Project Description

 © അബുൽ കലാം ആസാദ് / 1985 / ഇ. ടി. പി ഫോട്ടോ ആർകൈവ്

ടൂറിസ്റ്റ് കണ്ണുകള്‍

വി. മുസഫര്‍ അഹമ്മദ്

രുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യനെ എങ്ങിനെ നിര്‍വ്വചിക്കും?

ടൂറിസ്റ്റ് ഫോട്ടോഗ്രഫര്‍ എന്നല്ലാതെ മറ്റെങ്ങിനെ!

മനുഷ്യ ജീവിതത്തില്‍ ക്യാമറകളുടെ ഇന്ന് കാണുന്ന സമൃദ്ധി ഈ നൂറ്റാണ്ടിന്‍റെ സാങ്കേതിക വിദ്യാ സംഭാവനയാണ്. ഇത് മനുഷ്യനെ എങ്ങിനെയെല്ലാം മാറ്റി മറിച്ചു എന്നതിനെക്കുറിച്ച് ലോകം വളരെക്കുറച്ച് മാത്രമേ ചര്‍ച്ച ചെയ്തിട്ടുള്ളൂ.

വെര്‍ച്വലാകുന്നത് ഏതാണ്ട് 100 ശതമാനം തന്നെയായി.

ഇന്‍ഡോറില്‍ ജീവിക്കുകയും അവിടെ താന്‍ ഔട്ട് ഡോര്‍ ജീവിയാണെന്നും ഇന്നത്തെ മനുഷ്യര്‍ കരുതുന്നു. തെരുവ് ജീവിതത്തിന് എന്തിന് പുറത്ത് പോകണം, വെര്‍ച്വല്‍ തെരുവുകള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമായിരിക്കുന്നു.

ഇതോടെ മനുഷ്യ ജീവിതം ഉത്തരവാദിത്തമില്ലാത്ത സന്ദര്‍ശനങ്ങളുടേത് മാത്രമായി. പങ്കാളിത്തമില്ലാത്ത, ഇടപെടലുകളോ നിലപാടുകളോ ഇല്ലാത്ത ഒന്ന്‌. ഈ വാദത്തെ പിന്തുടരാന്‍ ക്യാമറ സമൃദ്ധിയുടെ കാലത്തെ ഇമേജുകള്‍ വിശദവും വ്യാപകവുമായി പരിശോധിച്ചാല്‍ മതിയാകും. അവിടെ വെച്ചാണ്, ഉത്തരവാദങ്ങലില്ലാത്ത, പങ്കാളിത്തങ്ങളിലാത്ത ഒരു ടൂറിസ്‌്‌റ്റിനെപ്പോലെ മനുഷ്യരില്‍ ഭൂരിഭാഗവും ഇന്ന്‌ തങ്ങളുടെ ക്യാമറകള്‍ ഉപയോഗിക്കുന്നത് എന്ന്‌ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അപകടത്തില്‍ പരിക്കു പറ്റി കിടക്കുന്നയാളെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി കടന്നു പോകാന്‍ കഴിയുന്നത് ഇപ്പറഞ്ഞ മനോനിലയുടെ ഒരു ചെറിയ വശം മാത്രമാണ്‌. നാം ഇന്ന്‌ കാണുന്ന ഫോട്ടോഗ്രാഫുകളില്‍ എത്രയെണ്ണം ടൂറിസ്റ്റ് ഫോട്ടോഗ്രാഫുകളല്ല എന്ന് പരിശോധിക്കുമ്പോഴാണ് ഇന്ന്‌ ലോകം എത്തി നില്‍ക്കുന്ന ‘ദൃശ്യസമൃദ്ധി-ദൃശ്യ ഭീകരത’ എന്ന കാര്യത്തെക്കുറിച്ച്‌ മനസ്സിലാക്കാന്‍ കഴിയൂ. ആ ചര്‍ച്ച മനുഷ്യരാശി ആരംഭിക്കേണ്ടതുണ്ട്‌.

ഇമേജിംഗ്‌ എന്ന പ്രക്രിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വലിയ തോതില്‍ മാറിയിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ കൊളോണിയല്‍ ഫോട്ടോഗ്രഫി, യുദ്ധ ഫോട്ടോഗ്രഫി എന്നതിലെല്ലാം ഇരയാക്കപ്പെട്ട മനുഷ്യരെ പില്‍ക്കാലത്ത്‌ ലോകത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഒരു ടൂറിസ്റ്റിന്‍റെ തിരിച്ചറിവ്, സമീപനം, നിലപാട് എന്നതെല്ലാം വിനോദ സഞ്ചാരത്തിന്‍റേതു മാത്രമാണ്. അതായത് വിനോദിക്കുക, പ്ലെഷര്‍ ഇന്‍ഡസ്ടിയുടെ ഭാഗമായിത്തീരുക എന്ന സമീപനമാണ് ടൂറിസ്റ്റിനുള്ളത്. ആ മനോഭാവം ലോകത്തെ എല്ലാ മനുഷ്യരിലേക്കും ഇന്ന്‌ സംക്രമിപ്പിക്കുന്നത് ക്യാമറകളാണ്. അങ്ങിനെ ക്യാമറകളാല്‍ ടൂറിസ്റ്റായി മാറിയ മനുഷ്യരെ ഭരണ കൂടങ്ങളുടെ ഒളിക്കാമറകളും സി സി ക്യാമറകളും നിരന്തരം പിന്തുടരുകയും ചെയ്യുന്നു. അങ്ങിനെ ഇന്നത്തെ ലോകം ക്യാമറസ്ഥാന്‍-ഫോട്ടോസ്ഥാന്‍ ആയി മാറിയിട്ടുണ്ട്‌. ഫോട്ടോഗ്രഫി എന്ന കല ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇതു തന്നെയാണ്. ടൂറിസ്റ്റ് ഫോട്ടോഗ്രഫിയെ മറി കടക്കുക. ടൂറിസ്റ്റ് ഫോട്ടോഗ്രഫറെ മറികടക്കുക. അത്തരത്തിലുള്ള ഇമേജിംഗ് സാധ്യമാക്കുന്ന തലത്തിലേക്ക് വളരുന്നവരായിരിക്കും ഇക്കാലത്തെ മനുഷ്യ ജീവിത ആര്‍ക്കൈവുകള്‍ നിര്‍മ്മിക്കുക. ഫോട്ടോഗ്രാഫിയെക്കുറിച്ച്‌ ഇത്തരത്തില്‍ ചര്‍ച്ച ചെയ്യാന്‍ പൊതുവില്‍ ഇന്ന്‌ ലോകം മടിക്കുന്നു. കാരണം ക്യാമറകളില്‍ പതിയുന്നത് കൊളോണിയില്‍ ഫോട്ടോഗ്രഫിയില്‍ നാം കണ്ടിട്ടുള്ള ടൈപ്പ്‌ വല്‍ക്കരണവും അധികാര നോട്ടവുമാണ്. അധികാരം ഇന്ന്‌ ടൂറിസ്റ്റ്‌ മൈന്‍ഡ് സെറ്റ്‌ സ്വന്തമാക്കിയിരിക്കുന്നു എന്നാണ്.

ശ്രീലങ്കയില്‍ പോയി തിരിച്ചു വന്ന ചില ടൂറിസ്റ്റുകള്‍ എടുത്ത ചിത്രങ്ങള്‍ നോക്കിയപ്പോഴാണ് ആ രാജ്യത്തെ അവര്‍ക്ക്‌ എങ്ങിനെ ഒരു ടൂറിസ്റ്റ്‌് ബ്രോഷര്‍ ആക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്ന് ബോധ്യപ്പെട്ടത്. അതില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശ്രീലങ്കയില്‍ നടന്ന കാര്യങ്ങളുടെ സ്‌്‌മരണ ഉള്‍ക്കൊള്ളുന്ന ഒരു ദൃശ്യം പോലുമുണ്ടായിരുന്നില്ല. വിണ്ട ഒരു ചുമര്‍ പോലും.

എന്തു കൊണ്ട്‌ അങ്ങിനെയുള്ള ഒന്നും നിങ്ങളുടെ ക്യാമറകളില്‍ പതിഞ്ഞില്ല? ഞാന്‍ അവരോട്‌ ചോദിച്ചു-

ഞങ്ങള്‍ പാക്കേജ് ടൂറിലാണ് പോയത്, കുഴപ്പം പിടിച്ച സ്ഥലങ്ങളൊന്നും പാക്കേജില്‍ ഉണ്ടായിരുന്നില്ല. അവര്‍ മറുപടി പറഞ്ഞു.

പാക്കേജ് ടൂറിസം നിയന്ത്രിക്കുന്ന ഒന്നായി ഫോട്ടോഗ്രഫി എന്ന കലാരൂപം പതുക്കെ പതുക്കെ മാറുകയാണോ?

ഗെറ്റോകളെ, ചേരികളെ ഇല്ലാതാക്കുക എന്നത് അര്‍ബനൈസേഷന്‍റെ ഒഴിവാക്കാനാകാത്ത ചേരുവ ആയതു പോലെ, ലോകത്തെ ഒരു ടൂറിസ്റ്റ്‌ ബ്രോഷര്‍ പോലെ കാണാന്‍ മനുഷ്യര്‍ ആഗ്രഹിക്കുകയാണോ? പാക്കേജ് ടൂറുകളില്‍ പോയി വന്നവര്‍ എടുത്ത ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിച്ചു നോക്കൂ. മനുഷ്യന്‍ എങ്ങിനെ ടൂറിസ്റ്റ് ഫോട്ടോഗ്രാഫര്‍ എന്ന ജീവി മാത്രമായി പരിണമിച്ചു കൊണ്ടിരിക്കുന്നു എന്ന്‌ ചിലപ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചേക്കും.

{ എഴുത്തുകാരനും ഗ്രന്ഥകാരനും മാധ്യമപ്രവര്ത്തയകനുമാണ്മുസഫർ. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെം സജീവ പ്രവര്ത്തുകനായിരുന്നു. പ്രവാസി ജീവിതത്തിലെ അനുഭവങ്ങളുടെ ആവിഷ്കാരങ്ങള്‍ മലയാളി വായനക്കാരില്‍ ഏറെ പ്രതികരണങ്ങള്‍ ഉണ്ടാക്കി. }