Project Description

ഐ ലൗ ടീച്ചിംഗ് – ലക്ഷ്മണ് അനന്തരാമന്

കെ എന് ഷാജി

ലക്ഷ്മണ് അനന്തരാമൻ © അബുൽ കലാം ആസാദ് / 1985 / ഇ. ടി. പി ഫോട്ടോ ആർകൈവ്

നന്തരാമന്‍റെ അച്ഛന്‍ ഒരു സ്കൂള്‍ മാസ്റ്റരായിരുന്നു. കര്‍ക്കശക്കാരന്‍. തെറ്റുകണ്ടാല്‍ കഠിനമായി ശിക്ഷിക്കും. അടിതന്നെ അടി.ഉള്ളിലെ സ്നേഹം പുറത്തു കാണിക്കില്ല.മൂന്നുആണ്‍ മക്കളില്‍ ഇളയവനായിരുന്നു രാമന്‍. മൂത്തരണ്ടുപേരും പഠിപ്പില്‍ മിടുക്കന്മാരായിരുന്നു. രാമനാവട്ടേ, ശരാശരിക്കാരന്‍.

എറണാകുളം എസ് ആര്‍ വി ഹൈസ്ക്കൂളില്‍ നിന്ന് പത്താംക്ലാസ് പാസ്സായി. മഹാരാജാസ് കോലഝില്‍ നിന്നുംഫിസിക്സില്‍ ബിരുദം. അക്കാലത്ത് ഹോക്കി കളിക്കുന്നതിലും ഹിന്ദി പാട്ടുപാടുതിലുമായിരുന്നു, കമ്പം. കാണുന്ന സുന്ദരിപെണ്‍കുട്ടികളോടൊക്കെ പ്രേമവും.

പ്രായം അതാണല്ലോ. ജ്യേഷ്ഠന്‍മാര്‍ രണ്ടുപേരും ഉപരിപഠനത്തിനും ഗവേഷണത്തിനും അമേരിക്കയിലേക്കുപോയി. രാമന്‍ ചുമ്മാ കറങ്ങിനടന്നു. ജോലിയൊന്നുമില്ല. അച്ഛന്‍റെ ശകാരം അസഹ്യം. അങ്ങനെ ബാംഗ്ലൂരിലേക്കു പുറപ്പെട്ടു.

അവിടെ ഹിന്ദുസ്ഥാന്‍ എയര്‍ ക്രാഫ്റ്റില്‍ ജോലി കിട്ടി. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ബാംഗ്ലൂര്‍ മടുത്തു. പിന്നെ കല്‍ക്കട്ടയ്ക്കുവിട്ടു. ബംഗ്ലാദേശ് ബാരക്പൂരില്‍ റേഡിയോ ഇന്‍സ്പെടറായി മൂന്നു കൊല്ലം ജോലിനോക്കി. അക്കാലത്താണ് കല്‍ക്കത്താ നഗരത്തിലെ എസ് യു റോഡിലുള്ള മെട്രോ തിയ്യേറ്ററില്‍ സത്യജിത്റേയുടെ അപുര്‍സന്‍സാര്‍ കാണുന്നത്. നല്ല ഓര്‍മ്മയുണ്ട്, ആകെ പത്തോ ഇരുപതോപേർ കാണും, സിനിമ പതുക്കെ തലയ്ക്കു പിടിച്ചുതുടങ്ങി.

പിന്നെ അതൊരു ഭ്രമമായി.

ജ്യേഷ്ഠന്‍മാരെപ്പോലെ വിദേശത്തേക്ക് പോകണമെന്ന ആഗ്രഹം വല്ലാതെ വീര്‍പ്പുമുട്ടിച്ചപ്പോള്‍ ലണ്ടനിലേക്ക് പോകാന്‍ ശ്രമിച്ചു. ജ്യേഷ്ഠന്‍മാരുടെ സഹായവും സമ്മര്‍ദ്ദവുമുണ്ടായിരുന്നു. ഭാഗ്യത്തിന് ബ്രിട്ടീഷ് ഹോംമിനിസ്ട്രിയുടെ വര്‍ക്ക് പെര്‍മിറ്റാണ് ലഭിച്ചത്. സാക്ഷാല്‍ മഹാരാജ്ഞി ഒപ്പുവച്ചത്. ലണ്ടനിലേക്കു ഇരുപതുവര്‍ഷത്തെ കപ്പല്‍ യാത്ര. പോകുംവഴി പാരീസിലിറങ്ങി. ഒരു ജ്യേഷ്ഠന്‍ അവിടെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു. ഒരാഴ്ച അവിടെ താമസിച്ചു. പാരീസിലെ സുപ്രസിദ്ധമായ ലൂവർ മ്യൂസിയം (Louvre museum) കണ്ടു. ആ ഗ്യാലറിയിലാണ് വിശ്വപ്രസിദ്ധമായ മൊണാലിസയുടെ ഒറിജിനല്‍.

ലണ്ടനില്‍ സൗത്ത് വെസ്റ്റില്‍ ആന്‍ടിഷ് ടൗണില്‍ ഇലക്ട്രോണിക്സ് ഫാക്ടറിയില്‍ ടെക്നീഷ്യനായി ജോലികിട്ടി. ഫോട്ടോഗ്രഫിയോടുള്ള പ്രണയം പുഷ്പിച്ചു. ലണ്ടനില്‍ ധാരാളം ഈവനിംഗ് ക്ലാസുകളുണ്ട്. വൈകീട്ട് ജോലിവിട്ടാല്‍ ഫോട്ടോഗ്രഫി പഠിക്കാന്‍ പോകും. ലണ്ടന്‍ ഫിലിം സ്കൂളില്‍ വൊക്കേഷണല്‍ സ്റ്റഡീസില്‍ ക്യാമറ കൈകാര്യം ചെയ്തു തുടങ്ങി. അവിടെ വിവിയന്‍ എന്ന ഇംഗ്ലീഷുകാരി സഹപാഠിയായി ഉണ്ടായിരുന്നു. അവര്‍ വളരെയധികം സഹായിച്ചു. അവര്‍ക്ക് രണ്ടുകുട്ടികളാണ്, ഇംഗ്ലണ്ടില്‍ 12 വയസ്സുവരെയുള്ള കുട്ടികളെ ഒറ്റയ്ക്കാക്കി പോകുന്നത് നിയമവിരുദ്ധമാണ്. അവരുടെ മക്കളെ നോക്കുന്ന ജോലി -ബേബിസിറ്റിംഗ്- ഏറ്റെടുത്തു. കുട്ടികള്‍ സ്വയംപര്യാപ്തരാണ്. അവരെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമില്ല. അതുകൊണ്ട് അവരുടെ വീട്ടില്‍ താമസം തരമായി. അതിനാണല്ലോ ചിലവു കൂടുതല്‍. ഒന്‍പതു കൊല്ലത്തെ ലണ്ടന്‍ ജീവിതം സംഭവബഹുലമായിരുന്നു. ധാരാളം പ്രണയിനികള്‍.

ജീവിതം ശരിക്കും ആഘോഷിച്ചു. ഇഷ്ടവിഷയമായ ഫോട്ടോഗ്രഫി നന്നായി ആസ്വദിച്ചു. നിര്‍ഭാഗ്യവശാല്‍ വൃദ്ധനായ അച്ഛന്‍റെ നിര്‍ബന്ധംമൂലം നാട്ടിലേക്കു മടങ്ങേണ്ടിവു.

ലണ്ടനിലെ കഠിനമായ കാലാവസ്ഥയില്‍ ജന്മനമായുള്ള ആസ്തമ – വല്ലാതെ ശല്യംചെയ്തു. തണുപ്പ് അസഹനീയം. പക്ഷേ, ഇംഗ്ലണ്ടാണ് രാമനെ ഒരു മനുഷ്യനാക്കിമാറ്റിയത്. അന്തസ്സുള്ള ആത്മാഭിമാനമുള്ള സ്വതന്ത്രമനുഷ്യന്‍.

ലണ്ടനില്‍ വെച്ച് ഒരു സ്മിത്ത് സിനിമയെടുക്കാന്‍ വന്നു. രാമനെക്കൊണ്ട് സ്ക്രിപ്റ്റ് എഴുതിച്ചു. രാമന്‍റെ ഇംഗ്ലീഷ് അപാരം. ലണ്ടന്‍ അക്കാദമി ഓഫ് മ്യൂസിക്ക് ആന്‍റ് ഡ്രമാറ്റിക് ആര്‍ട്സില്‍ അഭ്യസിച്ചതല്ലേ. പക്ഷേ, ആ ഇംഗ്ലീഷ് തുക്സന്‍റെ സായിപ്പിന് പിടിച്ചില്ല. അദ്ദേഹത്തിന് ഇന്ത്യന്‍ ഇംഗ്ലീഷ് മതിയായിരുന്നു. അങ്ങനെ ആ ചാന്‍സ് നഷ്ടമായി.

നാട്ടിലേക്കു മടങ്ങുന്നതിനിടെ, ഒരു സിനിമാ സംരംഭവുമായി ബന്ധപ്പെട്ട് ഒരു കൊല്ലം മലേഷ്യയിലും താമസിച്ചു. ഒടുവില്‍ പ്രൊഡ്യൂസര്‍ മുങ്ങി. സിനിമ മുടങ്ങി. അങ്ങനെ അതും നിരാശയിലാണ് ആവസാനിച്ചത്.

1974ല്‍ കൊച്ചിയില്‍ മടങ്ങിയെത്തി. എം ജി റോഡില്‍ സ്കൂള്‍ ഓഫ് ഫോട്ടോഗ്രഫി തുടങ്ങി. ഒപ്പം കമേര്‍സ്യല്‍ ഫോട്ടോഗ്രഫിക്ക് സ്റ്റുഡിയോ വണ്‍എന്ന സഥാപനവും. തൊണ്ണൂറുകള്‍വരെ സ്ഥാപനം നടന്നു. ഒടുവില്‍ ആ സ്ഥലം വിറ്റു. ഇപ്പോഴും നഗരമദ്ധ്യത്തില്‍ പള്ളിമുക്കിലുള്ള ഫ്ളാറ്റില്‍ ക്യാമറ പഠിക്കാന്‍ വരുന്നവരെ സ്വീകരിക്കാനും പ്രോല്‍സാഹിപ്പിക്കാനും രാമന് സന്തോഷമാണ്.

സാങ്കേതികത അത്യധികം പുരോഗമിച്ചപ്പോള്‍ , സ്വാഭാവിക വെളിച്ചത്തിലുള്ള ഫോട്ടോഗ്രഫി പഴഞ്ചനായിപ്പോയി. പക്ഷേ, രാമന് ദുഖമില്ല. പ്രാപികപ്രതിഭാസമായ സൂര്യപ്രകാശത്തില്‍ അത്ഭുതങ്ങള്‍ കാണിക്കുന്ന തന്‍റെ പഴഞ്ചന്‍ ക്യാമറ അദ്ദേഹം ഇപ്പോഴും നിധിപോലെ സൂക്ഷിച്ചിരിക്കുന്നു, എങ്കിലും ശിഷ്യനായ പ്രസിദ്ധക്യാമറാമാന്‍ സുരേഷ് നടരാജന്‍ സമ്മാനിച്ച ഡിജിറ്റല്‍ ക്യാമറ കൈകാര്യം ചെയ്യാനും രാമന്‍ ശ്രദ്ധപുലര്‍ത്തുന്നു. ഫോട്ടോഗ്രഫിയില്‍ പഴമയും പുതുമയുമില്ല. കഴിവുമാത്രമാണ് ഏകമാനദണ്ഡമെന്നു ഈ മനുഷ്യന്‍ വിശ്വസിക്കുന്നു.

ഒരു ക്യാമറാമാന്‍ എന്നതിലേറെ, അധ്യാപകന്‍ എന്ന നിലയ്ക്കാണ് രാമനെ ചരിത്രം രേകപ്പെടുത്തുക. സുദീര്‍ഘമായ അധ്യാപന കാലഘട്ടത്തില്‍ എത്രയേറെ പ്രതിഭാശാലികളെ അദ്ദേഹം പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. അതില്‍ പ്രമുഖന്‍ അകാലത്തില്‍ അന്തരിച്ച വിശ്രുത ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ്ജാണ്.

കൂടാതെ മനോരമയില്‍തന്നെ ഉണ്ടായിരു ഫിറോസ് ബാബു, ചിത്രകാരനായ ടി കലാധരന്‍, ഇപ്പോള്‍ ദുബൈയിലുള്ള നാസര്‍സാഹിബ് ഇങ്ങനെ എത്രയോപേര്‍. ഏതാണ്ട് അഞ്ഞൂറിലേറെപ്പേര്‍!

പ്രസിദ്ധ സിനിമാട്ടോഗ്രാഫര്‍ സണ്ണിജോസഫ് തന്‍റെ ആദ്യഗുരുനാഥനായ രാമനെകുറിച്ച് ആദരവോടെയേ സംസാരിക്കൂ…

ബോംബെ കേന്ദ്രമാക്കിയ പ്രശസ്ത ഫോട്ടോഗ്രാഫര്‍ സുരേഷ് നടരാജനെകുറിച്ച് നേരെത്ത സൂചിപ്പിച്ചുവല്ലോ..

തന്‍റെ ഏറ്റവും പുതിയ ശിഷ്യനായ വിമല്‍ നല്ല ഭാവിയുള്ള ഫോട്ടോഗ്രാഫറാകും എന്ന് രാമന്‍ വാല്‍സല്യത്തോടെ സാക്ഷ്യപ്പെടുത്തുന്നു.

മങ്കടരവിവര്‍മ്മയ്ക്കൊപ്പം കുഞ്ഞിക്കൂനന്‍ എന്ന കുട്ടികളുടെ സിനിമയില്‍ രാമന്‍ സഹകരിച്ചിട്ടുണ്ട്. മാധവിക്കുട്ടിയുടെ നടക്കാതെപോയ കുട്ടികളുടെ സിനിമയിലും രാമന്‍ കൂടെയുണ്ടായിരുന്നു.

തന്‍റെ ഫോട്ടോഗ്രാഫുകളുടെ അപൂര്‍വ്വ സൂക്ഷിപ്പുകള്‍ അപ്രതീക്ഷിതമായി നഷ്ടപ്പെട്ടപ്പോഴന്നും രാമന്‍ ദുഖിച്ചില്ല. അതിലര്‍ത്ഥമില്ലെന്നു തോന്നിക്കാണും.

പൂര്‍ണ്ണത സ്വപ്നം കാണുന്ന ഈ അസാധാരണ ഛായാഗ്രാഹകന്‍ അവസാന നിമിഷംവരെ ഈ കലപഠിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്നു. രാമന്‍ പറയുന്നു – ” പഠിപ്പിക്കാനാണ് എന്നും എനിക്കിഷ്ടം”.