ഹിമാലയന്‍ മഞ്ഞുപാടങ്ങളില്‍
നിന്നൊഴുകി ചരിത്രമുറങ്ങുന്ന
ജനപഥങ്ങളെ തഴുകി
ബംഗാള്‍ ഉള്‍ക്കടലിന്‍റെ
ആഴങ്ങളില്‍ അലിയുന്നത് വരെയുള്ള
ഗംഗയുടെ യാത്രയെ
നാല് മാസത്തോളം
സൈക്കിളിലും, കാൽനടയായും
ജോയൽ കെ. പയസ്
അനുഗമിച്ചതിന്റെ
എഴുത്തും ചിത്രങ്ങളും

സംഗീത തീർത്ഥാടനം എന്ന ആശയത്തെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് ഋഷികേശിൽ വെച്ചാണ്. തങ്ങൾക്ക് പ്രിയപ്പെട്ട സംഗീതജ്ഞർ ജീവിച്ചിരുന്ന പ്രദേശങ്ങളിലേക്ക് സംഗീത പ്രേമികൾ നടത്തുന്ന ഇത്തരം യാത്രകളും, ആത്മീയ കേന്ദ്രങ്ങളിലേക്ക് ആളുകൾ സാധാരണയായി നടത്തുന്ന തീർഥയാത്രകളും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?
സംഗീത തീർത്ഥാടനം എന്ന ആശയത്തെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് ഋഷികേശിൽ വെച്ചാണ്. തങ്ങൾക്ക് പ്രിയപ്പെട്ട സംഗീതജ്ഞർ ജീവിച്ചിരുന്ന പ്രദേശങ്ങളിലേക്ക് സംഗീത പ്രേമികൾ നടത്തുന്ന ഇത്തരം യാത്രകളും, ആത്മീയ കേന്ദ്രങ്ങളിലേക്ക് ആളുകൾ സാധാരണയായി നടത്തുന്ന തീർഥയാത്രകളും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? © ജോയൽ കെ. പയസ്

യോഗാനഗരിയിലെ ബീറ്റിൽസ് താളങ്ങൾ

ധുനികതയുടെയും പൗരാണികതയുടെയും സംഗമഭൂമി എന്ന് വിശേഷിപ്പിക്കാവുന്ന ഒരിടമാണ് ഋഷികേശ് (Rishikesh). ജനസാന്ദ്രത പൊതുവെ കുറവായ ഉത്തരഖണ്ഡിലെ ഏറ്റവും വലിയ നാഗരിക മേഖലകളിൽ ഒന്നാണിത്. ഡെറാഡൂൺ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും, പട്ടണത്തിന്റെ അനുബന്ധ പ്രദേശങ്ങൾ (suburbs) ടെഹ്‌റി ഗർവാൾ, പൗരി ഗർവാൾ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. പർവതത്തിന്റെയും സമതലത്തിന്റെയും അതിർത്തിയിലുള്ള ഇവിടേക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വ്യത്യസ്ത താത്പര്യങ്ങളുള്ള സഞ്ചാരികൾ ചേക്കേറുന്നത് പതിവാണ്.

ഋഷികേശിന്റെ ആധുനിക മുഖമായ ലക്ഷ്മൺ ജൂലയിൽ (Lakshman Jhula) ഞങ്ങൾ എത്തുമ്പോൾ സമയം സന്ധ്യയായിരുന്നു. അതുവരെക്കണ്ട ഉത്തരഖണ്ട് പെട്ടന്ന് അപ്രത്യക്ഷമായത് പോലെ തോന്നി. നാട്ടുകാരെക്കാൾ കൂടുതൽ വിദേശികളെയാണ് തെരുവുകളിൽ കണ്ടത്. ഒരു തീർഥാടനകേന്ദ്രം എന്നതിനപ്പുറം,  വലിയ ആഡംബര ഹോട്ടലുകളും കരകൗശല വസ്തുക്കളുടെ വിൽപന കേന്ദ്രങ്ങളും പാശ്ചാത്യ രീതിയിലുള്ള ഭക്ഷണശാലകളും നിറഞ്ഞ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷ്‌മൺ ജൂല. അവിടെ ഗംഗയുടെ തീരത്തുള്ള ഒരു ഗുജറാത്തി ധർമ്മശാലയിൽ 350 രൂപയ്ക്ക് മുറി തരപ്പെട്ടു. ഈ പട്ടണത്തിൽ കുറച്ച് ദിവസം തങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി.



ലക്ഷ്മൺ ജൂലയിൽ നിന്ന് ഋഷികേശിലേക്ക് കുറഞ്ഞ ദൂരമേ ഉള്ളൂ. ആ വഴിയിൽ രാം ജൂല എന്നുപേരുള്ള ഒരു സ്ഥലവും ഉണ്ട്. ഈ രണ്ടിടത്തും ഗംഗാ നദിക്ക് കുറുകെ രാമലക്ഷ്മണന്മാരുടെ പേരുകളിൽ പണികഴിപ്പിച്ചിട്ടുള്ള ഓരോ തൂക്കുപാലങ്ങൾ ഉണ്ട്. തിരക്കും ബഹളവും നിറഞ്ഞ വലതുകരയെ ഒഴിവാക്കി, വിദേശികളും സന്യാസികളും കൂടുതലായും തമ്പടിച്ചിട്ടുള്ള, നദിയുടെ വന്യമായ മറുകരയിലേക്കുള്ള സഞ്ചാരമാർഗ്ഗമാണ് ഈ തൂക്കുപാലങ്ങൾ.

ഇപ്പോൾ ലക്ഷ്മൺ ജൂല എന്ന് വിളിക്കപ്പെടുന്ന സ്ഥലത്ത് വെച്ച് ലക്ഷ്മണൻ ചണക്കയറുകൾ ഉപയോഗിച്ച് ഗംഗയ്ക്ക് കുറുകെ സഞ്ചരിച്ചു എന്നാണ് ഐതിഹ്യം. രാമായണ കഥയുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശം പുരാണേതിഹാസങ്ങളിൽ പരാമർശിക്കപ്പെടുന്നത്. രാവണനെ വധിച്ചതിന് പ്രാശ്ചിത്തം ചെയ്യാനായി രാമൻ ഇവിടെ വന്നു എന്നാണ് വിശ്വാസം. ഹൃസികേസ (Hrisikesa) എന്ന സംസ്‌കൃത വാക്കിൽ നിന്നാണ് ഋഷികേശ് എന്ന സ്ഥലനാമം രൂപപ്പെട്ടത് എന്ന് കരുതപ്പെടുന്നു. വിഷ്ണുവിന്റെ വിശേഷണമായ ഇന്ദ്രിയങ്ങളുടെ അധികാരി (Lord of the Senses) എന്നാണ് ഇതിനർത്ഥം എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.



പാശ്ചാത്യ സംഗീതോപകരണങ്ങളുടെ  പശ്ചാത്തലത്തിൽ ഇന്ത്യൻ ഭക്തിഗാനങ്ങൾ ഒഴുകുന്ന കടകളും, കഞ്ചാവിന്റെ ഗന്ധമുള്ള ഇടനാഴികളും ഉള്ള തെരുവുകളിലൂടെ അലഞ്ഞുനടന്നാണ് ഋഷികേശിലെ ആദ്യത്തെ പ്രഭാതം ഞങ്ങൾ തുടങ്ങിയത്. വിശന്ന് വയർ പെരുമ്പറ കൊട്ടുന്ന സമയത്താണ് വഴിയിൽ ശിവാനന്ദ ആശ്രമം കണ്ടത്. ലോകമെമ്പാടും ശിഷ്യഗണങ്ങൾ ഉള്ള വലിയ ഒരു ആധ്യാത്മിക സ്ഥാപനമാണ് അത്. ആശ്രമത്തിനോട് ചേർന്ന് തന്നെ സൗജന്യമായി ചികിത്സ നൽകുന്ന ഒരു ആശുപത്രിയും ഉണ്ട്. മുൻകൂട്ടി അറിയിച്ച് വരുന്ന തീർത്ഥാടകർക്ക് താമസിക്കാനും, ഭക്ഷണം കഴിക്കാനും ഉള്ള സൗകര്യങ്ങൾ ആശ്രമത്തിൽ ഉണ്ട്. ഞങ്ങൾ ചെല്ലുമ്പോൾ പ്രഭാതഭക്ഷണത്തിന് സമയമായിരുന്നു. സഞ്ചാരികളാണ് എന്നറിയിച്ചപ്പോൾ ഞങ്ങൾക്കും ഭക്ഷണശാലയിലേക്ക് ക്ഷണം കിട്ടി. അവിടെ നിന്ന് സൗജന്യമായി ലഭിച്ച ഭക്ഷണം രുചികരമായിരുന്നു. വിശപ്പിന് ശമനം വന്നതോടെ ഞങ്ങൾ അന്നത്തെ നഗരപ്രദക്ഷിണം തുടങ്ങി.

ബീറ്റിൽസ് ആശ്രമത്തിലെ ജീർണ്ണിച്ച, ഇടിഞ്ഞുവീഴാൻ തയാറെടുക്കുന്ന ചുമരുകൾ സന്ദർശകരുടെ ഓർമ്മച്ചിത്രങ്ങളിലൂടെ അനശ്വരമാകുന്നു
ബീറ്റിൽസ് ആശ്രമത്തിലെ ജീർണ്ണിച്ച, ഇടിഞ്ഞുവീഴാൻ തയാറെടുക്കുന്ന ചുമരുകൾ സന്ദർശകരുടെ ഓർമ്മച്ചിത്രങ്ങളിലൂടെ അനശ്വരമാകുന്നു © ജോയൽ കെ. പയസ്
കയ്യിൽ പണമില്ലാത്ത സഞ്ചാരികളും, സാധുബാബമാരും ഉറങ്ങുന്നത് ഇതുപോലുള്ള മേൽക്കൂരകൾക്ക് കീഴെയാണ്. നദീതീരത്തോട് ചേർന്നുള്ള ഈ താവളങ്ങളിലൂടെ രാത്രി മുഴുവനും തണുത്ത കാറ്റ് വീശിക്കൊണ്ടിരിക്കും.
കയ്യിൽ പണമില്ലാത്ത സഞ്ചാരികളും, സാധുബാബമാരും ഉറങ്ങുന്നത് ഇതുപോലുള്ള മേൽക്കൂരകൾക്ക് കീഴെയാണ്. നദീതീരത്തോട് ചേർന്നുള്ള ഈ താവളങ്ങളിലൂടെ രാത്രി മുഴുവനും തണുത്ത കാറ്റ് വീശിക്കൊണ്ടിരിക്കും © ജോയൽ കെ. പയസ്

രാം ജൂലയിലെ തൂക്കുപാലം കടന്ന് ഞങ്ങൾ നദിയുടെ അക്കരയെത്തി. മലയിടുക്കുകൾ സൃഷ്ടിക്കുന്ന തടസം ഇല്ലാതായതോടെ ഗംഗ വീതിയിൽ ഒഴുകാൻ തുടങ്ങിയിരിക്കുന്നു. ചെറുതും വലുതുമായ എണ്ണമറ്റ ആശ്രമങ്ങളും, യോഗാപരിശീലന കേന്ദ്രങ്ങളും ഋഷികേശിനെ ആദ്ധ്യാത്മിക സഞ്ചാരം (spiritual tourism) നടത്തുന്നവരുടെ പറുദീസയാക്കി മാറ്റിയിരിക്കുന്നു. ഈ പ്രദേശത്തിന്റെ ആധ്യാത്മിക ആകർഷണം കണക്കിലെടുത്ത് സർക്കാരുകൾ പലവിധ നിയന്ത്രണങ്ങളും നടപ്പാക്കിയിട്ടുണ്ട്. മാംസഭക്ഷണവും, മദ്യവും ഇവിടെ വിൽക്കാൻ പാടില്ല എന്ന നിയമവും അക്കൂട്ടത്തിൽ ഉണ്ട്. തീവ്രവലതുപക്ഷ ആശയങ്ങൾക്കും ഇവിടെ നല്ല വിപണിയുണ്ട്.



ഗോ (പശു) രക്ഷാസേന എന്ന പേരിൽ വലിയ സ്റ്റിക്കറുകൾ പതിച്ച, ആംബുലൻസുകൾക്ക് ഉള്ളതുപോലെ വിളക്കുകൾ ഘടിപ്പിച്ച ഒരു വാഹനം ഒരു ആശ്രമത്തിന്റെ മുൻപിൽ കിടക്കുന്നത് കണ്ടു. കാവി വസ്ത്രവും, രുദ്രാക്ഷമാലകളും അണിഞ്ഞ ചില വിദേശികൾ ഞങ്ങളെ കടന്നുപോയി. സൗജന്യമായി ഭക്ഷണം കൊടുക്കുന്ന ഒരുപാട് ധർമ്മശാലകൾ വഴിയിൽ കണ്ടു. അവയുടെയെല്ലാം മുൻപിൽ ചെറിയ ആൾക്കൂട്ടവും കാണാമായിരുന്നു. മൂന്ന് കിലോമീറ്ററോളം നടന്നുകഴിഞ്ഞപ്പോളാണ് ഹവേലിയുടെ മട്ടിൽ നിർമ്മിച്ചിട്ടുള്ള ഒരു പഴയ കെട്ടിടം ഞങ്ങളുടെ കണ്ണിൽ പെട്ടത്; ബോംബെ ഗസ്റ്റ്ഹൗസ്. അന്വേഷിച്ചപ്പോൾ മുറിവാടക 250 രൂപ. ആ കെട്ടിടത്തിലെ മിക്ക അതിഥികളും ചുരുങ്ങിയ ചിലവിൽ ദീർഘകാലം ഇന്ത്യയിൽ താമസിക്കാൻ വന്നിട്ടുള്ള വിദേശികളാണ്. ചിലർ റഷ്യയിൽ നിന്നും കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്നും ഉള്ളവരായിരുന്നു. കുട്ടികളടക്കം കുടുംബസമേതമാണ് അവർ വന്നിരിക്കുന്നത്. പാചകമൊക്കെ ഗസ്റ്റ്ഹൗസിലെ പൊതു അടുക്കളയിലാണ് നടത്തുന്നത്. രണ്ട്‌ കട്ടിലുകൾ ഉള്ള ഒരു ചെറിയ മുറി അവിടെ ഞങ്ങൾ വാടകക്കെടുത്തു. ചിട്ടവട്ടങ്ങൾ ഒരുപാടുള്ള ഗുജറാത്തി ധർമ്മശാലയിൽ വെച്ചിട്ടുള്ള ബാഗുകൾ ഞങ്ങൾ ഉടനടി ഗംഗയുടെ ഇടതുകരയിലുള്ള പുതിയ  താമസസ്ഥലത്തെക്ക് മാറ്റി.



ലക്ഷ്‌മൺ ജൂലയിലെ തൂക്കുപാലത്തിൽ ഫോട്ടോയെടുക്കാനും കാഴ്ചകൾ കാണാനും കൂടിനിൽക്കുന്ന ആളുകളുടെ ഇടയിലൂടെ നടക്കുമ്പോളാണ് നദീതീരത്തെ ഒരു പാറക്കെട്ടിൽ കുറച്ച് സാധുബാബമാർ ഇരിക്കുന്നത് കണ്ടത്. അവരോട് സംസാരിക്കാം എന്ന്‌ തീരുമാനിച്ച് ഞങ്ങൾ അങ്ങോട്ട് നടന്നു. പല പ്രായത്തിലുള്ള നാലഞ്ച് കാവിക്കുപ്പായക്കാർ കൂട്ടംകൂടിയിരിക്കുകയാണ്. ഞങ്ങളുടെ അലസമായ വസ്ത്രധാരണവും സഞ്ചാരികളുടേത് പോലുളള പെരുമാറ്റവും കൊണ്ടാവണം, അവരുടെ സമ്മേളനത്തിലേക്ക് വേഗം ക്ഷണം കിട്ടി. സംശയമോ പരിഭ്രമമോ പ്രകടിപ്പിക്കാതെ അപരിചിതരെ സമീപിക്കുന്നതും, ആശങ്ക നിറഞ്ഞ മുഖത്തോടെ എവിടെയെങ്കിലും കയറിച്ചെല്ലുന്നതും വ്യത്യസ്തമായ പ്രതികരണങ്ങളാണ് ഉണ്ടാക്കുക. ആ സന്യാസിമാരുടെ ഇടയിലേക്ക് കടന്ന് ചെന്നപ്പോൾ അവരുടെ തീക്ഷ്ണമായ കണ്ണുകൾ ഞങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.

മഹേഷ് യോഗിയുടെ ആശ്രമത്തിൽ ആരോ വരച്ചിട്ടുപോയ ചുമർചിത്രങ്ങൾ. ഒരിക്കൽ ലോകത്തിലെ ഏറ്റവും പ്രശസ്തരും, ധനികരുമായ ആളുകൾക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ഈ ആശ്രമത്തിലേക്ക് ഇന്ന് ആർക്കും വരാം.
മഹേഷ് യോഗിയുടെ ആശ്രമത്തിൽ ആരോ വരച്ചിട്ടുപോയ ചുമർചിത്രങ്ങൾ. ഒരിക്കൽ ലോകത്തിലെ ഏറ്റവും പ്രശസ്തരും, ധനികരുമായ ആളുകൾക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ഈ ആശ്രമത്തിലേക്ക് ഇന്ന് ആർക്കും വരാം © ജോയൽ കെ. പയസ്

അവരുടെ കൂട്ടത്തിലെ ഒരാൾ ചില്ലത്തിൽ കഞ്ചാവ് നിറയ്ക്കുകയാണ്. ഏറ്റവും മുതിർന്നതെന്ന് തോന്നിക്കുന്ന ഒരാളൊഴികെ മറ്റെല്ലാവരും ഞങ്ങളോട് സംസാരിച്ചു. ഞാൻ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ, അവരിൽ ഒരാൾ കുറച്ച് മുറി ഇംഗ്ളീഷും പ്രയോഗിച്ചു. സീനിയർ സാധുബാബ മാത്രം എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു. ചില്ലം തയാറാക്കിയ ആൾ ഇരുകൈകളും കൊണ്ട് അത് സീനിയർ ബാബയ്ക്ക് കൈമാറി. ഒരു തീപ്പെട്ടിക്കൊള്ളി നൽകുന്ന തീനാളത്തിലേക്ക് ചില്ലത്തിന്റെ ദ്വാരത്തിലൂടെ അയാൾ തന്റെ ശ്വാസം തുടർച്ചയായി പ്രവഹിപ്പിച്ചു. ഒരു വിറകടുപ്പിൽ നിന്ന് എന്നപോലെ വെളുത്ത പുക അയാളുടെ മുഖത്തിനുചുറ്റും നിറഞ്ഞു. ഭം ഭം ഭോൽ… ഹർ ഹർ മഹാദേവ്…



അന്ന് വൈകുന്നേരം ഞാനും സുമിതും വ്യത്യസ്ത ദിശകളിൽ നടക്കാനിറങ്ങി. അലസമായ നടത്തത്തിന്റെ അവസാനം നദിയുടെ തീരത്തെ ഉരുളൻ കല്ലുകളിൽ ഒന്നിന്റെ പുറത്തിരുന്ന് ചുറ്റുമുള്ള കാഴ്ചകളിലൂടെ ഞാനൊന്ന് കണ്ണോടിച്ചു. ഇതുവരെ ഒപ്പമുണ്ടായിരുന്ന പർവതങ്ങൾക്ക് പകരം ചെറിയ കുന്നുകളാണ് ഗംഗയെ അനുഗമിക്കുന്നത്. കുറച്ചുമാറിയുള്ള ക്ഷേത്രത്തിൽ നിന്ന് ഭജനകൾ ഉയരുന്നു. എവിടെ നിന്നോ വരുന്ന ശംഖനാദങ്ങൾ അവയ്ക്ക് അകമ്പടി സേവിച്ചു. അടുത്തുള്ള ഒരു പാറക്കെട്ടിനിടയിൽ ഒരു സന്യാസി അടുപ്പ് കൂട്ടിയിരിക്കുന്നു. സന്ധ്യയായതോടെ തണുപ്പിന് ശക്തി കൂടി. അലസമായി ഒഴുകുന്ന ഗംഗയെ നോക്കിയിരുന്ന് സമയം പോയതറിഞ്ഞില്ല. നദിയിലൂടെ ഒഴുകി വരുന്ന ചിരാതുകളിലെ വെളിച്ചമാണ് രാത്രിയായ വിവരം എന്നെ അറിയിച്ചത്. നടത്തം തുടരാൻ ഞാൻ തീരുമാനിച്ചു. അനേകായിരം സഞ്ചാരികളുടെ കാലടികൾ പതിഞ്ഞ്‌ രൂപപ്പെട്ട ഇടവഴികളിലൂടെയാണ് എനിക്കും നടക്കേണ്ടത്. വാഹനങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ കാൽനടയായി സഞ്ചരിക്കുന്നവരാണ് ഇവിടെ കൂടുതലും. യോഗ, ധ്യാനം ഇവയുടെ ക്ലാസ്സുകൾ കഴിഞ്ഞ് ചുരുട്ടിയ വിരിപ്പുകളുമായി മുറികളിലേക്ക് തിരിച്ചു പോകുന്ന വിദേശികളെ വഴിയിൽ കണ്ടു. പല ഫാഷനുകളിൽ രൂപകൽപ്പന ചെയ്ത യോഗാ വിരിപ്പുകൾ (yoga mats) വിൽക്കുന്ന കടകൾ മുക്കിലുംമൂലയിലും പൊട്ടിമുളച്ചിരിക്കുന്നു. ലോകത്തിന്റെ യോഗാ തലസ്ഥാനം (yoga capital of the world) എന്ന പദവി ഋഷികേശിന് ചാർത്തിക്കിട്ടിയതോടെ ഇവിടെയുള്ള കച്ചവടക്കാർക്ക് കോളടിച്ച മട്ടാണ്.



ഗംഗയുടെ തീരത്ത് കൂടി നീളുന്ന, ഓടുകൾ പതിച്ച ഒരു വഴിയിലൂടെ ഞാൻ നടക്കുകയായിരുന്നു. നദിയെ അഭിമുഖീകരിക്കുന്ന രീതിയിൽ ഇരിപ്പിടങ്ങളും, അവയെ മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷിക്കാൻ വലിയ കുട പോലെയുള്ള മേൽക്കൂരകളും വഴിയിൽ ഉടനീളം നിർമ്മിച്ചിരിക്കുന്നു. ആ മേൽക്കൂരകൾക്ക് കീഴിൽ മേലാകെ മൂടിപ്പുതച്ച് ആരൊക്കെയോ ഉറങ്ങുന്നുണ്ട്. തികച്ചും യാദൃശ്ചികമായാണ് സുമിതിനെ വഴിയിൽ കണ്ടത്. എന്നെ കണ്ട ഉടനെ അവൻ ഉറക്കെ വിളിച്ചു. കാവി വസ്ത്രവും, തല മൂടുന്ന തൊപ്പിയും ധരിച്ച ഒരു താടിക്കാരനോട് ഇംഗ്ളീഷിൽ സംസാരിക്കുകയാണ് സുമിത്. “ഇയാൾ നിന്റെ നാട്ടുകാരനാണ്. പരിചയപ്പെടൂ,” അവൻ എന്നോട് പറഞ്ഞു. സുമിത് പരിചയപ്പെടുത്തിയ ആ അപരിചിതന്റെ മുഖത്ത് അസാധാരണമായ ഒരുതരം പ്രസന്നത ഞാൻ കണ്ടു. അപരിചിതത്വം വളരെപ്പെട്ടന്ന് സൗഹാർദമായി മാറി. മലയാളം ഞങ്ങളുടെ ഇടയിൽ അനർഗളമായി ഒഴുകി. യാത്ര തുടങ്ങിയതിൽ പിന്നെ ആദ്യമായാണ് ആരോടെങ്കിലും മലയാളത്തിൽ സംസാരിക്കുന്നത്. കുറേ വർഷങ്ങൾ ജോലി ചെയ്ത്, എല്ലാത്തിനോടും മടുപ്പ് തോന്നി സന്യാസിയാകാൻ ഇറങ്ങിത്തിരിച്ച ഒരാളാണ് എന്റെ മുൻപിൽ. അയാളുടെ നീണ്ടുവളർന്ന താടിയിൽ നര കയറിയിരുന്നു. കുറേ നാളുകളായി ഒന്നും മിണ്ടാതിരുന്ന ഒരാൾ ഒരു സുപ്രഭാതത്തിൽ സംസാരിക്കാൻ തുടങ്ങുന്നത് പോലെയാണ് വാക്കുകൾ അയാളിൽ നിന്ന് പുറത്ത് വന്നത്. പിന്നീട് ആലോചിച്ചപ്പോൾ എനിക്ക് തോന്നിയത് ഞാനും അങ്ങനെയാണ് അയാളോട് സംസാരിച്ചതെന്നാണ്. ഐ ടി സി കമ്പനിയിലെ ഉദ്യോഗം ഉപേക്ഷിച്ചാണ് സ്വന്തം പേര് പരസ്യമാക്കാൻ ആഗ്രഹിക്കാത്ത ആ തൃശൂർ സ്വദേശി ഉത്തരേന്ത്യയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. അവിവാഹിതനായ അയാൾക്ക് നാട്ടിൽ അമ്മയും സഹോദരങ്ങളും ഉണ്ട്. ഹരിദ്വാർ ലക്ഷ്യമാക്കിയാണ് ആൾ വണ്ടികയറിയത്. എന്നാൽ, ആ നഗരത്തിലെ കോലാഹലങ്ങൾ അയാളെ പെട്ടന്ന് മടുപ്പിച്ചു. അപ്പോഴാണ് ഋഷികേശിനെക്കുറിച്ച് ആരിൽനിന്നോ കേട്ടത്. അങ്ങനെയാണ് പുള്ളിക്കാരൻ ഇവിടെ എത്തിയത്. ആരും പട്ടിണികിടക്കേണ്ടി വരില്ലാത്ത ഒരു സ്ഥലമാണ് ഋഷികേശ് എന്ന് തന്റെ അനുഭവം വെച്ച് അയാൾ പറഞ്ഞു. മൂന്ന് നേരം സൗജന്യമായി ഭക്ഷണം നൽകുന്ന നിരവധി ആരാധനാലയങ്ങളും ആശ്രമങ്ങളും ഇവിടെ ഉണ്ട്. എവിടെയാണ് നല്ല ഭക്ഷണം കിട്ടുക എന്ന് മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തു എന്ന് ആ മധ്യവയസ്‌കൻ  പറഞ്ഞു. തന്റെ ചെറിയ ബാഗിൽ നിന്ന് ഒരു സ്റ്റീൽ പാത്രവും, ഗ്ളാസ്സും പുറത്തെടുത്ത് കാണിച്ച് “ഋഷികേശിൽ ജീവിക്കാൻ ഇത് മാത്രം മതി,” എന്ന് അയാൾ പറഞ്ഞു.  ഹിന്ദി അറിയാത്തതാണ് ആ സന്യാസിയെ അലട്ടുന്ന ഒരേയൊരു പ്രശ്നം. “മലയാളം മാത്രമേ നന്നായി അറിയൂ. ഇംഗ്ളീഷ് പോലും കഷ്ടപ്പെട്ടാണ് പറയുന്നത്,” അയാളുടെ വാക്കുകളിലെ സത്യസന്ധത എന്നെ ആകർഷിച്ചു. ആളുകളെ പറ്റിച്ച് പണമുണ്ടാക്കാൻ ശ്രമിക്കുന്ന ആളുകൾ ധാരാളമുള്ള ഋഷികേശിൽ സന്യാസം മനസ്സുകൊണ്ടാഗ്രഹിക്കുന്ന ഒരു നാട്ടുകാരനെ കണ്ടതിൽ എനിക്ക് സന്തോഷം തോന്നി. അടുത്ത ദിവസം വീണ്ടും കാണാം എന്നുപറഞ്ഞ് ഞാനും സുമിതും നടത്തം തുടർന്നു.

മഹേഷ് യോഗിയുടെ ആശ്രമത്തിൽ നിന്നുള്ള ഒരു ദൃശ്യം. ചിലർക്ക് ഇതൊരു വിനോദസഞ്ചാര കേന്ദ്രമാണെങ്കിൽ മറ്റു ചിലർക്ക് ഇതൊരു ആത്മീയഭൂമിയാണ്.
മഹേഷ് യോഗിയുടെ ആശ്രമത്തിൽ നിന്നുള്ള ഒരു ദൃശ്യം. ചിലർക്ക് ഇതൊരു വിനോദസഞ്ചാര കേന്ദ്രമാണെങ്കിൽ മറ്റു ചിലർക്ക് ഇതൊരു ആത്മീയഭൂമിയാണ് © ജോയൽ കെ. പയസ്
ഹരിദ്വാർ പോലുള്ള ഉത്തരേന്ത്യൻ തീർത്ഥാടനകേന്ദ്രങ്ങളിലെ ബഹളമോ, പർവതങ്ങൾക്ക് മുകളിലെ ക്ഷേത്ര നഗരികളിലെ ഒറ്റപ്പെടലോ നേരിടാതെ ചിലവ് ചുരുക്കി ജീവിക്കാൻ കഴിയും എന്നതിനാൽ ഋഷികേശ് വിദേശികളുടെ ഒരു പറുദീസയാണ്
ഹരിദ്വാർ പോലുള്ള ഉത്തരേന്ത്യൻ തീർത്ഥാടനകേന്ദ്രങ്ങളിലെ ബഹളമോ, പർവതങ്ങൾക്ക് മുകളിലെ ക്ഷേത്ര നഗരികളിലെ ഒറ്റപ്പെടലോ നേരിടാതെ ചിലവ് ചുരുക്കി ജീവിക്കാൻ കഴിയും എന്നതിനാൽ ഋഷികേശ് വിദേശികളുടെ ഒരു പറുദീസയാണ് © ജോയൽ കെ. പയസ്

ചെറിയൊരു ധർമ്മശാലയിൽ നിന്നാണ് അന്ന് രാത്രി ഞങ്ങൾ ഭക്ഷണം കഴിച്ചത്. ചോറും രുചിയില്ലാത്ത പരിപ്പും മാത്രമേ അവിടെ നിന്ന് കിട്ടിയുള്ളൂ. ഭിക്ഷാടകരും, കുറച്ച് നാടോടികളും മാത്രമാണ് അത്താഴത്തിനായി എത്തിയിരുന്നത്. അവരിൽ പലരും മൂന്ന് നേരവും വെവ്വേറെ ആശ്രമങ്ങളിലെ ലങ്ങാറുകളാണ് കഴിക്കുക എന്ന് പിന്നീട് മനസ്സിലായി. ഒരേ ഭക്ഷണം തുടർച്ചയായി കഴിക്കുന്നതിന്റെ വിരസത പലരും ഒഴിവാക്കുന്നത് അങ്ങനെയാണ്. അത്താഴശേഷം ഒരു ചെറിയ നടത്തത്തിന് ഇറങ്ങിയപ്പോളാണ് കാവിവേഷധാരിയായ ഒരാളെ ഞങ്ങൾ കണ്ടുമുട്ടിയത്. ചില്ലത്തിൽ നിന്ന് വരുന്ന പുകയുടെ പുറകിൽ മുഖം ഒളിപ്പിച്ച് ഒരു കടത്തിണ്ണയിൽ ഇരിക്കുകയായിരുന്നു അയാൾ. ഒരു ചൂട് ചായയുടെ പുറത്ത് ഞങ്ങൾ പരിചയപ്പെട്ടു. അയാളുടെ കാവിവേഷം ഒരു മറ മാത്രമാണെന്ന് പെട്ടന്ന് തന്നെ ബോധ്യമായി; മൂന്ന് നേരം പട്ടിണിയില്ലാതെ ജീവിക്കാൻ കാവിയൊന്നും ധരിക്കേണ്ടാത്ത സ്ഥലമാണ് ഋഷികേശ്. ഏതായാലും, അയാൾ വേഗം കാര്യത്തിലേക്ക് കടന്നു. നല്ല കഞ്ചാവുണ്ട്. തൊട്ടടുത്തുള്ള കാട്ടിൽ നിന്ന് കൊണ്ടുവരുന്നതാണ്. നാന്നൂറ് രൂപയാണ് വില. സാധനം കാണട്ടെ എന്ന് ഞങ്ങൾ പറഞ്ഞു. തന്റെ കാവി വസ്ത്രത്തിന്റെ കീശയിൽ നിന്നും അയാൾ വളരെ ചെറിയ ഒരു പൊതി പുറത്തെടുത്തു. തട്ടിപ്പിനുള്ള പരിപാടിയാണെന്ന് ഞങ്ങൾക്ക് ബോധ്യമായി. കഞ്ചാവ് പൊതുവെ കുറഞ്ഞ നിരക്കിൽ കിട്ടുന്ന മേഖലയാണ് ഇത്. മാത്രമല്ല, ഇവിടെ വരുന്ന വിദേശികളിൽ കുറേപേരും, കയ്യിൽ പണമുള്ള നാടൻ സഞ്ചാരികളും കഞ്ചാവിനെക്കാൾ കൂടുതൽ ഇഷ്ടപ്പെടുന്നത് അതിന്റെ വീര്യം കൂടിയ വകഭേദമായ ഹാഷിഷ് ആണ്. ഉറങ്ങുന്നതിന് മുൻപ് കുറച്ച് കാശടിക്കാൻ ഇറങ്ങിയിരിക്കുകയാണ് അങ്ങേരെന്ന് പിടികിട്ടിയ ഞങ്ങൾ റാം…റാം… പറഞ്ഞ് സ്ഥലം കാലിയാക്കി. നാടൻ ബീഡിയുടെ പുക വലിച്ചു വിട്ടുകൊണ്ട് ഞങ്ങൾ തൂക്കുപാലത്തിലൂടെ നടന്നു.

ഗംഗയുടെ മേലേക്കൂടി വീശുന്ന തണുത്ത കാറ്റിൽ ലക്ഷ്മൺ ജൂല വിറങ്ങലിച്ചു നിന്നു. ശൈത്യകാലം പടിവാതിലിൽ എത്തിയിരിക്കുന്നു. നദീതീരത്തെ ഭക്ഷണശാലകളിൽ തിരക്ക് കുറഞ്ഞിരുന്നു. പരസ്പരം ചേർത്തുപിടിച്ച് നദിയിലേക്ക് നോക്കി നിൽക്കുന്ന ചില പാശ്ചാത്യ ജോടികളെ പാലത്തിൻമേൽ കണ്ടു. ദേവപ്രയാഗിലെ പോലെ ഇവിടെയും രാത്രി സമയത്ത് നദിയിൽ ഒഴുക്ക് കൂടുതലാണ്; തൊണ്ണൂറ് കിലോമീറ്ററുകളോളം അകലെയുള്ള ടെഹ്‌റി അണക്കെട്ടിന്റെ ശക്തി ഇനിയും കുറഞ്ഞിട്ടില്ല.



വിനോദസഞ്ചാര ഭൂപടത്തിൽ ഋഷികേശിന് വലിയ സ്ഥാനമാണ് ഈ അടുത്ത കാലത്തായി കിട്ടിയിട്ടുള്ളത്. റിവർ റാഫ്റ്റിംഗ്, ബഞ്ചി ജംപിങ്, പാരാഗ്ലൈഡിങ്‌, കാട്ടിലൂടെയുള്ള സഫാരികൾ തുടങ്ങി സാഹസങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഋഷികേശ് ഒരു മികച്ച ലക്ഷ്യസ്ഥാനമാണ്. നദീതീരത്തും, വന മേഖലയിലും പൊങ്ങി വന്നിട്ടുള്ള എണ്ണമറ്റ റിസോർട്ടുകളും, ക്യാമ്പുകളും ഇതിന്റെ തെളിവാണ്. നിയന്ത്രണമില്ലാതെ നടത്തപ്പെടുന്ന റാഫ്റ്റിംഗ് ക്യാമ്പുകൾ ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം പലപ്പോഴും ഒച്ചപ്പാടുകൾ സൃഷ്ടിക്കാറുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണൽ (National Green Tribunal) ഋഷികേശിലെ ക്യാമ്പുകളെക്കുറിച്ച് വിധികൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്[1]. സംസ്കാരത്തിന്റെ സംരക്ഷകർ എന്നു സ്വയം വിശേഷിപ്പിക്കുന്ന ചിലർക്ക് വേറെ ചില ‘പ്രശ്നങ്ങളാണ്’ ഉയർത്തിക്കാട്ടാനുള്ളത് വിദേശ വിനോദ സഞ്ചാരികൾ അസന്മാർഗിക പ്രവർത്തികളിൽ ഏർപ്പെടുന്നു എന്നും, ഋഷികേശിന്റെ ‘പവിത്രത’ നഷ്ടപ്പെടുത്തുന്നു എന്നും ആരോപിച്ച് വിശ്വഹിന്ദു പരിഷദ് രംഗത്തുവന്നത് ഒരു ഉദാഹരണമാണ്[2].

തങ്ങൾ അനുഭവിച്ചിരുന്ന മാനസിക ശൂന്യതയാണ് പ്രശസ്തിയിൽ കുളിച്ച് നിന്നിരുന്ന ബീറ്റിൽസ് അംഗങ്ങളെ മഹേഷ് യോഗിയിലേക്ക് അടുപ്പിച്ചത്. യോഗിയുമായുള്ള അവരുടെ സൗഹാർദ്ദം അധികനാൾ നീണ്ടുനിന്നില്ലെങ്കിലും, ബീറ്റിൽസിന്റെ സംഗീതത്തിൽ ഇന്ത്യൻ തത്വചിന്തയുടെ താളങ്ങൾ കൂടിച്ചേരാൻ ആ ബന്ധം കാരണമായി
തങ്ങൾ അനുഭവിച്ചിരുന്ന മാനസിക ശൂന്യതയാണ് പ്രശസ്തിയിൽ കുളിച്ച് നിന്നിരുന്ന ബീറ്റിൽസ് അംഗങ്ങളെ മഹേഷ് യോഗിയിലേക്ക് അടുപ്പിച്ചത്. യോഗിയുമായുള്ള അവരുടെ സൗഹാർദ്ദം അധികനാൾ നീണ്ടുനിന്നില്ലെങ്കിലും, ബീറ്റിൽസിന്റെ സംഗീതത്തിൽ ഇന്ത്യൻ തത്വചിന്തയുടെ താളങ്ങൾ കൂടിച്ചേരാൻ ആ ബന്ധം കാരണമായി © ജോയൽ കെ. പയസ്

അഞ്ച് പതിറ്റാണ്ടുകൾക്ക് മുൻപുവരെ ഉറക്കംതൂങ്ങിക്കിടന്നിരുന്ന ഈ തീർത്ഥാടക നഗരത്തിലേക്ക് വിദേശികളുടെ ഒഴുക്ക് തുടങ്ങിയത് പാശ്ചാത്യ സംഗീതത്തിന്റെ അകമ്പടിയോടെയാണ് എന്ന് ആലങ്കാരികമായി പറയാം.  1968 ഫെബ്രുവരിയിൽ ലോകപ്രശസ്ത ബ്രിട്ടീഷ് സംഗീത ബാൻഡ് ആയ ബീറ്റിൽസിന്റെ (The Beatles) സന്ദർശനത്തോടെയാണ് ഋഷികേശിന് ആഗോളശ്രദ്ധ ലഭിച്ചത്. ഏതാനും ആശ്രമങ്ങളും, യോഗാ പരിശീലന കേന്ദ്രങ്ങളും മാത്രമുണ്ടായിരുന്ന ഈ പട്ടണത്തിന്റെ മുഖച്ഛായ അക്ഷരാർത്ഥത്തിൽ മാറ്റുന്നതിൽ ഒരു പങ്ക് വഹിച്ചത് മഹാഋഷി മഹേഷ് യോഗിയും (മഹേഷ് പ്രസാദ് വർമ്മ 1917-2008), അദ്ദേഹം പ്രചാരം നൽകിയ ട്രാൻസിൻഡന്റൽ ധ്യാനവുമാണ് (transcendental meditation). പ്രസിദ്ധിയും, കുപ്രസിദ്ധിയും ഒരേ സമയം അദ്ദേഹത്തെ തേടി വന്നു. പാശ്ചാത്യ രാജ്യങ്ങളിലെ പ്രശസ്തരായ പല സിനിമാ താരങ്ങളെയും, സംഗീതജ്ഞരെയും തന്റെ ശിഷ്യരാക്കാൻ മഹേഷ് യോഗിക്ക് കഴിഞ്ഞു. ലോകമെമ്പാടുമുള്ള വൻ നഗരങ്ങളിൽ അദ്ദേഹത്തിന് ശാഖകളും ശിഷ്യഗണങ്ങളും ഉണ്ടായി. ആ ആത്മീയാചര്യന്റെ ചുറ്റും പണം കുമിഞ്ഞുകൂടി. പ്രശസ്തിയുടെ നടുവിൽ ആത്മീയശൂന്യത അനുഭവിച്ചു കൊണ്ടിരുന്ന ബീറ്റിൽസ് അംഗങ്ങൾ വളരെ വേഗത്തിലാണ് മഹേഷ് യോഗിയിൽ ആകൃഷ്ടരായത്. യോഗിയുടെ ക്ഷണം സ്വീകരിച്ച് മൂന്ന് മാസം നീളുന്ന ധ്യാനപരിശീലനത്തിന് ബീറ്റിൽസ് ഋഷികേശിൽ എത്തി; ഒപ്പം ആഗോള മാധ്യമ ശ്രദ്ധയും, വിവാദങ്ങളും.

യോഗയും, വ്യായാമങ്ങളും തങ്ങൾക്ക് ചേരുന്ന വിധത്തിൽ പരിഷ്കരിച്ചെടുക്കുന്ന ഒരു കൂട്ടം വിദേശ യുവാക്കൾ. സ്വന്തം ദേശത്ത് നിന്ന് ഒരുപാട് വിദൂരത്തുള്ള ഋഷികേശിൽ ചേക്കേറി മറ്റുപരദേശികളോടൊപ്പം ജീവിക്കാൻ അവരെ പ്രേരിപ്പിക്കുന്നതെന്താണ്?
യോഗയും, വ്യായാമങ്ങളും തങ്ങൾക്ക് ചേരുന്ന വിധത്തിൽ പരിഷ്കരിച്ചെടുക്കുന്ന ഒരു കൂട്ടം വിദേശ യുവാക്കൾ. സ്വന്തം ദേശത്ത് നിന്ന് ഒരുപാട് വിദൂരത്തുള്ള ഋഷികേശിൽ ചേക്കേറി മറ്റുപരദേശികളോടൊപ്പം ജീവിക്കാൻ അവരെ പ്രേരിപ്പിക്കുന്നതെന്താണ്? © ജോയൽ കെ. പയസ്

അക്കാലത്തുണ്ടായ കോലാഹലങ്ങൾ അമ്പത് വർഷങ്ങൾക്കിപ്പുറം നിന്ന് നോക്കിയാൽ മനസ്സിലാക്കാൻ എളുപ്പമല്ല. ഇന്ത്യൻ പാർലമെന്റിന്റെ അകത്തളത്തിൽ ബീറ്റിൽസിന്റെ വരവിനെതിരെ ഒച്ചപ്പാടുകൾ ഉയർന്നു. വിദേശ ചാരന്മാർ മഹേഷ് യോഗിയുടെ ആശ്രമം കേന്ദ്രമാക്കി പ്രവർത്തിക്കുന്നു എന്നതായിരുന്നു ഇടത് കക്ഷികൾ ഉയർത്തിയ പ്രധാന ആരോപണം[3]. രഹസ്യമായി സി ഐ എ (CIA) യുടെ പണം പറ്റുന്ന ഒരു അമേരിക്കൻ പത്രപ്രവർത്തകൻ ആശ്രമത്തിൽ അക്കാലത്ത് താമസിച്ചിരുന്നു എന്ന മാധ്യമ വാർത്തകളും ഉണ്ട്. ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. പാശ്ചാത്യ രാജ്യങ്ങളിലെ പല പ്രസിദ്ധ കലാപ്രവർത്തകരും ഋഷികേശിൽ വരുന്നതായി അറിഞ്ഞ സോവിയറ്റ് യൂണിയനും വെറുതെ ഇരുന്നില്ല. അവരുടെ ചാരന്മാരും ആ ഉറക്കം തൂങ്ങിയ പട്ടണത്തിലേക്ക് വെച്ചുപിടിച്ചു. ഊഹാപോഹങ്ങളുടെ പുകമറയിൽ അക്കാലത്ത് മാധ്യമങ്ങൾ പറഞ്ഞതെല്ലാം ചേർത്തുവെച്ചാൽ ഒരു സിനിമ പിടിക്കാനുള്ള വകുപ്പുണ്ട്. എന്നാൽ, ഋഷികേശ് സന്ദർശനം ബീറ്റിൽസിന്റെ സംഗീത ചരിത്രത്തിലെ ഒരു വഴിത്തിരിവായാണ് ആസ്വാദകരും, വിമർശകരും ഒരുപോലെ കണക്കാക്കുന്നത്. ബീറ്റിൽസിന്റെ വൈറ്റ് ആൽബം (The White Album) അടക്കമുള്ള നിരവധി സൃഷ്ടികൾക്ക് പ്രചോദനമായത് മഹേഷ് യോഗിയുമായുള്ള സംഭാഷണങ്ങളും, ആശ്രമത്തിലെ ജീവിതവുമാണ്. എങ്കിലും വന മധ്യത്തിൽ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിക്കപ്പെട്ട ആശ്രമത്തിൽ എല്ലാം വളരെ ഭംഗിയായല്ല നടന്നിരുന്നത്. മൂന്ന് മാസത്തെ താമസത്തിനായി വന്ന ബീറ്റിൽസ് അംഗങ്ങൾ ഓരോരുത്തരായി ഏതാനും ആഴ്ചകൾക്കുള്ളിൽ സ്ഥലം കാലിയാക്കാൻ തുടങ്ങി. ബീറ്റിൽസിന്റെ പ്രശസ്തി സ്വന്തം നേട്ടങ്ങൾക്കായി മഹേഷ് യോഗി ഉപയോഗപ്പെടുത്തുന്നു എന്ന സംശയം അവരിൽ പലർക്കും ഉണ്ടായിരുന്നു[4]. അമേരിക്കൻ ടി വി ചാനലുകളിൽ ബീറ്റിൽസിനോടൊപ്പം പ്രത്യക്ഷപ്പെടാൻ മഹേഷ് യോഗി ചില ശ്രമങ്ങൾ നടത്തി നോക്കി. എന്നാൽ അദ്ദേഹവും, സംഗീതജ്ഞരായ പാശ്ചാത്യ ശിഷ്യഗണവും തമ്മിലുള്ള ബന്ധം വഷളാക്കിയത് ഒരു ലൈംഗികാരോപണമാണ് എന്ന് ഊഹാപോഹങ്ങൾ ഉയർന്നു. ആശ്രമത്തിലെ ഒരു പാശ്ചാത്യ വനിതയെ മഹേഷ് യോഗി കടന്നു പിടിച്ചു എന്നതായിരുന്നു ആരോപണം. ഇതിനെക്കുറിച്ചുള്ള ദുരൂഹതകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ബീറ്റിൽസ് അംഗങ്ങൾ ആരും തന്നെ ഈ വിഷയം നേരിട്ട് ഉയർത്തിയിട്ടില്ല എന്നത് ഇവിടെ പ്രസ്താവ്യമാണ്. എന്നാൽ ആ വർഷം ബീറ്റിൽസ് പുറത്തിറക്കിയ സെക്സി സാഡി (Sexy Sadie) എന്ന പാട്ട് യോഗിയുടെ കപടതയെ പരിഹസിക്കുന്നതാണ് എന്ന് പറയുന്നവരുണ്ട്[5]. മഹേഷ് യോഗിയോട് അസൂയ ഉള്ള ആരോ കെട്ടിച്ചമച്ചതാണ് ലൈംഗികാരോപണം എന്ന വാദവും ഉണ്ട്. യോഗാ പരിശീലന കേന്ദ്രങ്ങൾ നടത്തുന്ന പലർക്കും മഹേഷ് യോഗിക്ക് ലഭിച്ചിരുന്ന പ്രശസ്തിയിൽ സ്വാഭാവികമായും അസൂയ ഉണ്ടായിരുന്നു. ആശ്രമവാസം അവസാനിപ്പിച്ച് ബീറ്റിൽസ് സ്വന്തം നാട്ടിലേക്ക് മടങ്ങി, അവരുടെ പ്രശസ്തി പതിന്മടങ്ങ്‌ വർധിക്കുകയും ചെയ്തു. യോഗി തന്റെ പ്രവർത്തനങ്ങളും തുടർന്നു. പതിറ്റാണ്ടുകൾക്ക് ശേഷം ബീറ്റിൽസ് അംഗങ്ങൾ (പ്രധാന അംഗമായ ജോണ് ലെനൻ അതിനകം ഒരു ആക്രമിയുടെ വെടിയുണ്ടയ്ക്ക് ഇരയായിരുന്നു) മഹേഷ് യോഗിയുമായുള്ള അസ്വാരസ്യങ്ങൾ പറഞ്ഞു തീർത്തു എന്നാണ് കേൾക്കുന്നത്. ബീറ്റിൽസിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചും, അവർക്ക് മഹേഷ് യോഗിയുമായുള്ള അടുപ്പത്തെക്കുറിച്ചും അനവധി പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. ഇപ്പോഴും പല സംഗീത പ്രേമികളും ആകാംക്ഷയോടെ പഠിക്കുന്ന ഒരു വിഷയമാണിത്. ബീറ്റിൽസ് താമസിച്ചിരുന്ന വനമധ്യത്തിലെ ആശ്രമം ഇന്ന് കാട് തിരിച്ചുപിടിച്ചിരിക്കുന്നു. രാജാജി ദേശീയോദ്യാനത്തിന്റെ (Rajaji National Park) ഉള്ളിലാണ് ആ അവശിഷ്ടങ്ങൾ ഉള്ളത്. ലോകത്തിന്റെ പല ഭാഗത്ത് നിന്നും ബീറ്റിൽസ് ആരാധകർ ആശ്രമം ഇരുന്ന സ്ഥലത്തേക്ക് ഇപ്പോഴും തീർത്ഥയാത്ര നടത്തുന്നുണ്ട് എന്ന് ഞാൻ കേട്ടിരുന്നു. അതെത്ര സത്യമാണ് എന്ന് അധികം വൈകാതെ എനിക്ക് ബോധ്യമായി.



ചിലർക്ക് വെറുമൊരു ഇടത്താവളവും, മറ്റു ചിലർക്ക് സ്വന്തബന്ധങ്ങളിൽ നിന്നുള്ള ഒരു ഒളിത്താവളവും ആണ് ഋഷികേശ്. രണ്ടുകൂട്ടർക്കും ഒരുപോലെ ആകർഷണീയമായ ജീവിത സാഹചര്യങ്ങൾ ഇവിടെയുണ്ട് എന്നതാവണം ഇതിന്‌ കാരണം
ഗംഗയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള തീർത്ഥാടക കേന്ദ്രങ്ങളിലെ പൊതുവായ കാഴ്ചയാണ് ഇത്തരം പ്ലാസ്റ്റിക് ജാറുകൾ. പുണ്യനദിയെ ഈ ജാറുകളിൽ നിറച്ച് വീടുകളിൽ എത്തിച്ചാലേ പലർക്കും തങ്ങളുടെ തീർത്ഥാടനം പൂർത്തിയായി എന്ന സംതൃപ്തി കിട്ടൂ © ജോയൽ കെ. പയസ്

സുമിതിന്റെ സുഹൃത്തും, ബാംഗ്ലൂരിൽ ഡോക്ടറുമായ മിഗിത അടുത്ത ദിവസം ഋഷികേശിൽ വന്നു. ഒരു ബീറ്റിൽസ് ആരാധകയായ അവരിൽ നിന്നാണ് ഈ വിഷയത്തെപ്പറ്റി കൂടുതൽ കാര്യങ്ങൾ അറിഞ്ഞത്. ബീറ്റിൽസ് ആശ്രമം എന്നാണ് മഹേഷ് യോഗിയുടെ ആശ്രമത്തെ പലരും ഇപ്പോൾ വിളിക്കുന്നത്. അന്ന് ഉച്ചക്ക് ഞങ്ങൾ മൂവരും ലക്ഷ്മൺ ജൂലയിൽ നിന്ന് നടത്തം തുടങ്ങി. നദിയുടെ തീരത്തുകൂടെയുള്ള നടപ്പാത ഞങ്ങളുടെ മുൻപിൽ നീണ്ടുകിടന്നു. ചെറിയ ക്ഷേത്രങ്ങളും, ആശ്രമങ്ങളും പിന്നിട്ട് ഞങ്ങൾ ആൾതാമസം കുറഞ്ഞ ഒരു പ്രദേശത്തെത്തി. വഴിയരികിൽ പാശ്ചാത്യ ശൈലിയിലുള്ള ചെറിയ ഭക്ഷണശാലകൾ കണ്ടു. പടിഞ്ഞാറൻ നാടുകളിൽ നിന്ന് മാത്രമല്ല, ജപ്പാൻ പോലുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളും ആ വഴിയിലൂടെ ഞങ്ങളെ കടന്ന് പോയി. നിറയെ കുരങ്ങുകൾ നിറഞ്ഞ വൻ മരങ്ങൾ മുൻപിൽ പ്രത്യക്ഷപ്പെട്ടു. രാജാജി ദേശീയോദ്യാനത്തിലേക്ക് സ്വാഗതം എന്നെഴുതിയ ഒരു കവാടത്തിനരികിൽ ഞങ്ങൾ നിന്നു. ആശ്രമം ഇരുന്നിരുന്ന സ്ഥലം ഇപ്പോൾ ഉത്തരഖണ്ഡ് വനംവകുപ്പിന്റെ കൈവശമാണ്. കൊടും വനമായിരുന്ന ഈ പ്രദേശത്ത്‌ ഒരു ആശ്രമം കെട്ടിപ്പൊക്കാൻ മഹേഷ് യോഗിക്ക് കഴിഞ്ഞതെങ്ങനെ എന്ന ചോദ്യം സ്വാഭാവികമാണ്. അത്രക്കായിരുന്നു അദ്ദേഹത്തിനുള്ള പിടിപാടുകൾ. വിദേശികൾക്ക് 600 രൂപയോളമാണ് അകത്തേക്ക് കടക്കാനുള്ള ടിക്കറ്റ് നിരക്ക്. ഇന്ത്യക്കാർക്ക് 250 രൂപയും. ദിവസവും നൂറുകണക്കിനാളുകൾ സന്ദർശിക്കുന്നതിനാൽ വനംവകുപ്പിന് നല്ല വരുമാനമാണ്.



ആളുകൾക്ക് ഒറ്റയ്ക്കും കൂട്ടായും ഇരുന്ന് ധ്യാനിക്കാനുള്ള കുടീരങ്ങളും, ഹാളുകളും ഞങ്ങളുടെ മുൻപിൽ ചിതറിക്കിടന്നു. കെട്ടിടങ്ങളിൽ പലതും നിലംപൊത്താറായിരുന്നു. തന്നിൽ നിന്ന് മനുഷ്യൻ തട്ടിയെടുത്ത മണ്ണ്, പ്രകൃതി പതുക്കെ തിരികെ പിടിക്കുന്നതിന്റെ എല്ലാ ലക്ഷണങ്ങളും അവിടെ ഉണ്ടായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള കലാപ്രവർത്തകർ ആ ജീർണ്ണിച്ച കെട്ടിടങ്ങളെ തങ്ങളുടെ കാൻവാസ്‌ ആക്കി മാറ്റിയിരിക്കുന്നു. ഇടിഞ്ഞു വീഴാത്ത ചുമരുകൾ പെയിന്റിങ്ങുകളും, കുത്തിവരകളും കൊണ്ട് നിറഞ്ഞു. ഒഴിഞ്ഞ കെട്ടിടങ്ങൾക്കുള്ളിൽ ഇരുന്ന് ചിലർ ധ്യാനിക്കുന്നു. പല ഭാഷകളിൽ സംസാരിക്കുന്നവർ ഭാഷയില്ലാത്ത സംഗീതത്തെ ആഘോഷിക്കാൻ അവിടെ ഒത്തുകൂടിയിരുന്നു. ചിലരുടെ മൊബൈൽ ഫോണുകളിൽ നിന്ന് ബീറ്റിൽസ് ഗാനങ്ങൾ ഒഴുകി. സംഗീത തീർത്ഥാടനം (music pilgrimage) എന്നൊരു സംഗതിയുണ്ട് എന്നെനിക്ക് ബോധ്യപ്പെട്ടത് അന്നായിരുന്നു. കാട്ടുമൃഗങ്ങളുടെ സാന്നിധ്യം ഉള്ളത് കൊണ്ട് രാത്രികാലങ്ങളിൽ ഇവിടെ ആർക്കും പ്രവേശനമില്ല. എട്ടുകാലികൾ വലവിരിച്ച ഇടനാഴികളിലൂടെ ഞങ്ങൾ അലഞ്ഞു നടന്നു. നാലും അഞ്ചും നിലകളുള്ള വലിയ കെട്ടിടങ്ങളായിരുന്നു പലതും. ആശ്രമം എന്ന പേര് അവയ്ക്ക് യോജിക്കുമോ എന്ന് എനിക്ക് സംശയം തോന്നി. കൂടണയുന്ന കിളികളുടെ പാട്ടുകൾ അവിടെയുള്ള ജീർണ്ണിച്ച കെട്ടിടങ്ങളുടെ ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചു. രണ്ട് മണിക്കൂറിലധികം ഞങ്ങൾ അവിടെ ചിലവഴിച്ചിരിക്കണം. അന്തരീക്ഷം മുഴുവൻ അന്തിച്ചുവപ്പിൽ വെട്ടിത്തിളങ്ങാൻ തുടങ്ങിയതോടെ ഞങ്ങൾ ആശ്രമത്തോട് വിട പറഞ്ഞു.

വിപരീത ദിശകളിൽ സഞ്ചരിക്കുന്ന ആശയങ്ങൾ സംഘർഷങ്ങളില്ലാതെ കണ്ടുമുട്ടുന്ന ഒരിടമാണ് ഋഷികേശ്. അതിവേഗ ഇന്റർനെറ്റും, പഞ്ചനക്ഷത്ര ധ്യാനകേന്ദ്രങ്ങളും, സ്വന്ത ബന്ധങ്ങൾ ഉപേക്ഷിച്ച് സൗജന്യ ഭക്ഷണം മാത്രം ആശ്രയിച്ച് ജീവിക്കുന്ന നാടോടികളും ഇവിടത്തെ തെരുവുകളെ പങ്കിടുന്നു
വിപരീത ദിശകളിൽ സഞ്ചരിക്കുന്ന ആശയങ്ങൾ സംഘർഷങ്ങളില്ലാതെ കണ്ടുമുട്ടുന്ന ഒരിടമാണ് ഋഷികേശ്. അതിവേഗ ഇന്റർനെറ്റും, പഞ്ചനക്ഷത്ര ധ്യാനകേന്ദ്രങ്ങളും, സ്വന്ത ബന്ധങ്ങൾ ഉപേക്ഷിച്ച് സൗജന്യ ഭക്ഷണം മാത്രം ആശ്രയിച്ച് ജീവിക്കുന്ന നാടോടികളും ഇവിടത്തെ തെരുവുകളെ പങ്കിടുന്നു © ജോയൽ കെ. പയസ്

ഋഷികേശിലെ സന്ധ്യകൾ അതീവ മനോഹരമാണ്. വെയിലിന്റെ ശക്തി കുറയുന്നതോടെ തെരുവുകൾക്കും, ഗംഗയിലെ പടവുകൾക്കും പുതുജീവൻ കിട്ടുന്നു. സന്ധ്യാപൂജയ്ക്ക് ശേഷം തീർത്ഥാടകർ ഒഴുക്കിവിടുന്ന ചിരാതുകൾ നദിയിലെ ഓളങ്ങളിൽ അലയുന്നത് നോക്കി കുറച്ചുസമയം ഞങ്ങൾ നിന്നു. ക്ഷേത്രങ്ങളിൽ നിന്ന് മണിനാദങ്ങൾ മുഴങ്ങുന്നു. കടകളിൽ വെച്ചിട്ടുള്ള ഡിജിറ്റൽ പാട്ടുപെട്ടികളിൽ നിന്ന്

“ഹര ഹര ശിവശംഭോ” എന്ന പ്രാർത്ഥന ഉയരുന്നു. ഉന്തുവണ്ടികളിലെ എണ്ണച്ചട്ടികളിൽ പാകമാകുന്ന പലഹാരങ്ങളുടെ ഗന്ധം ചുറ്റുപാടും നിറഞ്ഞു. സ്വദേശികളും, വിദേശികളും ഇടകലർന്ന് നീങ്ങുന്ന വഴിയിലൂടെ ഞങ്ങൾ മുറിയിലേക്ക് നടന്നു.



അടുത്ത ഒരു ദിവസം കൂടി ഇവിടെ തങ്ങിയശേഷം ഹരിദ്വാറിലേക്ക് നീങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. സംഭവ ബഹുലമല്ലാത്ത ഒന്നായിരുന്നു അടുത്ത ദിവസം. രാവിലെ പരിചയപ്പെട്ട രണ്ട് ജർമ്മൻ സഞ്ചാരികളോടൊപ്പം ഞങ്ങൾ നടക്കാനിറങ്ങി. ഒരു ഗുരുദ്വാരയിൽ ഭക്ഷണം കഴിക്കാനാണ് അവരുടെ പോക്ക്. സിഖ് വിശ്വാസികളുടെ ഒരു പ്രധാന തീർത്ഥാടനകേന്ദ്രമായ ഹേംകുണ്ട് സാഹിബിലേക്ക് പോകേണ്ടത് ഋഷികേശ് കൂടിയാണ്. സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് ഏകാന്തനായി ധ്യാനത്തിൽ മുഴുകിയത് ജോഷിമഠിനടുത്തുള്ള ഹേംകുണ്ട് സാഹിബിലാണ് എന്നാണ് വിശ്വാസം. അവിടേക്കുള്ള വഴിയിൽ സിഖുകാർ ധാരാളം ധർമ്മശാലകൾ സ്ഥാപിച്ചിട്ടുണ്ട്. അവിടെയെല്ലാം സൗജന്യ ഭക്ഷണത്തിന് പുറമെ ചുരുങ്ങിയ നിരക്കിൽ താമസവും ലഭ്യമാണ്. ഏതാണ്ട് നാല് കിലോമീറ്ററുകളോളം നടന്നാണ് ഞങ്ങൾ ഗുരുദ്വാരയിൽ എത്തിയത്. ചപ്പാത്തിയും പരിപ്പും കൂട്ടിയുള്ള ലളിതമായ ഭക്ഷണമായിരുന്നു അവിടെ കിട്ടിയത്. ഗുരുദ്വാരയോട് ചേർന്നുള്ള മ്യൂസിയം എന്ന് എഴുതിയ ഒരു കെട്ടിടത്തിൽ ഞങ്ങൾ പ്രവേശിച്ചു. രക്തരൂക്ഷിതമായ ഒരു ചരിത്രത്തിലൂടെയാണ് സിഖ്മതം കടന്നുവന്നിട്ടുള്ളത് എന്ന് കാണിക്കുന്ന പ്രതിമകൾ ആയിരുന്നു ആ കെട്ടിടത്തിനകത്ത് കൂടുതലും. മുഗൾ സാമ്രാജ്യവും, സിഖ് ഗുരുക്കന്മാരും തമ്മിൽ നടത്തിയിട്ടുള്ള അനവധി പടവെട്ടലുകളുടെ മാതൃകകളാണ് ഞങ്ങളുടെ മുൻപിൽ നിരന്നത്. യാഥാർത്ഥ്യവും, കേട്ടുകേൾവികളും, രാഷ്ട്രീയ താൽപര്യങ്ങളും എല്ലാം കൂടിച്ചേരുന്ന ഒരു അവിയലാണ് ചരിത്രം എന്ന് എനിക്ക് തോന്നി. അവിടെ ചിത്രീകരിച്ചിട്ടുള്ള പലതും അവിശ്വസനീയമായ വീരകഥകൾ ആയിരുന്നു.

പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടക കേന്ദ്രമായ ഗർമുക്തേശ്വറിൽ നിന്ന് 80 കിലോമീറ്ററോളം സഞ്ചരിച്ച് അനൂപ്ശഹറിൽ എത്തിയതോടെ ഞങ്ങൾ നഗരലോകത്തിൽ നിന്ന് നിന്ന് ഗ്രാമീണ മേഖലയിലേക്ക് വീണ്ടും പ്രവേശിച്ചു. ഇവിടെനിന്ന് ഇനിയുള്ള 200 കിലോമീറ്റർ ദൂരത്തേക്ക് വലിയ പട്ടണങ്ങളൊന്നും ഗംഗയുടെ തീരത്തില്ല. കരിമ്പും കടുകും വിളയുന്ന വിശാലമായ പാടങ്ങളും, ജീവിതം മുഴുവൻ പ്രകൃതിയോടും സാമൂഹ്യ വ്യവസ്ഥയോടും മല്ലിട്ട് ജീവിക്കുന്ന മനുഷ്യരുമാണ് വഴിയിൽ ഞങ്ങളെ കാത്തിരിക്കുന്നത്.
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടക കേന്ദ്രമായ ഗർമുക്തേശ്വറിൽ നിന്ന് 80 കിലോമീറ്ററോളം സഞ്ചരിച്ച് അനൂപ്ശഹറിൽ എത്തിയതോടെ ഞങ്ങൾ നഗരലോകത്തിൽ നിന്ന് നിന്ന് ഗ്രാമീണ മേഖലയിലേക്ക് വീണ്ടും പ്രവേശിച്ചു. ഇവിടെനിന്ന് ഇനിയുള്ള 200 കിലോമീറ്റർ ദൂരത്തേക്ക് വലിയ പട്ടണങ്ങളൊന്നും ഗംഗയുടെ തീരത്തില്ല. കരിമ്പും കടുകും വിളയുന്ന വിശാലമായ പാടങ്ങളും, ജീവിതം മുഴുവൻ പ്രകൃതിയോടും സാമൂഹ്യ വ്യവസ്ഥയോടും മല്ലിട്ട് ജീവിക്കുന്ന മനുഷ്യരുമാണ് വഴിയിൽ ഞങ്ങളെ കാത്തിരിക്കുന്നത്

മുൻപ് പരിചയപ്പെട്ട മലയാളി സന്യാസിയെ അന്ന് വൈകുന്നേരം ഞാൻ ഒരിക്കൽകൂടി കണ്ടുമുട്ടി. ഒരു മാസം കൂടി കഴിഞ്ഞാൽ ഋഷികേശിൽ തണുപ്പിന് ശക്തികൂടും. അത്തരമൊരു കാലാവസ്ഥയിൽ വഴിയരികിലെ ബെഞ്ചിൽ രാത്രി ചിലവഴിക്കാൻ എളുപ്പമല്ല. ആ സമയത്ത് താൻ ഒരുപക്ഷേ ഹരിദ്വാറിലേക്ക് നീങ്ങുമെന്ന് അയാൾ പറഞ്ഞു. കുറച്ച് നേരം സംസാരിച്ചുനിന്ന ശേഷം ഞങ്ങൾ നദീതീരത്തേക്ക് നടന്നു. നാടോടികൾ എന്നുതോന്നിക്കുന്ന ചിലർ അവിടെയിരുന്ന് വാദ്യോപകരണങ്ങൾ വായിക്കുന്നു. മനോഹരമായ ആ സംഗീതം കേട്ട് ചില വഴിയാത്രക്കാരും അവിടേക്ക് വന്നു. എന്നാൽ ആ നാടൻ സംഗീതജ്ഞർ കാണികളെ ശ്രദ്ധിക്കുന്നതേ ഇല്ല. നദിയിലെ ഓളങ്ങളിലേക്ക് നോക്കി അവർ തങ്ങളുടെ തപസ്യ തുടർന്നു. അവിടെക്കൂടിയ ചെറിയ ആൾക്കൂട്ടത്തിനിടയിലേക്ക് കയറി വന്ന താടിയും മുടിയും നീട്ടിവളർത്തിയ ഒരു ചെറുപ്പക്കാരനെ ഞാൻ ശ്രദ്ധിച്ചു. കയ്യിൽ ഒരു ഓടക്കുഴലും, തോളിൽ അണിഞ്ഞിട്ടുള്ള തുണി സഞ്ചിയിൽ ഒരു ഗിറ്റാറും. കൂടിനിന്ന ആളുകൾ ഓരോന്നായി പിരിഞ്ഞു പോയിട്ടും ആ ചെറുപ്പക്കാരൻ അവിടെ നിന്നു. വഴിയിലൂടെ പോകുന്ന വിദേശികളെ നോക്കി അയാൾ ഓടക്കുഴൽ ഊതാൻ തുടങ്ങി. അതിനിടയിൽ തന്റെ ചുമലിൽ നിന്ന് ഗിറ്റാർ എടുത്ത് അതിന്റെ കമ്പികൾ വലിക്കുകയും മുറുക്കുകയും ചെയ്യുന്നുമുണ്ട്. അയാളുടെ സംഗീതം എനിക്ക് ആസ്വാദ്യകരമായി തോന്നിയില്ല. എന്നാൽ ഞങ്ങൾ മാത്രമായിരുന്നില്ല അയാളെ നിരീക്ഷിച്ചിരുന്നത്. ഒരു വിദേശി ആ ചെറുപ്പക്കാരനെ സമീപിച്ചു. തനിക്ക് പറയാനുള്ളത് അയാൾ വളരെ സ്പഷ്ടമായി പറഞ്ഞു. “നിനക്ക് സംഗീതം എന്താണ് എന്നറിയില്ല. ഓടക്കുഴൽ പിടിച്ചിരിക്കുന്നത് കണ്ടാൽ അത് മനസ്സിലാകും. എന്തിനാണ് നീ അഭിനയിക്കുന്നത്? ഗിറ്റാർ കഴുത്തിൽ തൂക്കിയിട്ടാൽ മാത്രം ഒരു പാട്ടുകാരനാവില്ല.” ഇത്രയും പറഞ്ഞ് ആ വിദേശി ഓടക്കുഴൽ പിടിക്കേണ്ടത് എങ്ങനെ എന്ന് ആ ചെറുപ്പക്കാരന് പറഞ്ഞുകൊടുത്തു. ഗിറ്റാറിനെക്കുറിച്ചും അയാൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. താടിക്കാരൻ പയ്യൻ അതെല്ലാം ജാള്യത നിറഞ്ഞ മുഖഭാവത്തോടെ കേട്ടുനിന്നു. വിദേശികളെ ചാക്കിലാക്കാൻ ഇറങ്ങിയിട്ടുള്ള ഇതുപോലുള്ള ഒരുപാടാളുകൾ ഋഷികേശിലുണ്ട്. ചുരുങ്ങിയ ദിവസങ്ങളുടെ താമസത്തിനിടയിൽ തന്നെ ഇങ്ങനെയുള്ള നാലഞ്ചുപേരെ ഞങ്ങൾ കണ്ടുമുട്ടിയിരുന്നു.



ഏതായാലും, അടുത്ത ദിവസം രാവിലെ ഋഷികേശിനോട് വിട പറയാനുള്ള ഞങ്ങളുടെ പദ്ധതി നടന്നില്ല. എനിക്ക് അതിശക്തമായ തലവേദനയും, പനിയും തുടങ്ങി. മൂന്ന് ദിവസത്തോളം മുറിയിൽ തന്നെ കിടക്കേണ്ടി വന്നു. ഒരു ഡോക്ടർ കൂടെയുള്ളപ്പോൾ അസുഖം വന്നത് നന്നായി എന്നാണ് എനിക്ക് തോന്നിയത്. മിഗിത വാങ്ങിക്കൊണ്ട് തന്ന മരുന്നുകളും, ഞാൻ തന്നെ തയ്യാറാക്കിയ ചുക്കുകാപ്പിയും പനി കുറയാൻ സഹായിച്ചു. ഒടുവിൽ,  ഒരാഴ്ചയോളം നീണ്ട വിശ്രമത്തിനൊടുവിൽ ഞങ്ങൾ വീണ്ടും യാത്ര പുനരാരംഭിച്ചു. മുപ്പത് കിലോമീറ്ററുകളോളം ദൂരെയുള്ള ഹരിദ്വാർ വരെ നടക്കാനുള്ള ത്രാണി എനിക്കുണ്ടായിരുന്നില്ല. അതുകൊണ്ട് ഒരു ബസിലാണ് അവിടേക്ക് പോയത്. രാജാജി ദേശീയോദ്യാനത്തിലെ പച്ചക്കാടുകൾക്കിടയിലെ കുണ്ടും കുഴിയും നിറഞ്ഞ നിരത്തിലൂടെ ഞങ്ങളുടെ ബസ് ഞെരങ്ങി നീങ്ങി. ഇതുവരെക്കണ്ട കാഴ്ചകൾ ഇനി ഓർമ്മകൾ മാത്രം. ഗോമുഖിൽ നിന്ന് യാത്ര തുടങ്ങിയിട്ട് നാല് ആഴ്ചകൾ കഴിഞ്ഞിരിക്കുന്നു. മനുഷ്യർ തിങ്ങിനിറഞ്ഞ സമതലങ്ങൾ മാത്രമാണ് ഇനി മുൻപിൽ. ജന്മാന്തരങ്ങളുടെ പാപക്കറകൾ കഴുകിക്കളയാൻ ആളുകൾ ചേക്കേറുന്ന ഹരിദ്വാറിലേക്ക് ഞങ്ങളും എത്താൻ പോകുന്നു.

_______

Notes

[1] ‘Green tribunal asks Centre to respond’, Press Trust of India, April 01, 2015 [2] ‘VHP seeks ban on white water rafting in Rishikesh’, The Quint, May 27, 2015 [3] ‘Across the Universe: The Beatles in India’ by Ajoy Bose, excerpts published in the Scroll in February 2018[4] ‘A life in focus: Maharishi Mahesh Yogi, Indian guru who introduced The Beatles to transcendental meditation’, The Independent,  February 7, 2008 [5] ‘A life in focus: Maharishi Mahesh Yogi, Indian guru who introduced The Beatles to transcendental meditation’, The Independent,  February 7, 2008

Joyel K Pious

ജോയൽ കെ പയസ് ഒരു ഫോട്ടോഗ്രാഫറും, ദ്വിഭാഷ എഡിറ്ററും ആണ്. ഡൽഹിയിൽ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ് ദിനപത്രത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നു. കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള അദ്ദേഹം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിൽ തല്പരനാണ്. ഫോട്ടോമെയിലിന്റെ ന്യൂസ് എഡിറ്റർ എന്ന നിലയിലും അദ്ദേഹം തന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നു.

Published on January 18, 2021

Share

Home » Portfolio » ജലബിന്ദുക്കളുടെ മോക്ഷയാ » യോഗാനഗരിയിലെ ബീറ്റിൽസ് താളങ്ങൾ

Related Articles

2022-02-03T18:22:26+05:30

പ്രയാഗിലെ ദേശാടനക്കിളികൾ

നല്ല വെയിലുള്ള ഒരു ഉച്ചയ്ക്കാണ് ഞങ്ങൾ കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗ്രാൻഡ് ട്രങ്ക് റോഡിന്റെ അരികിലൂടെ വളരെ ശ്രദ്ധയോടെ ഞാൻ സൈക്കിൾ ചവിട്ടി. വേഗമേറിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന കാറ്റിന് സൈക്കിളിന്റെ താളം തെറ്റിക്കാൻ കഴിയും എന്നതിനാൽ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. മുമ്പിലുള്ള പ്രധാന നഗരം 130 കിലോമീറ്റർ കിഴക്കുള്ള അലഹബാദ് ആയിരുന്നു. ഒറ്റദിവസം കൊണ്ട് അവിടെ എത്താനാകില്ല എന്നതുകൊണ്ട് ഇടയ്ക്കുള്ള ഫത്തേപ്പൂർ എന്ന പട്ടണത്തിൽ രാത്രി തങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഗംഗയുടെയും, യമുനയുടെയും ഇടയിലായാണ് ജില്ലാ ആസ്ഥാനം കൂടിയായ ഫത്തേപ്പൂരിന്റെ കിടപ്പ്. കയറ്റിറക്കങ്ങൾ ഇല്ലാത്ത വഴിയിലൂടെയുള്ള യാത്ര സുഖകരമായിരുന്നു.

2021-11-12T15:22:58+05:30

ചുവപ്പും കറുപ്പും: ചില കാൺപൂർ ഓർമ്മകൾ

നഗരത്തെ നടുവിലൂടെ കീറിമുറിച്ച് കടന്നുപോകുന്ന പ്രധാന പാതയിലൂടെ പതിനഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മാത്രമേ സുമിതിന്റെ സുഹൃത്തുക്കൾ ഏർപ്പാടാക്കിയ മുറിയിൽ എത്താനാകൂ. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും വലുതും, തിരക്കുപിടിച്ചതുമായ നഗരമായിരുന്നു കാൺപൂർ. നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന മോട്ടോർ വാഹനങ്ങളുടെ ഇടയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നത് ഒരു സർക്കസ് വിദ്യ പോലെ തോന്നി. വഴിയിൽ ഇടക്കിടെ വരുന്ന മേൽപ്പാലങ്ങളിലേക്ക് സൈക്കിൾ ചവിട്ടിക്കയറ്റാൻ ഞങ്ങൾ ഇരുവരും പ്രയാസപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളുടെ ഹോണുകൾ സൃഷ്ടിക്കുന്ന ഒച്ചപ്പാടിൽ സൈക്കിൾ മണികളുടെ ശബ്ദം അലിഞ്ഞില്ലാതായി. കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ട്രാഫിക് സിഗ്നലുകൾ പിന്നിടുന്നത് അതീവ ശ്രമകരമായിരുന്നു. ഓട്ടപ്പന്തയത്തിന് തയ്യാറെടുക്കുന്നതുപോലെ അക്ഷമരായി പച്ചവെളിച്ചവും കാത്ത് നിൽക്കുന്ന ഡ്രൈവർമാർക്കിടയിലൂടെ സൈക്കിൾ ചവിട്ടുന്നത് അപകടം നിറഞ്ഞ പരിപാടിയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പ്രയാണത്തിനൊടുവിലാണ് കാൺപൂർ നഗരത്തിന്റെ തെക്കേയറ്റത്ത് ഞങ്ങൾ എത്തിച്ചേർന്നത്.

2021-09-28T14:35:13+05:30

പുതുമഴയുടെ മണമുള്ള മണ്ണിൽ

മുറിയിൽ എത്തിയപ്പോൾ ധർമ്മശാലയുടെ ഉടമ അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിശേഷങ്ങൾ കേട്ടപ്പോൾ അയാൾ ഭേദപ്പെട്ട ഒരു മുറി തന്നു. ചിലന്തിവലകൾ നിറഞ്ഞ, ഈർപ്പം തങ്ങി നിന്നിരുന്ന ആ മുറി ആദ്യത്തെ സ്റ്റോർ റൂമിനേക്കാൻ നല്ലതായിരുന്നു. ഞങ്ങളുടെ പര്യടനഭൂപടത്തിൽ ഉൾപ്പെടാത്ത സ്ഥലമായിരുന്നെങ്കിലും, ബദായൂനിന്റെ ചരിത്രത്തെക്കുറിച്ച് ഞാൻ അല്പം അന്വേഷണം നടത്തി. അഹർ രാജകുമാരനായ ബുദ്ധ് പൊതുയുഗം (CE) 905ൽ സ്ഥാപിച്ചതാണ് ഈ നഗരം എന്ന് വിശ്വസിക്കപ്പെടുന്നു. മുഹമ്മദ് ഗസ്നിയുടെ ബന്ധുവായ സയ്യിദ് മസൂദ് ഗാസി CE 1028 ൽ ഈ പ്രദേശം പിടിച്ചടക്കി

2021-09-28T14:39:41+05:30

ബ്രിജ്ഘാട്ടിലെ ചൂടുകാറ്റ്

‘തീർത്ഥാടക നഗരിയായ അനുപ്ശഹറിലേക്ക് സ്വാഗതം’ എന്നെഴുതി വെച്ചിട്ടുള്ള ഒരു വലിയ കമാനം ഞങ്ങളുടെ മുൻപിൽ തലയുയർത്തി നിന്നു. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത് അനുപ് റായ് എന്ന രാജാവാണ് ഈ പട്ടണം സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്.

2021-09-28T14:40:57+05:30

രണ്ട് പുതിയ ചങ്ങാതിമാർ

ഇരുട്ട് വീഴും മുൻപേ ഹൈവേയിൽ എത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അഞ്ചുമണി ആയപ്പോഴേക്കും വെളിച്ചം കുറയാൻ തുടങ്ങി. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളും, ഒറ്റപ്പെട്ട ചില ഗ്രാമങ്ങളും മാത്രമേ വഴിയിൽ കണ്ടുള്ളൂ. കാലിൽ വേദന കൂടിക്കൂടി വന്നതുകൊണ്ട് സൈക്കിൾ വേഗത്തിൽ ചവിട്ടാനും കഴിയുന്നില്ല. ഓരോ കിലോമീറ്ററും പിന്നിടാൻ വേണ്ട സമയം കൂടിവന്നു.

2021-09-28T14:43:59+05:30

ഹരിദ്വാറിലെ ശാന്തിതീരം

ഹരിദ്വാറിലെ ഘാട്ടുകൾക്കും ആചാരങ്ങൾക്കും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഗുരുവിന്റെ സ്മരണയിൽ ഗുരുദ്വാര നാനക്-വാര (Gurudwara Nanakwara) എന്ന വലിയൊരു സിഖ് ആരാധനാലയം ഇവിടെ ഉയർന്നു വന്നിരിക്കുകയാണ്.

2021-09-28T14:45:56+05:30

യോഗാനഗരിയിലെ ബീറ്റിൽസ് താളങ്ങൾ

സംസ്കാരത്തിന്റെ സംരക്ഷകർ എന്നു സ്വയം വിശേഷിപ്പിക്കുന്ന ചിലർക്ക് വേറെ ചില ‘പ്രശ്നങ്ങളാണ്’ ഉയർത്തിക്കാട്ടാനുള്ളത് വിദേശ വിനോദ സഞ്ചാരികൾ അസന്മാർഗിക പ്രവർത്തികളിൽ ഏർപ്പെടുന്നു എന്നും, ഋഷികേശിന്റെ ‘പവിത്രത’ നഷ്ടപ്പെടുത്തുന്നു എന്നും ആരോപിച്ച് വിശ്വഹിന്ദു പരിഷദ് രംഗത്തുവന്നത് ഒരു ഉദാഹരണമാണ്.

2021-09-28T14:47:25+05:30

ദേവപ്രയാഗിലെ സന്ധ്യകൾ

ആളുകളെ കുത്തിനിറച്ച ഒരു ജീപ്പിലാണ് ടെഹ്‌റി അണക്കെട്ടിന് അപ്പുറത്തുള്ള ധൻസാലിയിൽ നിന്ന് ദേവപ്രയാഗിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങിയത്.

2021-09-28T14:48:50+05:30

സമരഭൂമിയിലൂടെ ഒരു ബോട്ട് സവാരി

ചമ്പയിലെത്തിയപ്പോഴേക്കും നേരം നല്ലപോലെ ഇരുട്ടി. തിരക്ക് പിടിച്ച ഒരു പട്ടണം. കുറേ അലഞ്ഞ ശേഷം 300 രൂപ വാടകക്ക് ഒരു ചെറിയ മുറി കിട്ടി. അടുത്ത രണ്ടോമൂന്നോ ദിവസം ഇവിടെ താമസിച്ച് ചുറ്റുമുള്ള പ്രദേശങ്ങൾ സന്ദർശിക്കാനായിരുന്നു പരിപാടി. പുറത്ത് നിന്നും പാർസൽ വാങ്ങിയ ചോറും പരിപ്പും, അടുത്തുള്ള ചന്തയിൽ നിന്ന് വാങ്ങിയ പച്ചക്കറികൾ ചേർത്തുണ്ടാക്കിയ സാലഡും കൂട്ടി ഞങ്ങൾ അത്താഴം കഴിച്ചു. തണുപ്പ് കൂടിക്കൂടി വന്നു.

2021-09-28T14:50:04+05:30

പെരുംമഴയിൽ കുതിർന്ന കാലടികൾ

ഉച്ച കഴിഞ്ഞതോടെ കാലാവസ്ഥയാകെ മാറി. കാർമേഘങ്ങൾ സൂര്യനെ മറച്ചു. എപ്പോൾ വേണമെങ്കിലും മഴ പെയ്യാമെന്നായി. ഹർസിൽ എത്താൻ ഇനിയും പത്ത് കിലോമീറ്ററോളം ഉണ്ട്. കയ്യിൽ കരുതിയിട്ടുള്ള മഴക്കോട്ടുകൾ ഞങ്ങൾ അണിഞ്ഞു. ബാഗുകൾ നനയാതിരിക്കാൻ പ്രത്യേകം കവറുകൾ ഉണ്ടായിരുന്നു. പെരുംമഴ തുടങ്ങി. നടത്തം വളരെ സാവധാനത്തിലായിരുന്നു. ഒരു മണിക്കൂറിൽ മൂന്ന് കിലോമീറ്റർ പോലും പിന്നിടാൻ ഞങ്ങൾക്ക് സാധിച്ചില്ല.

2021-09-28T14:51:30+05:30

യാത്രകളുടെ തുടക്കം

ഹിമാലയന്‍ മഞ്ഞുപാടങ്ങളില്‍ നിന്നൊഴുകി, ചരിത്രമുറങ്ങുന്ന ജനപഥങ്ങളെ തഴുകി, ബംഗാള്‍ ഉള്‍ക്കടലിന്‍റെ ആഴങ്ങളില്‍ അലിയുന്നത് വരെയുള്ള ഗംഗയുടെ യാത്രയെ, നാല് മാസത്തോളം സൈക്കിളിലും, കാൽനടയായും ജോയൽ കെ. പയസ് അനുഗമിച്ചതിന്റെ എഴുത്തും ചിത്രങ്ങളും.