Project Description

മലയാളം ജലബിന്ദുക്കളുടെ മോക്ഷയാത്ര ലക്കം 4

തീർത്ഥാടകരെ ആശ്രയിച്ചാണ് ദേവപ്രയാഗിലെ മിക്ക താമസക്കാരും ജീവിക്കുന്നത്. ‘T’ ആകൃതിയിൽ കിടക്കുന്ന ഈ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നത് ചെറിയ പാലങ്ങളാണ്. മിക്ക ആളുകളും കാൽനടയായി സഞ്ചരിക്കുന്ന ഇവിടെ അത്തരം പാലങ്ങൾ തന്നെ ധാരാളമാണ്. അളകനന്ദക്ക് കുറുകെയുള്ള ഒരു തൂക്കുപലമാണ് ചിത്രത്തിൽ കാണുന്നത് © ജോയൽ കെ. പയസ്

ഹിമാലയന്‍ മഞ്ഞുപാടങ്ങളില്‍ നിന്നൊഴുകി, ചരിത്രമുറങ്ങുന്ന ജനപഥങ്ങളെ തഴുകി, ബംഗാള്‍ ഉള്‍ക്കടലിന്‍റെ ആഴങ്ങളില്‍ അലിയുന്നത് വരെയുള്ള ഗംഗയുടെ യാത്രയെ, നാല് മാസത്തോളം സൈക്കിളിലും, കാൽനടയായും ജോയൽ കെ. പയസ് അനുഗമിച്ചതിന്റെ എഴുത്തും ചിത്രങ്ങളും.

ദേവപ്രയാഗിലെ സന്ധ്യകൾ

 

ദികൾ പരസ്പരം കണ്ടുമുട്ടുന്ന സ്ഥലങ്ങൾക്ക് (confluence) നമ്മുടെ രാജ്യത്ത് പലയിടത്തും ഒരു പുണ്യപരിവേഷമുണ്ട്. ഉത്തരേന്ത്യയിൽ ഇത്തരം സ്ഥാനങ്ങൾക്ക് സംഗം എന്നാണ് പൊതുവിൽ പറയുക. അവിടെ കുളിക്കുന്നതും ആചാരങ്ങൾ അനുഷ്ഠിക്കുന്നതും പുണ്യമാണെന്ന് കരുതുന്ന ഒരുപാടാളുകൾ ഉണ്ട്. ദക്ഷിണേന്ത്യയിലും ഇത്തരം സംഗമസ്ഥലങ്ങൾ ഉണ്ട്. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിൽ കാവേരിയും ഭവാനിയും കൂടിച്ചേരുന്നിടത്ത് ബലിയിടാനും മറ്റുമായി ആയിരങ്ങളാണ് ഓരോ വർഷവും എത്തിച്ചേരുന്നത്. എങ്കിലും, ഗംഗയും അതിന്റെ പോഷകനദികളും (tributaries) സംഗമിക്കുന്ന സ്ഥലങ്ങളിലേക്കാണ്‌ തീർത്ഥാടകർ ഏറ്റവുമധികം എത്തുന്നത്. ഗംഗയുടെ ഒഴുക്കിലെ വളരെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവാണ് ഭാഗീരഥിയുടെയും, അളകനന്ദയുടെയും സംഗമം. ഗംഗ എന്ന പേര് നദിക്ക് ഔദ്യോഗികമായി ലഭിക്കുന്നതും ഇവിടം മുതലാണ്. ടെഹ്‌റി ഗർവാൾ ജില്ലയിലെ ദേവപ്രയാഗ് (Devaprayag) എന്ന സ്ഥലത്തുവെച്ചാണ് നയനമനോഹരമായ ആ പ്രകൃതി പ്രതിഭാസം അരങ്ങേറുന്നത്.

ആളുകളെ കുത്തിനിറച്ച ഒരു ജീപ്പിലാണ് ടെഹ്‌റി അണക്കെട്ടിന് അപ്പുറത്തുള്ള ധൻസാലിയിൽ നിന്ന് ദേവപ്രയാഗിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങിയത്. ഉയർന്ന മലനിരകളിലുള്ള വീതികുറഞ്ഞ വഴിയിലൂടെയാണ് വാഹനം നീങ്ങിയത്. വഴിയിൽ ഏതാനും ചെറിയ ഗ്രാമങ്ങൾ അല്ലാതെ ജനവാസകേന്ദ്രങ്ങൾ തീരെ കുറവായിരുന്നു. കൃഷിയുമായി ബന്ധപ്പെട്ട ദിനചര്യയിൽ വർഷങ്ങളായി ജീവിക്കുന്ന മനുഷ്യർ ആണ് ഇവിടെയുള്ളത്. അവർക്ക് പട്ടണത്തിലെ മനുഷ്യരെപ്പോലെ വലിയ തിരക്കുകളില്ല, ധൃതി പിടിച്ച് എവിടേക്കെങ്കിലും പോകാനുമില്ല. ഒരു വണ്ടിക്ക് മാത്രം കഷ്ടിച്ച് പോകാൻ കഴിയുന്ന നിരത്തിന്റെ ഓരത്തേക്ക് പരമാവധി നീങ്ങി നിന്ന്, ഞങ്ങളുടെ ജീപ്പിന് വഴിമാറിയ ഗ്രാമീണരുടെ മുഖത്ത് പ്രതിഫലിച്ചതും കാർഷിക ജീവിതം പഠിപ്പിച്ച ക്ഷമയാകണം. നെല്ലും, പച്ചക്കറികളും വിളയുന്ന ഭൂമികളും, സാവധാനം മൃതിയടയുന്ന കാടുകളും പിന്നിട്ട്, രണ്ട് മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ദേവപ്രയാഗിനടുത്തുള്ള ഒരു ചെറിയ കവലയിൽ ഞങ്ങൾ വണ്ടിയിറങ്ങി. ഞങ്ങളുടെ ഇതുവരെയുള്ള സഞ്ചാരപഥത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈവേ ആ കവലയിലൂടെ കടന്ന് പോകുന്നു. ഋഷികേശിൽ നിന്ന് ബദരിനാഥിലേക്കും, കേദാർനാഥിലേക്കും ഉള്ള ദേശീയപാതയാണ് (പുതിയ നമ്പറിങ് പ്രകാരം NH-7, പഴയ നമ്പറിങ് പ്രകാരം NH-58) അത്. കുമാവോൺ മേഖലയിലെ പല പട്ടണങ്ങളിലേക്കും, ചൈനീസ് അതിർത്തിയിലെ മനാ പാസ്സിലേക്കും ഉള്ള ഏക നിരത്തും ഇത്‌ തന്നെ.

അളകനന്ദയും, ഭാഗീരഥിയും ദേവപ്രയാഗിൽ വെച്ച് കൂടിച്ചേരുന്നു. ഗംഗ എന്ന പേര് നദിക്ക് ഔദ്യോഗികമായി ലഭിക്കുന്നത് ഇവിടെ മുതലാണ്. പരസ്പരം ഉന്തിയും തള്ളിയും കുറച്ചുനേരം ഒഴുകിയതിന് ശേഷമാണ്, രണ്ട് നദികളും പരസ്പരം വേർതിരിച്ചറിയാൻ കഴിയാത്തവിധം കൂടിച്ചേരുന്നത് © ജോയൽ കെ. പയസ്

അടുത്തിടെ പെയ്ത മഴയിൽ കുത്തിയൊലിച്ചു വന്ന മണ്ണ് ആ നിരത്തിൽ കട്ടപിടിച്ചു കിടന്നിരുന്നു. തീർത്ഥാടകരെയും വഹിച്ചുകൊണ്ട് പായുന്ന നൂറുകണക്കിന് വാഹനങ്ങൾ ആ മണ്ണിനെ ധൂളികളാക്കി അന്തരീക്ഷത്തെ നിറച്ചു. ദേഹമാസകലം പൊടിയിൽ കുളിച്ചു നിൽക്കുന്നതിനിടയിലാണ്  ഇളം നീല നിറത്തിൽ ഒഴുകുന്ന ഒരു നദിയിലേക്ക് ഞങ്ങളുടെ ശ്രദ്ധ തിരിഞ്ഞത്. അത് അളകനന്ദയായിരുന്നു. നദിയുടെ അരികിലൂടെ ഏകദേശം ഒരുകിലോമീറ്ററോളം നടന്ന് കഴിഞ്ഞപ്പോൾ ഞങ്ങൾ ദേവപ്രയാഗിൽ എത്തി. മറ്റൊരു മലയിടുക്കിലൂടെ ഭാഗീരഥിയും അവിടെ എത്തിച്ചേർന്നിരുന്നു.

ഭൂമിശാസ്ത്രപരമായി ഒരു പ്രത്യേക സ്ഥാനത്താണ് ദേവപ്രയാഗ് നിലകൊള്ളുന്നത്. ഹൈന്ദവ, സിഖ് മത വിശ്വാസികളുടെ സുപ്രധാനമായ ചില തീർത്ഥയാത്രകൾ കടന്നുപോകുന്ന വഴിയിലാണ് ഈ പട്ടണം.

ബദരിനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ നാല് കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള തീർത്ഥാടനത്തിന് ഛോട്ടാ ചാർധാം യാത്ര എന്നാണ് വിളിക്കുന്നത്. ബദരിനാഥ്, ദ്വാരക, പുരി, രാമേശ്വരം എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ചാർധാം യാത്രയുടെ ഒരു ചെറിയ പതിപ്പാണ് ഇത്. ഉത്തരഖണ്ഡിൽ നിന്ന് പുറത്തുള്ളവർ ഇതിൽ ഏത് രണ്ട് യാത്ര നടത്തിയാലും ദേവപ്രയാഗിലൂടെ കടന്നു പോകേണ്ടതായി വരും. ഇതുകൂടാതെ, സിഖുകാരുടെ ഒരു പ്രധാന ആരാധനാസ്ഥലമായ ഹേംകുണ്ട് സാഹിബിലേക്ക് ഉള്ള യാത്രയിലും ദേവപ്രയാഗിനെ സ്പർശിക്കേണ്ടതായി വരും.

ദേവ് ശർമ്മ എന്ന ഒരു സന്യാസി ഇവിടെ തപസ്സ് ചെയ്തു എന്ന കാരണം കൊണ്ടാണ് ദേവപ്രയാഗ് എന്ന സ്ഥലനാമം ലഭിച്ചത് എന്നാണ് കേട്ടുകേൾവി. അളകനന്ദയുടെ പാതയിലെ അഞ്ചാമത്തെയും, അവസാനത്തേതുമായ സംഗമസ്ഥാനം എന്ന നിലയിലാണ് ഈ പട്ടണം കൂടുതൽ പ്രസിദ്ധമായിട്ടുള്ളത്. ദേവപ്രയാഗിനെ കൂടാതെ വിഷ്ണുപ്രയാഗ്, നന്ദപ്രയാഗ്, കർണ്ണപ്രയാഗ്, രുദ്രപ്രയാഗ്, എന്നിവയാണ് പഞ്ചപ്രയാഗ് എന്ന് ഒരുമിച്ച് വിളിക്കപ്പെടുന്ന ഈ അഞ്ച് സംഗമസ്ഥലങ്ങൾ. ഇതിൽ ഓരോ സ്ഥലത്തുവെച്ചും ഓരോ നദികൾ അളകനന്ദയിൽ ലയിക്കുന്നു. ഭാഗീരഥിയും അളകനന്ദയും കൂടാതെ, അദൃശ്യമായ സരസ്വതീ നദിയും ദേവപ്രയാഗിൽ  കൂടിച്ചേരുന്നു എന്നാണ് പുരാണങ്ങളിൽ പറയുന്നത്. മറ്റുപല നദികളിലും ഇത്തരത്തിലുള്ള ത്രിവേണി സംഗമങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു.

അപരിചിതരായ രണ്ട് വ്യക്തികളെ പരസ്പരം അടുപ്പിക്കുന്നത് എന്താണ്? നീണ്ട യാത്രക്കിടയിൽ കണ്ടുമുട്ടിയ പലരും അപ്രതീക്ഷിതമായി പല സഹായങ്ങളും ഞങ്ങൾക്ക് ചെയ്തു തന്നു. ദേവപ്രയാഗിൽ തങ്ങിയ മൂന്നു രാത്രിയിലും ഞങ്ങൾക്ക് സൗജന്യമായി ഭക്ഷണം വിളമ്പിത്തന്നത് രഖുനാഥ്ജി ക്ഷേത്രത്തിലെ ഈ ജോലിക്കാരനായിരുന്നു © ജോയൽ കെ. പയസ്

പുരാണങ്ങളിൽ വിശ്വാസിക്കാത്തവർക്കും കണ്ടാസ്വദിക്കാവുന്ന ഒരിടമാണ് ദേവപ്രയാഗ്. ഹൈവേയുടെ അരികിലൂടെ മുഷിഞ്ഞ വസ്ത്രങ്ങളും വലിയ ബാഗുകളുമായി ആ പട്ടണത്തിലേക്ക് നടന്നുകയറിയ ഞങ്ങളെ ഒരു ചെറിയ തീർത്ഥാടക സംഘം കൈകാണിച്ചു നിറുത്തി. അക്കൂട്ടത്തിൽ ഒരു പട്ടാള ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങളുടെ ഗംഗായാത്രയിൽ വലിയ താല്പര്യം കാണിച്ചു. ഞങ്ങൾ പത്രപ്രവർത്തകരാണെന്നും, ജോലി രാജി വെച്ച് പര്യടനത്തിന് പുറപ്പെട്ടിരിക്കുകയാണ് എന്നും അറിഞ്ഞപ്പോൾ പുള്ളിക്കാരൻ ഞങ്ങളെ തന്റെ കുടുംബത്തിന് പരിചയപ്പെടുത്തി. ദീർഘദൂരം നടക്കുമ്പോൾ ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളെക്കുറിച്ചാണ് ഞങ്ങൾ കൂടുതലും സംസാരിച്ചത്. എന്റെയും, സുമിതിന്റെയും കാൽപാദങ്ങളിൽ കുമിളകൾ (blisters) വീർത്ത് പൊട്ടിയിരിക്കുകയാണ് എന്ന് കേട്ടപ്പോൾ അദ്ദേഹം തന്റെ സൈനിക പരിശീലന കാലത്തെ ചില അനുഭവങ്ങളും ഞങ്ങളോട് പങ്കുവെച്ചു. യാത്രക്ക് അനുഗ്രഹങ്ങൾ നേർന്ന് ഞങ്ങളെയും കൂട്ടി ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷമാണ് ആ സംഘം പോയത്.

ദേവപ്രയാഗ് ഒരു ചെറിയ പട്ടണമാണ്. ഇവിടെയുള്ള രഘുനാഥ്ജി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് മിക്ക തീർത്ഥാടക സംഘങ്ങളും യാത്ര തുടരുക. മിക്കവാറും എല്ലാ പട്ടണവാസികളും സഞ്ചാരികളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. തങ്ങാനുള്ള ഒരു സ്ഥലം തേടി ഒരു മണിക്കൂറിലധികം ഞങ്ങൾ ദേവപ്രയാഗിലെ തെരുവുകളിൽ അലഞ്ഞു. ഒരിടത്തും 500 രൂപയിൽ കുറഞ്ഞ വാടകയ്ക്ക് മുറി ലഭിക്കുന്നില്ല. ക്ഷേത്ര മാനേജ്മെന്റ് നടത്തുന്ന ധർമ്മശാലയുടെ വാതിലിലും മുട്ടി നോക്കി. അവിടെ ജോലിക്ക് നിൽക്കുന്ന ചെറുപ്പക്കാരൻ വെറുപ്പോടെയാണ് ഞങ്ങളോട് സംസാരിച്ചത്. മുറിയൊന്നും ഇല്ല എന്ന് പറഞ്ഞ് അയാൾ ഞങ്ങളെ തിരിച്ചയച്ചു. താമസിക്കാൻ ഒരു വഴിയും ഇല്ല എന്ന് കണ്ടപ്പോൾ ഞങ്ങൾ നേരെ ക്ഷേത്രത്തിലേക്ക് നടന്നു. അവിടെയുള്ള പൂജാരിമാർ വളരെ സൗഹാർദ്ദപരമായാണ് പെരുമാറിയത്. അമ്പലത്തിനോട് ചേർന്നുള്ള ഒഴിഞ്ഞ് കിടക്കുന്ന സ്റ്റേജ് ഞങ്ങൾക്ക് വിശ്രമിക്കാൻ അവർ ഏർപ്പാടാക്കി തന്നു. രാത്രിയിൽ അവിടെയുള്ള അടുക്കളയിൽ നിന്ന് സൗജന്യമായി ഭക്ഷണം കഴിക്കാനും അവർ ക്ഷണിച്ചു. നവരാത്രി ആഘോഷ സമയത്ത്‌ രാംലീല അരങ്ങേറുന്ന വേദിയായിരുന്നു ഞങ്ങൾക്ക് വിശ്രമിക്കാനായി ലഭിച്ചത്. ഒരു ചൂലെടുത്ത്, പൊടിപിടിച്ചു കിടക്കുന്ന ആ സ്ഥലം വൃത്തിയാക്കി, കൈവശമുള്ള ചാദറുകൾ (കട്ടിയുള്ള വിരിപ്പ്) നിവർത്തി ഞങ്ങൾ വിശ്രമിക്കാൻ തുടങ്ങി. കുറച്ച് നേരത്തിന് ശേഷം പട്ടണത്തിൽ ചുറ്റിയടിക്കാൻ പോയ സുമിത് ഒരു സന്തോഷവാർത്തയും കൊണ്ടാണ് വന്നത്. അപരിചിതരോട് പെട്ടന്ന് ഇടപഴകാനും, പ്രശ്നങ്ങൾ പരിഹരിക്കാനും അവന് പ്രത്യേക കഴിവുണ്ട്. ക്ഷേത്രത്തിന്റെ നടത്തിപ്പുകാരിൽ ഒരാളെ കണ്ട് ധർമ്മശാലയിൽ മുറി സംഘടിപ്പിച്ചാണ് ആൾ വന്നിരിക്കുന്നത്. വിരിപ്പുകൾ എല്ലാം മടക്കി ഞങ്ങൾ ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങി.

അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഹിമാലയൻ മേഖലയിൽ കാര്യമായ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. സമതലങ്ങളിലെ ആളുകൾ അനുഭവിക്കുന്ന സൗകര്യങ്ങൾ മിക്കവയും പർവതമേഖലയിൽ ഉള്ളവർക്ക് ഇപ്പോഴും സ്വപ്നങ്ങൾ മാത്രമാണ്. അതുകൊണ്ട് തന്നെ വികസനത്തെ പൂർണ്ണമായും എതിർത്തുകൊണ്ടുള്ള പരിസ്ഥിതി വാദങ്ങൾക്ക് ഇവിടെ പ്രസക്തി കുറവാണ് © ജോയൽ കെ. പയസ്

ധർമ്മശാല ഭാഗീരഥിയുടെ മറുകരയിലാണ്. കറുപ്പോ കാവിയോ വസ്ത്രങ്ങൾ ഉടുത്ത അനവധി സന്യാസിമാരെ വഴിയിൽ കണ്ടു. മുറി ഇല്ല എന്ന് പറഞ്ഞ് നേരത്തെ ഞങ്ങളെ പറഞ്ഞുവിട്ട ചെറുപ്പക്കാരൻ ജാള്യതയും വെറുപ്പും നിറഞ്ഞ മുഖഭാവത്തോടെ ഞങ്ങളെ ഒരു മുറിയിലേക്ക് ആനയിച്ചു. ഞങ്ങൾ ഊരുതെണ്ടികൾ ആണെന്നോ മറ്റോ അയാൾ കരുതിയിരിക്കണം. ആ ധർമ്മശാലയിലെ മറ്റ്‌ മുറികളിൽ ധനികരെന്ന് തോന്നിപ്പിക്കുന്ന തീർത്ഥാടകരാണ് താമസിച്ചിരുന്നത്.

ചെളി കലർന്ന് കലങ്ങിയ ഭാഗീരഥിയും, തെളിഞ്ഞ നിറമുള്ള അളകനന്ദയും കൂടിച്ചേരുന്നത് ഞങ്ങളുടെ പുതിയ താമസസ്ഥലത്ത് നിന്നാൽ കാണാമായിരുന്നു. ഒരുപാട് പേർ അവിടെ കുളിക്കുന്നത് കണ്ടു. നദികളിൽ ശക്തമായ ഒഴുക്കുള്ളത് കൊണ്ട് വലിയ ഇരുമ്പ് ചങ്ങലകളിൽ മുറുകെ പിടിച്ചാണ് ആളുകൾ മുങ്ങിനിവരുന്നത്. വൈകുന്നേരം ആറര മണിയോടെ ഗംഗാ ആരതി തുടങ്ങി. കർപ്പൂരനാളങ്ങളുടെ അകമ്പടിയോടെ ഗംഗാനദിയെ സ്തുതിച്ചുകൊണ്ടുള്ള പ്രാർത്ഥനയാണ് അത്. നിറയെ ആളുകൾ സംഗമസ്ഥാനത്ത് ഒത്തുകൂടിയിരുന്നു. ഞങ്ങളും നദീതീരത്തേക്ക് നടന്നു. സംസ്‌കൃത ശ്ലോകങ്ങളുടെ അകമ്പടിയോടെയുള്ള ആരാധന പതിനഞ്ച് മിനിറ്റിലധികം നീണ്ടു. ഗംഗാ ആരതിക്കിടയിലാണ് ഞങ്ങൾ ഒരു സാധുബാബയെ പരിചയപ്പെട്ടത്.  നിശബ്ദരായ മറ്റ് സന്യാസിമാർക്കിടയിൽ അദ്ദേഹം മാത്രമാണ് ഞങ്ങളോട് സംസാരിക്കാൻ താല്പര്യം കാണിച്ചത്. കഞ്ചാവ് നിറച്ച ചില്ലം (പുകവലി ഉപകരണം) വലിച്ചൂതിക്കൊണ്ട് പുള്ളിക്കാരൻ സംഭാഷണം തുടങ്ങി. ബദരിനാഥിലേക്കുള്ള യാത്രക്കിടയിലാണ് അദ്ദേഹം. ദൂരെ എവിടെയോ ഉള്ള ഒരു തീർത്ഥ കേന്ദ്രത്തിൽ നിന്നും നടന്ന് വന്നിരിക്കുകയാണ്. ഒരിടത്തും സ്ഥിരതാമസമാക്കാതെ തുടർച്ചയായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് സന്യാസിമാർ ഉണ്ട്. മറ്റു ചിലർ ഇതിൽ നിന്ന് വിപരീതമായി ഏതെങ്കിലും ഒരു ക്ഷേത്രത്തോട് ചേർന്ന് ഒരുപാട് കാലം ജീവിക്കും. സൗജന്യമായി ലഭിക്കുന്ന ഭക്ഷണവും, ഉദാരമതികളായ ഭക്തർ നൽകുന്ന ദാനങ്ങളും സ്വീകരിച്ച് അവർ അവിടെ കൂടും. ഇവരിൽ നിന്നും വ്യത്യസ്തമായി, അമ്പലങ്ങളിൽ കർമ്മങ്ങൾ അനുഷ്ഠിച്ച് ജീവനോപാധി കണ്ടെത്തുന്ന പൂജാരിമാരും ഉണ്ട്. ഈ മൂന്നു വിഭാഗങ്ങളിൽ ചിലർക്കിടയിലെങ്കിലും അതിശക്തമായ കിടമത്സരം നിലനിൽക്കുന്നു. ഊരുതെണ്ടികളായ സന്യാസിമാരെ ചില പൂജാരിമാർ ഒരുതരം പുച്ഛത്തോടെയാണ് കാണുന്നത്. അതേ സമയം, പൂജാരിമാരെ ലൗകിക തൃഷ്ണകളിൽ ജീവിക്കുന്ന സാധാരണക്കാരെ പോലെയാണ് സന്യാസിമാർ കാണുന്നത്. വഴിയിൽ വെച്ച് പരിചയപ്പെട്ട പല സന്യാസിമാരിൽ നിന്നും, ക്ഷേത്ര പൂജാരികളിൽ നിന്നും ഇത്തരം ഒരു തരംതിരിവിന്റെ സൂചനകൾ ഞങ്ങൾക്ക് കിട്ടി.

ബയാസിക്ക് മുൻപുള്ള ഗംഗയുടെ ദൃശ്യം. നദിയിൽ റാഫ്റ്റിംഗ് നടത്താനായി നാട്ടുകാരും, വിദേശീയരും എത്തുന്ന ഒരു മേഖലയാണിത് © ജോയൽ കെ. പയസ്

സമയം ഏഴുമണി കഴിഞ്ഞതോടെ ഭാഗീരഥിയിലെ ഒഴുക്ക് കൂടുതൽ ശക്തമായി. നദീതീരത്ത് സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികളിലൂടെ ഇംഗ്ളീഷിലും, ഹിന്ദിയിലും മാറിമാറി ഒരു മുന്നറിയിപ്പ് സന്ദേശം മുഴങ്ങി. ടെഹ്‌റി അണക്കെട്ടിൽ നിന്ന് ഉയർന്ന തോതിൽ ജലം പുറത്തുവിടുന്നതിനാൽ നദിയിലെ ജലനിരപ്പ് ഉയരാൻ പോകുകയാണെന്നും, ആളുകൾ ജാഗ്രത പാലിക്കണം എന്നുമായിരുന്നു ആ അറിയിപ്പ്. രാത്രി ഏകദേശം പത്ത് മണിവരെ കൃത്യമായ ഇടവേളകളിൽ ആ മുന്നറിയിപ്പ് മുഴങ്ങിക്കൊണ്ടിരുന്നു. ആളുകൾ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന വൈകുന്നേരം 6 മണിമുതൽ 10 മണിവരെയുള്ള സമയത്താണ് നദിയിൽ ജലനിരപ്പ് ഉയരുന്നത്.

സന്ധ്യാപ്രാർത്ഥനകളുടെ സമയം കഴിഞ്ഞതോടെ വിജനമായ പടവുകൾക്ക് വിട പറഞ്ഞ് ഞങ്ങൾ ക്ഷേത്രത്തിലേക്ക് നടന്നു. കടുത്തുവരുന്ന തണുപ്പിനൊപ്പം വിശപ്പും ഞങ്ങളെ ആക്രമിക്കാൻ തുടങ്ങി. ക്ഷേത്രത്തിലെ സൗജന്യ ഭക്ഷണം ആയിരുന്നു മനസ്സിൽ. നിരവധി ചവിട്ടുപടികൾ കയറി വേണമായിരുന്നു ക്ഷേത്രത്തിലേക്ക് എത്താൻ. നേരത്തെ ഞങ്ങളെ ഭക്ഷണത്തിനായി ക്ഷണിച്ച ക്ഷേത്രജീവനക്കാർ അവിടെ ഉണ്ടായിരുന്നു. ചൂട് ചോറും, ചപ്പാത്തിയും, പരിപ്പും, കിഴങ്ങുകൾ ചേർത്തുണ്ടാക്കിയ കറിയും തയ്യാറായിരുന്നു. നാടോടികളായ ചില സന്യാസിമാർക്കൊപ്പം ഇരുന്ന് ഞങ്ങൾ വയറുനിറച്ചു. അത്താഴം കഴിഞ്ഞ് ഏകദേശം ഒൻപത് മണിയോടെ പടികൾ ഇറങ്ങി താഴേക്ക് വരുമ്പോഴാണ് നദിയിൽ ജലനിരപ്പ് ഉയർന്നതായി ശ്രദ്ധയിൽപ്പെട്ടത്. കുറച്ച് സമയം മുമ്പുവരെ ആളുകൾ നിന്ന് കുളിച്ചിരുന്ന പടവുകളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. നദിയിലെ ഒഴുക്കും കൂടിയിട്ടുണ്ട്. ഉറങ്ങാനായി സ്ലീപ്പിംഗ് ബാഗിന്റെ ഉള്ളിലേക്ക് കയറുമ്പോളും, നദീതീരത്തെ ഉച്ചഭാഷിണികളിൽ നിന്നുള്ള മുന്നറിയിപ്പ് കേൾക്കാമായിരുന്നു.

ധർമ്മശാലയുടെ പരിസരത്തുള്ള വലിയൊരു ആൽമരത്തിൽ ഇരുന്ന് കുരങ്ങുകൾ തല്ലുപിടിക്കുന്നതിന്റെ ശബ്ദമാണ് അടുത്ത ദിവസം ഞങ്ങളെ ഉണർത്തിയത്. ഹനുമാന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നത് കൊണ്ട്, കുരങ്ങുകളെ ഇവിടെയുള്ള ആളുകൾ ഉപദ്രവിക്കാറില്ല. എന്നാൽ, അതുകൊണ്ടൊന്നും വാനരന്മാർ തങ്ങളുടെ വികൃതിക്ക് യാതൊരു കുറവും വരുത്തുന്നില്ല. കിടക്കുന്ന മുറിയുടെ വാതിലെങ്ങാനും അറിയാതെ തുറന്നിട്ട് പുറത്തുപോയാൽ തിരികെ വരുമ്പോൾ എന്തൊക്കെ സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടാകും എന്നത് അകത്ത് കയറുന്ന കുരങ്ങിന്റെ മാനസിക നിലയെ ആശ്രിച്ചിരിക്കും.

മുങ്ങി നിവരുമ്പോഴേക്കും, ഓടി കരയിലേക്ക് കയറാൻ പ്രേരിപ്പിക്കുന്ന തണുപ്പായിരുന്നു നദിയിലെ വെള്ളത്തിന്. തണുപ്പും ചൂടും ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭവങ്ങളായിരിക്കും നൽകുക എന്നുതോന്നുന്നു. ദേവപ്രയാഗിലെ തണുത്ത പ്രഭാതത്തിൽ യാതൊരു കൂസലും കൂടാതെ അരമണിക്കൂറോളം നദിയിൽ കുളിച്ചുകൊണ്ടിരുന്ന ഈ സന്യാസി എന്നെ അല്പമൊന്ന് അത്ഭുദപ്പെടുത്തി © ജോയൽ കെ. പയസ്

രാവിലെ ചായയും റസ്‌ക്കും കഴിച്ച് ഞങ്ങൾ ഒരു ചെറിയ കുന്ന് കയറാൻ ആരംഭിച്ചു. ദശരഥാഞ്ചൽ എന്നാണ് അതിന്റെ പേര്. കുന്നിന്റെ മുകളിലുള്ള നക്ഷത്ര വേദപാഠശാല സന്ദർശിക്കുകയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. പണ്ഡിറ്റ് ചക്രധാർ ജോഷി എന്ന വാനശാസ്ത്ര-ജ്യോതിഷ പണ്ഡിതനാണ് അതിന് രൂപം നൽകിയത്. 1946ൽ സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനത്തിൽ വാനനിരീക്ഷണ ഉപകരണങ്ങളും, ഒരു ചെറിയ പുസ്തകശാലയും, അപൂർവമായ കയ്യെഴുത്ത് രേഖകളും സൂക്ഷിച്ചിട്ടുണ്ട് എന്ന് വായിച്ചറിഞ്ഞാണ് ഞങ്ങൾ അങ്ങോട്ട് പോയത്. കുന്ന് കയറി അവിടേക്കെത്താൻ അല്പം കഷ്ടപ്പെട്ടു. ഹൃദയവും, ശ്വാസകോശങ്ങളും അമിതപ്രയത്നം ചെയ്താണ് ഞങ്ങളെ അവിടെ എത്തിച്ചത് എന്ന് പറയുന്നതാവും ശരി. സംസ്കൃതവും, വേദങ്ങളും പഠിപ്പിക്കുന്ന ഒരു ഗുരുകുലം ആണ് അതെന്ന് അവിടെ എത്തിയപ്പോൾ മനസ്സിലായി. ഒരു കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുള്ള വലിയ ടെലിസ്കോപ്പ് ആധുനികതയുടെ വെളിച്ചം അവിടെ എത്തിയിട്ടുണ്ട് എന്നതിന്റെ തെളിവായി നിലകൊണ്ടു. ഗംഗായാത്ര നടത്തുന്ന രണ്ട് പത്രപ്രവർത്തകരാണ് എന്ന് പരിചയപ്പെടുത്തി ഞങ്ങൾ അവിടെ പ്രവേശിച്ചു. സ്ഥാപനത്തിന്റെ ഇപ്പോഴത്തെ നടത്തിപ്പകാരിൽ ഒരാളായ ആചാര്യ ഭാസ്‌കർ ജോഷിയാണ് ഞങ്ങൾക്ക് അവിടത്തെ പ്രത്യേകതകൾ വിവരിച്ചു തന്നത്. ആധുനിക ഘടികാരങ്ങൾ വരുന്നതിന് മുമ്പ് സമയം കണക്കാക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, ദിശകൾ മനസ്സിലാക്കാനുള്ള സാമഗ്രികൾ, താളിയോല ഗ്രന്ഥങ്ങൾ തുടങ്ങി പൗരാണിക അറിവുകളുടെ ഒരു കലവറയാണ് ആ സ്ഥാപനം എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. മത-ആത്മീയ വിശ്വാസങ്ങൾ ശാസ്ത്രത്തിൽ നിന്ന് വേർതിരിച്ചറിയാനാവാത്ത വിധം ഇഴകലർന്ന് കിടന്നിരുന്ന ഒരു കാലത്തേക്ക് സമയ യാത്ര നടത്തിയപോലെയാണ് എനിക്ക് തോന്നിയത്. ഞങ്ങളുടെ യാത്രയെക്കുറിച്ച് ആ ആചാര്യൻ ഒരുപാട് കാര്യങ്ങൾ അന്വേഷിച്ചു. ഉത്തരഖണ്ഡ് സംസ്ഥാനം സഞ്ചാരികൾക്ക് വളരെ സുരക്ഷിതമായ മേഖലയാണെന്നും, ഉത്തർപ്രദേശിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് തന്നു. പരമ്പരാഗതമായി ബദരിനാഥ് ക്ഷേത്രത്തിൽ പൂജകൾ അനുഷ്ഠിക്കുന്ന, ആന്ധ്രയിൽ നിന്ന് കുടിയേറിയ കുടുംബങ്ങളിൽ ഒന്നാണ് അദ്ദേഹത്തിന്റേത്. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകിയാണ് അദ്ദേഹവും കുടുംബവും ഞങ്ങളെ സൽക്കരിച്ചത്. യാത്രതുടങ്ങിയതിൽ പിന്നെ ഇത്ര രുചികരമായ ഭക്ഷണം ആദ്യമായാണ് കഴിക്കുന്നത്. ഊണ് കഴിഞ്ഞപ്പോഴേക്കും സമയം ഉച്ചയായിരുന്നു. കുറച്ച് സമയം കൂടി സംസാരിച്ചിരുന്നശേഷം ആതിഥേയരോട് യാത്ര പറഞ്ഞ് ഞങ്ങൾ കുന്നിറങ്ങി. ഇരുവശത്തും കറിവേപ്പില മരങ്ങൾ തിങ്ങി വളർന്നിരുന്ന വഴിയിലൂടെയുള്ള നടത്തം വളരെ എളുപ്പമായിരുന്നു. താഴെ എത്തിയപ്പോഴേക്കും ഉച്ചവെയിലിന് ശക്തികൂടിയിരുന്നു. നടന്ന് ക്ഷീണിച്ച ഞങ്ങൾ മുറിയിൽ തിരിച്ചെത്തി കുറച്ചുനേരം വിശ്രമിച്ചു.

സഞ്ചാരം ജീവിത മാർഗ്ഗമാക്കിയ സന്യാസിമാർ പലരും ഒരിടത്തും അധികം തങ്ങില്ല. മാറിയുടുക്കാനുള്ള ഒന്നോരണ്ടോ ജോടി വസ്ത്രങ്ങളും, കുടിക്കാനുള്ള വെള്ളം കരുതാനുള്ള പാത്രവും മാത്രമായിരിക്കും അവരിൽ മിക്കവരുടെയും കയ്യിൽ ആകെ ഉണ്ടാകുക. മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയമില്ല എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കും വിധമാണ് അവരുടെ സഞ്ചാരം. ദേവപ്രയാഗിൽ ഗംഗയുടെ തീരത്ത് ധ്യാനിച്ചിരിക്കുന്ന ഈ സന്യാസിയും അക്കൂട്ടത്തിൽ ഒരാളാണ് © ജോയൽ കെ. പയസ്

സമയം സന്ധ്യയായതോടെ ഞങ്ങൾ നദിയുടെ അടുത്തേക്ക് നടന്നു. ആളുകൾ പൂജകൾ അനുഷ്ഠിക്കുന്ന കൽപ്പടവുകളിൽ ഇരുന്ന്, ഒഴുക്കിനെ നിരീക്ഷിച്ച് സമയം കുറേ ചിലവഴിച്ചു. വ്യത്യസ്ത ദിശകളിൽ നിന്ന് ഒഴുകിയെത്തുന്ന രണ്ട് നദികൾ കൂടിക്കലരുന്നത് വിസ്മയകരമായ ഒരു കാഴ്ചയായി തോന്നി. ആ സമയത്ത് ഭാഗീരഥിയുടെ ഒഴുക്കിന് ശക്തി കൂടുതലായിരുന്നതിനാൽ, അത് അളകനന്ദയിലെ വെള്ളത്തെ ഒരു ദിശയിലേക്ക് തള്ളിനീക്കുന്നത് കാണാമായിരുന്നു. ഭാഗീരഥിയിലെ ഒഴുക്ക് കുറയുന്ന സമയത്ത് അളകനന്ദയും ഇതുപോലെയാണ് പെരുമാറുക. കുറച്ച് ദൂരം ഉന്തിയും തള്ളിയും ഒഴുകിയ ശേഷം, പരസ്പരം വേർതിരിച്ചറിയാൻ കഴിയാത്ത വിധം ഇരുനദികളും ഒന്നായി തീരുന്നു. രണ്ട് ഹിമാലയൻ നദികൾ ഒഴുകിയെത്തുന്ന സ്ഥലമായതിനാൽ ദേവപ്രയാഗിൽ ജലനിരപ്പ് പെട്ടന്ന് ഉയരാനുള്ള സാധ്യത കൂടുതലാണ്. 2013 ലെ ഭീകരമായ വെള്ളപ്പൊക്കസമയത്ത് ഈ പ്രദേശത്ത് വലിയ തോതിൽ വെള്ളം കയറിയിരുന്നു. ഇവിടെ നിന്ന് കുറച്ചുമാറിയുള്ള ടെഹ്‌റി അണക്കെട്ടിനെ എതിർക്കുന്നവരും, അനുകൂലിക്കുന്നവരും ഒരുപോലെ ചൂണ്ടിക്കാട്ടുന്നത് ഇത്തരം വെള്ളപ്പൊക്ക സാധ്യതകളെ കുറിച്ചാണ് എന്നുള്ളത് വിരോധഭാസമായി എനിക്ക് തോന്നി. ടെഹ്‌റി അണക്കെട്ട് മൂലമാണ് 2013ൽ ദേവപ്രയാഗ് രക്ഷപ്പെട്ടതെന്ന് ഒരു വിഭാഗം പറയുമ്പോൾ, മറുവിഭാഗം അതിനെ എതിർക്കുന്നു. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ, ദേവപ്രയാഗ് എന്ന പട്ടണം ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകുമെന്നാണ് അവരുടെ പക്ഷം.

രാത്രിയിലെ സൗജന്യ ഭക്ഷണവും കഴിച്ച്, പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ നദീതീരത്ത് അലയുമ്പോളാണ് തലേന്ന് പരിചയപ്പെട്ട സാധുബാബയെ വീണ്ടും കണ്ടത്.  അടുത്തദിവസം അതിരാവിലെ താൻ യാത്രതുടരുമെന്ന് പുള്ളിക്കാരൻ പറഞ്ഞു. ഞങ്ങളുടെ യാത്ര മംഗളമയമാകട്ടെ എന്നനുഗ്രഹിച്ച്, കഞ്ചാവ് പുകയുടെ പശ്ചാത്തലത്തിൽ അദ്ദേഹം ശിവഭക്തി ഗാനങ്ങൾ പാടിക്കൊണ്ടിരുന്നു. നദിയിലേക്ക് കണ്ണുംനട്ടിരുന്ന ആ സന്യാസിയോട് യാത്ര പറഞ്ഞ് ഞങ്ങൾ തിരിച്ചു നടന്നു. ഉറങ്ങാൻ തയ്യാറെടുക്കുന്ന സന്യാസിമാരെയും, കടകൾ അടച്ച് വീടുകളിലേക്ക് മടങ്ങുന്ന വ്യാപാരികളെയും വഴിയിൽ കാണാമായിരുന്നു. അങ്ങനെ ദേവപ്രയാഗിലെ ഞങ്ങളുടെ രണ്ടാമത്തെ ദിവസവും കഴിഞ്ഞുപോയി.

വികസനവും, പ്രകൃതി സംരക്ഷണവും മുഖത്തോടുമുഖം വരുന്ന മേഖലകളാണ് ഉത്തരഖണ്ഡിൽ കൂടുതലും ഉള്ളത്. മാറിമാറി വരുന്ന സർക്കാരുകൾ വികസനത്തിന് വേണ്ടി നടത്തുന്ന തിടുക്കം പലപ്പോഴും അതീവലോലമായ പ്രാദേശിക പ്രകൃതിയെ സാരമായി ബാധിക്കുന്നു. ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾക്കും ഇത് കാരണമാകുന്നു. ദേവപ്രയാഗിനടുത്തുള്ള ഒരു മലയടിവാരത്തിൽ നിർമ്മിക്കപ്പെടുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ചിത്രത്തിൽ. ഏറ്റവും ഇടതുവശത്ത് കാണുന്നതാണ് ഗംഗ © ജോയൽ കെ. പയസ്

പട്ടണം മുഴുവൻ ചുറ്റിനടന്നു കാണുക എന്ന ആഗ്രഹത്തോടെയാണ് അടുത്ത ദിവസം ഞങ്ങൾ പുറപ്പെട്ടത്. വീതികുറഞ്ഞ തെരുവുകളാണ് ഇവിടെയുള്ളത്. ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ അതിലൂടെ സഞ്ചരിക്കാനാവൂ. മലഞ്ചെരുവിൽ തട്ടുകളായാണ് ഈ പട്ടണത്തിന്റെ നിൽപ്പ്. വിവിധ നിറങ്ങളിൽ ചായം പൂശിയ കെട്ടിടങ്ങളും, അധികം ബഹളമില്ലാത്ത തെരുവുകളും കണ്ടാസ്വദിച്ച് ഞങ്ങൾ നടന്നു. പരമ്പരാഗത സമ്പ്രദായത്തിൽ നടത്തപ്പെടുന്ന പലഹാരക്കടകളും, പലവ്യഞ്ജന വ്യാപാരവും തെരുവുകളെ സജീവമാക്കിയിരുന്നു. നെയ്യും, പാലും ഉപയോഗിച്ച് തയ്യാർ ചെയ്യുന്ന ഭക്ഷണ വസ്തുക്കളുടെ ഗന്ധം അവിടെ നിറഞ്ഞുനിന്നു. പ്രാദേശികമായി കിട്ടുന്ന ചില മധുര പലഹാരങ്ങളും ഞങ്ങൾ പരീക്ഷിച്ചു നോക്കി.

പട്ടണത്തിലെ ചുറ്റിക്കറക്കം കഴിഞ്ഞപ്പോൾ ഞങ്ങൾ ബദരിനാഥ് ഹൈവേയിലേക്ക് പ്രവേശിച്ചു. നേരത്തെ പറഞ്ഞതുപോലെ, ഹിമാലയൻ മേഖലയിലെ നിരവധി തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള പരമ്പരാഗത പാതയാണ് ഇത്. ജിം കോർബെറ്റിന്റെ വേട്ടക്കഥകൾ കൊണ്ട് പ്രസിദ്ധമായ കുമാവോൺ കാടുകൾ ഇവിടെ നിന്നും ദൂരെയല്ല. രുദ്രപ്രയാഗിലെ നരഭോജി പുലിയെക്കുറിച്ചും, ചമോലി, അൽമോറ തുടങ്ങിയ പ്രദേശങ്ങളിലെ തന്റെ സാഹസകൃത്യങ്ങളെക്കുറിച്ചും കോർബെറ്റ് വിശദമായി എഴുതിയിട്ടുണ്ട്. അക്കാലത്ത് കാൽനടയായാണ് തീർത്ഥാടകർ ഈ പാതയിലൂടെ സഞ്ചരിച്ചിരുന്നത്. അവരിൽ ചിലരെങ്കിലും വന്യമൃഗങ്ങൾക്ക് ഭക്ഷണമാകുന്നത് സാധാരണമായിരുന്നു. കല്ലും മുള്ളും നിറഞ്ഞ മലമ്പാതകളിലൂടെ നൂറുകണക്കിന് കിലോമീറ്ററുകൾ കഷ്ടപ്പെട്ട് സഞ്ചരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്താണ് എന്ന ചോദ്യം പലരെയും അലട്ടിയിരുന്നു. പ്രത്യേകിച്ചും യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്ന് വന്നവരാണ് ഇത്തരം തീർത്ഥാടകരെ കണ്ട് അമ്പരന്ന് പോയത്.  കോർബെറ്റ് എഴുതിയത് നോക്കുക: “തങ്ങളെപ്പോലെ ലക്ഷക്കണക്കിന് തീർത്ഥാടകരുടെ പാദസ്പർശമേറ്റ, അസാമാന്യമാം വിധം കഠിനമായ ആ പാതയിലൂടെ അവർ സാവധാനം നടന്നു. സമുദ്രനിരപ്പിൽ നിന്ന് ഉയരത്തിൽ ശ്വസിച്ചിട്ടില്ലാത്ത അവരുടെ ശ്വാസകോശങ്ങൾ ഈ മലനിരകളിൽ ഒരുപാട് കഷ്ടപ്പെടും. കാലുകൾ കല്ലിൽ തട്ടി മുറിഞ്ഞും, ശ്വാസമെടുക്കാനായി കിതച്ചും മുന്നോട്ട് നീങ്ങുമ്പോൾ അവർ എന്താണ് പ്രതീക്ഷിക്കുന്നത്? കഷ്ടതകൾ സഹിക്കാതെ പ്രതിഫലം ലഭിക്കില്ല എന്ന വിശ്വാസമായിരിക്കണം അവർക്ക് ആശ്വാസം നൽകുന്നത്. ഈ ജന്മത്തിലെ കഷ്ടതകൾ കൂടുതലാണെങ്കിൽ, അടുത്ത ജന്മത്തിൽ അതിനുള്ള പ്രതിഫലവും വലുതായിരിക്കും എന്ന ഉറച്ചബോധ്യമാണ് അവരിൽ പലരെയും മുന്നോട്ട് നയിക്കുന്നത്.” [1]

മുങ്ങി നിവരുമ്പോഴേക്കും, ഓടി കരയിലേക്ക് കയറാൻ പ്രേരിപ്പിക്കുന്ന തണുപ്പായിരുന്നു നദിയിലെ വെള്ളത്തിന്. തണുപ്പും ചൂടും ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭവങ്ങളായിരിക്കും നൽകുക എന്നുതോന്നുന്നു. ദേവപ്രയാഗിലെ തണുത്ത പ്രഭാതത്തിൽ യാതൊരു കൂസലും കൂടാതെ അരമണിക്കൂറോളം നദിയിൽ കുളിച്ചുകൊണ്ടിരുന്ന ഈ സന്യാസി എന്നെ അല്പമൊന്ന് അത്ഭുദപ്പെടുത്തി © ജോയൽ കെ. പയസ്

എന്നാൽ എല്ലാ യൂറോപ്പ്യൻമാരും കോർബെറ്റിനെപ്പോലെയല്ല ഈ തീർത്ഥാടകരെ കണ്ടത്. 1932ൽ കുമാവോൺ മലനിരകളിൽ പര്യടനം നടത്തിയ ബ്രിട്ടീഷ് എഴുത്തുകാരനും, ഫോട്ടോഗ്രാഫറും, പർവതാരോഹകനുമായ ഫ്രാങ്ക് സ്മിത്ത് ബദരിനാഥിനടുത്തുള്ള ജോഷിമഠിൽ കണ്ട ആളുകളെ കുറിച്ച് എഴുതിയിരിക്കുന്നത് നോക്കുക: “പ്രായമുള്ള വൃദ്ധന്മാരും, വൃദ്ധകളും; അവരുടെ ദുർബലമായ ശരീരത്തിൽ ജീവൻ നിലനിൽക്കുന്നു എന്നത് തന്നെ വിശ്വസിക്കാൻ പ്രയാസം തോന്നി. ചുമട്ടുകാരുടെ പുറത്തുള്ള വലിയ കുട്ടകളിൽ ഇരുന്ന് ആ മനുഷ്യർ മലകയറുന്നു. സമതലങ്ങളിൽ നിന്ന് മലേറിയ, കോളറ, ടൈഫോയ്ഡ് തുടങ്ങി ഒരുപാട് അസുഖങ്ങളും വഹിച്ചുകൊണ്ടാണ്‌ അവർ ഇങ്ങോട്ടെത്തുന്നത്. അവരുടെ ഇടയിൽ വൃത്തിയെക്കുറിച്ചും വെടുപ്പിനെക്കുറിച്ചുമുള്ള ധാരണകൾ ഈ വിഷയത്തിൽ ഇന്ത്യൻ ഗവണ്മെന്റിനുള്ള മാനദണ്ഡങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.”  ഇങ്ങനെയൊക്കെ എഴുതിയെങ്കിലും, സ്മിത്ത് പോലും ആ സഞ്ചാരികളുടെ ലക്ഷ്യബോധത്തെ കുറിച്ചോർത്ത് അത്ഭുദപ്പെട്ടു. “ഒരുപാട് സഞ്ചരിച്ച യൂറോപ്പ്യന്മാർക്ക് പോലും ഈ സാധാരണ ഗ്രാമീണ മനുഷ്യരുടെ മനസ്സിലെന്താണ് ഉള്ളതെന്ന് മനസ്സിലാക്കാൻ സാധിക്കില്ല.” [2]

തീർത്ഥാടകരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ച് നടക്കുന്നതിനിടയിലാണ് വഴിയരികിൽ കല്ലുകൾ പൊട്ടിക്കുന്ന ഒരു സ്ത്രീയെ ഞങ്ങൾ കണ്ടത്. അവരുടെ ചെറിയ കുട്ടിയും അടുത്ത് തന്നെ ഉണ്ടായിരുന്നു. ഹൈവേയിലൂടെ പോകുന്ന വാഹനങ്ങൾ പടർത്തുന്ന പൊടി ആ സ്ത്രീയുടെയും, കുട്ടിയുടെയും മുഖങ്ങളിൽ പറ്റിപ്പിടിച്ചിരുന്നു. വിയർപ്പുചാലുകൾ ഒഴുകുന്ന മുഖവുമായി പണിയെടുക്കുന്ന ആ സ്ത്രീയോട് ഞങ്ങൾ കുറച്ച് നേരം സംസാരിച്ചു. അടുത്തെവിടെയോ നടക്കുന്ന മരാമത്ത് പണികൾക്ക് വേണ്ടിയാണ് അവർ കല്ല് പൊട്ടിക്കുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ പണിയെടുത്താൽ 50 രൂപ മാത്രമേ കിട്ടൂ എന്നാണ് അവർ പറഞ്ഞത്. അതെത്ര ശരിയാണ് എന്നറിയാൻ മാർഗ്ഗമൊന്നും ഇല്ലായിരുന്നു.

പകലത്തെ അലച്ചിലിന് ശേഷം ഞങ്ങൾ മുറിയിൽ തിരിച്ചെത്തി. അന്ന് വൈകുന്നേരം കാര്യമായൊന്നും ചെയ്തില്ല. വെറുതെ നദിയിലേക്ക് നോക്കിയിരുന്ന് സമയം കഴിച്ചു; ഒഴുക്കിനെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ചിന്തകൾ. ഞങ്ങളുടെ യാത്ര ഉത്തരഖണ്ഡ് സംസ്ഥാനം പിന്നിടാൻ ഇനി അധികം ദിവസങ്ങൾ ബാക്കിയില്ല. അതിനുശേഷം വരുന്ന ഉത്തർപ്രദേശും, ബിഹാറും വലിയ പ്രഹേളികകൾ ആയി എനിക്ക് തോന്നി.  പർവതഗ്രാമങ്ങൾ നൽകുന്ന സുരക്ഷ സമതലങ്ങളിൽ കിട്ടില്ല എന്ന തോന്നൽ എന്നെ ആശങ്കപ്പെടുത്തി. ചിന്തകളെ മുറിച്ചുകൊണ്ട് അടുത്തെവിടെയോ മണികൾ മുഴങ്ങി; ഗംഗാ ആരതിക്ക് സമയമായിരിക്കുന്നു.  രാത്രിയായപ്പോൾ ഞങ്ങൾ ക്ഷേത്രത്തിൽപോയി ഭക്ഷണം കഴിച്ചു. കഴിഞ്ഞ മൂന്നുരാത്രികളിലും ഭക്ഷണം തന്നവരോട് ഒരിക്കൽ കൂടി നന്ദി പറഞ്ഞ് ഞങ്ങൾ പടിയിറങ്ങി. ദേവപ്രയാഗിലെ ഞങ്ങളുടെ അവസാനത്തെ ദിവസവും കടന്നുപോകുകയാണ്. ഇവിടെ ഇനി ചെയ്തുതീർക്കാൻ ഒറ്റ കാര്യമേ ഉളൂ, അതിന് നേരം വെളുക്കണം. അടുത്ത ദിവസം നേരത്തേ എഴുന്നേറ്റ്, ഓരോ തോർത്തും കയ്യിൽ പിടിച്ച് ഞങ്ങൾ സംഗമസ്ഥാനത്തേക്ക് നടന്നു. ഞങ്ങളെക്കാൾ നേരത്തെ പട്ടണം ഉണർന്നിരിക്കുന്നു. ചങ്ങലകളിൽ മുറുകെപിടിച്ച് ആളുകൾ നദിയിൽ മുങ്ങി നിവരുന്നത് കാണാം. ആരും ഏതാനും നിമിഷങ്ങളിൽ കൂടുതൽ വെള്ളത്തിൽ ചിലവഴിക്കുന്നില്ല; മുങ്ങി നിവരുന്നു, തിരിച്ച് പടവുകളിലേക്ക് ഓടിക്കയറുന്നു. തോർത്തുടുത്ത് ഞാൻ പടവുകളിൽ കാൽവെച്ചു. ചെറിയ ഓളങ്ങൾ എന്റെ കാലുകളെ തഴുകി. ശരീരം മുഴുവൻ തണുക്കുന്നത് പോലെ തോന്നി. നദിയിൽ ഇറങ്ങുന്ന ആളുകൾ വേഗം ഓടിക്കയറുന്നത് വെറുതെയല്ല. ചങ്ങലയിൽ മുറുകെ പിടിച്ച് ശ്രദ്ധയോടെ ഞാൻ ഒഴുക്കിലേക്ക് ഇറങ്ങി. ഓരോ തവണ മുങ്ങി നിവരുമ്പോളും കരയിലേക്ക് ഓടിക്കയറാൻ ഉള്ളിൽ നിന്നാരോ വിളിച്ചുപറയുന്നത് പോലെ തോന്നി. മരവിപ്പിക്കുന്ന തണുപ്പ് ശരീരത്തിലെ ഓരോ അണുവിനെയും സ്പർശിക്കുന്നത് ഞാനറിഞ്ഞു. ഏതാനും തവണ മുങ്ങി നിവർന്ന ശേഷം ഞാൻ കരയിലേക്ക് വന്നു. ശരീരത്തിന്റെ വിറയൽ നിൽക്കാൻ പിന്നെയും സമയമെടുത്തു. സുമിതിനും സമാന അനുഭവമായിരുന്നു.

പ്രകൃതി പ്രതിഭാസങ്ങളോടുള്ള ആരാധന മനുഷ്യസംസ്കാരത്തോളം പുരാതനമാണ്. ജീവിതത്തിലെ പല സമസ്യകൾക്കും മനുഷ്യൻ ഇന്നും ഉത്തരം അന്വേഷിക്കുന്നത് പ്രകൃതിയിൽ ആണ്. അളകനന്ദയുടെയും, ഭാഗീരഥിയുടെയും സംഗമസ്ഥലത്ത് എല്ലാ ദിവസവും സന്ധ്യക്ക് നടക്കുന്ന പ്രാർത്ഥന ഈയൊരു അന്വേഷണത്തിന്റെ ബാക്കിപത്രമാണ് © ജോയൽ കെ. പയസ്

ദേവപ്രയാഗിനോട് യാത്ര പറയാൻ സമയമായിരിക്കുന്നു. രാവിലെ പതിവുള്ള ചായയും, ബിസ്ക്കറ്റും അകത്താക്കി ഞങ്ങൾ അന്നത്തെ നടത്തം തുടങ്ങി. ബയാസി എന്ന സ്ഥലത്തെത്തുക എന്നതായിരുന്നു അന്നത്തെ പരിപാടി. ഗംഗയുടെ തീരത്തുള്ള ഒരു ചെറിയ വിനോദസഞ്ചാര കേന്ദ്രമാണത്. ദേവപ്രയാഗിൽ നിന്ന് ഋഷികേശിലേക്കുള്ള വഴിമധ്യേ ആണ് ആ സ്ഥലം. റോഡ് പണി തകൃതിയായി നടക്കുന്നത് മൂലം ചുറ്റുമുള്ള അന്തരീക്ഷം മുഴുവൻ പൊടിയായിരുന്നു. അന്നത്തെ യാത്ര അല്പം കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. തുടർച്ചയായ കയറ്റം മൂലം വളരെ സാവധനമേ ഞങ്ങൾക്ക് നടക്കാൻ കഴിഞ്ഞുള്ളൂ. തുടർന്നുള്ള പര്യടന പരിപാടിയിൽ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഞങ്ങൾക്കിരുവർക്കും ബോധ്യമായി. ഭാരമുള്ള ബാഗും ചുമന്ന് നടക്കുമ്പോൾ യാത്ര ആസ്വദിക്കുക എളുപ്പമല്ല. സൈക്കിളിൽ യാത്ര ചെയ്താൽ കാര്യങ്ങൾ കുറേകൂടി എളുപ്പമാകും. ഓരോ ദിവസവും കൂടുതൽ ദൂരം സഞ്ചരിക്കുകയും ചെയ്യാം. യാത്ര പെട്ടന്ന് അവസാനിപ്പിക്കാൻ ഞങ്ങൾക്ക് താൽപര്യമില്ലായിരുന്നു. ഒരു മോട്ടോർസൈക്കിളിൽ ഗംഗാപര്യടനം നടത്തിക്കൂടെ എന്ന് പലരും ഞങ്ങളോട് ചോദിച്ചിരുന്നു. യാത്രയുടെ വേഗത കൂടുംതോറും കാണുന്ന കാഴ്ചകൾ കുറയും എന്നതായിരുന്നു ഞങ്ങൾ ഇരുവരുടെയും അഭിപ്രായം. സാവധനത്തിലുള്ള സഞ്ചാരം ഒരുപാട് അനുഭവങ്ങൾ സമ്മാനിക്കും. പക്ഷെ  ഞങ്ങളുടെ വേഗത തീരെ കുറവായിരുന്നു. കാലടികളുടെയും, മോട്ടോർവാഹനത്തിന്റെയും ഇടയിൽ ആകെയുള്ളത് സൈക്കിളിന്റെ വേഗമാണ്. എന്നാൽ മലനിരകളിൽ സൈക്കിൾ ചവിട്ടുക ക്ലേശകരമാണെന്ന് മാത്രമല്ല അല്പം അപകടകരവുമാണ്. അതുകൊണ്ട് ഗംഗാസമതലം ആരംഭിക്കുന്ന ഹരിദ്വാർ മുതൽ സൈക്കിൾ യാത്ര തുടങ്ങാമെന്ന് ഞങ്ങൾ തീരുമാനിച്ചു.

15 കിലോമീറ്ററോളം ദൂരം മാത്രമേ ഞങ്ങൾക്കന്ന് നടക്കാൻ സാധിച്ചുള്ളൂ. ഓരോ കിലോമീറ്റർ പിന്നിടുമ്പോളും ഉയരത്തിലേക്ക് കയറുന്ന വഴിയാണ് മുൻപിൽ ദൃശ്യമായത്. അഗാധമായ ഗർത്തങ്ങൾ നിറഞ്ഞ ഒരു മലമ്പാതയായിരുന്നു അത്. അങ്ങുദൂരെ, മലകയറുന്ന വാഹനങ്ങൾ ഉറുമ്പുകളെപോലെ തോന്നിച്ചു. ചുവന്നുതുടുത്ത സൂര്യൻ ആ മലകൾക്കപ്പുറത്തേക്ക് മറയുകയാണ്. ബയാസിയിലേക്ക് ഇനിയും ദൂരമുണ്ട്. ഏതെങ്കിലും വാഹനത്തിന് കൈകാണിക്കാൻ ഞങ്ങൾ തീരുമാനിച്ചു. കുറച്ച് നേരം ശ്രമിച്ച ശേഷം ഒരു മൈൽ കുറ്റിയിൽ ഇരിക്കുമ്പോളാണ് ചീറിപ്പാഞ്ഞു വന്ന ഒരു ചെറിയ കാർ ഞങ്ങൾക്ക് സമീപം നിരങ്ങി നിന്നത്. ഋഷികേശിലേക്ക് പോകുന്ന രണ്ട് ചെറുപ്പക്കാർ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്. ഞങ്ങളെ ബയാസിയിൽ ഇറക്കാമെന്ന് വണ്ടിയോടിച്ചിരുന്നയാൾ സമ്മതിച്ചു. തന്റെ സഹയാത്രികനോട് ഉറക്കെ സംസാരിച്ചുകൊണ്ട്, തീരെ അശ്രദ്ധമായാണ് ആ യുവാവ് വണ്ടിയോടിച്ചത്. വളവുകളിൽ പാലിക്കേണ്ട സാമാന്യ ട്രാഫിക് മര്യാദകളെ പോലും കാറ്റിൽ പറത്തിയായിരുന്നു അയാളുടെ ഡ്രൈവിംഗ്. ജീവനോടെ ബയാസിയിൽ എത്തിയാൽ മാത്രം മതി എന്ന് ഞാൻ മനസ്സിൽ കരുതി. സുമിതിന്റെ മുഖത്ത് ഭയം നിഴലിക്കുന്നത് ഞാൻ കണ്ടു. പക്ഷെ, സൗജന്യ യാത്ര നടത്തുന്ന ഞങ്ങൾ എന്ത് പറയാനാണ്. ചുറ്റുമുള്ള കാഴ്ചകൾ മനോഹരമായിരുന്നു. ആഴമുള്ള മലയിടുക്കുകളിലൂടെ ഒഴുകുന്ന ഗംഗ അതീവ സുന്ദരമായി കാണപ്പെട്ടു. സന്ധ്യാസൂര്യന്റെ ചുവന്ന വെളിച്ചം ചുറ്റുമുള്ള മലകളിൽ തട്ടി പ്രതിഫലിച്ചു. ആ പുറം കാഴ്ചകളിൽ ശ്രദ്ധ പതിപ്പിച്ച് ഉള്ളിൽ പതഞ്ഞുപൊങ്ങുന്ന ഭയത്തെ അകറ്റി നിറുത്താൻ ഞാൻ ശ്രമിച്ചു.

1946ൽ സ്ഥാപിക്കപ്പെട്ട നക്ഷത്ര വേദപാഠശാലയിൽ പുരാതനമായ താളിയോല ഗ്രന്ഥങ്ങളും, പോയകാലത്തെ പല ഉപകരണങ്ങളും സൂക്ഷിച്ചിട്ടുണ്ട്. മതവിശ്വാസവും, ശാസ്ത്രവും വേർതിരിച്ചറിയാൻ കഴിയാത്തവിധം പിണഞ്ഞുകിടന്നിരുന്ന ഒരു കാലത്തിലേക്ക് സമയ യാത്ര നടത്തിയ പോലെയാണ് അവിടെ ചെന്നപ്പോൾ എനിക്ക് തോന്നിയത് © ജോയൽ കെ. പയസ്

ബയാസിയിൽ എത്തിയപ്പോഴേക്കും ഇരുട്ടായി. ഒരു റാഫ്റ്റിംഗ്‌ കേന്ദ്രമാണ് ഈ ചെറിയ പട്ടണം. ധാരാളം വിനോദസഞ്ചാരികൾ വരുന്നതിനാൽ ഇവിടെ ഒരുപാട് റിസോർട്ടുകൾ ഉണ്ട്. സാധാരണക്കാരായ സഞ്ചാരികൾക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ കുറവാണ്. കുറച്ചധികം അന്വേഷണങ്ങൾക്ക് ശേഷമാണ് പട്ടണത്തിന് പുറത്തുള്ള ഒരു ചെറിയ ഗസ്റ്റ്‌ഹൗസ് ഞങ്ങൾ കണ്ടെത്തിയത്. അതിന്റെ ഉടമ ആദ്യം 600 രൂപ വാടക പറഞ്ഞെങ്കിലും, 250 രൂപക്ക് ഒരു ചെറിയ മുറി തരാമെന്ന് ഒടുവിൽ സമ്മതിച്ചു. അയാളുടെ പണിക്കാർ താമസിക്കുന്ന മുറിയായിരുന്നു അത്. മരത്തിന്റെ വാതിലുകൾ തുറന്ന് അകത്തേക്ക് കയറിയ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഒരു വമ്പൻ എലി പുറത്തേക്കോടി. ആ പ്രദേശത്തൊന്നും അന്ന് വൈദ്യുതിയും ഉണ്ടായിരുന്നില്ല. കയ്യിൽ കരുതിയിട്ടുള്ള മെഴുകുതിരികളിൽ ഒന്ന് കത്തിച്ച് ഞങ്ങൾ അവിടെയാകെ പരിശോധിച്ചു. ഈർപ്പവും വിയർപ്പും കൂടിക്കലർന്നതിന്റെ ഗന്ധമായിരുന്നു മുറിയിൽ മുഴുവനും. കക്കൂസും കുളിമുറിയും ആ കെട്ടിടത്തിന് പുറത്തായിരുന്നു. അടുത്തൊന്നും മറ്റ്‌ വീടുകളില്ല. അതുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത ഒരു ഭയം എന്നെ ഗ്രസിച്ചു. ഒറ്റക്കാണ് യാത്ര ചെയ്തിരുന്നതെങ്കിൽ ഞാൻ ആ ‘ഗസ്റ്റ്ഹൗസിൽ’ ഒരിക്കലും താമസിക്കില്ലായിരുന്നു. കുറച്ചകലെയുള്ള ഒരു ധാബയിൽ നിന്നാണ് ഞങ്ങൾ അത്താഴം കഴിച്ചത്. ലോറി ഡ്രൈവർമാരുടെ വിശ്രമകേന്ദ്രം കൂടിയായിരുന്നു അത്. യാത്രയിലെ ആദ്യത്തെ ഓംലെറ്റ് അവിടെ വെച്ചാണ് ഞാൻ കഴിച്ചത്. തിരികെ മുറിയിൽ വന്ന്‌ വേഗം ഉറങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. എന്നാൽ മൂളിപ്പറക്കുന്ന കൊതുകുകളുടെ ആക്രമണത്തിൽ പരാജയപ്പെട്ട് ഉണർന്നിരിക്കാനായിരുന്നു ഞങ്ങളുടെ വിധി. ശ്വാസം മുട്ടുന്ന ഒരു പ്രതീതിയായിരുന്നു ആ മുറിക്കുള്ളിൽ ചിലവഴിച്ച ഓരോ നിമിഷവും. പ്രഭാതത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ ഞങ്ങൾ ആ സ്ഥലം കാലിയാക്കി.

ദേവപ്രയാഗ്-ബയാസി പാതയിലെ ഒരു ദൃശ്യം. മലനിരകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന ഗംഗ സമതലപ്രദേശങ്ങളെ സമീപിക്കുകയാണ്. ഒരുതരത്തിൽ പറഞ്ഞാൽ, ഈ മലനിരകളാണ് നദിയെ മനുഷ്യന്റെ ഇടപെടലുകളിൽ നിന്ന് സംരക്ഷിച്ച് നിറുത്തുന്നത് © ജോയൽ കെ. പയസ്

അന്ന് രാവിലത്തെ തുടക്കം സുഖകരമായിരുന്നു. വനങ്ങൾ നിറഞ്ഞ മേഖലയിലൂടെയാണ് ഞങ്ങൾ നടന്നത്. കിളികളുടെ പാട്ടും, കുരങ്ങന്മാരുടെ കലപിലകളും വനത്തിൽ മുഴങ്ങിക്കേട്ടു. പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശത്ത് മനുഷ്യന്റെ ഇടപെടലുകളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വികസനവും, പരിസ്ഥിതി സംരക്ഷണവും നേർക്കുനേർ വരുന്ന ഒരു പ്രദേശമാണ് ബയാസി. വിനോദസഞ്ചാരവും, അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണവും ഒരുവശത്ത്. ഗംഗയും, അതിന്റെ ചുറ്റുമുള്ള മലകളും കാടും മറുവശത്ത്. കേന്ദ്രസർക്കാരിന്റെ ചാർധാം റെയിൽവേ പദ്ധതി കടന്ന് പോകുന്നതും ഇതിലൂടെയാണ്. ഋഷികേശിൽ നിന്ന് ദേവപ്രയാഗ് വഴി കർണ്ണപ്രയാഗ് വരെ നീളുന്ന റെയിൽവേ പാതയാണ് ഈ പദ്ധതി വഴി വിഭാവന ചെയ്യുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുന്നുണ്ട്.

ഗോമുഖിൽ നിന്ന് പുറപ്പെട്ട് ഏകദേശം രണ്ടാഴ്ചകൾക്ക് ശേഷമാണ് ഞങ്ങൾ ദേവപ്രയാഗിൽ എത്തിയത്. ടെഹ്‌റി ഗർവാൾ ജില്ലയിൽ ഉൾപ്പെടുന്ന ഈ ചെറിയ പട്ടണത്തിലൂടെയാണ് ബദരിനാഥിലേക്കും, പൂക്കളുടെ താഴ്‌വരയിലേക്കുമുള്ള (Valley of Flowers) പാത കടന്നുപോകുന്നത് © ജോയൽ കെ. പയസ്

വന്യപ്രകൃതി ആസ്വദിച്ചുള്ള ഞങ്ങളുടെ നടത്തം അധികസമയം നീണ്ടുനിന്നില്ല. മുൻപിൽ റോഡുപണി നടക്കുന്നു. ചിലയിടത്ത് പാലങ്ങളും നിർമ്മിക്കപ്പെടുന്നുണ്ട്. വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് മലകൾ ഇടിക്കുന്നത് കാരണം പലയിടത്തും മരങ്ങളും ചെടികളും ചുവന്ന പൊടിയിൽ കുളിച്ചു നിന്നു. ഉരുകിയ ടാറിന്റെ മണം ഒരുപാട് ശ്വസിച്ചത് മൂലം എനിക്ക് തലവേദന തുടങ്ങി. അഞ്ചാറ് കിലോമീറ്ററുകൾ നടന്നിട്ടും സ്ഥിതിയിൽ വ്യത്യാസമില്ല. നദിയുടെ കുറുകെ കണ്ട ഒരു തൂക്ക്പാലത്തിനടിയിൽ വിശ്രമിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഒരുപാട് റാഫ്റ്റിംഗ് സംഘങ്ങൾ നദിയിലൂടെ സഞ്ചരിക്കുന്നുണ്ടായിരുന്നു. പാലത്തിനപ്പുറത്ത് ഒരു ചെറിയ ക്ഷേത്രം കണ്ടു. കുറേനേരം അവിടെയുള്ള ഒരു കല്ല് ബെഞ്ചിൽ കിടന്ന് ഞങ്ങൾ ഉറങ്ങി. തലേന്നത്തെ ഉറക്കം ശരിയാകാത്തത് കാരണം നല്ല ക്ഷീണമുണ്ടായിരുന്നു.

ഏകദേശം മൂന്ന് മണിയായപ്പോൾ ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. കണ്ണിലും മൂക്കിലും പൊടി കയറുന്നത് കാരണം നടത്തം വിരസമായി. വഴിയിൽ കറുത്ത വസ്ത്രം ധരിച്ച ഒരു സന്യാസിയെ കണ്ടു. ഹിമാചൽപ്രദേശിലെ മണികരണിൽ നിന്ന് ബദരിനാഥിലേക്ക് നടന്ന് പോകുന്ന അദ്ദേഹത്തിന്റെ കൈയിൽ ഒരു തുണി സഞ്ചിയും കുറച്ച് വെള്ളവുമാണ് ആകെയുള്ളത്. മടിയിൽ കനമില്ലാത്തവർക്ക് വഴിയിൽ ഭയമില്ല എന്ന പഴഞ്ചൊല്ല് എനിക്കോർമ്മ വന്നു. അഞ്ച് മണിവരെ ഞങ്ങൾ നടന്നു. ഇരുട്ടായി തുടങ്ങിയതോടെ വാഹനങ്ങൾക്ക് ഞങ്ങൾ കൈകാണിച്ചു തുടങ്ങി. ഒടുവിൽ ഒരു ട്രാക്‌സിൽ ഞങ്ങൾക്ക് ഇടം കിട്ടി. കുണ്ടും കുഴിയും നിറഞ്ഞ നിരത്തിലൂടെ സാവധാനമാണ് അത് നീങ്ങിയത്. കിലോമീറ്ററുകളോളം ദൂരത്തിൽ റോഡ് നിർമാണം പുരോഗമിക്കുന്നു. ഗംഗ മലനിരകളോട് വിടപറയുന്ന ഋഷികേശിലേക്ക് ഞങ്ങൾ പ്രവേശിക്കുകയാണ്. ഇതുവരെയുള്ള യാത്രയിൽ കാണാത്ത തരം ഉയരമുള്ള കെട്ടിടങ്ങൾ ദൂരെ ദൃശ്യമായിത്തുടങ്ങി. നാഗരികത ഗംഗയെ ആശ്ലേഷിക്കാൻ തയ്യാറായി നിൽക്കുന്നു. വന്മലകളുടെ സംരക്ഷണമില്ലാതെ ആ മഹാനദി മനുഷ്യർ തിങ്ങിവാഴുന്ന സമതലങ്ങളിലേക്ക് പ്രവേശിക്കാൻ പോകുന്നു.

Notes

[1] ‘Man-eaters of Kumaon’ by Jim Corbett [2] ‘Ganga: The many faces of a river’ by Sudipta Sen

മലയാളം ജലബിന്ദുക്കളുടെ മോക്ഷയാത്ര

8 ജനുവരി 2021 ന് പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരിച്ച ചിത്രങ്ങളും വാചകങ്ങളും രചയിതാവിന്റെ പകർപ്പവകാശത്തിനും / അല്ലെങ്കിൽ ഫോട്ടോമെയിലിനും വിധേയമാണ്.

ജോയൽ കെ പയസ് ഒരു ഫോട്ടോഗ്രാഫറും, ദ്വിഭാഷ എഡിറ്ററും ആണ്. ചെന്നൈയിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നു. കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള അദ്ദേഹം, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിൽ തല്പരനാണ്. ഫോട്ടോമെയിലിൽ അസോസിയേറ്റ് എഡിറ്റർ എന്ന നിലയിലും അദ്ദേഹം സേവനങ്ങൾ വ്യാപിപ്പിക്കുന്നു.