്രങ്ങളിൽ, ഫോട്ടോഗ്രഫിക് ഇമേജ് ഉണ്ടോ എന്ന് സംശയിക്കേണ്ടി വരുന്ന വിധം, അതിനെ വികൃതമാക്കി, മുകളിൽ കോറി വരച്ചും കീറി മുറിച്ചുമാണ് അബുൾ ദൃശ്യബിംബങ്ങൾ ഉണ്ടാക്കിയത്. സാധാരണ ഡോക്യുമെന്ററി ഫോട്ടൊഗ്രഫുകൾക്ക് ഇല്ലാത്ത ഒരു ദൃശ്യതലം നല്കുന്ന ഇത്തരം പ്രക്രിയകൾ ചെയ്യുമ്പോൾ, കലാകാരൻ സ്വയം പീഡിപ്പിക്കുന്നതായി അനുവാചകന് തോന്നുന്നു.

ഇമേജറിയുടെ ഈ നഗ്നത കാഴ്ചക്കാരിൽ ചൊടിപ്പിക്കുന്ന ചോദ്യങ്ങൾ ഉയർത്തുകയോ അവരെ നിരാശപ്പെടുത്തുകയോ ആണ് ചെയ്തതെങ്കിലും അബുൾ ഒന്നിനെയും ന്യായീകരിക്കാൻ ശ്രമിച്ചിരുന്നില്ല. കോറി വരച്ച ഫോട്ടോഗ്രഫുകൾ കൂടുതൽ ആളുകളെ കാണിക്കുകയാണ് ചെയ്തത്. മയൂർ വിഹാർ ഫേസ് III-ലെ അബുളിന്റെ ഇരുമുറി ഫ്ലാറ്റിലെ മതിലിൽ, തല തിരിച്ചു ഒട്ടിച്ചിരുന്ന ഇന്ത്യൻ ദേവന്മാരുടെയും ദേവികളുടെയും പോസ്റ്റ്‌കാർഡ്‌ വലിപ്പമുള്ള പ്രിന്റുകൾ കണ്ടവർ ഒന്നു വിറച്ചു. കാലം മാറിയിരിക്കുകയാണ് – 1980-കളുടെ അവസാന വർഷങ്ങളായ പോസ്റ്റ്‌-മണ്ഡൽ കാലഘട്ടത്തിനും 1992-ലെ ദൗർഭാഗ്യകരവും കുപ്രസിദ്ധവുമായ ബാബറി മസ്ജിദ് നിരത്തലിനും ശേഷം, ഇന്ത്യയുടെ സാമൂഹിക ബോധത്തിന് വൻതോതിൽ മാറ്റങ്ങൾ വന്നു കഴിഞ്ഞിരുന്നു. ആസാദ് അപ്പോഴും ഒരു സാധാരണ പ്രസ്സ് ഫോട്ടോഗ്രാഫർ തന്നെ ആയിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പ്രവൃത്തികൾ ഉള്ളിലുണ്ടായ ഏതോ മാറ്റത്തെ സൂചിപ്പിച്ചു. ഒരു ഉറച്ച മതേതരവിശ്വാസി ആയിരുന്ന അബുളിന് സ്വന്തം പേരിൽ തന്നെ, ഇരുധ്രുവങ്ങളോടുമുള്ള വിപരീത ബന്ധം അനുഭവപ്പെട്ടിരുന്നു. ‘ആസാദ്’ എന്ന പേര് ഒരേ സമയം ചന്ദ്രശേഖർ ആസാദിനെ പോലെയൊരു ഹിന്ദു (ഹിന്ദുത്വവാദി അല്ലെങ്കിൽ കൂടി) വിപ്ലവകാരിയെയും തെക്കേ ഇന്ത്യയിലെ ഒരു മുസ്ലിം പേരിനെയുംസൂചിപ്പിക്കുന്നു. അബുളിന്റെ സുഹൃത്തായ റാം റഹ്മാൻ മതവും മതേതര അസ്തിത്വവും പ്രശ്നവൽക്കരിച്ചത് അച്ഛനും അമ്മയും ബോധപൂർവ്വം നൽകിയ പേരിലൂടെയാണ്. എന്നാൽ അബുൾ കലാം ആസാദ് എന്ന പേര്, പ്രശസ്തനായ ആ മുസ്ലിം സ്വാതന്ത്ര്യ സമര നേതാവിന്റെ ഓർമ്മയിൽ നൽകിയത് തന്നെ എന്നതിൽ സംശയമില്ല. പക്ഷേ, ഒരു ഹിന്ദു ബന്ധം യാദൃശ്ചികമായി പുലർന്നു പോന്നു. ആസാദ് ഒരു മതേതരവാദി ആയിരുന്നു. ഹിന്ദുവോ മുസ്ലിമോ ആയിരുന്നില്ല. ‘ദീൻ ഇലാഹി’ ആയിരിക്കും ഒരു പക്ഷെ, അദ്ദേഹത്തിനു ചേരുന്ന മതം. ദീൻ ഇലാഹി ഇന്നില്ലാത്തതിനാൽ, ഒരു സൂഫിയെ പോലെ ഹൈന്ദവ ഉദാരതയും താപസവൃത്തിയും ഉൾക്കൊണ്ട് അദ്ദേഹം ജീവിക്കുന്നു.

90-കളിലെ അബുളിന്റെ കലയിലെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും മതങ്ങളുടെയും വിമർശനം, മുൻപരിചയമില്ലാത്ത ചിഹ്നങ്ങളും പ്രയോഗങ്ങളും എന്നിവ കാഴ്ചക്കാരെ സ്വാഭാവികമായും അസ്വസ്ഥരാക്കി. അത്തരം കല, അന്നത്തെ സാഹചര്യങ്ങളിൽ, ആരും പ്രദർശിപ്പിക്കാൻ തയ്യാറായിരുന്നില്ല. ഡൽഹിയിൽ പലയിടത്തും നിഷേധപ്രതികരണം മൂലം കലാസൃഷ്ടികൾ പ്രദർശനത്തിൽ നിന്ന് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. പ്രദർശനം തന്നെ നിർത്തി വെക്കേണ്ടതായും വന്നിട്ടുണ്ട്. എം. എഫ് ഹുസ്സൈൻ സാംസ്കാരിക വേട്ടയാടലിന് വിധേയനായി കൊണ്ടിരുന്ന കാലം. ഗാലറികളും ക്യുരേറ്റർമാരും ചെറുക്കാൻ ഭയപ്പെട്ട കാലം. ഡൽഹിയിലെ SAHMAT (സഫ്ദർ ഹാശ്മി മെമ്മോറിയൽ ട്രസ്റ്റ്‌) മാത്രമാണ് സംഘടനാതലത്തിൽ ഇരുണ്ട ശക്തികൾക്ക് എതിരെ നിന്നതും, പ്രതിരോധ സ്വഭാവമുള്ള കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ചതും. അവർ പോലും, ആസാദിന്റെ ഫോട്ടോഗ്രഫുകൾ പ്രദർശിപ്പിക്കാൻ തയ്യാറായില്ല. ഡൽഹിയിലെ ജോലിയും സാമ്പത്തിക സുരക്ഷിതത്വമുള്ള ജീവിതവും വിടാൻ സമയമായി എന്ന് തീരുമാനിച്ച്, സഹസ്രാബ്ദത്തിന്റെ അവസാനങ്ങളിൽ ആസാദ് മട്ടാഞ്ചേരിയിലേക്ക് താമസം മാറ്റി. പിന്നീടുയർന്നു വന്ന “മട്ടാഞ്ചേരി സ്കൂൾ ഓഫ് ഫോട്ടോഗ്രഫി” എന്ന് ഞാൻ പണ്ട് വിശേഷിപ്പിച്ചിരുന്ന തരംഗത്തിൽ പ്രധാന പങ്ക് ആസാദിനുണ്ടായിരുന്നു.

ആ വർഷങ്ങളിൽ, ആസാദ് ചുറ്റുപാടുകളും സാമൂഹിക അവസ്ഥകളും അവയിൽ തന്റെ അസ്തിത്വവും നിശിതമായി നിരീക്ഷിക്കുന്ന ഫോട്ടോഗ്രഫുകൾ എടുത്തു. ചുമരെഴുത്തുകളും ചായക്കടകളും കള്ള് ഷാപ്പുകളും കാപട്യമോ മുൻവിധിയോ കൂടാതെ പകർത്തി. നിരാകരിക്കപ്പെട്ട ‘നിസ്സാര മനുഷ്യന്റെ’ വീക്ഷണ കോണിലൂടെ കഥ പറയാൻ തുടങ്ങി – ‘ന്യൂ ജെൻ’ സിനിമകൾ വരുന്നതിനും വർഷങ്ങൾക്കു മുൻപ്. ഇതിനോടൊപ്പം തന്നെ, ആസാദ് തന്റെ സ്വത്വത്തെയും ജീവിതത്തെയും കൂടിയാണ് സങ്കീർണമായി ഡോക്യുമെന്റ് ചെയ്തത്.

കൊച്ചിയിലെ ‘ഇഷ്കാ’ ഗാലറിയിൽ 2007-ൽ ആസാദ് വലിയ പ്രിന്റുകൾ പ്രദർശിപ്പിച്ചു. ഫോട്ടോഗ്രഫറും പ്രിന്റ്‌മേക്കറും സംഗീതജ്ഞനും കലാകാരനും ഇഷ്കായുടെ ഉടമസ്ഥനുമായ ജോസഫ്‌ ചാക്കോള ആസാദിന്റെ ഫോട്ടോഗ്രഫുകൾ പ്രദർശിപ്പിക്കാൻ ഉത്സാഹിച്ചു. പ്രദർശിപ്പിച്ച ഇമേജുകൾ എല്ലാം പശുക്കളുടെയും അവ അലയുന്ന ചുറ്റുപാടുകളുടെയും ആയിരുന്നു. ടിന്റഡ് നെഗറ്റീവുകളുടെ സ്വഭാവമുള്ള ഇമേജുകൾ. ആസാദിന്റെ വീക്ഷണവും വിമർശനവും പലർക്കും അന്ന് ഉൾകൊള്ളാൻ കഴിഞ്ഞില്ല. പക്ഷേ, വരും വർഷങ്ങളിൽ, പശു എപ്രകാരം രൂപപ്പെട്ടു വരുന്ന പുതിയൊരു ദേശീയബോധത്തിന്റെ ഭാഗവും പ്രഭാവവും ആയി എന്നതിന് നമ്മൾ സാക്ഷികളായി. വരാൻ പോകുന്ന രാഷ്ട്രീയ രംഗപരമ്പര മുൻകൂട്ടി കണ്ടു കൊണ്ടുള്ള, ഒരു നിശബ്ദ നിലവിളി ആയിരുന്നു ആസാദിന്റെ ചിത്രങ്ങൾ. ഈ പ്രദർശനം ഡൽഹിയിലോ പശുക്കൾ ആരാധിക്കപ്പെടുന്ന മറ്റേതു സ്ഥലത്തോ നടന്നിരുന്നെങ്കിലും ആരും തടസ്സപ്പെടുത്തുമായിരുന്നില്ല. കാരണം പശുവിന്റെ ബിംബവൽക്കരണം നിശിതവും വ്യാജസ്തുതിയും നിറഞ്ഞതായിരുന്നു.

കേരളത്തിലെയും തമിഴ്നാട്ടിലെയും അമ്മദൈവ സങ്കൽപത്തിലേക്ക് നോട്ടം തിരിച്ചു കൊണ്ട് ആസാദ് ‘ഫെമിനിസ്റ്റ് ആചാരങ്ങളെ’ പഠിക്കാനും പകർത്താനും ആരംഭിച്ചു. ഈ കൂട്ടിമുട്ടലിൽ നിന്നാണ് ‘ബ്ലാക്ക്‌ മദർ’ എന്ന ഫോട്ടോ പരമ്പര ഉരുത്തിരിഞ്ഞത്. ആസാദ്, തന്റെ ചിത്രങ്ങളെ പറ്റി ദീർഘമായി പ്രസംഗിക്കുകയോ സൈദ്ധാന്തിക – രാഷ്ട്രീയ പൊരുളുകൾ ഉറക്കെ വിളിച്ചു പറയുകയോ ചെയ്യാത്തത് കൊണ്ടാവാം; ‘ബ്ലാക്ക്‌ മദർ’ ഫെമിനിസ്റ്റ് പഠനങ്ങളുടെ ഭാഗമാവാതെ നിൽക്കുന്നത്. എങ്കിൽ കൂടി – അധികം വൈകാതെ – ആസാദിന്റെ ഫോട്ടോഗ്രഫി വരും സ്ത്രീപഠനങ്ങളുടെ ഭാഗമാകും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.

ഇതേ കാലഘട്ടത്തിലാണ് ആസാദ് ക്രോമോ-ലോമോഗ്രാഫി മാധ്യമത്തിൽ പരീക്ഷണങ്ങൾ തുടങ്ങിയത്. ലോമോഗ്രാഫി എന്നത് ചെലവും മേന്മയും കുറഞ്ഞ ഒരു പഴയ ഫോട്ടോഗ്രാഫി ശൈലിയാണ്. ലോമോ ഫോട്ടോഗ്രഫുകൾ ഇൻസ്റ്റാഗ്രാം ഫോട്ടോ പോലെ തോന്നിക്കും. ഇൻസ്റ്റാഗ്രാം എന്ന ആശയം തന്നെ ലോമോവിൽ നിന്ന് വന്നതാണ്. ഇൻസ്റ്റഗ്രാം പ്രസിദ്ധമാവുന്നതിനു വർഷങ്ങൾക്കു മുൻപ് തന്നെ, ആസാദ് ലോമോഗ്രാഫി ചിത്രങ്ങൾ പല മാധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ചിരുന്നു. സങ്കീർണ്ണവും മേന്മയേറിയതുമായ ഹൈ-എൻഡ് ക്യാമറകൾ ഉപേക്ഷിച്ച്, ആസാദ് ലളിതമായ ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് ഫോട്ടോഗ്രാഫുകൾ എടുക്കാൻ തുടങ്ങി. ഇതിനോടൊപ്പം തന്നെ പല വിധങ്ങളിലുള്ള മാധ്യമങ്ങൾ ഫോട്ടോഗ്രഫിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. അനലോഗും ഡിജിറ്റലും കൂട്ടിക്കലർത്തി പുതിയൊരു ദൃശ്യഭാഷ ഒരുക്കാൻ ശ്രമിച്ചു. ഇത്തരം പരീക്ഷണങ്ങൾ ഇന്ത്യൻ ഫോട്ടോഗ്രഫിയിൽ പുതിയതായിരുന്നെങ്കിലും ആസാദിന്റെ പ്രചോദനങ്ങൾ തഞ്ചാവൂർ ചിത്രകല പോലെയുള്ള പ്രാദേശിക കലാരൂപങ്ങൾ ആയിരുന്നു.

കൂവഗം എന്ന തമിഴ്നാട്ടിലെ ഗ്രാമത്തിൽ എല്ലാ വർഷവും ഏപ്രിൽ മാസം സ്ത്രീകളും പുരുഷന്മാരും ഭിന്നലിംഗക്കാരും ഒത്തു കൂടുന്ന, ഇരുപതു ദിവസം നീണ്ടു നിൽക്കുന്ന, ഒരു ഉത്സവമുണ്ട്. ‘അരവൻ’ അല്ലെങ്കിൽ ‘ഇറവൻ’ എന്ന് അറിയപ്പെടുന്ന ദേവന്റെ വധുവായി അദ്ദേഹത്തിനു സ്വയം സമർപ്പിക്കുക എന്നതാണ് ഈ ഉത്സവ വേളയിലെ പ്രധാന നേർച്ച. അർജ്ജുനന്റെ മകനായ അരവൻ മഹാഭാരത യുദ്ധത്തിൽ പാണ്ഡവ വിജയത്തിനായി സ്വന്തം ജീവൻ ത്യജിച്ചതായാണ് പറയപ്പെടുന്നത്. അരവന് സ്വർഗം ലഭിക്കണമെങ്കിൽ കല്യാണം കഴിഞ്ഞിരിക്കണം. എന്നാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ മരിക്കുമെന്ന് ഉറപ്പായ ഒരാളെ ഭർത്താവായി സ്വീകരിക്കാൻ ആരും തയ്യാറായില്ല. ഒടുവിൽ കൃഷ്ണൻ മോഹിനീരൂപം ധരിച്ച് അരവന്റെ ഭാര്യയാവുകയും അരവനൊപ്പം മൂന്ന് രാത്രികൾ ചിലവഴിക്കുകയും അതിനു ശേഷം അരവൻ മരിക്കുമ്പോൾ ഏതൊരു സാധാരണ വിധവയേയും പോലെ നെഞ്ചത്തടിച്ച് കരയുകയും സംസ്കാരനുഷ്ഠാനങ്ങൾ നിറവേറ്റുകയും ചെയ്തു. ഇതിന്റെ ഓർമ്മക്കായാണ് കൂവഗത്തും മറ്റു പലയിടത്തും അരവനെ ആദരിച്ചു കൊണ്ടുള്ള ഉത്സവങ്ങൾ നടത്തുന്നത്. കൂവഗത്ത്‌ വന്നെത്തി നേർച്ചകൊടുക്കുന്നവർ, മോഹിനിയെ പോലെ അരവന്റെ ഭാര്യയും വിധവയും ആവുന്നു. അതിന് ശേഷം ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാൻ സ്വതന്ത്രരാവുന്നു. ഈ ആരാധനാ സമ്പ്രദായം നാഗരിക ജനതയുടെ ശ്രദ്ധയിൽ പെടാതെ, ‘ഫെമിനിസം’ തുടങ്ങിയ നാഗരിക തത്വപദ്ധതികളുടെ കാൽച്ചുവട്ടിൽ കുടുങ്ങി പോകാതെ, നിലനിൽക്കുന്നു. ലൈംഗികതയെയും ആരാധനാസമ്പ്രദായങ്ങളെയും ഫോട്ടോഗ്രഫിയിലൂടെ വീക്ഷിക്കാൻ ശ്രമിക്കുന്ന ആസാദ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കൂവഗത്ത്‌ വരുന്ന ഈ സമൂഹത്തെ ഡോക്യുമെന്റ് ചെയ്യുകയാണ്. “യുദ്ധം, വിവാഹം, വിധവ” എന്ന പേരിൽ ഈ ചിത്രങ്ങൾ പുറത്തു കൊണ്ടു വരാൻ ആസാദ് ശ്രമിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീ-പുരുഷ ദ്വന്ദ്വാശയങ്ങൾക്ക് വഴങ്ങാതെ, മൃദുലമായ ഇടപഴകലിന്റെ ബലത്തിൽ നിർമിച്ച, ഈ ചിത്രങ്ങൾ ഭിന്നലിംഗക്കാരുടെ സ്വത്വത്തെയും അസ്തിത്വത്തെയും ബഹുമാനിക്കുന്നു. ബോക്സ്‌ ക്യാമറയും വെളുത്ത തുണി വിരിച്ചുണ്ടാക്കിയ പശ്ചാത്തലവും ഉപയോഗിച്ച് നിർമ്മിക്കുന്ന ഇമേജുകൾ കൂവഗത്ത്‌ വന്നെത്തുന്ന ജനങ്ങളിൽ പലരുടെയും പോർട്രേയ്റ്റുകളാണ്‌. ഇതിനു വേണ്ടി തിരഞ്ഞെടുക്കുന്ന മോഡലുകൾ പൂർണ സഹകരണത്തോടെ പോസ് ചെയ്തു കൊടുക്കുന്നു. ആസാദ് ഉപയോഗിക്കുന്ന മറ്റൊരു ശൈലി, ചെറിയ ക്യാമറകൾ ഉപയോഗിച്ച് ആചാരങ്ങളുടെയും ഉത്സവത്തിന്റെയും അതിനിടയിലെ ഭക്തരുടെയും വിവിധ ദൃശ്യങ്ങൾ ഡോക്യുമെന്റ് ചെയ്യുക എന്നതാണ്. കുളിപ്പുര ഉൾപ്പെടെയുള്ള പല പല ഇടങ്ങൾ. സ്ഥിരമായി ഉത്സവത്തിൽ പങ്കെടുക്കുന്ന ഒരാളായതു കൊണ്ട് ആസാദിന്റെ സാന്നിധ്യം ആരെയും അസ്വസ്ഥരാക്കാറില്ല. ആഡംബരങ്ങൾ കൂടാതെ, ആസാദ് കൂവഗത്ത്‌ ഏതാനും വർഷങ്ങളായി ഈ ഫോട്ടോ-ആചാരം ഭക്തിയോടെ അനുഷ്ഠിക്കുന്നു.

തിരുവണ്ണാമലയിൽ ശബ്ദകോലാഹലങ്ങൾ ഇല്ലാതെ തന്നെ, ഒരു ദൃശ്യവിപ്ലവം നടന്നുകൊണ്ടിരിക്കുകയാണ്. ഇരുപത്തിയഞ്ച് ഫോട്ടോഗ്രഫർമാരും മകൾ ഡോ: മഹിമ റഹ്മാനും പങ്കാളി തുളസി സ്വർണലക്ഷ്മിയും ചേർന്ന്, ആസാദിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിന്ന ‘പ്രൊജക്റ്റ്‌ 365 – തിരുവണ്ണാമല’ എന്ന ഫോട്ടോ-ഡോക്യുമെന്റേഷൻ സംരംഭം പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു. ആസാദ് സ്ഥാപിച്ച ‘ഏകലോകം ട്രസ്റ്റ്‌ ഫോർ ഫോട്ടോഗ്രാഫി’ (EtP) എന്ന സ്ഥാപനത്തിന്റെ കീഴിലാണ് ഡോക്യുമെന്റേഷൻ പ്രക്രിയ നടന്നത്. ചെറുകിട വ്യവസായിയും കലാസ്നേഹിയുമായ കുളന്തിവേലും തുളസിയും മഹിമയും മറ്റ് ട്രസ്റ്റീ അംഗങ്ങളായി പ്രവർത്തിക്കുന്നു. പ്രമുഖ ഫോട്ടോഗ്രഫർമാരുടെ സംഭാവനയും പ്രൊജക്റ്റിലെ പങ്കും കൂടാതെ, EtP-ക്ക് സഹായം നൽകുകയും ഉപദേശകപദവികൾ വഹിക്കുകയും ചെയ്യുന്ന പ്രമുഖ നിരൂപകരും കലാചരിത്രകാരന്മാരും ട്രസ്റ്റിന് ബലം ആകുന്നു. പല വ്യക്തിത്വങ്ങളുടെ വെറുമൊരു ഒത്തുചേരലിനെക്കാൾ ഉപരി, പ്രൊജക്റ്റ്‌ 365 ഒരു സാംസ്കാരിക കൂട്ടായ്മയുടെ ഉത്പന്നം കൂടിയാണ്. തിരുവണ്ണാമലയുടെയും അരുണാചലത്തിനു ചുറ്റും 14 കിലോമീറ്ററുള്ള ഗിരിവലം പാതയുടെയും ചുറ്റുമുള്ള ഗ്രാമങ്ങളുടെയും അവിടെ താമസിക്കുന്നവരുടെയും 3000 -ത്തിൽ അധികം ഫോട്ടോഗ്രാഫുകളാണ് ഈ സംരംഭത്തിലൂടെ തെയ്യാറാക്കപ്പെട്ടത്. EtP അടുത്തതായി, ടിണ്ടിസ്, മുസിരിസ്, കോർകൈ എന്ന സംഘകാല തുറമുഖങ്ങളളിൽ ഇപ്പോൾ നില കൊള്ളുന്ന ആധുനിക സമൂഹത്തിന്റെ നാനാ തലങ്ങളെ ഡോക്യുമെന്റ് ചെയ്യാൻ തയ്യാറെടുക്കുന്നു. മുസിറിസിന്റെ ഡോക്യുമെന്റേഷന്റെ ഭാഗമായി, 2014-ൽ ആസാദ് ‘മതിലകം രേഖകൾ’ എന്ന പ്രൊജക്റ്റ്‌ ആരംഭിച്ചു. പ്രൊജക്റ്റ്‌ മാനേജരായ തുളസിയാണ് ഔദ്യോഗിക വശങ്ങളും സോഷ്യൽ മീഡിയയിലെ EtP-യുടെ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത്‌. ‘പ്രൊജക്റ്റ്‌ 365’ കൂടാതെ ഒരു ഇൻഡോ-പോളിഷ് സഹകരണ കലാസംരംഭം, ആസാദിന്റെ നേതൃത്വത്തിൽ റഷ്യൻ ഫോട്ടോഗ്രഫർമാർ പങ്കെടുത്ത ഒരു ഫോട്ടോ ജൻകെറ്റ് എന്നിവയും EtP നടത്തിയ പ്രമുഖ സംരംഭങ്ങളായിരുന്നു.

തന്റെ ടൂ-വീലർ വാഹനത്തിൽ ആസാദ് തിരുവണ്ണാമലയിൽ സഞ്ചരിക്കുന്നത് കാണാം. തിരുവണ്ണാമല പട്ടണത്തിൽ ഏറെ പേർക്കും പരിചിതനായ ആസാദിനെ പലരും “അണ്ണാ” എന്നും “സാമി” എന്നും വിളിക്കുന്നത്‌ കേൾക്കാം. താൽപര്യമുള്ളവർക്ക് ആസാദ് സൗജന്യമായി ഫോട്ടോഗ്രാഫിയിലെ രഹസ്യങ്ങളും തന്ത്രങ്ങളും പഠിപ്പിച്ചു കൊടുക്കും – നഗരത്തിലെ പ്രമാണികൾക്ക് മുതൽ തെരുവുവാസികൾക്ക് വരെ.

EtP – ക്ക് ഇന്ന് ആവശ്യം സാമ്പത്തികമായ സഹായമാണ്. EtP നിർമ്മിച്ചു കൊണ്ടിരിക്കുന്ന വലിയ
ആർക്കൈവിനു ദേശീയവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ ഏജൻസികളുടെ ധനസഹായം ലഭിക്കാൻ അർഹതയുണ്ട്. രാഷ്ട്രീയപക്ഷങ്ങളോ വിഭാഗങ്ങളോ പിന്തുണക്കാത്ത വ്യക്തിയാണ് ആസാദ്. ഒരു കലാകാരൻ എന്ന നിലയിൽ, അദ്ദേഹത്തിന്റെ ഇമേജുകൾ കാണാൻ സൗന്ദര്യമുള്ളവ മാത്രമല്ല, മറിച്ച് ഒരു നൂതന വീക്ഷണരീതി മുന്നോട്ടു വെക്കുന്നവ കൂടിയാണ്. അദ്ദേഹത്തിന്റെ തഴക്കം വന്ന കണ്ണുകൾക്കും കൈകൾക്കും തൽക്ഷണം, ചുറ്റുപാടുകളിലെ പ്രസക്തിയുള്ള ഘടകങ്ങളെ തിരിച്ചറിയാൻ, സവിശേഷമായ ഫോട്ടോഗ്രഫിക് ചിഹ്നങ്ങളിലേക്ക് പരാവർത്തനം ചെയ്യാൻ സാധിക്കുന്നു. ആസാദിന്റെ കലാസൃഷ്ടികൾക്കും കാലത്തെ അതിജീവിക്കാൻ ഒരു കൈത്താങ്ങ്‌ ആവശ്യമാണ്‌.

അബുൽ കലാം ആസാദ് ഒരു റാവുത്തറായി ജനിച്ച്, കാമറ കഴുത്തിൽ ധരിക്കുന്ന സൂഫി സ്വാമിയായി മാറി. തന്റെ പ്രപിതാക്കളുടെ ഭാഷയായ തമിഴ് സംസാരിക്കുന്നു. എന്നാൽ, ഞാൻ വിശ്വസിക്കുന്നത് ആസാദിന് വാചികഭാഷയില്ല എന്നാണ്. ബിംബങ്ങളുടെയും ചിത്രങ്ങളുടെയും ഭാഷ മാത്രം. ആ ഭാഷയിലൂടെ, ചിരിച്ചു കൊണ്ട് തന്നെ, ആസാദ് ലോകത്തിനു അറിയുന്നതും അറിയാത്തതുമായ ഭാഷകൾ സകലതും സംസാരിക്കുന്നു.