ട്രാവൻകൂർ രാജ്യവും പുരോഗമനവും – സക്കറിയ ഡി’ക്രൂസിന്റെ ഫോട്ടോഗ്രാഫി2017-08-28T01:15:15+00:00

Project Description

ട്രാവൻകൂർ രാജ്യവും പുരോഗമനവും – സക്കറിയ ഡി’ക്രൂസിന്റെ ഫോട്ടോഗ്രാഫി

അർജുൻ രാമചന്ദ്രൻ

ക്കറിയ ഡി’ക്രൂസ് എന്ന ഫോട്ടോഗ്രാഫറുടെ പേര് പ്രശസ്തമല്ലെങ്കിലും, അദ്ധേഹത്തിന്റെ ഫോട്ടോഗ്രാഫുകൾ കാണാത്തവർ ചുരുക്കമായിരിക്കും. തിരുവിതാംകൂർ സർക്കാരിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫർ എന്ന നിലയിൽ തിരുവിതാംകൂറിന്റെ പലഭാഗങ്ങളുടെ ഫോട്ടോഗ്രാഫുകൾ എടുത്തയാൾ എന്ന് ഒരു പക്ഷെ ഒറ്റവരിയിൽ അദ്ദേഹത്തെ വിശേഷിപ്പിക്കാം. ലോർഡ് കെഴ്സണിനു സമ്മാനിക്കപെട്ട “ആൽബം ഓഫ്സൗത്ത് ഇന്ത്യൻ വ്യൂസ്” എന്ന 76 ഫോട്ടോഗ്രാഫുകളുടെ സമാഹാരം ഡി’ക്രൂസിന്റേതാണ്. ഈ സമാഹാരമാണ് പ്രധാനമായി അവശേഷിക്കുന്ന, അല്ലെങ്കിൽ പൊതുവായി കാണാൻ സാധിക്കുന്ന,ഡി’ക്രൂസ് ഫോട്ടോഗ്രാഫുകൾ. പരുമല തിരുമേനിയുടെ വിഗ്രഹതുല്യമായി തീർന്നിരിക്കുന്ന പ്രശസ്‌ത ഫോട്ടോഗ്രാഫും ഡി’ക്രൂസിന്റേതാണ്.

പോർച്ചുഗീസ്-ഇന്ത്യൻ പാരമ്പര്യമുള്ള ഡി‘ക്രൂസിന്റെ സ്വകാര്യജീവിതത്തെകുറിച്ചുള്ള രേഖകൾ സുലഭമല്ല. അത്തരം ഒരു അന്വേഷണം ഈ ലേഖനത്തിന്റെ പ്രധാന ഉദ്ദേശവും അല്ല. ഇന്ത്യക്കു സ്വാത്രന്ത്ര്യം ലഭിക്കുന്നതു വരെ കൊളോണിയൽ സർക്കാരുകൾ ആംഗ്ലോ-ഇന്ത്യൻ, പോർച്ചുഗീസ്-ഇന്ത്യൻ സമൂഹങ്ങൾക്ക് ആനുകൂല്യങ്ങളും സംവരണങ്ങളും നൽകിയിരുന്നു, അവയിൽ ചിലത് ഇപ്പോഴും തുടരുന്നു.  യൂറോപ്യൻ പുരോഗമന ആദർശങ്ങൾ ഇതിനകം ഉൾകൊണ്ടു കഴിഞ്ഞിരുന്ന, ബ്രിട്ടീഷ്-ആശ്രിതം ആയിരുന്ന, തിരുവിതാംകൂർ ഭരണാധികാരം ഡി’ക്രൂസിനെ ഔദ്യോഗിക ഫോട്ടോഗ്രാഫർ ആയി 1900-കളിനുള്ളിൽ നിയമിച്ചു കഴിഞ്ഞിരുന്നു. “ആൽബം ഓഫ് സൗത്ത് ഇന്ത്യൻ വ്യൂസ്” തയ്യാറാക്കപ്പെടുന്നത് 1900-നും 1906-നും ഇടക്കാണ്‌.

ഈ കാലഘട്ടം ശ്രദ്ധിക്കണം. ഫോട്ടോഗ്രാഫി ഒരു കലയായി യൂറോപ്പിലും അമേരിക്കയിലും അംഗീകരിച്ചു വരുന്നതേയുള്ളു. സ്റ്റീഗ്ലിറ്സ്, സ്റൈക്കൻ, അറ്റ്ഗെറ്റ് എന്നിവരുൾപ്പെടെയുള്ള കലാകാരന്മാർ ഫോട്ടോഗ്രാഫിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ഇവരുടെയൊന്നും ഫോട്ടോഗ്രാഫുകൾ ഇന്ത്യയിൽ പ്രചരിക്കുന്നില്ല. ബംഗാളിൽ ടാഗോറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ മോഡേണിസം വാദം വളർന്നു വരുന്നേയുള്ളു. തിരുവിതാംകൂറിൽ കമ്പനി പെയിന്റിങ് സമ്പ്രദായം നിലനിന്നിരുന്നു. രാജാ രവി വർമ്മ ഫോട്ടോഗ്രാഫുകൾ അടിസ്ഥാനമാക്കി ചിത്രങ്ങൾ നിർമിക്കുന്നു. “നല്ല ഫോട്ടോഗ്രാഫുകൾ” എന്ന വിഭാഗത്തിൽപെടുന്നതായി ഫെലിച്ചേ ബിയാതൊ, ജോൺ മുറെ, ദീൻ ദയാൽ എന്നിവരുടെ ചിത്രങ്ങൾ ആയിരിക്കും ഡി’ക്രൂസ് കണ്ടിരിക്കുക. ഡി’ക്രൂസ് ഇവരെയെല്ലാം പോലെ തന്നെ ഭരണാധികാരികളുടെ ആവശ്യങ്ങൾക്കാണ്‌ ഫോട്ടോഗ്രാഫുകൾ എടുത്തിരുന്നത്.

ഇന്ന് നമുക്ക് കാണാൻ സാധിക്കുന്ന ഡി’ക്രൂസ് ചിത്രങ്ങളെ കൃത്യമായ ഗണങ്ങളായി തിരിക്കാൻ ആവും. സർക്കാർ പണിയിച്ച കെട്ടിടങ്ങൾ, കൊട്ടാരങ്ങൾ, വ്യവസായവത്കരണത്തിന്റെ പ്രതീകങ്ങൾ, കനാലുകൾ, യൂറോപ്യൻ രീതിയിലും തദ്ദേശരീതിയിലും ഉള്ള വാസ്തുശില്പങ്ങൾ, ഘോഷയാത്രകൾ, മനുഷ്യവാസവും പ്രകൃതിദൃശ്യവും കലരുന്ന ചിത്രങ്ങൾ എന്നിവ. ഭൂരിഭാഗം ചിത്രങ്ങളും “ലാൻഡ്‌സ്‌കേപ്പ്” എന്ന് വിശേഷിപ്പിക്കാവുന്നതാണ്.പ്രകൃതിക്കു മേൽ തങ്ങളുടെ മുദ്രകുത്തി കീഴടക്കാൻ ശ്രമിക്കുന്ന ഒരു രാജ്യത്തിന്റെ ചിത്രീകരണം. ശാന്തത മാത്രമുള്ള, തകർച്ചകളില്ലാത്ത, ദ്രുതമായി പുരോഗമിക്കുന്ന തിരുവിതാംകൂർ. രാജ കുടുംബത്തിന്റെ ചിത്രങ്ങൾ “ആൽബം ഓഫ്സൗത്ത് ഇന്ത്യൻ വ്യൂസ്”-ഇൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം ഉള്ളത് രാജാവ് സഞ്ചരിക്കുന്ന വാഹനത്തിന്റെ ചിത്രം ആണ്.

ഫോട്ടോഗ്രാഫി © സക്കറിയ ഡി’ക്രൂസ്

പരുമല തിരുമേനിയുടേതല്ലാതെ പോർട്രെയ്റ്റുകൾ കാണാൻ സാധിക്കുന്നില്ല, എന്നാലും ഉണ്ടായിരുന്നിരിക്കണം. അന്നത്തെ കാലത്തു പരിശുദ്ധന്മാരുടെ ഫോട്ടോ എടുക്കുക എളുപ്പമുള്ളതല്ല, അതുകൊണ്ടു തന്നെ പരുമല തിരുമേനിയുടെ ഫോട്ടോഗ്രാഫ് മേന്മയുള്ളതല്ല. പോർട്രൈറ് ഫോട്ടോഗ്രാഫി ഡി ‘ക്രൂസിന്റെ പ്രധാന മേഖലയാകാൻ സാധ്യതയില്ല. എന്നാൽ പൂർണമായും വിജനമായചിത്രങ്ങളും അപൂർവമാണ്. പൊതുജനാംഗങ്ങൾ ചിത്രങ്ങളിൽ പലതിലും ജോലിചെയ്യുന്നു, വഞ്ചി തുഴയുന്നു, സഞ്ചരിക്കുന്നു. കുഷ്ഠ രോഗചികിത്സാലയത്തിന്റേതു പോലും ഒരു ഉയർന്ന ഇടത്തുനിന്ന് എടുത്ത വിസ്‌തൃതി കാണിക്കുന്ന ഫോട്ടോഗ്രാഫാണ്. ഇത്തരം ഉയർന്ന ഇടങ്ങളിൽ നിന്നുള്ള നോട്ടങ്ങൾ ഡി’ക്രൂസിന്റെ ചിത്രങ്ങളിൽ സ്ഥിരമായി കാണാൻ ആകും. കനാലുകളുടെ നീളം കാണിക്കാൻ, ഗോൾ ഫ്ലിങ്ക്‌സിന്റെ പരപ്പ് കാണിക്കാൻ, ആലപ്പുഴ തുറമുഖം പരമാവധി ഒറ്റചിത്രത്തിൽ ഉൾക്കൊള്ളിക്കാൻ എല്ലാം ഡി’ക്രൂസ് ഈ വീക്ഷണശൈലി ഉപയോഗിക്കുന്നു. കോമ്പോസിഷനിലെ ധ്വനി വ്യക്തമാണ്. യൂറോപ്യൻ സമുദായത്തോടുള്ള സ്വീകാര്യതയും രാജ്യം ശാന്തവും ഇൻഡസ്ട്രിയലൈസ് ചെയ്യപെട്ടുകൊണ്ടിരിക്കുന്ന ഒന്നാണെന്നും കാണിക്കുക. ഇവിടെയുള്ള കാഴ്ചകളും പുറത്തുള്ളവന്പരിചയപ്പെടുത്തുക. ഈ ഫോട്ടോഗ്രാഫുകളുടെ ദൃഷ്ടാവ് പുറംനാട്ടുകാരൻ തന്നെ ആണ്.

ഈ വേളയിൽ കാലഘട്ടം വീണ്ടും ഓർമിപ്പിക്കുന്നു. ബഷീർ ജനിച്ചിട്ടില്ല, ഗാന്ധി സമര സേനാനിയായി തിരിച്ചു വരാൻ ഇനിയും 10 വർഷത്തോളം എടുക്കും, സർ സി.പി. രാമസ്വാമി അയ്യർ ദിവാൻ സ്ഥാനം ഏറ്റെടുക്കാൻ 30-ഓളം വർഷം, പുന്നപ്ര-വയലാർ സമരം സംഭവിക്കാൻ 40-ഓളം വർഷം. ഇവിടെ ഫോട്ടോഗ്രാഫിയിൽ സ്വതന്ത്രമായ ഒരു നിലപാട് മുന്നോട്ടുവെക്കണം എന്ന വാദം പ്രസക്തമല്ല. സാമൂഹ്യസാഹചര്യങ്ങൾ അതിനുള്ള വഴിയൊരുക്കിയിട്ടില്ല.

ഡി’ക്രൂസിന്റെ ഫോട്ടോഗ്രാഫുകൾ, പലപ്പോഴും ഡി’ക്രൂസിനെ ഫോട്ടോഗ്രാഫറായി അംഗീകരിക്കാതെ, ഇന്നും പ്രചരിക്കപ്പെടുന്നു. ഡി’ക്രൂസിന്റെ നോട്ടം ഇന്നത്തെ ആലപ്പുഴയുടെയും കൊല്ലത്തിന്റെയും കനാലുകളുടെ ഫോട്ടോഗ്രാഫുകളിൽ പ്രകടമാണ്. 100 വർഷങ്ങൾക്കു ശേഷം പോലും ഫോട്ടോഗ്രാഫിയിലൂടെ നമ്മുടെ നാടിന്റെ ഭംഗി മറ്റൊരുവനെ കാണിക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഈ നോട്ടം ബോധപൂർവം ആയിരിക്കണം എന്നില്ല. ഡി’ക്രൂസിന്റെ നോട്ടവും പൂർണമായും ബോധപൂർവം ആയിരുന്നു എന്ന് പറയാൻ സാധിക്കില്ല. ഡി’ക്രൂസിന്റെ ആർക്കിടെക്ചർ ഫോട്ടോഗ്രാഫുകളിലെ നോട്ടം വാസ്തു ശിൽപങ്ങളുമായി അടുത്തിടപെടാൻ സാഹചര്യമുണ്ടായിട്ടില്ലാത്തവന്റെ നോട്ടം ആയി ഒരുപക്ഷെ കാണാം. അപൂർവം ഒന്ന് രണ്ടെണ്ണം ഒഴിച്ചാൽ എല്ലാ വാസ്തുശിൽപ ദൃശ്യങ്ങളും പുറത്തുനിന്നുള്ളവയാണ്. കെട്ടിടങ്ങളുടെ രൂപം ചെരിഞ്ഞിരിക്കുന്നതും കാണാം – പാരലാക്സ് എറർ ശെരിയാക്കാതെ ഫോട്ടോ എടുത്ത അതിന്റെ പ്രസക്തി പൂർണമായും ഗ്രഹിക്കാത്തതു കൊണ്ടോ, അതിനുള്ള തന്ത്രം വശമില്ലാത്തതു കൊണ്ടോ ആയിരിക്കണം.

ഫോട്ടോഗ്രാഫി © സക്കറിയ ഡി’ക്രൂസ്

പൊതുജനത്തിന്റെ വാസ്തുശിൽപത്തോടുള്ള സമീപനം വളരെ ബാഹ്യം ആയിരുന്നു – ഇന്നും അത് തുടരുന്നു. ഡി’ക്രൂസ് പകർത്തിയ ഫോട്ടോഗ്രാഫുകളിൽ വാസ്തു ശിൽപങ്ങൾ, പ്രത്യേകിച്ചു കാവുകളും പദ്മനാഭസ്വാമി ക്ഷേത്രവും, ചിത്രീകരിക്കപ്പെട്ട പോലെ ഇന്ന് ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും ചിത്രീകരിക്കപ്പെടുന്നു. ലോകത്തെമ്പാടുമുള്ള വാസ്തു ശിൽപങ്ങൾ “ഈ വാസ്തു ശിൽപം ഇവിടെ ഉണ്ട്” എന്ന് സ്ഥാപിക്കുന്ന കോമ്പോസിഷനുകൾ ആണ് കൂടുതലും. അനേകം ഫോട്ടോഗ്രാഫുകളിൽ “ഞാൻ ഇവിടെ വന്നിരുന്നു” എന്ന വസ്തുത കൂടി കൂട്ടിച്ചേർക്കപെടുന്നു. ഡി’ക്രൂസ് അന്ന് പുറംനാട്ടുകാരെ കാണിക്കാനായി എടുത്ത ചിത്രങ്ങൾ നമ്മൾ അനുകരിക്കുന്നത് നമുക്ക് കാണാൻ വേണ്ടി തന്നെയാണ് എന്ന വിരോധാഭാസം മുഴച്ചു നിൽക്കുന്നു. വാസ്തു ശിൽപങ്ങളുമായി ഫോട്ടോഗ്രാഫറിന് പൊരുത്തം കുറവാണെന്നു തോന്നിക്കുന്ന വിധം ചെരിഞ്ഞതും പൂർണമല്ലാത്തതും ആയചിത്രീകരണങ്ങളും ഇന്നും കാണാം.

ഫോട്ടോഗ്രാഫറുടെ നോട്ടം അങ്ങനെ അധികം മാറ്റങ്ങൾ ഇല്ലാതെ നിലനിൽക്കുമ്പോൾ, ഫോട്ടോ എടുക്കപെടുന്ന ആളുടെ നോട്ടത്തിലും വലിയ തോതിൽ മാറ്റങ്ങൾ വരുന്നില്ല. ഡി’ക്രൂസ് ഫോട്ടോഗ്രാഫുകളിൽ പലരും ക്യാമറയെ നോക്കുന്നത് കാണാം. ഈ നോട്ടം ഫോട്ടോഗ്രാഫറുമായുള്ള സംവാദം അല്ല – പലപ്പോഴും ചെയ്യുന്ന ജോലി മാറ്റി വെച്ച് സംശയവും അതിശയവും കലർത്തിയാണ് നോക്കുന്നത്. ഇന്നത്തെ സ്ട്രീറ്റ് ഫോട്ടോഗ്രാഫിയിൽ ഈ നോട്ടം വ്യാപകമായി കാണാം. ഒരു വലിയവിഭാഗം ജനതയുടെ ഫോട്ടോഗ്രാഫിയുമായുള്ള ബന്ധം മാറിയിട്ടില്ലാത്തതായി തന്നെ മനസിലാക്കണം.

സക്കറിയ ഡി’ക്രൂസ് കൊളോണിയൽ താൽപര്യങ്ങൾക്കു സേവനം നൽകിയ ഒരു ഫോട്ടോഗ്രാഫറായിരുന്നു എന്നതിൽ സംശയം ഇല്ല. ഒരു ഉയർന്ന കലാകാരൻ ആയി അദ്ദേഹത്തെ അംഗീകരിക്കേണ്ട ആവശ്യം ഇല്ലെങ്കിലും, ഡി’ക്രൂസ് ഫോട്ടോഗ്രാഫുകൾ വളരെ അധികം പ്രാധാന്യമുള്ള ചരിത്ര രേഖകളാണ്, ഒരു പരിധി വരെ നല്ല ഫോട്ടോഗ്രാഫുകൾ ആയും കാണാം. ഡി’ക്രൂസിന്റെ ആല്ബുമിൻ പ്രിന്റുകൾ പലതും ശേഷിക്കുന്നുണ്ടാവും.”ആൽബം ഓഫ്സൗത്ത് ഇന്ത്യൻ വ്യൂസ്” ബ്രിട്ടീഷ് ലൈബ്രറിയുടെ ശേഖരത്തിലാണ് ഇപ്പാൾ.

ഇവയെല്ലാം പൊതുജനത്തിലേക്കു എത്തേണ്ടവയാണ്, പൊതുജനത്തിന്റെ സ്വത്താവണ്ടവയാണ്.

ഫോട്ടോഗ്രാഫി © സക്കറിയ ഡി’ക്രൂസ്

അർജുൻ രാമചന്ദ്രൻ

ഉയർന്നു വരുന്ന യുവ ഫോട്ടോഗ്രാഫർ ആണ് അർജുൻ. സിനിമയും സാഹിത്യവും ആണ് മറ്റു താല്പര്യങ്ങൾ. മുൾട്ടീമീഡിയയിൽ ബിരുദപാഠ്യക്രമം പൂർത്തിയാക്കി. ഫോട്ടോമെയിൽ മാഗസീനിന് വേണ്ടി അസ്സോസിയേറ്റ് എഡിറ്റർ കർത്തവ്യം നിർവഹിക്കുകയും, ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങൾ എഴുതുകയും ചെയ്യുന്നു.