മൊഴിമാറ്റം

ഫോട്ടോ മെയിൽ
മലയാളം പേജിൽ
സമകാലിക ഫോട്ടോഗ്രാഫിയുടെ
ചരിത്രം, സൗന്ദര്യശാസ്ത്രം
ടെക്നിക്കുകൾ, വിമർശനം, കൂടാതെ
വിവർത്തനം ചെയ്‌ത
ലേഖനങ്ങൾ പ്രസിദ്ധീകരിക്കും.

August sander_the suit and the photograph
ഡാൻസിന് പോകുന്ന മൂന്ന് കർഷകർ | Photography © ഔഗൂസ്റ്റ് സാൻഡർ | Image source internet

സ്യൂട്ടും ഫോട്ടോഗ്രാഫും

ജോൺ ബെർജർ; മൊഴിമാറ്റം ജയ തമ്പി

ഫോട്ടോ എടുക്കുന്നതിന് തൊട്ടുമുമ്പ് തന്റെ മുന്നിലിരിക്കുന്നവരോട് ഔഗൂസ്റ്റ് സാൻഡർ പറഞ്ഞത് എന്തായിരിക്കാം? അവരെല്ലാം തന്നെ വിശ്വസിക്കും വിധം എങ്ങനെ ആയിരിക്കാം സാൻഡർ അത് അവതരിപ്പിച്ചത്?

ക്യാമറയിലേക്ക് നോക്കുന്ന ആ മനുഷ്യരുടെ കണ്ണുകളിൽ ഒരേ ഭാവമാണ്. പരസ്പരമുള്ള വ്യത്യാസങ്ങൾ അവരുടെ വേറിട്ട അനുഭവങ്ങളുടെയും വ്യക്തിത്വങ്ങളുടെയും ഫലമാണ് – ഒരു വൈദികന്റെ ചുറ്റുപാടും ജീവിതവും ഒരു പേപ്പർ ഹാങ്ങറിൽ1 നിന്നും ഏറെ വ്യത്യസ്തമാണല്ലോ; എന്നാൽ ഓരോരുത്തരും സാൻഡറിന്റെ ക്യാമറയെ ഒരുപോലെയാണ് കാണുന്നത്.

ഈ ഫോട്ടോഗ്രാഫുകൾ ചരിത്രത്തിൽ രേഖപ്പെടുത്താൻ പോവുകയാണെന്നാണോ സാൻഡർ അവരോടു പറഞ്ഞത്? സാൻഡർ “ചരിത്രം” എന്ന് ഊന്നി പറഞ്ഞ വിധമാകുമോ ഒരുപക്ഷെ എതിർപ്പുകളും ശങ്കകളും വെടിഞ്ഞു അവർ ഓരോരുത്തരും ലെൻസിലേക്ക് നോക്കി, ഏറെ വിചിത്രമായൊരു ചരിത്രപരമായ ലകാരത്തിൽ (strange historical tense) “ഞാൻ ഇത് പോലെ ആയിരുന്നു” എന്ന് സ്വയം പറഞ്ഞിട്ടുണ്ടാവുക? ഇതൊന്നും നമുക്ക് തീർത്തും പറയാൻ കഴിയില്ല. എന്നാൽ “ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യൻ” (Man of the Twentieth Century) എന്ന തലക്കെട്ടോടെ സാൻഡർ തയാറാക്കിയ ഈ കലാസൃഷ്ടിയുടെ അതുല്യത നമ്മൾ അംഗീകരിച്ചേ മതിയാകു.

താൻ 1876-ൽ ജനിച്ചു വളർന്ന കൊളോണിന് ചുറ്റുമുള്ള പരിസരത്ത് കാണാവുന്ന പരമാവധി മനുഷ്യരുടെ മാതൃകകൾ – വിവിധ തരത്തിൽ പെട്ടവർ, പല സാമൂഹിക വർഗ-ഉപവർഗങ്ങളിൽ നിന്നുള്ളവർ, പല ജോലിയും തൊഴിലും വിശേഷാധികാരവും ഉള്ളവർ – കണ്ടു പിടിക്കുക എന്നതായിരുന്നു സാൻഡറിന്റെ ദൗത്യം. അറുന്നൂറോളം പോർട്രെയിറ്റുകൾ എടുക്കാനാണ് അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഹിറ്റ്ലറിന്റെ മൂന്നാം റൈക്ക് ആ പദ്ധതി മുടക്കി.

സോഷ്യലിസ്റ്റും നാസി വിരുദ്ധനുമായിരുന്ന സാൻഡറിന്റെ മകൻ എറിക്ക് തടങ്കൽപാളയത്തിൽ (concentration camp) വച്ചാണ് മരിച്ചത്. സാൻഡർ തന്റെ ശേഖരങ്ങളെല്ലാം ഗ്രാമങ്ങളിൽ കൊണ്ടുപോയി ഒളിപ്പിച്ചുവച്ചു. മനുഷ്യന്റെയും സമൂഹത്തിന്റെയും തികച്ചും അസാധാരണമായ ഒരു രേഖയായി ആ ചിത്രങ്ങൾ ഇന്നും നിലകൊള്ളുന്നു. മറ്റൊരു ഫോട്ടോഗ്രാഫറും സ്വന്തം നാട്ടുകാരുടെ പോർട്രെയിറ്റുകൾ ഇത്രയും രേഖാമൂലമായുള്ള സുതാര്യതയോടെ എടുത്തു കാണാൻ വഴിയില്ല.

സാൻഡറിന്റെ ഫോട്ടോഗ്രാഫുകളെ കുറിച്ച് 1931ൽ വാൾട്ടർ ബെന്യാമിൻ എഴുതിയത് ഇങ്ങനെയാണ്:

“വംശസൈദ്ധാന്തികരെയും സാമൂഹ്യ ഗവേഷകരെയും പിന്തുടരുന്ന പണ്ഡിതനെ പോലെയല്ല സാൻഡർ ഈ ഭീമമായ ദൗത്യം ഏറ്റെടുത്ത്. മറിച്ച്, പ്രസാധകക്കുറിപ്പിൽ വിവരിച്ചിട്ടുള്ളത് പോലെ, ‘തന്റെ തത്ക്ഷണമായ നിരീക്ഷണങ്ങളുടെ ഫലമാണ് ഈ സൃഷ്ടി’. ഒരേ സമയം തീക്ഷ്ണവും ലോലവും എന്നാൽ യാതൊരു മുൻവിധിയുമില്ലാത്ത ഒരു സമീപനം ഇതിൽ നമുക്ക് കാണാനാകും, ഗെയ്റ്റെയുടെ (Goethe) വാക്കുകൾ സൂചിപ്പിക്കുന്ന പോലെ: ‘അനുഭവമൂലതയുടെ ഒരു അതിലോലമായ രൂപമുണ്ട്. അത് വളരെ അടുത്തനിലയിൽ ഒരു വസ്തുവായി സ്വയം തിരിച്ചറിയുന്നതിലൂടെ സിദ്ധാന്തമാകുന്നു’. ഇതനുസരിച്ചുനോക്കുമ്പോൾ ഡോബ്ലിൻ ഈ ഗ്രന്ഥത്തിന്റെ ശാസ്ത്രീയവശങ്ങളെ എടുത്തു പറയുന്നത് ന്യായമായി തന്നെ കാണണം: ‘അവയവങ്ങളുടെ സവിശേഷസ്വഭാവവും ചരിത്രവും പഠിക്കാൻ താരതമ്യ ശരീരശാസ്ത്രമുള്ള (comparative anatomy) പോലെ, ഒരു ഫോട്ടോഗ്രാഫർ ഇതാ താരതമ്യ ഫോട്ടോഗ്രാഫി നിർമിച്ചിരിക്കുന്നു. ഇതിലൂടെ അദ്ദേഹം കൈവരിച്ച ശാസ്ത്രീയമായ വീക്ഷണകോണം സാൻഡറിനെ സൂക്ഷ്മതകളുടെ ഫോട്ടോഗ്രാഫർ (photographer of detail) എന്ന സ്ഥാനത്തിനപ്പുറം എത്തിച്ചിരിക്കുന്നു.’ സാമ്പത്തികമായ കാരണങ്ങളാൽ ഈ അസാധാരണമായ ഗ്രന്ഥസമൂഹം ഭാവിയിൽ പ്രസിദ്ധീകരിക്കാതെ പോയാൽ അത് ഒരു വലിയ നഷ്ടം തന്നെയായിരിക്കും… സാൻഡറിന്റെ കൃതി ഒരു ചിത്ര പുസ്തകമായി ചുരുങ്ങുന്ന ഒന്നല്ല, അത് ശാസനങ്ങളുടെ ഒരു ഭൂപടമാണ്.”

August sander_the suit and the photograph
നാഗരിക മിഷനറിമാർ | Photography © ഔഗൂസ്റ്റ് സാൻഡർ | Image source internet

ബെന്യാമിന്റെ ആലോചനകളെ പിൻതുടർന്ന് സാൻഡറിന്റെ ഒരു ഫോട്ടോഗ്രാഫ് സൂക്ഷ്മമായി പരിശോധിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു വൈകുന്നേരം ഡാൻസിന്2 പോകാനായി വഴിയരികിൽ നിൽക്കുന്ന മൂന്ന് യുവകർഷകരുടെ പ്രശസ്തമായ പോർട്രെയ്‌റ്റ് ആണ് ഇത്. സോളയുടെ (Émile Zola) വിവരണാത്മകമായ പേജുകൾ പോലെ ഈ ഫോട്ടോവിലും ഒരുപാട് വിവരങ്ങൾ അടങ്ങിയിരിക്കുന്നു. എന്നാൽ ഞാൻ ഈ ഫോട്ടോഗ്രാഫിൽ ഒരു പ്രത്യേക വസ്തുവിനെ മാത്രം എടുത്തുനോക്കുകയാണ് – ഇവർ ധരിച്ചിരിക്കുന്ന സ്യൂട്ടുകൾ.

വർഷം 1914. യൂറോപ്പിലെ നാട്ടിൻപുറങ്ങളിൽ ഇതുപോലത്തെ സ്യൂട്ടുകൾ ധരിക്കുന്ന കർഷകരിൽ ഏറിപ്പോയാൽ രണ്ടാം തലമുറക്കാർ ആയിരിക്കും ഈ യുവാക്കൾ. ഇരുപതോ മുപ്പതോ വർഷങ്ങൾക്ക് മുമ്പായിരുന്നെങ്കിൽ ഇതുപോലെ ഒരു സ്യൂട്ട് വാങ്ങാൻ ഇവർക്ക് വകയുണ്ടാവണമെന്നില്ല. ഇന്ന് ഇതുപോലെ കടുംനിറത്തിലുള്ള സ്യൂട്ടുകൾ പാശ്ചാത്യ യൂറോപ്പ്യൻ ഗ്രാമങ്ങളിലെ യുവാക്കളിൽ അപൂർവമായേ കാണുകയുള്ളു. എങ്കിലും ഈ നൂറ്റാണ്ടിലുടനീളം മിക്ക കർഷകരും തൊഴിലാളികളും ഇത്തരത്തിലുള്ള ത്രീപീസ് സ്യൂട്ടുകൾ ചടങ്ങുകൾക്കും ഞായറാഴ്ചകളിലും വിരുന്നിനും മറ്റുമായി ധരിച്ച് വന്നിരുന്നു.

ഞാൻ താമസിക്കുന്ന ഗ്രാമത്തിലെ ശവമടക്കൽ ചടങ്ങുകൾക്ക് ഇത്തരം സ്യൂട്ടുകൾ ഇപ്പോഴും എന്റെ സമപ്രായക്കാരും മുതിർന്നവരും അണിഞ്ഞ് കാണാറുണ്ട്. ധരിക്കുന്ന രീതിയിലും മറ്റും ചില മാറ്റങ്ങൾ സ്വാഭാവികമായും കടന്നു വന്നിട്ടുണ്ടാകും. ട്രൗസറിന്റെയും മാർമടക്കിന്റെയും വീതിയും ജാക്കറ്റിന്റെ നീളവും മാറിയിട്ടുണ്ട്. അതൊഴിച്ചാൽ അതിന്റെ രൂപഭാവത്തിനോ അതിൽ അടങ്ങിയിട്ടുള്ള സന്ദേശത്തിനോ വലിയ മാറ്റമൊന്നും വന്നിട്ടില്ല.

ആദ്യമായി നമുക്ക് സ്യൂട്ടിന്റെ സ്വഭാവത്തെ പരിശോധിക്കാം. കൂടുതൽ കൃത്യമായി പറഞ്ഞാൽ, ഗ്രാമീണ കർഷകർ ധരിക്കുമ്പോഴുള്ള അതിന്റെ രൂപസ്വഭാവത്തെ പരിശോധിക്കാം. വാദങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ ഗ്രാമത്തിലെ ബാൻഡ്മേളക്കാരുടെ ഒരു ഫോട്ടോഗ്രാഫ് കൂടി എടുക്കാം.

1913-ലാണ് സാൻഡർ ഈ ബാൻഡിന്റെ ഗ്രൂപ്പ് പോർട്രെയ്‌റ്റ് എടുത്തത്. നമ്മൾ മുമ്പ് പരിചയപ്പെട്ട കർഷകർ പോകുന്ന അതേ ഡാൻസിന് പശ്ചാത്തലം നൽകിയ മേളക്കാർ ഇവർ തന്നെയാണെന്ന് ആലോചിക്കാൻ ബുദ്ധിമുട്ടില്ല. ഇനി ഒരു പരീക്ഷണം നടത്താം. ആദ്യം ബാൻഡ് അംഗങ്ങളുടെ മുഖങ്ങൾ ഒരു പേപ്പർ കൊണ്ട് മറച്ചുപിടിച്ചുകൊണ്ട് അവരുടെ സ്യൂട്ട് ഇട്ട ശരീരം മാത്രം ശ്രദ്ധിക്കുക.

ഈ ശരീരങ്ങൾ മധ്യവർഗ്ഗത്തിന്റെയോ ഭരണവർഗ്ഗത്തിന്റെയോ ആണെന്ന് ആരും കരുതുകയില്ല. മറിച്ച്, അത് തൊഴിലാളികളുടേതാകാം, അതുമല്ലെങ്കിൽ കർഷകരുടെ. മറ്റാരുടെയും ആകാൻ വഴിയില്ല. അതിനുള്ള സൂചന അവരുടെ കൈകളല്ല – നമുക്ക് ആ കൈകളെ തൊട്ടുനോക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അത് നല്ലൊരു സൂചനയായിരുന്നേനെ. പിന്നെ എങ്ങനെയാണ് അവരുടെ വർഗം ഇത്രയും പ്രകടമാകുന്നത്? അവരുടെ ഫാഷനോ തുണിയുടെ നിലവാരമോ ആണോ ഇത് പ്രകടമാക്കുന്നത്? യാഥാർത്ഥജീവിതത്തിൽ ഈ സൂക്ഷ്മതകളിലൂടെതന്നെ വർഗത്തെ പറ്റിയുള്ള നിഗമനത്തിലേക്ക് നമുക്ക് എളുപ്പം എത്തിച്ചേരാനായേക്കാം. പക്ഷെ ഒരു ചെറിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ ഇവയൊന്നും വ്യക്തമല്ല. എന്നാൽ ഈ നിശ്ചലമായ ഫോട്ടോഗ്രാഫ് തന്നെ നമുക്ക് (ഒരുപക്ഷെ യാഥാർത്ഥജീവിതത്തിനേക്കാൾ വ്യക്തമായി) ഇതിന്റെ അടിസ്ഥാന കാരണം കാണിച്ചുതരുന്നുണ്ട് – എങ്ങനെയാണ് ഒരു സ്യൂട്ട് സാമൂഹ്യ വർഗത്തെ മറയ്ക്കുന്നതിന് പകരം അതിനെ പ്രതിപാദിപ്പിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതെന്ന്.

അവരുടെ സ്യൂട്ടുകൾ അവരെ വിരൂപരാക്കുന്നു. ഇവ ധരിക്കുമ്പോൾ അവർ ശാരീരികമായി വികലമാക്കപ്പെട്ടതായാണ് കാണപ്പെടുന്നത്. ഒരു പഴയ വസ്ത്രധാരണരീതി ഫാഷനിലേക്ക് പുനർചേർക്കുന്നത് വരെ അസംബന്ധമായി പലപ്പോഴും അനുഭവപ്പെടാറുണ്ട്. സത്യത്തിൽ, ഫാഷന്റെ സാമ്പത്തികയുക്തി തന്നെ പഴഞ്ചനായതെന്തും അസംബന്ധമാക്കുന്നതിലൂടെയാണ് നിലനിൽക്കുന്നത്. എന്നാൽ ഇവിടെ നമ്മൾ പ്രാഥമികമായും അത്തരത്തിലുള്ള ഒരു അസംബന്ധതതയെ അല്ല നേരിടുന്നത്; കാരണം ഇവിടെ വസ്ത്രങ്ങളേക്കാൾ അസംബന്ധവും അസ്വാഭാവികവും അവ ധരിച്ചിരിക്കുന്നവരുടെ ശരീരങ്ങളാണ്.

ഫോട്ടോയിലെ മേളക്കാർ – അവരുടെ അകന്ന കാലുകളും വിടർന്ന നെഞ്ചും ഇടുങ്ങിയ ഇടുപ്പും വളഞ്ഞു പൊരുത്തമില്ലാതെയുള്ള നിൽപ്പും- പരസ്പരം സമന്വയിപ്പിക്കാനാകാത്തത് പോലെ കാണപ്പെടുന്നു. വലതുവശത്തുള്ള വയലിനിസ്റ്റ് ഒരു കുള്ളനെ പോലെ ഇരിക്കുന്നു. എന്നാൽ ഇവരുടെ ആരുടേയും ‘വിലക്ഷണതകൾ’ (abnormalities) കാഴ്ചക്കാരിൽ സഹതാപമുളവാക്കും വിധം തീവ്രമാണെന്ന് പറയാനാകില്ല. പക്ഷെ ശാരീരികമായ സാമാന്യമാന്യത ക്ഷയിപ്പിക്കാൻ അവ ഉതകുംതാനും. നമ്മൾ നോക്കുന്നത് പരുക്കനും വിരൂപവും അപരിഷ്കൃതവുമായ ശരീരങ്ങളെയാണ്. തിരുത്താനോ പരിചരിക്കാനോ പറ്റാത്തവണ്ണം അപരിഷ്കൃതമായ ശരീരങ്ങളെ.

ഇനി ഇതിനു നേർവിപരീതമായി നമുക്ക് മറ്റൊരു പരീക്ഷണം നടത്താം. ബാൻഡ് അംഗങ്ങളുടെ ശരീരം ഒന്നടക്കം മറച്ചുവച്ചുകൊണ്ട് അവരുടെ മുഖങ്ങൾ മാത്രം ശ്രദ്ധിക്കുക. നമ്മൾ കാണുന്നതെല്ലാം നാട്ടിൻപുറത്തെ മുഖങ്ങളാണ്. ഇവരിൽ ആരും ഒരു ബാരിസ്റ്ററോ മാനേജിങ് ഡിറക്ടറോ ആണെന്ന് ആർക്കും തോന്നില്ല. ഇവർ ഒരു ഗ്രാമത്തിൽ നിന്ന് വന്ന, സംഗീതം ഉണ്ടാക്കാൻ ഇഷ്ടപ്പെടുന്ന, അത് മാന്യതയോടുകൂടി ചെയ്യുന്ന അഞ്ചു പേരാണ്. അവരുടെ മുഖങ്ങൾ മാത്രം ശ്രദ്ധിച്ചുനോക്കിയാൽ തന്നെ അവരുടെ ശരീരങ്ങൾ എങ്ങനെയിരിക്കുമെന്നു സങ്കൽപിക്കാം. എന്നാൽ നമ്മൾ സങ്കല്പിക്കുന്നപോലെയല്ല നമ്മൾ നേരത്തെ കണ്ടത്. മുഖം മാത്രം വച്ചുകൊണ്ട് അവരുടെ രൂപത്തെ കുറിച്ചുള്ള നമ്മുടെ സങ്കൽപ്പം ഒരു പക്ഷെ അവരില്ലാത്തപ്പോൾ അവരുടെ അച്ഛനോ അമ്മയോ അവരെ കുറിച്ച് ആലോചിക്കുന്നപോലെയാകാം. നമ്മുടെ സങ്കൽപ്പത്തിൽ നമ്മൾ അവർക്കു സാമാന്യമായ മാന്യത കൊടുക്കുന്നു.

ഈ ആശയത്തിന് കൂടുതൽ വ്യക്തതവരാൻ, നമുക്ക് മറ്റൊരു ഫോട്ടോ കൂടി നോക്കാം. ഇത്തവണ തൈപ്പിച്ചിട്ട വസ്ത്രങ്ങൾ ശാരീരിക സ്വത്വവും അതിലൂടെ സ്വാഭാവികമായുള്ള ആധികാരികതയും നിലനിർത്തുന്നു. ഞാൻ മനഃപൂർവം തന്നെയാണ് സാൻഡറിന്റെ അപഹാസത്തിനുതകുംവിധം പഴഞ്ചനെന്നുതോന്നിപ്പിക്കുന്ന ഒരു ഫോട്ടോഗ്രാഫ് എടുത്തിരിക്കുന്നത്: 1931ൽ എടുത്തിട്ടുള്ള നാല് പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ ഫോട്ടോയാണ് അത്.

അവരുടെ മുഖത്ത് ജാഡ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിൽ പോലും അവ മറച്ചുപിടിച്ചുകൊണ്ടുള്ള പരീക്ഷണമൊന്നും ഈ അവസരത്തിയിൽ ചെയ്യേണ്ടതായില്ല. സ്യൂട്ടുകൾ അത് ധരിച്ചിരിക്കുന്നവരുടെ ശാരീരികസാന്നിധ്യം ശരിവയ്ക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു. ഈ വേഷം നൽകുന്ന സന്ദേശവും അത് മറയ്ക്കുന്ന മുഖങ്ങളും ശരീരങ്ങളുടെ ചരിത്രവും തമ്മിൽ പൊരുത്തപ്പെടുന്നു. സ്യൂട്ട്, അനുഭവം, സാമൂഹ്യരൂപീകരണം, സാമൂഹ്യ നിർവഹണം എല്ലാം അങ്ങനെ കൂട്ടിമുട്ടുന്നു.

ഗ്രാമീണ ബാൻഡ് മേളക്കാർ | Photography © ഔഗൂസ്റ്റ് സാൻഡർ | Image source internet
August sander_the suit and the photograph
Photography © ഔഗൂസ്റ്റ് സാൻഡർ | Image source internet

ഇനി ഡാൻസിലോട്ടു പോകാനായി റോഡിലിറങ്ങി നിൽക്കുന്ന മൂന്നു പേരുടെ ഫോട്ടോയിലേക്ക് മടങ്ങാം. അവരുടെ കൈകൾ വല്ലാതെ വലുതായും ശരീരങ്ങൾ മെലിഞ്ഞും കാലുകൾ മുരടിച്ചും കാണപ്പെടുന്നു. (കന്നുകാലികളെ മേയ്ക്കാനെന്ന മട്ടിൽ അവർ നടക്കാനുള്ള വടി കയ്യിൽ പിടിച്ചിരിക്കുന്നു) നമുക്ക് ബാൻഡിന്റെ ഫോട്ടോ വച്ച് ചെയ്തപോലെയുള്ള ഒരു പരീക്ഷണം ഇതിൽ കാണുന്ന മുഖങ്ങൾ വച്ചും ചെയ്യാവുന്നതാണ്. അതിന് ഒരേ ഫലം തന്നെയായിരിക്കും. അവർ ധരിച്ച വേഷത്തിൽ തൊപ്പി മാത്രമേ അവർക്കു ചേരുന്നുള്ളു.

ഇത് നമ്മളെ എങ്ങോട്ടേക്കാണ് നയിക്കുന്നത്? കർഷകർക്ക് നല്ല സ്യൂട്ടുകൾ വാങ്ങിക്കാൻ അറിയില്ലെന്നോ അത് ധരിക്കാനറിയില്ലെന്നോ അല്ല. ഇവിടെ നമുക്കുമുന്നിൽ ഒരു വിഷയമായി നിൽക്കുന്നത് ഗ്രാംഷി പറഞ്ഞിട്ടുള്ള വർഗാധിപത്യത്തിന്റെ ഒരു ചെറിയ, എന്നാൽ അങ്ങേയറ്റം സ്‌പഷ്‌ടമായ ഒരു ഉദാഹരണമാണ്. ഇതിന്റെയുള്ളിലെ വൈരുദ്ധ്യത്തെ ഇനി നമുക്ക് സൂക്ഷ്മമായി നോക്കാം.

മിക്ക കർഷകരും (പോഷകവൈകല്യം ഇല്ലാത്ത പക്ഷം) ശാരീരികമായി ശക്തരും അവർ ഏർപ്പെടുന്ന പല കഠിനമായ ശാരീരികാധ്വാനംകൊണ്ടും നല്ല വടിവൊത്തവരുമായിരിക്കും. അവരുടെ ശാരീരികസവിശേഷതയുടെ ഒരു ലിസ്റ്റ് തയാറാക്കാൻ അനായാസം സാധിക്കും – ചെറുപ്പം മുതലേ പണിയെടുക്കുന്നതിനാൽ വളരെ വീതിയുള്ള കൈകൾ, പതിവായി ചുമടെടുക്കുന്നതിനാൽ വിശാലമായ തോൾ, അങ്ങനെ പലതും. എന്നാൽ ഈ ഗണത്തിൽ പല വ്യത്യസ്തതകളും ഇതിനോട് വിപരീതമായി മറ്റുപല പ്രവണതകളും കാണാം. എന്നിരുന്നാലും, മിക്ക കർഷകരും, അവർ ആണായാലും പെണ്ണായാലും, വളരെ സവിശേഷമായ ഒരു ശാരീരിക താളം കൈവരിച്ചുകാണുമെന്നു നമുക്കു പൊതുവെ പറയാനാകും.

ഓരോ ദിവസത്തെയും അധ്വാനത്തിനായി വേണ്ട ഊർജത്തിൽ നിന്നുമുണ്ടാകുന്നതാണ് ഈ താളം. അത് ശാരീരിക ചലനങ്ങളും പ്രത്യേക നിൽപ്പും ചേർന്നതാണ്. ഇതൊരു നീണ്ട, വീശിയടിക്കുന്ന താളമാണ്. അത് മന്ദഗതിയാകണമെന്നില്ല. വിതക്കലും കൊയ്യലും പുല്ലുചെത്തലും ഒക്കെ ഇതിനു തെളിവാണല്ലോ. കർഷകരുടെ കുതിരപ്പുറത്തെ യാത്രയും മണ്ണിനെ പരിശോധിക്കുന്ന മട്ടിലുള്ള നീണ്ട അടിവച്ചുകൊണ്ടുള്ള നടത്തവുമെല്ലാം തന്നെ ഈ താളത്തെ സവിശേഷമാക്കുന്നു. ഇതുകൂടാതെ കർഷകർക്ക് പ്രത്യേകമായി ഒരു ശാരീരിക മാന്യതയുണ്ട് (physical dignity). ഇതിനെ നിർണയിക്കുന്നത് ഒരുതരം നിര്‍വ്വഹണപരതയാണ് (functionalism), നിരന്തരമായ അധ്വാനത്തിൽ തീർത്തും അവരവരായിരിക്കുന്ന ഒരു അവസ്ഥയാണ് അത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന മുപ്പത് വർഷങ്ങളിലാണ് യൂറോപ്പിൽ സ്യൂട്ട് ഒരു പ്രൊഫഷണൽ ഭരണവർഗത്തിന്റെ വേഷമായി രൂപംകൊണ്ടത്. ഒരു യൂണിഫോം എന്ന നിലയിൽ ഒട്ടും ശ്രദ്ധയാകർഷിക്കാത്ത സ്യൂട്ട്, ഉദാസീനമായ അധികാരത്തെ ആദർശവത്ക്കരിച്ച ആദ്യത്തെ ഭരണവർഗ വേഷമായിരുന്നു. ഭരണാധികാരിയുടെയും കോൺഫറൻസ് ടേബിളിന്റെയും അധികാരം. അടിസ്ഥാനപരമായി സ്യൂട്ട് ഉണ്ടാക്കിയത് തന്നെ സംസാരിക്കാനും അനങ്ങാതിരുന്ന് കണക്കുകൂട്ടാനുമുള്ള ആംഗ്യങ്ങൾക്കുവേണ്ടിയാണ് (gestures). (ഇത്, കുതിരസവാരിക്കും വേട്ടയാടലിനും നൃത്തം ചെയ്യലിനും ദ്വന്ദ്വയുദ്ധത്തിനും വേണ്ട ആംഗ്യങ്ങൾക്കുതകുന്ന, മുൻകാല ഉപരിവർഗ വേഷണങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു.)

സ്യൂട്ട് പൊതുസമൂഹത്തിനു മുന്നിൽ വച്ചതു തന്നെ ഇംഗ്ലീഷ് ശ്രീമാന്മാർ (gentleman) ആണ്. ആ വാർപ്പുമാതൃക സൂചിപ്പിക്കുന്ന ഒതുക്കത്തോടുകൂടിയുള്ള വേഷം. ചടുലമായുള്ള ചലനങ്ങളെ നിയന്ത്രിക്കുന്ന വേഷം ആയിരുന്നു സ്യൂട്ട്. ഒരു പരിധിയിൽ കവിഞ്ഞ ചലനം ആ വേഷത്തെ തന്നെ ചുളിക്കുകയും അലങ്കോലപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നു. “കുതിരകൾ വിയർക്കും, ആണുങ്ങൾ വമിക്കും, സ്ത്രീകൾ തിളങ്ങും”3. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ, പ്രത്യേകിച്ചും ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം, സ്യൂട്ട് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വിപണിക്കായി വൻതോതിൽ ഉത്പാദിപ്പിക്കപ്പെട്ടിരുന്നു.

ഇതിലെ ശാരീരികമായുള്ള വൈരുധ്യം വ്യക്തമാണ്. അധ്വാനത്തിൽ അങ്ങേയറ്റം ഇണങ്ങിച്ചേർന്നിരിക്കുന്ന ശരീരങ്ങൾ, നീണ്ട വലിയ ചലനങ്ങളോട് പഴക്കംചെന്ന ശരീരങ്ങൾ: അതീവ ശ്രദ്ധക്കും, അതെ സമയം ലാഘവത്തോടും ഉദാസീനതയ്ക്കും സൂചകമായി വേഷവും. കർഷകവേഷത്തിലേക്കൊരു തിരിച്ചുപോക്കിനായല്ല ഞാൻ വാദിക്കുന്നത്. ഇത്തരത്തിലുള്ള ഏതൊരു തിരിച്ചുപോക്കും ഒളിച്ചോട്ടമാകാനേ വഴിയുള്ളു. കാരണം ഈ വേഷങ്ങളെല്ലാം തന്നെ പല തലമുറകൾ തമ്മിൽ കൈമാറിവരുന്ന ഒരു തരം മൂലധനമായി മാറിയിരിക്കുന്നു. ഓരോ കോണിലും വിപണിയുടെ സ്വാധീനം അടങ്ങിയിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ ഇതുപോലെ ഒരു തിരിച്ചുപോക്ക് കാലത്തിനനുയോജ്യമല്ലാത്തതായിരിക്കും.

അതെ സമയം, സാമ്പ്രദായികമായുള്ള കാർഷികവേഷങ്ങൾ (തൊഴിലധിഷ്ഠിതമായതും ആചാരസംബന്ധമായതും) അവ ധരിച്ചിരുന്ന ശരീരങ്ങളുടെ സ്വഭാവത്തെ മാനിച്ചവയായിരുന്നു എന്നും പറയേണ്ടതുണ്ട്. പൊതുവെ അയവോടുകൂടിയ വേഷങ്ങൾ, ശരീരത്തോട് ചേർത്തുപിടിക്കുന്ന ഇടങ്ങളിൽ മാത്രം ഇറുകിയിരിക്കുന്നവയുമായിരുന്നു, ചലനം സുഗമമാക്കുവാനായി. നിശ്ചിത ആകൃതിയിൽ നിന്നും വ്യതിചലിക്കാതെ തുണിക്കുള്ളിൽ അടങ്ങിയിരിക്കുന്ന ശരീരങ്ങൾക്കായി വെട്ടിത്തയിച്ച തുണിത്തരങ്ങളുടെ നേർവിപരീതമാണ് ഈ വസ്ത്രങ്ങൾ.

എന്നാൽ ഈ സ്യൂട്ടുകൾ ആരും തന്നെ കർഷകരെ നിർബന്ധിച്ച് വാങ്ങിപ്പിച്ചതല്ല. ഡാൻസിന് പോകുന്ന മൂവരും അവരുടെ സ്യൂട്ടുകളിൽ അഭിമാനം കൊള്ളുന്നുണ്ടെന്നതിൽ സംശയമൊന്നുമില്ല. വിലസാൻവേണ്ടിയാണ് അവർ അതണിഞ്ഞിരിക്കുന്നത്. ഇതുകൊണ്ട് തന്നെ സ്യൂട്ട് വർഗാധിപത്യത്തിന്റെ ആർക്കും പഠിപ്പിക്കാനാകുന്ന ഒരു ക്ലാസിക് ഉദാഹരണമാകുന്നു.

ഗ്രാമവാസികൾ – മറ്റൊരു രീതിയിൽ നഗരങ്ങളിലെ തൊഴിലാളികളും – സ്യൂട്ട് തിരഞ്ഞെടുക്കാൻ പ്രേരിതരാകുകയായിരുന്നു. പ്രചാരണത്തിലൂടെ, ചിത്രങ്ങളിലൂടെ, പുതിയ മാസ്സ് മീഡിയയിലൂടെ, വില്പനത്തൊഴിലാളികളിലൂടെ, ഉദാഹരണങ്ങളിലൂടെ, പുതിയ സഞ്ചാരികളെ കാണുന്നതിലൂടെ. രാഷ്ട്രീയപരമായ വികസനത്തിന്റെതായ അക്കോമഡേഷനിലൂടെയും സ്റ്റേറ്റ് സെൻട്രൽ ഓർഗനൈസേഷനിലൂടെയും. ഉദാഹരണത്തിന് 1900ൽ, ഗ്രേറ്റ് യൂണിവേഴ്സൽ എക്സിബിഷൻ നടക്കുമ്പോൾ ഫ്രാൻസിലെ എല്ലാ മേയർമാരും പാരീസിലെ ഒരു ബാങ്കുവയ്ക്കു പങ്കെടുക്കാൻ ആദ്യമായി ക്ഷണിക്കപ്പെട്ടിരുന്നു. ഇവരിൽ ഭൂരിഭാഗവും വില്ലേജ് കമ്മ്യൂണുകളിലെ കർഷകരായ മേയർമാരായിരുന്നു. അന്ന് മുപ്പതിനായിരത്തോളം പേര് അതിൽ പങ്കെടുത്തു. ആ പരിപാടിയിൽ പങ്കെടുത്തവർ ഭൂരിഭാഗവും സ്യൂട്ടിട്ടാണ് വന്നത്.

തൊഴിലാളിവർഗങ്ങൾ – ഇവരിൽ തൊഴിലാളികളെ വച്ചുനോക്കുമ്പോൾ കർഷകർ കൂടുതലും നിഷ്‍കളങ്കബുദ്ധിയോടെയാണ് പെരുമാറിയത് എന്ന് പറയാം – അവരെ ഭരിച്ചിരുന്ന വർഗത്തിന്റെ ചില നിലവാരങ്ങൾ (ഈ വിഷയത്തിൽ പ്രത്യേകിച്ചും അവരുടെ ചേലും തയ്യലുകളിലെ അഭിരുചിയും) സ്വീകരിക്കുന്നു. ഇത് കൈപ്പറ്റുന്നതിലൂടെ, തന്റെ ദൈനംദിന അനുഭവങ്ങളായോ സ്വന്തം പാരമ്പര്യമായോ യാതൊരു ബന്ധവുമില്ലാത്ത ഈ വസ്ത്രധാരണ അനുകരിക്കുന്നതിലൂടെ, രണ്ടാംകിടക്കാരായി തരംതാഴ്ത്തപ്പെടുന്നു. അതായത്, ഈ മാനദണ്ഡങ്ങൾക്കുള്ളിൽ നിൽക്കുന്തോറും മറ്റു വർഗങ്ങളുടെ കണ്ണിൽ ഇവർ മര്യാദയില്ലാത്തവരും, വികൃതരും, അന്തസ്സില്ലാത്തവരും ആയി മാറുന്നു. അങ്ങനെ അവർ ഒരു സാംസ്കാരികമായ ആധിപത്യത്തിന്റെ അധീനതയിലാഴുന്നു.

എന്നാൽ പോലും, ഇവർ മൂവരും ഒരുപക്ഷെ ഡാൻസ് ഹാളിൽ എത്തി ഒന്നുരണ്ടു ബിയർ കഴിച്ചു അവിടെയുള്ള പെണ്ണുങ്ങളുമായി (അവരുടെ വസ്ത്രങ്ങൾക്ക് വലിയ മാറ്റം ഒന്നും ഇല്ലെന്നു എടുത്തു പറയട്ടെ) കണ്ണുകൾ ഉരസിയ ശേഷം, ആ ജാക്കറ്റുകളൂരിയും ടൈകൾ അഴിച്ചും നൃത്തം ചെയ്യാൻ തുടങ്ങിയേനെ, ചിലപ്പോൾ ആ തൊപ്പികൾ അവരുടെ തലയിൽ വെച്ചുകൊണ്ട് തന്നെ, അടുത്ത നാൾ പുലരും വരെ, അടുത്ത ദിവസത്തെ പണിക്ക് പോകും വരെ.

19794

_________

കുറിപ്പ്

[1]  വീടകങ്ങളിലെ ചുവരുകളിൽ പല ഡിസൈനുകളിൽ ലഭ്യമായ പേപ്പറുകൾ പതിക്കുന്നയാൾ.

[2]  പാശ്ചാത്യ സമൂഹങ്ങളിൽ ഒരു നാട്ടിലെ ആളുകൾ, പ്രത്യേകിച്ചും സമ്പന്നരുടെ നേതൃത്വത്തിൽ, ഒരു ഹാളിൽ ഒത്തുചേർന്ന് ജോടിയായി നൃത്തം ചെയ്യുകയും ഒന്നിച്ചു ഭക്ഷണവും മദ്യവും കഴിക്കുകയും ചെയ്യുന്ന സാമൂഹിക അവസരമാണ് ‘ഡാൻസ്’. ആളുകൾ അവരുടെ ഏറ്റവും നല്ല വസ്ത്രങ്ങൾ ധരിച്ചാണ് ഡാൻസിന് പോകുന്നത്.

[3]  “Horses sweat, men perspire and women glow.”

[4] ബെർജറിന്റെ മരണശേഷം ലേഖനത്തിൽ പറയുന്ന ഫോട്ടോഗ്രാഫിനെ കുറിച്ച്  കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമാണ്. കർഷകർ എന്ന് സാൻഡർ വിശേഷിപ്പിച്ചിരിക്കുന്നവർ യഥാർത്ഥത്തിൽ ഇരുമ്പു ഖനിയിലെ തൊഴിലാളികൾ ആണെന്ന് പിന്നീട് സമർത്ഥിക്കപ്പെട്ടു. അക്കാലത്ത് ലഭ്യമായിരുന്ന വിവരങ്ങളെ ആധാരമാക്കി ബെർജർ നടത്തിയ വ്യാഖ്യാനങ്ങൾ പക്ഷെ പ്രസക്തമായി തന്നെ നിൽക്കുന്നു. ഗ്രാമീണ തൊഴിലാളി വർഗ്ഗത്തിൽ പെട്ടവരാണ് ഫോട്ടോഗ്രാഫിൽ ഉള്ളത് എന്നത് കൊണ്ട് തന്നെ ലേഖനത്തിലെ നിരീക്ഷണങ്ങൾ അവർക്ക് ബാധകമാകുന്നു.



കലാവിമർശത്തെ ഇളക്കി മറിച്ച “കാഴ്ചയുടെ രീതികൾ” (Ways of Seeing) എന്ന ടെലിവിഷൻ പരമ്പരയുടെയും അതേ പേരിലുള്ള പുസ്തകത്തിന്റെയും രചയിതാവെന്ന നിലയിൽ അന്തർദേശിയ പ്രശസ്തി നേടിയ എഴുത്തുകാരനാണ് ജോൺ ബെർജർ. 1926-ഇൽ ലണ്ടനിൽ ജനിച്ച ബെർജർ തന്റെ മാർക്സിസ്റ്റ് കാഴ്ചപാടിൽ ആധുനിക കലയെ വിമർശനവിധേയമാക്കി. തൊഴിലാളിവർഗങ്ങളുടെ – പ്രത്യേകിച്ചും കാർഷിക ജനതയുടെ – വിഷയിസ്ഥാനത്തെ അവലംഭിച്ചുകൊണ്ടുള്ള എഴുത്തുകൾ ശ്രദ്ധ നേടുകയും ചർച്ചയാകുകയും ചെയ്തു. കലാവിമർശം കൂടാതെ രാഷ്ട്രീയവും സാമൂഹികവുമായ പല വിഷയങ്ങളിലും എഴുതിയിട്ടുണ്ട്. കഥാകൃത്തും നോവലിസ്റ്റും കൂടിയായിരുന്ന ബെർജറിന് തന്റെ “ജി.” എന്ന നോവലിലൂടെ ബുക്കർ സമ്മാനവും ലഭിച്ചു. 2017-ഇൽ പരേതനായി.

Jaya thambi

തൃശൂരിൽ ജനിച്ച് വളർന്ന യുവ എഴുത്തുകാരിയും വിവർത്തകയുമാണ് ജയ തമ്പി. ഹൈദരാബാഡിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ കൾചറൽ സ്റ്റഡീസ് വിഭാഗത്തിൽ ഗവേഷണം ചെയ്യുന്നു.



Published on August 11, 2022

Share

Home » Portfolio » Authors » Jaya Thampi » സ്യൂട്ടും ഫോട്ടോഗ്രാഫും

Related Articles

2023-01-05T12:38:15+05:30

യാതനയുടെ ഫോട്ടോഗ്രാഫുകൾ

പ്രശസ്ത മാർക്സിസ്റ്റ് സൈദ്ധാന്തികനായ ജോൺ ബെർജർ യുദ്ധകാല ഫോട്ടോഗ്രാഫുകളെ കുറിച്ച് എഴുതിയ ലേഖനം മലയാള വിവർത്തനത്തിൽ പ്രസിദ്ധീകരിക്കുന്നു.

2022-02-03T18:22:26+05:30

പ്രയാഗിലെ ദേശാടനക്കിളികൾ

നല്ല വെയിലുള്ള ഒരു ഉച്ചയ്ക്കാണ് ഞങ്ങൾ കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗ്രാൻഡ് ട്രങ്ക് റോഡിന്റെ അരികിലൂടെ വളരെ ശ്രദ്ധയോടെ ഞാൻ സൈക്കിൾ ചവിട്ടി. വേഗമേറിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന കാറ്റിന് സൈക്കിളിന്റെ താളം തെറ്റിക്കാൻ കഴിയും എന്നതിനാൽ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. മുമ്പിലുള്ള പ്രധാന നഗരം 130 കിലോമീറ്റർ കിഴക്കുള്ള അലഹബാദ് ആയിരുന്നു. ഒറ്റദിവസം കൊണ്ട് അവിടെ എത്താനാകില്ല എന്നതുകൊണ്ട് ഇടയ്ക്കുള്ള ഫത്തേപ്പൂർ എന്ന പട്ടണത്തിൽ രാത്രി തങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഗംഗയുടെയും, യമുനയുടെയും ഇടയിലായാണ് ജില്ലാ ആസ്ഥാനം കൂടിയായ ഫത്തേപ്പൂരിന്റെ കിടപ്പ്. കയറ്റിറക്കങ്ങൾ ഇല്ലാത്ത വഴിയിലൂടെയുള്ള യാത്ര സുഖകരമായിരുന്നു.

2021-11-12T15:22:58+05:30

ചുവപ്പും കറുപ്പും: ചില കാൺപൂർ ഓർമ്മകൾ

നഗരത്തെ നടുവിലൂടെ കീറിമുറിച്ച് കടന്നുപോകുന്ന പ്രധാന പാതയിലൂടെ പതിനഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മാത്രമേ സുമിതിന്റെ സുഹൃത്തുക്കൾ ഏർപ്പാടാക്കിയ മുറിയിൽ എത്താനാകൂ. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും വലുതും, തിരക്കുപിടിച്ചതുമായ നഗരമായിരുന്നു കാൺപൂർ. നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന മോട്ടോർ വാഹനങ്ങളുടെ ഇടയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നത് ഒരു സർക്കസ് വിദ്യ പോലെ തോന്നി. വഴിയിൽ ഇടക്കിടെ വരുന്ന മേൽപ്പാലങ്ങളിലേക്ക് സൈക്കിൾ ചവിട്ടിക്കയറ്റാൻ ഞങ്ങൾ ഇരുവരും പ്രയാസപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളുടെ ഹോണുകൾ സൃഷ്ടിക്കുന്ന ഒച്ചപ്പാടിൽ സൈക്കിൾ മണികളുടെ ശബ്ദം അലിഞ്ഞില്ലാതായി. കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ട്രാഫിക് സിഗ്നലുകൾ പിന്നിടുന്നത് അതീവ ശ്രമകരമായിരുന്നു. ഓട്ടപ്പന്തയത്തിന് തയ്യാറെടുക്കുന്നതുപോലെ അക്ഷമരായി പച്ചവെളിച്ചവും കാത്ത് നിൽക്കുന്ന ഡ്രൈവർമാർക്കിടയിലൂടെ സൈക്കിൾ ചവിട്ടുന്നത് അപകടം നിറഞ്ഞ പരിപാടിയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പ്രയാണത്തിനൊടുവിലാണ് കാൺപൂർ നഗരത്തിന്റെ തെക്കേയറ്റത്ത് ഞങ്ങൾ എത്തിച്ചേർന്നത്.

2021-11-03T16:46:53+05:30

Verantha Chronicle by Ramesh Varma

അതും പിടിച്ച് എന്റെ വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടു്‌ നടന്നുകൊണ്ടിരുന്നു. ‘മോണിങ്ങ് വാക്ക്’ പരമ്പരക്കായി പ്രഭാതത്തിലെ തെരുവുകൾ ക്യാമറയിൽ പകർത്തിയിരുന്ന നാളുകളുടെ സ്വപ്നസ്മരണകൾ…. വരാന്തയിൽ കണ്ടവരുടെ, (അധികവും ഉറ്റവരും ഉടയവരും തന്നെ ) ഫോട്ടോ എടുത്തു. ഇതാ എന്റെ ‘Verantha Chronicle’

2021-09-28T14:35:13+05:30

പുതുമഴയുടെ മണമുള്ള മണ്ണിൽ

മുറിയിൽ എത്തിയപ്പോൾ ധർമ്മശാലയുടെ ഉടമ അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിശേഷങ്ങൾ കേട്ടപ്പോൾ അയാൾ ഭേദപ്പെട്ട ഒരു മുറി തന്നു. ചിലന്തിവലകൾ നിറഞ്ഞ, ഈർപ്പം തങ്ങി നിന്നിരുന്ന ആ മുറി ആദ്യത്തെ സ്റ്റോർ റൂമിനേക്കാൻ നല്ലതായിരുന്നു. ഞങ്ങളുടെ പര്യടനഭൂപടത്തിൽ ഉൾപ്പെടാത്ത സ്ഥലമായിരുന്നെങ്കിലും, ബദായൂനിന്റെ ചരിത്രത്തെക്കുറിച്ച് ഞാൻ അല്പം അന്വേഷണം നടത്തി. അഹർ രാജകുമാരനായ ബുദ്ധ് പൊതുയുഗം (CE) 905ൽ സ്ഥാപിച്ചതാണ് ഈ നഗരം എന്ന് വിശ്വസിക്കപ്പെടുന്നു. മുഹമ്മദ് ഗസ്നിയുടെ ബന്ധുവായ സയ്യിദ് മസൂദ് ഗാസി CE 1028 ൽ ഈ പ്രദേശം പിടിച്ചടക്കി

2021-09-28T14:39:41+05:30

ബ്രിജ്ഘാട്ടിലെ ചൂടുകാറ്റ്

‘തീർത്ഥാടക നഗരിയായ അനുപ്ശഹറിലേക്ക് സ്വാഗതം’ എന്നെഴുതി വെച്ചിട്ടുള്ള ഒരു വലിയ കമാനം ഞങ്ങളുടെ മുൻപിൽ തലയുയർത്തി നിന്നു. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത് അനുപ് റായ് എന്ന രാജാവാണ് ഈ പട്ടണം സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്.

2021-09-28T14:40:57+05:30

രണ്ട് പുതിയ ചങ്ങാതിമാർ

ഇരുട്ട് വീഴും മുൻപേ ഹൈവേയിൽ എത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അഞ്ചുമണി ആയപ്പോഴേക്കും വെളിച്ചം കുറയാൻ തുടങ്ങി. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളും, ഒറ്റപ്പെട്ട ചില ഗ്രാമങ്ങളും മാത്രമേ വഴിയിൽ കണ്ടുള്ളൂ. കാലിൽ വേദന കൂടിക്കൂടി വന്നതുകൊണ്ട് സൈക്കിൾ വേഗത്തിൽ ചവിട്ടാനും കഴിയുന്നില്ല. ഓരോ കിലോമീറ്ററും പിന്നിടാൻ വേണ്ട സമയം കൂടിവന്നു.

2021-09-25T22:30:15+05:30

അഗസ്റ്റിൻ്റെ സ്വപ്നങ്ങൾ

മറ്റൊരിക്കൽ ഞാൻ പറഞ്ഞു: എനിക്ക് പെൺകുഞ്ഞ് പിറന്നാൽ ജുബി എന്ന് പേരിടും. ആൺ കുട്ടിയാണെങ്കിൽ ബൈജുവെന്നും. എനിക്ക് ആൺകുഞ്ഞുങ്ങളുണ്ടായില്ല. മൂത്ത മകൾക്ക് ജൂബി എന്ന് തന്നെ പേരിട്ടു .അഗസ്റ്റിൻ്റ മകന്ന് ബൈജുവെന്നും. രണ്ടു പേരും വാക്കുപാലിച്ചു.

2021-09-28T14:43:59+05:30

ഹരിദ്വാറിലെ ശാന്തിതീരം

ഹരിദ്വാറിലെ ഘാട്ടുകൾക്കും ആചാരങ്ങൾക്കും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഗുരുവിന്റെ സ്മരണയിൽ ഗുരുദ്വാര നാനക്-വാര (Gurudwara Nanakwara) എന്ന വലിയൊരു സിഖ് ആരാധനാലയം ഇവിടെ ഉയർന്നു വന്നിരിക്കുകയാണ്.

2021-09-25T22:30:53+05:30

ചെമ്പിട്ട പള്ളിയും അന്ത്റുപ്പാപ്പയും

“മലബാരിക്ക് ഈമാനില്ല, കോടാലിക്ക് ഉറയില്ല : എന്ന ആപ്തവാക്യങ്ങൾ ഉറപ്പായും അതിലുണ്ടാകും. അത് അന്ത്റുവിന്റെ മാനിഫെസ്റ്റൊ ആയിരിക്കാം. അക്കാലത്തേ ഞാൻ എഴുതിത്തുടങ്ങിയിരുന്നത് കൊണ്ട് ഒരു ബുദ്ധിജീവിയാണെന്ന് ധരിച്ചിട്ടുണ്ടാവാം മൂപ്പർ.