Project Description

എന്‍റെ കണ്ണെടുത്തു വെച്ച ഓർമ്മയുടെ അടയാളങ്ങൾ

കവിത ശിഹാബ് 2017 / ഫോട്ടോ അബുൽ കലാം ആസാദ് 1990

പടിഞ്ഞാറൻ കടലിന്റെ  പ്രാക്തന നൗകാപഥങ്ങളിലാണ്
കൊച്ചിയുടെ തുരുത്തുകൾ വേരുപിടിച്ചുണ്ടായത് അറിവിന്റെ വഴിയിലെ
ജല പഥങ്ങൾ  ആഫ്രിക്കൻ തുരുത്തുകളോളം നീണ്ട ആദിദ്രാവിഡ തമിഴ് സംഘകാലം.   വാമൊഴിയുരുവായ എല്ലാ കരകളിലേക്കും തമിഴ് തായ്മൊഴി പ്രയാണം ചെയ്തു.

അഞ്ച് ഭൂഖണ്ഡങ്ങളിലും വേരുകൾ പടർത്തിയ ഭൂമിയിലേറ്റവും പഴയ വാക്കിന്റെ വടവൃക്ഷത്തിൽ നിന്നും ഹീബ്രുവിലും, അറബിയിലും, ലത്തീനിലും, പരന്ദ്രീസിലും വിത്തുകൾ വീണുമുളച്ചു ആ പദങ്ങൾ കേട്ടാണ് അധിനിവേശത്തിന്റെ ഉരുക്കൾ കൊടികെട്ടി പുറപ്പെട്ടു വന്നത്, യവനരും, പറങ്കികളും ബിലാത്തിയരും ……..

സംഘകാലം കടലിലാണ്ട് ഉപ്പായലിഞ്ഞു കാറ്റിലുയിർത്ത് അനാദിയായി ആകാശത്തിലും, ഭൂമിയിലുമായി നിലകൊള്ളുന്നു. കാന്തത്തിന്റെ, കണ്ണാടിയുടെ, കവിതയുടെ, രസവിദ്യയുടെ കാലം കഴിഞ്ഞാണ് ലിഖിത ചരിത്രത്തിന്റെ തുറമുഖ പട്ടണങ്ങൾ രൂപം കൊണ്ടത്. അതിലൊരു തുരുത്തിന്റെ അറ്റമാണ് കൊച്ചി.

കൊച്ചിയുടെ ആദ്യത്തെ തെരുവ് തുടങ്ങുന്നിടത്ത് യഹൂദരുടെ അങ്ങാടിയായിരുന്ന കൊച്ചങ്ങാടിയിലെ ഈ തെരുവിൽ നിന്നാണ് നാം നടക്കാൻ തുടങ്ങിയത് ഇതിന്റെ അങേ അറ്റത്ത് തുരുത്തിയും, കൽവത്തിയും കടപ്പുറവും……

ഈ നെടുനീളൻ തെരുവിലാണ് കൊച്ചിയുടെ ചരിത്രത്തിന്റെ ആദ്യത്തെ ചക്രങ്ങളോടിത്തുടങ്ങിയത് മുന്നാമ്പുറത്ത്  കായലും പിന്നാമ്പുറത്ത്…… ഏതോ വിദൂര തീരങ്ങളുടെ ഈറ്റില്ലങ്ങളിൽനിന്നും നിന്നും പിറവിയെടുത്ത്  ഈ തുരുത്തിൽ കുടിയേറിയ
ജനാവലികൾ, പശ്ചിമ കൊച്ചിയുടെ ഉൾത്തളങ്ങൾ ,ഇടുക്ക് വഴികൾ.. കവലകൾ… ഇതാണെന്റെ ദേശം, ഇവിടെയാണ് നാമിരുവരും ജനിച്ചത്.

കൊച്ചിയുടെ ആദ്യത്തെ ലക്ഷണമൊത്ത ഛായാഗ്രഹണ കലാകാരൻ അബുൽകലാം ആസാദും ഈ ഞാനും….   അബുൽ; കൊച്ചിയുടെ വർത്തമാനകാലത്തിൽ
എല്ലാവർക്കും മുമ്പേനടന്നവൻ. കലയുടെ കുതിപ്പ് കാലത്തിൽ മുമ്പേ കുതിച്ചവൻ.
അജ്ഞാത ലോകങ്ങൾകണ്ട് പണ്ടേ  മടങ്ങിയവൻ……..
അലഞ്ഞു തിരിഞെത്തിപ്പെട്ട  ,  ജീവിതത്തിന്റെ എല്ലാ  തീരങ്ങളുടെയും, തെരുവുകളുടെയും, ജനപഥങ്ങളുടെയും കാഴ്ചകൾ കാലത്തിന്റെ അടയാളമിട്ട്
ബിംബങ്ങളായ് പതിച്ചുവെച്ചു.

സമകാലീന കലയിലെ അതുല്യ കലാകാരനായി ഈ ദേശത്തും പരദേശത്തും അറിയപ്പെടുന്ന അബുൽകലാം ആസാദിന്റെ നൂറോളംചിത്രങ്ങൾ ഞാനെഴുതിയ “എന്‍റെ ദേശം”, കവിത എന്ന കുറിപ്പുകളും ചേർത്ത് “വാക്കും നോക്കും”  എന്ന പേരിൽ ഫോട്ടോമെയിലിൽ പ്രകാശിപ്പിക്കപ്പെടുകയാണ്.

ഇത് കാണുക…. എല്ലാ ആഴ്‌ച്ചയും.

ശിഹാബ്.

കടപ്പുറത്തെ
പുണ്യാളൻെറ പള്ളിയിൽ
നാവികന്റെ ശവമടക്കി
അൾത്താര മുന്നിലെ
മൺതറയിൽ
മാംസം ദഹിച്ചു തീർന്നു
അടച്ചുപൂട്ടിയ  പള്ളിയിലെ
നാഴികമണി നിലച്ചു.
കല്ലറ തുറന്ന്
നാവികന്റെ അസ്ഥികൾ
വീണ്ടെടുത്തു
മേടയിൽ
കപ്പൽ ചേതത്തിൽ മരിച്ച
അജ്ഞാത നാവികരുടെ
മണമുള്ള കാറ്റുകൾ
അലഞ്ഞു തിരിയുന്നു.

ഏലി ചേടത്തി എന്നെ
കോച്ചാന്റെ വീട്ടിൽ പെരുന്നാളിന്
കൈപിടിച്ചു കൊണ്ടുപോയ ഓർമ്മ
ചുക്കിന്റെയും, കുരുമുളകിന്റെയും മണമുള്ള ;
പടുകൂറ്റൻ ജനലുകളുള്ള
പാതയോരത്തെ വീട്
മലയാളത്തിൽ തോറാത്തോത്തുന്ന ജൂതത്തി
തൊപ്പിവെച്ച കോച്ച
കറുത്ത മരപ്പലകയുള്ള മേശമേൽ
ഞങ്ങൾക്കാഹാരം വിളമ്പി
അവരുടെ പുണ്യനാളായിരുന്നു
ഞങ്ങളന്നു തിന്നത്
പശുവിറച്ചിയായിരുന്നു.

ശിഹാബ്. ടി.എം.ശിഹാബുദീൻ. പശ്ചിമ കൊച്ചിയുടെ ആദ്യത്തെ ഗാലറിസ്റ്റും, സമകാലീന മലയാള കവിതയിലെ ദാർശനിക കവിയുമാണ്.

Text © Shihab / Landmarks of my memories © Abul Kalam Azad 1980 – 2000