വാക്കും നോക്കും 122017-06-25T08:34:34+00:00

Project Description

എന്‍റെ കണ്ണെടുത്തു വെച്ച ഓർമ്മയുടെ അടയാളങ്ങൾ

കവിത ശിഹാബ് 2017 / ഫോട്ടോ അബുൽ കലാം ആസാദ് 2011 – 2017

 

കൊച്ചിൻ ഹാർബറിൽ കണ്ടത്
കടലിന്റെ കിനാക്കാഴ്ച!

നാരനും,പൂവാലനും
സ്കാമ്പിയും, ടൈഗറും
മലപോലെ കൂമ്പാരം
ആൾ വലിപ്പമുള്ള സ്രാവ്,
പറയോളം തടിച്ച നെയ്മീൻ,
മുറത്തോളം വലിയ തെരണ്ടി
അതിന്റെ വാലിനഞ്ചടി നീളം.

മട്ടാഞ്ചേരിയിലെ
പാവപ്പെട്ടവനും, പഠിക്കാത്തവനും
പണ്ടിവിടെ പണി
എൈസടി, വെള്ളം കോര്,
കൊട്ടപിടുത്തം…..
ഇച്ചിരി പഠിച്ചവന്
കണക്കെഴുത്ത്,ഏലം വിളി…

 

 

 

കക്കയും,കല്ലുമ്മക്കായും,
ഞണ്ടും,തെള്ളിയും കൊണ്ടുവന്നത്
തെക്കുള്ളവരായിരുന്നു.
അവിടം കണ്ടലും, കായലും,
ചളിയും, നിലങ്ങളും.

വഴിയും,വിളക്കുമില്ലാത്ത
കായൽ കരി നിലങ്ങൾ.

അവിടത്തുകാർ
കുട്ടകളും,പാളകളും ചുമന്ന്
നടന്നും, നീന്തിയും
കൊച്ചിയിലെ വീടുകളിലും,
മീൻചന്തകളിലും
വ്യാപാരം ചെയ്തു.
ഷാപ്പുകളിൽ
ഏട്ടക്കൂരികളെയും,
സൈബീരിയൻ കൊക്കുകളെയും,
നാടൻ കൊറ്റികളെയും
വിറ്റുതിന്നു.

തവള പിടുത്തം,ചേരപിടുത്തം,
ആമപിടുത്തം തുടങ്ങിയ ചില
പണികളും ചെയ്തു.

അവർ
ഭൂമിക്കും, കടലിനുമിടയിൽ വസിച്ചു
മണ്ണിന്റെ മക്കളെയും,
കടലിന്റെ മക്കളെയും പാടുന്ന
മലയാള സംസ്ക്കൃതിക്കിനിയും
തിരിയാത്ത കണ്ടം.


 

ശിഹാബ്. ടി.എം.ശിഹാബുദീൻ. പശ്ചിമ കൊച്ചിയുടെ ആദ്യത്തെ ഗാലറിസ്റ്റും, സമകാലീന മലയാള കവിതയിലെ ദാർശനിക കവിയുമാണ്.

Text © Shihab /Tamilakam Rekaikal © Abul Kalam Azad 2011 – 2017